ഹർമൻദീപ് സിംഗ് നിൽക്കുന്നതിന്റെ നാലുചുറ്റും വർണ്ണശബളമായ പട്ടങ്ങൾ പാറിക്കളിക്കുന്നുണ്ട്. കുറച്ചുകൂടി മുൻപിലായി, പഞ്ചാബിനും ഹരിയാനയ്ക്കും ഇടയിലുള്ള ശംഭു അതിർത്തിയിൽ, കർഷകർ ഡൽഹിയിലേക്ക് പ്രകടനം നടത്തുന്നത് തടയാനായി പോലീസ് വലിയ ബാരിക്കേഡുകൾ സ്ഥാപിച്ചിരിക്കുകയാണ്.

അമൃത്‌സറിൽനിന്നുള്ള ഈ 17 വയസ്സുകാരൻ, പ്രതിഷേധിക്കുന്ന കർഷകർക്കുമേൽ കണ്ണീർവാതക ഷെല്ലുകൾ ഉതിർക്കുകയായിരുന്ന ഡ്രോണുകളെ പട്ടങ്ങളുപയോഗിച്ച് താഴെ വീഴ്ത്തുകയുണ്ടായി; ഡ്രോൺ ഉപയോഗിച്ചുള്ള ആക്രമണം നേരിടാനുള്ള നവീനമായ മാർഗ്ഗമായിരുന്നു അത്. "കണ്ണീർവാതകത്തിന്റെ പ്രഭാവം കുറയ്ക്കുന്നതിനായി ഞാൻ കണ്ണുകൾക്ക് ചുറ്റും ടൂത്ത്പേസ്റ്റ് പുരട്ടുകയും ചെയ്തിട്ടുണ്ട്. ഞങ്ങൾ സധൈര്യം മുന്നേറി ഈ യുദ്ധം ജയിക്കുകതന്നെ ചെയ്യും," അദ്ദേഹം പറയുന്നു.

2024 ഫെബ്രുവരി 13-നു പഞ്ചാബിൽനിന്ന് ഡൽഹിയിലേക്ക് സമാധാനപരമായി പ്രകടനം തുടങ്ങിയ ആയിരക്കണക്കിന് കർഷക- തൊഴിലാളികളിലൊരാരാളാണ് ഹർമൻദീപ്. എന്നാൽ അവർക്ക് ശംഭു അതിർത്തിയിൽവെച്ച് പാരാമിലിറ്ററി, റാപിഡ് ആക്ഷൻ ഫോഴ്സ് (ആർ.എ.എഫ്), പോലീസ് സേനാംഗങ്ങളെ നേരിടേണ്ടിവന്നു. ഇതിനുപുറമേ, കർഷകർ ഡൽഹിയിലെ പ്രതിഷേധസ്ഥലത്ത് എത്തുന്നത് തടയാനായി റോഡിൽ ഇരുമ്പാണികളും കോൺക്രീറ്റ് മതിലുകളും സ്ഥാപിച്ചിരുന്നു.

ആദ്യത്തെ ബാരിക്കേഡിന് സമീപത്ത് ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യുന്ന ഗുർജന്ധ് സിംഗ് ഖൽസ കർഷകർ ഉയർത്തുന്ന അഞ്ച് പ്രധാന ആവശ്യങ്ങൾ ആവർത്തിക്കുന്നു - സ്വാമിനാഥൻ കമ്മീഷൻ റിപ്പോർട്ട് പ്രകാരം വിളകൾക്കുള്ള താങ്ങുവില ഉറപ്പ് നൽകുക, കർഷകരുടെയും കർഷകത്തൊഴിലാളികളുടെയും കടം പൂർണ്ണമായും എഴുതിത്തള്ളുക, ലക്കിംപൂർ ഖേരി കൂട്ടക്കൊലയിലെ കുറ്റവാളികളെ അറസ്റ്റ് ചെയ്യുകയും ഇരകളായ കർഷകർക്ക് നീതി ഉറപ്പാക്കുകയും ചെയ്യുക, കർഷകർക്കും കർഷകത്തൊഴിലാളികൾക്കും പെൻഷൻ സമ്പ്രദായം ഏർപ്പെടുത്തുക, 2020-2021 കാലയളവിൽ നടന്ന കർഷക പ്രക്ഷോഭത്തിൽ രക്തസാക്ഷികളായ കർഷകരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം അനുവദിക്കുക എന്നിവയാണവ.

Left: 'I have also applied toothpaste around my eyes as it helps in reducing the effects of tear gas,' says Harmandeep Singh.
PHOTO • Vibhu Grover
Right: He is one among thousands of farmers and labourers from Punjab who began their peaceful march to Delhi on 13 February 2024
PHOTO • Vibhu Grover

ഇടത്: ' കണ്ണീർവാതകത്തിന്റെ പ്രഭാവം കുറയ്ക്കുന്നതിനായി ഞാൻ കണ്ണുകൾക്ക് ചുറ്റും ടൂത്ത്പേസ്റ്റ് പുരട്ടുകയും ചെയ്തിട്ടുണ്ട്,' ഹർമൻദീപ് സിംഗ് പറയുന്നു. 2024 ഫെബ്രുവരി 13-നു പഞ്ചാബിൽനിന്ന് ഡൽഹിയിലേക്ക് സമാധാനപരമായി പ്രകടനം തുടങ്ങിയ ആയിരക്കണക്കിന് കർഷക- തൊഴിലാളികളിലൊരാളാണ് അദ്ദേഹം

Farmers preparing to fly kites to tackle the drone that fires tear shells
PHOTO • Vibhu Grover

കണ്ണീർവാതക ഷെല്ലുകൾ ഉതിർക്കുന്ന ഡ്രോണുകളെ നേരിടുന്നതിനായി പട്ടം പറത്താൻ കർഷകർ തയ്യാറെടുക്കുന്നു

2020-21-ൽ, രാജ്യത്തുടനീളമുള്ള കർഷകർ മൂന്ന് പുതിയ കാർഷിക നിയമങ്ങൾക്കെതിരേ പ്രതിഷേധിക്കാൻ ഒത്തുകൂടുകയുണ്ടായി ഫാർമേഴ്‌സ് (എംപവർമെൻറ് ആൻഡ് പ്രൊട്ടക്‌ഷൻ) അഗ്രിമെൻറ് ഓൺ പ്രൈസ് അഷുവറൻസ് ആൻഡ് ഫാം സർവീസസ്‌ ആക്ട്, 2020 , ദി ഫാർമേഴ്‌സ് പ്രൊഡ്യൂസ് ട്രേഡ് ആൻഡ് കോമേഴ്‌സ് (പ്രൊമോഷൻ ആൻഡ് ഫെസിലിറ്റേഷൻ) ആക്ട്, 2020 , എസ്സൻഷ്യൽ കമ്മോഡിറ്റീസ് (അമെൻഡ്മെന്റ്) ആക്ട്, 2020 എന്നിവയായിരുന്നു ആ നിയമങ്ങൾ. 2020 സെപ്റ്റംബറിൽ പാർലമെന്റിൽ ധൃതിപിടിച്ച് പാസ്സാക്കിയെടുത്ത ഈ നിയമങ്ങൾ പിൻവലിക്കാൻ 2021 നവംബറിൽ സർക്കാർ സമ്മതിച്ചു. കർഷകപ്രക്ഷോഭത്തെക്കുറിച്ച് പാരിയിൽ വന്ന ലേഖനങ്ങൾ വായിക്കുക: കാർഷിക നിയമങ്ങൾക്ക് എതിരെയുള്ള പ്രക്ഷോഭം: ഫുൾ കവറേജ്

"ഞങ്ങൾ ഒരിക്കലും പ്രതിഷേധം അവസാനിപ്പിച്ചിരുന്നില്ല," കർണാൽ സ്വദേശിയായ 22 വയസ്സുകാരൻ ഖൽസ പറയുന്നു. "കേന്ദ്രസർക്കാരുമായുള്ള യോഗത്തിൽ പങ്കെടുക്കാൻ ഞങ്ങൾ പ്രതിഷേധം താത്കാലികമായി നിർത്തിവച്ചതാണ്. യോഗത്തിൽ പങ്കെടുത്ത കേന്ദ്രമന്ത്രിമാർ ഞങ്ങളുടെ എല്ലാ ആവശ്യങ്ങളും അംഗീകരിക്കുകയും അവ നടപ്പിലാക്കുമെന്ന് വാക്ക് നൽകുകയും ചെയ്തിരുന്നു. അതിന്റെ ഭാഗമായി സർക്കാർ നിയോഗിച്ച സമിതിയുമായുള്ള ചർച്ച തുടരുന്നതിനാലാണ് ഞങ്ങൾ ഇത്രയും കാലം കാത്തിരുന്നത്. എന്നാൽ രണ്ടുവർഷങ്ങൾക്ക് ശേഷം, ചർച്ചകൾ പൊടുന്നനെ നിർത്തുകയും സമിതി പിരിച്ചുവിടുകയും ചെയ്തതോടെ ഞങ്ങൾ പ്രതിഷേധത്തിലേയ്ക്ക് മടങ്ങാൻ നിർബന്ധിതരാകുകയായിരുന്നു."

പ്രതിഷേധക്കാർക്ക് അതിർത്തി കടക്കാൻ അവസരം ഒരുക്കുന്നതിനായി, വലിയൊരു സംഘം കർഷകരും തൊഴിലാളികളും റോഡിന് സമീത്തുള്ള പാടങ്ങളിൽ സംഘടിച്ച് ഉദ്യോഗസ്ഥരെ വെല്ലുവിളിക്കാനും അവരുടെ ശ്രദ്ധ തിരിക്കാനും ആരംഭിച്ചിരുന്നു.

ശംഭുവിൽ സ്ഥാപിച്ചിരുന്ന ബാരിക്കേഡുകൾ പ്രതിഷേധക്കാർ മറികടക്കാൻ തുടങ്ങിയതോടെ പോലീസ് ഒന്നിലധികം തവണ കണ്ണീർവാതക ഷെല്ലുകൾ പ്രയോഗിക്കുകയും അതുമൂലം ഒരുപാട് ആളുകൾക്ക് പരിക്ക് പറ്റുകയും ചെയ്തു. ജനക്കൂട്ടത്തെ പിരിച്ചുവിടാനായി ആകാശത്തേയ്ക്ക് കണ്ണീർവാതക ഷെല്ലുകൾ തൊടുക്കുന്നതിന് പകരം പോലീസുകാർ അവ ആളുകളുടെ നേർക്കാണ് തൊടുത്തിരുന്നതെന്ന് കാഴ്ചക്കാർ പറഞ്ഞു. പ്രതിഷേധക്കാരെ പിരിച്ചുവിടാനായി പോലീസ് ജലപീരങ്കിയും പ്രയോഗിക്കുകയുണ്ടായി. പല മുതിർന്ന കർഷകരും തൊഴിലാളികളും കണ്ണീർവാതക ഷെല്ലുകൾ നിർവീര്യമാക്കാൻ വടികളുമായാണ് എത്തിയിരുന്നത്. ഓരോ ഷെൽ നിർവീര്യമാകുമ്പോഴും ജനക്കൂട്ടം ആർത്തുവിളിച്ച് ആഘോഷിച്ചു.

As protestors started to break through the barricades at Shambhu, the police officials fired multiple tear gas shells. Elder farmers and labourers diffused the shells with a stick
PHOTO • Vibhu Grover
As protestors started to break through the barricades at Shambhu, the police officials fired multiple tear gas shells. Elder farmers and labourers diffused the shells with a stick
PHOTO • Vibhu Grover

ശംഭുവിൽ സ്ഥാപിച്ചിരുന്ന ബാരിക്കേഡുകൾ പ്രതിഷേധക്കാർ മറികടക്കാൻ തുടങ്ങിയതോടെ പോലീസ് ഒന്നിലധികം തവണ കണ്ണീർവാതക ഷെല്ലുകൾ പ്രയോഗിച്ചു. മുതിർന്ന കർഷകരും തൊഴിലാളികളും വടി ഉപയോഗിച്ച് ഷെല്ലുകൾ നിർവീര്യമാക്കി

A farmer celebrates after successfully diffusing a tear gas shell with his stick at the Punjab-Haryana Shambhu border
PHOTO • Vibhu Grover

പഞ്ചാബ്-ഹരിയാന അതിർത്തിയിലുള്ള ശംഭുവിൽ, ഒരു കണ്ണീർവാതക ഷെൽ തന്റെ വടി ഉപയോഗിച്ച് വിജയകരമായി നിർവീര്യമാക്കിയത് ആഘോഷിക്കുന്ന ഒരു കർഷകൻ

അമൃത്‌സറിൽനിന്നുള്ള കർഷകനായ തീർപാൽ സിംഗും കണ്ണീർവാതക ഷെല്ലുകൾ നിർവീര്യമാക്കുന്നവരുടെ കൂട്ടത്തിലുണ്ടായിരുന്നു. "ഞങ്ങൾ നിരായുധരായിട്ടും അവർ ഞങ്ങൾക്കുനേരെ റബ്ബർ ബുള്ളറ്റുകൾ, പെല്ലറ്റുകൾ, പെട്രോൾ ബോംബുകൾ, കണ്ണീർവാതകംപോലെയുള്ള ആയുധങ്ങൾ പ്രയോഗിക്കുകയാണ്," അദ്ദേഹം പറയുന്നു. "ഈ പാത ലോകത്തിന്റെ സ്വന്തമാണ്, ഞങ്ങൾ അതിലൂടെ മുന്നോട്ടുപോകാൻ മാത്രമാണ് ശ്രമിക്കുന്നത്. ഞങ്ങൾ സമാധാനപരമായി മുന്നേറിയിട്ടും അവർ ഞങ്ങൾക്കുനേരെ ആക്രമണം അഴിച്ചുവിടുകയാണ്. ശംഭു അതിർത്തിയിൽ തടവിലാക്കപ്പെട്ടതുപോലെയാണ് ഇപ്പോൾ എനിക്ക് അനുഭവപ്പെടുന്നത്."

സർക്കാർ കർഷകരെ വഞ്ചിച്ചുവെന്നാണ് ഈ 50 വയസ്സുകാരന് തോന്നുന്നത്. "പാർട്ടിക്ക് സംഭാവന നൽകുന്ന സമ്പന്നരായ കോർപ്പറേറ്റുകളെ സന്തോഷിപ്പിക്കേണ്ടതുകൊണ്ടാണ് സർക്കാർ താങ്ങുവില ഉറപ്പ് നൽകാത്തത്," അദ്ദേഹം പറയുന്നു. "താങ്ങുവിലയുടെ ഉറപ്പില്ലെങ്കിൽ, വലിയ കോർപ്പറേറ്റുകൾക്ക് ഞങ്ങളെ ചൂഷണം ചെയ്യാനാകും. അവർക്ക് എപ്പോൾ വേണമെങ്കിലും വന്ന് ഞങ്ങളുടെ വിളകൾ തുച്ഛമായ വിലയ്ക്ക് വാങ്ങി ഉയർന്ന നിരക്കിൽ വിൽക്കാനാകും. വലിയ കോർപ്പറേറ്റുകളുടെ കോടിക്കണക്കിന് രൂപയുടെ കടം എഴുതിത്തള്ളാൻ സർക്കാരിന് കഴിയുമെങ്കിൽ, കർഷകരുടെ പേരിലുള്ള ഏതാനും ലക്ഷങ്ങളോ അതിലും കുറവോ മാത്രം വരുന്ന കടം എഴുതിത്തള്ളാനും സർക്കാരിന് സാധിക്കണമെന്ന് തീർപാൽ സിംഗ് വിശ്വസിക്കുന്നു.

കണ്ണീർവാതകത്തെയും ജലപീരങ്കിയേയും അതിജീവിച്ചശേഷം, അനവധി പ്രതിഷേധക്കാർ രണ്ടാംനിര ബാരിക്കേഡുകളിലുള്ള ആണികൾ നീക്കം ചെയ്യാൻ ശ്രമിച്ചു. ഈ ഘട്ടത്തിൽ, പോലീസ് ജനക്കൂട്ടത്തിനുനേരെ റബ്ബർ ബുള്ളറ്റുകൾ തൊടുക്കുന്നത് കാണാമായിരുന്നു. പ്രതിഷേധക്കാർ പിൻവലിയാനായി അവരുടെ കാലുകളിലേക്കാണ് പോലീസുകാർ ഉന്നം വച്ചിരുന്നത്.

ഏതാനും നിമിഷങ്ങൾക്കകം, അനേകം കർഷകർക്ക് പരിക്കുപറ്റി രക്തമൊഴുകുന്നതും അവരെ ഡോക്ടർമാർ സ്വന്തം നിലയ്ക്ക് സ്ഥാപിച്ചിട്ടുള്ള മെഡിക്കൽ ക്യാമ്പുകളിലേക്ക് താങ്ങിക്കൊണ്ടുപോകുന്നതും കാണാൻ സാധിച്ചു.

"കഴിഞ്ഞ ഒരുമണിക്കൂറിനിടെ, എനിക്ക് 50 രോഗികളെ പരിചരിക്കേണ്ടിവന്നു," അത്തരമൊരു ക്യാമ്പിന്റെ ചുമതലയുള്ള ഡോക്ടർ മൻദീപ് സിംഗ് പറയുന്നു. "ഞാൻ ശംഭു അതിർത്തിയിൽ വന്നതിനുശേഷം എത്ര രോഗികളെ കണ്ടുവെന്നതിന് കണക്കില്ല", 28 വയസ്സുകാരനായ ആ ഡോക്ടർ പറയുന്നു. പഞ്ചാബിലെ ഹോഷിയാർപൂർ ജില്ലയിലെ ഹോഷിയാർപൂർ ഗ്രാമവാസിയായ മൻദീപ് അവിടെ ബാബാ ശ്രീ ചന്ദ് ജീ എന്ന പേരിൽ ഒരു ആശുപത്രി നടത്തുകയാണ്. ഒരു കർഷക കുടുംബത്തിൽനിന്നുള്ള ഈ യുവഡോക്ടർ 2020-ലെ കർഷക പ്രക്ഷോഭത്തിലും പങ്കെടുത്തിരുന്നു. അന്ന്, ഐക്യരാഷ്ട്ര സഭയ്ക്ക് കീഴിൽ പ്രവർത്തിക്കുന്ന, യൂണൈറ്റഡ് സിഖ് എന്ന മനുഷ്യാവകാശ സംഘടനയുമായി സഹകരിച്ചാണ് അദ്ദേഹം ക്യാമ്പ് നടത്തിയിരുന്നത്.

"ചെറിയ പോറലുകൾമുതൽ ആഴത്തിലുള്ള മുറിവുകളും ശ്വാസതടസ്സവും എന്നിങ്ങനെ പല തരത്തിൽ ബുദ്ധിമുട്ട് നേരിടുന്ന രോഗികൾ ഇവിടെ വരുന്നുണ്ട്," അദ്ദേഹം പറയുന്നു. "സർക്കാർ കർഷകരുടെ സൗഖ്യവും ആരോഗ്യവും ഉറപ്പ് വരുത്തേണ്ടതാണ്. ഞങ്ങൾതന്നെയാണ് അവരെ തിരഞ്ഞെടുത്ത് അധികാരത്തിലെത്തിക്കുന്നത്," അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

The crowd tries to break through the second barriers as they are attacked by tear gas shells
PHOTO • Vibhu Grover

കണ്ണീർവാതക ഷെല്ലുകൾ നേരിടുന്നതിനിടെ ജനക്കൂട്ടം രണ്ടാംനിര ബാരിക്കേഡുകൾ മറികടക്കാൻ ശ്രമിക്കുന്നു

Dr. Mandeep Singh (pink shirt) tends to his patients in his camp at Shambhu Border. He runs the Baba Shree Chand Ji hospital back in his village, Hoshiarpur
PHOTO • Vibhu Grover

ഡോക്ടർ മൻദീപ് സിംഗ് (പിങ്ക് ഷർട്ട്) ശംഭു അതിർത്തിയിലുള്ള തന്റെ ക്യാമ്പിൽ രോഗികളെ പരിചരിക്കുന്നു. സ്വന്തം ഗ്രാമമായ ഹോഷിയാർപൂരിൽ ബാബാ ശ്രീ ചന്ദ് ജീ ആശുപത്രി നടത്തുകയാണ് അദ്ദേഹം

പ്രതിഷേധ സ്ഥലത്ത് സേവനം നൽകുന്ന മറ്റൊരു ഡോക്ടറായ ദീപിക, ഹിമാചൽ പ്രദേശിലെ ഷിംലയിൽനിന്ന് മെഡിക്കൽ ക്യാമ്പിൽ സഹായിക്കാനായി വന്നിരിക്കുകയാണ്. "ശ്വാസതടസ്സത്തിന് പുറമേ, ആളുകൾക്ക് ഉത്കണ്ഠയും അസ്വസ്ഥയും അനുഭവപ്പെടുന്നുണ്ട്. മണിക്കൂറുകളോളം നീളുന്ന കണ്ണീർവാതക പ്രയോഗത്തിന്റെ ഫലമായി ഉയരുന്ന പുക ശ്വസിക്കുന്നതുമൂലം പലർക്കും വയറിനും പ്രശ്നങ്ങളുണ്ട്," ആ 25 വയസ്സുകാരി പറയുന്നു.

ഡോക്ടർമാർ മാത്രമല്ല ഇവിടെ സേവനനിരതരായിട്ടുള്ളത്- ബാരിക്കേഡുകളിൽനിന്ന് ഏതാനും മീറ്ററുകളകലെ, ഒരുപാട് ആളുകൾ ട്രോളികൾ സ്ഥാപിച്ച് എല്ലാവർക്കും ലംഗാർ (സൗജന്യമായി ഭക്ഷണം ലഭിക്കുന്ന സമൂഹ അടുക്കള) ഒരുക്കുന്ന തിരക്കിലാണ്. പലരും തങ്ങളുടെ കുടുംബത്തെയും ഒപ്പം കൂട്ടിയിട്ടുണ്ട്. ഗുർപ്രീത് സിംഗ് തന്റെ ഇളയ മകൻ തേജസ്വീറിനൊപ്പമാണ് എത്തിയിരിക്കുന്നത്. "എന്റെ മകൻ ഞങ്ങളുടെ പോരാട്ടം കണ്ടുമനസ്സിലാക്കണമെന്ന് കരുതിയാണ് ഞാൻ അവനെ ഇവിടെ കൊണ്ടുവന്നിരിക്കുന്നത്," പട്യാല സ്വദേശിയായ ഗുർപ്രീത് പറയുന്നു. "നമ്മുടെ അവകാശങ്ങൾക്കുവേണ്ടി പോരാടേണ്ടതിന്റെ പ്രാധാന്യം അവനെ പഠിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. കാരണം, നമ്മെ അടിച്ചമർത്താൻ തുനിഞ്ഞിറങ്ങിയിട്ടുള്ള സർക്കാരുകൾക്കെതിരെ പോരാടുകയല്ലാതെ കർഷകർക്കും തൊഴിലാളികൾക്കും മറ്റു മാർഗ്ഗങ്ങളില്ല," അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

പ്രതിഷേധസ്ഥലത്തുടനീളം വിപ്ലവ ഗാനങ്ങളും മുദ്രാവാക്യങ്ങളും ഉയരുന്നുണ്ട്. "ഇക്കി ദുക്കി ചക്ക് ദേയാങ്കെ, ധോൻ തെ ഗോദ രാഖ് ദേയാങ്കെ" (ഞങ്ങൾ എല്ലാവരെയും അട്ടിമറിക്കും, എല്ലാവരെയും ഞങ്ങളുടെ കാൽകീഴിലാക്കും)  എന്ന ആഹ്വാനം ഉയർത്തിയാണ് ജനക്കൂട്ടം സംഘടിക്കുകയും കൂടുതൽ ആളുകൾ അതിൽ അണിചേരുകയും ചെയ്യുന്നത്.

"ഇത് കർഷകരുടെ അടിസ്ഥാനാവശ്യങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടമായതുകൊണ്ടാണ് ഞാൻ പ്രതിഷേധിക്കുന്നത്," രാജ് കൗർ ഗിൽ പറയുന്നു. ചണ്ഡീഗഢിൽനിന്നുള്ള ഈ 40 വയസ്സുകാരി, 2021-ൽ ചണ്ഡീഗഢിലെ കർഷകപ്രക്ഷോഭത്തിന്റെ സിരാകേന്ദ്രമായ മട്കാ ചൗക്കിലെ സ്ഥിരം സാന്നിധ്യമായിരുന്നു.

"വിളകൾക്ക് താങ്ങുവില നൽ‌കാതിരിക്കുന്നതിലൂടെ സർക്കാർ കർഷകരുടെ അടിസ്ഥാനജീവിതം ദുസ്സഹമാക്കുകയാണ്. രാജ്യത്തിനെ അന്നമൂട്ടുന്നവരെ ചൂഷണം ചെയ്ത്, വലിയ കോർപറേറ്റ് കമ്പനികൾക്ക് തഴച്ചുവളരാനാണ് ഇതെല്ലാം ചെയ്യുന്നത്," അവർ പറയുന്നു. "എന്നാൽ ഈ ശ്രമത്തിൽ അവർ ഒരിക്കലും വിജയിക്കുകയില്ല."


RAF officers and the Haryana Police stationed at Shambhu border to stop farmers and labourers from marching to Delhi
PHOTO • Vibhu Grover

കർഷകരും തൊഴിലാളികളും ഡൽഹിയിലേക്ക് പ്രകടനം നടത്തുന്നത് തടയാനായി ശംഭു അതിർത്തിയിൽ വിന്യക്കപ്പെട്ടിരിക്കുന്ന ആർ.എ.എഫ് ഉദ്യോഗസ്ഥരും ഹരിയാന പോലീസും

At the Shambhu border, they were met with paramilitary, RAF, and police officers. Concrete walls had been set up along with nails laid on the road
PHOTO • Vibhu Grover

ശംഭു അതിർത്തിയിൽ കർഷകർക്ക് പാരാമിലിറ്ററി, ആർ.എ.എഫ്, പോലീസ് സേനാംഗങ്ങളെ നേരിടേണ്ടിവന്നു. ഇതുകൂടാതെ റോഡിൽ കോൺക്രീറ്റ് മതിലുകളും ആണികളും ഉറപ്പിച്ചിരുന്നു

'We are not armed yet they use weapons like rubber bullets, pellets, petrol bombs and tear gas,' says Tirpal Singh
PHOTO • Vibhu Grover

'ഞങ്ങൾ നിരായുധരായിട്ടും അവർ ഞങ്ങൾക്കുനേരെ റബ്ബർ ബുള്ളറ്റുകൾ, പെല്ലറ്റുകൾ, പെട്രോൾ ബോംബുകൾ, കണ്ണീർവാതകം പോലെയുള്ള ആയുധങ്ങൾ പ്രയോഗിക്കുകയാണ്,' തീർപാൽ സിംഗ് പറയുന്നു

From around the protest site, revolutionary songs and slogans ring out
PHOTO • Vibhu Grover

പ്രതിഷേധസ്ഥലത്തുടനീളം വിപ്ലവ ഗാനങ്ങളും മുദ്രാവാക്യങ്ങളും ഉയരുന്നു

Gurpreet Singh is here with his son Tejasveer. 'I got my son here so that he can see our struggle,' he says
PHOTO • Vibhu Grover

ഗുർപ്രീത് സിംഗ് തന്റെ ഇളയ മകൻ തേജസ്വീറിനൊപ്പമാണ് എത്തിയിരിക്കുന്നത്. 'എന്റെ മകൻ ഞങ്ങളുടെ പോരാട്ടം കണ്ടുമനസ്സിലാക്കണമെന്ന് കരുതിയാണ് ഞാൻ അവനെ ഇവിടെ കൊണ്ടുവന്നിരിക്കുന്നത്,' അദ്ദേഹം പറയുന്നു

A farmer struggles as he is hit by a tear gas shell
PHOTO • Vibhu Grover

കണ്ണീർവാതക ഷെൽ നേരിട്ടതിന്റെ ആഘാതത്തിൽ വലയുന്ന കർഷകൻ

They cover their faces to save themselves from tear gas
PHOTO • Vibhu Grover

കണ്ണീർവാതകത്തിൽനിന്ന് രക്ഷ നേടാൻ അവർ മുഖം മറയ്ക്കുന്നു

'In the last hour, I have had to tend to 50 patients," says Dr Mandeep Singh and adds, 'Patients have come with several different types of problems ranging from cut wounds to incised wounds and some with breathing difficulties'
PHOTO • Vibhu Grover

'കഴിഞ്ഞ ഒരുമണിക്കൂറിനിടെ, എനിക്ക് 50 രോഗികളെ പരിചരിക്കേണ്ടിവന്നു' എന്ന് പറഞ്ഞ് ഡോക്ടർ മൻദീപ് സിംഗ് കൂട്ടിച്ചേർക്കുന്നു, ' ചെറിയ പോറലുകൾമുതൽ ആഴത്തിലുള്ള മുറിവുകളും ശ്വാസതടസ്സവും എന്നിങ്ങനെ പല തരത്തിൽ ബുദ്ധിമുട്ട് നേരിടുന്ന രോഗികൾ ഇവിടെ വരുന്നുണ്ട്'

Farmer throws an exploded tear gas shell that the police fired back at them
PHOTO • Vibhu Grover

പോലീസുകാർ കർഷകർക്കുനേരെ തൊടുത്ത കണ്ണീർവാതക ഷെൽ ഒരു കർഷകൻ തിരിച്ച് അവർക്കുനേരെ എറിയുന്നു

A Farmer is injured after tear gas and rubber bullet firing by the security forces
PHOTO • Vibhu Grover

സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണീർവാതക, റബ്ബർ ബുള്ളറ്റ് പ്രയോഗത്തിൽ പരിക്കേറ്റ ഒരു കർഷകൻ

Farmers carry a barricade to set it up and use it as a shield against the rubber bullets
PHOTO • Vibhu Grover

റബ്ബർ ബുള്ളറ്റുകളെ പ്രതിരോധിക്കാനായി കർഷകർ ഒരു ബാരിക്കേഡ് കൊണ്ടുപോകുന്നു

Harmandeep Singh along with other farmers who used kites to bring down drones
PHOTO • Vibhu Grover

ഡ്രോണുകളെ വീഴ്ത്താൻ പട്ടങ്ങൾ ഉപയോഗിച്ച മറ്റു കർഷകർക്കൊപ്പം ഹർമൻദീപ് സിംഗ്

Portrait of an elderly farmer who is marching from Punjab to Delhi
PHOTO • Vibhu Grover

പഞ്ചാബിൽനിന്ന് ഡൽഹിയിലേക്ക് പ്രകടനം നടത്തുന്ന ഒരു മുതിർന്ന കർഷകന്റെ ചിത്രം

'This government is trying to make the basic survival of farmers difficult by not providing MSP just so the big corporate houses can flourish and exploit those who feed the nation in the process. But they will never succeed,' says Raj Kaur Gill, an activist (not in the photo)
PHOTO • Vibhu Grover

'വിളകൾക്ക് താങ്ങുവില നൽ‌കാതിരിക്കുന്നതിലൂടെ സർക്കാർ കർഷകരുടെ അടിസ്ഥാനജീവിതം ദുസ്സഹമാക്കുകയാണ്. രാജ്യത്തിനെ അന്നമൂട്ടുന്നവരെ ചൂഷണം ചെയ്ത്, വലിയ കോർപറേറ്റ് കമ്പനികൾക്ക് തഴച്ചുവളരാനാണ് ഇതെല്ലാം ചെയ്യുന്നത്. എന്നാൽ ഈ ശ്രമത്തിൽ അവർ ഒരിക്കലും വിജയിക്കുകയില്ല,' രാജ് കൗർ ഗിൽ (ഫോട്ടോയിലില്ല) പറയുന്നു


പരിഭാഷ: പ്രതിഭ ആര്‍. കെ.

Vibhu Grover

وبھو گروور، دہلی کے ایک آزاد صحافی ہیں۔

کے ذریعہ دیگر اسٹوریز Vibhu Grover
Editor : PARI Desk

پاری ڈیسک ہمارے ادارتی کام کا بنیادی مرکز ہے۔ یہ ٹیم پورے ملک میں پھیلے نامہ نگاروں، محققین، فوٹوگرافرز، فلم سازوں اور ترجمہ نگاروں کے ساتھ مل کر کام کرتی ہے۔ ڈیسک پر موجود ہماری یہ ٹیم پاری کے ذریعہ شائع کردہ متن، ویڈیو، آڈیو اور تحقیقی رپورٹوں کی اشاعت میں مدد کرتی ہے اور ان کا بندوبست کرتی ہے۔

کے ذریعہ دیگر اسٹوریز PARI Desk
Translator : Prathibha R. K.

Pratibha R K is a post graduate in English from the Central University of Hyderabad and works as a translator.

کے ذریعہ دیگر اسٹوریز Prathibha R. K.