"ഗീതക്ക് വേദനയും പനിയുമുണ്ടായിരുന്നു. കൂടാതെ തളർച്ചയും .അടുത്ത ദിവസമായതോടെ  ഒരുപാട് ഛർദ്ദിക്കാനും തുടങ്ങി. ഞാൻ വല്ലാണ്ട് ഭയന്നുപോയി." സതേന്ദർ പറയുന്നു .

അടുത്ത ദിവസം, മേയ് 17 ഞായറാഴ്ച, എന്തുചെയ്യണമെന്നറിയാതെ സതേന്ദർ വലഞ്ഞു. ടാറ്റാ മെമ്മോറിയൽ ആശുപത്രിയിലെത്താൻ അവരെ സഹായിക്കാനായി ഒരു ചാരിറ്റബിൾ ട്രസ്റ്റുമായി ചേർന്ന് പ്രവർത്തിക്കുന്ന ആംബുലൻസ് ഡ്രൈവറെ അദ്ദേഹം ഫോണിൽ ബന്ധപെട്ടു. അവർ അവിടെ എത്തിയ ഉടൻ ഗീതയെ അത്യാഹിതവിഭാഗത്തിൽ കൊണ്ടുപോവുകയും അവിടെ ഡോക്ടർമാർ കോവിഡ് -19 പരിശോധന നടത്തുകയും ചെയ്തു. തിങ്കളാഴ്ച പരിശോധനാ ഫലം വന്നപ്പോൾ ഗീതയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു.

ഗീതയ്ക്ക് വയറ്റിൽ കാൻസറാണ്. സെൻട്രൽ മുബൈയിലെ പരേൽ ഏരിയയിൽ സ്ഥിതിചെയുന്ന ജീവകാരുണ്യപ്രവർത്തനത്തിലേർപ്പെട്ട ടാറ്റാ മെമ്മോറിയൽ ഹോസ്പിറ്റലിനരികിലുള്ള ഫുട്പാത്തിലേക്ക് ഗീതയും സതേന്ദറും മടങ്ങിയെത്തിയത് ഏകദേശം രണ്ടാഴ്ച മുമ്പായിരുന്നു. അതിനുമുമ്പ്, ആശുപത്രിയിൽനിന്ന് 50 കിലോമീറ്റർ മാറി,ഡോംബിവാലിയിലുള്ള ഒരു ബന്ധുവീട്ടിലാണ് അവർ നിന്നിരുന്നത്. ഒരുപാട് യാചനകൾക്കും, ഭക്ഷണച്ചിലവും വാടകയും കൊടുക്കാമെന്ന ഉറപ്പും നൽകിയതിന് ശേഷമാണ് അവർക്ക് ആ വീട്ടിൽ താമസം ശരിയായത്.

അവരുടെ 16 വയസ്സുള്ള മകൻ ബദലും 12 വയസ്സുള്ള മകൾ ഖുഷിയും ഇച്ചൽകരഞ്ചയിലുള്ള സതേന്ദറിന്റെ മൂത്ത സഹോദരനായ സുരേന്ദ്രയ്ക്കൊപ്പമാണ് കഴിയുന്നത്. ഏകദേശം ഒരു ദശകം മുമ്പാണ് ഈ കുടുംബം ബീഹാറിലെ റോഹ്‌തസ് ജില്ലയിലുള്ള ദിനാരാ ബ്ലോക്കിലെ കനിയാരീ എന്ന ഗ്രാമത്തിൽനിന്നും മഹാരാഷ്ട്രയിലേക്ക് കുടികയറിയത്. ഗീതയുമായി മുംബൈയിലേക്ക് തിരിക്കും മുമ്പ്, ഇച്ചൽകരഞ്ചയിലെ ഒരു പവർലൂം ഫാക്ടറിയിൽ മാസം 7,000 രൂപ ശമ്പളത്തിൽ ജോലി ചെയ്തുവരികയായിരുന്നു സതേന്ദർ.

"ഉടൻ മടങ്ങിവരാമെന്ന് മക്കൾക്ക് വാക്കുകൊടുത്തിട്ടാണ് ഞങ്ങൾ വന്നത്. പക്ഷെ, ഇനി അവരുടെ മുഖം എന്ന് കാണാൻ പറ്റുമെന്ന്  ഞങ്ങൾക്കിപ്പോൾ അറിയില്ല” മാർച്ചിൽ ഞങ്ങൾ സംസാരിച്ചപ്പോൾ ഗീത എന്നോട് പറഞ്ഞിരുന്നു.

നവംബറിൽ മുംബൈയിലേക്ക് വന്നപ്പോൾ അവർ സതേന്ദറിന്റെ ബന്ധുവിനൊപ്പം ഗോരെഗാവിന്റെ വടക്കൻ പ്രാന്തപ്രദേശത്താണ് താമസിച്ചിരുന്നത്. എന്നാൽ കോവിഡ് 19 ഭീതിയിൽ അവരോട് മാറിത്താമസിക്കണമെന്ന് അവരുടെ ബന്ധു അഭ്യർത്ഥിക്കുകയായിരുന്നു."[അതിനുശേഷം] ഞങ്ങൾ സ്റ്റേഷനുകളിലും ഈ ഫുട്പാത്തിലുമൊക്കെയാണ് കഴിഞ്ഞിരുന്നത്," മാർച്ച് 20-ആം തീയതി ഞാൻ അവരെ കണ്ടപ്പോൾ ഗീത എന്നോട് പറയുകയുണ്ടായി. തുടർന്ന് അവർ ഡോംബിവാലിയിലേക്ക് മാറുകയായിരുന്നു. (കൂടുതൽ അറിയാൻ കാണുക: ലോക്ക്ഡൗണ്‍ സമയത്ത് കാൻസർ രോഗവുമായി മുംബൈയിലെ നടപ്പാതകളില്‍ കുടുങ്ങിയപ്പോള്‍ ).

Satender and Geeta Singh lived on the footpath for two days, where rats scurry around, before shifting to their relative's place in Dombivali (left). They had moved back to the footpath outside Mumbai's Tata Memorial Hospital two weeks ago (right)
PHOTO • Aakanksha
Satender and Geeta Singh lived on the footpath for two days, where rats scurry around, before shifting to their relative's place in Dombivali (left). They had moved back to the footpath outside Mumbai's Tata Memorial Hospital two weeks ago (right)
PHOTO • Abhinay Lad

ഡോംബിവാലിയിലെ തങ്ങളുടെ ബന്ധുവീട്ടിലേക്ക് മാറുംമുൻപ്‌ സതേന്ദറും ഗീതയും എലികൾ ഓടിനടക്കുന്ന ഫുട്പാത്തിലാണ് രണ്ടു ദിവസം കഴിഞ്ഞിരുന്നത് (ഇടത്ത്). രണ്ടാഴ്ച മുമ്പ് മുംബയിലെ ടാറ്റാ മെമ്മോറിയൽ ഹോസ്പിറ്റലിന് സമീപമുള്ള ഫുട്പാത്തിലേക്ക് അവർക്ക് തിരിച്ചുവരേണ്ടിവന്നു (വലത്ത്)

മാർച്ചിൽ ലോക്ക്ഡൗണ്‍ പ്രാബല്യത്തിൽ വരുന്ന സമയത്ത്, ഹോസ്പിറ്റലിന് പുറത്തുള്ള നടപ്പാതയിൽ കഴിയേണ്ടിവരുന്ന രോഗികളേയും അവരുടെ കുടുംബത്തെയും കുറിച്ചുള്ള പാരിയുടെ ലേഖനം വന്നതിനുശേഷം ചില സുമനസുകളിൽനിന്നും ഇവർക്ക് ധനസഹായം ലഭിച്ചിരുന്നു. ഒരു ചാരിറ്റബിൾ ട്രസ്റ്റ് ഗീതയ്ക്കും സതേന്ദറിനും ആംബുലൻസ് സഹായം വാഗ്ദാനം ചെയ്തു, ഇത് ഗീതയുടെ കീമോതെറാപ്പിയ്ക്കും പരിശോധനയ്ക്കുമായി ദൂരെയുള്ളഡോംബിവാലിയിൽനിന്ന് ആശുപത്രിയിലെത്താൻ അവരെ സഹായിച്ചു.

എന്നാൽ, നഗരത്തിൽ കോവിഡ് -19 കേസുകൾ വർധിച്ചതോടെ മറ്റാവശ്യങ്ങൾക്കായി ആംബുലൻസ് തിരിച്ചുവിളിക്കുകയുണ്ടായി. തുടർന്ന് സതേന്ദറും ഗീതയും ബസ്സിൽ സഞ്ചരിക്കാൻ തുടങ്ങി. കഴിഞ്ഞ രണ്ടുമാസത്തിനിടയിൽ ഏതാണ്ട് 7-8 തവണ ഗീതയുടെ കീമോതെറാപ്പിയ്ക്കായി ഇവർ പരേലിലേക്ക് യാത്ര ചെയ്യേണ്ടിവന്നു. കൂടാതെ ചെക്കപ്പുകൾക്കും, സി.ടി  സ്കാനുകൾക്കും മറ്റ് പരിശോധനകൾക്കുംവേണ്ടി വേറെയും യാത്രകൾ ആവശ്യമായി.

ആശുപത്രിയിലേക്കുള്ള  പോക്കുവരവ് വളരെ ദുഷ്കരമായിരുന്നു.പുലർച്ചെ 6:30-ക്ക് വീട്ടിൽനിന്ന് ഇറങ്ങി പരേലിലേക്കുള്ള സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് ബസ്സിൽ കയറണം. പിന്നീട് അവിടെനിന്ന് 9:30-ക്ക് ആശുപത്രിയിൽ എത്താൻ പാകത്തിൽ ബെസ്റ്റ് ബസ് പിടിക്കണം. എന്നാൽ, ലോക്കൽ പോലീസ് ചൗക്കികൾ നൽകിയ നിർബന്ധിത ലോക്ക്ഡൗൺ യാത്രാപ്പാസ്  ഇല്ലാത്തതിനാൽ പലതവണ ബസ്സിൽനിന്ന് ഇറങ്ങിപ്പോകാൻ നിർബന്ധിതരായിട്ടുണ്ട് ഇവർ. തുടർന്ന് അടുത്ത ബസ്സിനായി ഒരു മണിക്കൂർ കാത്തുനിൽകേണ്ടിവരികയും ചെയ്തിട്ടുണ്ട്. "റോഡിന്റെ നടുവിൽവെച്ച് ഞങ്ങളോട് ഇറങ്ങിപ്പോകാൻ ആവശ്യപെട്ടിട്ടുണ്ട്. എന്റെ കൈയ്യിൽ ആശുപത്രിയിൽനിന്ന് വാങ്ങിയ ഒരു കത്തുണ്ടായിരുന്നു. പക്ഷെ  ഒരു സർക്കാർ ഉദ്യോഗസ്ഥനിൽനിന്ന് വാങ്ങിയ പാസ് തന്നെ വേണമായിരുന്നു കണ്ടക്ടർമാർക്ക്. ബസ്സിൽ ഒരു രോഗിയെ കയറ്റുന്നതിൽ ആർക്കും താത്പര്യവുമില്ലായിരുന്നു," സതേന്ദർ പറയുന്നു.

വൈകീട്ടും ഇതേ യാത്ര ആവർത്തിക്കേണ്ടിവന്നു. ഏകദേശം 5 മണിക്ക് ആശുപത്രിയിൽനിന്നിറങ്ങി രാത്രി 9 മണിക്കാണ്അവർ ഡോംബിവാലിയിൽ എത്തിയിരുന്നത്. ബസ് സ്റ്റോപ്പിൽനിന്ന് ഹോസ്പിറ്റലിലേക്കും തിരിച്ചുമുള്ള ചെറിയ ദൂരം അവരെ ടാക്സിയിൽ എത്തിക്കാനായിചില ദിവസങ്ങളിൽ ടാക്സി ഡ്രൈവർമാരോട് സതേന്ദർ അപേക്ഷിച്ചിട്ടുണ്ട്. കുറഞ്ഞത് 500 രൂപയെങ്കിലും ഒരു ദിവസത്തെ യാത്രയ്ക്കായി ചിലവായിട്ടുണ്ടെന്നാണ് സതേന്ദർ പറയുന്നത്.

ഗീതയുടെ ചികിത്സാച്ചിലവിന്റെ  ഒരു ഭാഗം ആശുപത്രി ഏറ്റെടുത്തു. ബാക്കിയുള്ളത് സതേന്ദറിന്റെ സമ്പാദ്യത്തിൽനിന്ന് അടയ്ക്കുകയാണ് ചെയ്യുന്നത്. ഏകദേശം 20,000 രൂപ ഇതുവരെ ചിലവായിട്ടുണ്ടെന്നാണ് സതേന്ദരിന്റെ കണക്ക്.

ഏപ്രിൽ അവസാനമായപ്പോഴേക്കും കഴിച്ചിരുന്ന മരുന്നുകളിൽ ഒന്ന് ഗീതയെ സാരമായി ബാധിച്ചു. അതോടെ, അവർ ഒരുപാട് ഛർദിക്കുന്നതും പതിവായി. ഒന്നും കഴിക്കാനാവാത്ത അവസ്ഥയിലായെന്ന് സതേന്ദർ പറയുന്നു. ശരീരത്തിൽ ഭക്ഷണമെത്താനായി ഡോക്ടർമാർക്ക് അവരുടെ മൂക്കിൽക്കൂടി ട്യൂബ് ഇടേണ്ടിവന്നെങ്കിലും അതുകൊണ്ടും വലിയ പ്രയോജനമുണ്ടായില്ല. ഗീതയ്ക്ക് ഇപ്പോഴും ഭക്ഷണം ദഹിക്കുന്നതിൽ ബുദ്ധിമുട്ടുണ്ട്.ഈ ബുദ്ധിമുട്ടുകൾക്കിടയിൽ അത്രയും ദൂരം യാത്ര ചെയ്യാനുള്ള പ്രയാസംകൊണ്ട് അടുത്തുള്ള ഏതെങ്കിലും ഷെൽട്ടർ ഹോമിൽ താമസസൗകര്യം ഉണ്ടോ എന്ന് അന്വേഷിക്കാനായി സതേന്ദർ ആശുപത്രിജീവനക്കാരുടെ സഹായം ആവശ്യപ്പെട്ടു. "റൂമുകൾ ഒന്നുമില്ല എന്നാണ് അവർ എന്നെ അറിയിച്ചത്," - സതേന്ദർ പറയുന്നു.

ഇച്ചാക്കരഞ്ചിയിലുള്ള തന്റെ സഹോദരന്റെ സഹായത്തോടെ മേയ് 5-ന് ഷെൽട്ടർ ഹോമിനായുള്ള അവരുടെ ആവശ്യം കാണിച്ചുകൊണ്ട് ഒരു സർക്കാർ ഉദ്യോഗസ്ഥനിൽനിന്നും കത്ത് വാങ്ങിയിരുന്നു. 'ഇനിയെങ്കിലും എന്റെ ആവശ്യങ്ങൾ ആരെങ്കിലും കേൾക്കുകയും എന്നെ സഹായിക്കുകയും ചെയ്യുമെന്ന് ഞാൻ പ്രതീക്ഷിച്ചു. പക്ഷെ, എന്തു പറയാൻ..." സതേന്ദർ പറയുന്നു.

For a while, a charitable trust offered ambulance assistance to Geeta and Satendar to reach the hospital from faraway Dombivali

ദൂരെയുള്ള ഡോംബിവാലിയിൽനിന്ന് ഹോസ്പിറ്റലിലെത്താൻ ഗീതയേയും സതേന്ദറിനെയും സഹായിക്കാനായി കുറച്ചുനാളത്തേക്ക് ഒരു ചാരിറ്റബിൾ ട്രസ്റ്റ് അവർക്ക് ആംബുലൻസ് സേവനം ഒരുക്കിക്കൊടുത്തിരുന്നു

"ഞങ്ങൾ ചില ഷെൽട്ടർ ഹോമുകളിൽ ആ കത്ത് കാണിച്ചെങ്കിലും പുതിയ രോഗികളെ ഒന്നും പ്രവേശിപ്പിക്കരുതെന്ന് ബി.എം.സിയും പോലീസും കർശനമായി നിർദേശിച്ചിട്ടുണ്ടെന്ന കാരണം പറഞ്ഞ് അവർ ഞങ്ങളെ മടക്കി അയയ്ക്കുകയായിരുന്നു," ഈ ദമ്പതികളെ സഹായിച്ചുകൊണ്ടിരിക്കുന്ന അഭിനയ് ലാഡ് എന്ന ആംബുലൻസ് ഡ്രൈവർ പറയുന്നു. "അവരുടെ പരിമിതികളും  ഞങ്ങൾക്ക് മനസ്സിലാവും."

അങ്ങനെ, മറ്റ് വഴികളൊന്നുമില്ലാതായപ്പോഴാണ് സതേന്ദറും ഗീതയും ടാറ്റാ മെമ്മോറിയൽ ഹോസ്പിറ്റലിനു സമീപമുള്ള ഫുട്പാത്തിലേക്ക് 10 ദിവസം മുൻപ് മടങ്ങിയത്. അവർക്ക് ആംബുലൻസ് സേവനം ഒരുക്കിക്കൊടുത്ത ചാരിറ്റബിൾ ട്രസ്റ്റ് (ജീവൻ ജ്യോത് ക്യാൻസർ റിലീഫ് ആൻഡ് കെയർ ട്രസ്റ്റ്) അവർക്കുള്ള ഭക്ഷണം ക്കാറുണ്ടായിരുന്നു.

ഗീതയ്ക്ക് കോവിഡ് പോസിറ്റീവാണെന്ന് അറിഞ്ഞതോടെ അവരെ ഹോസ്പിറ്റലിനുള്ളിൽത്തന്നെയുള്ള ഒരു ക്വാറന്റീൻ റൂമിലേക്ക് മാറ്റി."അവൾക്ക് നടക്കാൻപോലും സാധിക്കുന്നില്ലായിരുന്നു. എനിക്കിപ്പോൾ അവളെ ഒറ്റയ്ക്കാക്കാൻ കഴിയില്ല, അവളുടെ ശരീരത്തിൽ കുഴലുകൾ ഘടിപ്പിച്ചിരിക്കുകയാണ്," സതേന്ദർ പറഞ്ഞു.

ടാറ്റാ മെമ്മോറിയൽ ആശുപത്രിയിൽനിന്നും മുന്ന് കിലോമീറ്റർ അകലെയുള്ള കസ്തുർബ ഹോസ്പിറ്റലിൽ ചെന്ന് കോവിഡ്-19 ടെസ്റ്റ് ചെയ്യണം എന്ന് അദ്ദേഹത്തോടും ആവശ്യപ്പെട്ടിരുന്നു. എന്നാൽ, തന്റെ ഭാര്യയെ ഒറ്റയ്ക്കാക്കി പോകാൻ തനിക്ക് പറ്റില്ലെന്ന് അദ്ദേഹം ഉറപ്പിച്ച് പറഞ്ഞു. അങ്ങനെ മേയ് 21-ന് ടാറ്റാ ഹോസ്പിറ്റലിൽത്തന്നെ ടെസ്റ്റ് നടത്തുകയും മേയ് 23-ആം തീയതി ശനിയാഴ്ച വൈകുന്നേരം അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. ക്വാറന്റൈൻ വാർഡിൽ സതേന്ദർ ഗീതയുടെ അരികിലായി കഴിയുന്നു.

സതീന്ദറിന് വല്ലാതെ ക്ഷീണം അനുഭവപ്പെടുന്നുണ്ട്. ഓരോരോ കാര്യത്തിനായുള്ള ഓട്ടവും ഉറക്കമില്ലായ്മയുമാണ് കാരണം എന്നാണ് അദ്ദേഹം പറയുന്നത്. "എന്റെ ആരോഗ്യം ഭേദമാവും," അദ്ദേഹം പറയുന്നു. ഗീതയ്ക്ക് കോവിഡ് നെഗറ്റീവായാൽ മാത്രമേ ശസ്തക്രിയ നടത്താൻ സാധിക്കുകയുള്ളു എന്നാണ് സതേന്ദറിനെ അറിയിച്ചിരിക്കുന്നത്.

ഗീതയുടെ കേസ് കൈകാര്യം ചെയ്യുന്ന ഹോസ്പിറ്റലിലെ സർജിക്കൽ ഓങ്കോളജി വിഭാഗത്തിലെ സീനിയർ റസിഡന്റ് ഡോ. യോഗേഷ് ബൻസോദ് പറയുന്നത്, അവർക്ക് പൂർണ്ണമായ ഗ്യാസ്ട്രക്ടമി ശസ്ത്രക്രിയ ആവശ്യമാണ് എന്നാണ്. എന്നുവെച്ചാൽ, ആമാശയം നീക്കം ചെയ്യുക."അവരുടെ ഹീമോഗ്ലോബിൻ ശരാശരി അളവിന്റെ പകുതിയിലും താഴെയായിരുന്നു. ഇത്രെയും താഴ്ന്ന അളവിൽ ശസ്തക്രിയ നടത്തുന്നത് അപകടകരമായിരിക്കും. കൂടാതെ അവർക്ക് ശ്വാസകോശ സംബന്ധമായ അണുബാധ ഉണ്ടാകാനുള്ള സാധ്യതയും കുറയേണ്ടതുണ്ട്. കോവിഡ് അവരെ  സാരമായി ബാധിക്കില്ലെന്ന് നമുക്ക് പ്രതീക്ഷിക്കാം," ഫോണിൽ ബന്ധപ്പെട്ടപ്പോൾ  അദ്ദേഹം പറഞ്ഞു.

കോവിഡ്-19 പരിശോധനാ ഫലത്തെക്കുറിച്ച് സതേന്ദർ തന്ടെ 16 വയസ്സുകാരനായ മകൻ ബദലിനെ അറിയിച്ചിട്ടുണ്ട്. "എന്റെ മകളോട് പറഞ്ഞാൽ ഇതൊന്നും മനസ്സിലാക്കാനാവാതെ അവൾ കരയാൻ തുടങ്ങും," അദ്ദേഹം പറയുന്നു."അവൾ കുഞ്ഞാണ്, ഇപ്പോൾത്തന്നെ അവർ ഞങ്ങളെ കണ്ടിട്ട് മാസങ്ങൾ കഴിഞ്ഞു. ഞങ്ങൾ ഉടനെ തിരിച്ചുവരുമെന്ന് ഞാൻ അവരോട് പറഞ്ഞിട്ടുണ്ട്. പക്ഷെ ഞാൻ അവരോട് കള്ളം പറയുകയാണോ എന്ന് എനിക്കറിയില്ല..."

അവർ തിരിച്ചുചെല്ലുംവരെ വീട്ടിലെ കാര്യങ്ങൾ  നോക്കിക്കൊള്ളാമെന്ന് ബദൽ അവന്റെ പിതാവിന് ഉറപ്പ് നൽകിയിട്ടുണ്ട്.

പരിഭാഷ: അനുഗ്രഹ നായർ

Aakanksha

آکانکشا (وہ صرف اپنے پہلے نام کا استعمال کرتی ہیں) پاری کی رپورٹر اور کنٹینٹ ایڈیٹر ہیں۔

کے ذریعہ دیگر اسٹوریز Aakanksha
Editor : Sharmila Joshi

شرمیلا جوشی پیپلز آرکائیو آف رورل انڈیا کی سابق ایڈیٹوریل چیف ہیں، ساتھ ہی وہ ایک قلم کار، محقق اور عارضی ٹیچر بھی ہیں۔

کے ذریعہ دیگر اسٹوریز شرمیلا جوشی
Translator : Anugraha Nair

Anugraha Nair is from Kerala, she is currently pursuing post-graduation in Applied Psychology from the University of Delhi. She's an aspiring clinical psychologist, avid reader and amateur poet.

کے ذریعہ دیگر اسٹوریز Anugraha Nair