ജാംലോയ്ക്ക് പന്ത്രണ്ട് വയസായിരുന്നു. ഫെബ്രുവരിയിലാണ് അവൾ തെലങ്കാനയിലെ മുളകുപാടങ്ങളിൽ പണിക്കുപോയത്. സഹതൊഴിലാളികൾക്കൊപ്പം എങ്ങനെയും വീടെത്താമെന്നുള്ള പ്രതീക്ഷയിൽ തുടർച്ചയായ മൂന്നു ദിവസത്തെ നടപ്പിനുശേഷം തളർന്ന് കഴിഞ്ഞ ഏപ്രിൽ 18-ന് അവൾ മരിച്ചുവീണു.
"കൂട്ടുകാർക്കും മറ്റു ഗ്രാമവാസികൾക്കുമൊപ്പമാണ് ഞങ്ങളെ അറിയിക്കാതെ അവൾ ഗ്രാമം വിട്ടുപോയത്. അടുത്തദിവസം മാത്രമാണ് അക്കാര്യം ഞങ്ങൾ അറിയുന്നത്," അവളുടെ അമ്മ സുഖ്മതി മഡ്കം പറഞ്ഞു. ആദിവാസികളായ മുരിയ വിഭാഗത്തിൽ ഉൾപ്പെട്ടതാണ് ആ കുടുംബം.
ഛത്തീസ്ഗഡിലെ ബസ്തർ മേഖലയിലെ ബീജാപ്പുർ ജില്ലയിലെ ആദേദ് ഗ്രാമത്തിലേയ്ക്കായിരുന്നു ആ പന്ത്രണ്ടുവയസുകാരിയുടെ തിരിച്ചുവരവ്. അവളും ഒപ്പം പതിനൊന്ന് തൊഴിലാളികൾ അടങ്ങിയ സംഘവും, അവരിൽ ചിലരെല്ലാം തെലങ്കാനയിലെ മുളുകു ജില്ലയിൽ കണ്ണെയ്ഗുഡം ഗ്രാമത്തിൽ പണിക്കു പോയ കുട്ടികളായിരുന്നു. (മേയ് ഏഴിന് റോഡിലൂടെ നടന്നുപോകുന്ന അത്തരമൊരു സംഘത്തിന്റെതാണ് കവർ ചിത്രമായി മുകളിൽ നല്കിയിരിക്കുന്നത്.) അവിടെ അവർ മുളക് പറിച്ചെടുക്കും, മുൻകൂട്ടി നിശ്ചയിച്ചപോലെ ഒരു ദിവസത്തേയ്‌ക്ക് ഇരുനൂറ് രൂപ അല്ലെങ്കിൽ ഇത്ര ചാക്ക് മുളക് എന്നിങ്ങനെയായിരുന്നു അവരുടെ കൂലി. (മുളകുപാടത്തെ കുട്ടികൾഎന്ന ലേഖനം കാണുക)
"ജാംലോ അവളുടെ കൂട്ടുകാർക്കും മറ്റ് ഗ്രാമക്കാർക്കൊപ്പവും ജോലി ചെയ്യാനാണ് പോയത്. എന്നാല്‍, ജോലിയില്ലാതായതോടെ അവർ തിരിച്ചുപോന്നു. പേരൂരു ഗ്രാമത്തിൽനിന്ന് (മുളുകു ജില്ല) പുറപ്പെടുമ്പോൾ അവൾ എന്നെ ഫോണ്‍ ചെയ്തിരുന്നു. ഗ്രാമവാസികൾ അവസാനം അവളുടെ മരണത്തെക്കുറിച്ച് പറയാനാണ് വിളിച്ചത്," ജാംലോയുടെ അച്ഛൻ ആന്ദോറാം പറഞ്ഞു. ആദേദ് ഗ്രാമത്തിലെ മറ്റെല്ലാ ആദിവാസികളേയും പോലെ അയാളും സുഖ്മതിയും കാട്ടിൽനിന്നുള്ള ഉത്പന്നങ്ങൾ ശേഖരിച്ചും നെല്ലും മുതിരയും മറ്റ് വിളകളും ചെറിയ കൃഷിയിടങ്ങളിൽ കൃഷിയിറക്കിയും കാർഷികതൊഴിലാളികളായി എംജിഎൻആർഇജിഎ തൊഴിലിടങ്ങളിൽ പണിയെടുത്തുമാണ് ജീവിതം പുലർത്തുന്നത്.
"രണ്ടുമാസം മുമ്പ് ജാംലോ തെലുങ്കാനയിൽ തൊഴിലാളിയായി പോയതാണ്. എന്നാൽ, ലോക്ക്ഡൗൺ വന്നതോടെ ജോലിയില്ലാതെയായി. തൊഴിലാളികളെല്ലാം അവരുടെ ഗ്രാമത്തിലേയ്ക്കു തിരിക്കാൻ തത്രപ്പെട്ടു. അവരുടെ ചെറിയ സമ്പാദ്യങ്ങളെല്ലാം ഇല്ലാതായിരുന്നു. അവർ തിരികെ പോകുന്നതാണ് നല്ലതെന്ന് അവരെ ജോലിക്കെടുത്തിരുന്ന കരാറുകാരൻ നിർദ്ദേശിച്ചു," ബീജാപ്പുരിൽനിന്നുള്ള പത്രപ്രവർത്തകയായ പുഷ്പ ഉസേന്ദി-റോക്കഡെ പറഞ്ഞു. ഗോണ്ട് ആദിവാസി വിഭാഗത്തിൽപ്പെട്ട അവർ ജഗദൽപ്പുരിലെ ഒരു പത്രത്തിന്റെ റിപ്പോർട്ടറാണ്.
ലോക്ക്ഡൗൺ സമയത്ത് യാത്ര ചെയ്യാൻ മാർഗമൊന്നുമില്ലാതിരുന്നതിനാൽ തൊഴിലാളികളെല്ലാം വീടുകളിലേയ്ക്ക് തിരികെ നടക്കാൻ ആരംഭിച്ചു. കണ്ണെയ്ഗുഡത്തുനിന്ന് ആദേദ് ഗ്രാമത്തിലേയ്ക്ക് 170-200 കിലോമീറ്ററായിരുന്നു അവർക്ക് താണ്ടേണ്ട ദൂരം. (വിവിധ വഴികൾക്ക് അനുസരിച്ച് ഈ ദൂരത്തിനു മാറ്റമുണ്ടായിരുന്നു) ഏപ്രില്‍ 16-നാണ് അവർ നടന്നുതുടങ്ങിയത്. പ്രധാന പാതകളെല്ലാം അടച്ചിരുന്നതിനാൽ അവർ കാട്ടുവഴികളാണ് തെരഞ്ഞെടുത്തത്. രാത്രിയിൽ അവർ ഗ്രാമങ്ങളിലും കാട്ടിലും മറ്റും അന്തിയുറങ്ങി. വളരെ മടുപ്പുളവാക്കുന്ന യാത്രയായിരുന്നു അത്; എന്നാൽ മൂന്നു ദിവസംകൊണ്ട് നൂറുകിലോമീറ്റർ പിന്നിടാൻ അവർക്കു കഴിഞ്ഞു.
ഏപ്രിൽ 18-ന്, ഏകദേശം രാവിലെ ഒൻപതിന്, തൊഴിലാളികൾ തളർന്ന് അവരുടെ വീടുകളിലേയ്ക്ക് യാത്ര തുടരുമ്പോൾ, വീടിന് വെറും 60 കിലോമീറ്റർ അപ്പുറം, ജാംലോ മരിച്ചുവീണു. അവൾക്ക് വയറുവേദനയും തലവേദനയും ഉണ്ടായിരുന്നുവെന്നും അവൾ വീണിരുന്നുവെന്നും എല്ല് ഒടിഞ്ഞിരുന്നുവെന്നുമൊക്കെ ഒട്ടേറെ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, ഔദ്യോഗികമായ മെഡിക്കൽ റിപ്പോർട്ടുകളൊന്നും ഞങ്ങൾക്ക് ലഭ്യമായില്ല.
"അവൾ ഒരു കൊച്ചുകുട്ടിയായിരുന്നു. മൂന്നുദിവസംകൊണ്ട് അവൾ ഏറെദൂരം (ഏതാണ്ട് 140 കിലോമീറ്റർ) നടന്നപ്പോൾ കുഴഞ്ഞുവീണു. വീട്ടിലെത്താൻ ഏതാണ്ട് 55-60 കിലോമീറ്റർ ദൂരം മാത്രമേ ഉണ്ടായിരുന്നുള്ളൂ," ബീജാപ്പുരിലെ ചീഫ് ഹെൽത്ത് ആൻഡ് മെഡിക്കൽ ഓഫീസർ ഡോ. ബി.ആർ. പൂജാരി ഞങ്ങളോട് ഫോണിലൂടെ പറഞ്ഞു. "ക്ഷീണവും പേശികൾക്കുള്ള തളർച്ചയും മൂലമായിരിക്കാം അവൾ വീണുപോയത്. ഇക്കാര്യങ്ങൾ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വരില്ല. അവൾ വഴിയിൽ വീണുവെന്നും തലേന്ന് മുറിവേറ്റിരുന്നുവെന്നും മറ്റു തൊഴിലാളികൾ പറയുന്നുണ്ട്.'
രാവിലെ പതിനൊന്നുമണിയോടെയാണ് ഡോ. പൂജാരി അവളുടെ മരണവാർത്തയറിയുന്നത്. "ഞങ്ങൾ ആംബുലൻസ് അയച്ചുവെങ്കിലും അപ്പോഴേയ്ക്കും അവർ മൃതദേഹവുമായി അഞ്ചാറു കിലോമീറ്റർ നടന്നു കഴിഞ്ഞിരുന്നു," അദ്ദേഹം പറഞ്ഞു. "ബീജാപ്പുരിലെ ജില്ലാ ആശുപത്രിയിലേയ്ക്ക് ജാംലോയുടെ മൃതശരീരം എത്തിക്കുന്നതിനായി ഏറ്റവും അടുത്തുള്ള (ഉസൂറിലെ) കമ്യൂണിറ്റി ആശുപത്രിയിൽ നിന്നാണ് ആംബുലൻസ് അയച്ചത്. സംഘത്തിലെ മറ്റ് 11 പേരെ കോവിഡ്-19 നിർദ്ദേശങ്ങളനുസരിച്ച് ക്വാറന്റൈനിലാക്കി," സംഭവത്തിനുശേഷം ഡോ. പൂജാരി മാധ്യമങ്ങളോട് പറഞ്ഞു.
ഇന്ത്യയിലെ വിദൂരമായ ആദിവാസി മേഖലകളെ കശക്കിയ ലോക്ക്ഡൗണിന്റെ ആഘാതം വളരെക്കുറച്ചുമാത്രമേ രേഖപ്പെടുത്തിയിട്ടുള്ളൂ. എന്നാൽ, ജാംലോ മഡ്കമിന്റെ കഥ മാധ്യമങ്ങളിലെല്ലാം നിരന്നു.
കുടിയേറ്റ തൊഴിലാളിയായ ജാംലോ വഴിയിൽ വീണു മരിച്ചുപോയതിനാൽ ആരോഗ്യവകുപ്പ് അധികൃതർ കൊറോണവൈറസ് പരിശോധന നടത്തിയിരുന്നു. ശനിയാഴ്ച (ഏപ്രിൽ 18) രാവിലെ ജഗദൽപ്പുരിലേയ്ക്ക് അയച്ച അവളുടെ സാംപിളുകൾ നെഗറ്റീവ് ആണെന്ന് ഞായറാഴ്ച വൈകുന്നേരമാണ് അറിഞ്ഞത്, പൂജാരി മാധ്യമങ്ങളോട് വ്യക്തമാക്കി. തിങ്കളാഴ്ച അവളുടെ മൃതശരീരം പോസ്റ്റ്‌മോർട്ടത്തിനുശേഷം വീട്ടുകാർക്ക് വിട്ടുകൊടുത്തു.
"ഞാൻ എട്ടു കുഞ്ഞുങ്ങൾക്ക് ജന്മം നല്കി, അവരിൽ നാലുപേരും നിലത്തിഴയുന്ന പ്രായത്തിൽത്തന്നെ മരിച്ചുപോയി. ഇപ്പോൾ ജാംലോയും മരിച്ചു," അവളുടെ അമ്മ സുഖ്മതി ഞങ്ങളുടെ സഹലേഖകനായ കമലേഷ് പൈൻക്രയോട് പറഞ്ഞു. (ബീജാപ്പുർ കേന്ദ്രമായി പ്രവർത്തിക്കുന്ന പത്രപ്രവർത്തകനായ അദ്ദേഹം വടക്കൻ ഛത്തീസ്ഗഡിലെ കൻവാർ ആദിവാസി സമൂഹത്തിൽപ്പെട്ടയാളാണ്)
സുഖ്മതിക്കും ആന്ദോറാമിനും വേറെ മൂന്നുകുട്ടികളുണ്ട്. ബുധറാം, 14, കുറെനാൾ മുമ്പ് സ്‌കൂൾ പഠനം നിർത്തി. കമലേഷ് ജാംലോയുടെ വീട് സന്ദർശിച്ചപ്പോൾ അവൻ മരത്തിന്റെ തൊലി ശേഖരിക്കാനായി പോയിരിക്കുകയായിരുന്നു. കരി മരത്തിന്റെ ഇലകൾ കൂട്ടിക്കെട്ടാനുള്ള കയറുണ്ടാക്കാനാണ് ഈ തൊലി ഉപയോഗിക്കുന്നത്. ഗ്രാമത്തിലെ സർക്കാർ വിദ്യാലയത്തിൽ ഒന്നാം ക്ലാസിൽ പഠിക്കുന്ന ആറുവയസുള്ള ഇളയ സഹോദരി സരിത ഞങ്ങൾ ചെല്ലുമ്പോൾ പൊതു കുഴൽക്കിണറിൽ കുളിക്കുകയായിരുന്നു. രണ്ടുവയസുള്ള ഇളയ സഹോദരൻ അമ്മയോടൊപ്പം വീട്ടിലുണ്ടായിരുന്നു.
കഴിഞ്ഞ 10-12 വർഷമായി മഡ്കം കുടുംബത്തിന് റേഷൻ കാർഡില്ല. നേരത്തെ ഉണ്ടായിരുന്ന കാർഡ് സാങ്കേതികകാരണങ്ങളാൽ റദ്ദാക്കപ്പെട്ടു. കുറഞ്ഞ വരുമാനം ഉപയോഗിച്ച് അവർ അരിയും അത്യാവശ്യസാധനങ്ങളും ഉയർന്ന നിരക്കിൽ പൊതുവിപണിയിൽ നിന്നാണ് വാങ്ങുന്നത്. ജാംലോ മരിച്ചതിനുശേഷം അവർക്ക് പുതിയതായി ഒരു ബിപിഎൽ കാർഡ് (ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവർക്ക് അനുവദിച്ചിരിക്കുന്നത്) ലഭിച്ചു. അതിൽ പല തെറ്റുകളുണ്ടായിരുന്നു. മഡ്കം കുടുംബത്തിൽ അഞ്ചുപേരുണ്ടെങ്കിലും നാലുപേരെന്നാണ് കാർഡിൽ പറയുന്നത്. ബുധറാമിന്റെയും സരിതയുടെയും പ്രായം തെറ്റായാണ് ചേർത്തിരിക്കുന്നത്. (ജാംലോയുടെ ആധാർ കാർഡിൽ അവളുടെ പേര് തെറ്റായി ഇംഗ്ലീഷിൽ ജീത മഡ്കമി എന്നാണ് നല്കിയിരിക്കുന്നത്.)ഗ്രാമത്തിലെ സ്‌കൂളിൽ ജാംലോ മൂന്നാം ക്ലാസ് വരെ പഠിച്ചിരുന്നു. എന്നാൽ, കുടുംബത്തിലെ നാലു കാളകളെ നോക്കാനായി (അതിലൊന്ന് ഈയിടെ ചത്തുപോയി) പഠനം ഉപേക്ഷിക്കേണ്ടി വന്നു. ഈ വീട്ടുകാർ കുറച്ചു കോഴികളെ വളർത്തുന്നുണ്ട്.
ആദേദ് എന്ന അവളുടെ ഗ്രാമം ഛത്തീസ്ഗഡിന്റെ തലസ്ഥാനമായ റായ്‌പൂരിൽ നിന്നും 400 കിലോമീറ്റർ അകലെയാണ്. അവിടെ എത്തണമെങ്കിൽ ബീജാപ്പുരിൽനിന്നും 30 കിലോമീറ്റർ അകലയെുള്ള തോയ്‌നാർ ഗ്രാമത്തിലേയ്ക്കു പോകണം. അവിടെ വരെ നല്ല റോഡാണ്. അതിനുശേഷം പൊടിനിറഞ്ഞ വഴിയിലൂടെ രണ്ട് അരുവികൾ കടന്നുവേണം ഗ്രാമത്തിലേയ്ക്കു പോകാൻ.
മോർമെദ് ഗ്രാമപഞ്ചായത്തിനു കീഴിലുള്ള ആദേദ് ഗ്രാമത്തിൽ ആകെ 42 കുടുംബങ്ങളാണുള്ളതെന്ന് ഗ്രാമത്തിലെ വാർഡ് അംഗമായ ബുധറാം കൊവാസി പറഞ്ഞു. മാഡിയ ആദിവാസി വിഭാഗത്തിൽ പെട്ടതാണ് അദ്ദേഹം. ഗ്രാമവാസികൾ പ്രധാനമായും നാല് വിഭാഗത്തിൽ പെട്ടവരാണ് - മുരിയ, മാഡിയ ആദിവാസികളും കലാർ, റൗത്ത് എന്നീ ഒബിസി വിഭാഗത്തിൽപ്പെട്ടവരും.
"ജാംലോയ്ക്ക് ഏതാണ്ട് 12 വയസുള്ളപ്പോഴാണ് അവൾ ആന്ധ്രാ (തെലങ്കാന)യിലേയ്ക്ക് മുളകു പറിക്കാനായി ആദ്യമായി പോയത്. ഈ ഗ്രാമക്കൂട്ടങ്ങളിലെ ആളുകൾ മറ്റ് സംസ്ഥാനങ്ങളിലേയ്ക്ക് ജോലി അന്വേഷിച്ച് പോവാറില്ല. സാധാരണയായി അവർ തോയ്‌നാർ അല്ലെങ്കിൽ ബീജാപ്പുരിലേയ്ക്കാണ് പോകുന്നതെന്ന്," ബുധറാം പറഞ്ഞു.
ഛത്തീസ്ഗഡിലെ മുഖ്യമന്ത്രി ഭുപേഷ് ബാഗൽ ജാംലോയുടെ മരണത്തെക്കുറിച്ച് ശ്രദ്ധിച്ചിരുന്നു. ഏപ്രിൽ 21-ന് അദ്ദേഹം കുറിച്ച ട്വീറ്റിൽ ഇങ്ങനെ പറയുന്നു. "ബീജാപ്പുരിലെ പന്ത്രണ്ട് വയസുള്ള ജാംലോ മഡ്കം എന്ന പെൺകുട്ടിയുടെ ദാരുണാന്ത്യം ഹൃദയഭേദകമാണ്. ഈ കഠിനകാലത്ത് അടിയന്തരസഹായമെന്ന നിലയിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് ഒരു ലക്ഷം രൂപയും ഗ്രാന്റായി നാലു ലക്ഷം രൂപയും നല്കുകയാണ്. ബീജാപ്പുരിലെ കളക്ടറോട് ഇക്കാര്യം അന്വേഷിച്ച് റിപ്പോർട്ട് നല്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്."
തൊഴിൽവകുപ്പ് ഇക്കാര്യത്തെക്കുറിച്ച് അന്വേഷിക്കുകയും ജാംലോയുടെ ഗ്രാമത്തിലെ ഒരു സ്ത്രീക്കെതിരേയും തെലങ്കാനയിലെ കണ്ണെയ്ഗുഡം ഗ്രാമത്തിലെ തൊഴിൽ കരാറുകാരനെതിരേയും പ്രഥമവിവര റിപ്പോർട്ട് നല്കുകയും ചെയ്തിട്ടുണ്ട്. രജിസ്റ്റർ ചെയ്യാത്ത കരാറുകാർ എന്ന നിലയിൽ പ്രായപൂർത്തിയാകാത്തവർ അടക്കമുള്ള സംസ്ഥാനാന്തര തൊഴിലാളികളെ കടത്തിയതിനെക്കുറിച്ചായിരുന്നു അന്വേഷണം.
ബീജാപ്പുർ, സുഖ്മ, ദന്തേവാദ എന്നിങ്ങനെ ഛത്തീസ്ഗഡിലെ അതിർത്തിഗ്രാമങ്ങളിൽ നിന്നുള്ളവർ ജോലി അന്വേഷിച്ച് കുടിയേറാറുണ്ട്. ഇവരിൽ ചിലരെല്ലാം നക്‌സലൈറ്റ് പ്രസ്ഥാനത്തിന്റെ പ്രശ്‌നങ്ങളാലാണ് കുടിയേറ്റം നടത്തുന്നത്. എല്ലാവരും അന്വേഷിച്ചുപോകുന്നത് ജീവിക്കാനുളള മാർഗമാണ്. സാധാരണയായി അവർ പോകുന്നത് തെലങ്കാനയിലേയും ആന്ധ്രാപ്രദേശിലേയും പരന്നുകിടക്കുന്ന മുളകുപാടങ്ങളിലേയ്ക്കാണ്. അവരുടെ ഭക്ഷണത്തിലെ പ്രധാന ചേരുവയാണ് മുളക്. അതുകൊണ്ടുതന്നെ പലരും വേതനമായി മുളകുതന്നെ കൊണ്ടുവരാറുണ്ട്.
കുടുംബത്തിനായി എന്തെങ്കിലും സമ്പാദിക്കാം എന്നു കരുതിയാവും ജാംലോ പോയത്. വീട്ടിലേയ്ക്കുള്ള കഠിനമായ വഴികൾ ആ പന്ത്രണ്ടുകാരിക്ക് വളരെ ദൈർഘ്യമുള്ളതായിരുന്നു.
പരിഭാഷ: ജോർഡി ജോർജ്