അവർ ഇപ്പോൾത്തന്നെ ഇരുപത് കിലോമീറ്ററുകൾ പിന്നിട്ടുകഴിഞ്ഞു. എന്നിട്ടും അവർ, താറാവുകളെപ്പോലെ, താളത്തിൽ, ഒറ്റവരിയായി, ധൃതിപിടിച്ച് അവരുടെ നടത്തം തുടർന്നു. ഉള്ളതിൽ‌വെച്ച് ഏറ്റവും നല്ല വസ്ത്രങ്ങളായിരുന്നു അവർ ധരിച്ചിരുന്നത്. മല്‍കാന്‍ഗിരി ജില്ലയിലെ ഏറ്റവും വലിയ പ്രദേശമായ കോരാപ്പുട്ടിൽ ആഴ്ചതോറും നടക്കുന്ന ഗ്രാമച്ചന്തയിലേക്കായിരുന്നു അവരങ്ങിനെ ധൃതിയിൽ പോയിക്കൊണ്ടിരുന്നത്. അവിടെ എത്തുമോ എന്നത് മറ്റൊരു കാര്യം. നാട്ടിലെ ഏതെങ്കിലുമൊരു കച്ചവടക്കാരൻ, അതല്ലെങ്കിൽ പലിശക്കാരൻ അവരോടൊപ്പം ചേർന്ന് തുച്ഛമായ വിലയ്ക്ക് ആ സാധനങ്ങൾ വാങ്ങിയെന്ന് വരാം. എന്നിട്ട്, അവരെക്കൊണ്ടുതന്നെ അയാളത് തനിക്കുവേണ്ടി ഗ്രാമച്ചന്തയിലെത്തിക്കുകയും ചെയ്തേക്കാം.

എന്നോട് സംസാരിക്കുന്നതിനുവേണ്ടി ആ നാൽ‌വർ സംഘം നടത്തം പതുക്കെയാക്കി. പിന്നെ അവർ നടത്തം നിർത്തി. കുംഭാരന്മാരോ പരമ്പരാഗത കുശവന്മാരോ ആയിരുന്നില്ല അവർ. ആ പ്രദേശത്തെ ആദിവാസിവിഭാഗമായ ധുരുവന്മാരായിരുന്നു ആ യാത്രക്കാർ. എന്നോട് സംസാരിച്ച മാഞ്ചിയും നോകുലും, അതവരുടെ പരമ്പരാഗത തൊഴിലല്ലെന്ന് ഉറപ്പിച്ച് പറഞ്ഞു. ഈ പണി അവർ പഠിച്ചത്, ഒരു ലാഭേതര സംഘടന നടത്തുന്ന ശില്പശാലയിൽനിന്നാണ്. കൃഷിയൊക്കെ തകർന്നതിനാൽ, നിവൃത്തിയില്ലാതെ മറ്റൊരു തൊഴിലിലേക്ക് ചേക്കേറിയവരായിരുന്നു അവർ. എങ്കിലും അവരുണ്ടാക്കിയ ആ മൺപാത്രങ്ങൾ ലളിതവും, കാണാൻ ഭംഗിയുള്ളതുമായിരുന്നു. ചിത്രപ്പണികൾപോലും ഉണ്ടായിരുന്നു അവയിൽ. എന്നാൽ, ഇതും വിചാരിച്ചതുപോലെ നടക്കുന്നില്ലെന്ന് അവർ പറഞ്ഞു. “എല്ലായിടത്തും ആളുകൾ പ്ലാസ്റ്റിക്കുകൊണ്ടുള്ള കുടങ്ങളും ബക്കറ്റുകളുമാണ് ഉപയോഗിക്കുന്നത്”, നോകുൽ പറഞ്ഞു. അതും ഇന്നും ഇന്നലെയുമല്ല. 1994 മുതൽക്കുതന്നെ. ദീർഘകാലത്തേക്ക് നിലനിൽക്കുകയും വ്യാപിക്കുകയും രൂപാന്തരം സംഭവിക്കുകയും പരിഹാരമില്ലാതെ അവശേഷിക്കുകയും ചെയ്യുന്ന മഹാവ്യാധിപോലെ പെരുകിക്കൊണ്ടിരിക്കുകയാണ് പ്ലാസ്റ്റിക്കിന്‍റെ ലോകം.

“ശരിയാണ്”, മാഞ്ചി പറഞ്ഞു. “പലിശക്കാരൻ ഞങ്ങളുടെ സാധനങ്ങൾ അയാൾ നിശ്ചയിക്കുന്ന കുറഞ്ഞ വിലയ്ക്ക് വാങ്ങാറുണ്ടായിരിക്കാം. പക്ഷേ ഞങ്ങൾ അയാൾക്ക് കടക്കാരുമാണ്”. എന്നിട്ട്, ഈ മൺപാത്രങ്ങൾതന്നെ അയാൾ വലിയ ബുദ്ധിമുട്ടൊന്നുമില്ലാതെ കൂടിയ വിലയ്ക്ക് വിൽക്കുകയും ചെയ്യും. തനിക്കുവേണ്ടി വിലപേശാൻ അയാൾക്ക് വേറെ ആദിവാസികളെ കിട്ടുകയും ചെയ്യും. പക്ഷേ സാധനങ്ങൾ നിർമ്മിക്കുന്നവർക്കുതന്നെ അത് വിൽക്കാനും സാധിക്കുന്നതരത്തിൽ ഗ്രാമച്ചന്തകൾ നടക്കുന്നുണ്ട്. ആഴ്ചയിലെ വിവിധദിവസങ്ങളിൽ വിവിധ ഗ്രാമസമൂഹങ്ങൾ ചന്ത നടത്തുന്നതും പതിവാണ്. അതുകൊണ്ട്, ഫലത്തിൽ എല്ലാ ദിവസവും എവിടെയെങ്കിലുമൊരിടത്ത് ഗ്രാമച്ചന്തകൾ കാണാൻ കഴിയും.

PHOTO • P. Sainath

ധുരുവർ നേരിടുന്ന മറ്റ് ചില ‘ഇന്ത്യൻ-നിർമ്മിത’ പ്രശ്നവും നിലനിൽക്കുന്നു. ഔദ്യോഗിക ഇന്ത്യൻ പട്ടികവർഗ്ഗ സ്ഥിതിവിവര രൂപരേഖയും ( Statistical Profile of Scheduled Tribes in India ) ഒഡിഷയിലെ പട്ടികവർഗ്ഗ സംസ്ഥാന പട്ടികയും ( State list of Scheduled Tribes ) ഗോത്രത്തിനെ വിശേഷിപ്പിക്കുന്നത് ധാരുവ, ധുരുബ, ധ്രുവ, ധുരുവ എന്നിങ്ങനെ പലവിധത്തിലാണ്. അവരുടെ കൈവശമുള്ള, ഞാന്‍ കണ്ടിട്ടുള്ള സ്കൂൾ രേഖകളിലും മറ്റ് രേഖകളിലും ഗോത്രത്തിന്‍റെ പേർ രേഖപ്പെടുത്തിയിട്ടുള്ളത് ധുരുവ എന്നാണ്. ഇതുമൂലം, അവർക്കവകാശപ്പെട്ട ആനുകൂല്യങ്ങൾ പലപ്പോഴും അവർക്ക് കിട്ടാതെ പോവുന്നു. ഈ പേരിലുള്ള പട്ടികവർഗ്ഗക്കാർ നിലവിലില്ലെന്നായിരിക്കും പലപ്പോഴും ഉദ്യോഗസ്ഥതലത്തിലുള്ള ചിലരുടെ വാദം. ഏറെക്കാലത്തെ ശ്രമഫലമായിട്ടാണ് ഈ അസംബന്ധം പരിഹരിക്കാനായത്.

പ്രദേശത്തിന്‍റെ സമ്പദ്ഘടനയുടെ വിസ്മയിപ്പിക്കുന്ന സൂക്ഷ്മരൂപങ്ങളാണ് ഒരർത്ഥത്തിൽ ഓരോ ഗ്രാമച്ചന്തകളും. ആ മേഖലയിൽ ഉത്പാദിപ്പിക്കപ്പെടുന്ന മിക്കവാറും എല്ലാ വസ്തുക്കളും അവിടെ പ്രദർശിപ്പിക്കപ്പെടുകയും വിൽക്കപ്പെടുകയും ചെയ്യുന്നുണ്ടാവും. ചലനാത്മകവും, ജീവസ്സുറ്റതും നിറപ്പകിട്ടുമുള്ള എല്ലാവിധ വിനിമയങ്ങളും നടക്കുന്ന ഒരു ചെറിയ സ്ഥലമാണത്. ഞങ്ങളുമായുള്ള വിനിമയം അവസാനിപ്പിച്ച്, അവർക്കിഷ്ടപ്പെട്ട രീതിയിൽ ഫോട്ടോയുമെടുപ്പിച്ച്, അതിന് നന്ദി പറഞ്ഞ്, ആ നാലുപേരും വീണ്ടും യാത്രയായി. ഒരുമിച്ച്, പിന്നിൽ‌പ്പിന്നിലായി, സവിശേഷമായ ശരീരചലനങ്ങളോടെ അവർ നടന്നുനീങ്ങുന്നത്, ഒരല്പം ആശങ്കയോടെയാണ് ഞാൻ നോക്കിനിന്നത്. കാരണം, ആരെങ്കിലുമൊരാൾ അല്പം വേഗത കുറച്ചാൽ, അല്ലെങ്കിൽ ഏതെങ്കിലുമൊരാൾക്ക് ചുവട് ഒരല്പം തെറ്റിയാൽ ആ മൺപാത്രങ്ങളെല്ലാം ഒരുനിമിഷംകൊണ്ട് വീണ് തവിടുപൊടിയാവുമെന്ന് ഞാൻ ഭയന്നു. മല്‍കാന്‍ഗിരിയിൽ‌വെച്ച് എന്നെ പലപ്പോഴും ആ ഭയം ബാധിച്ചിട്ടുണ്ട്. പക്ഷേ ഭാഗ്യമെന്ന് പറയട്ടെ, അതൊരിക്കലും സംഭവിച്ചിട്ടില്ല.

ഈ ലേഖനത്തിന്‍റെ കുറേക്കൂടി ചെറിയ ഒരു രൂപം , 1995, സെപ്റ്റംബർ 1- ലെ ദ് ഹിന്ദു ബിസിനസ്സ് ലൈനിൽ പ്രത്യക്ഷപ്പെട്ടിരുന്നു .

പരിഭാഷ: രാജീവ് ചേലനാട്ട്

پی سائی ناتھ ’پیپلز آرکائیو آف رورل انڈیا‘ کے بانی ایڈیٹر ہیں۔ وہ کئی دہائیوں تک دیہی ہندوستان کے رپورٹر رہے اور Everybody Loves a Good Drought اور The Last Heroes: Foot Soldiers of Indian Freedom کے مصنف ہیں۔

کے ذریعہ دیگر اسٹوریز پی۔ سائی ناتھ
Translator : Rajeeve Chelanat

Rajeeve Chelanat is based out of Palakkad, Kerala. After spending 25 years of professional life in the Gulf and Iraq, he returned home to work as a proof reader in the daily, Mathrubhumi. Presently, he is working as a Malayalam translator.

کے ذریعہ دیگر اسٹوریز Rajeeve Chelanat