ഗ്രാമീണ സ്ത്രീകള്‍ ഏര്‍പ്പെട്ടിരിക്കുന്ന ഒരുപാട് തരത്തിലുള്ള ജോലികള്‍ ചിത്രീകരിച്ചിട്ടുള്ള ദൃശ്യമായ ജോലി, അദൃശ്യരായ സ്ത്രീകള്‍, ഒരു ചിത്ര പ്രദര്‍ശനം എന്ന പ്രദര്‍ശനത്തിന്‍റെ ഭാഗമാണ് ഈ പാനല്‍. ഈ ചിത്രങ്ങള്‍ മുഴുവന്‍ 1993 മുതല്‍ 2002 വരെയുള്ള കാലഘട്ടത്തില്‍ വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും പി. സായ്‌നാഥ് എടുത്തതാണ്. നിരവധി വര്‍ഷങ്ങളോളം രാജ്യത്തിന്‍റെ മിക്കഭാഗത്തും പര്യടനം നടത്തിയ യഥാര്‍ത്ഥ പ്രദര്‍ശനത്തെ പാരി ഇവിടെ ക്രിയാത്മകമായി ഡിജിറ്റൈസ് ചെയ്തിരിക്കുന്നു.

ഇഷ്ടിക നിർമ്മാണം, കല്‍ക്കരി ഖനനം, കല്‍പ്പണി

അവര്‍ നഗ്നപാദരാണെന്നു മാത്രമല്ല, അവരുടെ ശിരസ്സുകളിലുള്ളത് ചൂടുള്ള ഇഷ്ടികകളാണ്. പടികളിൽ നില്‍ക്കുന്നവര്‍ ഇഷ്ടിക ചൂളകളില്‍ പണിയെടുക്കാനായി ഒഡിഷയില്‍നിന്നും ആന്ധ്രപ്രദേശിലേക്ക് കുടിയേറിയവരാണ്. പുറത്ത് പൊള്ളിക്കുന്ന ചൂട് 49 ഡിഗ്രി സെല്‍ഷ്യസ് കഴിഞ്ഞു. ചൂളയുടെ പ്രദേശത്ത് ചൂട് കൂടുതലാണ്. സ്ത്രീകളാണ് അവിടെ കൂടുതലായും ജോലി ചെയ്യുന്നത്.

ഒരുദിവസത്തെ ജോലിയില്‍ നിന്നും ഓരോ സ്ത്രീക്കും ലഭിക്കുന്നത് 10-12 രൂപയാണ്. കരാറുകാര്‍ ഇത്തരത്തിലുള്ള മുഴുവന്‍ കുടിയേറ്റക്കാരുടെയും കുടുംബങ്ങളെ ഒരു ‘മുന്‍‌കൂര്‍’ സമ്പ്രദായത്തിലൂടെ ഇവിടെത്തിക്കുന്നു. ഈ വായ്പകള്‍ കുടിയേറ്റക്കാരെ കരാറുകാരുമായി ബന്ധിപ്പിച്ചു നിർത്തുന്നു. പലപ്പോഴും അവര്‍ ബന്ധിത തൊഴിലാളികളായി (bonded labourers) മാറുന്നു. ഇവിടെത്തുന്ന 90 ശതമാനം ആളുകളും ഭൂരഹിതരോ പാര്‍ശ്വവത്കൃതരോ ആയ കര്‍ഷകരാണ്.

വീഡിയോ കാണുക: ’90 ശതമാനം സമയവും ജോലി ചെയ്യുന്ന സ്ത്രീകളെ ഞാന്‍ കണ്ടു. കഠിനമായ ജോലിയാണ് അവര്‍ ചെയ്യുന്നത്, അതിന് നിവര്‍ന്ന നട്ടെല്ല് വേണം’, പി. സായ്‌നാഥ് പറയുന്നു

കുറഞ്ഞ വേതന നിയമം (Minimum Wages Acts) വളരെ നഗ്നമായി ലംഘിക്കപ്പെട്ടിട്ടും ഒരു തൊഴിലാളിക്ക് പോലും പരിഹാരം തേടാന്‍ കഴിയുന്നില്ല. കുടിയേറ്റ തൊഴിലാളികളെക്കൂടി ഉള്‍ക്കൊള്ളുന്ന കാലഹരണപ്പെട്ട നിയമങ്ങള്‍ അവരെ സംരക്ഷിക്കുന്നില്ല. ഉദാഹരണത്തിന് ഒഡിയാകളെ സഹായിക്കാന്‍ ആന്ധ്രാപ്രദേശിലെ തൊഴില്‍ വകുപ്പിനെ നിയമം നിര്‍ബന്ധിക്കുന്നില്ല. ഇഷ്ടിക ചൂളകളില്‍ പണിയെടുക്കുന്ന സ്ത്രീകളെയും ചെറിയ പെണ്‍കുട്ടികളെയും ലൈംഗികമായി ചൂഷണം ചെയ്യാനും ബന്ധിതാവസ്ഥ (bondage) കാരണമാകുന്നു.

മണ്ണിലൂടെയും ചെളിയിലൂടെയും ഒറ്റയ്ക്ക് നീങ്ങുന്ന ഈ സ്ത്രീ (താഴെ വലത്) ഝാര്‍ഖണ്ഡിലെ ഗോഡ്ഡായിലുള്ള ഓപ്പണ്‍കാസ്റ്റ് (മണ്ണിന്‍റെ ഉപരിതലത്തോട് ചേര്‍ന്ന കുഴിയില്‍ തീര്‍ത്ത) കല്‍ക്കരി ഖനികളോടു ചേർന്ന മാലിന്യ കൂമ്പാരങ്ങളിലാണ്. പ്രദേശത്തുള്ള മറ്റ് നിരവധി സ്ത്രീകളെപ്പോലെ കുറച്ച് പണമുണ്ടാക്കുന്നതിനു വേണ്ടി, ഗാര്‍ഹിക ഇന്ധനമായി ഉപയോഗിക്കാന്‍ കഴിയുന്ന കല്‍ക്കരി മാലിന്യങ്ങള്‍ അവര്‍ ഈ മാലിന്യ കൂമ്പാരത്തിൽ തപ്പുന്നു. അവരെപ്പോലുള്ള പാവപ്പെട്ടവര്‍ ഉപയോഗിക്കുന്നില്ലെങ്കില്‍ അവിടെയുള്ള കല്‍ക്കരി ഉപയോഗിക്കാതെ പോവുകയേയുള്ളൂ. അവരുടെ തൊഴില്‍ ദേശത്തിന്‍റെ ഊര്‍ജ്ജം സംരക്ഷിക്കുന്നു. പക്ഷെ നിയമപ്രകാരം ഇത് കുറ്റകരമാണ്.

PHOTO • P. Sainath
PHOTO • P. Sainath

ഓടുകള്‍ നിര്‍മ്മിക്കുന്ന ഈ സ്ത്രീ (താഴെ വലത്) ഛത്തീസ്‌ഗഢിലെ സര്‍ജൂഗയിലാണ്  ജീവിക്കുന്നത്. തിരിച്ചടയ്ക്കാന്‍ കഴിയാത്ത ഒരു വായ്പ എടുത്തതിനെത്തുടര്‍ന്ന് അവരുടെ കുടുംബത്തിന് അക്ഷരാര്‍ത്ഥത്തില്‍ വീടിന്‍റെ മേല്‍ക്കൂര നഷ്ടപ്പെട്ടു. വീടിനു മുകളിലുള്ള ഓടുകള്‍ മാത്രമായിരുന്നു വായ്പ തവണ തിരിച്ചടയ്ക്കാനുള്ള പണം കണ്ടെത്താൻ അവര്‍ക്ക് വില്‍ക്കാനുണ്ടായിരുന്നത്. അങ്ങനെ അവരത് ചെയ്തു. പഴയത് നീക്കം ചെയ്യാനായി അവര്‍ ഇപ്പോള്‍ പുതിയ ഓടുകള്‍ ഉണ്ടാക്കുന്നു.

തമിഴ്‌നാട്ടിലെ പുതുക്കോട്ടയില്‍ നിന്നുള്ള കല്ല്‌ പൊട്ടിക്കുന്ന സ്ത്രീ (താഴെ ഇടത്) ഒരപൂര്‍വ കാഴ്ചയാണ്. ഒരിക്കല്‍ ബന്ധിത തൊഴിലാളികളായി അവിടെ പണിയെടുത്തിരുന്ന നാലായിരത്തോളം വരുന്ന വളരെ പാവപ്പെട്ട സ്ത്രീകള്‍ ക്വാറികൾ നിയന്ത്രിക്കാനായി 1991-ല്‍  മുന്നോട്ടു വന്നു. ആ സമയത്തെ പ്രാദേശിക ഭരണകൂടത്തിന്‍റെ വിപ്ലവകരമായ നീക്കങ്ങള്‍ അത് സാദ്ധ്യമാക്കി. പുതുതായി സാക്ഷരരായ സ്ത്രീകളുടെ സംഘടിത പ്രവര്‍ത്തനം അത് യാഥാര്‍ത്ഥ്യമാക്കി. ക്വാറിയില്‍ പണിയെടുത്തിരുന്ന സ്ത്രീകളുടെ കുടുംബങ്ങളുടെ അവസ്ഥ ശ്രദ്ധേയമാംവിധം മെച്ചപ്പെട്ടു. സര്‍ക്കാരിനും അദ്ധ്വാനശീലരായ ഈ പുതിയ ‘ഉടമകളില്‍’ നിന്നും വലിയ വരുമാനം ലഭിച്ചു. പക്ഷെ കരാറുകാർ ഈയൊരു പ്രക്രിയയെ കിരാതമായി ആക്രമിച്ചു. അവര്‍ പ്രദേശത്ത് മുന്‍പ് നിയമവിരുദ്ധമായ ക്വാറി പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവരായിരുന്നു. വലിയ കോട്ടം സംഭവിച്ചു. എന്നിരിക്കിലും നിരവധി സ്ത്രീകള്‍ മികച്ച ജീവിതത്തിനായുള്ള പോരാട്ടത്തില്‍ ഉറച്ചുനിന്നു.

PHOTO • P. Sainath
PHOTO • P. Sainath

സൂര്യാസ്തമയത്തിന്‍റെ പശ്ചാത്തലത്തില്‍ കാണുന്ന സ്ത്രീകള്‍ (താഴെ) ഗോഡ്ഡായിലെ ഓപണ്‍കാസ്റ്റ് ഖനികളില്‍ മാലിന്യങ്ങള്‍ ഉപേക്ഷിക്കുന്നു. ഒരു ദിവസത്തെ ജോലിയില്‍ നിന്നും പറ്റാവുന്നത്രയും കല്‍ക്കരി മാലിന്യങ്ങള്‍ ശേഖരിച്ചശേഷം, കാലവര്‍ഷ മേഘങ്ങള്‍ പെയ്ത് മണ്ണിലും ചെളിയിലും പെട്ടുപോകുന്നതിന് മുന്‍പ്, അവര്‍ അവിടെനിന്നും പോകുന്നു. ഖനികളിലും ക്വാറികളിലും പണിയെടുക്കുന്ന സ്ത്രീകളുടെ എണ്ണത്തെ സംബന്ധിച്ച ഔദ്യോഗിക കണക്കുകളില്‍ വലിയ കാര്യമൊന്നുമില്ല. എന്തുകൊണ്ടെന്നാൽ നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ഖനികളിലും അവയുടെ പ്രാന്തപ്രദേശങ്ങളിലും അപകടകരമായ ജോലികള്‍ ചെയ്യുന്ന നിരവധി സ്ത്രീ തൊഴിലാളികളെ അവ ഒഴിവാക്കുന്നു - ഇവരെപ്പോലെ മാലിന്യ കൂമ്പാരങ്ങളിൽ നിന്നും നടന്നു നീങ്ങുന്ന സ്ത്രീകളെ. ദിനാന്ത്യത്തില്‍ 10 രൂപ ലഭിക്കുന്ന ഇവര്‍ ഭാഗ്യവതികള്‍ ആയിരിക്കും.

അതേസമയം ഖനികളിലെ സ്ഫോടനം, വിഷ വാതകങ്ങള്‍, പാറപ്പൊടി, വായുവിലൂടെ പടരാവുന്ന മറ്റ് മാലിന്യങ്ങള്‍ എന്നിങ്ങനെയുള്ള ഗുരുതരങ്ങളായ അപകടങ്ങളെ അവര്‍ അഭിമുഖീകരിക്കുന്നു. ചിലപ്പോള്‍, 120 ടണ്‍ ഭാരം വഹിക്കാവുന്ന ഡംപര്‍ ട്രക്കുകള്‍ ഖനികളുടെ ഓരത്തെത്തി ഖനനമേഖലയില്‍ നിന്നെടുത്ത ‘അമിതഭാരം’ അല്ലെങ്കില്‍ മുകളിലെ മണ്ണ് തള്ളിക്കളയുന്നു. ടണ്‍കണക്കിന് ഭാരത്തിനടിയില്‍ അപകടം ഒളിച്ചിരിക്കുമ്പോൾ ആ മണ്ണില്‍നിന്നും കിട്ടുന്ന എന്ത് കല്‍ക്കരി മാലിന്യവും ശേഖരിക്കാനായി ചില പാവങ്ങളായ സ്ത്രീകള്‍ ഓടിയടുക്കുന്നു.

PHOTO • P. Sainath

പരിഭാഷ: റെന്നിമോന്‍ കെ. സി.

پی سائی ناتھ ’پیپلز آرکائیو آف رورل انڈیا‘ کے بانی ایڈیٹر ہیں۔ وہ کئی دہائیوں تک دیہی ہندوستان کے رپورٹر رہے اور Everybody Loves a Good Drought اور The Last Heroes: Foot Soldiers of Indian Freedom کے مصنف ہیں۔

کے ذریعہ دیگر اسٹوریز پی۔ سائی ناتھ
Translator : Rennymon K. C.

Rennymon K. C. is an independent researcher based in Kottayam, Kerala.

کے ذریعہ دیگر اسٹوریز Rennymon K. C.