“കിത്ത്കിത്ത് (ചാടിക്കളി), ലട്ടു (കറക്കം), താസ് ഖേല (ചീട്ടുകളി)“, അഹമ്മദ് ആവർത്തിക്കുന്നു. ഉടനെത്തന്നെ ആ 10 വയസ്സുകാരൻ സ്വയം തിരുത്തി വിശദീകരിക്കുന്നു. “ഞാനല്ല, അല്ലാരഖയാണ് ചാടിക്കളിക്കുന്നത്”.

ഒരുവയസ്സിന്റെ മൂപ്പ് കാണിക്കാനും, കളിയിലെ തന്റെ പ്രാഗത്ഭ്യം തെളിയിക്കാനുമെന്നവണ്ണം, അവൻ കൂട്ടിച്ചേർക്കുന്നു, “എനിക്കീ പെൺകുട്ടികൾ കളിക്കുന്ന കളിയൊന്നും ഇഷ്ടമല്ല. ഞാൻ സ്കൂൾ ഗ്രൌണ്ടിൽ ക്രിക്കറ്റ് കളിക്കുകയാണ് ചെയ്യാറ്. സ്കൂൾ ഇപ്പോൾ അടച്ചുവെങ്കിലും ഞങ്ങൾ മതിലിൽ വലിഞ്ഞുകയറി ഗ്രൌണ്ടിലെത്തും”.

ബന്ധത്തിലുള്ള ഈ സഹോദരന്മാർ ആശ്രം‌പാഡ പ്രദേശത്തെ ബാണിപീഠ് പ്രൈമറി സ്കൂളിലാണ് പഠിക്കുന്നത്, അല്ലാരഖ 3-ലും അഹമ്മദ് 4-ലും.

2021 ഡിസംബറിന്റെ ആദ്യഭാഗമായിരുന്നു അത്. ഉപജീവനത്തിനായി ബീഡി ചുരുട്ടുന്ന സ്ത്രീകളെ കാണാൻ പശ്ചിമബംഗാളിലെ ബെൽ‌ഡംഗ -1 ബ്ലോക്കിലേക്ക് യാത്ര പോയതായിരുന്നു ഞങ്ങൾ.

ഒരു ഒറ്റപ്പെട്ട മാവിന്റെ സമീപത്ത് ഞങ്ങൾ നിർത്തി. ഒരു പഴയ ശ്മശാനത്തിലൂടെ പോവുന്ന ഇടുങ്ങിയ റോഡിന്റെ അരികിലാണ് അത് നിന്നിരുന്നത്. അകലെ കടുകുപാടങ്ങൾ കാണാം. ശാന്തവും നിശ്ശബ്ദവുമായ ഒരുലോകം. മരിച്ചുപോയവർ നിതാന്തനിദ്രയിൽ വിശ്രമിക്കുന്നു. ആ ഒറ്റപ്പെട്ട മാവ്, തലയെടുപ്പോടെ, മൌനമായി കാവൽ നിൽക്കുന്നു. വസന്തത്തിൽ വീണ്ടും മാങ്ങകൾ ഉണ്ടാകുമ്പോഴേ പക്ഷികൾ ഇനി ആ മരത്തിൽ കൂടുകൂട്ടൂ.

പെട്ടെന്ന്, ആ നിശ്ശബ്ദതയെ ഭഞ്ജിച്ചുകൊണ്ട് ആ‍രോ ഓടിവരുന്ന ശബ്ദം കേട്ടു. അഹമ്മദും അല്ലാരഖയും കണ്മുന്നിലെത്തി. അവർ ചാടുകയും മറിയുകയുമൊക്കെ ചെയ്യുന്നുണ്ടായിരുന്നു. അവർ ഞങ്ങളുടെ സാന്നിദ്ധ്യം അറിഞ്ഞില്ലെന്ന് തോന്നി.

Ahmad (left) and Allarakha (right) are cousins and students at the Banipith Primary School in Ashrampara
PHOTO • Smita Khator
Ahmad (left) and Allarakha (right) are cousins and students at the Banipith Primary School in Ashrampara
PHOTO • Smita Khator

അഹമ്മദും (ഇടത്ത്) അല്ലാരഖയും (വലത്ത്) ബന്ധുക്കളാണ്. ആശ്രം‌പാഡയിലെ ബാണിപീഠ് പ്രൈമറി സ്കൂളിൽ പഠിക്കുന്നു

Climbing up this mango tree is a favourite game and they come here every day
PHOTO • Smita Khator

ഈ മാവിൽ കയറുന്നത് അവരുടെ ഇഷ്ടവിനോദമാണ്. എല്ലാ ദിവസവും അവരിവിടെ വരുന്നു

ആ മാവിന്റെയടുത്തെത്തിയ ഉടൻ, അവർ അതിനോട് ചേർന്നുനിന്ന് സ്വന്തം ഉയരം അളന്നുനോക്കി. ദിവസവും അവരിത് ചെയ്യാറുണ്ട്. അതിന്റെ തെളിവാണ് മാവിന്റെ തടിയിൽ അവർ വരച്ചിട്ട വരകൾ.

ഞാനവരോട് ചോദിച്ചു, “ഇന്നലത്തേക്കാൾ കൂടുതൽ ഉയരം വെച്ചിട്ടുണ്ടോ?”. അല്പം പ്രായക്കുറവുള്ള അല്ലാരഖ പല്ലില്ലാത്ത ഒരു ചിരി ചിരിച്ച് തിരിച്ചടിക്കുന്നു, “ഇല്ലെങ്കിലെന്താ? ഞങ്ങൾക്ക് നല്ല ശക്തിയുണ്ട്!“. തന്റെ നഷ്ടപ്പെട്ട പല്ല് ചൂണ്ടിക്കാണിച്ച് അവൻ അത് സ്ഥിരീകരിക്കുന്നു, “നോക്കൂ, എന്റെ പാൽ‌പ്പല്ല് എലി കൊണ്ടുപോയി. ഇനി അഹമ്മദിനെപ്പോലെ എനിക്കും വേഗത്തിൽ ബലമുള്ള പല്ലുണ്ടാവും”.

ഒരൊറ്റ വയസ്സ് മാത്രം മൂപ്പുള്ള അഹമ്മദ് പല്ലുകൾ മുഴുക്കെ കാണിച്ച് കൂട്ടിച്ചേർക്കുന്നു, “എന്റെ പാൽ‌പ്പല്ലുകൾ മുഴുവൻ പോയി. ഇപ്പോൾ ഞാൻ വലിയ കുട്ടി ആയി. അടുത്ത കൊല്ലം വലിയ സ്കൂളിലേക്ക് ഞാൻ പോവും”.

തങ്ങളുടെ ശക്തി കാണിക്കാനെന്ന മട്ടിൽ അവർ അണ്ണാറക്കണ്ണന്മാരെപ്പോലെ മരത്തിൽ വേഗത്തിൽ വലിഞ്ഞുകയറി. കണ്ണുചിമ്മുന്ന വേഗത്തിൽ അവർ മരത്തിന്റെ പകുതി ഉയരത്തിലുള്ള കൊമ്പിന്മേൽ ഇരുന്ന്, തങ്ങളുടെ കൊച്ചുകാലുകൾ താഴത്തിട്ട് ആട്ടിക്കൊണ്ടിരുന്നു.

“ഇത് ഞങ്ങൾക്കിഷ്ടപ്പെട്ട കളിയാണ്”, സന്തോഷം നിറഞ്ഞുതുളുമ്പിയ ഒരു ചിരി ചിരിച്ച് അഹമ്മദ് പറയുന്നു. “ക്ലാസ്സുള്ള സമയത്ത്, സ്കൂൾ സമയം കഴിഞ്ഞ് ഞങ്ങൾ ഇതുപോലെ വന്ന് ഇവിടെയിരിക്കും”, അല്ലാരഖ പൂരിപ്പിച്ചു. ആ ആൺകുട്ടികൾ പ്രൈമറി വിഭാഗത്തിൽ പഠിക്കുന്നവരാണ്. സ്കൂളിലേക്ക് തിരിച്ചുപോയിട്ടില്ലായിരുന്നു. കോവിഡ്-19 തുടങ്ങിയതിൽ‌പ്പിന്നെ വിദ്യാഭ്യാസസ്ഥാപനങ്ങളൊക്കെ 2020 മാർച്ച് 25 മുതൽ ദീർഘകാലത്തേക്ക് അടിച്ചിട്ടിരുന്നു. സ്കൂളുകൾ തുറന്നുവെങ്കിലും, 2021 ഡിസംബറിൽ വലിയ ക്ലാസ്സുകൾ മാത്രമേ പുനരാരംഭിച്ചിരുന്നുള്ളു.

“എന്റെ കൂട്ടുകാരെ കാണാൻ തോന്നുന്നുണ്ട്“, അഹമ്മദ് പറയുന്നു. “ഞങ്ങൾ ഈ മരത്തിൽ കയറി വേനൽക്കാലത്ത് പച്ചമാങ്ങ മോഷ്ടിക്കാറുണ്ടായിരുന്നു”. സ്കൂളുള്ളപ്പോൾ കിട്ടിയിരുന്ന സോയാ പലഹാരവും മുട്ടകളും അവർ കൊതിയോടെ ഓർക്കുന്നു. ഇപ്പോൾ അവരുടെ അമ്മമാർ മാസത്തിലൊരിക്കൽ സ്കൂളിൽ പോയി, ഉച്ചഭക്ഷണത്തിന്റെ പൊതി വാങ്ങിക്കൊണ്ടുവരും. അതിൽ, ചോറ്, ദാൽ, ഉരുളക്കിഴങ്ങ്, ഒരു സോപ്പ് എന്നിവ ഉണ്ടാവാറുണ്ട്.

The boys are collecting mango leaves for their 10 goats
PHOTO • Smita Khator

അവരുടെ 10 ആടുകൾക്കാവശ്യമായ മാവിന്റെയില കുട്ടികൾ ശേഖരിക്കുന്നു

'You grown up people ask too many questions,' says Ahmad as they leave down the path they came
PHOTO • Smita Khator

‘നിങ്ങൾ മുതിർന്നവർ എത്രയെത്ര ചോദ്യങ്ങളാണ് ചോദിക്കുന്നത്’ എന്ന് പറഞ്ഞുകൊണ്ട്, അഹമ്മദ് തന്റെ സഹോദരനോടൊപ്പം വന്ന വഴിതന്നെ മടങ്ങിപ്പോയി

“ഞങ്ങൾ വീട്ടിലിരുന്നാണ് പഠിക്കുന്നത്. അമ്മമാർ ഞങ്ങളെ പഠിപ്പിക്കും. ദിവസത്തിൽ രണ്ട് തവണ ഞങ്ങൾ വായിക്കുകയും എഴുതുകയും ചെയ്യുന്നു”, അഹമ്മദ് പറയുന്നു.

“പക്ഷേ നിന്റെ അമ്മ പറഞ്ഞത് നീ വലിയ വികൃതിയാണ്, ഒന്നും അനുസരിക്കുന്നില്ല എന്നൊക്കെയാണല്ലോ”, ഞാൻ ചോദിച്ചു.

“ഞങ്ങൾ ചെറിയ കുട്ടികളാണെന്ന് അറിയില്ലേ, അമ്മിയ്ക്ക് (അമ്മയ്ക്ക്) മനസ്സിലാവില്ല”, അല്ലാരഖ പറയുന്നു. അവരുടെ അമ്മമാർ രാവിലെമുതൽ അർദ്ധരാത്രിവരെ വീട്ടുപണിയിലും അതിനിടയ്ക്ക്, ഉപജീവനത്തിനായി, ബീഡി ചുരുട്ടലിലും വ്യാപൃതരാണ്. അവരുടെ അച്ഛന്മാർ, ദൂരെയുള്ള സംസ്ഥാനങ്ങളിലേക്ക് കുടിയേറി അവിടെയുള്ള നിർമ്മാണ സൈറ്റുകളിൽ പണിയെടുക്കുന്നു. “അബ്ബ (അച്ഛൻ) വരുമ്പോൾ ഞങ്ങൾ അച്ഛന്റെ മൊബൈലെടുത്ത് ഗെയിംസ് കളിക്കും, അതുകൊണ്ടാണ് അമ്മിക്ക് ഇത്ര ദേഷ്യം”, അല്ലാരഖ പറയുന്നു.

ഫോണിൽ അവർ കളിക്കുന്ന കളികൾ ബഹളവും ഉച്ചത്തിലുള്ളതുമാണ്. “ഫ്രീ ഫയർ. ഫുൾ ഓഫ് ആക്ഷൻ ആൻഡ് ഗൺ ഫൈറ്റിംഗ്” (ആക്ഷനും വെടിവെപ്പും). അമ്മമാർ പ്രതിഷേധിക്കുമ്പോൾ അവർ ഫോൺ കൈയ്യിലെടുത്ത്, ടെറസ്സിലേക്കോ, പുറത്തേക്കോ പോവും.

ഞങ്ങൾ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ, രണ്ടാൺൺകുട്ടികളും കൊമ്പുകൾക്കിടയിലൂടെ നടന്ന് ഇലകൾ ശേഖരിക്കുകയായിരുന്നു. ഒരിലപോലും പാഴാക്കാതെ. അഹമ്മദിൽനിന്നാണ് ഇതിന്റെ ആവശ്യം ഞങ്ങൾക്ക് മനസ്സിലായത്. “ഇത് ഞങ്ങളുടെ ആടുകൾക്കുള്ളതാണ്. ഞങ്ങൾക്ക് 10 ആടുകളുണ്ട്. അവയ്ക്ക് ഈ ഇലകൾ തിന്നാൻ ഇഷ്ടമാണ്. ഞങ്ങളുടെ അമ്മമാരാണ് ഇവയെ മേയാൻ കൊണ്ടുപോവുക”.

ഒട്ടും താമസിക്കാതെ അവർ മരത്തിൽനിന്ന് താഴേക്ക് വഴുതിയിറങ്ങി, നിലത്തേക്ക് ചാടി. ഒരിലപോലും കളയാതെ. “നിങ്ങൾ വലിയ ആളുകൾ എത്രയെത്ര ചോദ്യങ്ങളാണ് ചോദിക്കുന്നത്. ഞങ്ങൾക്ക് പോകാനുള്ള സമയമായി” ഞങ്ങളെ കളിയാക്കിക്കൊണ്ട് അഹമ്മദ് പറയുന്നു. എന്നിട്ടവർ തിരിച്ചുപോകാൻ തുടങ്ങി. ചാടിയും, ഓടിയും, ബഹളം‌വെച്ചും വന്ന വഴിയേ.

പരിഭാഷ: രാജീവ് ചേലനാട്ട്

Smita Khator

اسمِتا کھٹور، پیپلز آرکائیو آف رورل انڈیا (پاری) کے لیے ’ٹرانسلیشنز ایڈیٹر‘ کے طور پر کام کرتی ہیں۔ وہ مترجم (بنگالی) بھی ہیں، اور زبان اور آرکائیو کی دنیا میں طویل عرصے سے سرگرم ہیں۔ وہ بنیادی طور پر مغربی بنگال کے مرشد آباد ضلع سے تعلق رکھتی ہیں اور فی الحال کولکاتا میں رہتی ہیں، اور خواتین اور محنت و مزدوری سے متعلق امور پر لکھتی ہیں۔

کے ذریعہ دیگر اسٹوریز اسمیتا کھٹور
Editor : Priti David

پریتی ڈیوڈ، پاری کی ایگزیکٹو ایڈیٹر ہیں۔ وہ جنگلات، آدیواسیوں اور معاش جیسے موضوعات پر لکھتی ہیں۔ پریتی، پاری کے ’ایجوکیشن‘ والے حصہ کی سربراہ بھی ہیں اور دیہی علاقوں کے مسائل کو کلاس روم اور نصاب تک پہنچانے کے لیے اسکولوں اور کالجوں کے ساتھ مل کر کام کرتی ہیں۔

کے ذریعہ دیگر اسٹوریز Priti David
Translator : Rajeeve Chelanat

Rajeeve Chelanat is based out of Palakkad, Kerala. After spending 25 years of professional life in the Gulf and Iraq, he returned home to work as a proof reader in the daily, Mathrubhumi. Presently, he is working as a Malayalam translator.

کے ذریعہ دیگر اسٹوریز Rajeeve Chelanat