നിങ്ങൾക്ക് വേണമെങ്കിൽ ഞങ്ങളെ വേരോടെ പിഴുതുമാറ്റുകയോ വെള്ളത്തിൽ മുക്കിക്കൊല്ലുകയോ ചെയ്യാനാവുമെന്ന് ഞാനൊരിടത്ത് എഴുതിയിരുന്നു. പക്ഷേ പിന്നെ, നിങ്ങൾക്കായി വെള്ളമൊന്നും ബാക്കിയുണ്ടാവില്ല. നിങ്ങൾക്ക് ഞങ്ങളുടെ ഭൂമിയോ വെള്ളമോ മോഷ്ടിക്കാനായേക്കും, പക്ഷേ അപ്പോഴും ഞങ്ങൾ നിങ്ങളുടെ ഭാവി തലമുറയ്ക്കുവേണ്ടി പൊരുതുകയും മരിക്കുകയും ചെയ്യും. വെള്ളത്തിനും കാടിനും ഭൂമിക്കും വേണ്ടിയുള്ള ഞങ്ങളുടെ പോരാട്ടങ്ങൾ ഞങ്ങളുടേത് മാത്രമല്ല, കാരണം, ഞങ്ങളൊരിക്കലും പ്രകൃതിയിൽനിന്ന് വേറിട്ടവരല്ല. പ്രകൃതിയുമായി ഇഴുകിച്ചേർന്നുകൊണ്ടാണ് ആദിവാസിയുടെ ജീവിതം. അവയിൽനിന്ന് വേറിട്ടവരായി ഞങ്ങൾ ഞങ്ങളെ കാണുന്നില്ല. ദെഹ്‌വാലി ഭിലി ഭാഷയിൽ ഞാൻ എഴുതിയ നിരവധി കവിതകളിൽ , ഞങ്ങളുടെ മൂല്യങ്ങളെ സംരക്ഷിക്കാൻ ശ്രമിച്ചിട്ടുണ്ട്.
ഞങ്ങൾ ആദിവാസി സമൂഹങ്ങളുടെ ലോകവീക്ഷണത്തിന് വരാനിരിക്കുന്ന തലമുറകളുടെ അടിത്തറയാകാനുള്ള കെല്പുണ്ട്. ഒരു കൂട്ട സ്വയംഹത്യയ്ക്ക് നിങ്ങൾ തയ്യാറല്ലാത്തപക്ഷം, ആ ജീവിതത്തിലേക്കും ലോകവീക്ഷണത്തിലേക്കും മടങ്ങുക എന്ന ഒരേയൊരു മാർഗ്ഗം മാത്രമേ നിങ്ങളുടെ മുമ്പിലുള്ളു.
ഞങ്ങളുടെ പാദങ്ങൾക്ക് വിശ്രമിക്കാനുള്ള ഭൂമി
ഹേ
സഹോദരാ,
കല്ല്
പൊടിക്കലും
മണ്ണ്
കത്തിക്കലും
എന്താണെന്ന്
നിനക്ക്
മനസ്സിലാകുമെന്ന് എനിക്ക് തോന്നുന്നില്ല
വീടിനെ
പ്രഭാപൂരമാക്കുന്നതിലും
പ്രപഞ്ചോർജ്ജത്തെ
കടിഞ്ഞാണിടുന്നതിലും
നീ
സന്തോഷം കണ്ടെത്തുന്നു.
ഒരു
നീർത്തുള്ളിയുടെ മരണമെന്നത്
എന്താണെന്ന്
നിനക്ക്
മനസ്സിലാവില്ല
എന്തൊക്കെയായാലും
ഭൂമിയിലെ
ഏറ്റവും
മനോഹരമായ സൃഷ്ടി നീയാണല്ലോ
നിന്റെ
മഹത്ത്വത്തിന്റെ അടയാളമാണ്
ഈ
‘പരീക്ഷണശാല’പോലും.
ഈ പ്രാണികളും,
മരങ്ങളും സസ്യങ്ങളുമായി
നിനക്കെന്ത്
ബന്ധമാണുള്ളത്?
ആകാശത്തൊരു
വീട് വെക്കുന്നതിനെക്കുറിച്ച്
നീ
സ്വപ്നം കാണുന്നു
നീയിനി
ഒരിക്കലും ഭൂമീദേവിയുടെ
പ്രിയപ്പെട്ട
മകനല്ല
നിന്നെ
ഞാൻ ചന്ദ്രമനുഷ്യനെന്ന് വിളിച്ചാൽ
നീയെന്നോട്
കോപിക്കരുതേ സഹോദരാ
അല്ല,
നീ പക്ഷിയുമല്ല
എന്നാലും
ഉയരങ്ങളിൽ പറക്കുന്നത്
നീ
സ്വപ്നം കാണുന്നു,
ശരിതന്നെ,
ഇത്രയധികം
വിദ്യാഭ്യാസമുള്ളപ്പോൾ
ആർക്ക്
നിന്നെ കുറ്റം പറയാനാവും?
നീ
ആരുടേയും വാക്കുകൾക്ക്
വില
കൊടുക്കുന്നില്ല
ശരി,
സഹോദരാ,
ഞങ്ങൾ
അറിവില്ലാത്തവർക്കുവേണ്ടി
ഈയൊരൊറ്റ
കാര്യം മാത്രം ചെയ്യൂ
ഞങ്ങളുടെ
പാദങ്ങൾക്ക് വിശ്രമിക്കാൻ
ദയവായി
അല്പം
ഭൂമി മാത്രം ഒഴിച്ചിടൂ
ഹേ
സഹോദരാ,
കല്ല്
പൊടിക്കലും
മണ്ണ്
കത്തിക്കലും
എന്താണെന്ന്
നിനക്ക്
മനസ്സിലാകുമെന്ന് എനിക്ക് തോന്നുന്നില്ല
വീടിനെ
പ്രഭാപൂരമാക്കുന്നതിലും
പ്രപഞ്ചോർജ്ജത്തെ
കടിഞ്ഞാണിടുന്നതിലും
നീ
സന്തോഷം കണ്ടെത്തുന്നു.
ഒരു
നീർത്തുള്ളിയുടെ മരണമെന്നത്
എന്താണെന്ന്
നിനക്ക്
മനസ്സിലാവില്ല
എന്തൊക്കെയായാലും
ഭൂമിയിലെ
ഏറ്റവും
മനോഹരമായ സൃഷ്ടി നീയാണല്ലോ
പരിഭാഷ: രാജീവ് ചേലനാട്ട്