വസ്തുവകകളില്‍നിന്നും പുറത്താക്കപ്പെട്ട രാമ്പയിലെ കോയ ആദിവാസികള്‍. പശ്ചിമ ഗോദാവരി ജില്ലയില്‍ ഭൂപ്രശ്നം പൊട്ടിപ്പുറപ്പെട്ടിരിക്കുന്നു. ഇവിടെ കിഴക്ക് ഭൂപ്രശ്നം തിളച്ചുമറിയുന്നു.

ഞങ്ങള്‍ ജീപ്പില്‍നിന്നും ഇറങ്ങിയപ്പോള്‍ രാജവൊമ്മാംഗി പോലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍മാര്‍ പരിഭ്രാന്തരായി അവരുടെ സ്ഥാനങ്ങളിലേക്ക് നീങ്ങി. സ്റ്റേഷന്‍തന്നെ പോലീസ് സംരക്ഷണയിലാണ്. പ്രത്യേക സായുധ പോലീസ് അതിനുചുറ്റുമുണ്ട്. ഞങ്ങള്‍ ഒരു ക്യാമറമാത്രം ധരിച്ചിരുന്നത് അവിടുത്തെ പിരിമുരുക്കത്തെ കാര്യമായി കുറച്ചില്ല. കിഴക്കന്‍ ഗോദാവരി പ്രദേശത്തെ ഈ ഭാഗത്ത് പോലീസ് സ്റ്റേഷനുകളുടെ ഫോട്ടൊ എടുക്കുന്നത് നിരോധിച്ചിരിക്കുന്നു.

അകത്തെ ഇടനാഴിയിലെ സുരക്ഷിതത്വത്തിൽ ഞങ്ങൾ ആരായിരുന്നുവെന്ന് കോൺസ്റ്റബിളിന് അറിയണമായിരുന്നു. പത്രക്കാർ? കാര്യങ്ങൾ കുറച്ച് അയഞ്ഞു. "നിങ്ങൾ കുറച്ച് താമസിച്ചല്ലേ പ്രതികരിക്കുന്നത്?" ഞാൻ ചോദിച്ചു. “75 വർഷങ്ങൾക്കു മുൻപാണ് നിങ്ങളുടെ സ്റ്റേഷൻ ആക്രമിക്കപ്പെട്ടത്.”

"ആർക്കറിയാം”, അദ്ദേഹം താത്വികമായി പറഞ്ഞു. “അത് വീണ്ടും ഇന്നുച്ചകഴിഞ്ഞ് സംഭവിക്കാം.”

ആന്ധ്രാപ്രദേശിലെ ഈ ആദിവാസി പ്രദേശം അറിയപ്പെടുന്നത് ‘ഏജൻസി’  പ്രദേശം എന്നാണ്. ഓഗസ്റ്റ് 1922-ന് അവർ കലാപവുമായി ഇറങ്ങി. പ്രാദേശികതലത്തിൽ രൂപപ്പെട്ട രോഷപ്രകടനത്തിന് വലിയ രാഷ്ട്രീയാർത്ഥം കൈവരുകയായിരുന്നു. ആദിവാസിയല്ലാത്ത അല്ലുരി രാമചന്ദ്ര രാജു (സീതാരാമ രാജു എന്നറിയപ്പെടുന്നു) മലഗോത്ര വിഭാഗങ്ങളെ മന്യം കലാപത്തിലേക്ക് നയിച്ചു. പ്രാദേശിക തലത്തിൽ ഈ പേരിലാണ് ഇതറിയപ്പെടുന്നത്. ആളുകൾ ഇവിടെ വെറുതെ പരാതിക്കുള്ള പരിഹാരം തേടുകയായിരുന്നില്ല. 1922-ഓടെ അവർ ബ്രിട്ടീഷ് ഭരണത്തെത്തന്നെ നീക്കാൻ പൊരുതുകയായിരുന്നു. കലാപകാരികൾ രാജവൊമ്മാംഗി ഉൾപ്പെടെയുള്ള നിരവധി പോലീസ് സ്റ്റേഷനുകൾ ആക്രമിച്ചുകൊണ്ട് അവരുടെ ലക്ഷ്യങ്ങൾ പ്രഖ്യാപിച്ചു.

ഈ പ്രദേശത്തെ നിരവധി പ്രശ്നങ്ങൾ 75 വർഷങ്ങൾക്കു മുൻപ് ബ്രിട്ടീഷുകാരോട് പൊരുതിയപ്പോഴുണ്ടായിരുന്ന അതേപോലെതന്നെ ഇപ്പോഴും നിലനിൽക്കുന്നു.

PHOTO • P. Sainath

സീതാരാമ രാജുവിന്‍റെ കിഴക്കൻ ഗോദാവരിയിലുള്ള പ്രതിമ

രാജുവിന്‍റെ സേന പൂര്‍ണ്ണ ഗറില്ല യുദ്ധത്തില്‍ ബ്രിട്ടീഷുകാരെ പരാജയപ്പെടുത്തി. പ്രശ്നം കൈകാര്യം ചെയ്യാനാവാതെ ബ്രിട്ടീഷുകാർ കലാപം അടിച്ചമർത്താൻ മലബാർ സ്പെഷ്യൽ ഫോഴ്സിനെ ഇറക്കി. വനത്തിൽ ഒളിപോരാട്ടം നടത്തുന്നതിനു പരിശീലനം ലഭിച്ച അവർ വയർലെസ്സ് സെറ്റുകളാലും സജ്ജരായിരുന്നു. രാജുവിന്‍റെ മരണത്തോടെ 1924-ൽ ലഹള അവസാനിച്ചു. എങ്കിലും, ചരിത്രകാരനായ എം. വെങ്കടരങ്കയ്യ എഴുതിയതുപോലെ: "നിസ്സഹകരണ പ്രസ്ഥാനത്തേക്കാൾ വലിയ തലവേദനയാണ് ഇതുണ്ടാക്കിയത്.”

ഈ വർഷം നീതാരാമ രാജു ജനിച്ചതിന്‍റെ 100-ാം വാർഷികമാണ്. കൊല്ലപ്പെടുമ്പോൾ 27 വയസ്സായിരുന്നു അദ്ദേഹത്തിന്.

PHOTO • P. Sainath

കൃഷ്ണ ദേവിപേടിലുള്ള സീതാരാമ രാജുവിന്‍റെ സമാധി.

കൊളോണിയല്‍ ഭരണം മലഗോത്രവിഭാഗങ്ങളെ നശിപ്പിച്ചു. 1870-നും 1900 -നും ഇടയിൽ നിരവധി വനങ്ങൾ ബ്രിട്ടീഷ് ഭരണം "സംരക്ഷിത”മായി പ്രഖ്യാപിക്കുകയും പോഡു (ഒരു സ്ഥലം ഉപേക്ഷിച്ച് അടുത്ത സ്ഥലത്തേക്ക് മാറിയുള്ള) കൃഷി നിരോധിക്കുകയും ചെയ്തു. ചെറു വനവിഭവങ്ങൾ (minor forest produce) ശേഖരിക്കാനുള്ള ആദിവാസികളുടെ അവകാശങ്ങളെ ഇത് ഹനിച്ചു. വനംവകുപ്പും അതിന്‍റെ കരാറുകാരും ആ അവകാശം ഏറ്റെടുത്തു. അടുത്തതായി അവർ ആദിവാസികളെ നിർബന്ധിതമായി, പലപ്പോഴും കൂലി നൽകാതെ, പണിയെടുപ്പിച്ചു. പ്രദേശം ആദിവാസികളല്ലാത്തവരുടെ പിടിയിലായി. പലപ്പോഴും ഭൂമി പിടിച്ചെടുക്കുന്നതുൾപ്പെടെയുള്ള ശിക്ഷകളായിരുന്നു ഉണ്ടായിരുന്നത്. ഇത്തരം നീക്കളുടെ ഫലമായി പ്രദേശത്തിന്‍റെ ഉപജീവന സമ്പദ്‌വ്യവസ്ഥ തകർന്നു.

"ഭൂമിയില്ലാത്തവർ ഇന്ന് കടുത്ത പ്രശ്നങ്ങൾ നേരിടുന്നു”, രാമ്പയിൽ നിന്നുള്ള കോയ ആദിവാസിയായ രമയമ്മ പറഞ്ഞു. "50 വർഷം മുമ്പത്തെ കാര്യം എനിക്കറിയില്ല.”

രാജുവിന് ഒരു ഇടത്താവളമായിരുന്നു രാമ്പ. ഏകദേശം 150 വീട്ടുകാരുള്ള ഈ ചെറിയ ഗ്രാമത്തിൽ രമയമ്മയുടേതുൾപ്പെടെ ഏകദേശം 60 വീട്ടുകാർ ഭൂമിയില്ലാത്തവരാണ്.

ഇതെപ്പോഴും അങ്ങനെയായിരുന്നില്ല. "ഏകദേശം 10 രൂപ വായ്പ എടുത്തതിനെത്തുടർന്നാണ് ഞങ്ങളുടെ മാതാപിതാക്കൾക്ക് ഭൂമി നഷ്ടപ്പെട്ടത്”, അവർ പറഞ്ഞു. കൂടാതെ "പുറത്തു നിന്നുള്ളവർ ആദിവാസികളായി നടിച്ചുകൊണ്ട് ഞങ്ങളുടെ ഭൂമി ഏറ്റെടുത്തു.” ഇവിടുത്തെ ഏറ്റവും വലിയ ഭൂവുടമ റെക്കോർഡ്സ് ഓഫീസിൽ ജോലി ചെയ്ത ഒരാളായിരുന്നു. പ്രദേശത്തെ ഭൂമിയുമായി ബന്ധപ്പെട്ട രേഖകൾ കാണാൻ ഇതയാൾക്ക് അവസരം നൽകി. ആളുകൾ വിശ്വസിക്കുന്നത് അതിൽ അയാള്‍ തിരുത്തൽ വരുത്തിയിട്ടുണ്ടെന്നാണ്. നിലവിൽ അയാളുടെ കുടുംബം സീസണിൽ 30 തൊഴിലാളികളെയാണ് വാടകയ്ക്കെടുക്കുന്നത്. ഭൂമിയുടെ അളവ് ഏകദേശം മൂന്നേക്കറോ അതിൽ താഴെയോ ഉള്ള ഒരു ഗ്രാമത്തില്‍ ഇത് ഒരു സാധാരണ കാര്യമല്ല.

പശ്ചിമ ഗോദാവരിയിൽ ഭൂപ്രശ്നം പൊട്ടിപ്പുറപ്പെട്ടിരിക്കുന്നു. കിഴക്ക് തിളച്ചു മറിഞ്ഞുകൊണ്ടിരിക്കുന്നു. ഒരുപാട് ആദിവാസി ഭൂമിയും, "ആദിവാസികളുടെ ഭൂമി സംരക്ഷിക്കേണ്ടതായിരുന്നപ്പോള്‍ത്തന്നെ, സ്വാതന്ത്ര്യത്തിനുശേഷം നഷ്ടപ്പെട്ടിരിക്കുന്നു,”, ഒരു ട്രൈബൽ ഡെവലപ്മെന്‍റ് ഓഫീസർ പറഞ്ഞു. 1959 -നും 1970-നും ഇടയിൽ 30 ശതമാനം ഭൂമി അന്യവത്കരിക്കപ്പെട്ടു. ശ്രദ്ധിക്കേണ്ടകാര്യം "ആന്ധ്രാപ്രദേശ് സംസ്ഥാന ഭൂമി കൈമാറ്റ നിയന്ത്രണ നിയമം, 1959 (Andhra Pradesh State Land Transfer Regulation Act of 1959) പാസ്സാക്കിയത് ഈ പ്രവണതയ്ക്ക് തടസ്സമായില്ല” എന്നതാണ്. റെഗുലേഷൻ 1/70 എന്നറിയപ്പെടുന്ന ഈ നിയമം ഇത് അവസാനിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതു തന്നെയായിരുന്നു. ഇപ്പോൾ ഈ നിയമങ്ങളിൽത്തന്നെ വെള്ളം ചേർക്കാൻ ഉദ്ദേശിച്ചുകൊണ്ടുള്ള നീക്കങ്ങൾ നടക്കുന്നു.

PHOTO • P. Sainath

ഭൂമിയില്ലാത്ത മറ്റൊരു വീട്ടുകാരി, രാമ്പയില്‍ നിന്നുള്ള പി. കൃഷ്ണമ്മ, അവരുടെ ഇപ്പോഴത്തെ ബുദ്ധിമുട്ടുകളെക്കുറിച്ച് പറയുന്നു

അദിവാസികള്‍ക്കും ആദിവാസികളല്ലാത്തവര്‍ക്കും ഇടയിലുള്ള പ്രശ്നം സങ്കീർണ്ണമാണ്. ആദിവാസികളല്ലാത്ത പാവപ്പെട്ടവരും ഇവിടുണ്ട്. പ്രക്ഷുബ്ധമായ അവസ്ഥകളുണ്ടായിട്ടും ഇതുവരെ അവര്‍ ആദിവാസിരോഷത്തിന് പാത്രമായിട്ടില്ല. ചരിത്രത്തിലും ചിലരീതികളിൽ അത് കാണാം. ലഹളകാലഘട്ടത്തിലുള്ള രാജുവിന്‍റെ ചട്ടങ്ങളിൽ നിന്നും മനസ്സിലാകുന്നത് ബ്രിട്ടീഷുകാരുടെയും സർക്കാരിന്‍റെയും സ്ഥാപനങ്ങൾ മാത്രമെ ആക്രമിക്കേണ്ടതുള്ളു എന്നാണ്. രാമ്പയിലെ വിമതർ അവരുടെ യുദ്ധത്തെ ബ്രിട്ടീഷുകാർക്കെതിരായാണ് കണ്ടത്.

നിലവിൽ ആദിവാസികളല്ലാത്ത വിഭാഗങ്ങളിൽ നിന്നും സാമ്പത്തികമായി മെച്ചപ്പെട്ടവർ ആദിവാസികളെയും തങ്ങളിലെത്തന്നെ പാവപ്പെട്ടവരെയും ചൂഷണം ചെയ്യുന്നു. ഉദ്യോഗസ്ഥവൃന്ദത്തിലെ താഴേത്തട്ടിലുള്ളവർ പ്രധാനമായും ആദിവാസിയേതര വിഭാഗത്തിൽ പെടുന്നവരാണ്. റെഗുലേഷൻ 1/70-ല്‍ മറ്റു മാര്‍ഗ്ഗങ്ങളും ഉണ്ട്. "പാട്ടത്തിനെടുക്കുന്നത് ഇവിടെ വ്യാപകമാണ്”, കൊണ്ടാപ്പള്ളി ഗ്രാമത്തിലെ കോയ ആദിവാസി വിഭാഗത്തിൽപ്പെട്ട ഭൂരഹിതനായ പൊട്ടവ് കാംരാജ് പറഞ്ഞു. പാട്ടത്തിനു നൽകിയ ഭൂമി അപൂർവ്വമായേ തിരിച്ച് ഉടമയ്ക്ക് ലഭിക്കുന്നുള്ളൂ. പുറത്തു നിന്നുള്ള ചിലർ ആദിവാസി ഭൂമി ലഭിക്കുന്നതിനായി ആദിവാസി സ്ത്രീയെ രണ്ടാം ഭാര്യയായി സ്വീകരിക്കുകയും ചെയ്യുന്നു. സീതാരാമ രാജുവിന്‍റെ പ്രവർത്തന മേഖല ആയിരുന്നിടത്താണ് കൊണ്ടാപള്ളി സ്ഥിതി ചെയ്യുന്നത്. ഗോത്രങ്ങളെ തകർക്കുന്നതിനും ഗ്രാമത്തെ പാപ്പരാക്കുന്നതിനുമായി ഇവിടെ നിന്നും ബ്രിട്ടീഷുകാർ വിമതരെ ആൻഡമാനിലേക്ക് അയച്ചിരുന്നു.

ഇങ്ങനെ സമുദായങ്ങള്‍ക്കിടയില്‍ വിള്ളല്‍ വീഴുക എന്നതിനർത്ഥം അക്കാലത്തെക്കുറിച്ചുള്ള നേരിട്ടുള്ള ജനകീയ ഓര്‍മ്മകള്‍ തകർക്കപ്പെടുന്നു എന്നാണ്. പക്ഷെ രാജുവിന്‍റെ പേര് ഇപ്പോഴും പറയപ്പെടുന്നു. പ്രശ്നം ഇപ്പോഴും നിലനിൽക്കുന്നു. "ചെറു വനവിഭവങ്ങൾ വലിയൊരു പ്രശ്നമല്ല”, വിസാഗ് ജില്ലയിലെ മാമ്പ ഗ്രാമത്തിലെ കാംരാജു സോമുലു തമാശയായി പറഞ്ഞു. "ചെറിയൊരു വനമാണ് അവശേഷിക്കുന്നത്.” പാവപ്പെട്ടവർക്ക് “എല്ലായ്പ്പോഴും ഭക്ഷണത്തിനായി കഞ്ഞിവെള്ളം മാത്രമുള്ള” സ്ഥലങ്ങളിൽ കൂടുതൽ ബുദ്ധിമുട്ടുണ്ടെന്നാണ് ഇതിനർത്ഥമെന്ന് രമയമ്മ പറഞ്ഞു. കിഴക്കൻ ഗോദാവരി ഇന്ത്യയിലെ സമ്പന്ന ഗ്രാമീണ ജില്ലകളിൽ ഒന്നാണെന്നുള്ളത് ഇവിടെ സഹായകരമായിട്ടില്ല.

പാവപ്പെട്ടവർക്ക് എല്ലായ്പ്പോഴും ഭക്ഷണത്തിനായി കഞ്ഞിവെള്ളം മാത്രമാണുള്ളത് രാമ്പയിൽ നിന്നുള്ള ഭൂരഹിത ആദിവാസിയായ രമയമ്മ പറയുന്നു (ഇടത്) . " സമ്പന്നർ എപ്പോഴും ഒരുമിക്കുന്നു ”, കൊണ്ടാപ്പള്ളി ഗ്രാമത്തിൽ നിന്നുള്ള ഭൂരഹിത ആദിവാസിയായ പോട്ടവ് കാംരാജ് പറയുന്നു (വലത് ).

ആദിവാസികളുടെ ഇടയിൽ വർഗ്ഗങ്ങളും ഉണ്ടാകുന്നു. "സമ്പന്നരായ കോയകൾ അവരുടെ ഭൂമി പുറത്തു നിന്നുള്ള നായിഡുമാർക്കാണ് കൊടുക്കുന്നത്, ഗ്രാമത്തിലുള്ള ഞങ്ങൾക്കല്ല”, കൊണ്ടാപ്പള്ളിയിൽ നിന്നുള്ള പോട്ടവ് കാംരാജ് പറഞ്ഞു. "സമ്പന്നർ എല്ലായ്പോഴും ഒരുമിക്കുന്നു.” കുറച്ച് ആദിവാസികൾക്കേ സർക്കാർ ജോലികൾ ലഭിക്കുന്നുള്ളൂ. ഈ ഭാഗങ്ങളിലുള്ള ഭൂരഹിത തൊഴിലാളികൾക്ക് ഈ വർഷം മാസങ്ങളായി തൊഴിൽ കണ്ടെത്താൻ പറ്റുന്നില്ല.

പടിഞ്ഞാറ് തൊഴിൽ സമരങ്ങൾ പൊട്ടിപ്പുറപ്പെട്ട് കിഴക്കൻ ഗോദാവരിയിലേക്കും നീങ്ങിയിരിക്കുന്നു. കൂടാതെ ആദിവാസികളല്ലാത്ത സമ്പന്നർ ചില ആദിവാസി മുഖ്യന്മാരെ വശത്താക്കിയിരിക്കുന്നു. മാമ്പയിൽ പഞ്ചായത്ത് പ്രസിഡന്‍റായ ഒരു ആദിവാസി ഇപ്പോൾ വലിയൊരു ഭൂവുടമയാണ്. അദ്ദേഹത്തിന്‍റെ കുടുംബത്തിന് ഏകദേശം 100 ഏക്കർ ഭൂമിയുണ്ട്. “അദ്ദേഹം എപ്പോഴും പുറത്തുള്ളവരോടൊപ്പമാണ്”, സോമുലു പറഞ്ഞു.

അല്ലുരി സീതാരാമ രാജുവിനെ അദ്ദേഹത്തിന്‍റെ ജീവിതകാലത്ത് വശത്താക്കാൻ ബ്രിട്ടീഷുകാർക്ക് കഴിഞ്ഞില്ല. 50 ഏക്കർ ഫലപുഷ്ടിയുള്ള ഭൂമി അദ്ദേഹത്തിന് കൊടുക്കാൻ ശ്രമിച്ചത് പരാജയപ്പെട്ടു. വ്യക്തിപരമായി പ്രശ്നങ്ങളൊന്നുമില്ലാത്ത ഒരാൾ എന്തുകൊണ്ടാണ് ആദിവാസികളുടെകൂടെ നിൽക്കുന്നതെന്ന് ബിട്ടീഷുകാർക്ക് മനസ്സിലായില്ല. അദ്ദേഹം "കൽക്കത്തയിലെ ഒരു രഹസ്യ സംഘത്തിലെ അംഗ”മാണെന്നുപോലും ഒരു ബ്രിട്ടീഷ് റിപ്പോർട്ട് പറഞ്ഞു. ബ്രിട്ടീഷുകാരെക്കൂടാതെ, ഉയർന്ന കോൺഗ്രസ്സുകാർ ഉൾപ്പെടെ മറ്റു പ്രദേശങ്ങളിലെ ചില നേതാക്കന്മാരും അദ്ദേഹത്തെ എതിർത്തു. അദ്ദേഹത്തിന്‍റെ കലാപത്തെ അടിച്ചമർത്താൻ 1922-24 കാലഘട്ടത്തിൽ നിരവധിപേർ ആഹ്വാനം ചെയ്തു. മദ്രാസ് ലെജിസ്ലേറ്റീവ് അസ്സംബ്ലിയിൽ സി. ആർ. റെഡ്ഡിയെപ്പോലുള്ളവർ ലഹള അടിച്ചമർത്തുന്നിടം വരെ അതിന്‍റെ കാരണത്തെക്കുറിച്ച് അന്വേഷണം നടത്തുന്നതിനെപ്പോലും എതിർത്തു.

ചരിത്രകാരനായ അത്ലൂരി മുരളി ചൂണ്ടിക്കാണിച്ചതുപോലെ "ദേശീയ” പത്രങ്ങൾപ്പോലും ശത്രുത കാണിച്ചു. തെലുങ്ക് പ്രസിദ്ധീകരണമായ ദി കോൺഗ്രസ്സ് പറഞ്ഞത് കലാപം അടിച്ചമർത്തുകയാണെങ്കിൽ അത് “ചാരിതാർത്ഥ്യജനക”മായിരിക്കും എന്നാണ്. ആന്ധ്രാ പത്രിക യും ലഹളയെ ആക്രമിച്ചു.

PHOTO • P. Sainath

സീതാരാമ രാജുവിന്‍റെ കേടുപാടുകള്‍ സംഭവിച്ച സമാധി

അത്ലൂരി ചൂണ്ടിക്കാണിച്ചതുപോലെ വശത്താക്കിയെടുക്കല്‍ മരണാനന്തരം വരാനിരിക്കുകയായിരുന്നു. കൊല്ലപ്പെട്ടതിനു ശേഷം രാജുവിന് ആന്ധ്രാ പത്രിക "വീരസ്വർഗ്ഗത്തില്‍ പരമാനന്ദം” ആശംസിച്ചു. സത്യാഗ്രഹി അദ്ദേഹത്തെ ജോർജ് വാഷിംഗ്ടണിനോടാണ് ഉപമിച്ചത്. കോൺഗ്രസ്സ് അദ്ദേഹത്തെ രക്തസാക്ഷിയാക്കി പരിവർത്തനപ്പെടുത്തി. അദ്ദേഹത്തിന്‍റെ പരമ്പര്യത്തെ നിലനിര്‍ത്താനുള്ള ശ്രമങ്ങൾ തുടരുന്നു. അദ്ദേഹത്തിന്‍റെ ശതാബ്ദിക്കായി സംസ്ഥാന സർക്കാർ ഈ വർഷം വലിയതുക ചെലവാക്കും - കോണ്‍ഗ്രസ്സിനകത്തെ ചിലർ റെഗുലേഷൻ 1/70-നെ ഭേദഗതി ചെയ്യാൻ നോക്കുന്നുണ്ടെങ്കിലും. ആദിവാസികളെ വീണ്ടും മുറിപ്പെടുത്തുന്ന ഒരു നീക്കമാണ് ഈ ഭേദഗതി.

കൃഷ്ണദേവീപേട്ടിലെ രാജുവിന്‍റെ സമാധിയിലെ പ്രായമുള്ള നോട്ടക്കാരൻ ഗജല പെദ്ദപ്പന് മൂന്നു വർഷങ്ങളായി ശമ്പളം നല്കിയിട്ടില്ല. പ്രദേശത്തെ പൊതു അസംതൃപ്തി ദിവസേന വളരുന്നു. വിസാഗ് - കിഴക്കൻ ഗോദാവരി അതിർത്തിയിൽ ഇടതു തീവ്രവാദ സ്വാധീന മേഖലകൾ ഉയർന്നു വരുന്നു.

"സീതാരാമ രാജു എങ്ങനെയാണ് ആദിവാസികൾക്കുവേണ്ടി പൊരുതിയതെന്ന് ഞങ്ങളുടെ മുത്തച്ഛൻമാർ പറഞ്ഞിട്ടുണ്ട്”, കൊണ്ടാപള്ളിയിൽ നിന്നുള്ള പോട്ടവ് കാംരാജ് പറഞ്ഞു. ഇന്ന് കാംരാജ് തന്‍റെ ഭൂമി തിരിച്ചു പിടിക്കാൻ പൊരുതുമോ? "പൊരുതും. ഞങ്ങൾ ചെയ്യുമ്പോൾ പോലീസ് സഹായിക്കുന്നത് നായിഡുമാരെയും സമ്പന്നരെയുമാണ്. പക്ഷെ, ശക്തിയാർജ്ജിച്ചുകൊണ്ട് ഒരിക്കൽ ഞങ്ങൾ ചെയ്യും.”

PHOTO • P. Sainath

സീതാരാമ രാജുവിന്‍റെ അർദ്ധകായ പ്രതിമ.

പോലീസ് സ്റ്റേഷൻ ആക്രമിക്കപ്പെടുമെന്ന് ഹെഡ് കോൺസ്റ്റബിൾ ഭയന്നിരുന്നത് ഒരുപക്ഷെ ശരിയായിരുന്നിരിക്കാം.

അത് ഇന്ന് ഉച്ച കഴിഞ്ഞുമാവാം.

ഫോട്ടൊ : പി. സായ്നാഥ്


ഈ കഥ യഥാർത്ഥത്തിൽ പ്രസിദ്ധീകരിച്ചത് 1997 ഓഗസ്റ്റ് 26 ന് ‘ദി ടൈംസ് ഓഫ് ഇൻഡ്യ’യിലാണ്

ഈ പരമ്പരയിലെ ബാക്കി കഥകള്‍ ഇവയാണ്:

‘സാലിഹാന്‍’ ബ്രിട്ടീഷ് ഭരണത്തെ നേരിട്ടപ്പോള്‍

പനിമാര: സ്വാതന്ത്ര്യത്തിന്‍റെ കാലാള്‍ പടയാളികള്‍ - 1

പനിമാര: സ്വാതന്ത്ര്യത്തിന്‍റെ കാലാള്‍ പടയാളികള്‍ - 2

ലക്ഷ്മി പാണ്ഡയുടെ അവസാന പോരാട്ടം

അക്രമരാഹിത്യത്തിന്‍റെ ഒന്‍പത് ദശകങ്ങള്‍

ശേർപുർ: വലിയ ത്യാഗം, ചെറിയ ഓർമ്മ

സോനാഖനില്‍ വീര്‍ നാരായണ്‍ രണ്ടുതവണ മരിച്ചപ്പോള്‍

കല്യാശ്ശേരിയില്‍ സുമുഖനെത്തേടി

സ്വാതന്ത്യത്തിന്‍റെ അമ്പതാമാണ്ടിലും കല്യാശ്ശേരി പൊരുതുന്നു


പരിഭാഷ: റെന്നിമോന്‍ കെ. സി.

ಪಿ. ಸಾಯಿನಾಥ್ ಅವರು ಪೀಪಲ್ಸ್ ಆರ್ಕೈವ್ ಆಫ್ ರೂರಲ್ ಇಂಡಿಯಾದ ಸ್ಥಾಪಕ ಸಂಪಾದಕರು. ದಶಕಗಳಿಂದ ಗ್ರಾಮೀಣ ವರದಿಗಾರರಾಗಿರುವ ಅವರು 'ಎವೆರಿಬಡಿ ಲವ್ಸ್ ಎ ಗುಡ್ ಡ್ರಾಟ್' ಮತ್ತು 'ದಿ ಲಾಸ್ಟ್ ಹೀರೋಸ್: ಫೂಟ್ ಸೋಲ್ಜರ್ಸ್ ಆಫ್ ಇಂಡಿಯನ್ ಫ್ರೀಡಂ' ಎನ್ನುವ ಕೃತಿಗಳನ್ನು ರಚಿಸಿದ್ದಾರೆ.

Other stories by P. Sainath
Translator : Rennymon K. C.

Rennymon K. C. is an independent researcher based in Kottayam, Kerala.

Other stories by Rennymon K. C.