“ഇവിടത്തെ ഒരു കടയില്‍നിന്ന് നിങ്ങള്‍ക്ക് എന്തും വാങ്ങാൻ സാധിക്കും. എന്നാല്‍ ഗോത്രവര്‍ങ്ങളുടെ മതചടങ്ങുകൾക്കുപയോഗിക്കുന്ന കളിമണ്‍പാത്രങ്ങള്‍ കോട്ട ഗോത്രത്തിലെ സ്ത്രീകളാല്‍ മാത്രമാണ് നിര്‍മിക്കപ്പെടുന്നത്” മണ്‍പാത്രനിര്‍മ്മാണത്തിന് പ്രശസ്തമായ ആദിവാസി കുഗ്രാമമായയ തിര്‍ച്ചക്കാട് എന്ന് ഗോത്രവര്‍ഗക്കാർ വിളിക്കുന്ന തിരുച്ചിഗഡി ഗ്രാമത്തിലെ കുശവസ്ത്രീയായ 63-കാരി സുഗി രാധാകൃഷ്ണന്‍ പറയുന്നു. കോട്ടക്കാർക്ക് അവരുടെ വാസസ്ഥലങ്ങൾക്ക് അല്പം വ്യത്യസ്തമായ പേരുകളുണ്ട്. തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിലെ കോത്തഗിരി പട്ടണത്തിനടുത്തുള്ള ഉദഗമണ്ഡലം താലൂക്കിലാണ് ഈ കുഗ്രാമം.

കോട്ട ഭാഷയില്‍ ദുപിട്ട് എന്ന് വിളിക്കുന്ന പരമ്പരാഗത ഗോത്രവസ്ത്രമായ മേലങ്കിപോലെ കെട്ടിയ കട്ടിയുള്ള വെള്ള ഷീറ്റും വരാട് എന്ന ഷാളുമാണ് സുഗിയെപ്പോലുള്ള സ്ത്രീകള്‍ വീട്ടിൽ ധരിക്കുന്നത്. കോത്തഗിരിയിലും മറ്റ് പട്ടണങ്ങളിലും ജോലി ചെയ്യുമ്പോള്‍, തങ്ങളുടെ കുഗ്രാമങ്ങളിൽ ധരിക്കുന്ന പരമ്പരാഗതവസ്ത്രങ്ങൾ തിരുച്ചിഗഡിയിലെ സ്ത്രീപുരുഷന്‍മാർ ധരിക്കാറില്ല. സുഗിയുടെ എണ്ണ തേച്ച് മിനുക്കിയ തലമുടി, അവരുടെ ഗോത്രത്തിലെ സ്ത്രീകള്‍ക്ക് മാത്രമുള്ള സവിശേഷമായ ശൈലിയില്‍ തിരശ്ചീനമായി ബൺ രൂപത്തിൽ കെട്ടി തൂങ്ങികിടക്കുന്നു. അവരുടെ വീടിനോട് ചേര്‍ന്നുള്ള ചെറിയ മണ്‍പാത്ര റൂമിലേക്ക് സുഗി ഞങ്ങളെ സ്വാഗതം ചെയ്തു.

“ഒരു പാത്രം എങ്ങനെ നിർമ്മിക്കണമെന്ന ഔപചാരികമായ ‘പഠൻ’മൊന്നു ഇല്ലായിരുന്നു. എന്റെ മുത്തശ്ശിമാർ അവരുടെ കൈകൾ ചലിപ്പിക്കുന്ന രീതി ഞാൻ നിരീക്ഷിച്ചു. സിലിണ്ടർ ആകൃതിയിലുള്ള പാത്രം വൃത്താകൃതിയിൽ രൂപപ്പെടുത്തുന്നതിനായി ഒരു മരപ്പലക ഉപയോഗിച്ച് മണിക്കൂറുകളോളം മിനുസപ്പെടുത്തേണ്ടതുണ്ട്, അതേസമയം അകത്തുനിന്ന് മിനുസമാർന്ന ഉരുണ്ട കല്ലുപയോഗിച്ച് തടവുകയും വേണം. ഇത് പാത്രത്തിന്റെ സുഷിരങ്ങൾ കുറയ്ക്കുന്നു, ആന്തരിക വിള്ളലുകൾ ഉണ്ടാകാതിരിക്കാൻ കല്ലും മരപ്പലകയും യോജിച്ച് ഉപയോഗിക്കണം. അത്തരത്തില്‍ നിര്‍മ്മിച്ചെടുക്കുന്ന പാത്രമുപയോഗിച്ച് ഏറ്റവും രുചികരമായ രീതിയില്‍ അരി പാകം ചെയ്യാനാവും. സാമ്പാര്‍ പാകം ചെയ്യുന്നതിന്, ചെറിയ വായയുള്ള പാത്രങ്ങളാണ് ഞങ്ങള്‍ ഉപയോഗിക്കുന്നത്. ഇത് വളരെ രുചികരമാണ്, നിങ്ങളും ഇത് പരീക്ഷിക്കണം.”

PHOTO • Priti David
PHOTO • Priti David
PHOTO • Priti David

തന്റെ അമ്മൂമമാരുടെ മണ്‍പാത്ര നിര്‍മ്മാണം നിരീക്ഷിച്ചാണ് ഈ കല സായത്തമാക്കിയതെന്ന് തിരുച്ചിഗഡിയിലെ കുശവ സ്ത്രിയായ 63 വയസ്സുള്ള സുഗി രാധാകൃഷ്ണന്‍ പറയുന്നു

ദക്ഷിണ്യന്ത്യയില്‍ നീലഗിരി പര്‍വ്വതപ്രദേശത്ത്, കോട്ട ഗോത്രത്തിലെ സ്ത്രീകള്‍മാത്രമാണ് മണ്‍പാത്ര നിര്‍മ്മാണത്തിലൽ ഏര്‍പ്പെട്ടിരിക്കുന്നത്. അവരുടെ എണ്ണം വളരെ കുറവാണ്. 2011ലെ സെന്‍സസ് പ്രകാരം, 102 കുടുംബങ്ങളിലായി 308 കോട്ടകൾ മാത്രമാണ് ഇപ്പോൾ അവശേഷിക്കുന്നത്. എന്നാല്‍ ഈ കണക്ക് ശരിയല്ലെന്ന എതിര്‍വാദമാണ് കോട്ട ഗോത്രത്തിലെ കാരണവന്‍മാർ പറയുന്നത്. ഇവരുടെ അഭിപ്രായത്തിൽ അത് 3,000-ത്തോളം വരും. (ഇക്കാര്യത്തില്‍ കൃത്യമായ സര്‍വ്വേ നടത്തണമെന്ന് ഇവർ ജില്ലാ കലക്ടറോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്).

ജനവാസകേന്ദ്രങ്ങൾക്ക് സമീപമുള്ള മൈതാനങ്ങളിൽ, ആചാരപരമായ കളിമണ്ണ് വേർതിരിച്ചെടുക്കുന്നതുമുതൽ വാർത്തെടുക്കലും രൂപപ്പെടുത്തലും, ചൂളയില്‍ വെക്കലുംവരെ ചെയ്തിരുന്നത് സ്ത്രീകളായിരുന്നു. പുരുഷന്മാർ സാധാരണയായി മൺപാത്രമുണ്ടാക്കാനുള്ള ചക്രം (ചമതി) രൂപപ്പെടുത്തുന്നതല്ലാതെ മറ്റൊന്നും ചെയ്യാറില്ല. മുൻകാലങ്ങളിൽ സ്ത്രീകൾ മതപരമായ ആവശ്യങ്ങൾക്ക് മാത്രമല്ല, ദിവസേനയുള്ള ഭക്ഷണം, പാചകം, വെള്ളം, ധാന്യങ്ങൾ എന്നിവയുടെ സംഭരണത്തിനും, കളിമൺ എണ്ണവിളക്കുകൾക്കും പൈപ്പുകൾക്കുമായി പാത്രങ്ങൾ ഉണ്ടാക്കിയിരുന്നു. സമതലങ്ങളിൽനിന്ന് സ്റ്റെയിൻലെസ് സ്റ്റീലും പ്ലാസ്റ്റിക്കും വരുന്നതിനുമുമ്പ്, നീലഗിരിമലകളില്‍ കോട്ടകൾ നിർമ്മിച്ച കളിമൺപാത്രങ്ങള്‍മാത്രമാണ് ഉപയോഗിച്ചിരുന്നത്.

മൺപാത്രനിര്‍മ്മാണമേഖല കൂടുതലും പുരുഷകേന്ദ്രീകൃതമായ ഒരു രാജ്യത്ത് ഇത് അസാധാരണമാണ്. കുശവക്കാരായ സ്ത്രീകളെക്കുറിച്ച് രേഖപ്പെടുത്തപ്പെട്ട രേഖകള്‍ വളരെ കുറവാണ്. 1908-ലെ മദ്രാസ് ഡിസ്ട്രിക്ട് ഗസറ്റിയർ, 'നീലഗിരികൾ' എന്ന ഒരു വിഭാഗത്തിൽ, കോട്ടകളെക്കുറിച്ച് പറയുന്നുണ്ട്: "... അവർ ഇപ്പോൾ മറ്റ് മലയോരജനതയുടെ സംഗീതജ്ഞരും കരകൗശല വിദഗ്ധരുമായി പ്രവർത്തിക്കുന്നു, പുരുഷന്മാർ സ്വർണ്ണപ്പണിക്കാർ, തട്ടാൻമാർ, മരപ്പണിക്കാർ, തുകൽത്തൊഴിലാളികൾ, അങ്ങനെ പോകുന്നു. സ്ത്രീകളാകട്ടെ, മൺപാത്ര ചക്രത്തിൽ പാത്രങ്ങൾ ഉണ്ടാക്കുന്നു.”

"ഞങ്ങളുടെ സ്ത്രീകൾക്ക് മാത്രമേ പാത്രങ്ങൾ നിർമ്മിക്കാൻ കഴിയൂ," പുഡ്ഡു കോത്തഗിരിയിലെ കോട്ട കുഗ്രാമത്തിലേക്ക് മടങ്ങിയ റിട്ടയേർഡ് ബാങ്ക് ഓഫ് ഇന്ത്യ മാനേജർ, 65 വയസ്സുള്ള ഗോത്രമൂപ്പൻ മംഗളി ഷൺമുഖം സ്ഥിരീകരിക്കുന്നു. "നമ്മുടെ ഗ്രാമത്തിൽ കുശവനില്ലെങ്കിൽ, ഞങ്ങളെ സഹായിക്കാൻ മറ്റൊരു ഗ്രാമത്തിൽനിന്ന് ഒരു സ്ത്രീയെ വിളിക്കണം."

മതവും മൺപാത്രങ്ങളും കോട്ട സംസ്കാരത്തില്‍ ഇഴചേർന്നിരിക്കുകയാണ്. കോട്ടകളുടെ ദേവതയായ കാംത്രായയ്ക്കും അദ്ദേഹത്തിന്റെ ഭാര്യ അയന്നൂരിനുമായി സമർപ്പിക്കുന്ന 50 ദിവസത്തെ വാർഷികോത്സവത്തോടെയാണ് കളിമണ്ണ് വേർതിരിച്ചെടുക്കൽ ആരംഭിക്കുന്നത്. കഴിഞ്ഞ വർഷത്തെ ഉത്സവത്തിനിടെ സുഗി നൂറോളം മണ്‍കലങ്ങൾ ഉണ്ടാക്കി. "ഡിസംബർ/ജനുവരി മാസങ്ങളിൽ അമാവാസിക്ക് ശേഷമുള്ള ആദ്യ തിങ്കളാഴ്ചയാണ് (ചന്ദ്രനില്ലാത്ത രാത്രി) ഇതാരംഭിക്കുന്നത്," അവൾ പറയുന്നു. “പ്രധാന പുരോഹിതനും ഭാര്യയും കളിമണ്ണിനായി വിശുദ്ധസ്ഥലത്തേക്ക് ഘോഷയാത്ര നയിക്കുന്നു. സംഗീതജ്ഞർ ' മണ്ണ്എട്കൊട്' [കളിമണ്ണ് എടുക്കുക' ] എന്നൊരു പ്രത്യേക രാഗം ചൊല്ലുന്നു. കൊല്ലെ [പുല്ലാങ്കുഴൽ], ടപ്പിറ്റ്, ദൊബ്ബാർ [ഡ്രംസ്], കൊബ്ബ് [കൊമ്പുവാദ്യം)] എന്നിവയാണ് സംഗീതത്തില്‍ ഉപയോഗിക്കുന്നത്. ആദ്യം കറുപ്പ് മണ്ണ് [കറുത്ത കളിമണ്ണ്] പിന്നീട് അവാർമാൻ [ചാര കളിമണ്ണ്] എന്നിവ വേർതിരിച്ചെടുക്കുന്നു. കോട്ട ഗോത്രത്തിന് പുറത്തുനിന്നുള്ളവരെ ഇതിനനുവദിക്കില്ല. അടുത്ത നാലുമാസങ്ങൾ ഇവർ പാത്രങ്ങളുണ്ടാക്കുന്നതിനാണ് ചെലവഴിക്കുന്നത് – തണുപ്പുകാലത്തെ സൂര്യനും കാറ്റും പാത്രങ്ങൾ വേഗത്തിൽ ഉണങ്ങാൻ സഹായിക്കുന്നു.

PHOTO • Priti David
PHOTO • Priti David

ശീതകാലത്ത്,  സ്ത്രീകള്‍ നൂറുകണക്കിന് കലങ്ങൾ നിര്‍മ്മിക്കുന്നു – അവർ മണ്ണ് കുഴച്ച്, മൂശയുണ്ടാക്കി, ആകൃതിയാക്കി, തീയില്‍ വെക്കുന്നു. അതേസമയം. പുരുഷന്‍മാർ ചക്രങ്ങൾ രൂപപ്പെടുത്തുന്നതല്ലാതെ മറ്റൊന്നും ചെയ്യുന്നില്ല

കാലം മാറിയിട്ടും, ഇത്തരം ആത്മീയകണ്ണികളാണ് കോട്ട അധിവാസകേന്ദ്രങ്ങളിൽ മൺപാത്രനിർമാണത്തെ സജീവമായി നിലനിർത്തുന്നത്. “ഇന്ന്, ഞങ്ങളുടെ സമുദായത്തിലെ കൊച്ചുകുട്ടികൾക്ക് ഇംഗ്ലീഷ് മീഡിയം സ്കൂളുകളിൽ ചേരാൻ വളരെ ദൂരം സഞ്ചരിക്കേണ്ടി വരുന്നു. ഇത്തരം പാരമ്പര്യ മണ്‍പാത്രനിര്‍മ്മാണപ്രവര്‍ത്തനങ്ങൾ കാണാനോ പഠിക്കാനോ അവർക്ക് എവിടെ സമയം? എന്നിരുന്നാലും, വർഷത്തിലൊരിക്കൽ ഉത്സവത്തിന് ഗ്രാമത്തിലെ എല്ലാ സ്ത്രീകളും ഒരുമിച്ചിരുന്ന് അത് ചെയ്യണം” സുഗി പറയുന്നു. പെൺകുട്ടികൾക്ക് കരകൗശലവിദ്യ പഠിക്കാനുള്ള സമയംകൂടിയാണ് വര്‍ഷത്തിലൊരിക്കൽ നടക്കുന്ന ഗ്രാമത്തിലെ ഈ ഉത്സവം.

കോട്ടഗരിയിൽ പ്രവർത്തിക്കുന്ന ഏതാനും സന്നദ്ധസംഘടനകൾ കോട്ട കളിമൺപാത്രനിര്‍മ്മാണം പുനരുജ്ജീവിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങൾ നടത്തുന്നുണ്ട്. 2016-2017 കാലയളവിൽ നീലഗിരി ആദിവാസി വെൽഫെയർ അസോസിയേഷന്‍, കോട്ട സ്ത്രീകൾ നിർമ്മിച്ച ഏകദേശം 40,000 രൂപ വിലമതിക്കുന്ന കരകൗശല ഉത്പന്നങ്ങള്‍ വില്‍പ്പന നടത്തി.  ഇവിടെയുള്ള ഏഴ് കോട്ട അധിവാസകേന്ദ്രങ്ങളിൽ ഓരോന്നിനും ഓരോ കളിമണ്ണ് കുഴയ്ക്കുന്ന യന്ത്രം സർക്കാർ അനുവദിച്ചാൽ ഇവിടത്തെ നിര്‍മ്മാണവും വില്‍പ്പനയും മെച്ചപ്പെടുത്താനാവുമെന്ന് അസോസിയേഷന്‍ വിശ്വസിക്കുന്നു. ദൃഢമായി ഒതുക്കിയ കളിമണ്ണ് കൈകാര്യം ചെയ്യാൻ ഇത്തരം മണ്ണ് കുഴക്കല്‍ യന്ത്രമുപയോഗിച്ച് എളുപ്പത്തില്‍ ചെയ്യാൻ സാധിക്കുമെന്ന് സുഗി പറയുന്നു. “പക്ഷേ, ഞങ്ങൾക്ക് ഡിസംബർമുതൽ മാർച്ച് വരെ മാത്രമേ പ്രവർത്തിക്കാൻ കഴിയൂ. കളിമണ്ണ് വർഷം മുഴുവനും നന്നായി ഉണങ്ങില്ല. ഒരു യന്ത്രത്തിന് അത് മാറ്റാൻ കഴിയില്ല”, സുഗി കൂട്ടിച്ചേര്‍ത്തു.

കോട്ട മൺപാത്രങ്ങൾ പുനരുജ്ജീവിപ്പിക്കുക എന്നത് അത്ര എളുപ്പമല്ലെന്നാണ്, ആദിവാസികൾക്കൊപ്പം പരിസ്ഥിതി വികസനമേഖലയില്‍ പ്രവർത്തിക്കുന്ന കോത്തഗിരിയിലെ കീസ്റ്റോൺ ഫൗണ്ടേഷൻ ഡയറക്ടർ സ്നേഹലത നാഥ് പറയുന്നത്. “അവരുടെ കരകൗശവിദ്യ മുന്നോട്ട് കൊണ്ടുപോകുന്നതിൽ ഞങ്ങൾ സമൂഹത്തിൽനിന്ന് കൂടുതൽ പിന്തുണ പ്രതീക്ഷിച്ചിരുന്നു. എന്നിരുന്നാലും, ആചാരപരമായ ആവശ്യങ്ങൾക്കായി ഇത് തുടരണമെന്ന് സ്ത്രീകൾ ആഗ്രഹിക്കുന്നു. യുവതലമുറയിലെ സ്ത്രീകളോടൊപ്പം ഈ കരകൗശലത്തെ പുനരുജ്ജീവിപ്പിക്കുന്നത് നല്ലതാണെന്ന് ഞാൻ കരുതുന്നു. ഞങ്ങൾ ശ്രമിച്ചതുപോലെ ഈ പാത്രങ്ങൾക്ക് തിളക്കം നൽകി അവയെ ആധുനികവത്കരിക്കാനും ഉപയോഗപ്രദമായ ഉത്പന്നങ്ങളാക്കി മാറ്റാനും കഴിയും”.

കീസ്റ്റോണ്‍ ഫൗണ്ടേഷൻവഴി, ഒരു കളിമണ്‍പാത്രം 100 മുതൽ 250 രൂപയ്ക്കുവരെ വിൽക്കാനാവുന്നുണ്ടെന്ന് ഭർത്താവിനും മകനും കുടുംബത്തിനുമൊപ്പം താമസിക്കുന്ന സുഗി പറയുന്നു. കീസ്റ്റോൺ ഫൗണ്ടേഷനും ട്രൈഫെഡ് (ട്രൈബൽ കോഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഡെവലപ്‌മെന്റ് ഫെഡറേഷൻ ഓഫ് ഇന്ത്യ) പോലുള്ള സ്ഥാപനങ്ങളുമാണ് കോട്ടകള്‍ നിര്‍മ്മിക്കുന്ന പാത്രങ്ങൾ വിപണനം ചെയ്യുന്നത്.  കുറച്ചുകാലം മുമ്പ് സുഗി, സഹായികളായ മറ്റ് മൂന്ന് സ്ത്രീകൾക്കൊപ്പം ചേര്‍ന്ന്, 200 പാത്രങ്ങൾ നിര്‍മ്മിച്ച് വില്പന നടത്തി സമ്പാദ്യം പങ്കിട്ടു. എന്നാൽ സുഗിയുടെ കുടുംബത്തിന്റെയും കുഗ്രാമത്തിലെ മറ്റുള്ളവരുടെയും വരുമാനത്തിന്റെ ഭൂരിഭാഗവും വരുന്നത് കൃഷിയിൽനിന്നും കോത്തഗിരിയിലും മറ്റ് പട്ടണങ്ങളിലും അവർ ചെയ്യുന്ന ഇതര ജോലികളിൽനിന്നുമാണ്.

ആത്മീയമായി വേരൂന്നിയ ഒരു കരകൗശലത്തെ, കോട്ട ഗോത്രസമൂഹത്തിന്റെ സാമ്പത്തികനേട്ടത്തിനായി വാണിജ്യവത്കരിക്കണോ, അഥവാ 'ആധുനികവത്കരിക്കണോ' എന്ന ചോദ്യം സങ്കീർണ്ണമാണ്, തീർച്ചയായും. "ഇതൊരിക്കലും ഒരു ബിസിനസ് ആയിരുന്നില്ല," ഷൺമുഖം പറയുന്നു. “എന്നാൽ [മറ്റൊരു ഗോത്രത്തിൽനിന്നുള്ള] ആരെങ്കിലും ഒരു പാത്രം ആവശ്യപ്പെട്ടാൽ, ഞങ്ങൾ അവർക്കായി അതുണ്ടാക്കി, പകരം അവരിൽനിന്ന് ധാന്യം വാങ്ങും. വാങ്ങുന്നവന്റെയും വിൽക്കുന്നവന്റെയും ആവശ്യങ്ങൾക്കനുസരിച്ച് കൈമാറ്റവില വ്യത്യാസപ്പെടുന്നു.

PHOTO • Priti David
PHOTO • Priti David

പാത്രങ്ങൾ നിർമ്മിക്കുന്നതിന്റെ ആചാരപരമായ പ്രാധാന്യത്തെക്കുറിച്ച് മാത്രമല്ല മൺപാത്രത്തിന്റെ സാമ്പത്തികമൂല്യത്തെക്കുറിച്ചും ഊന്നിപ്പറയുകയാണ് സമുദായത്തിലെ മുതിര്‍ന്നവരായ മംഗാളി ഷണ്‍മുഖവും (ഇടത്), രാജു ലക്ഷ്മണയും (വലത്)

സുഗിയെ സംബന്ധിച്ചിടത്തോളം, മണ്‍പാത്രനിര്‍മ്മാണത്തിന്റെ ആചാരപരമായ പ്രാധാന്യം പരമമാണ്. അതേസമയം, അതിൽനിന്നുള്ള അധികവരുമാനം പ്രയോജനകരവുമാണ്. ഷൺമുഖം പറയുന്നതുപോലെ, “ആചാരവശം വിലമതിക്കാനാവാത്തതാണ്. മറ്റൊരു വശം അതിന്റെ ലളിതമായ സാമ്പത്തിക ശാസ്ത്രവുമാണ്. മൺപാത്ര ഉത്പന്നങ്ങളുടെ വിൽപ്പനയിൽനിന്ന് എല്ലാമാസവും ഗണ്യമായ തുക അവർക്ക് ലഭിക്കുകയാണെങ്കിൽ, അധികവരുമാനം ഉണ്ടാക്കുന്നതിൽ ഞങ്ങളുടെ സ്ത്രീകൾ സന്തോഷിക്കും. ഇന്ന്, ഏത് അധികവരുമാനവും ആവശ്യമാണ്."

സമൂഹത്തിലെ മറ്റ് അംഗങ്ങളും ഇക്കാര്യം സമ്മതിക്കുന്നു. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ഡെപ്യൂട്ടി മാനേജരായി 28 വർഷം ജോലി ചെയ്തിരുന്ന പൂജാരി രാജു ലക്ഷ്മണ, തന്റെ ആത്മീയമായനിയോഗമായാണ് പുഡു കോത്തഗിരിയിലേക്കുള്ള  മടക്കത്തെ കാണുന്നത്. “വാണിജ്യമായാലും അല്ലെങ്കിലും, ഞങ്ങൾക്ക് വിഷമമില്ല. ആരുടെയും പിന്തുണയില്ലാതെ കോട്ടയിലെ ആദിവാസികൾ എപ്പോഴും തങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റിയിട്ടുണ്ട്. നമ്മുടെ ആചാരങ്ങൾക്ക് മൺപാത്രങ്ങൾ ആവശ്യമാണ്, അതിനായി ഞങ്ങൾ അവ നിർമ്മിക്കുന്നത് തുടരും. മറ്റൊന്നും പ്രധാനമല്ല”, രാജു ലക്ഷ്മണ പറഞ്ഞുനിര്‍ത്തി.

വിവർത്തനത്തിന് സഹായിച്ച , കീസ്റ്റോൺ ഫൗണ്ടേഷനിലെ എൻ.സെൽവി , പരമനാഥൻ അരവിന്ദ് , NAWA യിലെ ബി.കെ. പുഷ്പകുമാർ എന്നിവര്‍ക്ക് നന്ദി.

പരിഭാഷ: സിദ്ധിഖ് കാപ്പൻ

Priti David

Priti David is the Executive Editor of PARI. She writes on forests, Adivasis and livelihoods. Priti also leads the Education section of PARI and works with schools and colleges to bring rural issues into the classroom and curriculum.

Other stories by Priti David
Translator : Sidhique Kappan

Sidhique Kappan is a Delhi based Keralaite journalist. He writes on Adivasis, Dalits and women issues. He is a regular contributor to Encyclopedia and Wikipedia.

Other stories by Sidhique Kappan