ജൂൺ മാസത്തെയും അതിനുപിന്നാലെയെത്തുന്ന മഴക്കാലത്തെയും ഭയത്തോടെയാണ് സുനന്ദ സൂപ്പെ എന്ന കർഷക നോക്കിക്കാണുന്നത്. ആ സമയത്താണ് ഭീമൻ ആഫ്രിക്കൻ ഒച്ചുകൾ (മോത്ത് ഗോഗാ‍ൽഗായ് എന്നാണ് പ്രാദേശികനാമം) വന്ന് ദാരൿ‌വാഡിയിലെ അവരുടെ ഒരേക്കർ പാടത്തെ നശിപ്പിക്കുക.

“ഞങ്ങൾ നടുന്ന എല്ലാം, അതിനി സോയാബീനോ, നിലക്കടലയോ, മറ്റ് പയർവർഗ്ഗങ്ങളായാലോ എന്തായാലും അതൊക്കെ അവ തിന്നുനശിപ്പിക്കും. മാങ്ങ, സപ്പോട്ട, പപ്പായ, പേരയ്ക്ക എന്നീ പഴവർഗ്ഗങ്ങളും സുരക്ഷിതമല്ല, ആയിരക്കണക്കിന് ഒച്ചുകളെയാണ് ആ സമയത്ത് കാണാനാവുക“, 42 വയസ്സുള്ള ആ കർഷക പറയുന്നു.

മഹാരാഷ്ട്രയിൽ പട്ടികഗോത്രക്കാരായി അടയാളപ്പെടുത്തിയ മഹാദേവ് കോലി സമുദായക്കാരിയാണ് അവർ. അമ്മയുടേയും സഹോദരന്റേയും കൂടെ ചാസ്കാമാൻ അണക്കെട്ടിനടുത്താണ് അവരുടെ താമസം. ഡാമിന്റെ ഇരുഭാഗത്തുമായിട്ടാണ് അവരുടെ വീടും കൃഷിയിടവും സ്ഥിതി ചെയ്യുന്നത്. ഒരു വഞ്ചിയിലാണ് അവർ അക്കരെയിക്കരെ യാത്ര ചെയ്യുന്നത്. ഒരുഭാഗത്തേക്ക് പോകാൻ അരമണിക്കൂർ വേണം.

ഇന്ത്യയിൽ കാണുന്ന ഭീമൻ ആഫ്രിക്കൻ ഒച്ചുകൾ പരക്കെ വ്യാപിക്കുന്ന ഒരിനമാണെന്ന് ഗ്ലോബൽ ഇൻ‌വേസീവ് സ്പീഷീസ് ഡേറ്റാബേസ് സൂചിപ്പിക്കുന്നു. വിവിധ വിളകളെയാണ് അവ ഭക്ഷിച്ചുതീർക്കുക. മഴക്കാലത്ത് ജൂൺ മുതൽ സെപ്റ്റംബർവരെയുള്ള കാലത്ത് അവർ തിവായ് മലയുടെ താഴ്വാരത്തിലെ പാടങ്ങളെ ആക്രമിക്കുന്നു. ചിലപ്പോൾ കുറച്ച് മാസങ്ങൾകൂടി അവ ആ ഭാഗത്ത് തങ്ങാറുണ്ട്. കഴിഞ്ഞ മൂന്ന് വർഷമായി ഈ പ്രശ്നം അനുഭവിക്കുകയാണെന്ന്, 2022-ന്റെ അവസാനം കണ്ടപ്പോൾ സുനന്ദ ഞങ്ങളോട് പറഞ്ഞു.

Sunanda Soope (left), a farmer in Darakwadi village of Pune district says that her farm (right) has been affected by Giant African Snails
PHOTO • Devanshi Parekh
Sunanda Soope (left), a farmer in Darakwadi village of Pune district says that her farm (right) has been affected by Giant African Snails
PHOTO • Devanshi Parekh

ഭീമൻ ആഫ്രിക്കൻ ഒച്ചുകൾ തന്റെ കൃഷിയിടത്തെ (വലത്ത്) ബാധിച്ചുവെന്ന് പുണെ ജില്ലയിലെ ദാരൿ‌വാഡി ഗ്രാമത്തിലെ സുനന്ദ സൂപ്പെ (ഇടത്ത്) പറയുന്നു

Giant African Snails on the trunk of papaya tree (left) and on young mango plant (right) in Sunanda's farm. She says, 'The snails destroyed everything'
PHOTO • Sunanda Soope
Giant African Snails on the trunk of papaya tree (left) and on young mango plant (right) in Sunanda's farm. She says, 'The snails destroyed everything'
PHOTO • Sunanda Soope

സുനന്ദയുടെ കൃഷിയിടത്തിലെ പപ്പായ മരത്തിലും (ഇടത്ത്) ഇളം മാവിൻ‌തൈയ്യിലും (വലത്ത്) കയറിക്കൂടിയിരിക്കുന്ന ഭീമൻ ആഫ്രിക്കൻ ഒച്ചുകൾ

“എങ്ങിനെയാണ് ഇവ ആദ്യം വന്നതെന്ന് എനിക്ക് പറയാനാവില്ല”, നാരായൺഗാംവിലെ കൃഷി വിജ്ഞാൻ കേന്ദ്രത്തിലെ നോഡൽ ഓഫീസറായ ഡോ. രാഹുൽ ഘാഡ്‌ഗെ പറയുന്നു. “ഒരു ഒച്ചിന് ഒരു ദിവസം ഒരു കിലോമീറ്റർവരെ സഞ്ചരിക്കാൻ കഴിയും. മുട്ടയിടുന്നതിലൂടെ ഇരട്ടിക്കാനും കഴിയും” അദ്ദേഹം കൂട്ടിച്ചേർത്തു. ജനുവരിയിൽ അത് തോടിനുള്ളിൽ കഴിയുകയും ചൂട് കൂടുന്നതോടെ പുറത്തേക്ക് വരികയും ചെയ്യുന്നതായി അദ്ദേഹം നിരീക്ഷിച്ചിട്ടുണ്ട്. “അവയുടെ നിലനിൽ‌പ്പിന്റെ ഊഷ്മാവ് പ്രവർത്തനസജ്ജമാവുന്നു”, ഡോ. രാഹുൽ സൂചിപ്പിച്ചു.

“ഞാൻ പാടത്ത് വൻ‌പയറും മറ്റുംവിതച്ചിരുന്നു. ഒച്ചുകൾ എല്ലാം നശിപ്പിച്ചു”, സുനന്ദ പറഞ്ഞു. “50 കിലോഗ്രാം വിളവ് കിട്ടുമെന്നായിരുന്നു എന്റെ പ്രതീക്ഷ. ആകെ കിട്ടിയത് ഒരു കിലോഗ്രാമും”, ഒരു കിലോഗ്രാം രാജ്മ 100 രൂപയ്ക്കാണ് വിൽക്കുന്നത്. സുനന്ദ കൃഷിചെയ്ത കറുത്ത വൻ‌പയറിനും നിലക്കടലയ്ക്കുമൊക്കെ ഇതേ വിധിയാണുണ്ടായത്. നിലക്കടലയിൽ മാത്രം 10,000 രൂപ നഷ്ടം വന്നതായി അവർ കണക്കാക്കുന്നു.

“ഞങ്ങൾ രണ്ടുതവണയായിട്ടാണ് പാടത്ത് വിതയ്ക്കുന്നത്. മഴക്കാലത്തും (ഖാരിഫ്) ദീപാവലിക്കുശേഷവും (റാബി)“, അവർ പറയുന്നു. കഴിഞ്ഞ വർഷം ഒച്ചുകളുടെ ശല്യം മൂലം മഴക്കാലത്ത് രണ്ട് മാസത്തോളം നിലം തരിശിടേണ്ടിവന്നു അവർക്ക്. “ഒടുവിൽ ഡിസംബറിലാണ് പച്ചക്കടലയും, ഗോതമ്പും, കടലയും സവാളയും വിതയ്ക്കാൻ കഴിഞ്ഞത്”.

മഹാരാഷ്ട്രയിലെ കൃഷിയിടത്തിന്റെ 10 ശതമാനത്തെ ഒച്ചുകളുടെ കടന്നുകയറ്റം ബാധിച്ചതായി ഡോ. ഘാഡ്ഗെ കണക്കാക്കുന്നു. “ചെടികൾ വളരുന്ന ഘട്ടത്തിൽത്തന്നെ അതിന്റെ മൃദുവായ ഭാഗങ്ങളോട് ഒച്ചുകൾക്ക് ഒരു പ്രത്യേക താത്പര്യം തോന്നുന്നു. ഇതാണ് കൂടുതൽ നാശമുണ്ടാവാനുള്ള കാരണം. ഇതുമൂലം കർഷകർക്ക് നഷ്ടമനുഭവിക്കേണ്ടിവരുന്നു”, അദ്ദേഹം തുടർന്നു.

Nitin Lagad on his 5.5 acre farm in Darakwadi village, also affected by the Giant African Snails. He had to leave his farm empty for four months because of the snails.
PHOTO • Devanshi Parekh
Nitin Lagad on his 5.5 acre farm in Darakwadi village, also affected by the Giant African Snails. He had to leave his farm empty for four months because of the snails.
PHOTO • Devanshi Parekh

ദാരൿ‌വാഡി ഗ്രാമത്തിലെ നിതിൻ ലംഗാഡിന്റെ 5.5 ഏക്കർ പാടത്തെയും ഭീമൻ ആഫ്രിക്കൻ ഒച്ചുകൾ ബാധിച്ചു. ഇതുമൂലം നാലുമാസത്തോളം കൃഷിസ്ഥലം തരിശിടേണ്ടതായി വന്നു അദ്ദേഹത്തിന്

Left: Nitin has now sown onion but the snails continue to affect the crop.
PHOTO • Devanshi Parekh
Right: Eggs laid by the snails
PHOTO • Nitin dada Lagad

ഇടത്ത്: നിതിൻ സവാള വിതച്ചുവെങ്കിലും ഒച്ചുകൾ അതിനെയും നശിപ്പിച്ചു. വലത്ത്: ഒച്ചുകൾ നിക്ഷേപിച്ച മുട്ടകൾ

ദാരൿ‌വാഡിയിലെ 35 വയസ്സുള്ള കർഷകനായ നിതിൻ ലംഗാഡും എല്ലാ വർഷവും സമാനമായ സാഹചര്യം നേരിടുന്നു. “ഈവർഷം 70-80 ബാഗ് (ഏകദേശം 6,000 കിലോഗ്രാം) സോയാബീൻ കിട്ടുമെന്നായിരുന്നു ഞങ്ങളുടെ പ്രതീക്ഷ. എന്നാൽ 40 ബാഗ് (2,000 കിലോഗ്രാം) മാത്രമേ ലഭിച്ചുള്ളു”.

സാധാരണയായി അദ്ദേഹം തന്റെ 5.5 ഏക്കർ ഭൂമിയിൽ മൂന്ന് തവണ കൃഷിയിറക്കാറുണ്ട്. എന്നാൽ ഇത്തവണ, ഒച്ചുകളുടെ ശല്യം‌മൂലം രണ്ടാമത്തെ തവണ കൃഷിയിറക്കാൻ സാധിച്ചില്ല. “നാലുമാസത്തോളം ഞങ്ങൾ പാടം വെറുതെയിട്ടു. ഇത്തവണ ഞങ്ങൾ സവാളയാണ് കൃഷി ചെയ്തത്. അതും ഒരു ഭാഗ്യപരീക്ഷണമാണ്”, അദ്ദേഹം പറയുന്നു.

മോള്ളൂസ്കിസൈഡ്സ് എന്ന കാർഷിക രാസപദാർത്ഥവും ഫലവത്തായില്ല. “ഞങ്ങൾ മണ്ണിൽ മരുന്നൊഴിച്ചു. എന്നാൽ ഒച്ചുകൾ മണ്ണിനടിയിലായിരുന്നതിനാൽ മരുന്ന് പാഴായിപ്പോയി. ഒച്ചുകളെ പിടിച്ച് മരുന്നടിക്കാമെന്നുവെച്ചാൽ, അവ പുറം‌തോടിനുള്ളിലേക്ക് വലിഞ്ഞുകളയും”, നിതിൻ വിശദീകരിച്ചു. “മരുന്നുകൾകൊണ്ടും കാര്യമില്ല”.

Left: Giant African Snails near Sunanda Soope’s farm.
PHOTO • Devanshi Parekh
Right: Shells of dead Giant African Snails which were collected after they were killed in a drum of salt water
PHOTO • Devanshi Parekh

ഇടത്ത്: സുനന്ദ സൂപ്പെയുടെ പാടത്തിനരികെയുള്ള ഭീമൻ ആഫ്രിക്കൻ ഒച്ചുകൾ. വലത്ത്: ഉപ്പുവെള്ളത്തിലിട്ട് കൊന്ന ഭീമൻ ആഫ്രിക്കൻ ഒച്ചുകളുടെ പുറം‌തോടുകൾ ശേഖരിച്ച നിലയിൽ

മറ്റൊരു മാർഗ്ഗവുമില്ലാത്തതിനാൽ ഒച്ചുകളെ കൈകൊണ്ട് പിടിക്കുകയാണെന്ന് ദാരൿ‌വാഡിയിലെ കർഷകർ പറയുന്നു. പ്ലാസ്റ്റിക്ക് ബാഗുകൾ കൈയ്യുറപോലെ ധരിച്ച് അവയെ പിടിച്ച് ഉപ്പുവെള്ളം നിറച്ച ഒരു ഡ്രമ്മിലിടുന്നു. ആദ്യം അവ നിശ്ചലമാവുകയും പിന്നെ ചാവുകയും ചെയ്യും.

“അവ ഡ്രമ്മിൽനിന്ന് പുറത്ത് കടക്കാൻ നോക്കും. ഞങ്ങൾ പിന്നെയും പിന്നെയും അവയെ അതിനകത്തേക്ക് തള്ളിയിടും. അഞ്ചുതവണവരെ ഇത് ചെയ്യേണ്ടിവരും. അപ്പോഴേ അവ ചാവൂ”, സുനന്ദ പറയുന്നു.

നിതിൻ കുറച്ച് സുഹൃത്തുക്കളോടൊപ്പം ചേർന്ന് തന്റെ പാടത്തുനിന്ന് 400-500 ഒച്ചുകളെ ഒരുസമയത്ത് പിടിക്കുകയുണ്ടായി. സവാള നടുന്നതിനുമുൻപ് അദ്ദേഹം പാടം ശുചിയാക്കി ഒച്ചുകളെ മുഴുവൻ നശിപ്പിച്ചു. എന്നാലും ഇപ്പോഴും അവയെ കാണാൻ കഴിയുന്നുണ്ട്. തന്റെ പാടത്തിന്റെ 50 ശതമാനത്തോളം അവ നശിപ്പിച്ചുവെന്ന് നിതിൻ പറയുന്നു.

“ഞങ്ങൾ ഓരോ ദിവസവും നൂറുകണക്കിന് ഒച്ചുകളെ പിടിച്ച് പാടം വൃത്തിയാക്കും. എന്നാൽ അടുത്തദിവസവും അത്രതന്നെ ഒച്ചുകളെ വീണ്ടും കാണാം”, സുനന്ദ പറയുന്നു.

“ജൂണിൽ, വീണ്ടും ഒച്ചുകൾ വന്നുതുടങ്ങും”, ഭയത്തോടെ അവർ പറയുന്നു.

പരിഭാഷ: രാജീവ് ചേലനാട്ട്

Student Reporter : Devanshi Parekh

Devanshi Parekh is a recent graduate of FLAME University and interned with PARI from December 2022 to February 2023.

Other stories by Devanshi Parekh
Editor : Sanviti Iyer

Sanviti Iyer is Assistant Editor at the People's Archive of Rural India. She also works with students to help them document and report issues on rural India.

Other stories by Sanviti Iyer
Translator : Rajeeve Chelanat

Rajeeve Chelanat is based out of Palakkad, Kerala. After spending 25 years of professional life in the Gulf and Iraq, he returned home to work as a proof reader in the daily, Mathrubhumi. Presently, he is working as a Malayalam translator.

Other stories by Rajeeve Chelanat