"രേഖകളിൽ ഇവിടെ നെയ്ത്തുകാർക്ക് ഒരു പഞ്ഞവുമില്ല, എന്നാൽ (പ്രായോഗികതലത്തിൽ) ഞാൻ മരിക്കുന്നതോടെ എല്ലാം അവസാനിക്കും," രൂപ്ചന്ദ് ദേബ്നാഥ്, തന്റെ മുളങ്കുടിലിൽ സ്ഥാപിച്ചിരിക്കുന്ന കൈത്തറിയിൽ നെയ്യുന്നതിൽനിന്ന് ഇടവേളയെടുത്ത് നെടുവീർപ്പോടെ പറയുന്നു. കുടിലിലെ ഇടത്തിന്റെ നല്ലൊരു പങ്കും കയ്യടക്കുന്ന തറി കൂടാതെ പിന്നെ അവിടെയുള്ളത് കൂമ്പാരം കൂട്ടിയിട്ടിരിക്കുന്ന ആക്രിസാധനങ്ങളാണ്-തകർന്ന വീട്ടുപകരണങ്ങൾ, ലോഹത്തിൽ തീർത്ത സ്പെയർ പാർട്ടുകൾ, മുളക്കഷ്ണങ്ങൾ തുടങ്ങിയവ. ഒന്നിൽക്കൂടുതൽ ആളുകൾക്ക് ഇരിക്കാൻ അവിടെ ഇടം കഷ്ടിയാണ്.
ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിലുള്ള ത്രിപുര സംസ്ഥാനത്തെ ധർമ്മനഗർ പട്ടണത്തിന്റെ പ്രാന്തപ്രദേശത്തുള്ള ഗോബിന്ദപൂരിലാണ് 73 വയസ്സുകാരനായ രൂപ്ചന്ദ് താമസിക്കുന്നത്. വീതി കുറഞ്ഞ ഒരു റോഡ് ചെന്നവസാനിക്കുന്ന ഈ ഗ്രാമത്തിൽ ഒരുകാലത്ത് 200 നെയ്ത്തുകുടുംബങ്ങളും 600-ലധികം കൈപ്പണിക്കാരും ഉണ്ടായിരുന്നെന്ന് പ്രദേശവാസികൾ പറയുന്നു. ഇന്ന് ഏറെക്കുറെ വിസ്മരിക്കപ്പെട്ടിരിക്കുന്ന ആ പ്രതാപതകാലത്തിന്റെ സ്മാരകമെന്നോണം, ദ്രവിച്ചുതുടങ്ങിയ ചുവരുകളുമായി ഗോബിന്ദപൂർ ഹാൻഡ്‌ലൂം അസോസിയേഷന്റെ ഓഫീസ് വീതി കുറഞ്ഞ നിരത്തുകളുടെ ഓരത്തുള്ള ഏതാനും വീടുകളുടെ ഇടയിലായി ബാക്കിയാണ്.
"അക്കാലത്ത് ഇവിടെ തറിയില്ലാത്ത ഒരൊറ്റ വീടുപോലും ഉണ്ടായിരുന്നില്ല," നാഥ് സമുദായാംഗമായ (സംസ്ഥാനത്ത് മറ്റു പിന്നാക്കവിഭാഗമായി പരിഗണിക്കപ്പെടുന്നു) രൂപ്ചന്ദ് ഓർത്തെടുക്കുന്നു. കത്തുന്ന വെയിലിൽ മുഖത്ത് പൊടിയുന്ന വിയർപ്പ് തുടച്ചുകൊണ്ട് അദ്ദേഹം തുടരുന്നു, "അക്കാലത്ത് സമൂഹം ഞങ്ങളെ മാനിച്ചിരുന്നു. ഇപ്പോൾ ആർക്കും ഞങ്ങളെ വേണ്ട. അല്ലെങ്കിലും, വരുമാനം ഒന്നും നേടാനാവാത്ത ഒരു തൊഴിലിനെ ആരാണ് ബഹുമാനിക്കുകയെന്ന് നിങ്ങൾ പറയൂ?" വിഷമത്താൽ തൊണ്ടയിടറി അദ്ദേഹം ചോദിക്കുന്നു.
പരിചയസമ്പന്നനായ ഈ നെയ്ത്തുകാരൻ, പണ്ട്, താൻ പൂക്കളുടെ ബൃഹത്തായ ഡിസൈനുകളോട് കൂടിയ നക്ഷി സാരികൾ കൈകൊണ്ട് നെയ്തിരുന്നതായി ഓർക്കുന്നു. എന്നാൽ 1980-കളിൽ, "പൂർബാഷ (ത്രിപുര സർക്കാരിന്റെ ഹാൻഡിക്രാഫ്റ്റ് എംപോറിയം) ഇവിടെ ധർമ്മനഗറിൽ ഒരു കട ആരംഭിച്ചപ്പോൾ, അവർ ഞങ്ങളോട് നക്ഷി സാരികൾ നെയ്യുന്നത് അവസാനിപ്പിച്ച് സാധാരണ, പ്ലെയിൻ സാരികൾ നെയ്യാൻ ആവശ്യപ്പെട്ടു,"രൂപ്ചന്ദ് പറയുന്നു. തുന്നലുകളുടെ സങ്കീർണ്ണതയും ഗുണനിലവാരവും കുറവായ ഈ സാരികൾക്ക് അതുകൊണ്ടുതന്നെ വിലയും കുറവായിരുന്നു.
ക്രമേണ, നക്ഷി സാരികൾ ഈ പ്രദേശത്തുനിന്ന് അപ്രത്യക്ഷമായെന്ന് പറഞ്ഞ് അദ്ദേഹം കൂട്ടിച്ചേർക്കുന്നു, "ഇവിടെ കൈപ്പണിക്കാർ ആരും അവശേഷിക്കുന്നുമില്ല തറികളുടെ ഭാഗങ്ങൾ കിട്ടാനുമില്ല." കഴിഞ്ഞ നാലുവർഷമായി വീവേഴ്‌സ് അസോസിയേഷന്റെ പ്രസിഡന്റായി പ്രവർത്തിക്കുന്ന രബീന്ദ്ര ദേബ്നാഥ് ഇതിനോട് യോജിച്ചുകൊണ്ട് പറയുന്നു, "ഞങ്ങൾ നിർമ്മിക്കുന്ന വസ്ത്രങ്ങൾക്ക് വിപണി കിട്ടാത്ത സ്ഥിതിയായിരുന്നു." 63 വയസ്സുകാരനായ അദ്ദേഹം നെയ്ത്തിനാവശ്യമായ ആരോഗ്യമില്ലാത്തതിനാൽ ആ തൊഴിൽ അവസാനിപ്പിച്ചിരിക്കുകയാണ്.
2005 ആയപ്പോഴേക്കും രൂപ്ചന്ദ് നക്ഷി സാരികൾ നെയ്യുന്നത് പൂർണ്ണമായി ഉപേക്ഷിച്ച് ഗാംചകളിലേയ്ക്ക് തിരിഞ്ഞു. "നേരത്തെ ഞങ്ങൾ ഒരിക്കലും ഗാംചകൾ നെയ്തിരുന്നില്ല. ഞങ്ങൾ എല്ലാവരും സാരികൾ മാത്രമാണ് നെയ്തിരുന്നത്. എന്നാൽ പിന്നീട് ഞങ്ങൾക്ക് മറ്റു മാർഗ്ഗങ്ങളില്ലാതായി," ഗോബിന്ദപൂരിലെ അവസാനത്തെ കൈത്തറി വിദഗ്ധരിലൊരാളായ രൂപ്ചന്ദ് ഓർത്തെടുക്കുന്നു. "ഇന്നലെ തൊട്ട് ഞാൻ ആകെ രണ്ട് ഗാംചകളേ നെയ്തിട്ടുള്ളൂ. ഇത് വിറ്റാൽ എനിക്ക് കഷ്ടി 200 രൂപ കിട്ടിയാലായി," എന്ന് പറഞ്ഞ് രൂപ്ചന്ദ് കൂട്ടിച്ചേർക്കുന്നു, "ഇത് എന്റെ മാത്രം വരുമാനമല്ല. എന്റെ ഭാര്യയാണ് നൂൽ ചുറ്റാൻ എന്നെ സഹായിക്കുന്നത്. അതിനാൽ ഇത് ഞങ്ങളുടെ കുടുംബത്തിന്റെ മൊത്തം വരുമാനമാണ്. ഈ വരുമാനംകൊണ്ട് എങ്ങനെയാണ് ഒരാൾ കഴിഞ്ഞുകൂടുക?"
പ്രഭാതഭക്ഷണത്തിമുശേഷം, രാവിലെ 9 മണിയോടെ നെയ്ത്ത് തുടങ്ങുന്ന രൂപ്ചന്ദ് ഉച്ച കഴിയുന്നതുവരെ അത് തുടരും. പിന്നീട് ഒന്ന് കുളിച്ച്, ഉച്ചഭക്ഷണം കഴിച്ചശേഷമാണ് അദ്ദേഹം ജോലി പുനരാരംഭിക്കുക. വൈകുന്നേരം ജോലി തുടർന്നാൽ അദ്ദേഹത്തിന് സന്ധിവേദന ഉണ്ടാകുന്നതിനാൽ ഈയിടെയായി അദ്ദേഹം ഉച്ച കഴിയുന്നതോടെ ജോലി അവസാനിപ്പിക്കുകയാണ് പതിവ്. എന്നാൽ അദ്ദേഹത്തിന്റെ ചെറുപ്പകാലത്ത്, രൂപ്ചന്ദ് പറയുന്നു, "ഞാൻ രാത്രി വൈകുവോളം ജോലി ചെയ്തിരുന്നു."
ജോലി ദിവസത്തിന്റെ ഭൂരിഭാഗവും രൂപ്ചന്ദ് ഗാംച നെയ്യാനാണ് ചിലവഴിക്കുന്നത്. ഗാംചകൾക്ക് വില കുറവായതുകൊണ്ടും അവ ഒരുപാട് നാൾ ഈട് നിൽക്കുന്നതുകൊണ്ടും, ഈ പ്രദേശത്തും ബംഗാളിന്റെ പല ഭാഗങ്ങളിലും വീടുകളിൽ അവ ഇപ്പോഴും ഉപയോഗത്തിലുണ്ട്."ഞാൻ നെയ്യുന്ന ഗാംചകൾ (കൂടുതലും) ഇങ്ങനെയാണ് ഉണ്ടാക്കുന്നത്," വെള്ള, പച്ച നിറത്തിലുള്ള നൂലുകൾ ഗാംചയുടെ മധ്യഭാഗത്തും കടും ചുവപ്പ് നിറത്തിലുള്ള നൂലുകൾ അതിന്റെ കട്ടിയുള്ള അതിരുകളിലുമായി നെയ്തെടുക്കുന്നത് രൂപ്ചന്ദ് ചൂണ്ടിക്കാണിക്കുന്നു. "നേരത്തെ ഞങ്ങൾതന്നെയാണ് നൂലുകൾക്ക് നിറം കൊടുത്തിരുന്നത്. എന്നാൽ കഴിഞ്ഞ 10 വർഷമോ മറ്റോ ആയി, ഞങ്ങൾ വീവേഴ്‌സ് അസോസോയേഷനിൽ നിന്ന് നിറം പിടിപ്പിച്ച നൂലുകൾ വാങ്ങുകയാണ്," എന്ന് പറഞ്ഞ് അദ്ദേഹം, താൻ സ്വയം നെയ്ത ഗാംചകൾതന്നെയാണ് ഉപയോഗിക്കുന്നതെന്ന് കൂട്ടിച്ചേർക്കുന്നു.
എന്നാൽ കൈത്തറിമേഖലയിൽ എപ്പോഴാണ് കാര്യങ്ങൾ മാറിമറിഞ്ഞത്? "പ്രധാനമായും പവർ ലൂമുകൾ വരികയും നൂലുകളുടെ നിലവാരം കുറയുകയും ചെയ്തപ്പോഴായിരുന്നു അത്. ഞങ്ങളെപ്പോലുള്ള നെയ്ത്തുകാർക്ക് പവർ ലൂമുകളോട് മത്സരിക്കാനാകില്ല," രൂപ്ചന്ദ് പറയുന്നു.
പവർ ലൂമുകൾക്ക് വലിയ വിലയായതിനാൽ മിക്ക നെയ്ത്തുകാർക്കും അതിലേയ്ക്ക് ചുവടുമാറുക ബുദ്ധിമുട്ടാണ്. അതുകൂടാതെ, ഗോബിന്ദപൂർപോലെയുള്ള ഗ്രാമങ്ങളിൽ തറിയുടെ യന്ത്രഭാഗങ്ങൾ വിൽക്കുന്ന കടകളില്ലാത്തതും പവർ ലൂമുകൾ കേടുവന്നാൽ നേരെയാക്കാൻ ആളെ കിട്ടാത്തതുമെല്ലാം പല നെയ്ത്തുകാരെയും പവർ ലൂമുകൾ വാങ്ങുന്നതിൽനിന്ന് പിന്തിരിപ്പിച്ചു. ഇന്നിപ്പോൾ പവർ ലൂം പ്രവർത്തിപ്പിക്കാൻ തന്റെ പ്രായം അനുവദിക്കില്ലെന്ന് രൂപ്ചന്ദ് പറയുന്നു.
"ഞാൻ ഈയിടെ 12,000 രൂപയ്ക്ക് നൂൽ (22 കിലോ) വാങ്ങിച്ചു; കഴിഞ്ഞവർഷം അത്രതന്നെ നൂൽ വാങ്ങാൻ എനിക്ക് 9,000 രൂപയേ ചിലവ് വരുമായിരുന്നുള്ളൂ; എന്റെ ഇപ്പോഴത്തെ ആരോഗ്യസ്ഥിതി വെച്ച് ആ നൂൽകൊണ്ട് ഏതാണ്ട് 150 ഗാംചകൾ ഉണ്ടാക്കാൻ ഞാൻ കഷ്ടി 3 മാസം എടുക്കും..എന്നിട്ട് ഞാൻ അവ വെറും 16,000 രൂപയ്ക്ക് (വീവേഴ്‌സ് അസോസിയേഷന്) വിൽക്കും," രൂപ്ചന്ദ് പ്രത്യാശയറ്റ് പറയുന്നു.
*****
1950-ൽ ബംഗ്ലാദേശിലെ സിൽഹറ്റിൽ ജനിച്ച രൂപ്ചന്ദ് 1956-ൽ ഇന്ത്യയിലേയ്ക്ക് കുടിയേറുകയായിരുന്നു. "എന്റെ അച്ഛൻ ഇവിടെ ഇന്ത്യയിലും നെയ്ത്ത് തുടർന്നു. ഞാൻ 9-ആം തരം വരെ പഠിച്ചിട്ട് പഠനം ഉപേക്ഷിക്കുകയാണുണ്ടായത്," അദ്ദേഹം പറയുന്നു. അതിനു പിന്നാലെ, യുവാവായ രൂപ്ചന്ദ് ആ പ്രദേശത്തെ വൈദ്യുതി വകുപ്പിൽ ജോലിക്ക് ചേർന്നെങ്കിലും, 'ജോലിഭാരം കൂടുതലും ശമ്പളം തീരെ കുറവും ആയതുകൊണ്ട് 4 വർഷത്തിനുശേഷം ഞാൻ ആ ജോലി വിട്ടു."
അതിനുശേഷമാണ് അദ്ദേഹം തലമുറകളുടെ നെയ്ത്തുപാരമ്പര്യമുള്ള അച്ഛനിൽനിന്ന് നെയ്ത്ത് പഠിക്കാൻ തീരുമാനിക്കുന്നത്. "അക്കാലത്ത്, കൈത്തറി വ്യവസായത്തിൽനിന്ന് നല്ല വരുമാനം ലഭിച്ചിരുന്നു. ഞാൻ 15 രൂപയ്ക്കുവരെ സാരികൾ വിറ്റിട്ടുണ്ട്. ഞാൻ ഈ കൈപ്പണി പഠിച്ചില്ലായിരുന്നെങ്കിൽ എന്റെ ചികിത്സാ ചിലവുകൾ നടത്താനോ എന്റെ മൂന്ന് സഹോദരിമാരെ വിവാഹം കഴിപ്പിച്ചയയ്ക്കാനോ എനിക്ക് സാധിക്കുമായിരുന്നില്ല," അദ്ദേഹം പറയുന്നു.
വിവാഹം കഴിഞ്ഞതുമുതൽക്ക് ഭർത്താവിനെ നെയ്ത്തിൽ സഹായിക്കാൻ തുടങ്ങിയെന്ന് രൂപ്ചന്ദിന്റെ ഭാര്യയായ ബസന ദേബ്നാഥ് ഓർക്കുന്നു. "അക്കാലത്ത് ഞങ്ങൾക്ക് നാല് തറികളുണ്ടായിരുന്നു എന്ന് മാത്രമല്ല എന്റെ ഭർത്താവ് അപ്പോഴും എന്റെ ഭർതൃപിതാവിൽനിന്ന് നെയ്ത്ത് പഠിക്കുകയായിരുന്നു," അടുത്ത മുറിയിലിരുന്ന് ഭർത്താവ് തറി നെയ്യുന്ന ശബ്ദത്തിന്റെ പശ്ചാത്തലത്തിൽ അവർ പറയുന്നു.
ബസനയുടെ ദിവസങ്ങൾക്ക് രൂപ്ചന്ദിന്റെ ദിവസങ്ങളേക്കാൾ ദൈർഘ്യം കൂടുതലാണ്. അവർ അതിരാവിലെ എഴുന്നേറ്റ് വീട്ടുജോലികൾ തീർത്ത്, ഉച്ചഭക്ഷണവും തയ്യാറാക്കിയതിനുശേഷമാണ് നൂൽ ചുറ്റാൻ ഭർത്താവിനെ സഹായിക്കുന്നത്. വൈകുന്നേരങ്ങളിൽ മാത്രമാണ് അവർക്ക് അല്പം വിശ്രമം ലഭിക്കുക. "നൂൽ ചുറ്റുന്നതും സ്കെയിനുകൾ ഉണ്ടാകുന്നതുമെല്ലാം അവളാണ്," രൂപ്ചന്ദ് അഭിമാനത്തോടെ സമ്മതിക്കുന്നു.
രൂപ്ചന്ദ്-ബസന ദമ്പതിമാർക്ക് നാല് മക്കളാണ്. അവരുടെ രണ്ട് പെണ്മക്കൾ വിവാഹിതരാണ്; രണ്ട് ആൺമക്കൾ (ഒരാൾ മെക്കാനിക്കായും മറ്റെയാൾ സ്വർണ്ണപ്പണിക്കാരനായും ജോലി ചെയ്യുന്നു) അവരുടെ വീട്ടിൽനിന്ന് അധികം അകലെയല്ലാതെ താമസിക്കുന്നു. ആളുകൾക്ക് പൊതുവിൽ പരമ്പരാഗത കലകളോടും കൈപ്പണികളോടും താത്പര്യം നഷ്ടപ്പെടുകയാണോ എന്ന ചോദ്യത്തിന്, ആ നെയ്ത്തുവിദ്വാൻ ആത്മാവലോകനം നടത്തി മറുപടി നൽകുന്നു, "ഞാൻപോലും അക്കാര്യത്തിൽ പരാജയമാണ്. അല്ലെങ്കിൽ എന്റെ സ്വന്തം മക്കളെ പോലും എനിക്ക് പ്രചോദിപ്പിക്കാൻ കഴിയാതെ പോകുമോ?"
*****
ഇന്ത്യയിലുടനീളം, 93.3 ശതമാനം നെയ്ത്തുതൊഴിലാളികളുടെ വീട്ടുവരുമാനം 10,000 രൂപയിൽ താഴെ ആണെന്നിരിക്കെ, ത്രിപുരയിലെ നെയ്ത്തുതൊഴിലാളികളിൽ 86.4 ശതമാനംപേരുടെ വീട്ടുവരുമാനം 5,000 രൂപയിലും താഴെയാണ് ( നാലാമത് അഖിലേന്ത്യാ കൈത്തറി സെൻസസ് , 2019-2020).
"ഈ കരവിരുത് ഇവിടെ പതിയെ മരണത്തോടടുക്കുകയാണ്," രൂപ്ചന്ദിന്റെ അയൽവാസിയായ അരുൺ ഭൗമിക് പറയുന്നു,"അതിനെ സംരക്ഷിക്കാൻ നാം വേണ്ടത്ര നടപടികൾ എടുക്കുന്നില്ല." ഈ അഭിപ്രായം ശരിവെച്ചുകൊണ്ട് ഗ്രാമത്തിലെ മറ്റൊരു മുതിർന്ന താമസക്കാരനായ നാനിഗോപാൽ ഭൗമിക് ഒരു നെടുവീർപ്പോടെ പറയുന്നു, "ആളുകൾക്ക് കുറച്ച് ജോലി ചെയ്ത് കൂടുതൽ പണം സമ്പാദിക്കാനാണ് താത്പര്യം." "നെയ്ത്തുകാർ എല്ലാ കാലത്തും കുടിലുകളിലും മൺവീടുകളിലുമാണ് ജീവിച്ചിട്ടുള്ളത്. ഇന്നിപ്പോൾ ആർക്കാണ് അങ്ങനെ ജീവിക്കാൻ താത്പര്യം?" രൂപ്ചന്ദ് കൂട്ടിച്ചേർക്കുന്നു.
വരുമാനത്തിലെ അപര്യാപ്തതയ്ക്ക് പുറമേ, വർഷങ്ങളോളം നീണ്ടുനിൽക്കുന്ന ആരോഗ്യപ്രശ്നങ്ങളും നെയ്ത്തുകാരെ വലയ്ക്കുന്നു. "എന്റെ ഭാര്യയ്ക്കും എനിക്കുംകൂടി എല്ലാ വർഷവും 50-60,000 രൂപ ചികിത്സാ ചിലവ് വരും," രൂപ്ചന്ദ് പറയുന്നു. രൂപ്ചന്ദും ഭാര്യയും നെയ്ത്തുജോലിയുടെ ബാക്കിപത്രങ്ങളായ ശ്വാസംമുട്ടലും ഹൃദ്രോഗവും മൂലം ബുദ്ധിമുട്ടുകയാണ്.
ഈ കരവിരുത് സംരക്ഷിക്കാൻ സർക്കാരിന്റെ ഭാഗത്തുനിന്ന് ചില നടപടികൾ ഉണ്ടായിട്ടുണ്ട്. എന്നാൽ അതുകൊണ്ട് പറയത്തക്ക മാറ്റമൊന്നും ഉണ്ടാകുന്നില്ലെന്നാണ് രൂപ്ചന്ദും ഗ്രാമത്തിലെ മറ്റുള്ളവരും കരുതുന്നത്. " ദീൻ ദയാൽ ഹാത്ത്ഖാർഗ പ്രോത്സാഹൻ യോജന (2000-ത്തിൽ കേന്ദ്രസർക്കാർ തുടക്കം കുറിച്ച പദ്ധതി) മുഖാന്തിരം ഞാൻ 300-ൽ കൂടുതൽ നെയ്ത്തുകാരെ പരിശീലിപ്പിച്ചിട്ടുണ്ട്," രൂപ്ചന്ദ് പറയുന്നു. "എന്നാൽ, നെയ്ത്ത് പരിശീലിക്കാൻ താത്പര്യമുള്ളവരെ കിട്ടുക ബുദ്ധിമുട്ടാണ്" അദ്ദേഹം തുടരുന്നു," മിക്കവരും സ്റ്റൈപ്പെൻഡിനു വേണ്ടിയാണ് വരുന്നത്. അവരിൽനിന്ന് സമർത്ഥരായ നെയ്ത്തുകാരെ പരിശീലിപ്പിച്ചെടുക്കുക സാധ്യമല്ല. കൈത്തറി സംഭരണത്തിലെ പാളിച്ചകളും തടി നശിപ്പിക്കുന്ന ചിതലിന്റെ ശല്യവും നൂലുകൾ ഏലി കരളുന്നതും" സ്ഥിതിഗതികൾ പിന്നെയും വഷളാക്കുന്നുവെന്ന് രൂപ്ചന്ദ് കൂട്ടിച്ചേർക്കുന്നു.
2012-നും 2022-നും ഇടയിൽ, കൈത്തറി ഉത്പന്നങ്ങളുടെ കയറ്റുമതി 3,000 കോടിയിൽനിന്ന് ഏതാണ്ട് 1,500 കോടിയായി, അതായത് ഏകദേശം 50 ശതമാനത്തോളമായി കുറഞ്ഞു ( ഹാൻഡ്‌ലൂം എക്സ്പോർട്ട് പ്രമോഷൻ കൗൺസിൽ ) എന്ന് മാത്രമല്ല ഈ മേഖലയ്ക്ക് സർക്കാർ നൽകിവന്നിരുന്ന സാമ്പത്തിക സഹായവും ഏതാണ്ട് നിലച്ച മട്ടാണ്.
സംസ്ഥാനത്ത് കൈത്തറി മേഖലയുടെ ഭാവി ഇരുളടഞ്ഞ് നിൽക്കുകയാണെന്നിരിക്കെ രൂപ്ചന്ദ് പറയുന്നു, "ഇത് ഇനി നേരെയാകുമെന്ന് എനിക്ക് തോന്നുന്നില്ല." എന്നാൽ ഒരു ക്ഷണം ആലോചിച്ച് അദ്ദേഹംതന്നെ അതിനുള്ള പരിഹാരവും നൽകുന്നു. "ഈ മേഖലയിൽ കൂടുതൽ സ്ത്രീകൾ കടന്നുവരുന്നത് സഹായകമാകും," അദ്ദേഹം പറയുന്നു. "സിദ്ധായി മോഹൻപൂരിൽ (പടിഞ്ഞാറൻ ത്രിപുരയിൽ വ്യാവസായിക അടിസ്ഥാനത്തിൽ കൈത്തറി ഉത്പാദിപ്പിക്കുന്ന കേന്ദ്രം) ഏതാണ്ട് മുഴുവനായിത്തന്നെ സ്ത്രീകൾ നയിക്കുന്ന ബൃഹത്തായ തൊഴിലാളി സംഘത്തെ ഞാൻ കണ്ടിട്ടുണ്ട്." നിലവിലെ സാഹചര്യം മെച്ചപ്പെടുത്താനുള്ള ഒരു പോംവഴി, നെയ്ത്തിൽ ഏർപ്പെട്ടിരിക്കുന്ന കലാകാരന്മാർക്ക് നിശ്ചിത ദിവസവേതനം ഉറപ്പ് വരുത്തുകയാണെന്ന് അദ്ദേഹം പറയുന്നു.
നെയ്ത്ത് ഉപേക്ഷിക്കണമെന്ന് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് രൂപ്ചന്ദ് ഒരു പുഞ്ചിരിയോടെ മറുപടി നൽകുന്നു, "ഒരിക്കലുമില്ല," അദ്ദേഹം നിശ്ചയദാർഢ്യത്തോടെ പറയുന്നു," ഞാൻ ഒരിക്കൽപ്പോലും പണത്തെ എന്റെ കരവിരുതിനേക്കാൾ പ്രധാനമായി കരുതിയിട്ടില്ല. "തറിയ്ക്ക് മുകളിലൂടെ കൈ ഓടിക്കുമ്പോൾ അദ്ദേഹത്തിന്റെ കണ്ണുകൾ ഈറനണിയുന്നു," ഇവൾ പോയേക്കും, എന്നാൽ ഞാൻ ഒരിക്കലും അങ്ങനെ ചെയ്യില്ല."
മൃണാളിനി മുഖർജി ഫൗണ്ടേഷൻ അനുവദിച്ച ഫെല്ലോഷിപ്പിന്റെ സഹായത്തോടെയാണ് ഈ ലേഖനം പൂർത്തിയാക്കിയിട്ടുള്ളത്.
പരിഭാഷ: പ്രതിഭ ആര്‍. കെ.