ഇടത്ത്: 47-കാരനായ പ്രഫുല്ല ദേബ്നാഥ് കഴിഞ്ഞ 23 വർഷമായി, സമാബെ കൃഷി ഉന്നയൻ സമിതി മാർക്കറ്റിൽ (ഇപ്പോൾ ലോക്ക്ഡൗണിൽ അടച്ചിരിക്കുന്നു) ചെറിയ ജോലികൾ ചെയ്തിരുന്നു. ഉപഭോക്താക്കളുടെ വീട്ടിലേയ്ക്ക് സാധനങ്ങളെത്തിക്കുക, വാഹനങ്ങളിൽനിന്ന് സാധനങ്ങൾ കടയിലേക്കെത്തിക്കുക, മാർക്കറ്റ് വൃത്തിയാക്കുക തുടങ്ങിയ അല്ലറചില്ലറ ജോലികൾ. ആ ജോലിക്ക്, പച്ചക്കറി കടക്കാരിൽനിന്ന് പ്രതിദിനം 2 രൂപയും മറ്റുള്ള കച്ചവടക്കാരിൽനിന്ന് 1 രൂപയും ഈടാക്കിയിരുന്നു അദ്ദേഹം. എന്നാൽ മാർക്കറ്റ് ദത്ത പാറ ഏരിയയിലെ ഒരു തുറസ്സായ സ്ഥലത്തേക്ക് മാറ്റിയതോടെ അദ്ദേഹത്തിന്റെ തുച്ഛമായ വരുമാനവും പകുതിയായി കുറഞ്ഞു. ചില പച്ചക്കറിക്കടക്കാർ അദ്ദേഹത്തിന് ഇപ്പോഴും പ്രഭാത ഭക്ഷണവും ഉച്ചഭക്ഷണവും ഒരുക്കാറുണ്ട്. ‘ഞാൻ വൃത്തിയാക്കിയില്ലെങ്കിൽ മാർക്കറ്റ് വൃത്തികേടായി കിടക്കും. വൃത്തിയാക്കിയാൽ എനിക്ക് നല്ല പേര് കിട്ടും. എന്നെപ്പോലെ ജോലി ചെയ്യുന്നവരായി ഇവിടെ ആരുമില്ല’, അദ്ദേഹം പറയുന്നു. വലത്ത്: ഏതാനും മണിക്കൂറുകൾ മാത്രമേ മാർക്കറ്റ് പ്രവർത്തിക്കുകയുള്ളു. അതിനാൽ വിലക്കുറവ് പ്രതീക്ഷിച്ച് പലരും അവസാന നിമിഷമാണ് സാധനങ്ങൾ വാങ്ങാനെത്തുക. 50-കാരനായ ഖോക്ക റോയ് ഒരു മരപ്പണിക്കാരനായിരുന്നു. തുടർന്ന് വീട്ടിൽ ഒരു ചെറിയ പലചരക്ക് കടയും നടത്തിയിരുന്നു, ലോക്ക്ഡൗൺ കാരണം ഇപ്പോൾ, വില്പന മാർക്കറ്റിലേക്ക് മാറ്റി. 400-500 രൂപവരെ പ്രതിദിന വരുമാനമുണ്ടായിരുന്ന അദേഹത്തിന്റെ ദിവസവരുമാനം ഇപ്പോൾ 200-250 രൂപ ആണ്. പോലീസ് പട്രോളിംഗ് ഉള്ളതിനാൽ ആളുകൾ അവരുടെ വീടുകളിൽനിന്ന് പുറത്തിറങ്ങുന്നില്ല, അദ്ദേഹം പറയുന്നു. ‘നിങ്ങൾതന്നെ പറയു ഞങ്ങൾ എങ്ങനെ പച്ചക്കറികൾ വിൽക്കും?’