2018-ലാണ് ഗദ്ദാമിദി രാജേശ്വരിക്ക് ഭൂമിയിൽ ഉടമസ്ഥാവകാശം കിട്ടിയത്. “ഞാൻ ആവേശത്തിലായിരുന്നു. സ്വന്തമായി ഭൂമിയുള്ള സ്ത്രീയാവാൻ പോകുന്നു എന്ന് കരുതി”.

ഒന്നുമില്ലെങ്കിലും, കൈയ്യിലുള്ള പാട്ടക്കരാറിലേക്ക് അഭിമാനത്തോടെ നോക്കിയപ്പോൾ അങ്ങിനെയായിരുന്നു അവർക്ക് തോന്നിയത്.

എന്നാൽ, അഞ്ച് വർഷം കഴിഞ്ഞിട്ടും ബർവാദിലെ തന്റെ 1.28 ഏക്കർ ഭൂമിക്കായുള്ള സംസ്ഥാനത്തിന്റെ അംഗീകാരത്തിനായി അവർ കാത്തിരിക്കുകയാണ്. യെങ്കെപ്പല്ലെ ഗ്രാമത്തിലെ തന്റെ വീട്ടിൽനിന്ന് 30 കിലോമീറ്റർ അകലെയുള്ള ആ സ്ഥലത്തിനായി അവർ ചെലവഴിച്ചത് 30,000 രൂപയാണ്.

ഭൂമി വാങ്ങി ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോൾ രാജേശ്വരിക്ക് പാട്ടക്കരാറും ബാദ്ധ്യതാ സർട്ടിഫിക്കറ്റും ആവശ്യമായ മറ്റെല്ലാ രേഖകളും കിട്ടിയെങ്കിലും “എനിക്ക് ഇതുവരെ എന്റെ പട്ടദാർ (ഭൂവുടമാ) പാസ്സ്ബുക്ക് കിട്ടിയിട്ടില്ല. പട്ടദാർ പാസ്സ്ബുക്കില്ലെങ്കിൽ അത് (ആ നിലം) ശരിക്കും എന്റേതാണോ?” എന്ന് ചോദിക്കുന്നു അവർ.

സ്ഥലം എങ്ങിനെയാണ് കൈമാറ്റം ചെയ്യപ്പെട്ടതെന്ന് കാണിക്കുന്ന രേഖയാണ് പാട്ടക്കരാർ. ഉടമസ്ഥാവകാശത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അടങ്ങിയതാണ് പട്ടദാർ പാസ്സ്ബുക്ക്. അതിൽ, പട്ടദാറുടെ പേര്, സർവേ നമ്പർ, ഭൂമിയുടെ തരം എന്ന് തുടങ്ങി എല്ലാം അടങ്ങിയിട്ടുണ്ടാവും. അതിൽ ഉടമയുടെ പാസ്സ്പോർട്ട് ഫോട്ടോയും തെഹസിൽദാറുടെ ഒപ്പും ഉണ്ടായിരിക്കും.

Gaddamidi Rajeshwari holding the title deed for the land she bought in 2018. ' It’s been five years now and I still haven’t received my pattadar [land owner] passbook'
PHOTO • Amrutha Kosuru

2018-ൽ വാങ്ങിയ തന്റെ ഭൂമിയുടെ പാട്ടക്കരാർ കാണിക്കുന്ന ഗദ്ദാമിദി രാജേശ്വരി. ‘അഞ്ച് വർഷമായിട്ടും ഇപ്പോഴും എനിക്ക് പട്ടദാർ (ഭൂവുടമ) പാസ്സ്ബുക്ക് കിട്ടിയിട്ടില്ല’

തെലുങ്കാന ഭൂ അവകാശ, പട്ടദാർ പാസ്സ് ബുക്ക് നിയമം 2020 -ന്റെ അടിസ്ഥാനത്തിൽ 2020 ഒക്ടോബറിൽ ധരണി പോർട്ടൽ - രേഖകൾ കൈകാര്യം ചെയ്യുന്ന സംവിധാനം – ആരംഭിച്ചതോടെ, രാജേശ്വരിയുടെ പ്രതീക്ഷകൾ തളിരിട്ടു.

ഉദ്ഘാടനം ചെയ്യുന്ന വേളയിൽ, തെലുങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ പറഞ്ഞത്, ആ പോർട്ടൽ കർഷകസൌഹൃദമായ ഒന്നായിരിക്കുമെന്നാണ്. “ഭൂമി രജിസ്റ്റർ ചെയ്യുന്ന പ്രക്രിയയെ എളുപ്പവും ലളിതവുമാക്കുന്ന സംവിധാനമാണിത്. വിവിധ ഓഫീസുകൾ കയറിയിറങ്ങേണ്ട ആവശ്യം വരില്ല” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“ധരണി പോർട്ടൽ ഞങ്ങളുടെ പ്രശ്നങ്ങൾക്ക് ഒരവസാനമുണ്ടാക്കുമെന്നും പാസ്സ്ബുക്ക് കിട്ടുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചു”വെന്നും രാജേശ്വരിയുടെ ഭർത്താവ് രാമുലു പറഞ്ഞു. “2019 വരെ, മാസത്തിൽ രണ്ട് തവണയെങ്കിലും ഞങ്ങൾ തഹസിൽദാരുടെ ഓഫീസിൽ കയറിയിറങ്ങാറുണ്ടായിരുന്നു”.

2020-ൽ ധരണി പോർട്ടലിൽ കയറി നോക്കിയപ്പോൾ, ഭൂമിയുടെ സർവ്വേ നമ്പർ അതിലെങ്ങുമില്ലെന്ന് ഈ ദമ്പതിമാർക്ക് മനസ്സിലായി. അതിൽ മാറ്റങ്ങൾ വരുത്താനോ കൂട്ടിച്ചേർക്കാനോ കഴിയുമായിരുന്നില്ല.

“ധരണി പോർട്ടലിന്റെ ഒരു പ്രധാന പ്രശ്നം, അതിൽ, തെറ്റുകൾ തിരുത്താനോ, മാറ്റാനോ (പേര്, ഏക്കർ, സർവ്വേ നമ്പർ എന്നിവ) നിലവിൽ പരിമിതികളുണ്ടെന്നതാന്”, വികാരബാദിലെ കിസാൻ മിത്ര ജില്ല കോ‌ഓർഡിനേറ്ററും കൌൺസിലറുമായ ഭാർഗവി വുപ്പാല തുറന്ന് സമ്മതിച്ചു.

Left: Ramulu and Rajeshwari spent Rs. 30,000 to buy 1.28 acres of land in Barwad, 30 kilometres from their home in Yenkepalle village.
PHOTO • Amrutha Kosuru
Right: Mudavath Badya in his home in Girgetpalle village in Vikarabad district
PHOTO • Amrutha Kosuru

ഇടത്ത്: യെങ്കെപ്പല്ലെ ഗ്രാമത്തിലെ തങ്ങളുടെ വീട്ടിൽനിന്ന് 30 കിലോമീറ്റർ അകലെയുള്ള ബർവാദിൽ 1.28 ഏക്കർ സ്ഥലം വാങ്ങാൻ, രാമുലു-രാജേശ്വരി ദമ്പതിമാർ 30,000 രൂപ ചെലവിട്ടു. വലത്ത്: മുദവത്ത് ബദ്യ, വികാരബാദ് ജില്ലയിലെ തന്റെ ഗീർഗിത്പല്ലി ഗ്രാമത്തിലെ വീട്ടിൽ

ഉടമസ്ഥന്റെ പേരിലുള്ള ഒരു തെറ്റ് മൂലം, ഭൂമിയിന്മേലുള്ള തന്റെ നിയമപരമായ അവകാശം കിട്ടാതെ വലയുകയാണ് മുദുവത്ത് വദ്യ. വികാരബാദ് ജില്ലയിലെ ഗിർഗത്പല്ലിയിൽനിന്ന് 20 കിലോമീറ്റർ അകലെയാണ് അദ്ദേഹത്തിന്റെ ഭൂമി.

40 വർഷം മുമ്പ് വാങ്ങിയ രണ്ടേക്കർ ഭൂമി സ്വന്തമായുണ്ട് അദ്ദേഹത്തിന്. “മറ്റുള്ളവരുടെ ഭൂമിയിലും നിർമ്മാണ സൈറ്റുകളിലും ഇഷ്ടികക്കളങ്ങളിലും വർഷങ്ങളോളം ജോലി ചെയ്തതിനുശേഷമാണ് ഞാൻ സ്വന്തമായി കുറച്ച് സ്ഥലം വാങ്ങിയത്”, 80 വയസ്സുള്ള അദ്ദേഹം പറഞ്ഞു. ചോളവും മറ്റും അവിടെ കൃഷി ചെയ്തിരുന്നെങ്കിലും “കൃഷിയിൽനിന്നുള്ള വരുമാനം ഒരിക്കലും തികഞ്ഞിരുന്നില്ല, മിക്ക വിളകളും കനത്ത മഴയിൽ നശിച്ചുപോകാറുണ്ടായിരുന്നു”വെന്ന് ബദ്യ പറഞ്ഞു.

പേര് തെറ്റായി ചേർക്കപ്പെട്ടതുമൂലം, റൈത്തു ബന്ധു പദ്ധതിയിൽനിന്ന് – ചുരുങ്ങിയത് ഒരേക്കർ ഭൂമിയെങ്കിലുമുള്ള കർഷകർക്ക്, വർഷത്തിൽ രണ്ട് തവണ, റാബി, ഖാരിഫ് കൃഷിക്കായി, ഏക്കറൊന്നിന് 5,000 രൂപവെച്ച് നൽകുന്ന തെലുങ്കാനയുടെ ഒരു ക്ഷേമപദ്ധതി – ഒരു സഹായവും അദ്ദേഹത്തിന് ലഭിക്കുന്നില്ല.

പോർട്ടലിന്റെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങൾ നടക്കുമ്പോൾത്തന്നെ അതിനെ ഒരു രാഷ്ട്രീയവിഷയമാക്കുകയാണെന്നാണ് വികാരബാദ് ജില്ലാ കളക്ടറേറ്റിലെ പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു ഉദ്യോഗസ്ഥൻ പറഞ്ഞത്. ആധാർ, ഫോട്ടോ, ലിംഗം, ജാതി തുടങ്ങി ‘ പ്രത്യേകമായ ഭൂമി വിവരങ്ങൾ ’ എന്ന വിഭാഗത്തിലുള്ള 10-ഓളം വിശദാംശങ്ങൾ തിരുത്താൻ ഇപ്പോൾത്തന്നെ സാധിക്കുമെന്ന് അദ്ദേഹം സൂചിപ്പിച്ചു.

ധരണി പോർട്ടലിൽ തന്റെ പേര് ശരിയായി പ്രത്യക്ഷപ്പെട്ടിട്ടും, റൈത്തു ബന്ധുവിൽനിന്ന് യാതൊരുവിധ സഹായവും ലഭിക്കുന്നില്ലെന്ന്, 40 കിലോമീറ്റർ അകലെയുള്ള ബൊപ്പന‌വരം ഗ്രാമത്തിലെ രംഗയ്യ പറഞ്ഞു. ബൊപ്പന‌വരം ഗ്രാമത്തിൽ അഞ്ചേക്കർ ഭൂമിയുണ്ട് രംഗയ്യയ്ക്ക്. 1989-ലാണ് ഭൂമി അദ്ദേഹത്തിന് ലഭിച്ചത്. സംസ്ഥാനത്ത്, പട്ടികജാതിയായി അടയാളപ്പെടുത്തിയിട്ടുള്ള ബെഡ ജംഗം സമുദായക്കാരനാണ് രംഗയ്യ.

Left: Rangayya suddenly stopped receiving money from the Rythu Bandhu scheme even though his name is spelt perfectly on the Dharani portal
PHOTO • Amrutha Kosuru
Badya bought two acres in Girgetpalle but his name was spelt incorrectly, he has not received the Rythu Bandhu money. Badya with his youngest son Govardhan (black shirt) in their one-room house
PHOTO • Amrutha Kosuru

ധരണി പോർട്ടലിൽ പേര് ശരിയായി വന്നിട്ടും, റൈത്തു ബന്ധു പദ്ധതിയിൽനിന്ന് രംഗയ്യയ്ക്ക് കിട്ടിവന്നിരുന്ന പണം പൊടുന്നനെ നിന്നു. വലത്ത്: ഗിർഗത്പല്ലിയിൽ രണ്ടേക്കർ ഭൂമി ബദ്യ വാങ്ങിയിരുന്നുവെങ്കിലും പേരിലെ അക്ഷരത്തിലുണ്ടായ തെറ്റുമൂലം റൈത്തു ബന്ധു പദ്ധതിയിലൂടെയുള്ള പണം അദ്ദേഹത്തിന് കിട്ടിയിരുന്നില്ല. തങ്ങളുടെ ഒറ്റമുറി വീട്ടിൽ ബദ്യ ഇളയ മകൻ ഗോവർദ്ധനോടൊപ്പം (കറുത്ത ഷർട്ടിൽ)

“2019-നും 2020-നുമിടയിൽ എനിക്ക് മൂന്ന് ഗഡു പണം ലഭിച്ചിരുന്നു. എന്നാൽ ധരണി പോർട്ടലിൽ എന്റെ ഭൂമി രേഖപ്പെടുത്തിയതുമുതൽ ആ പണം കിട്ടാതായി”, 67 വയസ്സുള്ള രംഗയ്യ പറയുന്നു. ഓരോ തവണയായി 25,000 രൂപവെച്ചാണ് (ഒരേക്കറിന് 5,000 രൂപവെച്ച്) അദ്ദേഹത്തിന് കിട്ടിക്കൊണ്ടിരുന്നത്.

“ഒരു ഉദ്യോഗസ്ഥനും ശരിയായ ഉത്തരം തരുന്നില്ല. ഇതെങ്ങിനെ സംഭവിക്കുന്നുവെന്നോ എന്താണ് പറയേണ്ടതെന്നോ ഒരുപക്ഷേ അവർക്കുതന്നെ നിശ്ചയമുണ്ടാവില്ലായിരിക്കാം“, രംഗയ്യ കൂട്ടിച്ചേർത്തു.

പോർട്ടലിൽ മാറ്റങ്ങൾ വരുത്താൻ ഒരു മാർഗ്ഗവുമില്ല, അഥവാ, പരിമിതമായ മാർഗ്ഗങ്ങളേ ഉള്ളുവെന്ന് ഭാർഗ്ഗവി പറഞ്ഞു. “അനുവദിച്ചുകിട്ടിയ ഭൂമിയിൽ, അനന്തരാവകാശിയുടെ പേരിൽ മാറ്റം വരുത്താൻ മാത്രമേ പോർട്ടലിലൂടെ സാധിക്കൂ” എന്ന് അവർ സൂചിപ്പിച്ചു. അനുവദിച്ചുകിട്ടിയ ഭൂമി, വിൽക്കാൻ സാധിക്കില്ല. അനന്തരാവകാശികൾക്ക് കൈമാറാനേ സാധിക്കൂ.

തന്റെ ഇളയ മകൻ ഗോവർദ്ധന്റെ കൂടെ, ഗിർഗത്പല്ലിയിലെ ഒരു താത്ക്കാലിക വീട്ടിൽ താമസിക്കുകയാണ് ബദ്യ. അദ്ദേഹത്തിന്റെ ഭാര്യ ആറുവർഷം മുമ്പ് മരിച്ചുപോയി.

റൈത്തു ബന്ധുവിൽനിന്നുള്ള പണം കിട്ടുന്നില്ലെന്ന് മാത്രമല്ല, മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽനിന്ന് (എം.എൻ.ആർ.ഇ.ജി.എ) കിട്ടിയിരുന്ന 250 രൂപ പ്രതിദിന വരുമാനവും അദ്ദേഹത്തിനിപ്പോൾ കിട്ടുന്നില്ല. അദ്ദേഹത്തിന്റെ ഗിർഗത്പല്ലി ഗ്രാമം വികാരബാദ് നഗരസഭയിൽ ലയിച്ചതാണ് അതിനുള്ള കാരണം.

2021-ൽ തന്റെ പേരിൽ മാറ്റം വരുത്തണമെന്നഭ്യർത്ഥിച്ച് അദ്ദേഹം വികാരബാദ് റവന്യൂ വകുപ്പിൽ ഒരു പരാതിയപേക്ഷ കൊടുത്തുവെങ്കിലും ഒരു നടപടിയുമുണ്ടായില്ല.

“ആ സ്ഥലം വിൽക്കാനാണ് എന്റെ ഇളയ മകൻ പറയുന്നത്. ആ പൈസയ്ക്ക് ഒരു കാർ വാങ്ങി ടാക്സിയോടിക്കാമെന്ന് അവൻ പറയുന്നുണ്ട്. പക്ഷേ ഞാനത് ചെയ്തില്ല. അതായിരുന്നു ഒരുപക്ഷേ ഞാൻ ചെയ്യേണ്ടിയിരുന്നത്”, ബദ്യ പറഞ്ഞു.

*****

'Cotton is the only crop we can plant due to the lack of money and water in the region,' says Ramulu.
PHOTO • Amrutha Kosuru
Rajeshwari making jonne roti in their home in Yenkepalle village
PHOTO • Amrutha Kosuru

‘പ്രദേശത്ത് വെള്ളവും സാമ്പത്തികസ്ഥിതിയും ഇല്ലാത്തതിനാൽ, ഞങ്ങൾക്ക് ചെയ്യാവുന്ന കൃഷി പരുത്തി മാത്രമാണ്’ എന്ന് രാമുലു പറയുന്നു. യെങ്കപ്പല്ലെ ഗ്രാമത്തിലെ അവരുടെ വീട്ടിനകത്ത് ജോനെ റൊട്ടി ഉണ്ടാക്കുകയായിരുന്നു രാജേശ്വരി

ഒടുവിൽ 2022 നവംബറിൽ, പോർട്ടലിൽ കാണാതെ പോയ സർവ്വേ നമ്പറുകളെക്കുറിച്ച് ഒരു അപേക്ഷ രാജേശ്വരിയും രാമുലുവും ചേർന്ന് വികാരബാദിലെ കളക്ടറുടെ ഓഫീസിൽ സമർപ്പിച്ചു.

അതിനുശേഷം, ആഴ്ചയിലൊരിക്കൽ എന്ന മട്ടിൽ അവർ കോട്ടപ്പള്ളി തഹസിൽദാർ ഓഫീസിലും വികാരബാദ് കളക്ടറുടെ ഓഫീസിലും കയറിയിറങ്ങാൻ തുടങ്ങി. വികാരബാദ് കളകടറുടെ ഓഫീസ് അവരുടെ വീട്ടിൽനിന്ന് 30 കിലോമീറ്റർ അകലെയാണ്. വീട്ടിൽനിന്ന് അങ്ങോട്ടും തിരിച്ചും ബസ്സിൽ പോയിവരാൻ ഒരാൾക്ക് 45 രൂപ വേണം. സാധാരണയായി അവർ അതിരാവിലെ പുറപ്പെട്ട് വൈകീട്ടുമാത്രമേ വീട്ടിൽ തിരികെയെത്തൂ. “ഞങ്ങളുടെ രണ്ട് കുട്ടികളും സ്കൂളിലേക്ക് പോവും. പാസ്സ്ബുക്ക് കിട്ടുമെന്ന പ്രതീക്ഷയിൽ ഞങ്ങളും പോവും”, രാജേശ്വരി പറഞ്ഞു.

2018-ന്റെ അവസാനം മുതൽ ബർവാദിലെ തങ്ങളുടെ 1.28 ഏക്കർ ഭൂമിയിൽ കൃഷി ചെയ്യാൻ തുടങ്ങിയതാണ് അവരിരുവരും. “ഞങ്ങൾ ജൂണിൽ പരുത്തി നടും. ജനുവരി പകുതിയോടെ അത് പൂവിടും. ഞങ്ങളുടെ നാട്ടിൽ വെള്ളവും പണവും അധികമില്ലാത്തതിനാൽ, പരുത്തി മാത്രമേ കൃഷി ചെയ്യാനാവൂ”, രാമുലു പറഞ്ഞു. വർഷം‌തോറും അവർ ഒരു ക്വിന്റൽ പരുത്തി വിളവെടുത്ത്, 7,750 രൂപയ്ക്ക് വിൽക്കും.

പാസ്സ്ബുക്കില്ലാത്തതിനാൽ റൈത്തു ബന്ധുവിൽനിന്നുള്ള ആനുകൂല്യങ്ങളും അവർക്ക് കിട്ടുന്നില്ല. എട്ട് ഗഡുക്കളിൽനിന്നായി 40,000 രൂപയോളം തങ്ങൾക്ക് നഷ്ടമായെന്ന് ആ ദമ്പതിമാർ പറഞ്ഞു.

അവർക്ക് ആ കുടിശ്ശിക കിട്ടാൻ സാധ്യതയില്ലെന്ന് ഭാർഗ്ഗവി സൂചിപ്പിച്ചു.

Left: Rangayya finds it odd that he doesn't get money under Rythu Bandhu but recieves money under a central government's scheme.
PHOTO • Amrutha Kosuru
Right: Rajeshwari and Ramulu have started herding goats after taking a loan from a moneylender
PHOTO • Amrutha Kosuru

ഇടത്ത്: റൈത്തു ബന്ധുവിന്റെ കീഴിൽ സാമ്പത്തികസഹായമൊന്നും കിട്ടാതിരിക്കുകയും എന്നാൽ കേന്ദ്രസർക്കാരിന്റെ പദ്ധതിക്ക് കീഴിൽ പണം കിട്ടുകയും ചെയ്യുന്നത് വിചിത്രമായി രംഗയ്യയ്ക്ക് തോന്നുന്നു. വലത്ത്: ഒരു സ്വകാര്യ പണമിടപാടുകാരനിൽനിന്ന് കടമെടുത്ത് ആടുകളെ മേയ്ക്കാൻ തുടങ്ങിയിരിക്കുകയാണ് രാമുലുവും രാജേശ്വരിയും

റൈത്തു ബന്ധു പദ്ധതിയിൽനിന്ന് പണമൊന്നു കിട്ടാത്തതിനാൽ, ജൂൺ മുതൽ ഡിസംബർവരെയുള്ള കാലത്ത്, അരിച്ചോളവും മഞ്ഞളുമൊക്കെ കൃഷി ചെയ്യാനേ സാധിക്കുന്നുള്ളുവെന്ന് ബൊപ്പന‌വരത്തിലെ രംഗയ്യ പറഞ്ഞു.

ആകെയുള്ള ഒരാശ്വാസം, കേന്ദ്രസർക്കാരിന്റെ പോർട്ടലിൽ അദ്ദേഹത്തിന്റെ പേർ തിരിച്ചറിയുന്നു എന്നതാണ്. പ്രധാൻ മന്ത്രി കിസാൻ സമ്മാൻ നിധി (പി.എം-കിസാൻ ) പദ്ധതിയിലൂടെ സാമ്പത്തിക സഹായം അദ്ദേഹത്തിന് ലഭിക്കുന്നുണ്ട്. ആധാറുമായി ബന്ധപ്പെട്ട ബാങ്ക് അക്കൌണ്ടിലേക്ക് വർഷം‌തോറും ചെറുകിട-ഇടത്തരം കർഷകർക്ക് 6,000 രൂപ കിട്ടുന്ന പദ്ധതിയാണ് അത്.

“കേന്ദ്രസർക്കാരിന് എന്നെ ഒരു ഗുണഭോക്താവായി കാണാൻ കഴിയുന്നുണ്ടെങ്കിൽ പിന്നെ എന്തുകൊണ്ടാണ് സംസ്ഥാന സർക്കാർ എന്നെ അവരുടെ പട്ടികയിൽനിന്ന് നീക്കംചെയ്തത്”, രംഗയ്യ ചോദിച്ചു. “ധരണി ആരംഭിച്ചതിനുശേഷമാണ് ഇതൊക്കെ സംഭവിച്ചത്”.

*****

ഭൂവുടമകളായി അംഗീകരിക്കപ്പെടാനുള്ള അനന്തമായ കാത്തിരിപ്പിൽ മനം മടുത്ത് ഒടുവിൽ 2023 ജനുവരിയിൽ, രാജേശ്വരിയും രാമുലുവും ആട് പരിപാലനത്തിലേക്ക് തിരിഞ്ഞു. പരമ്പരാഗതമായി മൃഗങ്ങളെ മേയ്ക്കുന്ന പണി ചെയ്യുന്ന ഗൊല്ല സമുദായക്കാരാണ് അവർ. മാസം 3 രൂപ പലിശയ്ക്ക് 1,00,000 രൂപ ഒരു സ്വകാര്യ പണമിടപാടുകാരനിൽനിന്ന് കടമെടുത്ത് അദ്ദേഹം 12 ആടുകളെ വാങ്ങി. മാസത്തിൽ 3,000 രൂപ പലിശയിനത്തിൽ മാത്രം തിരിച്ചടക്കേണ്ടതുണ്ട്.

“കുറച്ച് മാസങ്ങൾ കഴിഞ്ഞാൽ, ഞങ്ങൾ ആടുകളെ വിൽക്കാൻ തുടങ്ങും. ആട്ടിൻ‌കുട്ടികൾക്ക് ഒന്നിന് 2,000 - 3,000 രൂപവെച്ച് കിട്ടും. വലുതിന്, അവയുടെ ആരോഗ്യത്തിനനുസരിച്ച്, 5,000 – 6,000 രൂപയും.

ഇനി ഒരു വർഷം‌കൂടി പാസ്സ്ബുക്കിനായുള്ള ശ്രമം തുടരാനാണ് ഈ ദമ്പതിമാരുടെ തീരുമാനം. “ഒരുപക്ഷേ ഒരു ഭൂവുടമയാവാൻ എനിക്ക് യോഗമില്ലായിരിക്കും”, രാജേശ്വരി പറഞ്ഞു. അവരുടെ ശബ്ദത്തിൽ നിരാശ പ്രതിഫലിച്ചിരുന്നു.

രംഗ് ദേയുടെ ഗ്രാന്റിന്റെ സഹായത്തോടെയാണ് ലേഖനം തയ്യാറാക്കിയിരിക്കുന്നത് .

പരിഭാഷ: രാജീവ് ചേലനാട്ട്

Amrutha Kosuru

امریتا کوسورو، ۲۰۲۲ کی پاری فیلو ہیں۔ وہ ایشین کالج آف جرنلزم سے گریجویٹ ہیں اور اپنے آبائی شہر، وشاکھاپٹنم سے لکھتی ہیں۔

کے ذریعہ دیگر اسٹوریز Amrutha Kosuru
Editor : Sanviti Iyer

سنویتی ایئر، پیپلز آرکائیو آف رورل انڈیا کی کنٹینٹ کوآرڈینیٹر ہیں۔ وہ طلباء کے ساتھ بھی کام کرتی ہیں، اور دیہی ہندوستان کے مسائل کو درج اور رپورٹ کرنے میں ان کی مدد کرتی ہیں۔

کے ذریعہ دیگر اسٹوریز Sanviti Iyer
Translator : Rajeeve Chelanat

Rajeeve Chelanat is based out of Palakkad, Kerala. After spending 25 years of professional life in the Gulf and Iraq, he returned home to work as a proof reader in the daily, Mathrubhumi. Presently, he is working as a Malayalam translator.

کے ذریعہ دیگر اسٹوریز Rajeeve Chelanat