ഗുൽമാർഗ് കാണാനെത്തുന്ന സഞ്ചാരികളെ സ്വന്തം സ്ലെഡ്ജിൽ മഞ്ഞ് മൂടിയ കുന്നിൻചെരിവുകളിലൂടെ ചുറ്റിക്കാണിക്കാനായി തയ്യാറെടുപ്പുകൾ നടത്തി കാത്തിരിക്കുകയായിരുന്നു അബ്ദുൾ വഹാബ് ഠോക്കർ. എന്നാൽ, 2024 ജനുവരി 24-നു ഠോക്കർ നിരാശാഭരിതനായി തന്റെ വണ്ടിയുടെ മുകളിലെ ആ ദാരുണ ദൃശ്യത്തിലേക്ക് നോക്കി ഇരുന്നു - മഞ്ഞ് ഒട്ടും ഇല്ലാതെ, തവിട്ട് നിറത്തിൽ കിടക്കുന്ന ഭൂമി.

"ഇത് ചില-ഇ-കലാൻ (ശൈത്യകാലത്തെ ഏറ്റവും തണുപ്പുള്ള ദിനങ്ങൾ) ആയിട്ടുപോലും ഗുൽമാർഗിൽ മഞ്ഞില്ല," ആ 43 വയസ്സുകാരൻ സംഭ്രമത്തോടെ പറയുന്നു. 25 വർഷം മുൻപ് സ്ലെഡ്ജ് വലിക്കുന്ന ജോലി ചെയ്ത് തുടങ്ങിയതിനുശേഷം താൻ ഇങ്ങനെയൊരു സാഹചര്യം നേരിട്ടിട്ടില്ലെന്നും ഭയം തോന്നുകയാണെന്നും അദ്ദേഹം പറയുന്നു. "ഈ അവസ്ഥ തുടർന്നാൽ, ഞങ്ങൾ അധികം വൈകാതെ കടത്തിലാകും."

കേന്ദ്രഭരണ പ്രദേശമായ ജമ്മു ആൻഡ് കാശ്മീരിലെ ബാരാമുള്ള ജില്ലയിലുള്ള പ്രശസ്ത സുഖവാസ കേന്ദ്രമാണ് ഗുൽമാർഗ്. ഇവിടത്തെ മഞ്ഞ് മൂടിയ കൊടുമുടികൾ കാണാൻ എല്ലാ വർഷവും ലോകത്തെമ്പാടുനിന്നും ദശലക്ഷക്കണക്കിന് സഞ്ചാരികൾ എത്താറുണ്ട്.  നാട്ടുകാരായ 2,000-ത്തോളം ആളുകളും ( 2011-ലെ സെൻസസ്) ഠോക്കറിനെപ്പോലെ ജോലിയ്ക്കായി ഇവിടേയ്ക്ക് യാത്ര ചെയ്യുന്നവരും അടങ്ങുന്ന പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ താങ്ങിനിർത്തുന്നതിൽ, ഉൾപ്പെടുന്ന വിനോദസഞ്ചാര മേഖല പ്രധാന പങ്ക് വഹിക്കുന്നു.

ബാരമുള്ളയിലെ കലാൻതാർ ഗ്രാമവാസിയായ ഠോക്കർ, ജോലി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് നിത്യേന പ്രാദേശിക ഗതാഗതമാർഗ്ഗങ്ങൾ ഉപയോഗിച്ച് 30 കിലോമീറ്റർ യാത്ര ചെയ്ത് ഇവിടെ എത്തുന്നത്. "ഇന്നിപ്പോൾ ഒരു കസ്റ്റമർ വന്നാൽപ്പോലും, സ്ലെഡ്ജിന് നീങ്ങാൻ വേണ്ട മഞ്ഞില്ലാത്തത് കാരണം 150-200 രൂപ മാത്രമേ ലഭിക്കുന്നുള്ളൂ," അദ്ദേഹം പറയുന്നു. "(നേരത്തെ മഞ്ഞുരുകിയുണ്ടായ) വെള്ളം ഉറഞ്ഞുകിടക്കുന്ന ഭാഗങ്ങളിലൂടെ യാത്രക്കാരെ കൊണ്ടുപോകുക മാത്രമേ ഇപ്പോൾ ഞങ്ങൾക്ക് ചെയ്യാനുള്ളൂ."

"ശൈത്യകാലത്ത് ഗുൽമാർഗ് സഞ്ചാരികൾക്ക് ഒരു 'മാസ്മരിക അനുഭവം' സമ്മാനിക്കുന്നു" എന്നാണ് ജമ്മു ആൻഡ് കാശ്മീരിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് പറയുന്നത്. "മഞ്ഞിന്റെ വെളുത്ത കമ്പളം പൊതിഞ്ഞുനിൽക്കുന്ന ഗുൽമാർഗ് സ്‌കീയർമാരുടെ പറുദീസയാണ്. അധികമാരും കടന്നുചെന്നിട്ടില്ലാത്ത, പ്രകൃതിജന്യമായ ഇവിടത്തെ കുന്നിൻചെരിവുകൾ വിദഗ്ധരായ സ്‌കീയർമാർക്കുപോലും വെല്ലുവിളി ഉയർത്തുന്നു!'"

Due to no snowfall, sledge pullers in Gulmarg have switched to taking customers for rides on frozen water
PHOTO • Muzamil Bhat
Due to no snowfall, sledge pullers in Gulmarg have switched to taking customers for rides on frozen water
PHOTO • Muzamil Bhat

മഞ്ഞ് പെയ്യാത്തതുമൂലം, ഗുൽമാർഗിൽ സ്ലെഡ്ജ് വലിക്കുന്ന ജോലി ചെയ്യുന്നവർ വെള്ളം ഉറഞ്ഞുകിടക്കുന്നതിനു മുകളിലൂടെ കസ്റ്റമേഴ്സ്റ്റിനെ കൊണ്ടുപോകാൻ തുടങ്ങിയിരിക്കുകയാണ്

എന്നാൽ അതിൽ അല്പംപോലും സത്യമില്ലെന്ന് ഗുൽമാർഗ് സന്ദർശിക്കുമ്പോൾ വ്യക്തമാകും. ഈ ശൈത്യകാലത്ത്, കാലാവസ്ഥാ വ്യതിയാനം ഹിമാലയൻചെരിവുകളിൽ കഴിയുന്നവരുടെ ഉപജീവനത്തെ തകർത്തെറിഞ്ഞിരിക്കുകയാണ്. മഞ്ഞ് വീണ് പുൽമേടുകൾ രൂപപ്പെടുന്നതിനെ ആശ്രയിച്ചാണ് കന്നുകാലികൾ മേയ്ക്കുന്നവരുടെ ഉപജീവനം എന്നതുകൊണ്ടുതന്നെ, മഞ്ഞ് വീഴ്ചയിലെ കുറവ് അവരെ സംബന്ധിച്ചിടത്തോളം, പാരിസ്ഥിതികമായും സാമ്പത്തികമായും ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നു. "ആഗോളതലത്തിൽ കാലാവസ്ഥയിലുണ്ടാകുന്ന മാറ്റം കാശ്‌മീർ പ്രദേശത്തെയും ബാധിക്കുന്നുണ്ട്," കാശ്മീർ സർവ്വകലാശാലയിലെ എൻവയൺമെന്റ് ആൻഡ് സയൻസ് വിഭാഗത്തിലെ ശാസ്ത്രജ്ഞനായ ഡോക്ടർ മുഹമ്മദ് മുസ്ലിം പറയുന്നു.

ഠോക്കറുടെ വരുമാനത്തിന്റെ കാര്യംതന്നെയെടുക്കാം: മെച്ചപ്പെട്ട ജോലിലഭ്യത ഉള്ള വർഷങ്ങളിൽ തനിക്ക് ഒരു ദിവസം 1,200 രൂപവരെ സമ്പാദിക്കാൻ കഴിയാറുണ്ടെന്ന് അദ്ദേഹം പറയുന്നു. എന്നാൽ ഇന്ന്, യാത്രാച്ചിലവുകളും കുടുംബച്ചിലവുകളും ചേർന്ന് വരവിനേക്കാൾ ചിലവ് കൂടുതലാകുന്ന സ്ഥിതിയിലാണ് അദ്ദേഹം. "ഇവിടെനിന്ന് എനിക്ക് 200 രൂപ മാത്രമാണ് കിട്ടുന്നത്, പക്ഷെ അതിനായി ഞാൻ 300 രൂപ മുടക്കണം," അദ്ദേഹം വിഷമത്തോടെ പറയുന്നു. ഠോക്കറും അദ്ദേഹത്തിന്റെ ഭാര്യയും അവർക്കുള്ള തുച്ഛമായ സമ്പാദ്യത്തിൽനിന്നാണ് കൗമാരപ്രായക്കാരായ രണ്ട് മക്കളുൾൾപ്പെടുന്ന കുടുംബത്തിനാവശ്യമായ പണം കണ്ടെത്തുന്നത്.

ഈ വർഷം മഞ്ഞുവീഴ്ചയിലുണ്ടായ കുറവ്, 'പശ്ചിമ അസ്വസ്ഥത' എന്ന പ്രതിഭാസത്തിൽ വന്ന മാറ്റങ്ങൾ കാരണമാണെന്ന് ഡോക്ടർ മുസ്ലിം പറയുന്നു. മെഡിറ്ററേനിയൻ കടലിൽ രൂപംകൊള്ളുന്ന ചക്രവാതങ്ങൾ, ജെറ്റ് വായുപ്രവാഹത്തിന്റെ (ശക്തമായ കാറ്റുകൾ) സ്വാധീനത്തിൽ കിഴക്കോട്ടേയ്ക്ക് നീങ്ങുകയും ക്രമേണ പാകിസ്താനിലും വടക്കേ ഇന്ത്യയിലും മഴയ്ക്കും മഞ്ഞുവീഴ്ചയ്ക്കും കാരണമാകുകയും ചെയ്യുന്ന കാലാവസ്ഥാപ്രക്രിയയെയാണ് ‘പടിഞ്ഞാറൻ അസ്വസ്ഥത‘ എന്ന് വിശേഷിപ്പിക്കുന്നത്. ഈ പ്രദേശങ്ങളിലെ ജലസുരക്ഷ, കൃഷി, വിനോദസഞ്ചാരമേഖല എന്നിവയ്‌ക്കെല്ലാം ഇത് നിർണ്ണായകമാണ്.

തലസ്ഥാന നഗരമായ ശ്രീനഗറിൽ,  ഇക്കഴിഞ്ഞ ജനുവരി 13-ന് 15 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തുകയുണ്ടായി; രണ്ട് ദശാബ്ദത്തിനിടെ ഇവിടെ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും ഉയർന്ന താപനിലയായിരുന്നു ഇത്. ഇതേസമയത്ത്, വടക്കേ ഇന്ത്യയിലെ മറ്റ് പല പ്രദേശങ്ങളിലെയും താപനില ഒരുപാട് ഡിഗ്രി കുറവായിരുന്നു എന്നത് പ്രധാനമാണ്.

“ഇതുവരെയായി കശ്മീരിൽ എവിടേയും ഞങ്ങൾക്ക് കാര്യമായ മഞ്ഞുവീഴ്ച കിട്ടിയിട്ടില്ല. ചൂട് കൂടാൻ പോവുകയുമാണ്. ജനുവരി 15-ന് പഹൽഗാമിൽ, ഏറ്റവും ഉയർന്ന താപനിലയായ 14.1 ഡിഗ്രി സെൽ‌ഷ്യസാണ് ഉണ്ടായത്. ഇതിനുമുമ്പുണ്ടായിരുന്ന ഏറ്റവും ഉയർന്ന താപനില 2018-ൽ 13.8 ഡിഗ്രി സെൽ‌ഷ്യസായിരുന്നു”, ശ്രീനഗറിലെ കാലാവസ്ഥാകേന്ദ്രത്തിലെ ഡയറക്ടറായ ഡി. മുക്താർ അഹമ്മദ് പറയുന്നു.

സോൺ‌മാർഗ്ഗിലും പഹൽ‌ഗാമിലും കാര്യമായ മഞ്ഞുവീഴ്ച ഉണ്ടായിട്ടില്ല. താപനില ഉയർന്നുകൊണ്ടിരിക്കുന്നതുമൂലം പ്രദേശത്തെ ശൈത്യകാലത്തിനും ചൂടേറുന്നു. ഹിമാലയങ്ങളിലെ താപനിരക്ക് ആഗോളതാപനത്തേക്കാൾ കൂടുതലാണെന്ന് കഴിഞ്ഞ ദശകത്തിൽ നടത്തിയ നിരവധി പഠനങ്ങൾ സൂചിപ്പിക്കുന്നു. കാലാവസ്ഥാ മാറ്റം ലോകത്ത് ഏറ്റവുമധികം ബാധിക്കുന്ന പ്രദേശമായി ഈ മേഖല മാറിക്കഴിഞ്ഞു.

Left: Gulmarg in January 2024; normally there is 5-6 feet of snow covering this area.
PHOTO • Muzamil Bhat
Right: Mudasir Ahmad shows a photo of snow-clad mountains in January 2023
PHOTO • Muzamil Bhat

ഇടത്: 2024 ജനുവരിയിലെ ഗുൽമാർഗ്. സാധാരണ ഈ സമയത്ത് ഇവിടെ 5-6 അടി ഉയരത്തിൽ മഞ്ഞ് മൂടിക്കിടക്കുന്നതാണ്. വലത്: 2023 ജനുവരിയിൽ കൊടുമുടികൾ മഞ്ഞ് മൂടിക്കിടന്നിരുന്നതിന്റെ ഫോട്ടോ മുദാസിർ അഹമ്മദ് കാണിച്ചുതരുന്നു

ഇത്തവണത്തെ ശൈത്യകാലത്ത് കാണുന്ന ഭൂപ്രകൃതിയെ പ്രദേശവാസികൾ 'മരുഭൂമി' എന്നാണ് വിശേഷിപ്പിക്കുന്നത്; വിനോദസഞ്ചാരമേഖലയിൽ ഇതുണ്ടാക്കുന്ന പ്രത്യാഘാതം നിസ്സാരമല്ല. ഹോട്ടൽ നടത്തുന്നവർ, ഗൈഡുകൾ, സ്ലെഡ്ജ് വലിക്കുന്നവർ, സ്കീ ഇൻസ്ട്രക്റ്റർമാർ, എ.ടി.വി (ഓൾ ടെറെയ്ൻ വെഹിക്കിൾ) ഡ്രൈവർമാർ തുടങ്ങി പലതരം ജോലികൾ ചെയ്യുന്നവർ എല്ലാവരും പ്രതിസന്ധി നേരിടുകയാണ്.

"ജനുവരി മാസത്തിൽ മാത്രം 150 ബുക്കിങ്ങുകൾ ക്യാൻസലായി. ഈ സ്ഥിതി തുടർന്നാൽ, അത് ഇനിയും കൂടാനാണ് സാധ്യത," ഗുൽമാർഗിലെ ഹോട്ടൽ ഖലീൽ പാലസിന്റെ മാനേജരായ മുദാസിർ അഹമ്മദ് പറയുന്നു. "എന്റെ ജീവിതത്തിൽ ഒരിക്കൽപ്പോലും ഇത്രയും മോശം കാലാവസ്ഥ ഞാൻ കണ്ടിട്ടില്ല," ആ 29 വയസ്സുകാരൻ പറയുന്നു. മുദാസിറിന്റെ കണക്കുകൂട്ടൽ അനുസരിച്ച്, ഈ സീസണിൽ അദ്ദേഹം നേരിട്ട നഷ്ടം ഇപ്പോൾത്തന്നെ 15 ലക്ഷത്തിനടുത്തുവരും.

ഹിൽടോപ് ഹോട്ടലിലെ ജീവനക്കാരും പറയുന്നത് പലരും ബുക്കിംഗ് അവസാനിക്കുന്നതിന് മുൻപുതന്നെ മുറി ഒഴിഞ്ഞുപോകുന്നുണ്ടെന്നാണ്. "മഞ്ഞ് കാണാൻ ഇവിടെ എത്തുന്ന അതിഥികൾ നിരാശരായി മടങ്ങുകയാണ്. എല്ലാ ദിവസവും, ഒരുപാട് പേർ നിശ്ചയിച്ചതിലും നേരത്തെ മടങ്ങിപ്പോകുന്നുണ്ട്," 90-പേർ ജോലി ചെയ്യുന്ന ഹിൽടോപ്പിലെ മാനേജരായ, 35 വയസ്സുകാരൻ ഇജാസ് ഭട്ട് പറയുന്നു. ഗുൽമാർഗിലെ മിക്ക ഹോട്ടലുകളിലും ഇതുതന്നെയാണ് സ്ഥിതി എന്ന് പറഞ്ഞ് അദ്ദേഹം കൂട്ടിച്ചേർക്കുന്നു," കഴിഞ്ഞ വർഷം ഈ സമയമായപ്പോഴേക്കും ഞങ്ങൾക്ക് 5-6 അടി ഉയരത്തിൽ മഞ്ഞ് ലഭിച്ചിടത്ത്, ഈ വർഷം ഏതാനും ഇഞ്ച് ഉയരത്തിൽമാത്രമാണ് മഞ്ഞ്  വീണിട്ടുള്ളത്."

ഇത്തരത്തിലുള്ള പ്രതികൂല കാലാവസ്ഥാ മാറ്റങ്ങൾക്ക് കാരണം പ്രദേശവാസികൾതന്നെയാണെന്നാണ് സ്കീ ഗൈഡായി ജോലി ചെയ്യുന്ന ജാവൈദ് അഹമ്മദ് റീഷി അഭിപ്രായപ്പെടുന്നത്. "ഗുൽമാർഗിൽ വന്ന് അതിനെ നശിപ്പിക്കുന്നതിന് ഒരു വിനോദസഞ്ചാരിയെ പഴി ചാരാൻ എനിക്ക് സാധിക്കില്ല" ആ 41 വയസ്സുകാരൻ പറയുന്നു. "ഇവിടത്തുകാർ തങ്ങളുടെ പ്രവൃത്തികൊണ്ട് ഗുൽമാർഗിനെ തകർത്തിരിക്കുകയാണ്."

Javaid Reshi displays ski gear outside his hut in Gulmarg. Lack of snow in January has affected his livelihood
PHOTO • Muzamil Bhat

ജാവൈദ് റീഷി ഗുൽമാർഗിലുള്ള തന്റെ കുടിലിന് പുറത്ത് സ്കീ ഉപകരണങ്ങൾ പ്രദർശിപ്പിക്കുന്നു. ജനുവരിയിലെ മഞ്ഞുവീഴ്ചയിലുണ്ടായ കുറവ് അദ്ദേഹത്തിന്റെ ഉപജീവനത്തെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്

Left: 'People don’t want to ride ATV on the road, they like to ride it on snow,' says Mushtaq Bhat, an ATV driver in Gulmarg.
PHOTO • Muzamil Bhat
Right: With no business, many drivers have packed and covered their vehicles in plastic
PHOTO • Muzamil Bhat

ഇടത്: 'ആളുകൾ എ.ടി.വി റോഡിലൂടെയല്ല, മഞ്ഞിലൂടെ ഓടിക്കാനാണ് ഇഷ്ടപ്പെടുന്നത്,' ഗുൽമാർഗിൽ എ.ടി.വി ഡ്രൈവറായി ജോലി ചെയ്യുന്ന മുഷ്താഖ്  ഭട്ട് പറയുന്നു. വലത്: ബിസിനസ് ഇല്ലാതായതോടെ പല ഡ്രൈവർമാരും തങ്ങളുടെ വാഹനങ്ങൾ പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ് മൂടിവെച്ചിരിക്കുകയാണ്

എ.ടി.വി ഡ്രൈവറായ മുഷ്താഖ് അഹമ്മദ് ഭട്ട് ഒരു ദശാബ്ദത്തോളമായി ഓഫ്-റോഡ് വാഹനങ്ങൾ ഓടിക്കുന്നു. ശൈത്യകാലത്ത് മഞ്ഞുവീഴ്ച കഠിനമാകുമ്പോൾ, എ.ടി.വികളിൽ മാത്രമേ സഞ്ചരിക്കാൻ സാധിക്കുകയുള്ളൂ. ഒന്നരമണിക്കൂർവരെ നീളുന്ന യാത്രയ്ക്ക് ഡ്രൈവർമാർ 1,500 രൂപവരെ ഈടാക്കാറുണ്ട്.

വാഹനങ്ങളുടെ എണ്ണത്തിലുണ്ടായിട്ടുള്ള വർദ്ധനവ് ഈ പ്രദേശത്തിന്റെ സൂക്ഷ്മ കാലാവസ്ഥയെ ദോഷകരമായി ബാധിക്കുന്നുണ്ടെന്നാണ് മുഷ്‌താഖിന്റെയും അഭിപ്രായം. "ഗുൽമാർഗ് ബൗളിലേയ്ക്ക് (ആകാശവീക്ഷണത്തിൽ ഗുൽമാർഗിന് ഒരു പാത്രത്തിന്റെ ആകൃതിയാണ്) വണ്ടികൾ കയറ്റിവിടുന്നത് അധികാരികൾ നിർത്തണം. വണ്ടികളുടെ ബാഹുല്യം ഇവിടത്തെ പച്ചപ്പ് നശിക്കുന്നതിനും മഞ്ഞുവീഴ്ച  ഇല്ലാതാകുന്നതിനും കാരണമാകുന്നുണ്ട്. ഞങ്ങളുടെ വരുമാനം ഗണ്യമായി കുറയുന്നതിനും അത് ഇടയാക്കുന്നു," 40 വയസ്സുള്ള മുഷ്താഖ് പറയുന്നു.

കഴിഞ്ഞ മൂന്ന് ദിവസമായി ഒരു കസ്റ്റമർപോലും ഉണ്ടായിട്ടില്ലെന്നത് മുഷ്താഖിനെ ഭയപ്പെടുത്തുന്നുണ്ട്; പ്രത്യേകിച്ചും,10 ലക്ഷം രൂപ വായ്പ എടുത്താണ് അദ്ദേഹം തന്റെ എ.ടി.വി വാങ്ങിയത് എന്നിരിക്കെ. വാഹനം വാങ്ങിക്കുമ്പോൾ, മുന്നോട്ടുള്ള വർഷങ്ങളിൽ മെച്ചപ്പെട്ട ബിസിനസ് ഉണ്ടാകുമെന്നും വളരെ പെട്ടെന്നുതന്നെ വായ്പ തിരിച്ചടയ്ക്കാൻ കഴിയുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ കണക്കുകൂട്ടൽ". വായ്പ തിരിച്ചടയ്ക്കാൻ സാധിക്കില്ലെന്നും ഈ വേനൽക്കാലത്ത് എന്റെ എ.ടി.വി വിൽക്കേണ്ടിവരുമെന്നുമാണ് ഇപ്പോൾ എനിക്ക് തോന്നുന്നത്."

വസ്ത്രങ്ങൾ വാടകയ്ക്ക് കൊടുക്കുന്ന കടകളിൽപ്പോലും ജീവനക്കാരെ അല്ലാതെ മറ്റാരെയും കാണാനില്ല. "ഗുൽമാർഗ് കാണാനെത്തുന്ന സഞ്ചാരികൾക്ക് കോട്ടുകളും മഞ്ഞിൽ നടക്കാൻ സഹായിക്കുന്ന ബൂട്ടുകളും കൊടുക്കുകയാണ് ഞങ്ങൾ ചെയ്യുന്നത്.  അതുകൊണ്ടുതന്നെ ഞങ്ങളുടെ ബിസിനസ്സ് പൂർണ്ണമായും മഞ്ഞുവീഴ്ചയെ ആശ്രയിച്ചാണിരിക്കുന്നത്. ഈ ദിവസങ്ങളിൽ ഞങ്ങൾക്ക് 500-1000 രൂപപോലും ലഭിക്കുന്നില്ല," ഗുൽമാർഗിൽനിന്ന് അരമണിക്കൂർ ദൂരത്തിലുള്ള ടാങ്മാർഗ് പട്ടണത്തിൽ, കോട്ട് ആൻഡ് ബൂട്ട് സ്റ്റോർസ് എന്ന് പരക്കെ അറിയപ്പെടുന്ന, വസ്ത്രങ്ങൾ വാടകയ്ക്ക് കൊടുക്കുന്ന കടയിൽ ജോലിചെയ്യുന്ന 30 വയസ്സുകാരനായ ഫയാസ് അഹമ്മദ് ദിദഡ് പറയുന്നു.

Left: Local warm clothing rental shops in Tanmarg, popularly called Coat and Boot stores are empty.
PHOTO • Muzamil Bhat
Right: Fayaz Ahmed (left) and Firdous Ahmad (right) are hoping that it will snow and business will pick up
PHOTO • Muzamil Bhat

ഇടത്: ടാങ്മാർഗിൽ, കോട്ട് ആൻഡ് ബൂട്ട് സ്റ്റോർസ് എന്ന് പരക്കെ അറിയപ്പെടുന്ന, ചൂട് പകരുന്ന വസ്ത്രങ്ങൾ വാടകയ്ക്ക് കൊടുക്കുന്ന കടകൾ ഒഴിഞ്ഞുകിടക്കുന്നു. വലത്: ഫയാസ് അഹമ്മദും (ഇടത്) ഫിർദൗസ് അഹമ്മദും (വലത്) മഞ്ഞ് പെയ്യുമെന്നും ബിസിനസ് മെച്ചപ്പെടുമെന്നുമുള്ള പ്രതീക്ഷയിലാണ്

Employees of clothing rental shops watch videos on their mobile phones (left) or play cricket in a nearby ground as they wait for work
PHOTO • Muzamil Bhat
Employees of clothing rental shops watch videos on their mobile phones (left) or play cricket in a nearby ground as they wait for work
PHOTO • Muzamil Bhat

വസ്ത്രങ്ങൾ വാടകയ്ക്ക് കൊടുക്കുന്ന കടകളിലെ തൊഴിലാളികൾ ജോലി പ്രതീക്ഷിച്ച് ഇരിക്കുന്നതിനിടെ മൊബൈൽ ഫോണുകളിൽ വീഡിയോ കാണുകയോ (ഇടത്) അടുത്തുള്ള മൈതാനത്ത് ക്രിക്കറ്റ് കളിക്കുകയോ ചെയ്യുന്നു

ദിദഡും കടയിലെ മറ്റ് 11 തൊഴിലാളികളും മഞ്ഞ് പെയ്യാനും മുൻകാലങ്ങളിലെപ്പോലെ മെച്ചപ്പെട്ട വരുമാനത്തിനുമായി അക്ഷമരായി കാത്തിരിക്കുകയാണ്; നേരത്തെ, 200 രൂപവെച്ച് 200 കോട്ടുകളും ജാക്കറ്റുകളും വാടകയ്ക്ക് നൽകി ദിവസത്തിൽ 40,000 രൂപ അവർ സമ്പാദിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഗുൽമാർഗിൽ എത്തുന്ന സഞ്ചാരികൾക്ക് കടുത്ത ശൈത്യത്തിൽനിന്ന് സംരക്ഷണം നൽകുന്ന വസ്ത്രങ്ങൾ ആവശ്യം വരുന്നില്ല.

മഞ്ഞിന്റെ കുറവ് വിനോദസഞ്ചാര സീസണിനെ മാത്രമല്ല, ശേഷമുള്ള ജീവിതത്തെയും ബാധിക്കുന്നു. "താഴ്വര മുഴുവൻ മഞ്ഞിന്റെ കുറവ് അനുഭവപ്പെടും. കുടിവെള്ളമോ കൃഷിയാവശ്യങ്ങൾക്കുള്ള വെള്ളമോ ലഭ്യമാകില്ല. ടാങ്മാർഗിലെ ഗ്രാമങ്ങളിൽ ഇപ്പോൾത്തന്നെ ജലദൗർലഭ്യം അനുഭവപ്പെടുന്നുണ്ട്," സ്കീ ഗൈഡായ റീഷി പറയുന്നു.

സാധാരണഗതിയിൽ, ഹിമാനികൾ, കടലിലെ മഞ്ഞുമലകൾ (ഭൂമിയിലെ ഏറ്റവും ബൃഹത്തായ ശുദ്ധജലസംഭരണികൾ) തുടങ്ങിയ ക്രയോസ്ഫിയർ റിസർവുകൾ പുനഃസമ്പുഷ്ടമാക്കുന്നത് ശൈത്യകാലത്ത് പെയ്യുന്ന മഞ്ഞാണ്. ഇത്തരം റിസർവുകളാണ് ഈ പ്രദേശത്തിന്റെ ജലസുരക്ഷ നിർണ്ണയിക്കുന്നത്." ഹിമാനികൾക്ക് ഉണ്ടാകുന്ന ഏതുതരത്തിലുള്ള ക്ഷയവും, ജലസേചനത്തെ ആശ്രയിച്ച് ഞങ്ങൾ നടത്തുന്ന കൃഷിയെ ഗുരുതരമായി ബാധിക്കും. വേനൽകാലത്ത്, കാശ്മീരിന്റെ ഉയർന്ന പ്രദേശങ്ങളിൽ മഞ്ഞുരുകി ഉണ്ടാകുന്ന വെള്ളമാണ് ഇവിടത്തെ പ്രധാന ജലസ്രോതസ്സ്, " മുസ്ലിം പറയുന്നു. "എന്നാൽ ഇന്ന് മലനിരകളിൽ മഞ്ഞ് വീഴുന്നില്ല. ഇതുമൂലം താഴ്വരയിലെ ജനങ്ങൾ ദുരിതത്തിലാകും."

ടാങ്മാർഗിലെ തുണിക്കടയിൽ ദിദഡിനും സഹപ്രവർത്തകർക്കും ആശങ്ക ഒഴിയുന്നില്ല. "ഇവിടെ 12 പേർ ജോലി ചെയ്യുന്നുണ്ടെന്നുമാത്രമല്ല ഓരോരുത്തർക്കും 3-4 അംഗങ്ങളുള്ള കുടുംബവുമുണ്ട്." നിലവിലെ സാഹചര്യത്തിൽ, അവർക്ക് ഒരു ദിവസം ലഭിക്കുന്ന 1,000 രൂപ എല്ലാവരും തുല്യമായി പങ്കിട്ടെടുക്കുകയാണ്. "ഞങ്ങൾ എങ്ങനെയാണ് ഞങ്ങളുടെ കുടുംബം പോറ്റുക"? ആ സെയിൽസ്മാൻ ചോദിക്കുന്നു. "ഈ കാലാവസ്ഥ ഞങ്ങളെ കൊല്ലാക്കൊല ചെയ്യുകയാണ്."

പരിഭാഷ: പ്രതിഭ ആര്‍. കെ .

Muzamil Bhat

مزمل بھٹ، سرینگر میں مقیم ایک آزاد فوٹو جرنلسٹ اور فلم ساز ہیں۔ وہ ۲۰۲۲ کے پاری فیلو تھے۔

کے ذریعہ دیگر اسٹوریز Muzamil Bhat
Editor : Vishaka George

وشاکھا جارج، پاری کی سینئر ایڈیٹر ہیں۔ وہ معاش اور ماحولیات سے متعلق امور پر رپورٹنگ کرتی ہیں۔ وشاکھا، پاری کے سوشل میڈیا سے جڑے کاموں کی سربراہ ہیں اور پاری ایجوکیشن ٹیم کی بھی رکن ہیں، جو دیہی علاقوں کے مسائل کو کلاس روم اور نصاب کا حصہ بنانے کے لیے اسکولوں اور کالجوں کے ساتھ مل کر کام کرتی ہے۔

کے ذریعہ دیگر اسٹوریز وشاکا جارج
Translator : Prathibha R. K.

Pratibha R K is a post graduate in English from the Central University of Hyderabad and works as a translator.

کے ذریعہ دیگر اسٹوریز Prathibha R. K.