ബസന്ത് ബിന്ദ് വീട്ടിൽ വന്നിട്ട് കുറച്ചുദിവസമേ ആയിട്ടുള്ളു. കർഷകത്തൊഴിലാളിയായി ദിവസവേതനത്തിന് ജോലി ചെയ്യുന്ന അയാൾ, കഴിഞ്ഞ കുറേ മാസങ്ങളായി പാറ്റ്നയിലെ കൃഷിസ്ഥലങ്ങളിൽ ജോലിചെയ്യുകയായിരുന്നു. ജെഹനബാദ് ജില്ലയിലെ സലെമാൻപുരിലെ വീട്ടിൽനിന്ന് ഏതാനും മണിക്കൂർ ദൂരമേയുള്ള ജോലിസ്ഥലത്തേക്ക്.

2023 ജനുവരി 15-ലെ സംക്രാന്തി ഉത്സവം കഴിഞ്ഞതിന്റെ പിറ്റേന്ന്, തൊഴിലിടത്തേക്ക് മടങ്ങാനുള്ള സമയമായി. മറ്റ് ജോലിക്കാരെയും കൂട്ടി ബിഹാറിന്റെ തലസ്ഥാനത്തേക്ക് ഒരുമിച്ച് പോകാനായി, സമീപത്തെ ഗ്രാമമായ ചന്ദാരിയയിലേക്ക് അയാൾ യാത്രയായി. ഒരു സംഘം ആളുകൾക്കുകൂടി ജോലി കിട്ടാൻ സാധ്യതയുണ്ടായിരുന്നു.

അവിടെയുള്ള ചിലരുമായി സംസാരിച്ചുനിൽക്കുമ്പോൾ, പൊലീസും എക്സൈസ് ഉദ്യോഗസ്ഥരുമടങ്ങുന്ന ഒരു സംഘം വണ്ടിയിൽ വന്നു. ബിഹാർ പ്രൊഹിബിഷൻ ആൻഡ് എക്സൈസ് (അമെന്റ്മെന്റ്) ആക്ട് 2016 പ്രകാരം, രൂപീകരിച്ച മദ്യനിരോധന സ്ക്വാഡിലെ അംഗങ്ങളായിരുന്നു അത്. “ബിഹാർ സംസ്ഥാനത്ത് സമ്പൂർണ്ണ മദ്യ-ലഹരി നിരോധനം നടപ്പാക്കുകയും ഉറപ്പുവരുത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക’ എന്നതായിരുന്നു അവരുടെ തൊഴിൽ.

പൊലീസിനെ കണ്ടയുടൻ ആളുകൾ ഓടാൻ തുടങ്ങി ബസന്തും ഓടാൻ തുടങ്ങിയതായിരുന്നു. എന്നാൽ “എന്റെ കാലിൽ ഒരു ഇരുമ്പ് ദണ്ഡ് പിടിപ്പിച്ചിട്ടുള്ളതിനാൽ, എനിക്ക് വേഗത്തിൽ ഓടാൻ കഴിഞ്ഞില്ല”, ഒന്നുരണ്ട് മിനിറ്റിനുള്ളിൽ അയാളുടെ ഭാഗ്യം അവസാനിച്ചു. “ആരോ ഒരാൾ എന്റെ ഷർട്ടിന്റെ കോളറിൽ കുത്തിപ്പിടിച്ച് എന്നെ വണ്ടിയിലേക്ക് തള്ളിയിട്ടു”, ആ 27 വയസ്സുകാരൻ ഓർമ്മിക്കുന്നു.

തന്റെ പക്കലോ വീട്ടിലോ മദ്യമുണ്ടോ എന്ന് വേണമെങ്കിൽ പരിശോധിച്ചുകൊള്ളാൻ അയാൾ സ്ക്വാഡിനോട് പറഞ്ഞു. പക്ഷേ അവരത് ചെയ്തില്ല. “എക്സൈസ് ഡിപ്പാർട്ട്മെന്റിലെത്തിയാൽ വിട്ടയയ്ക്കാമെന്ന് പൊലീസ് പറഞ്ഞപ്പോൾ” തനിക്ക് ആശ്വാസം തോന്നിയെന്ന് അയാൾ പറഞ്ഞു.

എന്നാൽ, ബസന്തും മദ്യനിരോധന സ്ക്വാഡും സ്റ്റേഷനിലെത്തിയപ്പോൾ, തന്റെ കൈയ്യിൽനിന്ന് 500 എം.എൽ. മദ്യം കണ്ടെത്തിയെന്ന് രേഖകളിൽ ചേർത്തതായി ബസന്തിന് മനസ്സിലായി. മദ്യം കൈവശം‌വെച്ചതിന് പ്രൊഹിബിഷൻ ആക്ട് പ്രകാരം അയാളെ ചാർജ്ജ് ചെയ്തു. അഞ്ചുവർഷംവരെ തടവും, 1 ലക്ഷത്തിൽക്കുറയാതെയുള്ള പിഴയുമായിരുന്നു ആദ്യമായി കുറ്റം ചാർത്തപ്പെട്ടവർക്കുള്ള ശിക്ഷ.

PHOTO • Umesh Kumar Ray
PHOTO • Umesh Kumar Ray

പാറ്റ്നയിലും സമീപപ്രദേശങ്ങളിലും ദിവസക്കൂലിക്ക് കർഷകത്തൊഴിലാളിയായി ജോലിചെയ്യുന്നയാളാണ് ബസന്ത് ബിന്ദ്. സംക്രാന്തിക്കുശേഷം തൊഴിലിടത്തേക്ക് തിരിച്ചുവരുമ്പോഴാണ് ബിഹാറിലെ ചന്ധാരിയയിൽ‌വെച്ച് മദ്യവിരുദ്ധ സ്ക്വാഡ് അയാളെ അറസ്റ്റ് ചെയ്തത്

“രണ്ട് മണിക്കൂർ നേരം ഞാനവരുമായി തർക്കിച്ചു. വിവരം അന്വേഷിക്കാൻ ഞാനവരോട് പറഞ്ഞു”, എങ്കിലും അയാളുടെ അഭ്യർത്ഥന അവർ ചെവിക്കൊണ്ടില്ല. മാത്രമല്ല, ഒരു പ്രഥമവിവര റിപ്പോർട്ട് രജിസ്റ്ററും ചെയ്തു അയാളുടെ പേരിൽ. ജില്ലാ കോടതിയിൽ ഹാജരാക്കിയപ്പോൾ “എന്റെ കുടുംബത്തിലെ ആരും മദ്യം വിൽക്കുന്നില്ല, അതുകൊണ്ട് എന്നെ വിട്ടയക്കണം“ എന്ന് അയാൾ ജഡ്ജിയോട് പറഞ്ഞു”. കോടതി അന്വേഷണോദ്യോഗസ്ഥനെ (ഐ.ഒ.) വിളിപ്പിച്ചുവെങ്കിലും, ഐ.ഒ. മറ്റൊരു റെയ്ഡിന് പോയിരിക്കുകയാണെന്നാണ് എക്സൈസ് ഉദ്യോഗസ്ഥൻ കോടതിയെ അറിയിച്ചതെന്ന് ബസന്ത് പറഞ്ഞു. ബസന്തിനെ കാകോ ജയിലിലേക്ക് അയയ്ക്കുകയും ചെയ്തു. നാലുദിവസം തടവിലാക്കിയതിനുശേഷം അയാളുടെ അമ്മയുടെ സ്ഥലത്തിന്റേയും ഒരു സഹോദരന്റെ മോട്ടോർസൈക്കിളിന്റേയും ഉറപ്പിന്മേൽ, 2023 ജനുവരി 19-ന് അയാളെ വിട്ടയച്ചു.

*****

ജെഹനബാദ് ജില്ലയിൽ ആറ്‌ പൊലീസ് സ്റ്റേഷനുകളുണ്ട്. അവയിലെ മൂന്നെണ്ണത്തിൽ - ഹുലാസ്ഗഞ്ജ്, പാലി, ബരാബർ ടൂറിസം എന്നിവയിൽ - രജിസ്റ്റർ ചെയ്ത പരാതികൾ പരിശോധിച്ചപ്പോൾ, 501 എഫ്.ഐ.ആറുകളിൽ 207 എണ്ണവും മുസാഹർ സമുദായക്കാരുടെ പേരിലുള്ളവയായിരുന്നു. സംസ്ഥാനത്തെ ഏറ്റവും ദരിദ്രവും പാർശ്വവത്കൃതരുമായ സമുദായമാണ് അവർ. ബാക്കിയുള്ള എഫ്.ഐ.ആറുകളിൽ കുറ്റം ചുമത്തപ്പെട്ടവർ ഭൂരിഭാഗവും ബിന്ദുകളും യാദവുകളുമായിരുന്നു. സംസ്ഥാനത്ത് മറ്റ് പിന്നാക്കവിഭാഗങ്ങൾ (ഒ.ബി.സി) എന്ന പട്ടികയിൽ ഉൾപ്പെട്ടവരാണ് അവർ.

“അറസ്റ്റ് ചെയ്യപ്പെട്ടവരിൽ മിക്കവരും ദളിതുകളും പിന്നാക്കവിഭാഗവുമാണ്, പ്രത്യേകിച്ചും മുസാഹരികൾ”, ലോ ഫൌണ്ടേഷന്റെ സ്ഥാപകൻ പ്രവീൺ കുമാർ പറയുന്നു. ദുർബ്ബലവിഭാഗങ്ങൾക്ക് നിയമസഹായം നൽകുന്ന സർക്കാരേതര സംഘടനയാണ് അത്. “പൊലീസ് ബസ്തികളിലേക്ക് ചെന്ന്, യാതൊരു തെളിവുമില്ലാതെ പുരുഷന്മാരേയും സ്ത്രീകളേയും കുട്ടികളേയും പിടിച്ചുകൊണ്ടുപോയി ജയിലിലിടുന്നു. അവർക്ക് വക്കീലന്മാരെയൊന്നും ഏർപ്പാട് ചെയ്യാൻ കഴിയാത്തതിനാൽ മാസങ്ങളോളം ജയിലിൽ കഴിയേണ്ടിവരികയും ചെയ്യുന്നു”, പ്രവീൺ കുമാർ പറഞ്ഞു.

ബസന്തിന്റെ ഗ്രാമമായ സലേമാൻപുരിൽ 150 കുടുംബങ്ങളുണ്ട് (2011-ലെ സെൻസസ് പ്രകാരം) അവയിൽ വളരെക്കുറച്ചുപേർക്കേ ഭൂമിയും ദിവസക്കൂലിക്കുള്ള തൊഴിലുമുള്ളൂ. 1,242 പേരുള്ള ജനസംഖ്യയിൽ ഭൂരിഭാഗവും ബിന്ദ്, മുസഹർ, യാദവ്, പസി, മുസ്ലിം കുടുംബങ്ങളിൽനിന്നുള്ളവരാണ്.

“ഇതാണെന്റെ വീട്. എന്നെയൊന്ന് നോക്കൂ, മദ്യം വിൽക്കുന്ന ഒരാളാണെന്ന് തോന്നുന്നുണ്ടോ എന്നെ കണ്ടാൽ? എന്റെ കുടുംബത്തിൽ ആരും അത് ചെയ്യുന്നില്ല”, തനിക്കെതിരേ കേസ് ചുമത്തിയതിൽ ക്ഷുഭിതനായ ബസന്ത് ചോദിക്കുന്നു. മദ്യം കൈവശം വെച്ചതിന് ബസന്തിനെ അറസ്റ്റ് ചെയ്തു എന്ന് കേട്ടപ്പൊൾ, പൊതുവെ മിതഭാഷിയായ ഭാര്യ കവിതാ ദേവി ക്ഷുഭിതയായി. “അദ്ദേഹമെന്തിന് മദ്യം വിൽക്കണം? മൂപ്പർ ഒരിക്കലും കുടിക്കാറില്ല”.

PHOTO • Umesh Kumar Ray

ഭാര്യ കവിതാ ദേവി, എട്ടുവയസ്സുള്ള മകൻ, രണ്ട് വയസ്സുള്ള മകൾ എന്നിവരോടൊപ്പം സലേമാൻപുരിലെ അവരുടെ വീട്ടിൽ ബസന്ത് ബിന്ദ്

PHOTO • Umesh Kumar Ray
PHOTO • Umesh Kumar Ray

30 അടി വീതിയുള്ള ഒരു കനാലിന്റെ തീരത്താണ് അവരുടെ വീട് (ഇടത്ത്). വിലങ്ങനെ സ്ഥാപിച്ച രണ്ട് വൈദുതപ്പോസ്റ്റിലൂടെ നടന്നുവേണം മറുഭാഗത്തേക്ക് കടക്കാൻ

30 അടി വീതിയുള്ള ഒരു കനാലിന്റെ തീരത്താണ് ഇഷ്ടികയും ഓലയുംകൊണ്ട് നിർമ്മിച്ച അവരുടെ വീട്. കനാലിന് കുറുകെ രണ്ട് വൈദ്യുതപ്പോസ്റ്റുകൾ വെച്ചിട്ടുണ്ട് അപ്പുറത്തേക്ക് കടക്കാൻ. മഴക്കാലത്ത് കനാലുകൾ നിറഞ്ഞുകവിഞ്ഞാൽ അപ്പുറത്തേക്ക് കടക്കുന്നത് അപകടകരമാണ്. എട്ടുവയസ്സായ മകൻ ഒരു സർക്കാർ സ്കൂളിൽ 1-ആം ക്ലാസ്സിൽ പഠിക്കുന്നു. അഞ്ച് വയസ്സായ മൂത്ത മകൾ അങ്കണവാടിയിൽ പോകുന്നുണ്ട്. ഏറ്റവും ചെറിയ കുട്ടിക്ക് രണ്ടുവയസ്സുമാത്രം.

“ഈ മദ്യനിരോധനം എങ്ങിനെയാ‍ണ് ഞങ്ങളെ സഹായിച്ചതെന്ന് എനിക്ക് മനസ്സിലാവുന്നില്ല, ഞങ്ങൾ ദുരിതത്തിലാവുകയാണ് ചെയ്തത്”, 25 വയസ്സുള്ള കവിത പറയുന്നു

ക്രിമിനൽ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യപ്പെട്ടതിനാൽ, ദീർഘവും ശ്രമകരവും ചിലവേറിയതുമാ‍യ ഒരു നിയമപോരാട്ടത്തെയാണ് ഇനി ബസന്തിന് നേരിടാനുള്ളത്. “പണക്കാർക്ക് വീട്ടുവാതിൽക്കൽ മദ്യം എത്തിച്ചുകൊടുക്കുന്നു. അവരെക്കുറിച്ചാർക്കും പരാതിയില്ല”, രോഷത്തോടെ അയാൾ പറഞ്ഞു.

വക്കീൽ ഫീസിനും ജാമ്യത്തിനുമായി ബസന്തിന് 5,000 രൂപയോളം ഇതിനകം ചിലവഴിക്കേണ്ടിവന്നു. ഇനിയും കൂടുതൽ പണം ഇറക്കേണ്ടിവരും. ജോലി ചെയ്യാത്ത ദിവസങ്ങളിലെ കൂലിയും നഷ്ടമായി. “ഞാൻ ജോലിക്ക് പോകണോ, അതോ കോടതി സന്ദർശിച്ച് സമയം കളയണോ?”.

*****

“എന്റെ പേര് വെക്കരുത്. നിങ്ങളത് എഴുതിയാൽ പൊലീസ് വന്ന് എന്നെ ഉപദ്രവിക്കും. എനിക്ക് എന്റെ മക്കളുമായി ഇവിടെ ജീവിക്കേണ്ടതാണ്” പരിഭ്രാന്തിയോടെയാണ് സീതാ ദേവി (യഥാർത്ഥ പേരല്ല) ഞങ്ങളോട് പറഞ്ഞത്.

ജെഹനബാദ് റെയിൽ‌വേ സ്റ്റേഷനിൽനിന്ന് മൂന്ന് കിലോമീറ്റർ അകലെയുള്ള മുഷാഹരി എന്ന കോളണിയിലാണ് ആ കുടുംബം താമസിക്കുന്നത്. മഹാദളിത് എന്ന വിഭാഗക്കാരാണ് അവർ. സംസ്ഥാനത്തെ ഏറ്റവും ദരിദ്രമായ ഒരു വിഭാഗം.

മദ്യനിരോധന ആക്ട്പ്രകാരമുള്ള എല്ലാ കേസുകളിൽനിന്നും അവരുടെ ഭർത്താവ് രാംഭുവാൽ മാഞ്ജി പുറത്ത് വന്നിട്ട് ഒരു വർഷമായി. എന്നാലും സീതാ ദേവിക്ക് ഇപ്പോഴും ഭയം വിട്ടുമാറിയിട്ടില്ല.

PHOTO • Umesh Kumar Ray
PHOTO • Umesh Kumar Ray

വക്കീലിനുള്ള ഫീസിനത്തിലും ജാമ്യത്തിനുമായി ഇതിനകം‌തന്നെ 5,000 രൂപയോളം ബസന്തിന് ചിലവഴിക്കേണ്ടിവന്നു. ഇനിയും ചിലവഴിക്കേണ്ടിവരികയും ചെയ്യും. ‘ഈ മദ്യനിരോധനം എങ്ങിനെയാ‍ണ് ഞങ്ങളെ സഹായിച്ചതെന്ന് എനിക്ക് മനസ്സിലാവുന്നില്ല‘, അദ്ദേഹത്തിന്റെ ഭാര്യ കവിത പറയുന്നു

മദ്യനിരോധനനിയമപ്രകാരം രണ്ടുവർഷം മുമ്പാണ് രാംഭുവാൽ മാഞ്ജിക്കെതിരേ, മദ്യം കൈവശം‌ വെച്ചു എന്ന കുറ്റം ചാർത്തിയത്. സീതാ ദേവി പറയുന്നു, “ഞങ്ങളുടെ വീട്ടിൽ മദ്യമൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ പൊലീസ് അദ്ദേഹത്തെ പിടിച്ചുകൊണ്ടുപോയി. ഞങ്ങൾ അത് ഉണ്ടാക്കാറുമില്ല, വിൽക്കാറുമില്ല. എന്റെ ഭർത്താവ് കുടിക്കുകപോലും ചെയ്യാറില്ല”.

എന്നാൽ എഫ്.ഐ.ആറിൽ എഴുതിയിരുന്നത്, “2021 നവംബർ 24-ന് മഹുവയും ശർക്കരയും ചേർത്തുണ്ടാക്കിയ 26 ലിറ്റർ ചുളൈ എന്ന നാടൻ വാറ്റ പൊലീസ് പിടിച്ചെടുത്തു” എന്നായിരുന്നു. സ്ഥലത്തുനിന്ന് രാംഭുവാൽ ഓടിപ്പോയെന്നും, റെയ്ഡ് കഴിഞ്ഞ് ഏകദേശം ഒരു മാസം കഴിഞ്ഞ്, 2021 ഡിസംബർ 24-ന് വീട്ടിൽ‌വെച്ച് അയാളെ അറസ്റ്റ് ചെയ്തു എന്നുമാണ്.

ഭർത്താവ് ജയിലിലായതോടെ, ഒരു വർഷം നീണ്ടുനിന്ന ദുരിതമായിരുന്നു സീതാ ദേവിക്ക് അനുഭവിക്കേണ്ടിവന്നത്. 18 വയസ്സുള്ള മകളുടേയും 10-ഉം 8-ഉം വയസ്സുള്ള രണ്ട് ആണ്മക്കളുടേയും ചുമതല അവർക്ക് ഒറ്റയ്ക്ക് നോക്കേണ്ടിവന്നു. രാംഭുവാലിനെ ജയിലിൽ പോയി കാണുമ്പോഴൊക്കെ ഇരുവരും കരയും. “എങ്ങിനെയാണ് നിത്യവൃത്തികൾ നടത്തുന്നത്, എന്താണ് കഴിച്ചത് എന്നൊക്കെയായിരുന്നു അദ്ദേഹം അന്വേഷിച്ചിരുന്നത്. കുട്ടികളെക്കുറിച്ചും അദ്ദേഹത്തിന് ആധിയായിരുന്നു. കഷ്ടപ്പാടുകൾ പറയുമ്പോൾ അദ്ദേഹം നിയന്ത്രണം വിട്ട് കരയും. അപ്പോൾ ഞാനും കുറേ കരയും”, കണ്ണുനീരടക്കാൻ പണിപ്പെട്ട് സീതാ ദേവി പറയുന്നു.

തന്നെയും കുട്ടികളേയും പോറ്റുന്നതിനായി അവർക്ക് കർഷകത്തൊഴിലാളിയായി പണിയെടുക്കേണ്ടിവന്നു. അയൽക്കാരിൽനിന്ന് പണം കടം വാങ്ങേണ്ടിവരികയും ചെയ്തു. “എന്റെ അച്ഛനമ്മമാർ പാട്ടക്കൃഷിക്കാരാണ്. അവർ ഞങ്ങൾക്ക് അരിയും പയർവർഗ്ഗങ്ങളുമൊക്കെ തരും. ബന്ധുക്കളും ഭക്ഷണം തന്ന് സഹായിച്ചു”. ഇതും പറഞ്ഞ് അല്പനേരം അവർ നിശ്ശബ്ദയായി. എന്നിട്ട് ഇത്രയുംകൂടി കൂട്ടിച്ചേർത്തു: “ഇപ്പോൾ എനിക്ക് ഒരു ലക്ഷത്തിനുമീത്രെ കടമുണ്ട്”.

പൊലീസിനെ വിവരം അറിയിക്കുന്ന ആൾ, മദ്യ പരിശോധന നടത്തുന്ന ഒരു ഇൻസ്പെക്ടർ, മറ്റൊരു ഇൻസ്പെക്ടർ, റെയ്ഡ് നടത്തുന്ന ടീമിലെ രണ്ട് അംഗങ്ങൾ എന്നിവരടങ്ങിയ അഞ്ചംഗ സംഘം സാക്ഷികളായി വരുന്നതുകൊണ്ട്, തെറ്റായ അറസ്റ്റുകൾപോലും തെളിയിക്കാൻ ബുദ്ധിമുട്ടാവുന്നു. എന്നാൽ രാംഭുവാലിനെ ഭാഗ്യത്തിന്, അയാളുടെ വീട്ടിൽനിന്ന് റെയ്ഡിൽ മദ്യമൊന്നും കണ്ടുകിട്ടിയില്ലെന്ന് രണ്ട് പേർ സാ‍ക്ഷി പറഞ്ഞു. അവരുടെ പ്രസ്താവനകളിൽ കോടതി വൈരുദ്ധ്യങ്ങളും കണ്ടെത്തി.

2022 നവംബർ 16-ന് ജെഹനാബാദ് അപ്പർ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി, രാംഭുവാൽ മാഞ്ജിയെ എല്ലാ കുറ്റങ്ങളിൽനിന്നും മോചിപ്പിച്ചു.

PHOTO • Umesh Kumar Ray

ബിഹാർ പ്രൊഹിബിഷൻ ആൻഡ് എക്സൈസ് (അമെന്റ്മെന്റ്) ആക്ട് 2016 പ്രകാരമുള്ള്  അറസ്റ്റിനെതിരേ, ദീർഘവും ശ്രമകരവും ചിലവേറിയതുമാ‍യ ഒരു നിയമപോരാട്ടമാണ് ഇനി ബസന്തിനെ കാത്തിരിക്കുന്നത്

“ജയിലിൽനിന്ന് വന്നപ്പൊൾ അദ്ദേഹം വല്ലാതെ മെലിഞ്ഞിരുന്നു”, സീതാ ദേവി പറഞ്ഞു.

ജയിൽമോചിതനായി 10 ദിവസം കഴിഞ്ഞപ്പോഴേക്കും രാംഭുവാൽ ജോലിയന്വേഷിച്ച് ജെഹനബാദിലേക്ക് പോയി. “രണ്ടു-മൂന്ന് മാസം അദ്ദേഹത്തിന് നല്ല ഭക്ഷണമൊക്കെ കൊടുത്ത് ആരോഗ്യം വീണ്ടെടുപ്പിക്കണമെന്നൊക്കെ കരുതിയതാണ് ഞാൻ. പക്ഷേ, പൊലീസ് വീണ്ടും അറസ്റ്റ് ചെയ്താലോ എന്ന് പേടിയുണ്ടായിരുന്നതുകൊണ്ട് അദ്ദേഹം ചെന്നൈയിലേക്ക് പോയി”, 36 വയസ്സുള്ള ആ സ്ത്രീ പറഞ്ഞു.

രാംഭുവാലിന്റെ കഥ അവിടെ തീരുന്നില്ല.

ഒരു കേസിൽ രാംഭുവാലിനെ മോചിപ്പിച്ചുവെങ്കിലും 2020-ൽ മദ്യനിരോധനനിയമത്തിലെ മറ്റ് വകുപ്പുകളുപയോഗിച്ച് രണ്ടുമൂന്ന് കേസുകൾകൂടി ചാർജ് ചെയ്തിരുന്നു. പ്രൊഹിബിഷൻ ആൻഡ് എക്സൈസ് വകുപ്പിന്റെ കണക്കുകൾ കാണിക്കുന്നത്, 2016 ഏപ്രിൽ മുതൽ 2023 ജനുവരിവരെ ആ നിയമം ഉപയോഗിച്ച് 7.2 ലക്ഷം അറസ്റ്റുകൾ നടത്തിയിട്ടുണ്ടെന്നാണ്. അതിൽ 1.5 ലക്ഷം ആളുകളെ കുറ്റക്കാരായി വിധിച്ചിട്ടുമുണ്ട്. അവരിൽ 245 പേർ പ്രായം തികയാത്തവരാണ്.

ഭർത്താവിനെ വീണ്ടും വിട്ടയയ്ക്കുമോ എന്ന കാര്യത്തിൽ സീതയ്ക്ക് സംശയമുണ്ട്. മദ്യനിരോധനം ഏതെങ്കിലും വിധത്തിൽ സഹായിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന്, “നിങ്ങൾക്ക് എന്ത് വിശദീകരണമാണ് എനിക്ക് തരാൻ കഴിയുക? ഞങ്ങളിൽനിന്ന് എല്ലാം തട്ടിപ്പറിക്കപ്പെട്ടു. എന്റെ മകൾ വളരുകയാണ്. അവളുടെ കല്യാണത്തിനെക്കുറിച്ച് ഇനി ആലോചിക്കാൻ തുടങ്ങണം. പക്ഷേ എങ്ങിനെ സാധിക്കുമെന്നൊന്നും ഞങ്ങൾക്കറിയില്ല. റോഡിലിറങ്ങി ഭിക്ഷയെടുക്കുകയല്ലാതെ മറ്റൊരു നിവൃത്തിയുമില്ല”, എന്നാണ് അവരുടെ മറുപടി.

2021-ൽ, എന്തെന്ന് തിരിച്ചറിയപ്പെടാത്ത ഒരു രോഗം വന്ന് രാംഭുവാ‍ലിന്റെ ഇളയ സഹോദരൻ മരിച്ചുപോയി. അതിനുപിന്നാലെ, 2022 നവംബറിൽ, ആ സഹോദരന്റെ ഭാര്യയും മരിച്ചു. തന്റെ കുട്ടികളോടൊപ്പം അവരുടെ രണ്ട് കുട്ടികളേയും ഇപ്പോൾ സംരക്ഷിക്കുന്നത് സീതയാണ്.

“സങ്കടത്തിന്റെ ഒരു ആ‍കാശമാണ് ദൈവം ഞങ്ങൾക്ക് തന്നത്, അതുകൊണ്ട് ഞങ്ങളത് സഹിക്കുന്നു”

സംസ്ഥാനത്തെ പാർശ്വവത്കൃത ജനങ്ങളുടെ പോരാട്ടത്തിന് ചുക്കാൻ പിടിച്ച ബിഹാറിലെ ഒരു തൊഴിലാളിസംഘടനാ പ്രവർത്തകന്റെ ഓർമ്മയ്ക്കായി ഏർപ്പെടുത്തിയ ഫെല്ലോഷിപ്പിന്റെ സഹായത്തോടെ തയ്യാറാക്കിയ റിപ്പോർട്ടാണിത്.

പരിഭാഷ: രാജീവ് ചേലനാട്ട്

Umesh Kumar Ray

اُمیش کمار رائے سال ۲۰۲۲ کے پاری فیلو ہیں۔ وہ بہار میں مقیم ایک آزاد صحافی ہیں اور حاشیہ کی برادریوں سے جڑے مسائل پر لکھتے ہیں۔

کے ذریعہ دیگر اسٹوریز Umesh Kumar Ray
Editor : Devesh

دیویش ایک شاعر صحافی، فلم ساز اور ترجمہ نگار ہیں۔ وہ پیپلز آرکائیو آف رورل انڈیا کے لیے ہندی کے ٹرانسلیشنز ایڈیٹر کے طور پر کام کرتے ہیں۔

کے ذریعہ دیگر اسٹوریز Devesh
Translator : Rajeeve Chelanat

Rajeeve Chelanat is based out of Palakkad, Kerala. After spending 25 years of professional life in the Gulf and Iraq, he returned home to work as a proof reader in the daily, Mathrubhumi. Presently, he is working as a Malayalam translator.

کے ذریعہ دیگر اسٹوریز Rajeeve Chelanat