രാധയുടെ ധൈര്യത്തിന് അവർ വളർത്തിയ നായകൾക്ക് വിലകൊടുക്കേണ്ടി വന്നു. ആദ്യത്തേതിന്‍റെ തല മുറിച്ചുകളഞ്ഞു. രണ്ടാമത്തേതിന് വിഷം നൽകി. മൂന്നുമത്തേതിനെ കാണാതായി. നാലാമത്തേതിനെ അവരുടെ സാന്നിദ്ധ്യത്തിൽ കൊന്നു. "എന്‍റെ ഗ്രാമത്തിലെ പ്രബലരായ നാല് പുരുഷന്മാർ എന്നോടു ചെയ്ത പ്രവൃത്തി നിമിത്തം ഇപ്പോൾ ജയിലിലാണ്”, അവർ പറഞ്ഞു. "ബലാൽസംഗ കേസ് ഒത്തുതീർപ്പാക്കത്തതിൽ അവരെന്നെ വെറുത്തു.”

ഏകദേശം 6 വർഷങ്ങൾക്കു മുൻപാണ് 4 പുരുഷന്മാർ രാധയെ (അവരുടെ യഥാർത്ഥ പേരല്ല) ലൈംഗികമായി ആക്രമിച്ചത്. തന്‍റെ ഗ്രാമത്തിൽനിന്നും (ബീഡ് ജില്ലയിൽ, 100 കിലോമീറ്റർ മാറി സ്ഥിതിചെയ്യുന്ന) ബീഡ് നഗരത്തിലേക്ക് പോവുകയായിരുന്ന സമയത്താണ് ലിഫ്റ്റ് നൽകാമെന്ന വ്യാജ്യേന ഒരു സ്വകാര്യ വാഹനത്തിന്‍റെ ഡ്രൈവര്‍ അവരെ തട്ടിക്കൊണ്ടു പോയത്. അയാളും അതേ ഗ്രാമത്തിൽ നിന്നു തന്നെയുള്ള മൂന്നു സുഹൃത്തുക്കളും ചേർന്ന് പിന്നീടവരെ ബലാൽസംഗം ചെയ്തു.

"അതിനുശേഷം ആഴ്ചകളോളം ഞാൻ അസ്വസ്ഥയായിരുന്നു”, 40-കാരിയായ രാധ താൻ നേരിട്ട ആഘാതത്തെക്കുറിച്ച് പറഞ്ഞു. "നിയമം മുഖേന അവരെ ശിഷിക്കാൻ ഞാൻ തീരുമാനിച്ചു, അങ്ങനെ ഞാൻ പോലീസിൽ പരാതി നൽകി.”

തനിക്കു നേരെ ആക്രമണം നടന്ന സമയത്ത് രാധ ബീഡ് നഗരത്തിൽ ഭർത്താവിനോടും കുട്ടികളോടുമൊപ്പം താമസിക്കുകയായിരുന്നു. "എന്‍റെ ഭർത്താവ് അവിടെയൊരു ധനകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു. ഞങ്ങളുടെ കൃഷിയിടം നോക്കാൻ ഞാൻ ഇടയ്ക്ക് ഗ്രാമത്തിലേക്ക് പോകുമായിരുന്നു”, അവർ പറഞ്ഞു.

പരാതി നൽകിയതിനുശേഷം കേസ് പിൻവലിക്കാൻ രാധയ്ക്കുമേൽ സമ്മർദ്ദമേറി. കുറ്റവാളികളും അവരുടെ ബന്ധുക്കളും ഗ്രാമ പഞ്ചായത്ത് അംഗങ്ങളുമായി അടുത്ത ബന്ധമുള്ളവരും ഗ്രാമത്തിലെ സ്വാധീനമുള്ള ആളുകളുമായിരുന്നു. "ഞാൻ സമ്മർദ്ദം നേരിട്ടു. പക്ഷെ ഗ്രാമത്തിൽനിന്ന് മാറിയായിരുന്നു ഞാൻ താമസിച്ചിരുന്നത്. നഗരത്തിൽ എന്നെ പിന്തുണയ്ക്കുന്നവരുണ്ടായിരുന്നു. എനിക്ക് എന്തൊക്കെയോ സുരക്ഷിതത്വവും ആത്മവിശ്വാസവും തോന്നി.”

പക്ഷെ, 2020 മാർച്ചിൽ കോവിഡ്-19 പൊട്ടിപ്പുറപ്പെട്ടതിനുശേഷം അവരുടെ സുരക്ഷയുടെ മറ അഴിഞ്ഞുവീണു. ദേശീയ വ്യാപകമായി ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനുശേഷം അവരുടെ ഭർത്താവ് മനോജിന് (യഥാർത്ഥ പേരല്ല) ജോലി നഷ്ടപ്പെട്ടു. "പ്രതിമാസം 10,000 രൂപ അദ്ദേഹത്തിന് ലഭിക്കുമായിരുന്നു”, രാധ പറഞ്ഞു. "വാടകയ്ക്കെടുത്ത ഫ്ലാറ്റിലായിരുന്നു ഞങ്ങൾ താമസിച്ചിരുന്നത്. പക്ഷേ മനോജിന് ജോലി പോയതിനുശേഷം ഞങ്ങൾക്ക് വാടക കൊടുക്കാൻ പറ്റാതായി. കഴിഞ്ഞുകൂടാൻ ബുദ്ധിമുട്ടായിത്തീർന്നു."

മറ്റൊരു മാർഗ്ഗവുമില്ലാതെ രാധയും മനോജും കുട്ടികളും വിമുഖതയോടെ ഗ്രാമത്തിലേക്ക് താമസത്തിനായി വന്നു – രാധ ബലാൽസംഗം ചെയ്യപ്പെട്ട അതേ സ്ഥലം. "ഞങ്ങൾക്കിവിടെ മൂന്നേക്കർ ഭൂമിയുണ്ട്, അതുകൊണ്ട് ഞങ്ങളിവിടെ താമസിക്കാൻ വന്നു. മറ്റൊന്നും ഞങ്ങൾക്ക് ചിന്തിക്കാൻ കഴിഞ്ഞില്ല”, അവർ പറഞ്ഞു. സ്വന്തം സ്ഥലത്ത് ഒരു കുടിലിലാണ് കുടുംബം ഇപ്പോഴവർ താമസിക്കുന്നത്. രാധ അവിടെ പരുത്തിയും മണിച്ചോളവും കൃഷി ചെയ്യുന്നു.

ഗ്രാമത്തിലേക്ക് അവർ നീങ്ങിയ നിമിഷംതന്നെ കുറ്റം ചെയ്തവരുടെ കുടുംബം രാധയെ ലക്ഷ്യമിട്ടിരുന്നു. "കേസ് തുടരുകയായിരുന്നു. പിൻവലിക്കാനുള്ള സമ്മർദ്ദം വളരെ വർദ്ധിച്ചു”, അവർ പറഞ്ഞു. പക്ഷെ, അവർ പിൻവാങ്ങാൻ വിസമ്മതിച്ചപ്പോൾ സമ്മർദ്ദം തുറന്ന ഭീഷണിയായി മാറി. "ഗ്രാമത്തിൽ ഞാനവരുടെ മുന്നിൽത്തന്നെ ഉണ്ടായിരുന്നു. ഇത് എന്നെ ഭീഷണിപ്പെടുത്തുന്നതും ബുദ്ധിമുട്ടിക്കുന്നതും എളുപ്പമാക്കിത്തീർത്തു”, രാധ പറഞ്ഞു. അവർ ഭീഷണിക്ക് വഴങ്ങിയില്ല.

തട്ടിക്കൊണ്ട്പോകപ്പെടുകയും അക്രമിക്കപ്പെടുകയും ചെയ്ത സമയത്ത് രാധ തന്‍റെ ഗ്രാമത്തില്‍നിന്നും നഗരത്തിലേക്കുള്ള യാത്രയിലായിരുന്നു

2020 മദ്ധ്യത്തിൽ തൻറെ ഗ്രാമത്തിലെ ഗ്രാമപഞ്ചായത്തും സമീപത്തുള്ള രണ്ട് ഗ്രാമപഞ്ചായത്തുകളും രാധയ്ക്കും കുടുംബത്തിനുമെതിരെ സാമൂഹ്യ ബഹിഷ്കരണത്തിന് ആഹ്വാനം നൽകി. രാധ "ചീത്ത സ്വാഭാവക്കാരി”യും ഗ്രാമത്തിന് പേരുദോഷമാണെന്നും കുറ്റപ്പെടുത്തി. മൂന്ന് ഗ്രാമങ്ങളിൽ സഞ്ചരിക്കുന്നതിന് അവർക്ക് "വിലക്കേർപ്പെടുത്തി”. "വീട്ടാവശ്യത്തിനായി ഒരു ബക്കറ്റ് വെള്ളം കോരാൻ ഞാൻ പുറത്തിറങ്ങിയാൽ ആരെങ്കിലും മോശമായി സംസാരിക്കുമായിരുന്നു”, അവർ ഓർത്തെടുത്തു. "അവർ [ഗ്രാമത്തിലെ ചിലർ] യഥാർത്ഥത്തിൽ അർത്ഥമാക്കിയതെന്തെന്നാൽ ‘നിനക്ക് ഞങ്ങളുടെയാളുകളെ ജയിലിലയയ്ക്കണം, പിന്നെ ഞങ്ങൾക്കിടയിലൂടെ ധൈര്യമായി നടക്കുകയും ചെയ്യണം’ എന്നതായിരുന്നു.

അവർക്ക് പലപ്പോഴും പൊട്ടിക്കരയാൻ തോന്നി. മാലാ സ്വാതഹല സംഭൽന മഹത്വജ ഹോതാ (എന്നെത്തന്നെ ചേർത്തു നിർത്തേണ്ടത് പ്രധാനമായിരുന്നു)”, അവർ മറാത്തിയിൽ പറഞ്ഞു. " കേസ് ഏതാണ്ട് തീരാറായി വരികയായിരുന്നു.”

സ്ത്രീകളുടെ അവകാശങ്ങൾക്കുവേണ്ടി പ്രവർത്തിക്കുന്ന ബീഡിൽ നിന്നുള്ള മനീഷ ടോക്ലെ കേസിന്‍റെ സമയത്ത് രാധയുമായി ബന്ധം പുലർത്തിയിരുന്നു. നേരത്തെ പോലീസിൽ പരാതി നൽകാൻ അവർ രാധയെ സഹായിച്ചു. "[പോസിറ്റീവായ] വിധിയുടെ കാര്യത്തിൽ ഞങ്ങളുടെ വക്കീലിന് ആത്മവിശ്വാസമുണ്ടായിരുന്നു”, ടോക്ലെ പറഞ്ഞു. "പക്ഷെ രാധയ്ക്ക് ഉറച്ച് നിൽക്കണമായിരുന്നു. അവർ അത്മവിശ്വാസത്തോടെയും സാഹചര്യങ്ങളിൽ സംഭ്രമിക്കാതെയും നിൽക്കണമെന്ന് എനിക്കുണ്ടായിരുന്നു.” ബലാൽസംഗത്തിന് ഇരയായ സ്ത്രീകൾക്ക് മഹാരാഷ്ട്ര സർക്കാർ മനോധൈര്യ പദ്ധതി യിലൂടെ നൽകുന്ന സാമ്പത്തിക സഹായമായ 2.5 ലക്ഷം രൂപ രാധയ്ക്കു ലഭിക്കുന്ന കാര്യം അവർ ഉറപ്പാക്കുകയും ചെയ്തു.

ദൈർഘ്യമേറിയ നിയമ പ്രക്രിയ മനോജിനെ പലസമയത്തും അസ്വസ്ഥനാക്കി. "ചിലപ്പോൾ അദ്ദേഹത്തിൻറെ മനസ്സ് മടുക്കുമായിരുന്നു. ഞാനദ്ദേഹത്തോട് ക്ഷമാലുവായിരിക്കുവാൻ പറഞ്ഞു”, ടോക്ലെ പറഞ്ഞു. രാധയുടെ സമരത്തിൽ അവരെ എത്രമാത്രം ധൈര്യപൂർവ്വമാണ് അദ്ദേഹം പിന്തുണച്ചതെന്ന് ടോക്ലെ കണ്ടതാണ്.

"സാവധാനത്തിൽ പുരോഗമിച്ച് കേസ് മഹാമാരിയുടെ സമയത്ത് കോടതി ഓൺലൈനിൽ പ്രവർത്തിച്ചതിനെത്തുടർന്ന് കുറച്ചുകൂടി സാവധാനത്തിലായിത്തീർന്നു. "[അപ്പോഴേക്കും] 4 വർഷമായിരുന്നു. ലോക്ക്ഡൗണിനു ശേഷം കുറച്ചു തവണ ഹിയറിങ് മാറ്റിവെച്ചു. ഞങ്ങൾ പിൻവാങ്ങിയില്ല. പക്ഷെ നീതി ലഭിക്കുമെന്നുള്ള ഞങ്ങളുടെ പ്രതീക്ഷയെ ഇത് കുറച്ചു”, രാധ പറഞ്ഞു.

അവരുടെ ക്ഷമയും ദൃഢനിശ്ചയവും പാഴായില്ല. കഴിഞ്ഞ വർഷം ഒക്ടോബറിൽ, കുറ്റം ചെയ്ത് ആറു വർഷങ്ങൾക്ക് ശേഷം, കുറ്റാരോപിതർ ബലാൽസംഗം ചെയ്തുവെന്ന് ബീഡിലെ സെഷൻസ് കോടതി കണ്ടെത്തി. കുറ്റക്കാരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. "വിധിയുടെ കാര്യം ഞങ്ങൾ രാധയെ അറിയിച്ചപ്പോൾ ഒരു മിനിറ്റത്തേക്ക് അവർ നിശബ്ദയാവുകയും പിന്നീട് പൊട്ടിക്കരയുകയും ചെയ്തു. അവരുടെ നീണ്ട സമരം പരിസമാപ്തിയിലെത്തി", ടോക്ലെ പറഞ്ഞു.

പക്ഷെ, പീഡനം അവിടെ അവസാനിച്ചില്ല.

മറ്റാരുടെയോ ഭൂമി കയ്യേറാൻ ശ്രമിക്കുന്നുവെന്ന് ആക്ഷേപിച്ചുകൊണ്ട് രണ്ടു മാസങ്ങൾക്കു ശേഷം രാധയ്ക്കൊരു നോട്ടീസ് ലഭിച്ചു. ഗ്രാമസേവകൻ ഒപ്പിട്ട ആ രേഖപ്രകാരം രാധ കൃഷി ചെയ്യുകയും താമസിക്കുകയും ചെയ്തു പോന്നിരുന്ന ഭൂമി ഗ്രാമത്തിലുള്ള മറ്റ് നാലു പേരുടേതായിരുന്നു. "ആ ആളുകൾ എൻറെ ഭൂമിക്ക് പിന്നാലെയായിരുന്നു”, രാധ പറഞ്ഞു. "എന്താണ് സംഭവിക്കുന്നതെന്ന് ഇവിടുള്ള ഉള്ള എല്ലാവർക്കുമറിയാമായിരുന്നു, പക്ഷെ, ഭയം മൂലം ആരുമെന്നെ തുറന്നു പിന്തുണച്ചില്ല. ആളുകൾക്ക് എങ്ങനെ ഒരു സ്ത്രീയുടെ ജീവിതം ദുരിതമയമാക്കാമെന്ന് ഞാൻ മഹാമാരിയുടെ സമയത്ത് പഠിച്ചു.”

പരാതി നൽകിയതിനുശേഷം കേസ് പിൻവലിക്കാൻ രാധയ്ക്കുമേൽ സമ്മർദ്ദമേറി. കുറ്റവാളികളും അവരുടെ ബന്ധുക്കളും ഗ്രാമ പഞ്ചായത്ത് അംഗങ്ങളുമായി വളരെ ബന്ധമുള്ളവരും ഗ്രാമത്തിലെ സ്വാധീനമുള്ള ആളുകളുമായിരുന്നു

രാധയുടെ കുടുംബം താമസിക്കുന്ന തകരഷീറ്റുകൊണ്ടു മേൽക്കൂരയുണ്ടാക്കിയ വീട് കാലവർഷ സമയത്ത് ചോരുകയും വേനൽക്കാലത്ത് കടുത്ത ചൂടുള്ളതുമായി മാറുകയും ചെയ്യുന്നു. “കാറ്റ് ശക്തമാകുമ്പോൾ മേൽക്കൂര പോകുന്നതുപോലെ തോന്നും. അങ്ങനെ സംഭവിക്കുമ്പോൾ എന്‍റെ കുട്ടികൾ കട്ടിലിനടിയിൽ ഒളിക്കുന്നു”, അവർ പറഞ്ഞു. "ഇതാണെന്‍റെ അവസ്ഥ. എങ്കിലും അവരെന്നെ വെറുതെ വിടില്ല. അവരെന്‍റെ വീട്ടിലേക്ക് വെള്ളമെത്തുന്നത് തടസ്സപ്പെടുത്തുകയും എന്നെ അവിടെനിന്നിറക്കി വിടുമെന്നു ഭീഷണിപ്പെടുത്തുക പോലും ചെയ്തു. എന്‍റെ പക്കൽ എല്ലാ രേഖകളുമുണ്ട്. ഞാനൊരിടത്തും പോകുന്നില്ല.”

തന്‍റെ ഭൂമി പിടിച്ചെടുക്കാൻ പോകുന്നതിനെക്കുറിച്ച് രാധ ജില്ലാ മജിസ്ട്രേറ്റിന് ഒരു കത്തെഴുതി. താൻ അപകടത്തിലാണെന്നും സംരക്ഷണം വേണമെന്നും അവർ പറഞ്ഞു. പിന്നീട് പേപ്പറിലെ തന്‍റെ ഒപ്പ് വ്യാജമായി ഇട്ടതാണെന്ന് പ്രസ്താവിച്ചുകൊണ്ട് ഗ്രാമസേവകൻ ജില്ലാ മജിസ്ട്രേറ്റിനെഴുതി. ഭൂമി രാധയുടേതാണെന്ന് അദ്ദേഹം പറയുകയും ചെയ്തു.

രാധയുടെ അവസ്ഥ കണക്കിലെടുത്തുകൊണ്ട് 2021 ആദ്യം മഹാരാഷ്ട ലെജിസ്ലേറ്റീവ് കൗൺസിലിന്‍റെ ഡെപ്യൂട്ടി ചെയർമാനായ നീലം ഗോരെ സംസ്ഥാന ഗ്രാമവികസന മന്ത്രി ഹസൻ മുഷ്റിഫിന് എഴുതി. രാധയ്ക്കും അവരുടെ കുടുംബത്തിനും സംരക്ഷണം വേണമെന്നും മൂന്ന് ഗ്രാമങ്ങൾ ചേർന്ന് പുറപ്പെടുവിച്ച നിയമവിരുദ്ധ സാമൂഹ്യ ബഹിഷ്കരണ നോട്ടീസിനെക്കുറിച്ച് അന്വേഷിക്കണമെന്നും അവർ പറഞ്ഞു.

രാധയുടെ വീടിനടുത്ത് എല്ലാസമയത്തും ഒരു പോലീസുകാരൻ ഇപ്പോൾ ഉണ്ടാവേണ്ടതാണ്. "എനിക്കിപ്പോഴും പൂർണ്ണമായ സുരക്ഷ തോന്നുന്നില്ല. പോലീസുകാരൻ ചിലപ്പോഴവിടെയുണ്ടാകും, ചിലപ്പോൾ ഉണ്ടാകില്ല. എനിക്ക് രാത്രിയിലൊരിക്കലും നല്ല ഉറക്കം ലഭിക്കാറില്ല”, അവർ പറഞ്ഞു. ലോക്ക്ഡൗണിനു [മാർച്ച് 2020-ലെ] മുൻപ് എനിക്ക് സമാധനത്തോടെ ഉറങ്ങാനെങ്കിലും പറ്റുമായിരുന്നു, കാരണം ഞാൻ ഗ്രാമത്തിൽ നിന്നകലെയായിരുന്നു. ഇപ്പോൾ ഞാനെല്ലായ്പ്പോഴും പാതിയുണർന്ന അവസ്ഥയിലാണ്, പ്രത്യേകിച്ച് ഞാനും കുട്ടികളും മാത്രമുള്ളപ്പോൾ.”

കുടുംബത്തിൽ നിന്നകലെയായിരിക്കുമ്പോൾ മനോജിനും നന്നായി ഉറങ്ങാൻ കഴിയില്ല. “അവർക്ക് കുഴപ്പമൊന്നുമില്ലാതെ സുരക്ഷിതരാണോയെന്നാലോചിച്ച് ഞാനെപ്പോഴും ആശങ്കപ്പെടുന്നു”, മനോജ് പറഞ്ഞു. തന്‍റെ ജോലി നഷ്ടപ്പെട്ടതിനെത്തുടർന്ന് ദിവസ വേതനത്തിന് ജോലി ചെയ്തശേഷം കഴിഞ്ഞ വർഷം സെപ്തംബറിലാണ് അദ്ദേഹത്തിന് ജോലി ലഭിച്ചത്. ഗ്രാമത്തിൽ നിന്നും 60 കിലോമീറ്റർ മാറിയാണ് അദ്ദേഹം ജോലി ചെയ്യുന്നത്. അതുകൊണ്ട് ചെറിയൊരു മുറി അവിടെ വാടകയ്ക്ക് എടുത്തിരിക്കുകയാണ്. "നേരത്തെ ലഭിച്ചിരുന്നതിനേക്കാൾ [മാഹാമാരിക്ക് മുൻപ്] കുറവാണ് അദ്ദേഹത്തിന്‍റെ ശമ്പളം. ഞങ്ങൾക്കെല്ലാവർക്കും താമസിക്കാൻ പറ്റുന്ന വിധത്തിലുള്ള വലിയൊരു വീട് വാടകയ്ക്കെടുക്കാൻ അതുകൊണ്ടുദ്ദേഹത്തിന് കഴിയില്ല. ആഴ്ചയിൽ 3-4 ദിവസം അദ്ദേഹം ഞങ്ങളോടൊപ്പം വന്ന് താമസിക്കുന്നു”, രാധ പറഞ്ഞു.

8, 12, 15 എന്നീ പ്രായങ്ങളിലുള്ള തന്‍റെ പുത്രിമാരെ പ്രദേശത്തുള്ള സ്ക്കൂൾ എങ്ങനെയായിരിക്കും സമീപിക്കുക എന്നോർത്ത് അവർ ആശങ്കാകുലയാണ്. സ്ക്കൂളുകൾ വീണ്ടും തുറക്കുമ്പോൾ കുട്ടികൾ പോകാനിരിക്കുകയാണ്. "അവരെ ബുദ്ധിമുട്ടിക്കുമോ, ഭീഷണിപ്പെടുത്തുമോ എന്നൊന്നും എനിക്കറിയില്ല.”

അവരുടെ ഉത്കണ്ഠകൾ കുറയ്ക്കാൻ നായകൾ സഹായിച്ചിരുന്നു. "കുറച്ച് സംരക്ഷണം നൽകാനും അവയ്ക്ക് കഴിഞ്ഞിരുന്നു. ആരെങ്കിലും കുടിലിനടുത്തു വരുമ്പോൾ അവ കുരയ്ക്കുമായിരുന്നു”, രാധ പറഞ്ഞു. "പക്ഷെ ഇവിടുത്തെയാളുകൾ അവയെ ഒന്നൊന്നായി കൊല്ലാൻ തുടങ്ങി. എന്‍റെ നാലാമത്തെ പട്ടിയെ ഈ അടുത്തിടെയാണ് കൊന്നത്.”

അഞ്ചാമതൊരെണ്ണത്തിനെ വാങ്ങുന്നകാര്യം ചോദ്യത്തിനു പുറത്താണെന്ന് രാധ പറഞ്ഞു. “ഗ്രാമത്തിലെ പട്ടികളെങ്കിലും സുരക്ഷിതരായിരിക്കണമല്ലോ.”

റിപ്പോര്‍ട്ടര്‍ക്ക് നൽകുന്ന സ്വതന്ത്ര പത്രപ്രവര്‍ത്തന ഗ്രാന്‍ന്റിലൂടെ പുലിറ്റ്സര്‍ സെന്‍റര്‍ സഹായം നൽകുന്ന ഒരു പരമ്പരയുടെ ഭാഗമാണ് ഈ ലേഖനം.

പരിഭാഷ: റെന്നിമോന്‍ കെ. സി.

Text : Parth M.N.

پارتھ ایم این ۲۰۱۷ کے پاری فیلو اور ایک آزاد صحافی ہیں جو مختلف نیوز ویب سائٹس کے لیے رپورٹنگ کرتے ہیں۔ انہیں کرکٹ اور سفر کرنا پسند ہے۔

کے ذریعہ دیگر اسٹوریز Parth M.N.
Illustrations : Labani Jangi

لابنی جنگی مغربی بنگال کے ندیا ضلع سے ہیں اور سال ۲۰۲۰ سے پاری کی فیلو ہیں۔ وہ ایک ماہر پینٹر بھی ہیں، اور انہوں نے اس کی کوئی باقاعدہ تربیت نہیں حاصل کی ہے۔ وہ ’سنٹر فار اسٹڈیز اِن سوشل سائنسز‘، کولکاتا سے مزدوروں کی ہجرت کے ایشو پر پی ایچ ڈی لکھ رہی ہیں۔

کے ذریعہ دیگر اسٹوریز Labani Jangi
Translator : Rennymon K. C.

Rennymon K. C. is an independent researcher based in Kottayam, Kerala.

کے ذریعہ دیگر اسٹوریز Rennymon K. C.