ഗ്രാമീണ സ്ത്രീകള്‍ ഏര്‍പ്പെട്ടിരിക്കുന്ന ഒരുപാട് തരത്തിലുള്ള ജോലികള്‍ ചിത്രീകരിച്ചിട്ടുള്ള ദൃശ്യമായ ജോലി, അദൃശ്യരായ സ്ത്രീകള്‍, ഒരു ചിത്ര പ്രദര്‍ശനം എന്ന പ്രദര്‍ശനത്തിന്‍റെ ഭാഗമാണ് ഈ പാനല്‍. ഈ ചിത്രങ്ങള്‍ മുഴുവന്‍ 1993 മുതല്‍ 2002 വരെയുള്ള കാലഘട്ടത്തില്‍ വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും പി. സായ്‌നാഥ് എടുത്തതാണ്. നിരവധി വര്‍ഷങ്ങളോളം രാജ്യത്തിന്‍റെ മിക്കഭാഗത്തും പര്യടനം നടത്തിയ യഥാര്‍ത്ഥ പ്രദര്‍ശനത്തെ പാരി ഇവിടെ ക്രിയാത്മകമായി ഡിജിറ്റൈസ് ചെയ്തിരിക്കുന്നു.

കാലിവളർത്തൽ രംഗത്ത് ...

ബീഹാറിൽ ചാണക ചുരുളികൾ ഉണ്ടാക്കുന്ന സ്ത്രീകൾ ദേശീയ സമ്പദ്‌വ്യവസ്ഥയ്ക്ക് അത്ഭുതകരമായ സംഭാവനയാണ് നൽകുന്നത്. എന്നിരിക്കിലും നമ്മുടെ ജി.ഡി.പിയുടെ ഭാഗമായി ചാണകത്തെ പരിഗണിക്കുന്നില്ല. പശുവിൻ ചാണകം ഇന്ധനമായി ഉപയോഗിക്കുന്ന ദശലക്ഷക്കണക്കിന് കുടുംബങ്ങൾ ഫോസിൽ ഇന്ധനത്തിലേക്ക് മാറിയാൽ അതൊരു ദുരന്തത്തിൽ കലാശിക്കും. പെട്രോളിയത്തിനും അതിന്‍റെ ഉൽപന്നങ്ങൾക്കും വേണ്ടിയാണ് മറ്റേതൊരു ഇനത്തേക്കാളും കൂടുതലായി ഇന്ത്യ വിദേശനാണ്യം ചിലവഴിക്കുന്നത്. 1999-2000-ൽ അത് 47,421 കോടി രൂപയായിരുന്നു.

ഇത് ഭക്ഷണം, ഭക്ഷ്യ എണ്ണ, മരുന്നുകൾ, ഫാർമസ്യൂട്ടിക്കൽ ഉൽപന്നങ്ങൾ, രാസവസ്തുക്കൾ, ഇരുമ്പ്, ഉരുക്ക് എന്നിവയൊക്കെ ഇറക്കുമതിക്കായി ചിലവാക്കുന്ന വിദേശനാണ്യത്തിന്‍റെ മൂന്നിരട്ടിയിലധികം വരും. പെട്രോളിയത്തിന്‍റെയും അതിന്‍റെ ഉൽപന്നങ്ങളുടെയും മേൽ ചിലവഴിക്കുന്നത് നമ്മുടെ ആകെ ഇറക്കുമതി ബില്ലിന്‍റെ നാലിലൊന്ന് വരും.

നമ്മൾ ഇറക്കുമതി ചെയ്യുന്ന വളത്തിന് ചിലവാക്കുന്ന വിദേശനാണ്യത്തിന്‍റെ (1.4 ബില്യൺ ഡോളർ) എട്ടിരട്ടിയോളം വരുമിത്. വിളകൾക്കുവേണ്ടി ദശലക്ഷക്കണക്കിനാളുകൾ ഉപയോഗിക്കുന്ന പ്രധാന ജൈവവളമാണ് ചാണകം. അതുകൊണ്ട് ആ വകയിൽ  ചിലവാകാവുന്ന എത്രയെന്ന് പറയാത്ത ഒരു തുക ഈ വകയിൽ കുറയുന്നു. ചാണകം കീടങ്ങളെ തുരത്തുന്നതിനുപയോഗിക്കുന്നു. കൂടാതെ വേറെയും ഉപയോഗങ്ങളുണ്ട്. നിങ്ങൾക്കിഷ്ടമുള്ള രീതിയിൽ ഇത് മുറിക്കാം. രാജ്യത്ത് ചാണകം ശേഖരിക്കുന്ന സ്ത്രീകൾ ദശലക്ഷക്കണക്കിന് ഡോളറുകളാണ്, ഒരുപക്ഷെ ബില്യൺ (ശതകോടി) കണക്കിന് ഡോളറുകൾ, ഇന്ത്യക്ക് എല്ലാ വർഷവും നേടിക്കൊടുക്കുന്നത്. ചാണകം ഓഹരിവിപണിയിൽ രജിസ്റ്റർ ചെയ്തിട്ടില്ലാത്തതുകൊണ്ട്, അല്ലെങ്കിൽ അവ ശേഖരിക്കുന്ന സ്ത്രീകളുടെ ജീവിതം മുഖ്യധാര സാമ്പത്തികശാസ്ത്രജ്ഞർ കാര്യമായി ശ്രദ്ധിക്കാത്തത് കൊണ്ടോ അതേക്കുറിച്ച് അവർക്ക് അറിയാത്തതുകൊണ്ടോ, ഇതിനെ മനസ്സിലാക്കാൻ ശ്രമിക്കുന്നില്ല. അത്തരം തൊഴിലിനെ അവർ കാണുകയോ പരിഗണിക്കുകയോ ചെയ്യുന്നില്ല.

വീഡിയോ കാണുക: തന്‍റെ പുറത്ത് മേൽക്കൂര താങ്ങുന്നതു പോലെയാണ് അവർ കുനിഞ്ഞു നിൽക്കുന്നതും വൃത്തിയാക്കുന്നതും

സ്ത്രീകൾ പശുക്കൾക്കും എരുമകൾക്കും വേണ്ട തീറ്റ ശേഖരിക്കുന്നു. പാചക ഇന്ധനം ഉണ്ടാക്കാനായി ചുള്ളിക്കമ്പുകളും വിളകളുടെ അവശിഷ്ടങ്ങളും ചേർത്ത് അവർ ചാണകം സംസ്കരിച്ചെടുക്കുന്നു. അതും സ്വന്തം ചിലവിൽ, മറ്റ് മാർഗ്ഗങ്ങളൊന്നും ഇല്ലാതെ. ചാണകം ശേഖരിക്കുകയെന്നത് മടുപ്പുളവാക്കുന്നതും ഉപയോഗിക്കുകയെന്നത് ബുദ്ധിമുട്ടുള്ളതുമാണ്.

ഇന്ത്യയെ ലോകത്തിലെ ഏറ്റവും വലിയ പാലുൽപാദക രാജ്യമാക്കുന്നതിലും ദശലക്ഷക്കണക്കിന് സ്ത്രീകൾ വലിയ സംഭാവന നൽകുന്നു. ഇന്ത്യയിലെ 100 ദശലക്ഷം പശുക്കളെയും എരുമകളെയും അവരാണ് പ്രധാനമായും കറക്കുന്നത് എന്നത് മാത്രമല്ല ഇതിന് കാരണം. ആന്ധ്രാപ്രദേശിലെ വിജയനഗരത്തിലെ ആ സ്ത്രീക്ക് പശുക്കളെ കറക്കുക എന്നത് ഉത്തരവാദിത്തങ്ങളുടെ ചെറിയൊരു ഭാഗം മാത്രമാണ്. ഉത്തരവാദിത്തങ്ങളുടെ ഭാഗമായി അവർ കാലിത്തീറ്റ ശേഖരിക്കും, അവയ്ക്ക് തീറ്റ നൽകും, കുളിപ്പിക്കും, തൊഴുത്ത് വൃത്തിയാക്കും, ചാണകം ശേഖരിക്കുകയും ചെയ്യും. അവരുടെ അയൽക്കാരി നേരത്തെതന്നെ അവരുടെ പശുവിൻ പാലുമായി പാൽ സൊസൈറ്റിയിൽ എത്തിയിട്ടുണ്ട്. അവിടെ നടക്കുന്ന എല്ലാ കൊടുക്കൽ വാങ്ങലുകളും അവർ കൈകാര്യം ചെയ്യുകയും ചെയ്യും. ക്ഷീരമേഖലയിൽ പണിയെടുക്കുന്ന സ്ത്രീകളുടെ എണ്ണത്തെക്കുറിച്ചുള്ള കണക്കുകൾ 69 മുതൽ 73 ശതമാനം വരെ മാറിക്കൊണ്ടിരിക്കുന്നു. പാലുൽപന്നങ്ങളുടെ സംസ്കരണവുമായി ബന്ധപ്പെട്ട കൂടുതൽ ജോലികൾ ചെയ്യുന്നതും സ്ത്രീകളാണ്. യഥാർത്ഥത്തിൽ എല്ലാ വളർത്തു ജന്തുക്കളെയും പരിപാലിക്കുന്നതിലും ഉൽപാദിപ്പിക്കുന്നതിലും സ്ത്രീകൾ ഒരു പ്രമുഖ പങ്ക് വഹിക്കുന്നു.

PHOTO • P. Sainath

മറ്റൊരു അയൽക്കാരി പാടത്തുനിന്നും എരുമയെ തിരികെ കൊണ്ടുവരുന്നു (കവർ ചിത്രം). എരുമ ചെറിയൊരു പ്രശ്നത്തിലാണ്. താരതമ്യേന വലിപ്പം കുറഞ്ഞ പക്ഷെ കുറച്ച് ആക്രമണകാരിയായ ഒരു നായയെ അത് കണ്ടു. ചെറിയ നായ അതിന്‍റെ കാലുകളിൽ കടിക്കാനായി കാത്തിരിക്കുകയാണ്. രണ്ടു കാര്യങ്ങളും ആ സ്ത്രീ മനസ്സിലാക്കി, പക്ഷെ അവർക്കത് കൈകാര്യം പറ്റും. അവർ സുരക്ഷിതമായി എരുമയെ നയിച്ച് വീട്ടിലെത്തിക്കുകയും ചെയ്യും. തന്‍റെ ജീവിതത്തിൽ എല്ലാദിവസവും അവർ ചെയ്യുന്നതുപോലെ.

കന്നുകാലികൾ പാലിലൂടെയോ മാംസത്തിലൂടെയോ മനുഷ്യർക്കുവേണ്ടി വെറുതെ പണം നേടുകയല്ല ചെയ്യുന്നത്. നിർണ്ണായകമായ ഇൻഷുറൻസ് പരിരക്ഷയിലൂടെ ദശലക്ഷക്കണക്കിന് ദരിദ്ര ഇന്ത്യക്കാരെ അവ സേവിക്കുന്നു. കടുത്ത പ്രതിസന്ധി ഘട്ടങ്ങളിൽ, എല്ലാ സ്രോതസ്സുകളിൽ നിന്നുമുള്ള വരുമാനം കുറയുമ്പോൾ, ദരിദ്രരായ ആളുകൾ ഒന്നോ രണ്ടോ കന്നുകാലികളെയോ അല്ലെങ്കിൽ മറ്റെന്തെങ്കിലും ശേഖരമോ വിൽക്കുന്നു. അതുകൊണ്ട് നിരവധി ദരിദ്ര ഇന്ത്യക്കാരുടെ ക്ഷേമം രാജ്യത്തെ കാലിക്കൂട്ടങ്ങളുടെ ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. കാലിക്കൂട്ടങ്ങളുടെ ആരോഗ്യം സ്ത്രീകളുടെ കൈകളിലാണ്. എന്നിരിക്കിലും കുറച്ച് സ്ത്രീകൾക്ക് മാത്രമാണ് കാലികളുടെ ഉടമസ്ഥതയും നിയന്ത്രണവുമുള്ളത്. ഇന്ത്യയിൽ ഗ്രാമതലത്തിലുള്ള 70,000 ക്ഷീര സഹകരണ സംഘങ്ങളിൽ മിക്കതും പുരുഷന്മാരുടെ നിയന്ത്രണത്തിലാണ്. എല്ലാ സംഘാംങ്ങിലും 18 ശതമാനം മാത്രമാണ് സ്ത്രീകൾ ഉള്ളത്. കൂടാതെ, ഡി.സി. ബോർഡ് അംഗങ്ങളുടെ വെറും 3 ശതമാനത്തിൽ താഴെ മാത്രമാണവർ.

PHOTO • P. Sainath

പരിഭാഷ: റെന്നിമോന്‍ കെ. സി.

پی سائی ناتھ ’پیپلز آرکائیو آف رورل انڈیا‘ کے بانی ایڈیٹر ہیں۔ وہ کئی دہائیوں تک دیہی ہندوستان کے رپورٹر رہے اور Everybody Loves a Good Drought اور The Last Heroes: Foot Soldiers of Indian Freedom کے مصنف ہیں۔

کے ذریعہ دیگر اسٹوریز پی۔ سائی ناتھ
Translator : Rennymon K. C.

Rennymon K. C. is an independent researcher based in Kottayam, Kerala.

کے ذریعہ دیگر اسٹوریز Rennymon K. C.