ഇക്കഴിഞ്ഞ ക്രിസ്തുമസ് പ്രഭാതം. മുംബൈ നഗരത്തില്‍ മുവ്വായിരത്തി അറന്നൂറു കോടി രൂപയുടെ ശിവാജി പ്രതിമയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡി തറക്കല്ലിട്ടതിന് ശേഷം  ഇരുപത്തി നാല് മണിക്കൂര്‍ ആയതേയുള്ളൂ. കഷ്ടി ഇരുന്നൂറ് കിലോമീറ്റര്‍ ഇപ്പുറം നാഷിക്കിലെ ദോണ്ടേഗാവ് ഗ്രാമത്തില്‍ യഷ്വന്ത്‌ ബന്ദ്കുലേയും ഭാര്യ ഹിരാബായിയും  സ്വന്തം  കൃഷിയിടത്തിലെ തക്കാളി  ചെടികള്‍ ഒന്നൊന്നായി പിഴുതെടുക്കുകയാണ്.

“തക്കാളിയുടെ വിലത്തകർച്ച  തുടങ്ങിയിട്ട് ഒരു മാസമായി. ഉള്ള ചെടികളെ നിലനിർത്തുന്നത് പോലും ഞങ്ങൾക്ക്  വന്‍ ബാധ്യതയാണ്‌,’’ യഷ്വന്ത്‌ പറഞ്ഞു. കൂട്ടായ അധ്വാനവും  മൂലധനമായി ഇരുപതിനായിരം രൂപയും  മുടക്കിയാണ് ആ ആദിവാസി കുടുംബം ഇക്കുറി  തക്കാളി  കൃഷി ചെയ്യാന്‍  ഇറങ്ങിയത്. താരതമ്യേന നല്ല  വിളവുണ്ടായിരുന്നു. ചെടികള്‍ പിഴുതു കളഞ്ഞ മണ്ണില്‍ ഗോതമ്പ് വിതയ്ക്കാന്‍  ആണ്  അവരുടെ  പദ്ധതി. “ചുരുങ്ങിയത് വേനലില്‍ പട്ടിണി മാറ്റാന്‍ എങ്കിലും അതുപകരിക്കും,” ഹിരാബായി പറഞ്ഞു.

കറൻസികൾ അസാധുവാക്കുന്ന മോഡിയുടെ  നവംബര്‍ എട്ടിലെ പ്രസ്താവന തകർത്ത  മേഖലകളില്‍ ഒന്ന്  തക്കാളിയുടെതാണ്.  നിലവിൽ പ്രതിസന്ധി   നേരിട്ടിരുന്ന കർഷകരുടെ സ്ഥിതി അത്  പരിതാപകരമാക്കി.  നാഷിക്ക് നഗരത്തില്‍ നിന്നും  ഇരുപത് കിലോമീറ്റര്‍  അകലെ മൊത്ത വ്യാപാരം നടക്കുന്ന ഗിര്‍ണാരേ മണ്ടിയില്‍  കിലോയ്ക്ക്  വില ഇപ്പോള്‍  അമ്പതു പൈസ മുതല്‍  രണ്ട് രൂപ വരെ മാത്രം.  കൃഷി  ചെയ്യുന്നതിന്റെയും ചന്തയില്‍  എത്തിക്കുന്ന  ഗതാഗതത്തിന്റെയും ചെലവ് നികത്താന്‍ പോലും  അതുകൊണ്ട്  കർഷകർക്ക് സാധിക്കില്ല. ചില്ലറ വില്പന കേന്ദ്രങ്ങളില്‍ കിലോയ്ക്ക് ഇപ്പോൾ ആറു രൂപ  മുതല്‍ പത്തു രൂപ വരെ  മാത്രം.  പച്ചക്കറികളും  അനുബന്ധ കൃഷികളും  നിറഞ്ഞ നാഷിക്കില്‍  നിരാശരായ കർഷകർ  ചെടികള്‍ പിഴുതുകളയുകയാണ്. വിളവ്‌ പറിച്ചെടുക്കാന്‍ പോലും  പലരും  മുതിരുന്നില്ല. വിളകൾക്ക് മീതെ കന്നുകാലികളെ അഴിച്ചു വിടുന്നവരും  കുറവല്ല. കഴിഞ്ഞ മഴക്കാലത്ത് മൂവ്വായിരം രൂപ മുതല്‍ ഒന്നരലക്ഷം രൂപ വരെ ചെലവാക്കി  കൃഷി  ഇറക്കിയ കർഷകർ ആണിവിടെ  ഈ  ദുരന്തം  നേരിടുന്നത്.


വീഡിയോ കാണാം: ദോണ്ടേഗാവ് ഗ്രാമത്തില്‍ ആദിവാസി കര്‍ഷകരായ ഹിരാബിയും യശ്വന്ത് ബന്ദ്കുലേയും  കൃഷി ചെയ്തെടുത്ത തക്കാളി വിളകള്‍ നശിപ്പിക്കുന്നു


കഴിഞ്ഞ വർഷം  തക്കാളിക്ക്  നല്ല  വില കിട്ടിയിരുന്നു. ഇരുപത്  കിലോയുടെ  പെട്ടിയ്ക്ക്  300 രൂപ മുതല്‍  750 രൂപ വരെ. പോയ വർഷത്തെ  അത്രയും  വില ഇക്കുറി കിട്ടില്ല  എന്ന്  കർഷകർക്ക്   ഒക്ടോബര്‍ ആയപ്പോഴേക്കും  മനസ്സിലായിരുന്നു. മുന്‍വര്‍ഷത്തെ അത്രയും വലിയ പ്രതീക്ഷകള്‍ ഇല്ല.  നല്ല കാലാവസ്ഥയാണ്  ഒക്ടോബറിലും ഉണ്ടായിരുന്നത്. കീടങ്ങളുടെ  ആക്രമണവും അത്രയ്ക്കില്ല. എന്നാല്‍ തക്കാളി കര്‍ഷകരുടെ എണ്ണത്തില്‍  ഉണ്ടായ  വര്‍ധനയും  വലിയ തോതിലുള്ള  ഉല്‍പാദനവും വലിയ ലാഭത്തെക്കുറിച്ചുള്ള  അവരുടെ  പ്രതീക്ഷകള്‍  ഇല്ലാതാക്കി. മുന്‍വര്‍ഷത്തെ  അപേക്ഷിച്ച്  ലാഭം കുറയുമെന്നെയുള്ളൂ. വില തകര്‍ച്ച  ഇല്ല. ഒരു പെട്ടിക്ക് നൂറ്റിമുപ്പത്  രൂപ എങ്കിലും  ലഭിക്കും  വിധം  മോശമല്ലാത്ത  വില ദസറയ്ക്കും  ദീപവലിക്കുമെല്ലാം ലഭിച്ചിരുന്നു.

എന്നാല്‍  അഞ്ഞൂറിന്റെയും  ആയിരത്തിന്റെയും  നോട്ടുകള്‍  അസാധുവാക്കപ്പെട്ടതോടെ  കാര്യങ്ങള്‍  തകിടം  മറിഞ്ഞു. പണം  ലഭ്യമാകുന്നതില്‍  വന്ന  പ്രതിസന്ധി  വിനിമയവും  കച്ചവടവും  വളരെ  കുറച്ചു. ``നവംബര്‍  പതിനൊന്നിനു താഴെ  പോയ  വിലകള്‍ ഇനിയും  തിരിച്ചു വന്നിട്ടില്ല,'' ഗിര്‍നാറെയിലെ  കര്‍ഷകന്‍ നിതിന്‍  ഗൈകര്‍ പറഞ്ഞു. പെട്ടിക്ക്  പത്തു മുതല്‍  നാല്‍പത് രൂപ വരെ ഉള്ള  നിലയിലേക്ക്  അതിടിഞ്ഞു. കറന്‍സികളാണ് ഗ്രാമീണ കാര്‍ഷിക  സമ്പത്ത് വ്യവസ്ഥയുടെ  അടിസ്ഥാനം എന്ന്  ഗൈകര്‍  പറയുന്നു. കര്‍ഷകര്‍ക്കിടയിലെ  കൊടുക്കല്‍  വാങ്ങലുകള്‍, വ്യാപാരം, ഗതാഗതം, ചെറുകിട  വില്പന, കൂലിയ്ക്ക്  ആളെ വയ്ക്കല്‍ എന്നിവയെല്ലാം  അവയെ  അടിസ്ഥാനമാക്കിയാണ്.


02-IMG_0362-AA&CC-Notebandi takes the sauce out of Nashik's tomatoes.jpg

അഞ്ഞൂറ്, ആയിരം രൂപ നോട്ടുകള്‍ അസാധുവാക്കിയതോടെ വില്പന കുറഞ്ഞു. വിലകള്‍ തകര്‍ന്നു. കൂടിയ വിളവും  കറന്‍സി പ്രതിസന്ധിയും ഒന്നിച്ചാണ് വന്നത്


എന്നാല്‍  ജില്ല ഭരണകൂടത്തിന് നിലവിലെ  സാഹചര്യം  സംബന്ധിച്ച്  ആശങ്കകള്‍  ഏതുമില്ല. ``സ്വതന്ത്ര  കമ്പോളം  ആണ്  നിലവിലുള്ളത്.  അതിനെ  ദിനംപ്രതി  ഇടപെട്ട് നിയന്ത്രിക്കാനാകില്ല.,'' നാഷിക് ജില്ല കലക്ടര്‍  ബി  രാധാകൃഷ്ണന്‍  പറഞ്ഞു. `` വിലകള്‍  കമ്പോളത്താല്‍  മാത്രമാണ്  നിയന്ത്രിക്കപ്പെടുക,'' അദ്ദേഹം  തുടര്‍ന്ന്.

എന്നാല്‍  ഗ്രാമങ്ങളിലെ  കുടുംബങ്ങളുടെ  അതിജീവനം  താളംതെറ്റിയിരിക്കുകയാണ്.  “രണ്ടേക്കറില്‍ തക്കാളി  കൃഷി  ചെയ്യാന്‍  രണ്ടുലക്ഷം  രൂപ  എനിക്ക്  ചെലവായി. അതില്‍ മുപ്പതിനായിരം പോലും  തിരിച്ചു കിട്ടിയിട്ടില്ല,'' ഗണേഷ് ബോബ്ഡെ പറയുന്നു. “വാങ്ങാന്‍  ആളില്ല. അത് കൊണ്ട്  തക്കാളി  കൃഷിയിടം ഞാന്‍ എന്‍റെ കന്നുകാലികള്‍ക്ക്  മേയാന്‍  വിട്ടിരിക്കുകയാണ്,'' സോമനാഥ് തെട്ടെയുടെ വാക്കുകള്‍. അയാളുടെ  വിളഞ്ഞുകിടക്കുന്ന കൃഷിയിടത്തില്‍ മൂന്നു  പശുക്കള്‍  തക്കാളികള്‍  തിന്നു  കൊണ്ടിരുന്നു.


03-Somnath-Thete-Cow-AA&CC-Notebandi takes the sauce out of Nashik's tomatoes.jpg

ആരും  വാങ്ങാന്‍ ഇല്ലാത്ത അവസ്ഥയില്‍  സോമനാഥ് തെട്ടെ തക്കാളി കൃഷിയിടത്തില്‍  പശുവിനെ മേയാന്‍ വിട്ടിരിക്കുന്നു


യോഗേഷ് ഗയിക്കര്‍ ക്രുദ്ധനായിരുന്നു. പത്ത് ഏക്കറില്‍  തക്കാളി  കൃഷി ചെയ്തിരുന്നു  അയാള്‍. “രണ്ടായിരം പെട്ടി  തക്കാളി  ഇതുവരെ  വിറ്റതില്‍ അധികവും  കൊടും  നഷ്ടത്തില്‍  ആയിരുന്നു. കറന്‍സി  നിരോധനം  ആണ്  കുഴപ്പമുണ്ടാക്കിയത്. എന്തെങ്കിലും  കുറച്ചു സാമ്പത്തിക  നേട്ടം  ഉണ്ടാക്കാം എന്ന്  കരുതിയിരിക്കുമ്പോള്‍  ആണ്  മോഡി  ഞങ്ങുടെ സ്വപനങ്ങള്‍  തകര്‍ത്തു  കളഞ്ഞത്,'' അയാള്‍  പറഞ്ഞു.

രാജ്യത്ത്  ഈ ഖാരിഫ് സീസണില്‍  വില്‍ക്കപ്പെടുന്ന  നാലില്‍ ഒരു തക്കാളി എങ്കിലും  നാഷിക്കില്‍  നിന്നും  ഉള്ളതാണ്. സര്‍ക്കാര്‍ കണക്കുകള്‍  അനുസരിച്ച് കഴിഞ്ഞ  സെപ്റ്റംബറിനും ജനുവരിക്കുമിടയില്‍  വില്‍ക്കപ്പെട്ട  തക്കാളികളില്‍ 24 ശതമാനം  നാഷിക്ക്  ജില്ലയില്‍ നിന്നും  ഉള്ളതാണ്. (3.4 ലക്ഷം  ടണ്‍ മുതല്‍  14.3 ലക്ഷം  ടണ്‍ വരെ.

കാലങ്ങളായി  വിലയിലെ  അസ്ഥിരതയും  വരുമാനത്തിലെ  ചാഞ്ചാട്ടവും  നേരിടുന്നവരാണ്  ഇവിടുത്തെ  കര്‍ഷകര്‍.  വിലകിട്ടാതെ  വിളകള്‍ ഉപേക്ഷിക്കുന്ന അവസ്ഥകള്‍  മുന്‍പും  ഉണ്ടായിട്ടുണ്ട്.  എന്നാല്‍  ഇത്ര ഭയാനകമായ  ഒരു സാഹചര്യം  മുന്‍പ്  ഒരിക്കലും  ഉണ്ടായിട്ടില്ല എന്ന്  മറാത്തി കാര്‍ഷിക പത്രമായ  അഗ്രോവോണിന്‍റെ  നാഷിക്കിലെ  ലേഖകന്‍  ധ്യാനേഷ്വര്‍ ഉഗാളെ സാക്ഷ്യപ്പെടുത്തുന്നു.

“ഒരു പെട്ടി  തക്കാളി  ഉത്പാദിപ്പിക്കാന്‍ കര്‍ഷകന്  ശരാശരി  തൊണ്ണൂറു  രൂപ  ഇപ്പോള്‍  ചെലവ്  വരും. പകരം കിട്ടുന്നത്  കഷ്ടി പതിനഞ്ചു മുതല്‍  നാല്പത്  രൂപ വരെ. എത്ര മാത്രം  നഷ്ടം  അവര്‍ക്ക്  കറന്‍സി  പ്രതിസന്ധി കൊണ്ട്  ഉണ്ടായി എന്ന്  ഊഹിക്കാമല്ലോ?,'' അദ്ദേഹം  ചോദിക്കുന്നു.

നാഷിക്ക് ജില്ലയിലെ  നാല്  പ്രധാന  കാര്‍ഷികോത്പന്ന  മൊത്തകച്ചവട കേന്ദ്രങ്ങളിലെ  ലഭ്യത  മാത്രം വച്ച് കൊണ്ട്  ഇത് വരെയുള്ള  നഷ്ടം  നൂറു കോടി  രൂപയില്‍  അധികമാണ്  എന്ന്  അദ്ദേഹം നിരീക്ഷിക്കുന്നു.

ഔദ്യോഗിക സംവിധാനം  ഈ തകര്‍ച്ചയെ  നോക്കികാണുന്ന  രീതിയാണ്‌  വിചിത്രം. ജില്ലാ അഗ്രികള്‍ച്ചര്‍ സൂപ്രണ്ട് ഓഫീസിലെ കാര്‍ഷിക  സൂപ്പര്‍ വൈസര്‍  ഭാസ്കര്‍  രഹാനെ പറയുന്നത്  കേള്‍ക്കാം.  തക്കാളി കൃഷിയും  ഉത്‌പാദനവും വിപണനവും  സംബന്ധിച്ച്  തങ്ങളുടെ കൈവശം  രണ്ടായിരത്തി പതിനൊന്ന്-പന്ത്രണ്ട് വരെയുള്ള  കണക്കുകള്‍  മാത്രമേ ഉള്ളൂ  എന്നദ്ദേഹം  പറയുന്നു. "കര്‍ഷകര്‍ക്ക്  സംഭവിക്കുന്ന നഷ്ടം കണക്കാക്കാന്‍ ഞങ്ങള്‍ക്ക്  സംവിധാനമില്ല.  സ്വന്തം വരുമാനവും  ചെലവുകളും  കര്‍ഷകര്‍ തന്നെ  കണക്കാക്കി  പ്രവര്‍ത്തിക്കണം,'' അദ്ദേഹം  പറഞ്ഞു.


''ഇപ്പോഴത്തെ വില കൊണ്ട് വിളവെടുപ്പിനുള്ള ചെലവ് പോലും നികത്താന്‍ എനിക്ക് പറ്റില്ല.'' ആദിവാസി  കര്‍ഷകന്‍ ദത്തു ബന്ദ്കുളെ പറയുന്നു


തക്കാളി  വിപണനത്തിന്‍റെ  പ്രധാന  കേന്ദ്രം  എന്ന് പറയാവുന്ന  ഗിര്‍ണാറെ മണ്ടിയുടെ മൈതാനം  അസാധാരണമാം വിധം  തിരക്കൊഴിഞ്ഞ് പൊടിപിടിച്ചു കിടന്നിരുന്നു. സാധാരണ  തക്കാളി  നിറച്ച  ട്രാക്ടറുകള്‍ തിരക്ക്  കൂട്ടിയിരുന്ന  അവിടെക്കുള്ള  വഴികള്‍  ഇപ്പോള്‍  എന്താണ്ട് വിജനമാണ്. ഒക്ടോബര്‍  മുതല്‍  ഡിസംബര്‍ വരെ ഇവിടെ ക്യാമ്പ്  ചെയ്ത് തക്കാളി  വാങ്ങിയിരുന്ന  രാജ്യത്തിന്‍റെ  ഇതര ഭാഗങ്ങളില്‍ നിന്നുള്ള  കച്ചവടക്കാര്‍  നേരത്തെ സ്ഥലം കാലിയാക്കിയിരുന്നു.

അവരില്‍  ഒരാളായ രഹത്ത് ജാന്‍ തിരികെ  ജന്മനാടായ ഉത്തര്‍ പ്രദേശിലെ  അമ്രോഹയില്‍  എത്തിയിരുന്നു. ഫോണില്‍  ബന്ധപ്പെട്ടപ്പോള്‍  അയാള്‍  പറഞ്ഞു:  “നാഷിക്ക്  നഗരത്തില്‍  എനിക്ക്  ഒരു ഐസിഐസിഐ ബാങ്ക്  അക്കൗണ്ട്‌  ഉണ്ട്. എട്ടു ദിവസങ്ങള്‍  കൊണ്ട്  എനിക്കാകെ അതില്‍ നിന്നും എടുക്കാനായത്  അമ്പതിനായിരം  രൂപ  മാത്രമാണ്. ദിവസവും  എനിക്ക്  ഒരു ലക്ഷം മുതല്‍  മൂന്നു ലക്ഷം  വരെ ബിസിനസ്സ് നടത്താന്‍  വേണ്ടിയിരുന്നു.''

``പഴയ നോട്ടുകള്‍  കര്‍ഷകരും  പെട്രോള്‍  പമ്പുകളും  സ്വീകരിച്ചിരുന്നതിനാല്‍ ആദ്യമൊക്കെ പിടിച്ചു  നിന്നു. പണം  കിട്ടാന്‍ ഉണ്ടായിരുന്നെകില്‍  പതിഞ്ചു ദിവസം കൂടി  അവിടെ നിന്ന് ഞാന്‍ കച്ചവടം  നടത്തിയേനെ,'' അദ്ദേഹം പറഞ്ഞു.

അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള കച്ചവടക്കാര്‍  മുഴുവന്‍  പിന്‍വാങ്ങി കഴിഞ്ഞു. മുംബയില്‍  വിരാറില്‍ നിന്നും  വാശിയില്‍ നിന്നുമൊക്കെയുള്ള  ചില  പ്രാദേശിക വ്യാപാരികള്‍  മാത്രമേ വരുന്നുള്ളൂ. അവരും വിലത്തകര്‍ച്ചയുടെയും  കറന്‍സി  പ്രതിസന്ധിയുടെയും  പ്രശ്നങ്ങള്‍  നേരിടുന്നു.  നാലായിരം രൂപ  കൊടുത്ത്  നൂറു പെട്ടി തക്കാളി  വാങ്ങുന്ന  പിമ്പാല്‍ഗാവിലെ കച്ചവടക്കാരന്‍  കൈലാഷ് സാല്‍വെ പറഞ്ഞത്  കൂടുതല്‍  പണം  ബാങ്കില്‍ നിന്നും  കിട്ടാന്‍  ഇല്ലാത്തതിനാല്‍  താന്‍  ഇത്രയേ  വാങ്ങുന്നുള്ളൂ എന്നാണ്.  ഗുജറാത്തിലെ  സൂറത്തില്‍  പുതിയ വിപണി  അന്വേഷിക്കുകയാണ്  അയാള്‍.

``കഴിഞ്ഞ  വര്ഷം ഇതേ സമയം  സ്ഥിതി വ്യത്യസ്തം ആയിരുന്നു. അമ്പത്  ലക്ഷം രൂപയുടെ  തക്കാളി  കച്ചവടം ചെയ്താല്‍  മൂന്നു ലക്ഷം  രൂപ  ലാഭം കിട്ടിയിരുന്നു. ഈ വര്ഷം  ഇത് വരെ  പത്തുലക്ഷം  രൂപയുടെ കച്ചവടമാണ്  നടത്തിയത്. അതും കടുത്ത നഷ്ടത്തില്‍  കലാശിച്ചു,'' അയാള്‍  പറഞ്ഞു. വലിയ  നഷ്ടത്തിലാണ്  രണ്ട് ദിവസം മുന്‍പ്  സൂറത്തിലെ ഒരു  ഇടപാടുകാരനുമായി അയാള്‍ വിനിമയം  നടത്തിയത്.

കഴിഞ്ഞ  ഒന്നര ദശകങ്ങളില്‍  മുന്തിരി കഴിഞ്ഞാല്‍  ഈ നാട്ടിലെ  ഏറ്റവും  പ്രധാന  വിള തക്കാളി  ആയിരുന്നു.  ചെറിയ കൃഷി സ്ഥലം  മാത്രമുള്ള മാറാത്ത ആദിവാസി വിഭാഗക്കാരായ ബന്ദ്കുലേ, ഗൈക്കാര്‍ തുടങ്ങിയവര്‍ പോലും  ചെറിയ  മൂലധനവും  വെള്ളവും  സ്വായത്തമാക്കി  തക്കാളി  കൃഷി  ചെയ്തു.  ഉത്പാദനത്തിലെ  വലിയ വര്‍ധനവ് വില തകര്‍ച്ചയുടെ  മറ്റൊരു  കാരണമായി ചിലര്‍  ചൂണ്ടി കാണിക്കുന്നുണ്ട്. എന്നാല്‍  വ്യാപകമായി  കൃഷി  ചെയ്യപ്പെടാത്തതും  വലിയ  ഉത്പാദനം  ഇല്ലാത്തതുമായ  കാര്‍ഷിക  ഉത്പന്നങ്ങള്‍ നേരിടുന്ന  വില തകര്‍ച്ച  ആ വാദത്തെ പൊളിക്കുന്നു.


04-AA&CC-Notebandi takes the sauce out of Nashik's tomatoes.jpg

ഇടത്: ``ഞങ്ങള്‍ എന്തെകിലും ലാഭം  ഉണ്ടാക്കുമെന്ന അവസ്ഥ വന്നപോഴാണ്  മോഡി പണി പറ്റിച്ചത്,'' യോഗേഷ് ഗൈക്കര്‍ പറയുന്നു. വലത്:  നാഷിക്കിലെ  യശ്വന്ത് ബന്ദ്കുലേ അടക്കം  പലര്‍ക്കും വിളവെടുപ്പ് നടത്തുന്നത് പോലും നഷ്ടമുണ്ടാക്കുന്നു


വഴുതിനങ്ങ, കോളി ഫ്ലവര്‍, മല്ലി, ചുരക്ക  തുടങ്ങിയവയുടെ  ഒന്നും  വില  കറന്‍സി പ്രതിസന്ധിക്ക് മുന്‍പ്  തകര്‍ന്നിരുന്നില്ല എന്ന്നു നാനാ ആചാരി ചൂണ്ടിക്കാട്ടുന്നു. ദോണ്ടേഗാവ് ഗ്രാമത്തിലെ  ആദിവാസി ചെറുകിട കര്‍ഷകന്‍  ആയ അയാള്‍ ഇരുപത്  ദിവസം മുന്‍പാണ്‌  ഇരുപത് പെട്ടി വഴുതിന  വില്‍ക്കാന്‍  നാഷിക്ക് നഗരത്തിലെ  ചന്തയില്‍  പോയത്. എന്നാല്‍  വാങ്ങാന്‍  ആരെയും  കിട്ടാതെ തിരികെ  പോരേണ്ടി വന്നു. പിറ്റേന്ന്  വാഷി മണ്ടിയില്‍  വെറും അഞ്ഞൂറ്  രൂപയ്ക്ക് മൊത്തം വഴുതിന അയാള്‍ക്ക് വില്‍ക്കേണ്ടി വന്നു. വണ്ടിയില്‍ കൊണ്ടുപോയ  ചെലവ്  കിഴിച്ചപ്പോള്‍  പോക്കറ്റില്‍  എത്തിയത്  മുപ്പതു രൂപ.  വട്ഗാവ് ഗ്രാമത്തിലെ  കര്‍ഷകനായ കേറൂ കസ്ബെ ഏഴ് ദിവസം മുന്‍പാണ്‌  എഴുന്നൂറ് കിലോ  വഴുതിന വാഷിയില്‍ കൊണ്ടുപോയി  വിറ്റത്. കിട്ടിയത് വെറും  ഇരുന്നൂറു രൂപ.

ചില കച്ചവടക്കാര്‍  കര്‍ഷകര്‍ക്ക്  പ്രതിഫലം  ചെക്ക്  ആയാണ്  നല്‍കുക.  എന്നാല്‍  ഡീസല്‍ വാങ്ങാനും കൂലി കൊടുക്കാനും  വലം വാങ്ങാനും ഉള്ള  ഓട്ടത്തില്‍  ചെക്കുകള്‍  വലിയ പ്രശ്നമാണ്.  വലിയ ക്യൂവില്‍  നിന്നു  ചെക്ക് മാറ്റി  പണം എടുക്കാന്‍  കര്‍ഷകനും കച്ചവടക്കാരനും  നേരം കിട്ടുന്നില്ല.   അഥവാ മാറ്റുകയാണ്  എങ്കില്‍  ഒരു വട്ടം രണ്ടായിരം  രൂപയാണ്  കിട്ടുക. അതും പുതിയ  ഒറ്റ നോട്ട്. കര്‍ഷകര്‍  ആകട്ടെ ചെക്കുകളെ  വിശ്വസിക്കുന്നുമില്ല. പണം  കൈവശമില്ലാത്ത  കച്ചവടക്കാരന്‍ നല്‍കിയ  ചെക്ക്  വിജയ്‌ കസ്ബെ വാങ്ങിയത്  മനമില്ലാ മനസ്സോടെയാണ്. അഥവാ  ബൌണ്‍സ് ചെയ്‌താല്‍....


05-Shivaji-Kasbe-cheque-AA&CC-Notebandi takes the sauce out of Nashik's tomatoes.jpg

വിജയ്‌ കസ്ബെയുടെ അച്ഛന്റെ പേരിലുള്ള  ചെക്ക്‌. പണം ഇല്ലാത്ത അവസ്ഥയില്‍  കച്ചവടക്കാരന്‍ നിര്‍ബന്ധിച്ച് ഏല്‍പ്പിച്ചതാണ്. ബൌണ്‍സ് ആയാല്‍  എന്ത് ചെയ്യും എന്ന പേടിയിലാണ് അയാള്‍


വില തകര്‍ച്ചയ്ക്കും കറന്‍സി പ്രതിസന്ധിക്കും  ഇടയില്‍  ജനജീവിതം  നരകമാവുകയാണ്.  ആദിവാസി തൊഴിലാളികള്‍ക്ക്  പണി കിട്ടുന്നില്ല. പുതിയ രണ്ടായിരം  രൂപയുടെ  നോട്ട്  ദുരിതം  കൂട്ടുകയാണ്. “ആയിരത്തി  ഒരുന്നൂറു രൂപയ്ക്ക് എങ്കിലും സാധനങ്ങള്‍ വാങ്ങിയാല്‍  മാത്രമ്മേ കടക്കാരന്‍  ബാക്കി തരികയുള്ളൂ. പെട്രോള്‍  പമ്പില്‍  മുന്നൂറു രൂപയുടെ  എങ്കിലും  ഇന്ധനം അടിക്കണം,'' രാജാറാം ബന്ദ്ക്കുളെ വിലപിക്കുന്നു. “ആ പെട്രോള്‍  എല്ലാം  വെട്ടില്‍  കൊണ്ട് വരൂ.. നമുക്ക്  പെട്രോള്‍  കുടിച്ചു ജീവിക്കാം,'' സംസാരം  കേട്ട  അയാളുടെ  അമ്മായി  പറഞ്ഞു.

കാര്‍ഷികാനുബന്ധ  മേഖലകളില്‍  വിപണനം  നടത്തുന്നവരുടെ സ്ഥിതിയും കുഴപ്പത്തില്‍ ആണ്.  “അതിനെ  ആശ്രയിച്ച് ആയിരുന്നു  എന്‍റെ  അധിജീവനം,'' ചെറുകിട  വില്പനക്കാരന്‍  ആബ കാദം മണ്ടിയെ ചൂണ്ടി പറഞ്ഞു. “രണ്ട് തരത്തില്‍  ഞാന്‍  ബാധിക്കപ്പെട്ടിരിക്കുന്നു. കര്‍ഷകര്‍ വിളകള്‍ നശിപ്പിക്കുന്ന സ്ഥിതിയില്‍  ആരും കാര്‍ഷിക ഉപകരണങ്ങള്‍  വാങ്ങുന്നില്ല. അവര്‍ക്ക് യാതൊരു സാമ്പത്തീക  ഇടപാടും ലാഭകരമായി നടത്താന്‍ പറ്റാത്ത  അവസ്ഥയില്‍  നിലവില്‍ അവര്‍ക്ക് കൊടുത്ത   കടത്തില്‍ ചെറിയ അംശം  പോലും  തിരിച്ചു കിട്ടുന്നുമില്ല,'' അയാള്‍  പറഞ്ഞു.

കറന്‍സി  പരിഷ്കാരം വരുത്തിയ  ശേഷം  കാര്യങ്ങള്‍ നേരെയാക്കാന്‍  മോഡി ചോദിച്ച  അമ്പതു ദിവസം പൂര്‍ത്തിയായത്  ഡിസംബര്‍ മുപ്പതിനാണ്.  പുതു വര്‍ഷ ദിനത്തില്‍  പ്രതീക്ഷകളെ ദുരിതം  വിഴുങ്ങി. തങ്ങള്‍ക്കു  വന്നുപെട്ട  നഷ്ടത്തിന്നുള്ള മതിയായ  പരിഹാരം  മോഡി തങ്ങളുടെ അക്കൌണ്ടുകളില്‍  നിക്ഷേപിക്കണം  എന്ന് ചില  കര്‍ഷകര്‍ പറയുന്നു. കടാശ്വാസം വേണമെന്ന്  മറ്റു ചിലര്‍.  കാര്‍ഷിക ലോണുകളില്‍ പലിശ നിരക്ക് കുറയ്ക്കണം എന്ന് വേറെ ചിലര്‍. എന്നാല്‍  ഡിസംബര്‍  മുപ്പത്തി  ഒന്നിലെ  പ്രസംഗത്തില്‍  കാര്‍ഷിക മേഖലയുടെ  ദുരിതമോ നഷ്ടമോ നരേന്ദ്ര  മോഡി  പരാമര്‍ശിച്ചതേയില്ല.

ജനുവരി  ഒടുവില്‍ നടക്കുന്ന  മുന്തിരി വിളവെടുപ്പില്‍  ആണ്  സകലരുടെയും  പ്രതീക്ഷ,  നല്ല വില കിട്ടിയാല്‍  കര്‍ഷകര്‍ സന്തോഷിക്കും.  കാദമിനെ പോലുള്ള കച്ചവടക്കാര്‍ക്ക്  കടമായി നല്‍കിയതില്‍ കുറച്ചു എങ്കിലും  തിരിച്ചു കിട്ടും.  കച്ചവടക്കാര്‍ക്ക് ശുഭ പ്രതീക്ഷയില്ല. കറന്‍സി പ്രതിസന്ധി  അവസാനിക്കാതെ  കര്‍ഷകരില്‍  നിന്നും  ഉത്പനങ്ങള്‍ വാങ്ങാന്‍  ആകില്ലെന്ന്  ജാന്‍  പറയുന്നു. മുന്തിരി വിലകളും  തകര്‍ന്നു  തന്നെ  കിടക്കുമെന്ന്  വാടിയ  മുഖത്തോടെ  സാല്‍വെ പറയുന്നു.

ചിത്രങ്ങളും വീഡിയോയും: ചിത്രാംഗദ ചൌധരി

Chitrangada Choudhury

چترانگدا چودھری ایک آزاد صحافی ہیں۔

کے ذریعہ دیگر اسٹوریز چترانگدا چودھری
Aniket Aga

انِکیت آگا ایک ماہر بشریات ہیں۔ وہ اشوکا یونیورسٹی، سونی پت میں انوائرمینٹل اسٹڈیز پڑھاتے ہیں۔

کے ذریعہ دیگر اسٹوریز Aniket Aga
Translator : K.A. Shaji

کے اے شاجی کیرالہ میں مقیم ایک صحافی ہیں۔ وہ انسانی حقوق، ماحولیات، ذات، پس ماندہ برادریوں اور معاش پر لکھتے ہیں۔

کے ذریعہ دیگر اسٹوریز K.A. Shaji