കല്യാശ്ശേരിക്കടുത്തുള്ള പറശ്ശിനിക്കടവ് ക്ഷേത്രം അസാധാരണമായ ഒന്നാണ്. നേരത്തെമുതല്‍ എല്ലാ ജാതികൾക്കും ഇവിടെ പ്രവേശനമുണ്ട്. പൂജാരിമാർ താഴ്ന്ന ജാതികളിൽ നിന്നുള്ളവരാണ്. അവിടുത്തെ ആരാധനാമൂര്‍ത്തിയായ മുത്തപ്പൻ പാവങ്ങളുടെ ദൈവം എന്നറിയപ്പെടുന്നു. കള്ളും ഇറച്ചിയും അവിടുത്തെ ദൈവത്തിനുള്ള നിവേദ്യങ്ങളിൽ പെടുന്നു. ഓട് കൊണ്ടുണ്ടാക്കുന്ന നായകളെ വിഗ്രഹങ്ങള്‍ക്കിടയില്‍ സൂക്ഷിക്കുന്ന അധികം ശ്രീകോവിലുകളില്ല. കേരളത്തിലെ കണ്ണൂർ ജില്ലയിലുള്ള ഈ ക്ഷേത്രം ഇതനുവദിക്കുന്നു. എന്തൊക്കെയാണെങ്കിലും മുത്തപ്പൻ വേട്ടക്കാരുടെ ദൈവമാണ്.
1930-കളിൽ മുത്തപ്പൻ വേട്ടയാടപ്പെടുന്നവരുടെയും ദൈവമായിരുന്നു. പ്രത്യേകിച്ച് ബ്രിട്ടീഷുകാരിൽ നിന്നും രക്ഷപെടാൻ ശ്രമിക്കുന്ന ഇടതുപക്ഷ ദേശീയവാദികളുടെയും കമ്മ്യൂണിസ്റ്റുകാരുടെയും. "പ്രദേശത്തെ ജന്മിമാരെ എതിർക്കാൻ ക്ഷേത്രം ഞങ്ങളോടു കൈകോർക്കുകപോലും ചെയ്തു”, കെ.പി.ആർ. രയരപ്പൻ പറഞ്ഞു. 1947-നു മുൻപും ശേഷവും ഇവിടെ നടന്ന എല്ലാ പോരാട്ടങ്ങളിലും അദ്ദേഹം സജീവമായി പങ്കെടുത്തിരുന്നു. "സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത ഇടതുപക്ഷത്തിന്‍റെ പ്രമുഖ നേതാക്കന്മാരൊക്കെ കുറച്ചുകാലം ഇവിടെ അഭയം തേടിയിരുന്നു.”
അവിശ്വാസികൾക്കും ഭക്തർക്കുമിടയിലുള്ള അസാധാരണമായ ഈ ബാന്ധവത്തിന് യുക്തിപരമായ ഒരു അടിത്തറയുണ്ടായിരുന്നു. രണ്ടു വിഭാഗങ്ങളുടെയും വർഗ്ഗാടിത്തറ ശക്തമായി ഇടകലർന്നിരുന്നു. രണ്ടു കൂട്ടരും ഉയർന്ന ജാതിക്കാരുടെ അടിച്ചമർത്തലിന് എതിരായിരുന്നു. രണ്ടുകൂട്ടരും ജന്മിമാരുമായി ശത്രുതയിലായിരുന്നു. ശക്തമായ ദേശീയതാജ്വരം ബാധിച്ചിരുന്ന ആ സമയത്ത് എല്ലാവരും ബ്രീട്ടീഷുകാർക്കെതിരായിരുന്നു.
“ഇവിടുത്തെ വലിയ ജന്മിക്ക് അമ്പലം പിടിച്ചെടുക്കണമെന്നുണ്ടായിരുന്നു”, രയരപ്പൻ പറഞ്ഞു. "ഇതിന്‍റെ ഭീമമായ വരുമാനം അയാളെ പ്രലോഭിച്ചിരുന്നു.” ഇപ്പോഴും മുത്തപ്പൻ ക്ഷേത്രം ദിവസേന 4,000 പേര്‍ക്കും ആഴ്ചാവസാനം 6,000 പേര്‍ക്കും ഭക്ഷണം നല്‍കുന്നു. എല്ലാദിവസും പ്രദേശത്തെ സ്ക്കൂൾ വിദ്യാർത്ഥികള്‍ക്കും ക്ഷേത്രം ഭക്ഷണം നല്‍കുന്നു.
അവർക്ക് അഭയം നൽകാനായി ക്ഷേത്രം 30-കളിലും 40-കളിലും അപകടകരമാം വിധമാണ് ശ്രമങ്ങള്‍ നടത്തിയത്. പക്ഷെ അന്ന്, കല്യാശ്ശേരിയും അതിന്‍റെ സമീപപ്രദേശങ്ങളും വ്യത്യസ്തമായിരുന്നു. അവരുടെ രാഷ്ട്രീയ പ്രബുദ്ധതയ്ക്ക് ഒരുപാട് പഴക്കമുണ്ട്. ചുറ്റുപാടുള്ള ഗ്രാമങ്ങളിൽ നിന്നെല്ലാം തൊഴിലാളികൾ പണിയെടുത്തിരുന്ന പാപ്പിനിശ്ശേരിയിലെ തുണിമില്ലിന്‍റെ കാര്യം എടുക്കുക. 40-കളിൽ ബ്രിട്ടീഷുകാർക്കെതിരെ ശക്തമായ നടപടികൾ എടുക്കുന്നതിന് മിൽ സാക്ഷ്യം വഹിച്ചു. 1946-ലെ ഒരു ഒരു സമരം 100 ദിവസങ്ങൾ നീണ്ടുനിന്നു. ബോംബെയിൽ നടന്ന ഇന്ത്യൻ നാവിക കലാപത്തോട് ഐക്യദാർഢ്യപ്പെട്ടുകൊണ്ട് കേരളത്തിലെ ഈ ഗ്രാമത്തിൽ നിന്നുള്ള ആളുകൾ പണി മുടക്കിയപ്പോഴായിരുന്നു ഇത്.
“ഈ പ്രദേശത്ത് 144-ാം വകുപ്പ് (നിരോധനാജ്ഞ) ഒരു വർഷത്തിലധികം കാലം നടപ്പാക്കിയിരുന്നു. എന്നിട്ടും ഞങ്ങൾ സജീവമായിരുന്നു”, 81-കാരിയായ പയ്യനാടൻ യശോദ പറഞ്ഞു. മലബാറിന്‍റെ രാഷ്ട്രീയത്തിൽ നിർണ്ണായക പങ്ക് വഹിച്ച അദ്ധ്യാപക പ്രസ്ഥാനത്തിന്‍റെ 30-കൾ മുതലുള്ള ഒരു നേത്രിയായിരുന്നു അവർ.
മറ്റു നിരവധി സ്ഥലങ്ങളിൽ നിന്നും ഇവിടുത്തെ സമരത്തെ വ്യത്യസ്തമാക്കിയത് എന്താണ്? “ഞങ്ങൾ സംഘടിതരായിരുന്നു”, യശോദ പറഞ്ഞു. “ഞങ്ങൾ രാഷ്ട്രീയാടിസ്ഥാനത്തിലാണ് പ്രവർത്തിച്ചത്. ഞങ്ങളുടെ ലക്ഷ്യങ്ങൾ വളരെ വ്യക്തമായിരുന്നു. അന്ന് ജനകീയ പ്രബുദ്ധതയും പങ്കാളിത്തവുമുണ്ടായിരുന്നു. ഞങ്ങൾ ദേശീയ പ്രസ്ഥാനത്തിലുണ്ടായിരുന്നു. സാമൂഹ്യ പരിഷ്കരണ, ജാതിവിരുദ്ധ പ്രക്ഷോഭങ്ങളിലും ഞങ്ങളുണ്ടായിരുന്നു. അവിടെ ഭൂസമരങ്ങളും ഉണ്ടായിരുന്നു. എല്ലാം തമ്മിൽ ബന്ധമുണ്ടായിരുന്നു.”
കല്യാശ്ശേരിയും അതിന്‍റെ പരിസരങ്ങളും സ്വാതന്ത്ര്യത്തിന്‍റെ 50 വർഷങ്ങൾ ഉപയോഗപ്പെടുത്തി. അവിടുത്തെ സാക്ഷരത ഏകദേശം 100 ശതമാനത്തിനടുത്തായിരുന്നു. എല്ലാ കുട്ടികളും സ്ക്കൂളിൽ പോകുന്നു. അവരുടെ മറ്റുചില സൂചകങ്ങളും ചില പാശ്ചാത്യ സമൂഹങ്ങളുടേതുമായി താരതമ്യപ്പെടുത്താം. സംഘടിത ബഹുജന രാഷ്ട്രീയ പ്രവർത്തനങ്ങളുടെ നേട്ടങ്ങളായാണ് യശോദ ഇതിനെ കാണുന്നത്.
പക്ഷെ ഇത് കാര്യങ്ങളെ കുറച്ച് അതിശയോക്തിയോടെ സമീപിക്കുന്നുണ്ടോ? പ്രത്യേകിച്ച് സംഘടിത രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പങ്ക്? എന്തായാലും നേരത്തെതന്നെ കേരളത്തിൽ ഉയർന്ന സാക്ഷരതാനിരക്കുണ്ട്. യശോദയാണ് അവരുടെ താലൂക്കിലെ ആദ്യത്തെ അദ്ധ്യാപികയെന്നത് തള്ളിക്കളയാം. "1930-കളുടെ അവസാനം മലബാറിലെ സാക്ഷരതാ നിരക്ക് 8 ശതമാനമായിരുന്നു. തിരുവിതാംകൂറിൽ ഇത് 40 ശതമാനമായിരുന്നു. അതുകൊണ്ട് ഞങ്ങൾ ഞങ്ങളുടെ പരിശ്രമങ്ങളിലൂടെമാത്രമാണ് ഒപ്പമെത്തിയത്.”
ആ അർത്ഥത്തിൽ മലബാർ ഇന്ത്യയിലെ ഒരപൂർവ്വ കേസാണ്. പ്രാദേശികമായ ഒരുവിടവ് കുറച്ചുകാലത്തിനകം നികത്തി. മറ്റു തലങ്ങളിലും ഇത് തിരുവിതാംകൂറിനെയും കൊച്ചിയെയും പിന്തുടർന്നു. “ഞങ്ങളുടെ സംഘടിത രാഷ്ട്രീയപ്രവർത്തനമാണ് മാറ്റമുണ്ടാക്കിയത്”, രയരപ്പൻ പറഞ്ഞു. “50-കളിലെയും 60-കളിലെയും ഭൂപരിഷ്കരണങ്ങൾ ഭൂമി ഉൾപ്പെടെ പല ഘടനകളെയും തകർത്തു”, വിദ്യാഭ്യാസവും ആരോഗ്യ നിലവാരവും വളരെവേഗം മെച്ചപ്പെട്ടു. 1928-ൽ വെറും 24 വീട്ടുകാർ കല്യാശ്ശേരിയിലെ 43 ശതമാനം ഭൂമി കൈവശം വച്ചിരുന്നു. ഇന്ന് 13 വീട്ടുകാർക്ക് മാത്രമാണ് 5 ഏക്കറിലധികം ഭൂമിയുള്ളത്. കൂടാതെ അവരുടെ പക്കലുള്ള ഭൂമിയുടെ ഓഹരി 6 ശതമാനം മാത്രമാണ്.
കല്യാശ്ശേരി നിവാസികളുടെ ഭക്ഷണകാര്യത്തിലും വലിയ പുരോഗതി ഉണ്ടായിട്ടുണ്ട്. പാൽ, മാംസ ഉത്പന്നങ്ങളുടെ ഉപഭോഗം വർദ്ധിച്ചിട്ടുണ്ട്. ശാരീരികാദ്ധ്വാനത്തിലേര്‍പ്പെടുന്ന ഇവിടുത്തെ ഒരു തൊഴിലാളിയോട് എങ്ങനെ വസ്ത്രം ധരിക്കണമെന്ന് നിങ്ങൾക്ക് പറഞ്ഞുകൊടുക്കേണ്ട കാര്യമില്ല.
80-കളിൽ വൻതോതിലുള്ള സാക്ഷരതാ യജ്ഞം വലിയ നേട്ടങ്ങൾ ഉണ്ടാക്കി. കേരളാ ശാസ്ത്ര സാഹിത്യ പരിഷത് പോലെയുള്ള സംഘടനകൾ പുതിയ വാതിലുകൾ തുറന്നു. പരസ്പര ബന്ധിതമായിരിക്കുന്ന ഇവയെല്ലാം പ്രദേശത്തെ രാഷ്ട്രീയ പരമ്പര്യത്തിന്‍റെ ശക്തമായ അടിത്തറയിലാണ് പടുത്തുയർത്തിയിരിക്കുന്നത്. കല്യാശ്ശേരി ഉൾപ്പെടെയുള്ള മലബാർ മറ്റുരീതികളിലും വഴികാട്ടിയായിരുന്നു.
“കല്യാശ്ശേരി 30-കളുടെയും 40-കളുടെയും അവസാനം തന്നെ പരീക്ഷണങ്ങൾ നടത്തുകയായിരുന്നു. ഉത്പാദക ഉപഭോക്തൃ സഹകരണ സംഘങ്ങളെ (Producers and Consumers Cooperatives) ഇത് ഉപക്ഷിച്ചു”, കണ്ണൂരിലെ കൃഷ്ണമേനോൻ കോളേജിലെ അദ്ധ്യാപകനായ മോഹൻദാസ് പറഞ്ഞു. "പിന്നീടുണ്ടായ ന്യായവില ഷോപ്പുകൾക്ക് പ്രചോദനമായത് ഇതാണ്.”
"വരൾച്ചയുടെയും ദാരിദ്ര്യത്തിന്‍റെയും കാലത്താണ് അവ വികസിച്ചത്. കർഷകരിൽ നിന്നും ജന്മിമാർ നിര്‍ദ്ദയമായി ധാന്യങ്ങൾ ആവശ്യപ്പെടാൻ തുടങ്ങി. ഒരുപക്ഷെ ജന്മിമാരോട് ബ്രിട്ടീഷുകാർ കൂടുതലായി ആവശ്യപ്പെട്ടിരുന്നിരിക്കണം. നേരത്തെ, വരൾച്ചയുടെ സമയത്ത് ജനങ്ങളുടെ പക്കൽ നിന്നും ശേഖരിക്കുന്ന ധാന്യങ്ങളുടെ അളവിന്‍റെ കാര്യത്തില്‍ ഇളവുകളുണ്ടായിരുന്നു. 40-കളിൽ അത് നിർത്തലാക്കി.”
1946 ഒരു പ്രതിസന്ധി ഘട്ടം നേരിട്ടുവെന്ന് മുൻ അദ്ധ്യപകനായ അഗ്നിശർമ്മൻ നമ്പൂതിരി പറഞ്ഞു. "ധാന്യങ്ങൾ പിടിച്ചെടുക്കാനുള്ള ജന്മിമാരുടെ ശ്രമത്തെ കരിവെള്ളൂർ ഗ്രാമത്തിൽ ജനങ്ങൾ പ്രതിരോധിച്ചു. അതെത്തുടർന്നുള്ള വെടിവെപ്പിൽ രണ്ടുപേർ മരിച്ചു. അവിടെ ഭീകരത നിലനിന്നു. പക്ഷെ ഇത് ജന്മിവിരുദ്ധ മനോഭാവത്തിന് തിരികൊളുത്തി.” ഭൂപരിഷ്കരണത്തിനായുള്ള പ്രദേശത്തിന്‍റെ വിജയകരമായ പോരാട്ടത്തെ പ്രചോദിപ്പിച്ച ഒന്നായിരുന്നു ഇത്.
ഇന്ന് കല്യാശ്ശേരിയുടെ വിജയത്തോടൊപ്പം അപകടകരങ്ങളായ പ്രശ്നങ്ങളും നിലനില്‍ക്കുന്നു. "കൃഷി താറുമാറായിരിക്കുന്നു”, രയരപ്പൻ പറഞ്ഞു. "വിളവ് കുറഞ്ഞിരിക്കുന്നു. കർഷകത്തൊഴിലാളികൾക്ക് തൊഴില്‍ കുറവാണ്.”
മോഹൻദാസ് പറഞ്ഞതുപോലെ: "വീടുകൾ പണിയാനും നാണ്യവിളകൾ കൃഷി ചെയ്യാനും നെൽപ്പാടങ്ങൾ പരിവർത്തനപ്പെടുത്തുന്നത് വലിയ നാശമുണ്ടാക്കുന്നു. ഉദാഹരണത്തിന് ജന്മി സ്വന്തമാക്കിയിരുന്ന വലിയൊരു പാടത്തിന്‍റെ കാര്യമെടുക്കുക. ആ പാടത്തായിരുന്നു കല്യാശ്ശേരിയിലെ ഏകദേശം 50 ശതമാനം നെൽപ്പാടങ്ങളും. ഇപ്പോൾ അവിടെ മുഴുവൻ നാണ്യവിളകളും വീടുകളുമായിരിക്കുന്നു. അതോടൊപ്പം നശീകരണത്തെക്കുറിച്ചുള്ള ബോധ്യങ്ങളും ഉണ്ടായി വരുന്നുണ്ട്. പക്ഷെ ഒരുപാട് നഷ്ടം സംഭവിച്ചിരിക്കുന്നു.”
തൊഴിലില്ലായ്മ ഉയർന്നിരിക്കുന്നു. തൊഴിൽ ശക്തിയിലുള്ള സ്ത്രീകളുടെ പങ്കാളിത്തം പുരുഷന്മാരുടെ പങ്കാളിത്തത്തിന്‍റെ പകുതിയേക്കാൾ താഴെയാണെന്ന് ഒരു പഠനം പറയുന്നു. തൊഴിൽശക്തിയിലുള്ള 50 ശതമാനത്തിനടുത്ത് സ്ത്രീകൾക്കും തൊഴിലില്ല. വൈദഗ്ദ്യം കുറവുവേണ്ട മേഖലകളിലാണ് മിക്ക സ്ത്രീകളും ജോലി ചെയ്യുന്നത്. ആ മേഖലയിൽത്തന്നെ അവർക്ക് പുരുഷന്മാരേക്കാൾ കുറഞ്ഞ കൂലിയാണ് ലഭിക്കുന്നത്.
പേടിപ്പെടുത്തുന്ന പ്രശ്നങ്ങളാണിവയൊക്കെ. പക്ഷെ ഇവിടെ ആരും നിരാശരല്ല. കേരളത്തിന്‍റെ പഞ്ചായത്തിരാജ് അനുഭവങ്ങളിൽ കല്യാശ്ശേരി മുൻനിരയിലാണ് നിൽക്കുന്നത്. സംസ്ഥാനത്തെ 900-ത്തിലധികം പഞ്ചായത്തുകളെപ്പോലെ ഇതും സ്വന്തം വികസന പദ്ധതികൾ രൂപപ്പെടുത്തിയിട്ടുണ്ട്. ജനങ്ങൾ തന്നെ ശേഖരിച്ച വിവരങ്ങൾ പ്രകാരമുള്ള വികസനം. പ്രവർത്തനങ്ങളിലധികവും ഉണ്ടാകുന്നത് പ്രാദേശിക വിഭവങ്ങളിൽനിന്നും സന്നദ്ധ തൊഴിലുകളിൽ നിന്നുമാണ്. "മറ്റു പല പരിപാടികളുടെയും കൂട്ടത്തില്‍ ആളുകൾ 62 കി.മീ. റോഡ് പഞ്ചായത്തിൽ നിർമ്മിച്ചിട്ടുണ്ട്”, രയരപ്പൻ പറഞ്ഞു.
ഉയർന്ന പങ്കാളിത്തമുള്ള ഗ്രാമസഭാ യോഗങ്ങളിൽ ആളുകൾ സ്വതന്ത്രമായി അഭിപ്രായം പ്രകടിപ്പിക്കുന്നു. 1,200-ഓളം വരുന്ന സന്നദ്ധ പ്രവർത്തകർ കല്യാശ്ശേരിയെ മറ്റൊരു നാഴികക്കല്ലാക്കി മാറ്റിയിരിക്കുന്നു: ഈ പഞ്ചായത്താണ് രാജ്യത്താദ്യമായി ജനകീയ വിഭവ ഭൂപട പദ്ധതി ഏറ്റെടുത്തത്. ഗ്രാമത്തിലെ പ്രകൃതി-മനുഷ്യ വിഭവ സ്ഥിതിയുടെ കൃത്യമായ ചിത്രം പുറത്തു നിന്നുള്ള വിദഗ്ദരുടെ സഹായത്തോടെ പ്രദേശ വാസികളിൽനിന്നും ശേഖരിച്ചു. ഗ്രാമത്തിന്‍റെ ആസൂത്രണം അതിന്‍റെ പദ്ധതികളിൽ നിന്നും ഉണ്ടാകാൻ സാദ്ധ്യതയുള്ള പാരിസ്ഥിതിഘാതത്തെക്കുറിച്ച് ഒരുഭാഗംകൂടി ഉൾപ്പെടുത്തിയിരിക്കുന്നു.
വിരമിച്ച ആളുകള്‍ - എന്‍ജിനീയര്‍മാര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ - ചേര്‍ന്ന ഒരു ‘സന്നദ്ധ സാങ്കേതിക സംഘം’ ('voluntary technical corps’) അഥവാ വി.റ്റി.സി. (VTC) പദ്ധതികള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ സഹായിക്കുന്നു. സംസ്ഥാനത്തുടനീളം നിലവില്‍ 5,000-ത്തിലധികം വി.റ്റി.സി.മാരുണ്ട്.
വെല്ലുവിളികള്‍ വലുതാണ്. പല ഗ്രാമങ്ങളുടെയും പ്രശ്നങ്ങളുടെ കാരണങ്ങള്‍ അവയുടെ പരിധിക്കു പുറത്താണ്. പക്ഷെ കല്യാശ്ശേരി ആത്മവിശ്വാസത്തോടെ നില്‍ക്കുന്നു. രയരപ്പന്‍ പറഞ്ഞതുപോലെ: “ഞങ്ങളൊരിക്കലും പോരാട്ടം നിര്‍ത്തിയിട്ടില്ല.”
1947-നു ശേഷവും.
ഈ കഥ ആദ്യം പ്രസിദ്ധീകരിച്ചത് 1997 ഓഗസ്റ്റ് 29-ന് ‘ദി ടൈംസ് ഓഫ് ഇന്‍ഡ്യ’യിലാണ്
ഫോട്ടൊ: പി. സായ്‌നാഥ്
ഈ പരമ്പരയിലെ ബാക്കി കഥകള്‍ ഇവയാണ്:
‘സാലിഹാന്‍’ ബ്രിട്ടീഷ് ഭരണത്തെ നേരിട്ടപ്പോള്‍
പനിമാര: സ്വാതന്ത്ര്യത്തിന്‍റെ കാലാള്‍ പടയാളികള്‍ - 1
പനിമാര: സ്വാതന്ത്ര്യത്തിന്‍റെ കാലാള്‍ പടയാളികള്‍ - 2
ലക്ഷ്മി പാണ്ഡയുടെ അവസാന പോരാട്ടം
അക്രമരാഹിത്യത്തിന്‍റെ ഒന്‍പത് ദശകങ്ങള്‍
ശേർപുർ: വലിയ ത്യാഗം, ചെറിയ ഓർമ്മ
ഗോദാവരിയില്‍ പോലീസ് ഇപ്പോഴും ആക്രമണം പ്രതീക്ഷിക്കുമ്പോള്‍
സോനാഖനില്‍ വീര്‍ നാരായണ്‍ രണ്ടുതവണ മരിച്ചപ്പോള്‍
പരിഭാഷ: റെന്നിമോന്‍ കെ. സി.