“കുടലു! കുടലു: പാത്രേ കുടലു“ (മുടി, മുടി, മുടിക്ക് പകരം പാത്രം)

വീടുകളിൽ കയറി മുടി ശേഖരിക്കുന്ന സാകെ സരസ്വതിയുടെ ഉച്ചത്തിലുള്ള ശബ്ദം ബെംഗളൂ‍രുവിലെ മധിക്കരയുടെ തെരുവുകളിൽ മുഴങ്ങി. മുടിക്ക് പകരം അവർ അടുക്കളയിൽ ഉപയോഗിക്കാവുന്ന ഭാരം കുറഞ്ഞ അലുമിനിയം പാത്രങ്ങൾ വിൽക്കുന്നു. വെള്ളം നിറയ്ക്കുന്ന പാത്രങ്ങൾ, കൂജകൾ, സ്പൂണുകൾ, മുറങ്ങൾ അങ്ങിനെ പലതും.

“എന്റെ നാത്തൂൻ ശിവമ്മയിൽനിന്നാണ് ഞാൻ ഈ തൊഴിൽ പഠിച്ചത്. ആളെ കിട്ടാൻ ഉച്ചത്തിൽ വിളിക്കുന്ന ഈ രീതിയും അവരിൽനിന്ന് പഠിച്ചതാണ്”, ബെംഗളൂരുവിലെ 23 വയസ്സുള്ള ആ കച്ചവടക്കാരി പറയുന്നു.

അവരുടെ കുടുംബത്തിൽ ഈ തൊഴിൽ ചെയ്യുന്ന മൂന്നാമത്തെ തലമുറക്കാരിയാണ് സരസ്വതി. “എന്റെ അമ്മ ഗംഗമ്മ, വിവാഹശേഷം ഈ തൊഴിലായിരുന്നു ചെയ്തിരുന്നത്. എന്നാൽ പുറം വേദനയും മുട്ടുവേദനയുമൊക്കെയായപ്പോൾ അവർ ജോലി കുറച്ചു”, 30 വർഷം മുമ്പ് ആന്ധ്ര പ്രദേശിൽനിന്ന് ബെംഗളൂരുവിലേക്ക് കുടിയേറിയവരാണ് സരസ്വതിയുടെ അച്ഛൻ പുള്ളണ്ണയും അമ്മ ഗംഗമ്മയും.

ആന്ധ്ര പ്രദേശിൽ മറ്റ് പിന്നാക്കവിഭാഗമായി (ഒ.ബി.സി) പട്ടികപ്പെടുത്തിയിട്ടുള്ള കൊറച്ച സമുദായക്കാരാണ് സരസ്വതിയുടെ കുടുംബം. 80 വയസ്സായ പുള്ളണ്ണ ഇപ്പോൾ, ഉണങ്ങിയ ഓല ഉപയോഗിച്ച് ചൂലുകളുണ്ടാക്കുന്നു. ഓരോന്നിനും 20 മുതൽ 50 രൂപവരെയാണ് വില.

PHOTO • Ria Shah

വടക്കൻ ബെംഗളൂരുവിലെ കൊണ്ടപ്പ ലേഔട്ടിലാണ് കുടുംബത്തോടൊപ്പം സരസ്വതി താമസം. 18 വയസ്സുമുതൽ അവർ വീടുകളിൽനിന്ന് മുടികൾ ശേഖരിക്കുന്നു

അച്ഛന്റെ വരുമാനം മതിയാകാതെ വന്നപ്പോൾ, അഞ്ചുവഷം മുമ്പ്, 18 വയസ്സു തികഞ്ഞപ്പോൾ ബി.കോം പഠനത്തോടൊപ്പം ഈ ജോലി ചെയ്യാൻ തുടങ്ങി. വടക്കൻ ബെംഗളൂരുവിലെ കൊണ്ടപ്പ ലേഔട്ടിലാണ് കുടുംബം താമസിക്കുന്നത്. അച്ഛനമ്മമാരും, രണ്ട് ജ്യേഷ്ഠന്മാരും അവരുടെ ഭാര്യമാ‍രും കുട്ടികളോടുമൊപ്പം.

തിങ്കൾ മുതൽ ശനിവരെ സരസ്വതി കൊളേജിൽ പോവും. ഞായറാഴ്ച അവരുടെ ദിവസം രാവിലെ 6 മണിക്ക് വീടുകളിൽ പോയി മുടികൾ ശേഖരിക്കുന്നതോടെയാണ് തുടങ്ങുക. ജോലിക്ക് പോവുന്നതിനുമുൻപ്, കുടുംബത്തിനാവശ്യമായ ഭക്ഷണം അവർ പാകം ചെയ്യും. “ഞങ്ങൾ പുറത്തുപോവുമ്പോൾ, കുട്ടികൾക്ക് വിശന്നാലോ എന്ന് കരുതി, കുറച്ചധികം ഭക്ഷണം തയ്യാറാക്കിവെക്കും”, അവർ പറയുന്നു.

സരസ്വതിയും നാത്തൂൻ ശിവമ്മയും തങ്ങളുടെ ജോലിസാധനങ്ങളുമായി ജോലിക്ക് പോവും. അലുമിനിയപ്പാത്രങ്ങളുള്ള ഒരു ചാരനിറമുള്ള തോൾസഞ്ചിയും, മുടി ശേഖരിക്കാൻ, പാൽക്കാരന്റേതുപോലുള്ള ഒരു വലിയ സ്റ്റീൽ‌പ്പാത്രവുമായി.

“ജോലി തുടങ്ങുന്നതിനുമുൻപ്, ആദ്യം വയർ നിറയ്ക്കും”, സരസ്വതി പറയുന്നു. സാധാരണയായി ഒരു ഇഡ്ഡലി-വടയും ഒരു ഓം‌ലറ്റും അല്ലെങ്കിൽ മസാലച്ചോറുമാണ് പ്രാതൽ.

മധിക്കരൈ, യെലഹങ്ക ന്യൂ ടൌൺ, കല്യാൺ നഗർ, ബനസ്‌വാഡി, വിജയനഗർ തുടങ്ങിയ സ്ഥലങ്ങളിലെ താഴ്ന്നതും ഇടത്തരക്കാരുമായ ആളുകൾ താമസിക്കുന്ന സ്ഥലങ്ങളിലൂടെയാണ് എല്ലാ ആഴ്ചയും അവരുടെ യാത്ര.

PHOTO • Ria Shah

ശേഖരിക്കുന്ന തലമുടിക്ക് പകരമായി സരസ്വതി അലുമിനിയം വീട്ടുസാമാനങ്ങൾ - ചെറിയ പാത്രങ്ങൾ, കോപ്പകൾ, സ്പൂണുകൾ എന്നിവ വിൽക്കുന്നു. ശേഖരിച്ച തലമുടി അവർ വിഗ്ഗുണ്ടാക്കുന്ന കച്ചവടക്കാർക്ക് വിൽക്കുന്നു

സാധാരണയായി അവർ ദിവസത്തിൽ 10 മണിക്കൂർ പണിയെടുക്കും. അതിനിടയ്ക്ക് രണ്ടുതവണ വിശ്രമിക്കുകയും ചെയ്യും. ഭക്ഷണം കഴിക്കാൻ.

സരസ്വതി സന്ദർശിക്കുന്ന വീട്ടുകാർ പ്ലാസ്റ്റിക്ക് ബാഗുകളിലും, പ്ലാസ്റ്റിക്ക് ഭക്ഷണപ്പാത്രങ്ങളിലും ജാറുകളിലും ചിലപ്പോൾ കീറിയ പാൽക്കവറുകളിലുമൊക്കെയായിരിക്കും മുടി സൂക്ഷിച്ചുവെച്ചിട്ടുണ്ടാവുക.

“മുടി വലിച്ചുപിടിച്ച് ഞാനതിന്റെ ഗുണനിലവാരം നോക്കും. ബ്യൂട്ടി പാർലറുകളിലൊക്കെ മുറിച്ച മുടിയാണുള്ളത്. അതുകൊണ്ട് കാര്യമില്ല. “നീളമുള്ള മുടി കിട്ടണം. വേരുമുതൽ പുറംഭാഗത്തിന് കേടില്ലാത്ത മുടി. ഇത്ര നീളം വേണമെന്നുപോലും നിർബന്ധമുണ്ട്. ആറിഞ്ചെങ്കിലും നീളം”, സരസ്വതി വിശദീകരിച്ചു.

മുടിയുടെ നീളം അളക്കാനുള്ള ഉപകരണമില്ലാത്തതിനാൽ, മുടിയിഴ മുഷ്ടിക്കുചുറ്റും രണ്ടുതവണയെങ്കിലും ചുറ്റിനോക്കി നീളം ഉറപ്പുവരുത്തണം. അതിനുശേഷം അത് ഒരു പന്തുപോലെ ചുരുട്ടും.

മുടി അളന്നതിനുശേഷം സരസ്വതിയും നാത്തൂനും അലുമിനിയം പാത്രങ്ങൾ പുറത്തെടുക്കും. വാങ്ങുന്ന ആൾക്ക് രണ്ട് പാത്രങ്ങളിൽനിന്ന് ഏതെങ്കിലുമൊന്ന് എടുക്കാം. “ചിലർ വല്ലാതെ തർക്കിക്കാൻ നിൽക്കും. കുറച്ച് മുടി കൊടുത്ത് വലിയ പാത്രങ്ങൾ വാങ്ങാനാന് അവർക്ക് താത്പര്യം”, അവർ പറയുന്നു.

PHOTO • Ria Shah
PHOTO • Ria Shah

മുടിയുടെ നീളം ആറിഞ്ചാണെന്ന് സരസ്വതിക്ക് ഉറപ്പുവരുത്തേണ്ടതുണ്ട്. എന്നാൽ അളക്കാനുള്ള ഉപകരണമില്ലാത്തതിനാൽ, മുടിയിഴ മുഷ്ടിക്കുചുറ്റും രണ്ടുതവണയെങ്കിലും ചുറ്റിനോക്കി നീളം ഉറപ്പുവരുത്തുന്നു

PHOTO • Ria Shah
PHOTO • Ria Shah

നീളം പാകമാണെന്ന് കണ്ടാൽ, അത് ചുരുട്ടി ഒരു പന്തുപോലെയാക്കും

എല്ലാ വീടുകളിലും പാത്രങ്ങൾ ഉപയോഗിക്കുന്നതുകൊണ്ട് അതൊരു നല്ല കൈമാറ്റവസ്തുവാണ്. എന്നാലും ചില വീട്ടുകാർ പൈസ വേണമെന്ന് നിർബന്ധം പിടിക്കുമെന്ന് സരസ്വതി പറഞ്ഞു. “പക്ഷേ ഞങ്ങൾക്ക് പൈസ കൊടുക്കാനാവില്ല. 10-ഓ 20-ഓ ഗ്രാം മുടിക്ക് പകരം 100 രൂപയൊക്കെയാണ് അവർ ചോദിക്കുന്നത്!“.

ഒരുദിവസം വളരെക്കുറച്ച് മുടിമാത്രമേ ശേഖരിക്കാനാവൂ. ചിലപ്പോൾ 300 ഗ്രാംവരെ. “ചില സമയങ്ങളിൽ വീടുകളിൽ പോയി ചോദിച്ചാൽ, ‘മുടി തീർന്നുപോയി’ എന്നൊക്കെയുള്ള മറുപടിയാവും കിട്ടുക. മുടി ശേഖരിക്കുന്ന മറ്റുള്ളവരെ വന്നുപോയോ എന്ന് നമുക്കറിയില്ലല്ലോ”, സരസ്വതി പറയുന്നു.

പാർവ്വതി അമ്മ എന്ന ഒരു ഡീലർക്കാണ് സരസ്വതി ഈ ശേഖരിച്ച മുടി വിൽക്കുന്നത്.

“ഓരോ സമയത്ത് വില മാറിക്കൊണ്ടിരിക്കും. കുടുംബത്തിലേക്ക് സ്ഥിരവരുമാനമൊന്നും പ്രതീക്ഷിക്കാനാവില്ല. സാധാരണയായി ഒരു കിലോഗ്രാം കറുത്ത മുടിക്ക് 5,000-ത്തിനും 6,000-ത്തിനുമിടയിൽ വില കിട്ടും. എന്നാൽ മഴക്കാലത്ത് അത് കിലോഗ്രാമിന് 3,000 – 4,000 രൂപയായി താഴുകയും ചെയ്യും“.

ഡിജിറ്റൽ യന്ത്രമുപയോഗിച്ചാണ് പാർവ്വതി അമ്മ മുടി തൂക്കിനോക്കുന്നത്.

PHOTO • Ria Shah
PHOTO • Ria Shah

ഇടത്ത്: ബെംഗളൂരുവിലെ വിവിധ മൊത്തവ്യാപാരച്ചന്തകളിൽനിന്നാണ് അലുമിനിയപ്പാത്രങ്ങൾ സരസ്വതി വാങ്ങുന്നത്. യന്ത്രത്തിൽ മുടികൾ തൂക്കിനോക്കുന്ന പാർവ്വതി അമ്മ

കമ്പനികൾ പാർവ്വതി അമ്മയുടെ കൈയ്യിൽനിന്ന് മുടി വാങ്ങി അതുകൊണ്ട് വിഗ്ഗുകൾ ഉണ്ടാക്കുന്നു. “ഏകദേശം 5,000 സ്ത്രീകൾ ഈ മുടികൾ വേർതിരിക്കാനും വൃത്തിയാക്കാനുമുള്ള ജോലികളിൽ ഏർപ്പെട്ടിരിക്കുന്നു”, 50 വയസ്സുള്ള പാർവ്വതി അമ്മ പറയുന്നു. “അവർ സോപ്പും, ഷാമ്പൂവും ഉപയോഗിച്ച് കഴുകി രാത്രി വെറുതെയിടുന്നു. വൃത്തിയും ഉണക്കവുമാവുന്നതുവരെ. വിൽക്കുന്നതിനുമുൻപ് പുരുഷന്മാർ മുടിയുടെ നീളമളക്കുന്നു”.

സരസ്വതി മുൻ‌കൂട്ടി ആസൂത്രണം ചെയ്യുന്നു. “ഇന്ന് പാത്രങ്ങൾ വാങ്ങണമെങ്കിൽ, പാർവ്വതി അമ്മയിൽനിന്ന്, ഇന്നലെ വിറ്റ മുടിയുടെ പണം എനിക്ക് വാങ്ങിയേ പറ്റൂ. മുടി വിൽക്കാൻ ഒരുമാസമൊന്നും ഞാൻ കാത്തിരിക്കാറില്ല. കിട്ടിയ ഉടൻ വിൽക്കും”.

കാൽ‌നടയായി ദിവസവും 12-15 കിലോമീറ്റർ സഞ്ചരിക്കുന്നുണ്ടെന്ന് സരസ്വതി പറഞ്ഞു. “കെ.എസ്.ആർ.ടി.സി. (സംസ്ഥാനത്തിന്റെ ഉടമസ്ഥതയിലുള്ള) ബസ്സിൽ കയറാൻ കണ്ടക്ടർമാർ സമ്മതിക്കാറില്ല”.

“ഇത് ശരീരത്തിനെ വല്ലാതെ ബാധിക്കും. (ഭാരം ഇടയ്ക്കിടയ്ക്ക് ഒരു ചുമലിൽനിന്ന് മറുഭാഗത്തേക്ക് മാറ്റേണ്ടിവരുന്നതിനാൽ) കഴുത്തും ശരീരവുമൊക്കെ വേദനിക്കും.”, എന്നാലും അവർ ഈ പണി തുടരുന്നു.

“ഈ കച്ചവടംകൊണ്ട് പോക്കറ്റ് നിറയില്ല”, അവർ കൂട്ടിച്ചേർത്തു.

പരിഭാഷ: രാജീവ് ചേലനാട്ട്

Student Reporter : Ria Shah

ରିଆ ଶାହ ସୃଷ୍ଟି ମନିପାଲ ଇନ୍‌ଷ୍ଟିଚ୍ୟୁଟ୍‌ ଅଫ୍ ଆର୍ଟ୍‌, ଡିଜାଇନ ଆଣ୍ଡ ଟେକ୍‌ନୋଲୋଜିରେ ‘ଆର୍ଟସ୍‌ ଆଣ୍ଟ ଇନ୍‌ଫର୍ମେସନ ଡିଜାଇନ୍‌ ପ୍ରାକ୍‌ଟିସେସ୍‌’ ବିଷୟରେ ଅଧିସ୍ନାତକ ଡିଗ୍ରୀ ହାସଲ କରିଛନ୍ତି।

ଏହାଙ୍କ ଲିଖିତ ଅନ୍ୟ ବିଷୟଗୁଡିକ Ria Shah
Editor : Sanviti Iyer

ସନ୍ୱିତୀ ଆୟାର ପିପୁଲ୍ସ ଆର୍କାଇଭ ଅଫ୍‌ ରୁରାଲ ଇଣ୍ଡିଆରେ ଜଣେ ବିଷୟବସ୍ତୁ ସଂଯୋଜିକା ଭାବେ କାର୍ଯ୍ୟ କରୁଛନ୍ତି। ଗ୍ରାମୀଣ ଭାରତର ପ୍ରସଙ୍ଗ ଉପରେ ଦସ୍ତାବିଜ ସଂଗ୍ରହ କରିବା ଏବଂ ରିପୋର୍ଟ ପ୍ରସ୍ତୁତ କରିବାରେ ସହାୟତା ଲାଗି ସେ ମଧ୍ୟ ଛାତ୍ରଛାତ୍ରୀଙ୍କ ସହ କାମ କରିଥାନ୍ତି।

ଏହାଙ୍କ ଲିଖିତ ଅନ୍ୟ ବିଷୟଗୁଡିକ Sanviti Iyer
Translator : Rajeeve Chelanat

Rajeeve Chelanat is based out of Palakkad, Kerala. After spending 25 years of professional life in the Gulf and Iraq, he returned home to work as a proof reader in the daily, Mathrubhumi. Presently, he is working as a Malayalam translator.

ଏହାଙ୍କ ଲିଖିତ ଅନ୍ୟ ବିଷୟଗୁଡିକ Rajeeve Chelanat