അവർ താളത്തോടും മെയ് വഴക്കത്തോടും കൂടി ചലിച്ചു - " രേ രേലാ രേ രേലാ രേ രേലാ രേ ” – ഒരു കൂട്ടം ചെറുപ്പക്കാരികൾ മുട്ടു വരെയെത്തുന്ന വെളുത്ത സാരിയും വെൺമയുള്ള തൊപ്പിയും ധരിച്ച്, ഒരേസമയം മൂന്നു തവണ ചുവടുവച്ച്, കൈകൾ കൂട്ടിച്ചേർത്ത് ഗോണ്ട് സമുദായങ്ങൾക്കിടയിൽ വളരെ ജനകീയമായ രേലാ ഗീതങ്ങൾ പാടി.
പെട്ടെന്നു തന്നെ വെള്ള വസ്ത്രങ്ങൾ തന്നെ ധരിച്ച ഒരു കൂട്ടം യുവാക്കള്‍ വർണ്ണശബളമായ തൂവലുകൾ കൊണ്ടലങ്കരിച്ച വെള്ളത്തൊപ്പികൾ ധരിച്ച് അവരോടൊപ്പം ചേർന്നു. അവര്‍ കൈകളിലേന്തിയ ചെറിയ ഡ്രം ( മാണ്ഡ്രി ) വായിച്ച് രേലാ ഗീതങ്ങൾ പാടിയപ്പോൾ ചിലങ്കകൾ സങ്കീർണ്ണമായ ചുവടുവയ്പുകൾക്കൊപ്പം കൃത്യമായ താളത്തിൽ ശബ്ദിച്ചു. ചെറുപ്പക്കാരികൾ കൈകൾ വിരിച്ച് ആണുങ്ങളുടെ സംഘത്തെ വളഞ്ഞ് ഒരു ചങ്ങലയുണ്ടാക്കി. എല്ലാവരും പാട്ടുപാടിക്കൊണ്ടും നൃത്തം ചെയ്തുകൊണ്ടുമിരുന്നു.
ഛത്തീസ്ഗഢിലെ കൊണ്ടാഗാവ് ജില്ലയിലെ കേശ്കാൽ ബ്ലോക്കിലെ ബേദ്മാരി ഗ്രാമത്തിൽ നിന്നാണ് 16 മുതൽ 30 വയസ്സു വരെ പ്രായമുള്ള ഗോണ്ട് ആദിവാസി സമുദായത്തിൽ നിന്നുള്ള 43 പുരുഷന്മാരുടെയും സ്ത്രീകളുടെയും ഈ സംഘം വന്നിട്ടുളളത്.
സംസ്ഥാനത്തിന്റെ തലസ്ഥാന നഗരമായ റായ്പൂരിൽ നിന്നും ഏകദേശം 100 കി.മീ. മാറി റായ്പൂർ-ജഗ്ദൽപൂർ ഹൈവേക്ക് തൊട്ടടുത്തുള്ള സ്ഥലത്ത് (ബസ്തർ പ്രദേശത്ത്) 300 കിലോമീറ്ററിലധികം ഒരു വാനിൽ സഞ്ചരിച്ചാണ് അവർ എത്തിയത്. ഛത്തീസ്ഗഢിലെ ബലോദാബസാർ-ഭാട്പാര ജില്ലയിലെ സോനാഖാനിലെ ഗോത്ര രാജാവായിരുന്ന വീർ നാരായൺ സിംഗിന്റെ പരിത്യാഗത്തിന്റെ അനുസ്മരണം 2015 ഡിസംബർ 10 മുതൽ 12 വരെ ആഘോഷിക്കുന്ന ത്രിദിന വീർ മേളയിൽ പങ്കെടുക്കുന്നതിനായി മധ്യേന്ത്യയിലെ, പ്രത്യേകിച്ച് ഛത്തീസ്ഗഢിലെ, ആദിവാസി സമുദായങ്ങളിൽ നിന്നുള്ള മറ്റു നർത്തകരും ഇവിടെത്തിയിട്ടുണ്ട്. ബ്രിട്ടീഷ് ഭരണത്തിനെതിരെ വിപ്ലവം നയിച്ച രാജാവിനെ കൊളോണിയൽ ഭരണാധികാരികൾ പിടികൂടുകയും 1857-ൽ റായ്പൂർ ജില്ലയിലെ ജയ്സ്തംഭ് ചൗക്കിൽ വച്ച് തൂക്കിലേറ്റുകയും ചെയ്തു. പ്രാദേശിക വിവരണങ്ങൾ പ്രകാരം തൂക്കിലേറ്റിയതിനു ശേഷം ബ്രിട്ടീഷുകാര്‍ മൃതദേഹം കത്തിച്ചു കളഞ്ഞു.
ഉത്സവം നടക്കുന്ന സ്ഥലം - രാജാറാവ് പാഥര്‍ - ഗോണ്ട് ആദിവാസികളുടെ ദേവനു സമർപ്പിച്ചിട്ടുള്ള ദേവസ്ഥാനമായാണ് (ആരാധനയ്ക്കുള്ള വിശുദ്ധസ്ഥലം) പരിഗണിക്കുന്നത്. ത്രിദിന പരിപാടി പാട്ടുകൾകൊണ്ടും നൃത്തങ്ങൾകൊണ്ടും നിറഞ്ഞിരിക്കുന്നു.
"രേലാ [രിലോ അല്ലെങ്കിൽ രെലോ] സമുദായത്തെ ഒരുമിച്ചു ചേർക്കുന്നു.” സർവ്വ ആദിവാസി സിലാ പ്രകോഷ്ഠിന്റെ (ഓൾ ടൈബൽ ഡിസ്ട്രിക് സെൽ) പ്രസിഡന്റായ പ്രേംലാൽ കുഞ്ജം പറഞ്ഞു. “മാലയിലെ പുഷ്പങ്ങൾ പോലെ കൈയോടു കൈ ചേർത്ത് ആളുകൾ നൃത്തം ചെയ്യുന്നു.” രേലാ ഗീതങ്ങളുടെ പദങ്ങളും താളവും ഗോണ്ട്വാനാ സംസ്കാരത്തെ (ഗോണ്ട് സമുദായത്തിന്റെ പാരമ്പര്യങ്ങൾ) പ്രതിനിധീകരിക്കുന്നു. “ഈ പാട്ടുകളിലൂടെ ഞങ്ങൾ ഗോണ്ടി സംസ്കാരത്തെക്കുറിച്ചുള്ള സന്ദേശം ഞങ്ങളുടെ അടുത്ത തലമുറയ്ക്കു കൈമാറുന്നു.
“ദൈവത്തിന്റെ ഗാനരൂപമാണ് രേലാ”, ബാലോദ് ജില്ലയിലെ ബാലോദ്ഗാഹാൻ ഗ്രാമത്തിൽ നിന്നുള്ള ദൗലത്ത് മണ്ഡാവി പറഞ്ഞു. “ഞങ്ങൾ ആദിവാസികളുടെ പാരമ്പര്യം അനുസരിച്ച് ദേവകളുടെ ശ്രദ്ധ ക്ഷണിക്കുന്നതിനാണ് ഈ പാട്ടു പാടുന്നത്. നിങ്ങൾ വേദന അനുഭവിക്കുകയാണെങ്കിൽ അല്ലെങ്കിൽ നിങ്ങളുടെ ശരീരത്ത് മറ്റെന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ രേലാ ഗാനങ്ങൾക്കനുസരിച്ച് നിങ്ങൾ നൃത്തം ചെയ്യുമ്പോള്‍ അത് അപ്രത്യക്ഷമാകും. ആദിവാസി സമൂഹങ്ങൾക്കിടയിലെ വിവാഹ സമയങ്ങളിലും മറ്റവസരങ്ങളിലും ഈ പാട്ടുകൾ പാടാറുണ്ട്.”
ഡിസംബറിലെ വീർ മേളയിൽ പങ്കെടുത്ത ഏറ്റവും പ്രായം കുറഞ്ഞവരിൽ ഒരാളായ 8-ാം ക്ലാസ്സ് വിദ്യാർത്ഥിനിയായ സുഖിയാരിയൻ കാവഡെ പറഞ്ഞു: "ഞാൻ രേലാ ഇഷ്ടപ്പെടുന്നു. ഇത് ഞങ്ങളുടെ സംസ്കാരത്തിന്റെ ഭാഗമാണ്.” സംഘത്തിന്റെ ഭാഗമായതിൽ അവൾ വളരെ ആവേശത്തിലാണ്. എന്തുകൊണ്ടെന്നാൽ ഇത് പരിപാടികൾ അവതരിപ്പിക്കാനായി വിവിധ സ്ഥലങ്ങളിൽ പോകാൻ അവൾക്കവസരം നല്കി.
രേലാ സംഗീതത്തിൽ ആരംഭിച്ച ബേദ്മാരി ഗ്രാമത്തിൽ നിന്നുള്ള സംഘം തുടര്‍ന്ന് ഹുൾകി മാണ്ഡ്രി, കോലാംഗ് നൃത്തങ്ങൾ അവതരിപ്പിച്ചുകൊണ്ടിരുന്നു.
"മാണ്ഡ്രി നൃത്തം പരമ്പരാഗതമായി അവതരിപ്പിക്കുന്നത് ഹരേലിയുടെ സമയത്താണ് [ ഖാരിഫ് സീസണിൽ വിത്തു മുളച്ചു ഞാറുകള്‍ പൊങ്ങി പാടങ്ങൾ പച്ചപ്പിലാകുന്ന സമയം തുടങ്ങി ഏകദേശം ദീപാവലി വരെ നീണ്ടു നിൽക്കുന്ന ആഘോഷമാണ് ഹരേലി]”, ആദിവാസി വിഭാഗത്തില്‍ നിന്നുള്ള ഒരു കോളേജ് വിദ്യാർത്ഥിയായ ദിലീപ് കുരേത്തി പറയുന്നു. ഈ സമയത്ത് പുരുഷന്മാർ വലിയ ഡ്രമ്മുകളും ( മാണ്ഡര് ) സ്ത്രീകൾ കൈത്താളങ്ങളുമായി ഒരുമിച്ചു നൃത്തം ചെയ്യുന്നു.
പൂസ് കോലാംഗ് ആഘോഷിക്കുന്നത് ഡിസംബറിൽ തുടങ്ങി ജനുവരി പകുതി വരെ നീളുന്ന ശൈത്യ കാലത്താണ് (ചാന്ദ്ര പഞ്ചാംഗത്തിലെ പൂസ് അഥവാ പൗഷ് മാസം). ഗോണ്ട് സമുദായത്തിൽ നിന്നുള്ള ചെറുപ്പക്കാർ രേലാ സംഗീതത്തിന്റെ താളത്തിനൊത്ത് കോലാംഗ് നൃത്തം അവതരിപ്പിച്ചു കൊണ്ട് അയൽ ഗ്രാമങ്ങളിലേക്കു പോകുന്നു – ഇത് ധവയ് (വുഡ്ഫോർഡിയ ഫ്രൂട്ടിക്കോസ) മരത്തിൽ നിന്നും പ്രത്യേകമായി ഉണ്ടാക്കിയെടുത്ത വടികളുപയോഗിച്ച് അവതരിപ്പിക്കുന്ന ഊര്‍ജ്ജം പകരുന്ന ഒരു കായിക നൃത്തമാണ്.
"പൂസ് കോലാംഗിന്റെ സമയത്ത് ഞങ്ങൾ റേഷനുമായി മറ്റു ഗ്രാമങ്ങളിലേക്കു പോവുകയും ഉച്ച ഭക്ഷണം തനിയെ ഉണ്ടാക്കുകയും ആതിഥേയ ഗ്രാമം രാത്രി ഭക്ഷണം നൽകുകയും ചെയ്യുന്നു”, ബേദ്മാരി ഗ്രാമത്തിന്റെ മുതിർന്ന നേതാവ് സൊമാരു കോറം പറയുന്നു.
പൗഷ് മാസത്തിലെ രാത്രിയിൽ ആകാശത്ത് പൂർണ്ണ ചന്ദ്രൻ ഉദിക്കുന്നതിനു തൊട്ടുമുൻപ് സ്വന്തം ഗ്രാമങ്ങളിലേക്ക് യാത്രാ സംഘങ്ങൾ തിരിച്ചു പോകുമ്പോഴാണ് ഉത്സവങ്ങളും നൃത്തങ്ങളും അവസാനിക്കുന്നത്.
പരിഭാഷ: റെന്നിമോന്‍ കെ. സി.