കുട്ടിയായിരുന്നപ്പോൾ, അച്ഛനും മുത്തച്ഛനുമൊക്കെ ചെറിയ ആൺകുട്ടികൾക്ക് പരിശീലനം കൊടുക്കുന്നത് അവൾ ജനലഴികളിലൂടെ നോക്കിനിൽക്കാറുണ്ടായിരുന്നു. എന്തുകൊണ്ട് തനിക്കും അവരോടൊപ്പം കളിക്കാൻ പറ്റുന്നില്ല എന്ന് അവൾ അത്ഭുതം കൂറി. പ്രത്യേകിച്ചും ആ പാവകളാണ് അവളുടെ കണ്ണുകളെ ആകർഷിച്ചത്. ആ പാട്ടുകളുടെ പ്രത്യേകമായ താളം അവളുടെ കാതുകൾക്ക് മധുരമായി അനുഭവപ്പെട്ടു.

“പാവകളിയിലെ എന്റെ ഭ്രമം എന്റെ മുത്തച്ഛൻ ശ്രദ്ധിച്ചു, ആ പാട്ടുകൾ പഠിപ്പിക്കാമെന്ന് വാക്കും തന്നു,” 33 വയസ്സുള്ള രജിത പറഞ്ഞു.

ഷൊർണൂരിലെ കുടുംബത്തിലെ സ്റ്റുഡിയോയിൽ, ഒരു തോൽ‌പ്പാവയുടെ മുഖം കൊത്തിയെടുത്ത് ഒരു മരത്തിന്റെ ബെഞ്ചിലിരിക്കുകയായിരുന്നു രജിത പുലവർ. മുമ്പിലുള്ള മേശപ്പുറത്ത്, ഉളിയും, ചുറ്റികയും, അറക്കവാളുമടക്കമുള്ള ഉപകരണങ്ങൾ കിടക്കുന്നുണ്ടായിരുന്നു.

സമയം ഉച്ചയായിരുന്നു. സ്റ്റുഡിയോയിൽ ബഹളമൊന്നുമുണ്ടായിരുന്നില്ല. പാവകളുണ്ടാക്കുന്ന മുറിയിൽ, രജിതയുടെ സമീപത്തായി കറങ്ങുന്ന ഒരു ഫാനിന്റെ മുരൾച്ച മാത്രമായിരുന്നു ഒരേയൊരു ശബ്ദം. പുറത്തെ ടെറസ്സിൽ, പാവകളായി കൊത്തിയെടുക്കാനായി, തുകലിന്റെ ഷീറ്റുകൾ വെയിലത്ത് ഉണക്കാൻ വെച്ചിരുന്നു.

“സമകാലിക വിഷയങ്ങളവതരിപ്പിക്കാനുള്ള പാവകളാണിത്,” താൻ പണിയെടുക്കുന്ന പാവ ചൂണ്ടിക്കാണിച്ച് രജിത പറയുന്നു. ഇന്ത്യയുടെ മലബാർ തീരത്ത് അവതരിപ്പിക്കപ്പെടുന്ന പരമ്പരാഗത കലാരൂപമാണ് തോൽ‌പ്പാവക്കൂത്ത്. ഭദ്രകാളിക്ഷേത്രത്തിന്റെ മുറ്റങ്ങളിൽ, വാർഷികോത്സവത്തിനാണ് സാധാരണയായി ഇത് അവതരിപ്പിക്കാറുള്ളത്.

PHOTO • Megha Radhakrishnan
PHOTO • Megha Radhakrishnan

ഇടത്ത്: സമകാലിക വിഷയങ്ങൾ അവതരിപ്പിക്കാനുള്ള ഒരു നിഴൽ‌പ്പാവകളിയിലെ രൂപവുമായി രജിത. വലത്ത്: അച്ഛൻ രാമചന്ദ്രയോടൊപ്പം, പാവകളിയിലെ വിദ്യകൾ പ്രദർശിപ്പിക്കുന്നു

ഈ കലയെ ആധുനികവത്കരിക്കുന്നതിൽ, രജിതയുടെ മുത്തച്ഛൻ കൃഷ്ണൻ‌കുട്ടി പുലവർ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. അമ്പലമുറ്റങ്ങളുടെ പുറത്തേക്ക് അദ്ദേഹം ഈ കലയെ കൊണ്ടുവരികയും രാമായണകഥകളെ ആധുനിക കാലത്തിനനുസൃതമായി വികസിപ്പിക്കുകയും ചെയ്തു. വായിക്കുക തോൽ‌പ്പാവക്കൂത്തുകാർ കലയെ നവീകരിക്കുന്നു

അദ്ദേഹത്തിന്റെ ചെറുമകളും ആ പാത പിന്തുടരുകയാണ്. ആദ്യമായി ഒരു പാവകളി സംഘം അവതരിപ്പിക്കുന്ന സ്ത്രീയാണ് രജിത. 2021-ൽ, സ്ത്രീകളെ മാത്രം ഉൾക്കൊള്ളിച്ച് ഒരു സംഘത്തിന് ജന്മം നൽകുകയും ചെയ്തു അവർ. തോൽ‌പ്പാവക്കൂത്ത് ചരിത്രത്തിൽ ആദ്യമായിട്ടായിരുന്നു അത്.

അവിടേക്കുള്ള യാത്ര പക്ഷേ ദീർഘമായ ഒന്നായിരുന്നു.

പാട്ടിലെ താളനിബദ്ധമായ വരികൾ തമിഴിലായിരുന്നതുകൊണ്ട്, അത് പഠിക്കുന്നത് വലിയൊരു വെല്ലുവിളിയായിരുന്നു രജിതയ്ക്ക്. അവർക്ക് സംസാരിച്ച് പരിചയമില്ലാത്ത ഭാഷയായിരുന്നു അത്. എന്നാൽ, അച്ഛനും മുത്തച്ഛനും ക്ഷമയോടെ അതിന്റെ ഉച്ചാരണവും അർത്ഥവുമൊക്കെ അവർക്ക് പറഞ്ഞുകൊടുത്തു. “എന്റെ മുത്തച്ഛൻ എന്നെ ആദ്യം തമിഴ് അക്ഷരമാല പഠിപ്പിക്കുകയും ക്രമേണ വരികൾ പരിചയപ്പെടുത്തുകയും ചെയ്തു.”

“ഞങ്ങൾ കുട്ടികൾക്ക് താത്പര്യം തോന്നുന്ന വരികൾ അദ്ദേഹം തിരഞ്ഞെടുത്തു,” രജിത തുടർന്നു. രാവണനെ ഹനുമാൻ വെല്ലുവിളിക്കുന്ന രാമായണത്തിലെ ഒരു രംഗത്തിലെ വരികളാണ് മുത്തച്ഛൻ രജിതയെ ആദ്യം പഠിപ്പിച്ചത്.

“അട തടതു ചെയ്ത നീ
അന്ത നാഥൻ ദേവിയെ
വിട തടത് പോമെടാ
ജലതി ചൂഴി ലങ്കയെ
വീണടത്ത് പോകുമോ
എടാ പോടേ രാവണാ”

"ഹേ രാവണാ,
ദുഷ്ടതകൾ ചെയ്‌വോനേ
ഭൂമിപുത്രിയെ തടവിലിട്ടവനേ
ചുട്ടിടും നിന്റെ ലങ്കയെ
എന്റെ വാലാൽ നിശ്ചയം
കടന്നുപോടാ രാവണാ"

PHOTO • Megha Radhakrishnan

രജിതയും സംഘവും പരിപാടി അവതരിപ്പിക്കുന്നതിനിടയിൽ

കുടുംബത്തിലെ ആൺകുട്ടികൾ അവളെ സ്നേഹത്തോടെ വരവേറ്റു. പ്രത്യേകിച്ചും സഹോദരൻ രാജീവ് വളരെയധികം പ്രോത്സാഹിപ്പിച്ചു എന്ന് രജിത പറയുന്നു. “സ്ത്രീകളുടെ ഒരു സംഘമുണ്ടാക്കാൻ അദ്ദേഹം എനിക്ക് പ്രേരണ തന്നു.”

ക്ഷേത്രങ്ങളിൽ അവതരണങ്ങൾ നടത്തുക എന്നത് സ്ത്രീകൾക്ക് ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. ഇന്നും ഏകദേശം അതുതന്നെയാണ് സ്ഥിതി. അതിനാൽ, പരിപാടി അവതരിപ്പിക്കാൻ തയ്യാറായപ്പോൾ, കുടുംബ ട്രൂപ്പിന്റെ കൂടെ പൊതുവേദികളിലാണ് രജിത ആദ്യം പ്രത്യക്ഷപ്പെട്ടത്. എന്നാൽ തുടക്കത്തിൽ അവർ അണിയറയിൽത്തന്നെ ഒതുങ്ങിനിന്നു.

“സീതയെപ്പോലെയുള്ള സ്ത്രീ കഥാപാത്രങ്ങൾക്കുവേണ്ടി (രാമായണത്തിന്റെ പുനരാവിഷ്കാരങ്ങളിൽ‌) ഞാൻ ശബ്ദം നൽകി. എന്നാൽ പാവകളെ കൈകാര്യം ചെയ്യാനോ സദസ്സിനെ അഭിമുഖീകരിക്കാനോ ഉള്ള ആത്മവിശ്വാസമില്ലായിരുന്നു,” അവർ പറയുന്നു. എന്നാൽ കുട്ടികൾക്കുവേണ്ടി അച്ഛൻ നടത്തിയ ശില്പശാലകളിൽ പങ്കെടുക്കാൻ തുടങ്ങിയതോടെ ആത്മവിശ്വാസം വന്നുതുടങ്ങി. “ശില്പശാലകളിൽ വിവിധ ആളുകളുമായി ഇടപഴകേണ്ടിവന്നത്, സദസ്സിനെ അഭിമുഖീകരിക്കാനുള്ള ധൈര്യം നൽകി.”

പാവകളുണ്ടാക്കുന്ന കലയും രജിത സ്വായത്തമാക്കി. “കടലാസ്സിൽ പാവകളുണ്ടാക്കിയാണ് ഞാൻ പഠിച്ചത്. അച്ഛനമ്മമാരും സഹോദരനുമായിരുന്നു എന്റെ ഗുരുക്കന്മാർ,” രജിത പറയുന്നു. “തുകലിൽ, രൂപങ്ങൾ വരയ്ക്കാനും പാവകൾക്ക് ജീവൻ കൊടുക്കുന്ന നിറങ്ങൾ നൽകാനും അങ്ങിനെ ഞാൻ പഠിച്ചു.” രാമായണത്തിലെ പാവകളുടെ കണ്ണും മൂക്കും ചെവിയും എല്ലാം അതിശയോക്തിപരമായിട്ടാണ് ഉണ്ടാക്കുന്നത്. എന്നാൽ സമകാലിക കഥകളിലെ രൂപങ്ങളെ യഥാതഥമായിട്ടാണ് ചിത്രീകരിക്കുക. “സ്ത്രീകളുടെ പ്രായത്തിനനുസരിച്ചും വസ്ത്രങ്ങൾക്ക് വ്യത്യാസം വരും. മുതിർന്ന സ്ത്രീയാണെങ്കിൽ സാരിയും, ചെറുപ്പക്കാരികളാണെങ്കിൽ, ജീൻസും ടോപ്പുമൊക്കെയായിരിക്കും വേഷം,” രജിത കൂട്ടിച്ചേർക്കുന്നു.

വീട്ടിലെ പുരുഷന്മാർ മാത്രമല്ല, രജിതയെ പ്രോത്സാഹിപ്പിക്കുകയും പിന്തുണക്കുകയും ചെയ്തത്. തോൽ‌പ്പാവക്കൂത്തിലെ ലിംഗപരമായ വ്യത്യാസങ്ങൾ ഇല്ലാതാക്കാൻ, ആദ്യമായി ശ്രമിച്ചത് രജിതയുടെ അമ്മ രാജലക്ഷ്മിയായിരുന്നു. വർഷങ്ങൾക്കുമുമ്പേതന്നെ.

രജിതയുടെ അച്ഛൻ രാമചന്ദ്രയെ 1986-ൽ വിവാഹം കഴിച്ചതിനുശേഷം, അമ്മ രാജലക്ഷ്മി പാവകളെ ഉണ്ടാക്കുന്നതിൽ കുടുംബത്തിലെ പാവകളിക്കാരെ സഹായിക്കാൻ തുടങ്ങി. എന്നാൽ, അവതരണം നടത്താനോ, വരികൾ ചൊല്ലാനോ ഉള്ള അവസരം അവർക്കുണ്ടായില്ല. “രജിതയുടെ കലാജീവിതം കാണുമ്പോൾ, എനിക്ക് സാഫല്യം തോന്നുന്നു. എനിക്ക് കഴിയാതെ പോയത്, അവൾ ചെറുപ്പത്തിലേ നേടിയെടുത്തു,” രാജലക്ഷ്മി പറയുന്നു.

PHOTO • Courtesy: Krishnankutty Pulvar Memorial Tholpavakoothu Kalakendram, Shoranur
PHOTO • Courtesy: Krishnankutty Pulvar Memorial Tholpavakoothu Kalakendram, Shoranur

ഇടത്ത്:  കൈപ്പാവകൾ കാണിച്ചുതരുന്ന രജിതയും സഹോദരൻ രാജീവും . വലത്ത്: വനിതാ പാവകളിക്കാർ ഒരു പരിശീലനത്തിനിടയിൽ

PHOTO • Megha Radhakrishnan
PHOTO • Megha Radhakrishnan

ഇടത്ത്: രാജലക്ഷ്മി (ഇടത്ത്), അശ്വതി (നടുവിൽ) രജിത എന്നിവർ പാവകളെ ഉണ്ടാക്കുന്നു. വലത്ത്: തുകലിൽനിന്ന് പാവയുണ്ടാക്കാൻ ചുറ്റികയും ഉളിയും ഉപയോഗിക്കുന്ന രജിത

*****

പെൺ പാവക്കൂത്ത് എന്ന പേരിൽ സ്വന്തമായൊരു സംഘമുണ്ടാക്കാൻ തീരുമാനിച്ച രജിത ആദ്യം ചെയ്ത കാര്യങ്ങളിലൊന്ന്, തന്റെ അമ്മയേയും സഹോദരഭാര്യയേയും അതിലേക്ക് ക്ഷണിക്കുക എന്നതായിരുന്നു.

അശ്വതിക്ക് ആദ്യമൊന്നും ഈ കലയിൽ താത്പര്യമുണ്ടായിരുന്നില്ല. ഒരു പാവകളിക്കാരിയാകുമെന്ന് അവർ സങ്കല്പിച്ചിട്ടുപോലുമുണ്ടായിരുന്നില്ല. പാവകളിക്കാരുടെ കുടുംബത്തിലേക്ക് വിവാഹത്തിലൂടെ എത്തിപ്പെട്ടതോടെ, “ഞാൻ ഈ കലാരൂപത്തെ ഇഷ്ടപ്പെടാൻ തുടങ്ങി” എന്ന് അവർ പറയുന്നു. എന്നാൽ അനുഷ്ഠാനപരമായ പാവകളി മന്ദഗതിയിലുള്ള ഒന്നാണ്. അതിന്റെ ആലാപനത്തിൽ, പാവകളെ വിദഗ്ദ്ധമായി ഉപയോഗിക്കേണ്ട ആവശ്യവും വരാറില്ല. അതിനാൽ, അത് പഠിക്കാൻ അവർക്ക് താത്പര്യമുണ്ടായിരുന്നില്ല. എന്നാൽ ഭർത്താവും സംഘവും ചേർന്ന് ആനുകാലിക പ്രസക്തിയുള്ള പാവകളികൾ അവതരിപ്പിക്കുന്നത് കണ്ടതോടെ, അവർക്ക് അതിൽ താത്പര്യം തോന്നുകയും ഈ കല പഠിക്കാൻ രജിതയുടെ സംഘത്തിൽ ചേരുകയും ചെയ്തു.

കഴിഞ്ഞ ചില വർഷങ്ങളായി, രാമചന്ദ്ര തന്റെ സംഘത്തിൽ സ്ത്രീകളെ കൂടുതലായി ഉൾക്കൊള്ളിക്കുന്നുണ്ടായിരുന്നു. അയൽ‌വക്കത്തുള്ള പെൺകുട്ടികളെ ക്ഷണിച്ചുവരുത്തി പെണ്ണുങ്ങളുടേതായ ഒരു സംഘമുണ്ടാക്കാൻ ഇതും രജിതയ്ക്ക് പ്രേരണയായി. ആദ്യത്തെ സംഘത്തിൽ എട്ട് അംഗങ്ങളുണ്ടായിരുന്നു. നിവേദിത, നിത്യ, സന്ധ്യ, ശ്രീനാഥ, ദീപ, രാജലക്ഷ്മി, അശ്വതി എന്നിവർ.

“ഞങ്ങൾ അച്ഛന്റെ കീഴിൽ പരിശീലന ക്ലാസ്സുകൾ ആരംഭിച്ചു. ഈ പെൺകുട്ടികളൊക്കെ സ്കൂളിൽ പോകുന്നവരായതിനാൽ, അവധി ദിവസങ്ങളിലോ, ഒഴിവുള്ള സമയങ്ങളിലോ ആണ് ഞങ്ങൾ പരിശീലന ക്ലാസ്സുകൾ സംഘടിപ്പിച്ചിരുന്നത്. സ്ത്രീകൾ പാവകളി ചെയ്യാൻ പാടില്ലെന്നാണ് പാരമ്പര്യം അനുശാസിക്കുന്നതെങ്കിലും കുടുംബം നല്ല പിന്തുണ തന്നു,” രജിത പറയുന്നു.

ഒരുമിച്ചുള്ള അവതരണങ്ങളിലൂടെ, സ്ത്രീകളും പെൺകുട്ടികളും തമ്മിൽ ഒരു ആത്മബന്ധം വികസിച്ചു. “ഞങ്ങൾ ഒരു കുടുംബം‌പോലെയാണ്. പിറന്നാളുകളും കുടുംബത്തിലെ വീശേഷങ്ങളുമെല്ലാം ഒരുമിച്ച് ആഘോഷിക്കുന്നു,” രജിത പറയുന്നു.

2021 ഡിസംബർ 25-നായിരുന്നു ആദ്യത്തെ അവതരണം. “ഞങ്ങൾ നന്നായി അദ്ധ്വാനിച്ചു. തയ്യാറെടുപ്പിനായി ധാരാളം സമയം ചിലവഴിച്ചു,” രജിത പറയുന്നു. ഇതാദ്യമായിട്ടായിരുന്നു പെണ്ണുങ്ങൾ മാത്രമടങ്ങിയ ഒരു സംഘം തോൽ‌പ്പാവക്കൂത്ത് അവതരിപ്പിക്കുന്നത്. കേരള സർക്കാരിന്റെ ‘സമം’ എന്ന പേരിലുള്ള ഒരു പരിപാടിയിൽ, പാലക്കാട്ടുവെച്ചായിരുന്നു അരങ്ങേറ്റം.

PHOTO • Courtesy: Krishnankutty Pulvar Memorial Tholpavakoothu Kalakendram, Shoranur
PHOTO • Megha Radhakrishnan

ഇടത്ത്: ഒരു ചടങ്ങിനിടയ്ക്ക്, ഫോട്ടോവിനായി പോസ് ചെയ്യുന്ന പെൺ പാവക്കൂത്തിലെ കലാകാരികൾ. സ്ത്രീകൾ മാത്രമുള്ള ആദ്യത്തെ തോൽ‌പ്പാവക്കൂത്ത് സംഘമായിരുന്നു അവർ. വലത്ത്: പാവകളുമായി ടീമംഗങ്ങൾ

തണുപ്പുകാലത്തുപോലും, എണ്ണവിളക്കിൽനിന്നുള്ള ചൂട്, കലാകാരികൾക്ക് ബുദ്ധിമുട്ടുണ്ടാക്കി. “ചിലർക്ക് ചൂടുകുരുക്കളുണ്ടായി. അണിയറയിലും നല്ല ചൂടായിരുന്നു,” രജിത പറയുന്നു. എന്നാൽ എല്ലാവർക്കും ആവോളം നിശ്ചയദാർഢ്യമുണ്ടായിരുന്നുവെന്നും “അവതരണം മികച്ച വിജയമായിരുന്നു”വെന്നും അവർ കൂട്ടിച്ചേർത്തു.

താത്പര്യമുള്ള സ്ത്രീ കലാകാരികൾക്ക് വേദിയൊരുക്കുക എന്നതാണ്, ‘തുല്യത’ എന്ന് അർത്ഥം വരുന്ന സമം പ്രോഗ്രാമിന്റെ ലക്ഷ്യം. പാലക്കാട്ടെ, വനിതാ-ശിശു പരിചരണ വിഭാഗമാണ് ഇത് സംഘടിപ്പിച്ചത്. വിദ്യാഭ്യാസം, തൊഴിൽ, കുടുംബജീവിതം എന്നിവയിലെ സ്ത്രീകളുടെ പോരാട്ടങ്ങളെ ഉയർത്തിക്കാട്ടുക എന്നതിനുപുറമേ, അവകാശങ്ങൾ നേടിയെടുക്കാനുള്ള മാർഗ്ഗങ്ങൾ ആരായുക എന്നതും രജിതയുടെ സംഘത്തിന്റെ അവതരണലക്ഷ്യമായിരുന്നു.

“ഈ അസമത്വത്തിനെതിരെയുള്ളതാണ് ഞങ്ങളുടെ കല. ഈ നിഴലുകൾ ഞങ്ങളുടെ പോരാട്ടത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. പുതിയ ആശയങ്ങളും വിഷയങ്ങളും അവതരിപ്പിക്കാൻ ഞങ്ങളാഗ്രഹിക്കുന്നു. പ്രത്യേകിച്ചും, സാമൂഹികമായ പ്രസക്തിയുള്ള വിഷയങ്ങൾ. സ്ത്രീകളുടെ കാഴ്ചപ്പാടിൽനിന്നുള്ള ഒരു രാമായണം ആഖ്യാനം അവതരിപ്പിക്കാനും ഞങ്ങൾക്ക് മോഹമുണ്ട്,” രജിത ചൂണ്ടിക്കാട്ടി

സ്വന്തമായി അവതരണസംഘം സ്ഥാപിച്ചതിനുശേഷം, പൂർണ്ണമായ ഒരു അവതരണത്തിനുള്ള - തിരക്കഥ, ശബ്ദ-സംഗീത ആലേഖനം, പാവനിർമ്മാണം, പാവകളിയിലെ സൂത്രങ്ങളുടെ പഠനം, പരിശീലനം മുതലായ – ശേഷി വർദ്ധിപ്പിക്കാനും അവർ ശ്രമം തുടങ്ങി. “ഓരോ അവതരണത്തിനും ധാരാളം തയ്യാറെടുപ്പുകൾ നടത്തണം. ഉദാഹരണത്തിന്, സ്ത്രീ ശാക്തീകരണത്തിനെക്കുറിച്ചുള്ള അവതരണത്തിന്. വനിതാ-ശിശുക്ഷേമ വിഭാഗത്തിൽ പോയി ഞാൻ സ്ത്രീകൾക്ക് ലഭ്യമായ പദ്ധതികളെക്കുറിച്ചും അവസരങ്ങളെക്കുറിച്ചുമുള്ള വിവരങ്ങൾ അന്വേഷിച്ചു. പിന്നെ, തിരക്കഥയും സംഗീതവും ചെയ്യാൻ ആളെ ഏൽ‌പ്പിച്ചു. റിക്കാർഡിംഗ് കഴിഞ്ഞപ്പോൾ, പാവകളുണ്ടാക്കാനും അവയെക്കൊണ്ട് വിദ്യകൾ ചെയ്യിപ്പിക്കാനും ഞങ്ങൾ പരിശീലനം നൽകി. പാ‍വകളെ നിർമ്മിക്കുന്നതിനും വേദിയിലെ ചലനങ്ങൾ തീരുമാനിക്കുന്നതിനും സ്വന്തമായി സംഭാവനകൾ ഈ കലയ്ക്ക് നൽകുന്നതിനും എല്ലാം ടീമംഗങ്ങൾക്കും സ്വാതന്ത്ര്യമുണ്ട്.”

PHOTO • Megha Radhakrishnan
PHOTO • Megha Radhakrishnan

ഇടത്ത്: അശ്വതിയും (വലത്ത്) രജിതയും ഒരു അവതരണത്തിനിടയിൽ. വലത്ത്: കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ രൂപമാതൃകയിലുള്ള പാവ

PHOTO • Megha Radhakrishnan
PHOTO • Megha Radhakrishnan

ഇടത്ത്: പെൺ പാവക്കൂത്ത് നടത്തിയ ഒരവതരണത്തിന്റെ പിന്നാമ്പുറ രംഗങ്ങൾ. വലത്ത്: തിരശ്ശീലയ്ക്ക് പിന്നിലെ കലാകാരികളും, ഓഡിറ്റോറിയത്തിലെ സദസ്സും

കേവലം ഒന്നോ രണ്ടോ അവതരണങ്ങളിൽനിന്ന് 40-ഓളം അവതരണങ്ങളിലേക്ക് ഇന്ന് അവരുടെ സംഘം വളർന്നിട്ടുണ്ട്. 15 അംഗങ്ങളുമുണ്ട് ഇപ്പോൾ ട്രൂപ്പിൽ. മാതൃസംഘടനയായ കൃഷ്ണൻ‌കുട്ടി മെമ്മോറിയൽ തോൽ‌പ്പാവക്കൂത്ത് കലാകേന്ദ്രവുമായി ചേർന്നുകൊണ്ടാണ് അവരുടെ പ്രവർത്തനം. 2020-ൽ കേരള ഫോൿലോർ അക്കാദമിയുടെ യുവപ്രതിഭാ പുരസ്കാരം രജിതയ്ക്ക് ലഭിച്ചു.

സ്ത്രീകൾ മാത്രമടങ്ങുന്ന ഈ സംഘത്തിന് പുരുഷന്മാരുടെ സംഘത്തിന് കിട്ടിയിരുന്ന പ്രതിഫലം, ആരംഭകാലത്ത് കിട്ടിയിരുന്നില്ലെന്ന് രജിത പറയുന്നു. എന്നാൽ ക്രമേണ, കാര്യങ്ങൾക്ക് വ്യത്യാസം വന്നു. “പുരുഷന്മാരായ കലാകാരന്മാർക്ക് കൊടുക്കുന്ന അതേ പ്രതിഫലമാണ് പല സംഘടനകളും, പ്രത്യേകിച്ച് സർക്കാർ സംഘടനകൾ ഞങ്ങൾക്ക് നൽകുന്നത്. പുരുഷന്മാർക്ക് കിട്ടുന്ന അതേ പരിഗണന ഞങ്ങൾക്കും കിട്ടുന്നുണ്ട്,” രജിത പറയുന്നു.

ഒരമ്പലത്തിൽ അവതരണം നടത്താനുള്ള ക്ഷണം കിട്ടി എന്നതാണ് മറ്റൊരു വലിയ ചുവടുവെപ്പ്. “ഇതൊരു അനുഷ്ഠാനകലയാണെങ്കിലും, ഒരു ക്ഷേത്രത്തിൽനിന്ന് ക്ഷണം ലഭിച്ചതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്,” രജിത പറയുന്നു. കമ്പ രാമായണ ത്തിലെ വരികൾ പഠിക്കുകയാണ് ഇപ്പോൾ രജിത. അനുഷ്ഠാനപരമായ തോൽ‌പ്പാവക്കൂത്തിൽ ആലപിക്കാറുള്ള രാമായണത്തിന്റെ തമിഴിലുള്ള വ്യാഖ്യാനമാണ് കമ്പ രാമായണം . മറ്റ് ട്രൂപ്പംഗങ്ങളേയും ഇത് പഠിപ്പിക്കാനാണ് രജിത ഉദ്ദേശിക്കുന്നത്. “അമ്പലങ്ങളുടെ മതിൽക്കെട്ടിനകത്ത് വനിത പാവക്കൂത്തുകാർക്ക് കമ്പ രാമായണം ചൊല്ലാൻ കഴിയുന്ന കാലം വരുമെന്നുതന്നെയാണ് എന്റെ പ്രതീക്ഷ. അതിനുവേണ്ടി അവരെ തയ്യാറെടുപ്പിക്കുകയാണ് ഞാനിപ്പോൾ.”

മൃണാളിനി മുഖർജി ഫൌണ്ടേഷന്റെ (എം.എം.എഫ്) ഫെല്ലോഷിപ്പ് പിന്തുണയോടെ ചെയ്ത റിപ്പോർട്ടാണ് ഇത്.

പരിഭാഷ: രാജീവ് ചേലനാട്ട്

Sangeeth Sankar

Sangeeth Sankar is a research scholar at IDC School of Design. His ethnographic research investigates the transition in Kerala’s shadow puppetry. Sangeeth received the MMF-PARI fellowship in 2022.

यांचे इतर लिखाण Sangeeth Sankar
Photographs : Megha Radhakrishnan

Megha Radhakrishnan is a travel photographer from Palakkad, Kerala. She is currently a Guest Lecturer at Govt Arts and Science College, Pathirippala, Kerala.

यांचे इतर लिखाण Megha Radhakrishnan
Editor : PARI Desk

PARI Desk is the nerve centre of our editorial work. The team works with reporters, researchers, photographers, filmmakers and translators located across the country. The Desk supports and manages the production and publication of text, video, audio and research reports published by PARI.

यांचे इतर लिखाण PARI Desk
Translator : Rajeeve Chelanat

Rajeeve Chelanat is based out of Palakkad, Kerala. After spending 25 years of professional life in the Gulf and Iraq, he returned home to work as a proof reader in the daily, Mathrubhumi. Presently, he is working as a Malayalam translator.

यांचे इतर लिखाण Rajeeve Chelanat