"ഇവിടെ മദ്യനിരോധനമുണ്ടെന്നോ?" പുച്ഛവും അമർഷവും വഴിഞ്ഞൊഴുകുന്ന ശബ്ദത്തിൽ ഗൗരി പർമാർ ചോദിക്കുന്നു.

"ഒന്നുകിൽ ഇതൊരു കള്ളത്തരമാണ്, അല്ലെങ്കിൽ എന്റെ ഗ്രാമം ഗുജറാത്തിൽ ആയിരിക്കില്ല,", ഗൗരി കൂട്ടിച്ചേർക്കുന്നു. "എന്റെ ഗ്രാമത്തിലെ ആണുങ്ങൾ എത്രയോ വർഷങ്ങളായി മദ്യപിക്കുന്നുണ്ട്." ഗുജറാത്തിലെ ബോട്ടാദ് ജില്ലയിലെ റോജിദ് ഗ്രാമവാസിയാണ് ഗൗരി.

പൗരന്മാർക്ക് മദ്യം വാങ്ങാനോ ഉപയോഗിക്കാനോ അനുമതിയില്ലാത്ത, ഇന്ത്യയിലെ മൂന്ന് 'ഡ്രൈ സ്റ്റേറ്റ്സിൽ" (മദ്യനിരോധനം നിലവിലുള്ള സംസ്ഥാനങ്ങൾ) ഒന്നാണ് ഗുജറാത്ത്. 2017-ലെ ഗുജറാത്ത് പ്രൊഹിബിഷൻ (അമെൻഡ്മെന്റ്) ആക്ട് പ്രകാരം, മദ്യം നിർമ്മിക്കുകയും വിൽക്കുകയും ചെയ്യുന്നത്  10 വർഷംവരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്.

എന്നാൽ 50 വയസ്സുകാരിയായ ഗൗരി, 30 കൊല്ലം മുൻപ് റോജിദ് ഗ്രാമത്തിൽ വധുവായെത്തിയ അന്ന്  മുതൽ, ആളുകൾ യാതൊരു കൂസലുമില്ലാതെ ഈ നിയമം ലംഘിക്കുന്നത് കാണുന്നുണ്ട്. നാട്ടിൻപുറങ്ങളിൽ മദ്യം വാറ്റുന്നതും ആവശ്യക്കാർക്ക് പോളിത്തീൻ കവറുകളിൽ നിറച്ച് വിൽക്കുന്നതും അവർ കണ്ടിട്ടുണ്ട്.

ഇത്തരത്തിൽ മദ്യം വാറ്റുന്നതിന്റെ പ്രത്യാഘാതങ്ങൾ ദൂരവ്യാപകവും  മാരകവുമാണ്. മദ്യം പെട്ടെന്ന് തയ്യാറാക്കാനായി വാറ്റുകാർ പലപ്പോഴും വിഷകരമായ പദാർത്ഥങ്ങൾ അതിൽ ചേർക്കാറുണ്ട്. "അവർ മദ്യത്തിൽ ദ്രവരൂപത്തിലുള്ള  സാനിറ്റൈസറും യൂറിയയും മെഥനോളും  ചേർക്കും.", ഗൗരി പറയുന്നു.

2022 ജൂലൈയിൽ, ഇത്തരത്തിൽ നിയമവിരുദ്ധമായി ഉത്പാദിപ്പിച്ച മദ്യം കുടിച്ച് ഗുജറാത്തിൽ 42 പേർ കൊല്ലപ്പെട്ടു; അഹമ്മദാബാദ്, ഭാവ്നഗർ, ബോട്ടാദ് എന്നീ ജില്ലകളിലായി നൂറോളംപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരണപ്പെട്ടവരിൽ 11 പേർ ഒരു ഗ്രാമത്തിൽനിന്നുള്ളവരായിരുന്നു: ബോട്ടാദിലെ ബർവാല താലൂക്കയിൽ ഉൾപ്പെടുന്ന റോജിദിൽനിന്നുള്ളവർ.

Gauri Parmar lost her son, Vasram, to methanol-poisoned alcohol that killed 42 people in Gujarat in July 2022
PHOTO • Parth M.N.

2022 ജൂലൈയിൽ, മെഥനോൾ കലർന്ന വിഷമദ്യം കുടിച്ച് ഗുജറാത്തിൽ 42 പേർ കൊല്ലപ്പെട്ട ദുരന്തത്തിൽ ഗൗരി പർമാറിന് അവരുടെ മകൻ വാസ്‌റാമിനെ നഷ്ടപ്പെട്ടു

"അവരിലൊരാൾ എന്റെ മകൻ വാസ്‌റാം ആയിരുന്നു.".,ഗൗരി പറയുന്നു. ഭാര്യയും നാലും രണ്ടും വയസ്സുള്ള കുഞ്ഞുങ്ങളും ഉൾപ്പെടുന്ന കുടുംബത്തിന്റെ ഏക അത്താണിയായിരുന്നു 30 വയസ്സുകാരനായ വാസ്‌റാം. ഗുജറാത്തിൽ പട്ടികജാതിയായി കണക്കാക്കപ്പെടുന്ന വാത്മീകി സമുദായക്കാരാണ് ഈ കുടുംബം.

2022 ജൂലൈ 25-ലെ ആ പ്രഭാതം ഗൗരിക്ക് വ്യക്തമായി ഓർമ്മയുണ്ട്. വാസ്‌റാമിന് അസ്വസ്ഥതയും ശ്വാസംമുട്ടലും അനുഭവപ്പെടുന്നുണ്ടായിരുന്നു. കുടുംബാംഗങ്ങൾ അദ്ദേഹത്തെ ബാർവാലിലെ ഒരു സ്വകാര്യ ക്ലിനിക്കിൽ കൊണ്ടുപോയപ്പോൾ അവിടെ മതിയായ ചികിത്സാസൗകര്യങ്ങളില്ലെന്ന് ഡോക്ടർ അറിയിച്ചു. പിന്നീട് അവർ വാസ്‌റാമിനെ ബാർവാലയിലെ സാമൂഹികാരോഗ്യ കേന്ദ്രത്തിലേയ്ക്ക് കൊണ്ടുപോയി. "അവിടെ ഡോക്ടർമാർ അവന് ഒരു കുത്തിവയ്പ്പ് നൽകുകയും കുറച്ചുനേരം സലൈൻ ഡ്രിപ്പിട്ട് കിടത്തുകയും ചെയ്തു.", ഗൗരി പറയുന്നു. "ഉച്ചയ്ക്ക് 12: 30 മണിക്ക് അവനെ ബോട്ടാദിലെ ജില്ലാ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകാൻ അവർ ഞങ്ങളോട് ആവശ്യപ്പെട്ടു."

ജില്ലാ ആശുപത്രിയിലേക്കുള്ള 45 മിനുറ്റ് നീണ്ട യാത്രയിലുടനീളം തനിക്ക് നെഞ്ച് വേദനിക്കുന്നുവെന്ന് വാസ്‌റാം പറഞ്ഞുകൊണ്ടിരുന്നു. "അവന് ശ്വാസമെടുക്കാൻ പറ്റുന്നില്ലെന്ന് പറഞ്ഞു.", ഗൗരി പറയുന്നു. "അവൻ ഇടയ്ക്ക് ഛർദ്ദിക്കുന്നുമുണ്ടായിരുന്നു."

ബോട്ടാദിലെ ജില്ലാ ആശുപത്രിയിലെ ഡോക്ടർമാർ വാസ്‌റാമിന്റെ അസുഖത്തെപ്പറ്റി ഗൗരിയോട് ഒന്നും പറഞ്ഞില്ല. ആരും തന്നോട് സംസാരിച്ചില്ലെന്ന് അവർ  പറയുന്നു. ഡോക്ടർമാരോട് വിവരങ്ങളന്വേഷിച്ച ഗൗരിയോട് വാർഡിൽനിന്ന് പുറത്ത് പോകാനാണ് അവർ ആവശ്യപ്പെട്ടത്.

ഡോക്ടർമാർ തന്റെ മകന് കൃത്രിമ ശ്വാസോച്ഛ്വാസം  നൽകുന്നത്  ഗൗരി നിസ്സഹായയായി നോക്കിനിന്നു. മദ്യമാണ് തന്റെ മകനെ ഈ അവസ്ഥയിലെത്തിച്ചതെന്ന് അറിയാമായിരുന്നെങ്കിലും, അത് എത്രത്തോളം ഗുരുതരമായ അപകടമാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് ഗൗരിക്ക് മനസ്സിലായിരുന്നില്ല. "എന്താണ് പ്രശ്നമെന്ന് ഞാൻ അവരോട് ചോദിച്ചുകൊണ്ടിരുന്നെങ്കിലും അവർ എന്നോട് ഒന്നും പറഞ്ഞില്ല. നമ്മുടെ മകനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ, ഡോക്ടർമാർ നമ്മളോട് വ്യക്തമായി കാര്യങ്ങൾ പറയണമെന്നാണ് നമ്മൾ ആഗ്രഹിക്കുക; അതിനി എത്ര മോശം വാർത്തയാണെങ്കിൽക്കൂടിയും.", അവർ പറയുന്നു. രോഗികളോടും അവരുടെ ബന്ധുക്കളോടും, പ്രത്യേകിച്ച് ദരിദ്രരും അരികുവത്ക്കരിക്കപ്പെട്ട സമുദായങ്ങളിൽനിന്നുള്ളവരുമായവരോട് , ഡോക്ടർമാർ കാണിക്കുന്ന അവഗണനനാ മനോഭാവം അസാധാരണമല്ല. "അല്ലെങ്കിലും പാവപ്പെട്ടവരെ ആരും വിലവെക്കാറില്ലല്ലോ.", ഗൗരി പറയുന്നു.

ഇതേ കാരണത്താലാണ് ചാർട്ടർ ഓഫ് പേഷ്യൻറ് റൈറ്റ്സ് ആൻഡ് റെസ്പോൺസിബിലിറ്റീസ് (2021 ഓഗസ്റ്റിൽ  നാഷണൽ കൗൺസിൽ ഫോർ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ്സിന്റെ അംഗീകാരം നേടിയത്). രോഗിക്കോ രോഗിയുടെ പ്രതിനിധിക്കോ "രോഗത്തിന്റെ സ്വഭാവം, കാരണം എന്നിവയെക്കുറിച്ച് മതിയായതും പ്രസക്തവുമായ വിവരങ്ങൾ" ലഭിക്കാനുള്ള അവകാശം ഉണ്ടെന്ന് നിഷ്കർഷിക്കുന്നത്.  സാമൂഹികപദവിയുടെ (സാമ്പത്തിക സ്ഥിതി, ജാതി തുടങ്ങിയ ഘടകങ്ങൾ) അടിസ്ഥാനത്തിൽ ചികിത്സയിൽ യാതൊരു  തരത്തിലുള്ള വിവേചനവും ഉണ്ടാകരുതെന്നും ചാർട്ടറിൽ വ്യവസ്ഥ ചെയ്യുന്നു.

Gauri in her hut in Rojid village of Botad district. From her village alone, 11 people died in the hooch tragedy last year
PHOTO • Parth M.N.

ഗൗരി, ബോട്ടാദ് ജില്ലയിലെ റോജിദ് ഗ്രാമത്തിലുള്ള തന്റെ കുടിലിൽ. കഴിഞ്ഞ വർഷമുണ്ടായ വിഷമദ്യ ദുരന്തത്തിൽ ഗൗരിയുടെ ഗ്രാമത്തിൽനിന്നുമാത്രം 11 ആളുകൾ മരണപ്പെട്ടു

ഗൗരിയെ വാർഡിൽനിന്ന് പുറത്താക്കി ഏതാനും മണിക്കൂറുകൾ കഴിഞ്ഞപ്പോൾ, ഡോക്ടർമാർ വാസ്‌റാമിനെ ബോട്ടാദിലുള്ള ഒരു സ്വകാര്യാശുപത്രിയിലേയ്ക്ക് റഫർ ചെയ്തു - അപ്പോഴും എന്തിനാണ് അങ്ങനെ ചെയ്യുന്നതെന്ന് ആരും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ അറിയിച്ചിരുന്നില്ല. സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട വാസ്‌റാം വൈകീട്ട് 6:30-ഓടെ മരണപ്പെട്ടു.

"മദ്യനിരോധനം ഒരു തമാശയാണ്.", ഗൗരി ആവർത്തിക്കുന്നു. "ഗുജറാത്തിൽ എല്ലാവരും കുടിക്കുന്നു, പക്ഷെ പാവപ്പെട്ടവർ മാത്രം അതുമൂലം മരിക്കുന്നു."

നാല് ദശാബ്ദത്തിലേറെയായി വിഷമദ്യം ഗുജറാത്തിലെ ഒരു പ്രധാന പൊതുജനാരോഗ്യ പ്രശ്‌നമാണ്. ഇക്കഴിഞ്ഞ വർഷങ്ങളിൽ നൂറുകണക്കിനാളുകൾ വിഷമദ്യം കുടിച്ച് മരണത്തിന് കീഴടങ്ങിയിട്ടുണ്ട്. സംസ്ഥാനത്തെ ഏറ്റവും മാരകമായ വിഷമദ്യ ദുരന്തം നടന്നത്  2009 ജൂലൈയിലാണ് - അന്ന്, അഹമ്മദാബാദ് ജില്ലയിൽ 150 പേർ കൊല്ലപ്പെട്ടു. അതിന് രണ്ടു ദശാബ്ദം മുൻപ്, 1989 മാർച്ചിൽ, വഡോദര ജില്ലയിൽ 135  പേർ കൊല്ലപ്പെടുകയുണ്ടായി. കൂട്ടമരണങ്ങൾ ആദ്യമായി സംഭവിച്ചത് 1977-ൽ അഹമ്മദാബാദിലാണ് - നഗരത്തിലെ സാരംഗ്‌പൂർ ദൗലത്ഖാനാ പ്രദേശത്തെ 101 ആളുകൾ അന്ന് കൊല്ലപ്പെട്ടു. ഈ  സംഭവങ്ങളില്ലെല്ലാംതന്നെ, മദ്യത്തിൽ ഉയർന്ന അളവിൽ മീഥൈൽ  ആൽക്കഹോൾ (മെഥനോൾ)  കലർത്തിയതാണ് ദുരന്തകാരണമെന്ന് കണ്ടെത്തിയിരുന്നു.

മദ്യം ഉത്പാദിപ്പിക്കാൻ യാതൊരു അംഗീകൃത മാനദണ്ഡങ്ങളും നിലവിൽ പ്രാബല്യത്തിലില്ല. ശർക്കരയോ ചെടികളുടെ സത്തോ വാറ്റി, പുളിപ്പിച്ചെടുത്താണ് സാധാരണയായി നാടൻ മദ്യം ഉണ്ടാക്കുന്നത്. എന്നാൽ ആവശ്യക്കാരേറുമ്പോൾ, വാറ്റുകാർ മദ്യത്തിൽ ഹാൻഡ് സാനിറ്റൈസറിലടക്കം ഉപയോഗിക്കുന്ന, വ്യാവസായികാവശ്യങ്ങൾക്കായുള്ള ഈഥൈൽ ആൽക്കഹോളോ അതീവ വിഷകരമായ മീഥൈൽ ആൽക്കഹോളോ ചേർക്കുന്നു.

ഇത് പ്രതിസന്ധിയുടെ മുകളറ്റം മാത്രമാണെന്നാണ് നിരീക്ഷകർ പറയുന്നത്.

മദ്യത്തിന്റെ ലഭ്യത ഉറപ്പാക്കുന്ന ഈ കച്ചവടത്തിൽ വാറ്റുകാർക്ക് പുറമേ പോലീസും രാഷ്ട്രീയക്കാരും പങ്കാളികളാണെന്ന് അഹമ്മദാബാദ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന മുതിർന്ന സാമൂഹിക ശാസ്ത്രജ്ഞനായ ഘനശ്യാം ഷാ പറയുന്നു.

2009-ലെ ദുരന്തത്തിന് ശേഷം, ജസ്റ്റിസ് കെ.എം മെഹ്ത്തയുടെ ആധ്യക്ഷ്യത്തിൽ രൂപവത്ക്കരിക്കപ്പെട്ട ലട്ട (വ്യാജമദ്യം) കമ്മീഷൻ ഓഫ് ഇൻക്വയറി ഉൾപ്പെടെ, വിഷമദ്യ ദുരന്തങ്ങൾ പഠിക്കാനും ഭാവിയിൽ ഇത്തരം ദുരന്തങ്ങൾ തടയാനും ലക്ഷ്യമിട്ട് നിയോഗിക്കപ്പെട്ടിട്ടുള്ള എല്ലാ സർക്കാർ അന്വേഷണ കമ്മീഷനുകളും സംസ്ഥാനത്ത് മദ്യനിരോധന നയം നടപ്പാക്കുന്നതിൽ വരുന്ന പാളിച്ചകൾ പലപ്പോഴും എടുത്തുപറഞ്ഞിട്ടുണ്ട്.

Alcohol poisoning has been a public health problem in Gujarat for more than four decades. Consumption of toxic alcohol has killed hundreds over the years. The worst of the hooch tragedies took place in July 2009
PHOTO • Parth M.N.

നാല് ദശാബ്ദത്തിലേറെയായി വിഷമദ്യം ഗുജറാത്തിലെ ഒരു പ്രധാന പൊതുജനാരോഗ്യ പ്രശ്‌നമാണ്. ഇക്കഴിഞ്ഞ വർഷങ്ങളിൽ നൂറുകണക്കിനാളുകൾ വിഷമദ്യം കുടിച്ച് മരണത്തിന് കീഴടങ്ങിയിട്ടുണ്ട്. സംസ്ഥാനത്തെ ഏറ്റവും മാരകമായ വിഷമദ്യ ദുരന്തം നടന്നത്  2009 ജൂലൈയിലാണ്

ഗുജറാത്തിലെ താമസക്കാർക്ക്  ആരോഗ്യസംബന്ധിയായ കാരണങ്ങൾക്കുവേണ്ടി, അതും ഒരു ഡോക്ടറുടെ കുറിപ്പടിയോടെ മാത്രമേ, മദ്യം കഴിക്കാൻ അനുമതിയുള്ളൂ. എന്നാൽ സംസ്ഥാനത്തിന് പുറത്തുനിന്നുള്ള സന്ദർശകർക്ക് താത്കാലിക പെർമിറ്റ് എടുത്ത് അംഗീകൃത വില്പനശാലകളിൽനിന്ന് മദ്യം വാങ്ങാവുന്നതാണ്.

"മധ്യവർഗ്ഗക്കാർക്കും അവർക്കിടയിലെ സമ്പന്നർക്കും ഉയർന്ന നിരക്കിൽ മദ്യം ലഭ്യമാണ്.", ഷാ പറയുന്നു. "പാവങ്ങൾക്ക് അത് വാങ്ങാൻ കഴിയില്ലെന്നതിനാൽ അവർ ഗ്രാമങ്ങളിൽ ഉണ്ടാക്കുന്ന വില കുറഞ്ഞ മദ്യം കുടിക്കാൻ തയ്യാറാകുന്നു."

വിഷമദ്യം കുടിക്കുന്നയാൾ ഉടൻ മരണപ്പെട്ടില്ലെങ്കിൽക്കൂടിയും കാഴ്ചശക്തി നശിക്കാനും, ശരീരം കോച്ചിപ്പിടിക്കാനും തലച്ചോറിനും കരളിനും ഗുരുതരമായ, പരിഹരിക്കാനാകാത്ത ക്ഷതം സംഭവിക്കാനും വിഷമദ്യം കാരണമായേക്കാമെന്ന് ഡോക്ടർമാർ പറയുന്നു.

നിർഭാഗ്യവശാൽ, ഗുജറാത്തിലെ പൊതുജനാരോഗ്യ സംവിധാനം ഈയൊരു ആരോഗ്യ പ്രതിസന്ധി നേരിടാൻ ഒട്ടും സജ്ജമല്ല.

ആദ്യംതന്നെ, ഗ്രാമീണ പ്രദേശങ്ങളിൽ ജീവിക്കുന്നവർ അടിയന്തരചികിത്സയ്ക്ക് ആശ്രയിക്കാവ്ന്ന ജില്ലാ ആശുപത്രികളിൽ ആവശ്യത്തിന് കിടക്കകളില്ല. 2021-ൽ, രാജ്യത്തെ ജില്ലാ ആശുപത്രികളുടെ പ്രകടനം വിലയിരുത്തി നീതി ആയോഗ് തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നത് ഗുജറാത്തിൽ ഒരു ലക്ഷം പേർക്ക് ശരാശരി 19 ആശുപത്രി കിടക്കകളാണ് ലഭ്യമായിട്ടുള്ളതെന്നാണ്. ദേശീയ ശരാശരിയായ 24 നേക്കാളും കുറവാണിത്.

ഇതിനുപുറമേ, ഗുജറാത്തിന്റെ ഗ്രാമപ്രദേശങ്ങളിലുള്ള മൊത്തം 74 ജില്ലാ, ഉപജില്ലാ ആശുപത്രികളിൽ ഡോക്ടർമാരുടെ  കുറവും അനുഭവപ്പെടുന്നുണ്ട്. റൂറൽ ഹെൽത്ത് സ്റ്റാറ്റിസ്റ്റിക്‌സ് (ഗ്രാമീണ ആരോഗ്യസ്ഥിതി വിവരപ്പട്ടിക - 2020-2021) പ്രകാരം, ഇത്രയും ആശുപത്രികളിൽ 799 ഡോക്ടർമാർ ഉണ്ടാകേണ്ടയിടത്ത് 588 ഡോക്ടർമാർ മാത്രമാണ് സേവനമനുഷ്ഠിക്കുന്നത്.

സംസ്ഥാനത്തിന്റെ ഗ്രാമപ്രദേശങ്ങളിലുള്ള 333 സാമൂഹികാരോഗ്യ കേന്ദ്രങ്ങളിൽ  1,197 വിദഗ്ധ ഡോക്ടർമാരുടെ കുറവുണ്ട്: ശസ്ത്രക്രിയാ വിദഗ്ധർ, ഗൈനക്കോളജിസ്റ്റുകൾ, ഫിസിഷ്യന്മാർ, ശിശുരോഗ വിദഗ്ധർ ഉൾപ്പെടെയുള്ളവരുടെ കണക്കാണിത്.

Karan Veergama in his home in Rojid. He is yet to come to terms with losing his father, Bhupadbhai
PHOTO • Parth M.N.
Karan Veergama in his home in Rojid. He is yet to come to terms with losing his father, Bhupadbhai
PHOTO • Parth M.N.

കരൺ വീർഗമ റോജിദിലെ വീട്ടിൽ. തന്റെ പിതാവ് ഭുപദ്ഭായിയുടെ മരണവുമായി പൊരുത്തപ്പെടാൻ അദ്ദേഹത്തിന് ഇതുവരെയും സാധിച്ചിട്ടില്ല

2022 ജൂലൈ 26-ന്, ദിവസവേതന ജോലിക്കാരനും കർഷകത്തൊഴിലാളിയുമായ 24 വയസ്സുകാരൻ കരൺ വീർഗമ തന്റെ അച്ഛനെ ഭാവ്നഗറിലെ സിവിൽ ആശുപത്രിയായ സർ ടി ഹോസ്പിറ്റലിൽ എത്തിക്കുമ്പോൾ, അമിതജോലിഭാരത്താൽ തളർന്ന ആശുപത്രി ജീവനക്കാരെയാണ് കാണാനായത്. "ആശുപത്രി തിങ്ങിനിറഞ്ഞിരുന്നത് കാരണം ഞങ്ങൾക്ക് എങ്ങോട്ടാണ് പോകേണ്ടതെന്നുപോലും മനസ്സിലായില്ല", അദ്ദേഹം പറയുന്നു. "ജീവനക്കാർ എല്ലാവരും തിരക്കിലായിരുന്നു; എന്താണ് ചെയ്യുകയെന്ന് ആർക്കും ഒരു രൂപവുമുണ്ടായിരുന്നില്ല."

ലട്ട കമ്മീഷൻ ഓഫ് ഇൻക്വയറി നൽകിയ റിപ്പോർട്ടിൽ, 2009-ലെ ദുരന്തസമയത്ത്, പ്രത്യേകിച്ചും ആദ്യ മണിക്കൂറുകളിൽ,  വിഷമദ്യം മൂലമുള്ള മരണങ്ങൾ കൈകാര്യം ചെയ്യാൻ വേണ്ട അടിയന്തര തയ്യാറെടുപ്പുകൾ ഒന്നുംതന്നെ നടത്തിയിരുന്നില്ലെന്ന് പരാമർശിക്കുന്നുണ്ട്. മെഥനോൾ മൂലമുള്ള വിഷബാധ സംബന്ധിച്ച ചികിത്സാ മാർഗ്ഗരേഖയുടെ (ട്രീറ്റ്‌മെന്റ് പ്രോട്ടോക്കോൾ) അഭാവവും റിപ്പോർട്ട് എടുത്തുപറയുന്നു.

കരണിനെപോലെത്തന്നെ കർഷകത്തൊഴിലാളിയായ അച്ഛൻ 45 വയസ്സുകാരൻ ഭുപദ് ഭായിയും, റോജിദിലെ പലരെയും ആശുപത്രിയിലെത്തിച്ച അതേ ബാച്ച് മദ്യമാണ് കുടിച്ചത്. അന്നേ ദിവസം രാവിലെ 6 മണിയോടെയാണ് അദേഹത്തിന് ശാരീരികാസ്വാസ്ഥ്യവും ശ്വാസംമുട്ടലും അനുഭവപ്പെട്ടുതുടങ്ങിയത്.

കരൺ അച്ഛനെ ബാർവാലയിലെ സാമൂഹികാരോഗ്യകേന്ദ്രത്തിൽ എത്തിച്ചപ്പോൾ അവിടത്തെ ജീവനക്കാർ അദ്ദേഹത്തെ ഒന്ന് പരിശോധിക്കുകകൂടി ചെയ്യാതെ നേരെ ഭാവ്നഗറിലെ ആശുപത്രിയിലേയ്ക്ക് റഫർ ചെയ്യുകയായിരുന്നു. ഒരു ബാച്ചിൽനിന്നുള്ള മദ്യം ആളുകൾക്ക് ശാരീരികാസ്വസ്ഥയുണ്ടാക്കുന്നുണ്ടെന്ന് അവർ മനസ്സിലാക്കിയിരുന്നു. "എന്താണ് പ്രശ്നമെന്ന് അവർക്കറിയാമായിരുന്നു.", കരൺ പറയുന്നു."അതുകൊണ്ട് സാമൂഹികാരോഗ്യകേന്ദ്രത്തിലുള്ളവർ സമയം കളയാതെ ഭാവ്നഗറിലെയ്ക്ക് പോകാൻ ഞങ്ങളോട്  ആവശ്യപ്പെട്ടു. ഈ പ്രദേശത്തുള്ളവർക്ക് ലഭ്യമായ ഏറ്റവും നല്ല ചികിത്സാ സൗകര്യങ്ങൾ അവിടെയാണുള്ളത്."

എന്നാൽ 80 കിലോമീറ്റർ അകലെയുള്ള ആ ആശുപത്രിയിലെത്താൻ 2 മണിക്കൂർ യാത്ര ചെയ്യണം. "റോജിദിൽനിന്ന് ഭാവ്നഗറിലേക്കുള്ള റോഡിൻറെ സ്ഥിതി ശോചനീയമാണ്. അതുകൊണ്ടാണ് യാത്രയ്ക്ക് 2 മണിക്കൂർ എടുക്കുന്നത്.", ഈ പ്രദേശത്ത് 108 ആംബുലൻസ് ഓടിക്കുന്ന പരേഷ് ദുലേര പറയുന്നു.

ഭുപദ്ഭായിയെ കൊണ്ടുപോകാൻ ആംബുലൻസുമായി ചെല്ലുമ്പോൾ, വണ്ടിയിലേക്ക് കേറാൻ അദ്ദേഹത്തിന് സ്‌ട്രെച്ചർ വേണ്ടിവന്നില്ലെന്ന് ദുലേര ഓർക്കുന്നു.  "അധികം സഹായമൊന്നും കൂടാതെയാണ് അദ്ദേഹം ആംബുലൻസിലേയ്ക്ക് കയറിയത്."

പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയിൽ സേവനം നടത്തുന്ന ആംബുലൻസിൽ ആശുപത്രിയിൽ എത്തുന്നതിന് മുമ്പുള്ള പ്രാഥമികചികിത്സയാണ് നൽകുന്നത്. പ്രസവമെടുക്കാൻ പരിശീലനം ലഭിച്ചിട്ടുള്ള ഒരു പ്രധാന നഴ്‌സും സഹായിയായി മറ്റൊരു നഴ്‌സും ജീവനക്കാരായുള്ള ആംബുലൻസിൽ ഓക്സിജൻ സിലിണ്ടറും സലൈൻ കുപ്പികളും ഇൻജക്ഷനുകളും സ്റ്റോക്ക് ഉണ്ടാകുമെന്ന് ദുലേര പറയുന്നു.

‘I need to know how or why his [Bhupadbhai's] health deteriorated so rapidly,’ says Karan
PHOTO • Parth M.N.

‘അദ്ദേഹത്തിന്റെ (ഭുപദ്ഭായി) ആരോഗ്യനില എങ്ങനെയാണ്, എന്തുകൊണ്ടാണ് ഇത്രയും പെട്ടെന്ന് വഷളായത് എന്ന് എനിക്ക് അറിയണം’ കരൺ പറയുന്നു

ആശുപത്രിയിലെ കോലാഹലത്തിനിടയിൽ, ഭുപദ്ഭായിയെ ഇൻറ്റെൻസീവ് കെയർ യൂണിറ്റിൽ പ്രവേശിപ്പിച്ചു. "ജീവനക്കാർ അദ്ദേഹത്തെ പ്രവേശിപ്പിച്ചെങ്കിലും, തിരക്കുകാരണം ഞങ്ങൾക്ക് ഒന്നും ചോദിയ്ക്കാൻപോലും പറ്റാത്ത അവസ്ഥയായിരുന്നു.", കരൺ പറയുന്നു. "ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ, അച്ഛൻ മരണപ്പെട്ടുവെന്ന് അവർ ഞങ്ങളെ അറിയിച്ചു. ഞങ്ങൾക്ക് അത് ഒട്ടും വിശ്വസിക്കാനായില്ല., ആംബുലൻസിൽ കയറുമ്പോൾ തന്റെ അച്ഛന് കാര്യമായ കുഴപ്പമൊന്നും ഉണ്ടായിരുന്നില്ലെന്ന് ആവർത്തിച്ച് കരൺ പറയുന്നു.

"അച്ഛൻ പോയി എന്ന് എനിക്ക് അറിയാം. പക്ഷെ  അദ്ദേഹത്തിന്റെ ആരോഗ്യനില എങ്ങനെയാണ്, എന്തുകൊണ്ടാണ് ഇത്രയും പെട്ടെന്ന് വഷളായത് എന്ന് എനിക്ക് അറിയണം. ഞങ്ങൾക്ക് (കുടുംബത്തിന്) എന്തെങ്കിലും ഒരു വിശദീകരണം, എന്തെങ്കിലും ഒരു തീർപ്പ് ലഭിക്കണം.", കരൺ പറയുന്നു. ഭുപദ് ഭായിയുടെ മരണകാരണം എന്താണെന്ന് ആരും അദ്ദേഹത്തിന് വിശദീകരിച്ചുകൊടുത്തിരുന്നില്ല.

ഭുപദ്ഭായി മരിച്ചിട്ട് രണ്ടുമാസം പിന്നിട്ടിട്ടും കുടുംബത്തിന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചിരുന്നില്ല.

2022 ജൂലൈ 27 ആയപ്പോഴേക്കും, പോലീസ് 15 പേരെ മെഥനോൾ വാങ്ങിച്ചതിനും, വിഷമദ്യം വിറ്റതിനുമടക്കം വിവിധ കുറ്റങ്ങൾ ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. സംസ്ഥാനത്തുടനീളം വാറ്റുകാരെ ലക്ഷ്യമിട്ട് നടത്തിയ പോലീസ് നടപടികളുടെ ഭാഗമായി 2,400-ലധികം പേർ അറസ്റ്റ് ചെയ്യപ്പെട്ടെന്നും 1.5 കോടിയോളം രൂപ വില വരുന്ന വ്യാജമദ്യം പിടിച്ചെടുത്തെന്നും ജൂലൈ 29-ന് റിപ്പോർട്ട് ചെയ്യപ്പെട്ടു.

പോലീസ് നടപടികളോട് ബോട്ടാദിൽ വളരെ പെട്ടെന്നുതന്നെ പ്രതികരണമുണ്ടായി: വീട്ടിലുണ്ടാക്കുന്ന മദ്യം ഒരു പാക്കറ്റിന് 20 രൂപ ഉണ്ടായിരുന്നത് ഇപ്പോൾ 100 രൂപയ്ക്കാണ് വിൽക്കുന്നത്.

താക്കൂർ ഫാമിലി ഫൌണ്ടേഷന്റെ സ്വതന്ത്രപത്രപ്രവർത്തനത്തിനുള്ള ഗ്രാ ന്റു പയോഗിച്ച് ജനകീയാരോഗ്യം , പൌരാസ്വാതന്ത്ര്യം എന്നിവയെക്കുറിച്ച് റിപ്പോർട്ട് ചെയ്യുന്ന പത്രപ്രവർത്തകനാണ് . ഈ റിപ്പോർട്ടിന്റെ ഉള്ളടക്കത്തിൽ താക്കൂർ ഫാമിലി ഫൌണ്ടേഷൻ ഒരുവിധത്തിലുമുള്ള ഇടപെടലുകളും നടത്തിയിട്ടില്ല.

പരിഭാഷ : പ്രതിഭ ആർ . കെ .

Parth M.N.

पार्थ एम एन हे पारीचे २०१७ चे फेलो आहेत. ते अनेक ऑनलाइन वृत्तवाहिन्या व वेबसाइट्ससाठी वार्तांकन करणारे मुक्त पत्रकार आहेत. क्रिकेट आणि प्रवास या दोन्हींची त्यांना आवड आहे.

यांचे इतर लिखाण Parth M.N.
Editor : Vinutha Mallya

विनुता मल्ल्या पीपल्स अर्काइव्ह ऑफ रुरल इंडिया (पारी) मध्ये संपादन सल्लागार आहेत. त्यांनी दोन दशकांहून अधिक काळ पत्रकारिता आणि संपादन केलं असून अनेक वृत्तांकने, फीचर तसेच पुस्तकांचं लेखन व संपादन केलं असून जानेवारी ते डिसेंबर २०२२ या काळात त्या पारीमध्ये संपादन प्रमुख होत्या.

यांचे इतर लिखाण Vinutha Mallya
Translator : Prathibha R. K.

Pratibha R K is a post graduate in English from the Central University of Hyderabad and works as a translator.

यांचे इतर लिखाण Prathibha R. K.