രാത്രിവെളിച്ചത്തിൽ തെളിഞ്ഞ കറുത്ത ഭീമാകാരമായ രൂപങ്ങൾക്ക് ഏതാനും അടിമാത്രം അകലെനിന്ന്‌ ബുദ്ധുറാം ചിൻഡ ഭയത്താൽ വിറയ്ക്കുകയായിരുന്നു. 60-കാരനായ ആ ഭുഞ്ജിയ ആദിവാസി കർഷകൻ കതാഫർ ഗ്രാമത്തിലെ തന്റെ വീടിന്റെ പാതിയടഞ്ഞ വാതിലിന്റെ വിടവിലൂടെ ആ രൂപങ്ങളെ നോക്കിനിന്നു.

ഒഡീഷയിലെ സുനബേഡ വന്യജീവിസങ്കേതത്തിന്റെ ഉള്ളിലും, പുറം മേഖലയിലും ഉൾപ്പെട്ട 52 മനുഷ്യവാസമേഖലകളിലൊന്നിൽ താമസിക്കുന്ന ഈ കർഷകന് ഈ വലിയ സസ്തനികളുടെ കാഴ്ച അസാധാരണമായിരുന്നില്ല.

എന്നിട്ടും അദ്ദേഹം പറയുന്നു, “അവർ നിമിഷങ്ങൾക്കുള്ളിൽ എന്നെയും എന്റെ കുടിലിനെയും ചവിട്ടിമെതിക്കുമെന്നാണ് ഞാൻ ഭയന്നത്‌”. കുറച്ചുസമയത്തിനുശേഷം അദ്ദേഹം തന്റെ വീടിന്റെ പിറകുവശത്തേക്ക്‌ പോയി തുളസിച്ചെടിയുടെ സമീപത്ത് നിന്നു: “ഞാൻ ലക്ഷ്‌മിദേവിയോടും ആ ഭീമൻമാരോടും പ്രാർത്ഥിച്ചു. ആ ആനക്കൂട്ടം ഒരുപക്ഷേ എന്നെ കണ്ടുകാണും.”

ബുദ്ധുറാമിന്റെ ഭാര്യ 55-കാരി സുലക്ഷ്‌മി ചിന്തയും ആനകളുടെ ചിന്നംവിളി കേട്ടിരുന്നു. ഏകദേശം ഒരു കിലോമീറ്റർ അകലെയുള്ള ഗ്രാമത്തിലെ വീട്ടിലായിരുന്നു അപ്പോൾ അവർ തന്റെ ആൺമക്കളോടും അവരുടെ കുടുംബത്തോടുമൊപ്പം.

ഒരു മണിക്കൂറിനുശേഷം ആനകൾ ആ പ്രദേശത്തുനിന്ന് പോയി.

2020 ഡിസംബറിലെ സംഭവം ഓർക്കുമ്പോൾ തന്റെ പ്രാർത്ഥ ഫലിച്ചുവെന്നാണ്‌ ഈ കർഷകൻ വിശ്വസിക്കുന്നത്‌.

അതിനാൽ 2022 ഡിസംബറിൽ കാട്ടാനക്കൂട്ടം തങ്ങളുടെ പാത മാറ്റിയപ്പോൾ ബുദ്ധുറാം മാത്രമല്ല നുവാപാദ ജില്ലയിലെ 30-ഓളം ആദിവാസി ഗ്രാമങ്ങളിലുള്ളവർ ആശ്വാസിച്ചു.

PHOTO • Ajit Panda
PHOTO • Ajit Panda

ബുധറാമും സുലക്ഷ്മിയും കുടുംബത്തോടൊപ്പം താമസിക്കുന്ന ഒഡിഷയിലെ സുനബേഡ വന്യജീവിസങ്കേതത്തിനടുത്തുള്ള കതാഫറിലെ വീട്

സുലക്ഷ്‌മിയ്ക്കും ബുദ്ധുറാമിനും അഞ്ച്‌ ആൺമക്കളും ഒരു മകളുമാണുള്ളത്‌. പത്തേക്കർ സ്ഥലത്ത്‌ കൃഷിയിൽ ഏർപ്പെട്ടിരിക്കുകയാണ്‌ എല്ലാവരും. വിവാഹിതരായ മുതിർന്ന രണ്ട്‌ മക്കൾ ഭാര്യമാർക്കും കുട്ടികൾക്കുമൊപ്പം കതാഫർ ഗ്രാമത്തിലാണ്‌ താമസം. ഒരു ദശാബ്ദം മുമ്പ്‌ ബുദ്ധുറാമും സുലക്ഷ്‌മിയും കൃഷിയിടത്തിന്‌ സമീപത്തേക്ക്‌ താമസം മാറ്റിയിരുന്നു.

അവിടെയാണ്‌ ആനക്കൂട്ടം ഭക്ഷണം തേടിയെത്തിയത്‌.

പിറ്റേന്ന്‌ രാവിലെ കൃഷിക്കുണ്ടായ നാശനഷ്‌ടം പരിശോധിക്കാൻ നെൽപാടത്തേക്കിറങ്ങിയ ബുദ്ധുറാം കണ്ടത്‌ തന്റെ അരയേക്കർ കൃഷി നശിച്ചുകിടക്കുന്നതാണ്‌. അതൊരു ഖമ്മുൻഡ യായിരുന്നു (ജലസാന്നിധ്യമുള്ള പ്രദേശത്ത് പ്രത്യേകമായി രൂപം നൽകുന്ന കൃഷയിടം). ഓരോ വർഷവും ഏകദേശം 20 ചാക്ക്‌ വിളവ്‌ (ഏകദേശം ഒരു ടൺ) കിട്ടുന്ന പ്രധാന കൃഷിയിടമായിരുന്നു ഇത്‌. “അഞ്ചുമാസത്തെ നെല്ലാണ്‌ എനിക്ക്‌ നഷ്‌ടമായത്‌,” അദ്ദേഹം പറഞ്ഞു. “ഞാൻ ആരോട്‌ പരാതി പറയും?”

അവിടെയാണ്‌ ട്വിസ്റ്റ്‌: താന്റെ സ്വന്തമെന്ന് ബുദ്ധുറാം പറയുകയും സുലക്ഷ്‌മിയ്ക്കൊപ്പം കൃഷി ചെയ്യുകയും ചെയ്യുന്ന ഭൂമി അദ്ദേഹത്തിന്റെ പേരിലല്ല. ബുദ്ധുറാമും മറ്റ്‌ കർഷകരും കൃഷി ചെയ്യുന്നത്‌ 600 സ്ക്വയർ കിലോമീറ്റർ വിസ്തൃതിയിലുള്ള വന്യജീവി സങ്കേതത്തിന്റെ ഭാഗമായുള്ള മേഖലകളിലാണ്‌. അതവരുടെ പേരിലുള്ളതോ അവർ വാടക നൽകുന്നതോ ആയ സ്ഥലമല്ല. “ഞാൻ കൃഷിചെയ്യുന്ന സ്ഥലത്തിൽ കൂടുതലും വനം വന്യജീവി വകുപ്പിന്റേതാണ്‌. വനാവകാശനിയമ പ്രകാരമുള്ള ( പട്ടികവർഗങ്ങളുടേയും മറ്റ് പരമ്പരാഗത വനവാസികളുടെയും പട്ടയ അവകാശ നിയമം ) പട്ടയം എനിക്ക്‌ അനുവദിച്ചിട്ടില്ല,” അദ്ദേഹം പറയുന്നു.

ബുദ്ധുറാമും സുലക്ഷ്‌മിയും ഭുഞ്ജിയ വിഭാഗത്തിൽപ്പെട്ടവരാണ്‌. 2011-ലെ സെൻസസ്‌ പ്രകാരം കതാഫർ ഗ്രാമത്തിലെ 30 കുടുംബങ്ങളാണ്‌ ഈ വിഭാഗത്തിൽപ്പെട്ടത്‌. ഇവരെക്കൂടാതെ ഗോണ്ട്‌, പഹാരിയ വിഭാഗം ആദിവാസികളും ഈ മേഖലയിൽ ജീവിക്കുന്നു. ചത്തീസ്ഗഢിനോട് അതിർത്തി പങ്കിടുന്ന സുനബേഡ പീഠഭൂമിയുടെ തെക്കേയറ്റത്താണ് ഒഡീഷയിലെ നുവാപാഡ ജില്ലയിലെ ബോഡൻ ബ്ലോക്കിലെ അവരുടെ ഗ്രാമം സ്ഥിതി ചെയ്യുന്നത്.

ആനകൾ കടന്നുപോകാൻ ഉപയോഗിക്കുന്ന പ്രധാന വഴിയും ഇതാണ്‌.

PHOTO • Ajit Panda
PHOTO • Ajit Panda

ഇടത്ത്: ബുധറാമും ഭാര്യ സുലക്ഷ്മിയും (വലത്ത്) പാടത്തിനരികിലുള്ള അവരുടെ വീട്ടിൽ

2008–- 2009ലെ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ വാർഷിക റിപ്പോർട്ടിൽ പുതുതായി കണ്ടെത്തിയ നാല്‌ കടുവാസങ്കേതങ്ങളിൽ ഒന്നാണ്‌ സുനബേഡ. കടുവകൾക്കുപുറമേ പുലി, ആന, കരടി, കാട്ടുപന്നി, കാട്ടുപോത്ത്‌ തുടങ്ങിയവയും ഇവിടെയുണ്ട്‌.

കതാഫർ ഉൾപ്പെടെയുള്ള സുനബേദ, പട്ദർഹ പീഠഭൂമികളിലെ പ്രധാനസ്ഥലങ്ങളിൽ താമസിക്കുന്ന ഗ്രാമീണരെ അവിടങ്ങളിൽനിന്ന് ഒഴിഞ്ഞുപോകുന്നതിന് പ്രേരിപ്പിക്കാനായി, വന്യജീവി വകുപ്പുദ്യോഗസ്ഥർ അതിനകം അവരുമായി നിരവധി തവണ ചർച്ച നടത്തിയിരുന്നു. 2022-ൽ ധേക്കുൻപാനി, ഗാതിബേഡ ഗ്രാമങ്ങളിലെ ജനങ്ങൾ മാറിതാമസിക്കാൻ സമ്മതിച്ചു.

അതിന് സമ്മതിക്കാത്തവർക്കാകട്ടെ, നാശം വിതച്ച് വരുന്ന ഈ സസ്തനികളെ സഹിക്കേണ്ടതായും വന്നു.

2016 - 17ലെ വന്യജീവി സെൻസസ്‌ പ്രകാരം ഒഡീഷയിൽ 1976 ആനകളാണുള്ളത്‌. ഏകദേശം 34 ശതമാനം വരുന്ന വനാവരണം ആനകൾക്ക് രുചിപ്രദമായ സ്ഥലമാണ്. അവിടെയാണ് സ‌മൃദ്ധമായി മുളകൾ വളരുന്ന ഒഡീഷയുടെ സുനബേഡ–--പട്‌ദർഹ മേഖല എന്ന് മുൻ വൈൽഡ്‌ ലൈഫ്‌ വാർഡൻ മായാധർ സരഫ് ചൂണ്ടിക്കാണിക്കുന്നു.  “അവ നുവാപദയിലേക്ക്‌ കയറി പടിഞ്ഞാറൻ ചത്തീസ്ഗഢിലേക്ക് പുറപ്പെടുന്നതിന് മുമ്പ് ജില്ലയ്ക്കുള്ളിൽതന്നെ ഏകദേശം 150 കിലോമീറ്റർ സഞ്ചരിക്കും.”

ഇതിനുശേഷം ആനകൾ ബലങ്കീറിലേക്ക്‌ മടങ്ങുമെങ്കിലും ഒരുതവണ രുചിയറിഞ്ഞ അവർ ഒരു മാസത്തിനുശേഷം പഴയ വഴികളിലൂടെതന്നെ തിരിച്ചെത്തും.

ഈ ദ്വൈവാർഷിക യാത്ര, മഴയെ അടിസ്ഥാനമാക്കി സുനബേഡ സങ്കേതത്തിന്റെ ഭാഗമായ മേഖലകളിൽ കൃഷിചെയ്യുന്ന ബുദ്ധുറാമിനെപ്പോലെയുള്ള മറ്റ്‌ ഭുഞ്ജിയ, ഗോണ്ട്, പഹാരിയ ആദിവാസി കർഷകരുടെ പാതയിലേക്ക്‌ നേരിട്ടെത്തുന്നു. 2021-ലെ സ്റ്റാറ്റസ് ഓഫ് ആദിവാസി ലൈവ്‌ലിഹുഡ്‌ റിപ്പോർട്ടിൽ ഒഡീഷയിലെ ആദിവാസികളുടെ ഭൂവുടമസ്ഥാവകശം സംബന്ധിച്ച്‌ വിവരങ്ങളുണ്ട്‌. ഒഡീഷയിലെ 14.5 ശതമാനം ആദിവാസി കുടുംബങ്ങളും ഭൂരഹിതരാണെന്നും 69.7 ശതമാനം നാമമാത്രമായ ഭൂമിയുടെ ഉടമസ്ഥാവകാശമുള്ളവരാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

PHOTO • Ajit Panda
PHOTO • Ajit Panda

വീടിന്റെ (ഇടത്ത്) മുമ്പിൽ ബുധറാമും സുലക്ഷ്മിയും പച്ചക്കറികൾ കൃഷി ചെയ്യുന്നു. പിൻ‌വശത്ത് (വലത്ത്) വാഴപ്പഴവും

ഖൊമ്മ റേഞ്ചിലെ ഡെപ്യൂട്ടി റേഞ്ചറായ സിബ പ്രസാദ്‌ ഖമാരി പറയുന്നത്‌, ഈ മേഖലയിൽ വർഷത്തിൽ രണ്ടുതവണ കാട്ടാനകളെത്തും എന്നാണ്‌ - ആദ്യം ജൂലൈയിലെ മൺസൂൺ കാലത്തും പിന്നീഡ്‌ ഡിസംബറിലും. വന്യജീവിസങ്കേതത്തിൽ സ്ഥിരം പെട്രോളിങ്‌ ചെയ്യുന്ന സിബ പ്രസാദിന് അവയുടെ സാന്നിദ്ധ്യത്തെക്കുറിച്ച് നേരിട്ടറിയാം. നാൽക്കാലികളുടെയും വിവിധ കാർഷികവിളകളും വിവിധയിനം പുല്ലുകളും നശിപ്പിച്ചുകൊണ്ടാണ് ഇവ വരുന്നത്. പ്രത്യേകിച്ചും നെൽക്കൃഷി.. “വിവിധ ഗ്രാമങ്ങളിലെ വിളകളും വീടുകളുമാണ് വർഷം‌തോറും ആനകൾ നശിപ്പിക്കുന്നത്‌,” അദ്ദേഹം പറഞ്ഞു. 2020 ഡിസംബറിലെ സംഭവം ഉദ്ധരിച്ചായിരുന്നു ഈ വാക്കുകൾ.

അതിനാൽ ആനശകളുണ്ടാക്കുന്ന കൃഷിനാശം ബുദ്ധുറാമിന്‌ ഒരു പുതുമയല്ല.

ഏതെങ്കിലും വന്യമൃഗങ്ങളാൽ വിളകൾ നഷ്‌ടമാകുന്ന കർഷകന്‌ ഏക്കറിന്‌ 12,000 രൂപയും നെല്ല്‌, മറ്റ്‌ ധാന്യങ്ങൾ എന്നിവയ്ക്ക്‌ ഏക്കറിന്‌ 10,000 രൂപയും നഷ്‌ടപരിഹാരം ലഭിക്കുമെന്നാണ്‌ പിസിസിഎഫിന്റെയും (വന്യജീവി),  ഒഡീഷ ചീഫ്‌ വൈൽഡ്‌ ലൈഫ്‌ വാർഡന്റെയും വെബ്‌സൈറ്റുകൾ വ്യക്തമാക്കുന്നത്‌. 1974-ലെ വൈൽഡ്‌ലൈഫ്‌ (സംരക്ഷണം) (ഒഡീഷ) നിയമം ഉദ്ധരിച്ചാണ്‌ ഇക്കാര്യം പറയുന്നത്‌.

പക്ഷേ ഭൂവുടമസ്ഥാവകാശരേഖകൾ ഇല്ലാത്തതിനാൽ ബുദ്ധുറാമിന്‌ ഈ നഷ്‌ടപരിഹാരം ലഭിക്കില്ല.

“എന്റെ പൂർവികരിൽനിന്ന്‌ പരമ്പരാഗതമായി കിട്ടിയതാണ്‌ ഈ സ്ഥലം. പക്ഷേ 1980ലെ വനസംരക്ഷണനിയമപ്രകാരം ഇത്‌ സർക്കാരിന്റെ സ്വന്തമാണ്‌,” ബുദ്ധുറാം പറഞ്ഞു. “ഭൂമിയിലും കൃഷിയിലും മാറ്റം കൊണ്ടുവരാനുള്ള ഞങ്ങളുടെ ശ്രമങ്ങൾക്ക്‌ വനം, വന്യജീവിവകുപ്പ്‌ എപ്പോഴും നിയന്ത്രണങ്ങൾ വെക്കാറുണ്ട്‌,” അദ്ദേഹം കൂട്ടിച്ചേർത്തു.

വനവാസികളുടെ പ്രധാന വരുമാനസ്രോതസായ കേണ്ടു ഫലവൃക്ഷത്തിന്റെ ഇലകൾ ശേഖരിക്കുന്ന കാര്യമാണ്‌ അദ്ദേഹം ഉദ്ദേശിക്കുന്നത്‌. “2006-ലെ വനാവകാശനിയമപ്രകാരം ഉടമസ്ഥത, വനവിഭവശേഖരണം, സംസ്കരണം എന്നിവയ്ക്ക്‌ അവർക്ക്‌ അവകാശമുണ്ട്‌,” എന്നാൽ ഈ അവകാശം നിഷേധിക്കപ്പെട്ടതായി വനവാസികൾ പറയുന്നു.

വനവിഭവങ്ങളായ മഹുവ പൂക്കളും പഴങ്ങളും, ചാർ, ഹരിദ, ആന്‌ല എന്നിവയ്ക്കും 22 കിലോമീറ്റർ അകലെയുള്ള ബോഡനിലെ ചന്തയിൽ നല്ല വില ലഭിക്കും. എന്നാൽ ഗതാഗതസൗകര്യങ്ങളുടെ അഭാവം കാരണം ബുദ്ധറാമിന് പലപ്പോഴും ചന്തയിൽ പോകാൻ കഴിയില്ല. അത്തരമവസരങ്ങളിൽ ഉത്പന്നങ്ങൾക്കായി വ്യാപാരികൾ ഗ്രാമീണർക്ക് അഡ്വാൻസ് നൽകാറുണ്ട്‌. എന്നാൽ നേരിട്ട്‌ ചന്തയിൽ പോയി വിറ്റിരുന്നെങ്കിൽ ബുദ്ധുറാമിന്‌ കിട്ടുമായിരുന്ന വിലയേക്കാൾ കുറവാണ് ഇത്. “എന്നാൽ മറ്റൊരു വഴിയും എനിക്ക്‌ മുന്നിലില്ല,” അദ്ദേഹം പറയുന്നു.

*****

PHOTO • Ajit Panda
PHOTO • Ajit Panda

ഇടത്ത്: കോഴികളുടെ ആക്രമണത്തിൽനിന്ന് സംരക്ഷിക്കാൻ വലകൾകൊണ്ട് മൂടിയ മുളകുചെടികൾ. വലത്ത്: ബുധറാമിനും കുടുംബത്തിനും 50 കന്നുകാലികളും ഏതാനും ആടുകളും സ്വന്തമായുണ്ട്

ഫാംഹൗസി’ന്റെ മുന്നിലെ ഉയർന്ന സ്ഥലത്ത്‌ ബുദ്ധുറാമും സുലക്ഷ്‌മിയും ചോളം. വഴുതന, മുളക്, ഹ്രസ്വകാല നെല്ല്‌, തുവര, ‌മുതിര എന്നിവ കൃഷി ചെയ്യുന്നു. താഴ്‌ന്ന മേഖലയിലും മധ്യഭാഗത്തുമായി അവർ ഇടത്തരം, ദീർഘകാല വിളവുള്ള നെല്ലും കൃഷി ചെയ്യുന്നു.

ഖാരിഫ്‌ സീസണിൽ സുലക്ഷ്‌മി പട്ദർഹ വനമേഖലയിലെ അവരുടെ കൃഷിയിടത്തിൽ ജോലിചെയ്യും.  കള പറിക്കൽ, ചെടികളുടെ പരിപാലനം, ഇലകളും കിഴങ്ങുകളും ശേഖരിക്കുക എന്നിവ. “മൂന്നുവർഷം മുൻപ്‌ എന്റെ മൂത്ത മകൻ വിവാഹിതനായതോടെ പാചകത്തിൽനിന്ന്‌ എനിക്ക്‌ മോചനം കിട്ടി, ഇപ്പോൾ എന്റെ മരുമകൾക്കാണ്‌ അതിന്റെ ഉത്തരവാദിത്തം,” അവർ പറഞ്ഞു.

മൂന്ന് ജോഡി കാളകളും ഒരു ജോടി പോത്തുകളും ഉൾപ്പെടെ 50-ഓളം കന്നുകാലികളാണ് കുടുംബത്തിന് സ്വന്തമായുള്ളത്. കാളകൾ നിലം ഉഴുതുമറിക്കാൻ സഹായിക്കുന്നു. കൃഷിക്കായുള്ള മെഷീനുകളൊന്നും അവർക്ക്‌ സ്വന്തമായില്ല.

ബുദ്ധുറാം പശുവിനെ കറക്കുകയും ആടുകളെയും ചെമ്മരിയാടിനെയും മേയ്‌ക്കുകയും ചെയ്യും. കഴിഞ്ഞ രണ്ടുവർഷത്തിനുള്ളിൽ ഒമ്പത്‌ ആടുകളെ വന്യമൃഗങ്ങൾ കൊന്നുവെങ്കിലും, സ്വന്തം ആവശ്യത്തിനും കുറച്ച്‌ ആടുകളെ അവർ വളർത്തുന്നുണ്ട്‌. ഏത്‌ സാഹചര്യത്തിലും ആടുവളർത്തൽ അവസാനിപ്പിക്കാൻ അവർ തയ്യാറല്ല.

ഖാരിഫ്‌ സീസണിൽ ബുദ്ധുറാം അഞ്ചേക്കർ നെല്ല്‌ വിളയിച്ചിരുന്നു. ഇതുകൂടാതെ മൂന്ന്‌ വ്യത്യസ്ത പയറുകളും അദ്ദേഹം കൃഷി ചെയ്തു. ചെറുപയർ, ഉഴുന്ന്‌, തുവര എന്നിവയാണത്‌. ഇതുകൂടാതെ നിലക്കടല, മുളക്‌, ചോളം, വാഴ എന്നിവയും അതിൽപ്പെടും. “കനത്ത ശൈത്യം കാരണം കഴിഞ്ഞ വർഷം ചെറുപയർ കൃഷിയിൽനിന്ന്‌ ഒരു വിത്തുപോലും എനിക്ക്‌ കിട്ടിയില്ല. പക്ഷേ മറ്റ്‌ ധാന്യങ്ങൾ ആ കുറവ്‌ പരിഹരിച്ചു,” അദ്ദേഹം പറഞ്ഞു.

“ഞങ്ങളുടെ ആവശ്യത്തിനായി ഏകദേശം രണ്ട്‌ ടൺ നെല്ലും ആവശ്യത്തിന് ധാന്യങ്ങളും പയർവർഗങ്ങളും എണ്ണക്കുരുക്കളും ലഭിച്ചു.” സുലക്ഷ്‌മി പറഞ്ഞു. കൃഷിക്കായി രാസവളങ്ങളോ കീടനാശിനികളോ ഉപയോഗിക്കുന്നില്ലെന്ന് ദമ്പതികൾ പറയുന്നു; ചാണകവും ഗോമൂത്രവും മറ്റ്‌ വിള അവശിഷ്ടങ്ങളും ധാരാളമാണ്‌. “പ്രശ്‌നങ്ങളോ ഭക്ഷണത്തിന് ക്ഷാമമോ ഉണ്ടെന്ന്‌ ഞങ്ങൾ പറഞ്ഞാൽ, അത് ഭൂമിയെ കുറ്റപ്പെടുത്തുന്നതിന് തുല്യമായിരിക്കും,” ബുദ്ധുറാം പറഞ്ഞു. “നിങ്ങൾ ഭൂമിദേവിയുടെ ഭാഗമായില്ലെങ്കിൽ എങ്ങനെ അവർ നിങ്ങൾക്ക്‌ ഭക്ഷണം നൽകും?” സുലക്ഷ്മി കൂട്ടിച്ചേർത്തു.

പറിച്ചുനടൽ, കള പറിക്കൽ, വിളവെടുപ്പ് എന്നിങ്ങനെ തിരക്കേറിയ സീസണുകളിൽ കുടുംബാംഗങ്ങൾ മുഴുവൻ അതിന്റെ ഭാഗമാകും. മറ്റുള്ളവരുടെ ഭൂമിയിലും ഇടയ്ക്ക് അവർ ജോലി ചെയ്യാറുണ്ട്. കൂലി നെല്ലായിട്ടാണ്‌ ലഭിക്കുക.

PHOTO • Ajit Panda

2020-ൽ ആനകൾ നശിപ്പിച്ച നെൽ‌പ്പാടങ്ങൾ. പിറ്റേവർഷം, 2021-ൽ കൃഷിയൊന്നും ചെയ്യാതെനെല്ല് വിളഞ്ഞു. ആനകളുടെ ചവിട്ടേറ്റ് വിത്തുകൾ നിലത്തുവീണത്‌ ഞാൻ കണ്ടിരുന്നു. അവ മുളയ്ക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നു’, ബുധറാം പറഞ്ഞു

ആനകൾ മുഴുവൻ വിളകൾ നശിപ്പിച്ച 2020-നുശേഷം- 2021-ൽ താൻ ആ ഭൂമിയിൽ കൃഷി ചെയ്തില്ലെന്ന് ബുദ്ധുറാം പറയുന്നു. ആ തീരുമാനം എന്തായാലും നന്നായി. ‘ആനകളുടെ ചവിട്ടേറ്റ് വിത്തുകൾ നിലത്തുവീണത്‌ ഞാൻ കണ്ടിരുന്നു. അവ മുളയ്ക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നു’, ”അദ്ദേഹം പറഞ്ഞു. “മൺസൂണിലെ ആദ്യത്തെ മഴയിൽ ആ വിത്തുകൾ മുളച്ചു, ഞാൻ അവയെ പരിപാലിച്ചു. യാതൊരു നിക്ഷേപവുമില്ലാതെ എനിക്ക് 20 ചാക്ക് (ഒരു ടൺ) നെല്ല് ലഭിച്ചു.

“ഞങ്ങളുടെ ജീവിതം പ്രകൃതിയുമായി വേർതിരിക്കാനാവാത്തതാണെന്ന് സർക്കാർ മനസ്സിലാക്കുന്നില്ല. ഈ മണ്ണ്, ജലം, മരങ്ങൾ, മൃഗങ്ങൾ, പക്ഷികൾ, പ്രാണികൾ - അവ പരസ്പരം നിലനിൽക്കാൻ സഹായിക്കുന്നവയാണ്‌.”- ആ ആദിവാസി കർഷകൻ പറയുന്നു.

*****

ആനകളുടെ സഞ്ചാരം ഈ ഭാഗത്ത് മറ്റൊരു പ്രശ്‌നത്തിനും കാരണമാകുന്നുണ്ട്. കമ്പികൾക്കിടയിൽ വലിയ വിടവുള്ളപ്പോൾ ആനകൾ അത്‌ നശിപ്പിക്കും. അവ നന്നാക്കുന്നതുവരെ ജില്ലയിലെ കോംന, ബോഡൻ ബ്ലോക്കുകളിലെ ഗ്രാമങ്ങളിലുള്ളവർക്ക്‌ വൈദ്യുതിയില്ലാതെ ജീവിക്കേണ്ടിവരും.

2021-ൽ ഒഡീഷയിലെ ഗന്ധമർദൻ ഫോറസ്റ്റ് റേഞ്ചിൽനിന്ന് സീതാനദി വന്യജീവിസങ്കേതംവഴി 30 ആനകൾ അയൽസംസ്ഥാനമായ ഛത്തീസ്ഗഢിലേക്ക് കടന്നിരുന്നു. വനം വകുപ്പ് മാപ്പ് ചെയ്തപ്രകാരം, ബൊലാൻഗീർ ജില്ലയിലൂടെ നുവാപാഡ ജില്ലയിലെ ഖോലി ഗ്രാമത്തിലേക്ക്. എത്തുന്നതായിരുന്നു, വടക്ക് കിഴക്കോട്ട് യാത്രപോകുന്ന അവരുടെ റൂട്ട്. ഈ ആനക്കൂട്ടത്തിലെ രണ്ടുപേർ 2022 ഡിസംബറിൽ ഇതേ പാതയിൽ തിരിച്ചെത്തിയെന്നത് മറ്റൊരു കാര്യം.

സുനാബേഡ പഞ്ചായത്തിലെ 30 ഗ്രാമങ്ങളിലും കയറുന്നതിനുപകരം  എല്ലാ വർഷവും അവ യാത്രയിൽ നേരിട്ട് സുനബേഡ വന്യജീവിസങ്കേതത്തിൽ പ്രവേശിച്ച് അതേവഴിതന്നെ തിരികെപ്പോവും.

എല്ലാവരും ആശ്വാസത്തിന്റെ നെടുവീർപ്പിട്ടു.

പരിഭാഷ: അശ്വതി ടി കുറുപ്പ്‌

Ajit Panda

Ajit Panda is based in Khariar town, Odisha. He is the Nuapada district correspondent of the Bhubaneswar edition of 'The Pioneer’. He writes for various publications on sustainable agriculture, land and forest rights of Adivasis, folk songs and festivals.

यांचे इतर लिखाण Ajit Panda
Editor : Sarbajaya Bhattacharya

Sarbajaya Bhattacharya is a Senior Assistant Editor at PARI. She is an experienced Bangla translator. Based in Kolkata, she is interested in the history of the city and travel literature.

यांचे इतर लिखाण Sarbajaya Bhattacharya
Editor : Priti David

प्रीती डेव्हिड पारीची वार्ताहर व शिक्षण विभागाची संपादक आहे. ग्रामीण भागांचे प्रश्न शाळा आणि महाविद्यालयांच्या वर्गांमध्ये आणि अभ्यासक्रमांमध्ये यावेत यासाठी ती काम करते.

यांचे इतर लिखाण Priti David
Translator : Aswathy T Kurup

Aswathy T Kurup is from Pathanamthitta district in Kerala. She began her career as a journalist in 2018 and currently works with the Malayalam daily Deshabhimani. Health, environment, gender and minority issues are some of her areas of interest. She is passionate about rural journalism.

यांचे इतर लिखाण Aswathy T Kurup