കുട്ടിയായിരുന്ന കാലംമുതല്‍ അവള്‍ നീണ്ട വരികളില്‍ കാത്തുനിന്നിരുന്നു – വെള്ളം ശേഖരിക്കുന്ന ടാപ്പുകള്‍ക്കു മുന്നില്‍, വിദ്യാലയത്തില്‍, ക്ഷേത്രങ്ങളില്‍, റേഷന്‍ കടകളില്‍, ബസ് സ്റ്റോപ്പുകളില്‍, സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് പുറത്ത് അങ്ങനെ പലയിടങ്ങളില്‍. പ്രഥമ പരിഗണന ലഭിക്കുന്ന വരിയില്‍നിന്നും കുറച്ചുമാറി പ്രത്യേക വരിയില്‍ നില്‍ക്കാന്‍ പലപ്പോഴും അവള്‍ നിര്‍ബന്ധിക്കപ്പെട്ടു. അവസാനം, തന്‍റെ ഊഴം എത്തുമ്പോള്‍ അവള്‍ പലപ്പോഴും നിരാശപ്പെടുമായിരുന്നു. പക്ഷെ, ഇന്ന് ശ്മശാനത്തിന് പുറത്ത് കാത്തുനില്‍ക്കുന്നത് സഹിക്കാന്‍ അവള്‍ക്കൊട്ടും കഴിഞ്ഞില്ല. അയാളുടെ ശരീരം അയല്‍വാസിയായ നിസാംഭായിയുടെ ഓട്ടോയില്‍ ഉപേക്ഷിച്ച് വീട്ടിലേക്കോടണമെന്ന് അവള്‍ക്കുണ്ടായിരുന്നു.
കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് ഭിഖു പ്രായമുള്ള തന്‍റെ അമ്മയുടെ ശരീരവുമായി ഇവിടെ ആയിരുന്നപ്പോള്‍ വരിയില്‍ എത്രയധികം സമയം നിന്നിരിക്കാം എന്ന് അവള്‍ ആശ്ചര്യപ്പെട്ടു. പക്ഷെ അമ്മയുടെ മരണം മാത്രമല്ല അയാളെ ഉലച്ചത്. തന്‍റെയാളുകള്‍ പണവും ഭക്ഷണവും ജോലിയുമില്ലാതെ ബുദ്ധിമുട്ടുന്നതിനും, കിട്ടാനുള്ള വേതനം ലഭിക്കുന്നതിനായി ഉടമയോട് മാസങ്ങളോളം സമരം ചെയ്യുന്നതിനും, മതിയായ കൂലി ലഭിക്കുന്ന ജോലി കണ്ടെത്താന്‍ ബുദ്ധിമുട്ടുന്നതിനും, അസുഖം അവരെ വിഴുങ്ങുന്നതിന് വളരെ മുമ്പുതന്നെ കടങ്ങളാല്‍ അവര്‍ തകന്നടിയുന്നതിനും സാക്ഷ്യം വഹിച്ച അയാളുടെ ആത്മാവ് നേരത്തെതന്നെ തകരുന്നത് അവള്‍ കണ്ടിരുന്നു. ഈ നിര്‍ദ്ദയമായ അസുഖം അവര്‍ക്കൊരു അനുഗ്രഹമായിരുന്നു എന്നാണ് അവള്‍ ചിന്തിച്ചിരുന്നത്. ഇതുവരെ...
ആ പ്രത്യേക കുത്തിവയ്‌പ് അയാളെ രക്ഷിക്കുമായിരുന്നോ? വേണ്ട ക്രമീകരണങ്ങള്‍ ചെയ്തിരുന്നെങ്കില്‍ കോളനിക്കടുത്തുള്ള സ്വകാര്യ ക്ലിനിക്കില്‍ നിന്നുള്ള ഡോക്ടര്‍ അയാള്‍ക്ക് അതു നല്‍കാന്‍ തയ്യാറായിരുന്നു. അതിനുവേണ്ടി കുറച്ചുകൂടി ശ്രമിക്കാമായിരുന്നു എന്ന് അവള്‍ക്കു തോന്നി. പക്ഷെ വരികള്‍ വളരെ നീളമുള്ളതും അവസാനം ഭാഗ്യവുമില്ലെങ്കില്‍ എന്തുചെയ്യാന്‍? ആശുപത്രിയില്‍ കിറ്റുകള്‍ തീര്‍ന്നിരുന്നു. അടുത്ത ദിവസം ശ്രമിക്കാന്‍ അവര്‍ പറഞ്ഞിരുന്നു. ഉറപ്പായും അവള്‍ക്കതു കഴിയുമായിരുന്നോ? “എനിക്കറിയാം ചില സ്ഥലങ്ങളില്‍ ഇത് 50,000 രൂപയ്ക്ക് വാങ്ങാന്‍ കഴിയുമെന്ന്”, നിസാം ഭായ് ഒരു നെടുവീര്‍പ്പോടെ പറഞ്ഞിരുന്നു. ആ തുകയുടെ ഒരു ഭാഗമെങ്കിലും എവിടുന്നെങ്കിലും അവള്‍ക്കു സമാഹരിക്കാന്‍ പറ്റുമായിരുന്നോ? ജോലിക്കു പോകാന്‍ പറ്റാഞ്ഞ ദിവസങ്ങളില്‍ മേംസാഹേബുമാര്‍ അവള്‍ക്കു കൂലി നല്‍കിയിട്ടില്ല, പിന്നെയല്ലേ മുന്‍കൂര്‍ പണം നല്‍കുന്നത്.
പാതിരാത്രിയില്‍ നിസാം ഭായിയുടെ ഓട്ടോയിലേക്ക് എത്തിക്കുമ്പോള്‍ അയാളുടെ ശരീരത്ത് കടുത്ത ചൂടായിരുന്നു. അയാള്‍ക്ക് ശ്വസിക്കാനും ബുദ്ധിമുട്ടുകയായിരുന്നു. അവള്‍ 108-ലേക്ക് വിളിച്ചപ്പോള്‍ അവര്‍ എത്താന്‍ 2-3 മണിക്കൂറുകള്‍ എടുക്കുമെന്നും എന്തായാലും ഒരിടത്തും കിടക്ക കാണില്ലെന്നും പറഞ്ഞു. സര്‍ക്കാര്‍ ആശുപത്രിക്ക് പുറത്തുള്ള വരി വളരെ നീണ്ടതായിരുന്നു. സ്വകാര്യ ഓട്ടോയില്‍ വന്നതിനാല്‍ വീണ്ടും കൂടുതല്‍ കാത്തിരിക്കേണ്ടി വരുമെന്നും അവളോട് പറഞ്ഞു. അപ്പോള്‍ അയാള്‍ കണ്ണുകള്‍ കഷ്ടിച്ചേ തുറക്കുമായിരുന്നുള്ളൂ. അവസാനം തന്‍റെ ഊഴമെത്താന്‍ രണ്ടു രോഗികള്‍ മാത്രം അവശേഷിക്കെ, പാതിവെളുപ്പിന് അയാള്‍ യാത്ര പറഞ്ഞു. മൂവരും ഉറങ്ങുകയോ ഭക്ഷണം കഴിക്കുകയോ ചെയ്തിട്ടുണ്ടായിരുന്നില്ല. ആ സമയം വരെ അവള്‍ അയാളുടെ കൈകളില്‍ പിടിച്ച്, പുറവും നെഞ്ചും തിരുമ്മി, കുറച്ചു വീതം വെള്ളം കുടിക്കാന്‍ നിര്‍ബ്ബന്ധിച്ച്, അനന്തമായ കാത്തിരിപ്പ് തുടരുമ്പോഴും കാത്തിരിക്കാന്‍ പറഞ്ഞുകൊണ്ട് അയാളെ ശുശ്രൂഷിക്കുകയായിരുന്നു.
ശ്മശാനത്തിനു മുന്‍പില്‍ മറ്റൊരു വരികൂടി...
മോക്ഷം
കടം വാങ്ങിയ ഈ
ശ്വാസമെടുത്ത്
നിന്‍റെ
ജീവിതത്തോടുള്ള ആർത്തിയിൽ
നിമജ്ജനം ചെയ്യുക.
നിന്‍റെ അടഞ്ഞ കണ്ണുകൾക്ക് പിന്നിലെ
ഇരുണ്ട താഴ്‌വരയിൽ
സ്വയം നഷ്ടപ്പെടുക.
വെളിച്ചത്തിനായി നിർബന്ധമരുത്!
ജീവിതാഭിലാഷങ്ങളിനിയും
നിന്‍റെ കുരലിൽ തേങ്ങൽ പോലെ
കുടുങ്ങിക്കിടക്കട്ടെ.
രാത്രിയിലെ
കാറ്റിനൊപ്പം,
അനുസ്യൂതം
അലറിപ്പായുന്ന
ആംബുലൻസുകൾക്കൊപ്പം,
നീ പോകുക.
ചുറ്റുമുള്ള
വിശുദ്ധമന്ത്രനിലവിളികളില്‍
അലിഞ്ഞില്ലാതാവുക.
തെരുവിൽ തിരിയുന്ന
വിരസവും ദുരിതപൂർണ്ണവുമായ
ഭാരിച്ച
ഏകാന്തതകൊണ്ട്
നിന്‍റെ കാതുകൾ മുറുക്കി അടയ്ക്കുക.
തുളസിച്ചെടി
കരിഞ്ഞിരിക്കുന്നു!
പകരം നീ നിന്‍റെ പ്രിയപ്പെട്ട
നാരായണിയെന്ന പേര്
നാവിൻ തുമ്പിൽ വയ്ക്കുക,
ഓർമ്മയുടെ തിളങ്ങുന്ന
ഗംഗാജലം ചേർത്ത് വിഴുങ്ങുക.
കണ്ണീരു കൊണ്ട് നിന്‍റെ
ശരീരം കഴുകുക,
സ്വപ്നങ്ങളുടെ ചന്ദന മുട്ടി നിരത്തി,
കൈത്തണ്ടകൾ നെഞ്ചോട് ചേർത്ത്,
വെളുത്ത ദൈന്യത്താൽ
വിപുലമായ് നിന്നെ മൂടുക.
നീയുറങ്ങുമ്പോൾ
നിന്‍റെ മിഴിയിൽ സ്നേഹത്തിന്‍റെ
നേർത്ത സ്ഫുരണങ്ങളുണ്ടാകട്ടെ.
നിന്‍റെ പൊള്ളിക്കുന്ന അന്ത്യശ്വാസം
പൊള്ളയായ ശരീരത്തിലെ
പ്രാണനെ എരിയിക്കട്ടെ.
ഒരു വൈക്കോൽക്കൂന പോലെ
എല്ലാം തകർന്നടിഞ്ഞിരിക്കുന്നു,
ഒരു തീക്കൊള്ളിക്കായി കാത്തിരിക്കുന്നു.
വരൂ,
ഈ രാവിൽ നിന്‍റെ
ചിതയ്ക്ക് തീ കൊളുത്താം,
പിറുപിറുക്കുന്ന തീനാളങ്ങൾ
നിന്നെ വിഴുങ്ങട്ടെ.
ഓഡിയോ : ജനനാട്യ മഞ്ചിൽ അഭിനേതാവും സംവിധായകനുമായ സുധൻവ ദേശ്‌പാണ്ഡെ ലെഫ്റ്റ് വേഡ് ബുക്‌സില്‍ എഡിറ്ററായും പ്രവർത്തിക്കുന്നു .
പരിഭാഷ (കവിത): അഖിലേഷ് ഉദയഭാനു
പരിഭാഷ (വിവരണം): റെന്നിമോന്‍ കെ. സി.