നാലാമത്തെ ദിവസമാണ് ഞാനെത്തിയത്. എത്തിയപ്പോൾ സമയം ഉച്ചയായിരുന്നു

ചെന്നൈയിൽനിന്ന് വയനാട്ടിലേക്കുള്ള യാത്രയിൽ, സന്നദ്ധപ്രവർത്തകർ തിങ്ങിനിറഞ്ഞ സ്ഥലങ്ങളിലൂടെ ഞാൻ കടന്നുപോയി. ബസ്സുകളൊന്നുമുണ്ടായിരുന്നില്ല. അപരിചിതരുടെ വാഹനങ്ങളായിരുന്നു ആശ്രയം.

ആംബുലൻസുകൾ വരുകയും പോവുകയും ചെയ്തിരുന്ന ആ സ്ഥലം ഒരു യുദ്ധഭൂമിയെയാണ് അനുസ്മരിപ്പിച്ചു. പടുകൂറ്റൻ യന്ത്രങ്ങളുപയോഗിച്ച് ആളുകൾ ശവശരീരങ്ങൾക്കുവേണ്ടി തിരഞ്ഞുകൊണ്ടിരുന്നു. ചൂരൽമല, അട്ടമല, മുണ്ടക്കൈ പട്ടണം എന്നിവയെല്ലാം തകർന്നടിഞ്ഞിരുന്നു. വാസയോഗ്യമായ ഒരു സ്ഥലംപോലും ബാക്കിയുണ്ടായിരുന്നില്ല. ആളുകളുടെ ജീവിതവും ചിതറിപ്പോയി. പ്രിയപ്പെട്ടവരുടെ ശരീരം‌പോലും തിരിച്ചറിയാൻ അവർക്ക് കഴിഞ്ഞില്ല.

നദീതീരത്ത് മുഴുവൻ കെട്ടിടാവശിഷ്ടങ്ങളും മൃതദേഹങ്ങളും കുന്നുകൂടിക്കിടന്നു. മണ്ണിൽ പൂണ്ടുപോകാതിരിക്കാൻ രക്ഷാപ്രവർത്തകരും, ശവശരീരങ്ങൾ അന്വേഷിക്കുന്ന കുടുംബങ്ങളും വടിയും കുത്തിയാണ് നടന്നിരുന്നത്. എന്റെ കാലുകൾ ചെളിയിൽ പുതഞ്ഞു. ശവശരീരങ്ങൾ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. ശരീരഭാഗങ്ങൾ മാത്രമാണ് ചുറ്റിലും കിടന്നിരുന്നത്. പ്രകൃതിയുമായി എനിക്ക് അഗാധമായ ബന്ധമുണ്ടായിരുന്നുവെങ്കിലും ഈ അനുഭവം എന്നെ ഭയപ്പെടുത്തി.

ഭാഷ അറിയാതിരുന്നതിനാൽ, ഈ തകർച്ചയ്ക്ക് ദൃക്‌സാക്ഷിയാകാനേ എനിക്ക് കഴിഞ്ഞുള്ളു. അവരെ തടസ്സപ്പെടുത്താതിരിക്കാൻ ഞാൻ ഒതുങ്ങി മാറിനിന്നു. ഇവിടെ വേഗം വരണമെന്ന് കരുതിയിരുന്നെങ്കിലും അസുഖം മൂലമാണ് അത് സാധ്യമാകാതിരുന്നത്.

ഒഴുകുന്ന വെള്ളത്തിന്റെ പാതയ്ക്ക് സമാന്തരമായി ഞാൻ മൂന്ന് കിലോമീറ്ററുകൾ നടന്നു. വീടുകൾ മണ്ണിനടിയിൽ പുതഞ്ഞിരുന്നു. ചിലതെല്ലാം പൂർണ്ണമായി അപ്രത്യക്ഷമാവുകയും ചെയ്തിരുന്നു. എല്ലായിടത്തും സന്നദ്ധപ്രവർത്തകർ മൃതദേഹങ്ങൾ അന്വേഷിക്കുന്നത് കണ്ടു. സൈന്യവും തിരച്ചിൽ നടത്തുന്നുണ്ടായിരുന്നു. ഞാൻ രണ്ട് ദിവസംകൂടി അവിടെ തങ്ങി. ആ സമയത്ത് ശവശരീരങ്ങളൊന്നും കണ്ടെത്തിയിരുന്നില്ല. എന്നിട്ടും തിരച്ചിൽ അക്ഷീണം തുടരുന്നുണ്ടായിരുന്നു. തോറ്റ് പിന്തിരിയാതെ, എല്ലാവരും ഭക്ഷണവും ചായയും പങ്കിട്ട്, ഒറ്റക്കെട്ടായി ജോലി ചെയ്തു. ആ ഒത്തൊരുമ എന്നെ അത്ഭുതപ്പെടുത്തി.

PHOTO • M. Palani Kumar

ചൂരൽമല, അട്ടമല ഗ്രാമങ്ങൾ പൂർണ്ണമായും ഒലിച്ചുപോയി. സന്നദ്ധപ്രവർത്തകർ എക്സ്കവേറ്ററുകളും, മറ്റ് ചിലർ സ്വന്തം യന്ത്രങ്ങളും ഉപയോഗിച്ചു

നാട്ടുകാരോട് അന്വേഷിച്ചപ്പോൾ, 2019 ഓഗസ്റ്റ് 8-ന് പുത്തുമലയിൽ സമാനമായ സംഭവമുണ്ടായതായി അവർ സൂചിപ്പിച്ചു. അന്ന് 40 പേർ മരിച്ചുപോയി. 2021-ൽ വീണ്ടുമുണ്ടായി. അതിൽ 17 പേരും. ഇത് മൂന്നാമത്തെ തവണയാണ്. 430 ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടതായും, 150 പേരെ കാണാതായതായും കണക്കാക്കുന്നു.

അവസാന ദിവസം ഞാൻ തിരിച്ചുപോകുമ്പോൾ, പുത്തുമലയ്ക്ക് സമീപം എട്ട് മൃതദേഹങ്ങൾ മറവ് ചെയ്തതായി അറിഞ്ഞു. എല്ലാ മതത്തിലും‌പെട്ട സന്നദ്ധപ്രവർത്തകർ (ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ തുടങ്ങിയവ) സന്നിഹിതരാവുകയും കർമ്മങ്ങളിൽ പങ്കെടുക്കുകയും ചെയ്തു. ആ എട്ട് മൃതദേഹങ്ങൾ ആരുടേതാണെന്ന് ആർക്കും അറിയില്ലായിരുന്നു. എന്നിട്ടും എല്ലാവരും അവർക്കുവേണ്ടി പ്രാർത്ഥിച്ചു.

കരച്ചിലിന്റെ ശബ്ദമൊന്നും കേട്ടില്ല. മഴ പെയ്തുകൊണ്ടിരുന്നു.

എന്തുകൊണ്ടാണ് ഇവിടെ ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കുന്നത്? പ്രദേശത്ത് മുഴുവൻ മണ്ണും പാറയും ഇടകലർന്ന് കിടക്കുന്നതുപോലെ തോന്നി. ഈ അസ്ഥിരതയ്ക്ക് കാരണവും അതായിരിക്കാം. ചിത്രങ്ങളെടുക്കുമ്പോൾ ഇതല്ലാതെ മറ്റൊന്നും എനിക്ക് കാണാൻ കഴിഞ്ഞില്ല. പാറകളോ മലകളോ ഒന്നുമല്ല. ഈ മിശ്രിതം മാത്രം.

ഇടതടവില്ലാത്ത മഴ ഈ പ്രദേശത്ത് അത്ര സാധാരണമല്ല. രാവിലെ ഒരുമണിമുതൽ അഞ്ചുമണിവരെ മഴ പെയ്തതോടെ, ആ ഉറപ്പില്ലാത്ത ഭൂമി ഇടിഞ്ഞുതാണു. രാത്രി മൂന്ന് മണ്ണിടിച്ചിലുകളുണ്ടായി. ഞാൻ കണ്ട കെട്ടിടവും സ്കൂളുകളും അതിന്റെ തെളിവായിരുന്നു. എല്ലാവരും, അവിടെ കുടുങ്ങിക്കിടക്കുന്നതായി, സന്നദ്ധപ്രവർത്തകരോട് സംസാരിച്ചപ്പോൾ എനിക്ക് മനസ്സിലായി. തിരച്ചിൽ നടത്തുന്നവരടക്കം എന്തുചെയ്യണമെന്നറിയാതെ കുഴങ്ങിപ്പോയി. അവിടെ ജീവിക്കുന്നവരാകട്ടെ, അവർക്കൊരിക്കലും പഴയ ജീവിതത്തിലേക്ക് മടങ്ങാനാവില്ല.

PHOTO • M. Palani Kumar

ധാരാളം ചായത്തോട്ടങ്ങളുള്ള പ്രദേശത്താണ് ദുരന്തം സംഭവിച്ചത്. ചായത്തോട്ടത്തിലെ തൊഴിലാളികളുടെ വീടുകൾ

PHOTO • M. Palani Kumar

മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിൽ പെയ്ത മഴയിൽ ഒലിച്ചുവന്ന മണ്ണുകൊണ്ട് ഊതനിറമായ പുഴ കുത്തിയൊഴുകുന്നു

PHOTO • M. Palani Kumar

മണ്ണും പാറകളും ഇടകലർന്നുകിടക്കുന്ന സ്ഥലം, ശക്തമായ മഴയിൽ കുതിർന്ന് അസ്ഥിരമായത് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടി

PHOTO • M. Palani Kumar

ശക്തിയായ മഴയും ഒഴുക്കും മണ്ണൊലിപ്പിന് കാരണമാവുകയും ഈ ചായത്തോട്ടത്തെ പൂർണ്ണമായി തകർക്കുകയും ചെയ്തു; തോട്ടത്തിന്റെ അവശിഷ്ടങ്ങളിൽ, സന്നദ്ധപ്രവർത്തകർ, ശവശരീരങ്ങൾ തിരയുന്നു

PHOTO • M. Palani Kumar

അപകടത്തിൽനിന്ന് രക്ഷപ്പെട്ട നിരവധി കുട്ടികൾ മാനസികമായ ആഘാതത്തിലാണ്

PHOTO • M. Palani Kumar

പാറകളും മണ്ണും നിരവധി വീടുകളെ കുഴിച്ചുമൂടി

PHOTO • M. Palani Kumar

വയനാട്ടിലെ ചായത്തോട്ടത്തൊഴിലാളികളുടെ വീടുകൾക്ക് സാരമായ പരിക്കുപറ്റി

PHOTO • M. Palani Kumar

പ്രളയത്തിൽ ഒഴുകിവന്ന വലിയ പാറകൾ ഈ ഇരുനില വീടിനെ പൂർണ്ണമായും തകർത്തു

PHOTO • M. Palani Kumar

നിരവധി വാ‍ഹങ്ങൾ കേടുവന്ന് ഉപയോഗശൂന്യമായി

PHOTO • M. Palani Kumar

അല്പസമയം വിശ്രമിക്കുന്ന സന്നദ്ധപ്രവർത്തകർ

PHOTO • M. Palani Kumar

വീടുകൾ തകർന്നടിഞ്ഞതോടെ, കുടുംബങ്ങൾക്ക് എല്ലാം നഷ്ടമായി. അവരുടെ വസ്തുവകകൾ നനഞ്ഞ മണ്ണിനടിയിലായി

PHOTO • M. Palani Kumar

സന്നദ്ധപ്രവർത്തകരോടൊപ്പം, തിരച്ചിലിൽ, സൈന്യവും പങ്കുചേർന്നു

PHOTO • M. Palani Kumar

മുസ്ലിം പള്ളിയുടെ സമീപത്തുള്ള തിരച്ചിൽ പ്രവർത്തനം

PHOTO • M. Palani Kumar
PHOTO • M. Palani Kumar

ആളുകളെ കണ്ടെത്താനായി മണ്ണ് മാറ്റുന്ന യന്ത്രങ്ങൾ (ഇടത്ത്‌). പുഴയുടെ തീരത്ത്, ശവശരീരങ്ങൾ തിരയുന്ന ഒരു സന്നദ്ധപ്രവർത്തകൻ (വലത്ത്)

PHOTO • M. Palani Kumar

രക്ഷാപ്രവർത്തനത്തിൽ നിർണ്ണായക പങ്ക് വഹിക്കുന്നുണ്ട് സന്നദ്ധപ്രവർത്തകർ

PHOTO • M. Palani Kumar

സ്കൂൾ പൂർണ്ണമായും തകർന്നു

PHOTO • M. Palani Kumar

നനഞ്ഞ മണ്ണിൽ പൂണ്ടുപോവാതിരിക്കാൻ സന്നദ്ധപ്രവർത്തകർ വടി കുത്തി നടക്കുന്നു

PHOTO • M. Palani Kumar

മണ്ണ് കുഴിക്കാനും മാറ്റാനും എക്സ്കവേറ്റർ ഉപയോഗിക്കുന്നു

PHOTO • M. Palani Kumar

സന്നദ്ധപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന നാട്ടുകാരും മറ്റുള്ളവരും ഭക്ഷണത്തിനായി ഇടവേളയെടുക്കുന്നു

PHOTO • M. Palani Kumar

ഏറ്റവുമധികം ദുരിതം അനുഭവിച്ച പുത്തുമലയിൽ 2019-ലും 2021-ലും സമാനമായ ദുരന്തങ്ങൾ സംഭവിച്ചിട്ടുണ്ട്

PHOTO • M. Palani Kumar

രാത്രി മുഴുവൻ നടന്ന സന്നദ്ധപ്രവർത്തകർ, ശവശരീരങ്ങൾ വരാൻ കാത്തുനിൽക്കുന്നു

PHOTO • M. Palani Kumar

ആംബുലൻസിൽനിന്ന് ശരീരങ്ങൾ ശേഖരിക്കാൻ, എമർജൻസി കിറ്റുമായി തയ്യാറെടുക്കുന്ന സന്നദ്ധപ്രവർത്തകർ

PHOTO • M. Palani Kumar

മരിച്ചുപോയവർക്കുവേണ്ടി പ്രാർത്ഥിക്കാൻ, മൃതദേഹങ്ങൾ കൊണ്ടുവന്ന ഒരു പ്രാർത്ഥനാമുറിയിൽ ഒത്തുകൂടിയ, വിവിധ മതങ്ങളിൽ‌പ്പെട്ടവർ

PHOTO • M. Palani Kumar

മരിച്ചുപോയവരുടെ ദേഹങ്ങൾ വെള്ളത്തുണിയിൽ പൊതിഞ്ഞ് കൊണ്ടുപോകുന്നു

PHOTO • M. Palani Kumar

പല മൃതദേഹങ്ങളും തിരിച്ചറിഞ്ഞിട്ടില്ല

PHOTO • M. Palani Kumar

പ്രാർത്ഥനയെത്തുടർന്ന് മൃതദേഹങ്ങൾ മറവ് ചെയ്യുന്നു

PHOTO • M. Palani Kumar

രാത്രിയിലുടനീളം പ്രവർത്തിക്കുന്ന സന്നദ്ധപ്രവർത്തകർ

പരിഭാഷ: രാജീവ് ചേലനാട്ട്

M. Palani Kumar

M. Palani Kumar is Staff Photographer at People's Archive of Rural India. He is interested in documenting the lives of working-class women and marginalised people. Palani has received the Amplify grant in 2021, and Samyak Drishti and Photo South Asia Grant in 2020. He received the first Dayanita Singh-PARI Documentary Photography Award in 2022. Palani was also the cinematographer of ‘Kakoos' (Toilet), a Tamil-language documentary exposing the practice of manual scavenging in Tamil Nadu.

Other stories by M. Palani Kumar
Editor : PARI Desk

PARI Desk is the nerve centre of our editorial work. The team works with reporters, researchers, photographers, filmmakers and translators located across the country. The Desk supports and manages the production and publication of text, video, audio and research reports published by PARI.

Other stories by PARI Desk
Translator : Rajeeve Chelanat

Rajeeve Chelanat is based out of Palakkad, Kerala. After spending 25 years of professional life in the Gulf and Iraq, he returned home to work as a proof reader in the daily, Mathrubhumi. Presently, he is working as a Malayalam translator.

Other stories by Rajeeve Chelanat