ഹരിയാന റോഡ്‌വേയ്സ് എന്ന പൊതുമേഖലാ സ്ഥാപനത്തിൽനിന്ന് ക്ലാർക്കായി വിരമിച്ചതിൽപ്പിന്നെ ഭഗത് റാം യാദവിന് ആയാസരഹിതമായ വിശ്രമജീവിതം നയിക്കാമായിരുന്നു. “എന്നാൽ എന്റെയുള്ളിൽ ഒരു അഭിലാഷം തോന്നി,” മാതൃകാ തൊഴിലാളിയായി പുരസ്കൃതനായ ആ 73 വയസ്സുകാരൻ പറയുന്നു.
തന്റെ കുട്ടിക്കാലത്ത്, അച്ഛൻ ഗുഗൻ റാം യാദവ് തന്നെ പഠിപ്പിച്ച കൈവേല ചെയ്യണമെന്നായിരുന്നു ഉള്ളിലെ ആ അഭിലാഷം. ചർപായി കളും (കയറ്റുകട്ടിലുകൾ) പിഡ്ഡ കളും (കയറുകൊണ്ട് മെടഞ്ഞ സ്റ്റൂളുകൾ) നിർമ്മിക്കുന്ന കല.
തങ്ങളുടെ വീട്ടിലേക്കുവേണ്ടി അച്ഛൻ ചർപായി കൾ സമർത്ഥമായി നിർമ്മിക്കുന്നത് തന്റെ മൂന്ന് സഹോദരന്മാരുടെ കൂടെയിരുന്ന് ഭഗത് ശ്രദ്ധിച്ചിട്ടുണ്ടായിരുന്നു അരനൂറ്റാണ്ട് മുമ്പ്, അയാൾക്ക് കേവലം 115 വയസ്സാണ് അന്ന്. അച്ഛന് 125 ഏക്കർ ഭൂമി സ്വന്തമായുണ്ടായിരുന്നു. ഗോതമ്പ് വിളവെടുപ്പിനുശേഷം വരുന്ന വേനൽമാസങ്ങളിൽ അച്ഛനിരുന്ന് ശ്രദ്ധയോടെ ബലമുള്ള കട്ടിലുകളുണ്ടാക്കാറുണ്ടായിരുന്നു. കൈകൊണ്ടുണ്ടാക്കിയ ചണനൂലും ( ക്രൊട്ടാലാരിയ ജുൻസിയ ) പരുത്തിക്കയറും, സാല ( ഷോ രിയ റോബസ്റ്റ ), ശീശ മരങ്ങളുമാണ് (നോർത്ത് ഇന്ത്യൻ വീട്ടി) അദ്ദേഹം ഉപയോഗിച്ചിരുന്നത്. വീട്ടിലെ ബൈഠക് എന്ന് വിളിക്കുന്ന സ്ഥലത്തിരുന്നാണ് ജോലി ചെയ്യുക. മനുഷ്യരും വളർത്തുമൃഗങ്ങളും ദിവസത്തിൽ ഭൂരിഭാഗം സമയവും ഒരുമിച്ച് ചിലവഴിക്കുന്ന തുറസ്സായ മുറിയാണ് ബൈഠക്.
തന്റെ ഉപകരണങ്ങളെക്കുറിച്ച് വളരെ നിഷ്കർഷയുള്ള കരകൌശലവിദഗ്ദ്ധനായിരുന്നു അച്ഛൻ എന്ന് ഭഗത് റാം ഓർക്കുന്നു. “ ചർപായ് ഉണ്ടാക്കുന്ന വിദ്യ പഠിക്കാൻ അച്ഛൻ പ്രോത്സാഹിപ്പിച്ചിരുന്നു. അച്ഛൻ പറയും, വാ, ഇത് പഠിച്ചോളൂ, പിന്നീട് പ്രയോജനമുണ്ടാവും,” ഭഗത് റാം ഓർത്തെടുക്കുന്നു.
എന്നാൽ ആ സഹോദരന്മാർ അത് ശ്രദ്ധിക്കാതെ, അദ്ധ്വാനമുള്ള ഈ പണിയിൽനിന്ന് രക്ഷപ്പെടാനായി ഫുട്ബോളോ, ഹോക്കിയോ കബഡിയോ കളിക്കാൻ പോവും. “അച്ഛൻ ചീത്ത പറയും, ചിലപ്പോൾ തല്ലുകയും ചെയ്യും. എന്നാലും ഞങ്ങൾ കേൾക്കില്ല,” അയാൾ പറയുന്നു. “ജോലി കിട്ടുന്നതിലായിരുന്നു ഞങ്ങൾക്ക് കൂടുതൽ താത്പര്യം. അച്ഛനോടുള്ള പേടി ഒന്നുകൊണ്ടുമാത്രമാണ് ഈ പണി പഠിച്ചത്. എന്തെങ്കിലും സംശയം തോന്നിയാൽ, അച്ഛനോട് ചോദിച്ച് മനസ്സിലാക്കും.”
ഉപജീവനം തേടേണ്ട സമയമായപ്പോൾ, ഭഗത് റാമിന് ആദ്യം രാജസ്ഥാനിലെ ഒരു സ്വകാര്യ ബസ് സർവ്വീസിൽ കണ്ടക്ടറായി ജോലി കിട്ടി. പിന്നീട്, 1982-ൽ ഹരിയാന റോഡ്‌വേയ്സിൽ ക്ലർക്കായിട്ടും. “ഒരിക്കലും തെറ്റുകളിൽ ഏർപ്പെടില്ല’ എന്ന നയമാണ് താൻ പിന്തുടർന്നത് എന്ന് അദ്ദേഹം എടുത്തുപറയുന്നു. ആ സേവനത്തിന് മൂന്ന് പുരസ്കാരങ്ങളും കിട്ടുകയുണ്ടായി. സമ്മാനമായി കിട്ടിയ ഒരു മോതിരം ഇപ്പോഴും അദ്ദേഹം ധരിക്കുന്നുണ്ട്. 2009 ഡിസംബറിൽ, തന്റെ 58-ആം വയസ്സിൽ അദ്ദേഹം ജോലിയിൽനിന്ന് വിരമിച്ചു. കുടുംബത്തിൽനിന്ന് ഭാഗമായി കിട്ടിയ 10 ഏക്കറിൽ പരുത്തിക്കൃഷി ചെയ്യാനാണ് ആദ്യം ശ്രമിച്ചത്. പക്ഷേ, തന്റെ പ്രായത്തിന് അത് പറ്റില്ലെന്ന് മനസ്സിലാക്കി. അങ്ങിനെ 2012-ൽ, കുട്ടിക്കാലത്ത് താൻ സ്വായത്തമാക്കിയ കരകൌശലവിദ്യയിലേക്ക് അദ്ദേഹം മടങ്ങിയെത്തി.
ആഹിർ സമുദായക്കാരനായ (സംസ്ഥാനത്ത് മറ്റ് പിന്നാക്കവർഗ്ഗക്കാരായി പട്ടികയിലുള്ളവർ) ഭഗത് റാം മാത്രമാണ് ഇന്ന് ആ ഗ്രാമത്തിലെ ഒരേയൊരു കയറ്റുകട്ടിൽ നിർമ്മാതാവ്.
*****
ഹരിയാനയിലെ ഹിസാർ ജില്ലയിലുള്ള ധാന ഖുർദ് ഗ്രാമത്തിൽ താമസിക്കുന്ന ഭഗത് റാമിന്റെ ദിവസങ്ങൾ ചിട്ടപ്പടിയിലുള്ളതാണ്. എല്ലാ ദിവസവും രാവിലെ 6 മണിക്ക് ഉണർന്ന് രണ്ട് സഞ്ചികളിലായി ഒന്നിൽ ബജ്രയും മറ്റൊന്നിൽ ചപ്പാത്തിയും നിറയ്ക്കും. പിന്നീട് പാടത്ത് പോയി, ധാന്യങ്ങൾ പ്രാവുകൾക്കും, ചപ്പാത്തികൾ ഉറുമ്പുകൾക്കും നായകൾക്കും പൂച്ചകൾക്കും തിന്നാൻ കൊടുക്കും.
“അതിനുശേഷം ഹുക്ക തയ്യാറാക്കി 9 മണിയോടെ ജോലിക്കിരിക്കും,” ഭഗത് പറയുന്നു. സാധനങ്ങൾക്ക് അത്യാവശ്യക്കാരില്ലെങ്കിൽ, ഉച്ചവരെ ജോലി ചെയ്യും. “പിന്നെ വീണ്ടും ഒരു മണിക്കൂർകൂടി ജോലി ചെയ്യും, വൈകീട്ട് 5 മണിവരെ.” സ്വയമുണ്ടാക്കിയ കയറ്റുകട്ടിലിൽ, തൊട്ടടുത്ത് ഹുക്ക വെച്ച്, ഇടയ്ക്കൊന്ന് വിശ്രാന്തിയോടെ ഓരോ പുകയുമെടുത്ത് അദ്ദേഹം ഇരിക്കുമ്പോൾ, ജനലിലൂടെ വെളിച്ചം അരിച്ചിറങ്ങുന്നുണ്ടായിരുന്നു.
തണുപ്പും ഇളംകാറ്റുമുള്ള ഒരു ജൂലായ് പ്രഭാതത്തിൽ പാരി അദ്ദേഹത്തെ കാണുമ്പോൾ, മടിയിൽവെച്ച ഒരു സ്റ്റൂൾ ശ്രദ്ധയോടെ നെയ്യുകയായിരുന്നു അദ്ദേഹം. ‘ഇത് ഒരുദിവസംകൊണ്ട് തീർക്കാൻ പറ്റും എനിക്ക്,” ആത്മവിശ്വാസത്തോടെ അദ്ദേഹം പറയുന്നു. ഈട്ടിമരത്തിന്റെ ചട്ടക്കൂടിനുചുറ്റും, പരിശീലനം ലഭിച്ച കൃത്യതയുള്ള കൈകൾകൊണ്ട്, കയറുകൾ തലങ്ങനെയും വിലങ്ങനെയും നീക്കുന്നുണ്ടായിരുന്നു.
പ്രായമാകുന്നത് ക്രമേണ തിരിച്ചറിയുന്നുണ്ടെന്ന് അദ്ദേഹം പറയുന്നു. “കയറ്റുകട്ടിലുകളുണ്ടാക്കുന്ന തൊഴിലിലേക്ക് ആദ്യമായി മടങ്ങിവന്നപ്പോൾ കൈകളും ശരീരവും ഉഷാറോടെ ചലിച്ചിരുന്നു. ഇപ്പോൾ ഒറ്റയടിക്ക് രണ്ടുമൂന്ന് മണിക്കൂറിൽക്കൂടുതൽ ജോലി ചെയ്യാൻ സാധിക്കുന്നില്ല.”
ഒരു ഭാഗം പൂർത്തിയാക്കിയതിനുശേഷം, മറുഭാഗത്തും അതേ ആകൃതി വരുന്നുണ്ടെന്ന് ഉറപ്പാക്കി അതേ പ്രക്രിയ ആവർത്തിക്കാൻ അദ്ദേഹം സ്റ്റൂൾ തിരിച്ചുവെച്ചു. “സ്റ്റൂളിൽ, ഇരുഭാഗത്തും ഒരുപോലെ നിറയ്ക്കണം. എന്നാലേ ബലവും, ദീർഘകാലം ഈടും ഉണ്ടാവൂ. എന്നാൽ മിക്ക കൈവേലക്കാരും അതിൽ ശ്രദ്ധിക്കാറില്ല,” അദ്ദേഹം പറയുന്നു.
ഓരോ തവണയും, ഒരുഭാഗത്തുള്ള ഊട് പൂർത്തിയാക്കിക്കഴിഞ്ഞാൽ കയർ നേർവരയിലാക്കാൻ ഭഗത് കൈയ്യിന്റെ ആകൃതിയിലുള്ള ഒരു ഉപകരണം – ഖുടി അഥവാ തൊക്ന – ഉപയോഗിക്കുന്നു. തൊക്ന യുടെ താളാത്മകമായ തക് തക് ശബ്ദവും, സ്റ്റൂളിൽ ഘടിപ്പിച്ചിട്ടുള്ള ഘുംഗ്രു വിന്റെ (ചെറിയ ലോഹമണികൾ) ശബ്ദവും ചേർന്ന് ഒരു ലയവിന്യാസമുണ്ടാക്കുന്നു
രണ്ട് പതിറ്റാണ്ടുമുമ്പ്, ഗ്രാമത്തിലെ ഒരു കൈവേലക്കാരനെക്കൊണ്ട് ഉണ്ടാക്കിച്ചതാണ് അദ്ദേഹം ഉപയോഗിക്കുന്ന തൊക്ന . അതിൽ കൊത്തിവെച്ച പൂക്കളും, ലോഹമണികളും അദ്ദേഹം സ്വയം കൂട്ടിച്ചേർത്തതാണ്. തന്റെ സ്കൂൾപ്രായത്തിലുള്ള രണ്ട് പേരക്കുട്ടികളോട്, കൂടുതൽ സ്റ്റൂളുകൾ കൊണ്ടുവരാൻ അദ്ദേഹം ആവശ്യപ്പെട്ടു. തന്റെ നിർമ്മാണരഹസ്യം ഞങ്ങൾക്ക് കാണിച്ചുതരാൻ. ഓരോ സ്റ്റൂളിലും അഞ്ച് ലോഹമണികൾ അദ്ദേഹം നിഗൂഢമായി ഘടിപ്പിച്ചിരുന്നു. വെള്ളിയിലോ പിച്ചളയിലോ നിർമ്മിച്ചവയാണ് ആ ഘുംഗ്രുകൾ. “കുട്ടിക്കാലംതൊട്ട്, ചിലങ്കയുടെ ശബ്ദം എനിക്ക് ഇഷ്ടമാണ്,” ഭഗത് റാം പറയുന്നു.
ഓരോ സ്റ്റൂളും രണ്ട് വ്യത്യസ്ത കടുംനിറങ്ങളിലുള്ള കയറുകൾകൊണ്ടാണ് മെടയുന്നത്. “കടകളിൽ, ഇത്തരം നിറപ്പകിട്ടുള്ള സ്റ്റൂളുകൾ നിങ്ങൾക്ക് കിട്ടില്ല,” ഭഗത് റാം പറയുന്നു
ഗുജറാത്തിലെ ഭാവ്നഗർ ജില്ലയിലെ മഹുവ പട്ടണത്തിലുള്ള ഒരു വിതരണക്കാരനിൽനിന്നാണ് ഭഗത് റാം കയറുകൾ വാങ്ങുന്നത്. ഒരു കിലോഗ്രാം കയറിന് 330 രൂപ വില വരും. അയയ്ക്കാനുള്ള കൂലി ഉൾപ്പെടെ. വ്യത്യസ്ത നിറങ്ങളിലുള്ള അഞ്ചുമുതൽ ഏഴ് ക്വിന്റൽവരെ കയറുകൾ അദ്ദേഹം വരുത്താറുണ്ട്.
അദ്ദേഹത്തിന്റെ പിന്നിലായി കയറുകളുടെ കെട്ടുകളുണ്ടായിരുന്നു. എഴുന്നേറ്റപ്പോൾ അദ്ദേഹത്തിന്റെ കയറുകളുടെ ശരിക്കുള്ള ശേഖരം ദൃശ്യമായി. ഒരു അലമാരയിൽ നിറച്ചും വർണ്ണാഭമായ കയറുകൾ.
ഒരു കയറെടുത്തുതന്നിട്ട്, അതിന്റെ ‘മാർദ്ദവം’ എത്രയുണ്ടെന്ന് നോക്കാൻ പറഞ്ഞു അദ്ദേഹം. എന്തുകൊണ്ടുണ്ടാക്കിയതാണെന്ന് അറിയില്ലെങ്കിലും അത് പൊട്ടില്ലെന്ന് അദ്ദേഹത്തിന് ഉറപ്പുണ്ട്. അതിന് തെളിവുമുണ്ട്. തന്റെ കയറ്റുകട്ടിലുകളുടേയും സ്റ്റൂളുകളുടേയും ബലത്തിനെക്കുറിച്ച് ഒരു ഉപഭോക്താവ് ഒരിക്കൽ സംശയം പ്രകടിപ്പിച്ചു. അപ്പോൾ അത് കൈകൊണ്ട് വലിച്ചുപൊട്ടിക്കാൻ ഭഗത് അയാളെ വെല്ലുവിളിച്ചു. ആ ഉപഭോക്താവ് എത്ര വലിച്ചുപൊട്ടിക്കാൻ നോക്കിയിട്ടും അത് പൊട്ടിയില്ല. അതിനുശേഷം സോണു ഫയൽവാൻ എന്ന പേരുള്ള ഒരു പൊലീസുകാരനും അയാളുടെ ശക്തി പരീക്ഷിച്ചു. അയാളും തോറ്റു. അങ്ങിനെ, ആ വെല്ലുവിളിയിൽ ഭഗത് റാം രണ്ടുതവണ ജയിച്ചു.
കയറ്റുകട്ടിൽ നിർമ്മാണത്തിൽ കയറിന്റെ ബലം പ്രധാനമാണ്. അതാണ് കട്ടിലിന് അടിസ്ഥാനപരമായ ബലവും ഈടും നൽകുന്നത്. അതിൽ എന്തെങ്കിലും വിട്ടുവീഴ്ച ചെയ്താൽ അതിന്റെ ഉപയോഗംതന്നെ ഇല്ലാതാവുമെന്ന് മാത്രമല്ല, പൊട്ടി അപകടമുണ്ടാവാനും സാധ്യതയുണ്ട്.
ഭഗത് റാമിനെ സംബന്ധിച്ചിടത്തോളം, അന്നത്തെ ആ വെല്ലുവിളി, കയറിന്റെ ബലത്തിന്റെ മാത്രമല്ല, തന്റെ നിർമ്മാണവൈദഗ്ദ്ധ്യത്തിന്റെ കൂടി തെളിവായിരുന്നു. വെല്ലുവിളിയിൽ ജയിച്ചതിന് എന്ത് സമ്മാനമാണ് വേണ്ടതെന്ന് ആ പൊലീസ് ഉദ്യോഗസ്ഥൻ ചോദിച്ചപ്പോൾ ഭഗത് ഇങ്ങനെ മറുപടി പറഞ്ഞു. “അങ്ങ് തോൽവി സമ്മതിച്ചു എന്നതുതന്നെ വലിയൊരു അംഗീകാരമാണ്.” എന്നാൽ ആ ഉദ്യോഗസ്ഥൻ വലിയ രണ്ട് ഗൊഹാനാ ജിലേബി കൾ സമ്മാനിച്ചു എന്ന് ആ സംഭവമോർത്ത് ചിരിച്ചുകൊണ്ട് ഭഗത് പറയുന്നു.
ആ ദിവസം ആ പൊലീസുദ്യോഗസ്ഥൻ മാത്രമല്ല ചില കാര്യങ്ങൾ പഠിച്ചത്. ഭഗത് റാമും ചില പുതിയ കാര്യങ്ങൾ പഠിച്ചു. കരകൌശലമേള കാണാൻ വന്ന ചില പ്രായമായ സ്ത്രീകൾ അത്ര ചെറിയ സ്റ്റൂളുകളുടെ ഒരു പ്രശ്നം ചൂണ്ടിക്കാട്ടി. അവ കാൽമുട്ടുകൾക്ക് അസൌകര്യവും വേദനയുമുണ്ടാക്കുമെന്ന്. “അവർ എന്നോട് അവയുടെ വലിപ്പം ഒരു 1.5 അടിയെങ്കിലും കൂട്ടാൻ പറഞ്ഞു,” സ്റ്റീൽ ചട്ടക്കൂടിൽ ഇപ്പോൾ അദ്ദേഹം ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന പുതിയതരം സ്റ്റൂളുകൾ ചൂണ്ടിക്കാട്ടി അദ്ദേഹം പറയുന്നു.
മഴ പെയ്യാൻ തുടങ്ങി. അദ്ദേഹത്തിന്റെ ഭാര്യ കൃഷ്ണാ ദേവി സ്റ്റൂളുകൾ മുറ്റത്തുനിന്ന് അകത്തേക്കെടുത്തുവെച്ചു. 70 വയസ്സുള്ള അവർ ചവിട്ടികൾ ഉണ്ടാക്കിയിരുന്നുവെങ്കിലും അഞ്ച് കൊല്ലം മുമ്പ് അത് ഉപേക്ഷിച്ചു. വീട്ടുജോലികളും കന്നുകാലികളെ നോക്കലുമൊക്കെയായി അവർ സമയം ചിലവഴിക്കുന്നു.
മക്കളായ ജസ്‌വന്ത് കുമാറും സുനേഹര സിംഗും അച്ഛന്റെ കാൽപ്പാടുകൾ പിന്തുടർന്നില്ല. ഹിസാർ ജില്ലാ കോടതിയിൽ ടൈപ്പിസ്റ്റായി ജോലി ചെയ്യുകയാണ് സുനേഹര. ഗോതമ്പും പച്ചക്കറികളും കൃഷി ചെയ്ത് കുടുംബം നോക്കുകയാണ് മകൻ ജസ്‌വന്ത്. “ഈ കലകൊണ്ട് മാത്രം ജീവിക്കാൻ പറ്റില്ല. എനിക്ക് മാസാമാസം പെൻഷൻ 25,000 രൂപ കിട്ടുന്നതുകൊണ്ട്, എനിക്ക് ഇത് താങ്ങാൻ സാധിക്കുമെന്ന് മാത്രം,” അദ്ദേഹം പറയുന്നു.
*****
ഭഗത് റാം തന്റെ സ്റ്റൂളുകൾക്ക് 2,500 മുതൽ 3,000 രൂപവരെ വിലയിടാറുണ്ട്. വിശദാംശങ്ങൾ അത്ര സൂക്ഷ്മമായി ചെയ്യുന്നതുകൊണ്ട് വില അല്പം കൂടുതലാണെന്ന് ഭഗത് റാം സമ്മതിക്കുന്നു. “ഓരോ ഘടകങ്ങളും ശ്രദ്ധാപൂർവ്വമാണ് തിരഞ്ഞെടുക്കുന്നത്, ഇതിന്റെ പേയി (കാൽ) അടക്കം. എട്ടുകിലോമീറ്റർ ദൂരത്തുള്ള ഹാൻസിയിൽനിന്നാണ് അത് വാങ്ങുന്നത്. ഞങ്ങൾ അതിന് പെയ്ഡി, മോട്ടാ പേയ്ഡ് അല്ലെങ്കിൽ ദട്ട് എന്നൊക്കെ പറയും. അത് വെട്ടിയെടുത്ത് കസ്റ്റമറെ കാണിച്ച്, അവരുടെ സമ്മതം കിട്ടിയാൽ പോളീഷ് ചെയ്യും,” അദ്ദേഹം പറയുന്നു.
കയറ്റുകട്ടിലുണ്ടാക്കുമ്പോഴും ഇതേ ശ്രദ്ധ നൽകാറുണ്ട്. ഒറ്റനിറത്തിലുള്ള കട്ടിലുകൾ മൂന്നോ നാലോ ദിവസത്തിൽ തീരും. അതേസമയം ചിത്രപ്പണികളുള്ള കട്ടിലുകൾ 15 ദിവസമെടുക്കും പൂർത്തിയാവാൻ.
കയറ്റുകട്ടിലുണ്ടാക്കാൻ, മരത്തിന്റെ ചട്ടക്കൂടിനകത്ത് ഒരു കാലുവെക്കാനുള്ള സ്ഥലം ഒഴിച്ചിട്ട്, കയറുകൾ ഇരുഭാഗത്തും വിലങ്ങനെ കെട്ടിക്കൊണ്ടാണ് ആരംഭിക്കുക. ഓരോ ഭാഗത്തും മൂന്നോ നാലോ കെട്ടുകളിട്ട് അതിനെ ബലവത്താക്കുകയും ചെയ്യും. പിന്നെ കയറുകൾ നീളത്തിൽ കെട്ടി ഊട് നിർമ്മിക്കും. അതോടൊപ്പംതന്നെ, കുണ്ട എന്ന സാമഗ്രി ഉപയോഗിച്ച്, ഗുണ്ടി എന്ന് വിളിക്കുന്ന കയർ മുറുക്കുന്ന വിദ്യ പ്രയോഗിക്കും. കയറ്റുകട്ടിലിന് ബലം കിട്ടാനാണ് ഇങ്ങനെ ചെയ്യുന്നത്.
“കയറ്റുകട്ടിലുണ്ടാക്കാൻ ഗുണ്ടി ആവശ്യമാണ്. കയറുകൾ അയഞ്ഞുപോകാതിരിക്കാൻ അത് സഹായിക്കും,” ഭഗത് റാം വിശദീകരിക്കുന്നു.
ഊടുകൾ ശരിയായാൽ, നിറമുള്ള കയറുകൾ വിലങ്ങനെ നിറച്ച് ഡിസൈനുകൾ ഉണ്ടാക്കും. ഈ കയറുകളും ഗുണ്ടി ഉപയോഗിച്ച്, വശങ്ങളിൽ വലിച്ചുകെട്ടും. ഒരൊറ്റ കയറുപയോഗിച്ചുള്ള കട്ടിലുണ്ടാക്കാൻ 10-15 കിലോഗ്രാം കയർ ആവശ്യമാണ്.
ഓരോ തവണ നിറമുള്ള കയറുകൾ ചേർക്കുമ്പോഴും, രണ്ട് കയറുകളുടേയും അറ്റങ്ങൾ, ഒരു സൂചിയും നൂലുമുപയോഗിച്ച് ഒരുമിച്ച് കൂട്ടിത്തയ്ക്കും. ഒരു കയർ അവസാനിക്കുമ്പോൾ, അതിനെ അടുത്ത കയറുമായി, അതേ നിറത്തിലുള്ള നൂലുമായി തയ്ച്ചുവെക്കും. “വെറുതെ ഒരു കുടുക്കിട്ടുവെച്ചാൽ, അത് പുറത്ത് തട്ടി വേദനിക്കും,” അദ്ദേഹം പറയുന്നു.
പഴയ വീടുകളിലെ കൊത്തുപണികളും ഗ്രാമത്തിലെ ചുമരുകളിലുള്ള പെയിന്റിംഗുകളും കണ്ടിട്ടാണ് കയറ്റുകട്ടിലിലെ രൂപമാതൃകകൾക്കുള്ള ആശയം മനസ്സിൽ വരുന്നത്. ഹരിയാനയിലെ മറ്റ് സ്ഥലങ്ങളിലെ ബന്ധുക്കളെ സന്ദർശിക്കുന്ന സമയങ്ങളിൽ അവിടെനിന്ന് കിട്ടുന്ന രൂപങ്ങളും ഉപയോഗിക്കാറുണ്ട്. “മൊബൈലിൽ ഫോട്ടോയെടുത്ത്, അത് ചർപായി യിൽ പകർത്തും,” ഒരു സ്വസ്തികയുടേയും ചൌപർ എന്ന് പേരായ പലകക്കളിയുടേയും ചിത്രങ്ങൾ മൊബൈലിൽ കാണിച്ചുതന്നു ഭഗത് റാം. സ്റ്റൂളും കയറ്റുകട്ടിലും ഉണ്ടാക്കിക്കഴിഞ്ഞാൽ, അതിന്റെ നീളമുള്ള ഭാഗത്തും വീതിയുള്ള ഭാഗത്തും വെക്കാൻ സാലമരവും കാലിന്റെ ഭാഗത്ത് ഈട്ടിയും ഉപയോഗിക്കുന്നു. അവയിൽ പിച്ചളയുടെ ചെറിയ കഷണങ്ങൾ വെച്ച് അലങ്കരിക്കുകയും ചെയ്യും.
സാധാരണയായി ഉണ്ടാക്കുന്ന കയറ്റുകട്ടിലുകൾക്ക് 25,000-ത്തിനും 30,000-ത്തിനുമിടയിൽ വില മേടിക്കാറുണ്ട് ഭഗത് റാം. 8x6 അടി, 10x8 അടി അല്ലെങ്കിൽ 10x10 അടി എന്നിങ്ങനെയുള്ള വലിപ്പമനുസരിച്ചാണ് വില. ഓരോ സ്റ്റൂളിനും കയറ്റുകട്ടിലിനും ദിവസക്കൂലിയായി 500 രൂപ മാറ്റിവെക്കുന്നു. മാസത്തിൽ 5,000 മുതൽ 15,000 രൂപവരെ അങ്ങിനെ അദ്ദേഹത്തിന് സമ്പാദിക്കാനാവുന്നു. “ഇത് സർക്കാരിന്റെ വിലയല്ല. ഞാൻ നീശ്ചയിക്കുന്ന വിലയാണ്,” ഭഗത് റാം പറയുന്നു.
സർക്കാരിന്റെ കരകൌശലവസ്തുക്കളുടെ ഔദ്യോഗിക പട്ടികയിൽ ചർപായി കളെ ഉൾപ്പെടുത്തിക്കാനുള്ള ദൌത്യത്തിലാണ് അദ്ദേഹം. “പ്രാദേശിക ചാനലിലെ ഒരു വീഡിയോയിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ഞാനിത് അറിയിച്ചു,” വീഡിയോയുടെ ക്ലിപ്പിംഗ് മൊബൈലിൽ കാണിച്ചുതന്ന് അഭിമാനത്തോടെ അദ്ദേഹം പറയുന്നു.
ഫരീദാബാദിൽ നടക്കുന്ന സൂരജ്കുണ്ഡ് മേളയിൽ തന്റെ കല പ്രദർശിപ്പിക്കാൻ രണ്ട് തവണ അദ്ദേഹം പോയിട്ടുണ്ട്. ഗ്രാമത്തിൽനിന്ന് 200 കിലോമീറ്റർ ദൂരത്താണ് ആ വാർഷികമേള നടക്കുന്നത്. എന്നാൽ, ആദ്യത്തെ തവണ, 2018-ൽ, കരകൌശലത്തൊഴിലാളി കാർഡ് കൈവശമില്ലാതിരുന്നതിനാൽ, പ്രവേശിക്കാൻ പൊലീസ് സമ്മതിച്ചില്ല. എന്നാൽ ഭാഗ്യം അദ്ദേഹത്തിന്റെ ഭാഗത്തായിരുന്നു. ഡെപ്യൂട്ടി സൂപ്രണ്ടുമാർക്കുവേണ്ടി രണ്ട് കയറ്റുകട്ടിലുകൾ ഒരു സബ് ഇൻസ്പെക്ടർ ആവശ്യപ്പെട്ടു. അതിനുശേഷം ആരും ശല്യപ്പെടുത്തിയിട്ടില്ല. “അമ്മാവന് ഡി.എസ്.പി.മാരുമായി നല്ല ബന്ധമാണ്” എന്നാണ് അവർ കരുതുന്നതെന്ന് പറഞ്ഞ് ഭഗത് റാം ചിരിക്കുന്നു.
കരകൌശലക്കാർക്കുള്ള കാർഡിന് അപേക്ഷിക്കുമ്പോഴാണ് ചർപായി കൾ ഒരു കരകൌശലവിദ്യയായി ടെക്സ്റ്റൈൽസ് മന്ത്രാലയം അംഗീകരിച്ചിട്ടില്ലെന്നത് അദ്ദേഹം മനസ്സിലാക്കിയത്. ഒരു കാർഡിനുള്ള ഫോട്ടോ എടുക്കുമ്പോൾ ധുരീ നെയ്ത്തുകാരനായി ഭാവിച്ചാൽ മതിയെന്ന് പ്രദേശത്തെ ഉദ്യോഗസ്ഥർ അദ്ദേഹത്തിനെ ഉപദേശിച്ചു.
2019-ൽ ഈ കാർഡുമായാണ് അദ്ദേഹം പോയത്. എല്ലാവരും അദ്ദേഹത്തിന്റെ കയറ്റുകട്ടിലിനെ അഭിനന്ദിച്ചുവെങ്കിലും, കരകൌശല മത്സരത്തിൽ പങ്കെടുക്കാനോ സമ്മാനം വാങ്ങാനോ അദ്ദേഹത്തിന് അർഹതയുണ്ടായിരുന്നില്ല. “എനിക്ക് വിഷമം തോന്നി. എന്റെ കലയും പ്രദർശിപ്പിച്ച് സമ്മാനം വാങ്ങണമെന്നായിരുന്നു എന്റെ ആഗ്രഹം,” ഭഗത് റാം പറയുന്നു.
*****
ഒരു പ്രത്യേക കയറ്റുകട്ടിൽ അദ്ദേഹത്തിന് മറക്കാനാവില്ല. വളരെ വലിയ ഒന്ന്. 12 x 6.5 അടി വലിപ്പമുള്ളത്. 2021-ലെ കർഷകപ്രക്ഷോഭ കാലത്ത്, പ്രത്യേകം പറഞ്ഞുണ്ടാക്കിച്ചതായിരുന്നു. (പാരിയുടെ മുഴുവൻ റിപ്പോർട്ട് ഇവിടെ വായിക്കാം). കയറ്റുകട്ടിലിൽ, കിസാൻ ആന്ദോളൻ (കർഷക പ്രക്ഷോഭം) എന്ന് തയ്ക്കാൻ ആവശ്യപ്പെട്ടിരുന്നു.
500 കിലോഗ്രാം വരുന്ന, ആ വലിയ കയറ്റുകട്ടിലിന് 150,000 രൂപ അദ്ദേഹത്തിന് വില കിട്ടി. “മുറ്റത്ത് വെച്ചാണ് ഞാനത് ഉണ്ടാക്കിയത്, മറ്റൊരു സ്ഥലത്തും അത് ഒതുങ്ങുകില്ലായിരുന്നു,” ഭഗത് പറയുന്നു. തസ്‌വീർ സിംഗ് അഹ്‌ലവാത് ആവശ്യപ്പെട്ട ഈ കട്ടിൽ, അഹ്‌ലവാത് സംഘത്തിന്റെകൂടെ, ഹരിയാനയിലെ ഡിഗൽ ടോൾ പ്ലാസയിലേക്കാണ് പോയത്. ഭഗത്തിന്റെ ഗ്രാമത്തിൽനിന്ന് 76 കിലോമീറ്റർ അകലെയായിരുന്നു അത്.
ദില്ലി, ഉത്തർ പ്രദേശ്, പഞ്ചാബ്, രാജസ്ഥാൻ, കർണ്ണാടക തുടങ്ങിയ സ്ഥലങ്ങളിലേക്ക് അദ്ദേഹത്തിന്റെ ഉത്പന്നങ്ങൾ പോയിട്ടുണ്ട്.
“ഇതൊരു അഭിലാഷമാണ്. അധികമാളുകൾക്കൊന്നും അതുണ്ടാവില്ല,” ഹരിയാനയിലെ ഒരു കർഷകൻ 35,000 രൂപയുടെ ഒരു കയറ്റുകട്ടിൽ വാങ്ങിയത് ഓർത്തുകൊണ്ട് ഭഗത് റാം പറയുന്നു. “അയാൾ ഒരു കന്നുകാലി കർഷകനാണെന്ന് മനസ്സിലായപ്പോൾ പണം തിരികെ കൊടുക്കാൻ ഞാൻ ശ്രമിച്ചു. പക്ഷേ, ഇതിന് ഒരു കോടി രൂപ വിലയുണ്ടെങ്കിലും താനിത് വാങ്ങിയിരിക്കും എന്ന് പറഞ്ഞ്, പണം തിരികെ വാങ്ങാൻ ആ മനുഷ്യൻ വിസമ്മതിച്ചു.”
2019-ൽ രണ്ടാം തവണ മേളയ്ക്ക് പോയതിനുശേഷം ഭഗത് റാം പിന്നെ അവിടേക്ക് പോയിട്ടില്ല. അതിൽനിന്ന് വലിയ വരുമാനമൊന്നുമില്ലെന്നാണ് കാരണം. വീട്ടിൽത്തന്നെ ധാരാളം ജോലിയുണ്ട്. ആളുകൾ എപ്പോഴും ഇതാവശ്യപ്പെട്ട് ഫോണിൽ വിളിച്ചുകൊണ്ടിരിക്കും. “എപ്പോഴും ആരെങ്കിലും വിളിച്ച്, ചർപായി യോ പിഡ്ഡയോ ആവശ്യപ്പെട്ടുകൊണ്ടിരിക്കും,” അഭിമാനത്തിന്റെ ഒരു ചെറിയ പുഞ്ചിരിയോടെ ഭഗത് റാം പറഞ്ഞുനിർത്തുന്നു.
മൃണാളിനി മുഖർജി ഫൌണ്ടേഷന്റെ (എം.എം.എഫ്) ഫെല്ലോഷിപ്പിന്റെ പിന്തുണയോടെ ചെയ്ത റിപ്പോർട്ട്.
പരിഭാഷ: രാജീവ് ചേലനാട്ട്