ന്യൂ ദില്ലിയിലെ പഴയ യമുന ബ്രിഡ്ജ്, അഥവാ, ലോഹ പുൽ നിവാസിയാണ് മുപ്പതുകളുടെ തുടക്കത്തിലെത്തിയ ഗണേഷ് പണ്ഡിറ്റ്. തന്റെ സമുദായത്തിലെ ചെറുപ്പക്കാർ ഇപ്പോൾ, നീന്തൽ പരിശീലകരായും, സമീപത്തുള്ള ചാന്ദ്നി ചൌക്കിലെ വ്യാപാരസ്ഥാപനങ്ങളിലെ ജോലിക്കാരായും ‘മുഖ്യധാര’യിലേക്ക് പോകാനാണ് അധികവും താത്പര്യപ്പെടുന്നത് എന്ന് ഗണേഷ് പറയുന്നു.
ദില്ലിയിലൂടെ ഒഴുകുന്ന യമുന, ഗംഗാനദിയുടെ ഏറ്റവും നീളമുള്ളതും, വെള്ളത്തിന്റെ അളവിൽ, ഘഗ്ര കഴിഞ്ഞാൽ രണ്ടാം സ്ഥാനത്തുള്ളതുമായ കൈവഴിയാണ്.
യമുനയിൽ ഫോട്ടോ ഷൂട്ടുകൾ സംഘടിപ്പിക്കുകയും, പുഴയുടെ മധ്യത്തിൽ പോയി കർമ്മങ്ങൾ ചെയ്യാൻ ആഗ്രഹമുള്ളവരെ വഞ്ചിയിൽ കൊണ്ടുപോവുകയും ചെയ്യുകയാണ് പണ്ഡിറ്റ്. “ശാസ്ത്രം തോൽക്കുന്നിടത്ത്, വിശ്വാസം ജയിക്കുന്നു,” അയാൾ വിശദീകരിക്കുന്നു. അയാളുടെ അച്ഛൻ ഇവിടെ ഒരു പൂജാരിയാണ്. ഗണേഷും രണ്ട് സഹോദരങ്ങളും ‘കുട്ടിക്കാലംതൊട്ടേ യമുനയിൽ നീന്താൻ” പഠിക്കുകയും ചെയ്തിട്ടുണ്ട്. പണ്ഡിറ്റിന്റെ സഹോദരന്മാർ പഞ്ചനക്ഷത്ര ഹോട്ടലുകളിൽ ലൈഫ് ഗാർഡുമാരായി ജോലിയെടുക്കുന്നു.
വഞ്ചിക്കാർക്ക് പെണ്മക്കളെ വിവാഹം ചെയ്തുകൊടുക്കാൻ ആരും ഇപ്പോൾ തയ്യാറാവുന്നില്ല എന്ന് അയാൾ പറയുന്നു. മാന്യവും വരുമാനവുമുള്ള തൊഴിലായിട്ട് അവരതിനെ കണക്കാക്കുന്നില്ല. അയാൾക്കതിലെ യുക്തി മനസ്സിലാവുന്നില്ല. അതിനോട് യോജിക്കുന്നുമില്ല. “ആളുകളെ പുഴ കടത്താൻ സഹായിച്ച് ഞാൻ ദിവസവും 300-500 രൂപ സമ്പാദിക്കുന്നുണ്ട്,” അയാൾ പറയുന്നു. പുഴയിൽ ഫോട്ടോ ഷൂട്ടും മറ്റും ചെയ്ത് അധികവരുമാനവും താനുണ്ടാക്കുന്നുണ്ടെന്ന് ഗണേഷ് കൂട്ടിച്ചേർത്തു.
കഴിഞ്ഞ ഒരു പതിറ്റാണ്ടായി അയാൾ ആളുകളെ പുഴ കടത്തുന്നുണ്ട്. പുഴയിലെ മാലിന്യത്തെക്കുറിച്ച് അയാൾ സങ്കടം പറഞ്ഞു. സെപ്റ്റംബറിൽ കാലവർഷം വന്ന് അഴുക്ക് ഒഴുക്കിക്കളയുമ്പോൾ മാത്രമാണ് പുഴ വൃത്തിയാവുന്നതെന്ന് അയാൾ പറയുന്നു.
യമുനയുടെ 22 കിലോമീറ്റർ മാത്രമാണ് (കഷ്ടിച്ച് 1.6 ശതമാനം) ദേശീയ തലസ്ഥാന നഗരിയിലൂടെ ഒഴുകുന്നത്. എന്നാൽ, അത്രയും കുറച്ച് സ്ഥലത്തേക്ക് ഒഴുക്കിവിടുന്ന മാലിന്യമാണ്, 1,376 കിലോമീറ്റർ ദൈർഘ്യമുള്ള പുഴയിലെ മൊത്തം മാലിന്യത്തിന്റെ 80 ശതമാനത്തിലധികവും. വായിക്കാം: യമുനയിലെ ചത്ത മീനുകൾ പുത്തനാവുന്ന സമയം
പരിഭാഷ: രാജീവ് ചേലനാട്ട്