“ഒരാഴ്ച നീണ്ടുനിൽക്കുന്ന തിലംഗി (പട്ടം) മത്സരങ്ങൾ പറ്റ്നയിൽ നടക്കാറുണ്ടായിരുന്നു. ലഖ്നൌ, ദില്ലി, ഹൈദരബാദ് എന്നിവിടങ്ങളിലെ പട്ടം പറപ്പിക്കലുകാരെ ക്ഷണിക്കുക പതിവായിരുന്നു. അതൊരു ഉത്സവമാണ്,” സയ്യദ് ഫയ്സാൻ റാസ പറയുന്നു. ഗംഗയുടെ തീരത്തിലൂടെ നടക്കുമ്പോഴാണ് അയാൾ അത് പറഞ്ഞത്. ഒരുകാലത്ത് ആയിരക്കണക്കിന് പട്ടങ്ങൾ പാറി നടന്നിരുന്ന ആകാശം ഗംഗയിൽ പ്രതിഫലിച്ചു.

പ്രഭുക്കന്മാർ മുതൽ തവായിഫുകൾ വരെയുള്ള എല്ലാ സമൂഹികശ്രേണിയിലുള്ളവരും ഈ കായികവിനോദത്തെ പ്രോത്സാഹിപ്പിച്ചിരുന്നുവെന്ന്, പാറ്റ്നയിലെ പുഴവക്കത്തെ ദൂലിഘട്ടിൽനിന്നുള്ള പ്രായം ചെന്ന റാസ പറഞ്ഞു. “മിർ സാമിനും, മിർ കെഫായാത്തിനും ബിസ്മില്ല ജാൻ ( തവായിഫ് ) രക്ഷാകർത്തൃത്വം നൽകിയിരുന്നു. പതംഗമുണ്ടാക്കുകയും പറത്തുകയും ചെയ്യുന്ന കലയിലെ അദ്വിതീയന്മാരായിരുന്നു ഇവരൊക്കെ”.

പാറ്റ്നയുടെ ഗുർഹത്തയ്ക്കും, അശോക് രാജ്പഥിലെ ഖ്വാജാകാലനുമിടയ്ക്കുള്ള (700-800 മീറ്റർ ദൂരമുണ്ട് ഇവയ്ക്കിടയിൽ) സ്ഥലത്ത് നിറയെ പട്ടം വ്യാപാരികളായിരുന്നു ഒരുകാലത്ത്. അവരുടെ നിറപ്പകിട്ടുള്ള ഉത്പന്നങ്ങൾ കടകളുടെ മുമ്പിൽ, മനോഹരമായി ആടിയുലഞ്ഞുകൊണ്ടിരുന്നു സദാസമയവും. “പാറ്റ്നയിലെ പട്ടങ്ങളുടെ ചരടുകൾ സാധാരണ ചരടുകളേക്കാൾ കട്ടി കൂടിയതാണ്. പരുത്തിയും പട്ടും ചേർന്ന്, ‘ നഖ് ’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ചരടാണ് അതെന്നും റാസ കൂട്ടിച്ചേർത്തു.

പാറ്റ്ന പട്ടങ്ങൾക്ക് പ്രസിദ്ധമാണെന്ന് 1868-ലെ ബല്ലോസ് മൻ‌ത്‌ലി മാഗസിൻ സൂചിപ്പിക്കുന്നു. “പെട്ടെന്ന് ധനം സമ്പാദിക്കാൻ ആഗ്രഹിക്കുന്നവർ ഈ നാട്ടിൽ പാറ്റ്ന പട്ടങ്ങൾ സ്വന്തമാക്കണം. ചന്തയിലെ ഓരോ പത്ത് കടകളിലും ഒന്ന് പട്ടം വിൽക്കുന്ന കടയായിരിക്കും. ജനങ്ങൾ മുഴുവൻ പട്ടം പറത്തുന്നുവെന്ന് തോന്നിപ്പോകും. വജ്രത്തിന്റെ ആകൃതിയിൽ, തൂവൽ പോലെ ഭാരം കുറഞ്ഞ്, വാലില്ലാത്ത പട്ടങ്ങൾ, ആവുന്നത്ര നേർമ്മയുള്ള പട്ടുനൂലുകളുപയോഗിച്ചാണ് പറത്തുന്നത്.”

എന്നാൽ നൂറ് വർഷങ്ങൾക്കുശേഷം ധാരാളം മാറ്റങ്ങളുണ്ടായിട്ടുണ്ട്. എന്നിട്ടും പാറ്റ്നയിലെ തിലംഗി കൾ അവയുടെ അസാധാരണ ഘടകങ്ങൾ ഇപ്പോഴും നിലനിർത്തുന്നു – വാലില്ലാത്തവയാണവ. “വാലുകൾ നായകൾക്കുള്ളതാണ് പട്ടത്തിനുള്ളതല്ല” എന്ന് ചിരിച്ചുകൊണ്ട് ഷബീന എന്ന പട്ടം നിർമ്മാതാവ് പറയുന്നു. കുറച്ചുകാലം മുമ്പ്, കാഴ്ചശക്തി കുറഞ്ഞപ്പോൾമുതൽ, പട്ടമുണ്ടാക്കുന്നത് നിർത്തിയിരിക്കുകയാണ് എഴുപത് വയസ്സ് കഴിഞ്ഞ ഷബീന.

PHOTO • Ali Fraz Rezvi
PHOTO • Courtesy: Ballou’s Monthly Magazine

ഇടത്ത്: ഒരു പട്ടത്തിന്റെ വിവിധ ഭാഗങ്ങൾ കാട്ടിത്തരുന്ന ചിത്രം. വലത്ത്: 1868-ലെ ബല്ലാവോ മൻ‌ത്‌ലി മാസികയുടെ കോപ്പി

PHOTO • Ali Fraz Rezvi

പാറ്റ്നയിലെ അശോക് രാജഥ് പ്രദേശം ഒരു കാലത്ത്, പട്ട വ്യാപാരികളാൽ നിറഞ്ഞിരുന്നു. കടകളുടെ പുറത്ത്, നിറപ്പകിട്ടുള്ള പട്ടങ്ങൾ പാറിക്കളിച്ചിരുന്നു

പട്ടനിർമ്മാണത്തിന്റേയും വിതരണത്തിന്റേയും കേന്ദ്രമാണ് ഇപ്പോഴും പാറ്റ്ന - പട്ടവും അതിനോടനുബന്ധിച്ച സാമഗ്രികളും ബിഹാറിലെ വിവിധയിടങ്ങളിലേക്കും സമീപത്തെ സംസ്ഥാനങ്ങളിലേക്കും പോകുന്നത് ഇവിടെനിന്നാണ്. സിലിഗുരി, കൊൽക്കൊത്ത, മാൾഡ, റാഞ്ചി, ഹസാരിബാഗ്, ജൌൻപുർ, കാത്ത്മണ്ഡു, ഉന്നാവോ ഝാൻസി, ഭോപ്പാൽ തുടങ്ങിയ സ്ഥലങ്ങളിലേക്കും പുനെ, നാഗ്പുർ എന്നിവിടങ്ങളിലേക്കുപോലും പരേതി കളും തിലംഗി കളും യാത്ര ചെയ്യുന്നു.

*****

“പട്ടമുണ്ടാക്കാനും പറപ്പിക്കാനും നിങ്ങൾക്ക് ധാരാളം സമയം ആവശ്യമാണ്,” മരിച്ചുപോയ അച്ഛൻ പറഞ്ഞിരുന്ന വാചകങ്ങൾ അശോക് ശർമ്മ ഉദ്ധരിച്ചു. “എന്നാലിന്ന്, ഈ നഗരത്തിൽ കിട്ടാൻ ബുദ്ധിമുട്ടുള്ളതും അതുതന്നെയാണ്.”

പട്ടമുണ്ടാക്കുകയും പറത്തുകയും ചെയ്യുന്ന മൂന്നാമത്തെ തലമുറയിൽ‌പ്പെട്ടയാളാണ് ശർമ്മ. പാറ്റ്ന നഗരത്തിന്റെ ഹൃദയഭാഗത്താണ്, മൺചുമരുകളും മണ്ണിന്റെ ഉത്തരവുമുള്ള, നൂറ് വർഷം പഴക്കമുള്ള സ്ഥാപനം. ബിഹാറിലെ ഏറ്റവും പഴയ പള്ളി – അശോക് രാ‍ജ്പഥിലെ പദ്രി കി ഹവേലി -യിൽനിന്ന് 100 മീറ്റർ ദൂരെയാണ് ആ കട. പരേതി കളുണ്ടാക്കുന്ന (പട്ടത്തോട് ബന്ധിപ്പിച്ച ചരട് പിടിപ്പിച്ച മുളകൊണ്ടുള്ള ചുരുൾ) ചുരുക്കം ഗുരുക്കന്മാരിൽ ഒരാളുമാണ് അദ്ദേഹം. പട്ടത്തിന്റെ ചരടുകൾ ( മഞ്ഝ , അഥവാ നഖ് എന്ന് വിളിക്കുന്നു) ചൈനയിലെ ഫാക്ടറികളിൽനിന്ന് വരുന്നവയാണ്. പണ്ടത്തേക്കാൾ കനവും ഭാരവും കുറഞ്ഞവയാണ് അവ.

ഒരുമണിക്കൂറിനുള്ളിൽ അയക്കേണ്ടുന്ന 150 പരേതി കൾ ഒരു ഗ്രാമത്തിലേക്കയക്കാനുള്ള തിരക്കിലായിരുന്നു ശർമ്മാജി. അദ്ദേഹത്തിന്റെ കൈകൾ അസാധാരണ വേഗതയോടെ പ്രവർത്തിച്ചിരുന്നു.

മരക്കഷണങ്ങൾ വളയ്ക്കുകയും കെട്ടുകയും ചെയ്ത് ഉണ്ടാക്കുന്ന പരേതി യുടെ നിർമ്മാണം, പട്ടമുണ്ടാക്കുന്നതിൽനിന്ന് വ്യത്യസ്തമാണ്. ചുരുക്കം‌പേർക്ക് മാത്രമേ ആ പണി അറിയൂ. ശർമ്മാജി അതിൽ ഒരു വിദഗ്ദ്ധനാണ്. ഈ പണി പുറം‌കരാറുകാർക്ക് കൊടുക്കുന്ന മറ്റുള്ളവരെപ്പോലെയല്ല അദ്ദേഹം. താൻ വിൽക്കുന്ന ചുരുളുകൾ താനുണ്ടാക്കുന്നവതന്നെയാവണം എന്ന നിർബന്ധം അദ്ദേഹത്തിനുണ്ട്.

PHOTO • Ali Fraz Rezvi
PHOTO • Ali Fraz Rezvi

പരേതികളും തിലംഗികളുമുണ്ടാക്കാനുള്ള മരക്കഷണങ്ങൾ മുറിക്കുന്ന അശോക് ശർമ്മ. പരേതി നിർമ്മിക്കുന്ന ചുരുക്കം വിദഗ്ധരിലൊരാളാണ് അദ്ദേഹം

PHOTO • Ali Fraz Rezvi
PHOTO • Ali Fraz Rezvi

ഇടത്ത്: പുതുതായുണ്ടാക്കിയ പരേതികൾ അശോക്ജിയുടെ പണിപ്പുരയിൽ. വലത്ത്: അശോക്ജിയുടെ സുഹൃത്തും വിദഗ്ദ്ധനുമായ തൊഴിലാളി കടയിലിരിക്കുന്നു

തിലംഗി കളും പരേതി കളും നിറഞ്ഞ മുറി ഇരുട്ടിലാണ്.  അദ്ദേഹത്തിന്റെ 30 വയസ്സുള്ള ചെറുമകൻ കൌടില്യ കുമാർ ശർമ്മ ഇരുന്ന് കണക്കുജോലികൾ ചെയ്യുന്ന, പിൻഭാഗത്തുള്ള ഒരു മുറിയിൽനിന്ന് വരുന്ന വെളിച്ചം മാത്രമാണ് കടയിലുള്ളത്. തലമുറകളായി ഈ തൊഴിൽ കുടുംബത്തിൽ ചെയ്യുന്നുണ്ടെങ്കിലും, മക്കളും ചെറുമക്കളും ഇത് തുടർന്നുപോകാൻ സാധ്യതയില്ലെന്ന് ശർമ്മ പറയുന്നു.

തിലംഗി കളും പരേതി കളുമുണ്ടാക്കാൻ 12 വയസ്സിലാണ് അദ്ദേഹം പഠിച്ചുതുടങ്ങിയത്. “കുട്ടിക്കാലം തൊട്ട് ഞാൻ കടയിലിരുന്ന് പണി ചെയ്യാൻ തുടങ്ങി. യൌവ്വനത്തിലും ഇതുതന്നെ ചെയ്തു. തിലംഗി കളുണ്ടാക്കാറുണ്ടെങ്കിലും ഇന്നുവരെ അത് പറത്തിയിട്ടില്ല” എന്ന് പറയുന്നു ഈ തല മുതിർന്ന കൈത്തൊഴിലുകാരൻ.

“പട്ടം നിർമ്മാണത്തിന് മേൽനോട്ടം നടത്തിയിരുന്നത് നഗരത്തിലെ പ്രഭുക്കന്മാരും സമ്പന്നവർഗ്ഗവുമായിരുന്നു. അവരുടെ സംരക്ഷണം പട്ടനിർമ്മാതാക്കൾക്ക് ഒരനുഗ്രഹവുമായിരുന്നു,” അശോക് ശർമ്മ പറയുന്നു. “മഹാശിവരാത്രിവരെ, പാറ്റ്നയിലെ പട്ടത്തിന്റെ സീസൺ മൂർദ്ധന്യത്തിലായിരുന്ന കാലമുണ്ടായിരുന്നു. എന്നാലിന്ന്, (സാധാരണയായി പട്ടം പറത്താറുള്ള വിളവെടുപ്പുകാലമായ) സംക്രാന്തിക്കുപോലും ആവശ്യക്കാരെ കണ്ടുകിട്ടാൻ ബുദ്ധിമുട്ടാണ്.”

*****

ചതുർഭുജം, അല്ലെങ്കിൽ വജ്രത്തിന്റെ ആകൃതിയാണ് തിലംഗി ക്ക്. കടലാസ്സിലാണ് ഉണ്ടാക്കിയിരുന്നതെങ്കിലും ഇപ്പോൾ ഉത്പാദനം പൂർണ്ണമായും പ്ലാസ്റ്റിക്കിലേക്ക് മാറിക്കഴിഞ്ഞു. വിലയും പകുതിയായി കുറഞ്ഞു. കടലാസ്സ് പട്ടങ്ങൾ പെട്ടെന്ന് കീറിപ്പോവും. കൂടുതൽ വിലയുമാണ്. ഒരു സാദാ കടലാസുപട്ടം 5 രൂപയ്ക്ക് വിൽക്കുമ്പോൾ, പ്ലാസ്റ്റിക് പട്ടത്തിന്റെ വില 3 രൂപയാണ്.

സാധാരണയായി ഇവയുടെ വലിപ്പം 12 x12 ഇഞ്ചോ, 10 x 10 ഇഞ്ചോ ആണെങ്കിലും 18 x 18, അല്ലെങ്കിൽ 20 x 20 വലിപ്പത്തിലും ഉണ്ടാക്കാറുണ്ട്. വലിപ്പവും അലങ്കാരവും കൂടുന്തോറും വിലയും കൂടാൻ തുടങ്ങും. പ്രത്യേകമായ കാർട്ടൂൺ, സിനിമാ കഥാപാത്രങ്ങളുടെ ആകൃതിയാവുമ്പോൾ വില 24 രൂപവരെ ഉയരും. എന്നാൽ, സംസ്ഥാനത്തിന് പുറത്തേക്ക് വിൽക്കുകയോ, പ്രത്യേകമായി രൂപകല്പന ചെയ്ത ഷീറ്റുകളും, വേവിച്ച ചോറുകൊണ്ടുള്ള പശയുപയോഗിച്ചുള്ള തീലീ കളും ഖഡ്ഡ കളും ഉപയോഗിക്കുകയോ ചെയ്താൽ വില 80-ഉം 100-ഉം ആയി ഉയർന്നേക്കാം.

സഞ്ജയ് ജയ്സ്‌വാളിന്റെ, 8 ചതുരശ്രയടി വലിപ്പമുള്ള, ജനലുകളൊന്നുമില്ലാത്ത പണിശാലയിൽ, തിലംഗി നിർമ്മാണത്തിനാവശ്യമായ മരം മുറിക്കുന്ന യന്ത്രവും, വിവിധ മുളവടികളും മറ്റ് സാമഗ്രികളും ചിതറിക്കിടക്കുന്നു.

PHOTO • Ali Fraz Rezvi
PHOTO • Ali Fraz Rezvi

ഇടത്ത്: തന്റെ പണിശാലയിൽ, (കസേരയിലിരുന്ന്) തൊഴിലാളികളുടെ ജോലി ശ്രദ്ധിക്കുന്ന മന്നൻ. വലത്ത്: മൊഹമ്മദ് അർമൻ പ്ലാസ്റ്റിക് ഷീറ്റുകൾ എണ്ണുന്നു. പിന്നീട് മുളകൊണ്ടുള്ള ഖഡ്ഡ പതിപ്പിക്കാൻ സ്ത്രീ തൊഴിലാളികളുടെയടുത്തേക്ക് ഇവ അയയ്ക്കുന്നു

PHOTO • Ali Fraz Rezvi
PHOTO • Ali Fraz Rezvi

ഇടത്ത്: തൊഴിലാളികൾ മരക്കഷണങ്ങൾ കെട്ടുകളാക്കി വെക്കുന്നു. വലത്ത്: യന്ത്രമുപയോഗിച്ച് മുള മുറിക്കുന്നു

“ഈ പണിശാലയ്ക്ക് ഞങ്ങൾ പേരൊന്നും നൽകിയിട്ടില്ല,” മന്നൻ എന്ന് വിളിക്കപ്പെടുന്ന സഞ്ജയ് പറഞ്ഞു. നഗരത്തിലെ ഏറ്റവും വലിയ പട്ടം വിതരണക്കാരനായ അദ്ദേഹത്തിന് അതൊരു വിഷയമല്ല. “ഞങ്ങൾക്ക് പേരില്ലെങ്കിലും അറിയപ്പെടാത്തവരല്ല,” ചുറ്റും കൂടി നിൽക്കുന്ന തൊഴിലാളികളോടൊപ്പം ചിരിയിൽ പങ്കുചേർന്ന് അദ്ദേഹം പറഞ്ഞു.

തുറസ്സായ ഒരു സ്ഥലത്ത്, മുളന്തണ്ടുകൾകൊണ്ട് താങ്ങിനിർത്തിയ അസ്ബെസ്റ്റോസ് ഷെഡ്ഡും, അതിനോട് ചേർന്നുള്ള ഒരു ചെറിയ മുറിയുമാണ്, മൊഹാലിയ ദീവാന്റെ ഗുർഹട്ട പ്രദേശത്ത് സ്ഥിതി ചെയ്യുന്ന മന്നന്റെ പണിശാല. 11 തൊഴിലാളികളുണ്ട്. ചില ജോലികൾ സ്ത്രീകൾക്ക് പുറം‌കരാർ കൊടുത്തിട്ടുമുണ്ട്. “അവർ ആ ജോലി വീട്ടിലിരുന്ന് ചെയ്യും,” എന്ന് മന്നൻ കൂട്ടിച്ചേർത്തു.

ഇവിടെ ഏറ്റവും മുതിർന്ന കൈവേലക്കാരൻ 55 വയസ്സുള്ള മൊഹമ്മദ് ഷാമിനാണ്. കൊൽക്കൊത്തയിലെ ഒരു ഉസ്താദിൽനിന്നാണ് (ഗുരു) താൻ ഈ കല പഠിച്ചതെന്ന്, പാറ്റ്നയിലെ ചോട്ടി ബാസാറിൽനിന്നുള്ള അദ്ദേഹം പറഞ്ഞു. കൊൽക്കൊത്ത, അഹമ്മദാബാദ്, മുംബൈ, ബനാറസ് എന്നിവിടങ്ങളിൽ ജോലി ചെയ്തിട്ടുള്ള അദ്ദേഹം സ്ഥിരമായ ഒരു ജോലിസ്ഥലത്തിനായാണ് സ്വന്തം നഗരത്തിലേക്ക് തിരിച്ചുവന്നത്.

കഴിഞ്ഞ 22 വർഷമായി താൻ ഇവിടെ ജോലി ചെയ്യുകയാണെന്ന്, തീലി കൾ ഒട്ടിച്ചുകൊണ്ടിരിക്കുമ്പോൾ അദ്ദേഹം പറഞ്ഞു. ബലമുള്ള മുളങ്കമ്പുകൾ വളച്ച് അവയിൽ പശയൊട്ടിക്കുന്നതിൽ സമർത്ഥനാണ് അദ്ദേഹം. ദിവസത്തിൽ അത്തരത്തിലുള്ള 1,500 മുളങ്കമ്പുകൾ ഉണ്ടാക്കാറുണ്ട് അദ്ദേഹം. പക്ഷേ അതൊരു ഓട്ടപ്പന്തയം‌പോലെയാണ്.

“ദിവസത്തിൽ 200 രൂപയുണ്ടാക്കുക എന്നതാണ് ലക്ഷ്യം. മാസത്തിൽ 6,000 രൂപ,” ഷമീം പറയുന്നു. വൈകുന്നേരത്തിനുമുൻപ്, 1,500 പട്ടങ്ങൾക്ക് അദ്ദേഹം തീലി ഒട്ടിച്ച് അത് ടേപ്പുകൊണ്ട് ബന്ധിക്കുന്നു. “അത് ചെയ്യാൻ കഴിഞ്ഞാൽ ദിവസത്തിൽ എനിക്ക് 200-210 രൂപ സമ്പാദിക്കാനാവും,” അദ്ദേഹം പറയുന്നു.

ഈ വർഷം മേയിൽ പാരി സന്ദർശിച്ചപ്പോൾ, പുറത്തെ ഊഷ്മാവ് 40 ഡിഗ്രി സെൽ‌ഷ്യസായിരുന്നു. എന്നാൽ പട്ടമുണ്ടാക്കാനുള്ള പ്ലാസ്റ്റിക്ക് ഷീറ്റുകൾ പറക്കാതിരിക്കേണ്ടതിനാൽ, ഫാൻ ഉപയോഗിക്കാൻ സാധിക്കുകയേയില്ല.

PHOTO • Ali Fraz Rezvi
PHOTO • Ali Fraz Rezvi

ഇടത്ത്: തിലംഗിക്കാവശ്യമായ മരക്കഷണങ്ങൾ തൊഴിലാളികൾ വെട്ടിയെടുക്കുന്നു. വലത്ത്: അശോക് പണ്ഡിറ്റ് (കറുത്ത ടീഷർട്ടിൽ) മരക്കഷണങ്ങൾ പട്ടത്തിൽ ഒട്ടിക്കുമ്പോൾ സുനിൽ കുമാർ മിശ്ര പ്ലാസ്റ്റിക്ക് ഷീറ്റുകൾ മുറിക്കുന്നു

PHOTO • Ali Fraz Rezvi
PHOTO • Ali Fraz Rezvi

ഇടത്ത്: തീലീകൾ ഒട്ടിക്കുന്ന മൊഹമ്മദ് ഷമീം. വലത്ത്: സുനിൽ പ്ലാസ്റ്റിക് ഷീറ്റുകളിൽ ജോലി ചെയ്യുന്നു

പ്ലാസ്റ്റിക്കുകൾ ചെറിയ ചതുരങ്ങളായി മുറിച്ചെടുക്കുന്ന സുനിൽ കുമാർ മിശ്ര നെറ്റിയിലെ വിയർപ്പ് ഒരു തൂവാലകൊണ്ട് ഒപ്പി. “പട്ടങ്ങളുണ്ടാക്കുന്ന ജോലികൊണ്ട് കുടുംബം കൊണ്ടുനടക്കാനാവില്ല. ഇവിടെയുള്ള തൊഴിലാളികളാർക്കും മാസത്തിൽ 10,000 രൂപയിലധികം ശമ്പളമില്ല,” അദ്ദേഹം പറഞ്ഞു.

കുട്ടിക്കാലത്ത്, പട്ടങ്ങളുണ്ടാക്കുന്നത് കണ്ടുകൊണ്ടാണ് ഹാജിഗഞ്ജ് മൊഹല്ല നിവാസിയായ അദ്ദേഹം വളർന്നത്. നഗരത്തിന്റെ പട്ടം നിർമ്മാണ സമുദായത്തിന്റെ കേന്ദ്രമായിരുന്നു ആ മൊഹല്ല. കുട്ടിക്കാലത്തുതന്നെ, പട്ടം നിർമ്മിക്കുന്നത് കണ്ടുവളർന്നത്, പിന്നീട് ജീവിതത്തിൽ ഉപകാരപ്പെട്ടു. പൂക്കൾ വിറ്റ് നടന്നിരുന്ന ജോലി കോവിഡ് 19-ന്റെ കാലത്ത് അവസാനിച്ചതോടെ, ആ തൊഴിലിലേക്ക് അദ്ദേഹം തിരിയുകയായിരുന്നു.

സ്ഥിരം തൊഴിലാളിയാണെങ്കിലും, സുനിലിനും, താനുണ്ടാക്കുന്ന പട്ടത്തിന്റെ എണ്ണത്തിനനുസരിച്ചുള്ള വരുമാനമേ ലഭിക്കുന്നുള്ളു. “രാവിലെ 9 മണി മുതൽ രാത്രി 8 മണിവരെ ജോലി ചെയ്ത്, എല്ലാവരും ആയിരക്കണക്കിന് കഷണങ്ങൾ നിർമ്മിക്കുന്നു,” അദ്ദേഹം പറഞ്ഞു.

*****

സ്വന്തം വീടുകളിലിരുന്ന്, പട്ടങ്ങൾ മുഴുവനായോ, ഭാഗങ്ങളായോ ഉണ്ടാക്കുന്ന ധാരാളം മുസ്ലിം സ്ത്രീകളുണ്ട്. ആയിഷ പർവീൺ തിലംഗി നിർമ്മാണം പഠിച്ചത്, നാലംഗങ്ങളുള്ള കുടുംബത്തെ പോറ്റാനാണ്. കഴിഞ്ഞ 16 വർഷമായി ആയിഷ, തന്റെ ഒറ്റ മുറിയും അടുക്കളയുമുള്ള വീട്ടിലിരുന്ന് പട്ടങ്ങൾ നിർമ്മിക്കുന്നു. ഭർത്താവും രണ്ട് കുട്ടികളുമായിട്ടാണ് അവർ ആ വീട്ടിൽ കഴിയുന്നത്. “അടുത്ത കാലംവരെ ഞാൻ ആഴ്ചയിൽ 9,000 തിലംഗി കൾ ഉണ്ടാക്കാറുണ്ടായിരുന്നു,” അവർ ഓർത്തെടുത്തു. “ഇപ്പോൾ 2,000 പട്ടങ്ങൾക്കുള്ള ആവശ്യം വന്നാൽത്തന്നെ ഭാഗ്യമായി,” അവർ കൂട്ടിച്ചേർത്തു.

“ഒരു തിലംഗി ഏഴ് ഭാഗങ്ങളായാണ് ഉണ്ടാക്കുന്നത്. ഓരോ ഭാഗവും ഓരോ ആളുകളാണ് ചെയ്യുക,” ആയിഷ പറഞ്ഞു. ഒരാൾ പ്ലാസ്റ്റിക് ഷീറ്റുകൾ ആവശ്യമുള്ള വലിപ്പത്തിൽ, നിരവധി കഷണങ്ങളായി മുറിക്കും. അതേസമയത്ത് മറ്റ് രണ്ടുപേർ മുള മുറിച്ച് ചെറിയ തീലി കളും ഖഡ്ഡ കളുമുണ്ടാക്കും. ഒന്ന് നീളവും കനം കുറഞ്ഞതും, മറ്റൊന്ന് അല്പം തടിച്ചതും ചെറുതും ആണ്. മറ്റൊരു തൊഴിലാളി ഖഡ്ഡ കൾ മുറിച്ചെടുത്ത പ്ലാസ്റ്റിക്കിൽ ഒട്ടിച്ച് മറ്റൊരു തൊഴിലാളിക്ക് കൈമാറും. അയാൾ വളവുള്ള തീലി കൾ ഒട്ടിക്കും.

ആ പണി തീർന്നാൽ, അവസാനത്തെ രണ്ട് കരവേലക്കാർ അത് പരിശോധിച്ച്, ഒരു ഒട്ടിക്കുന്ന ടേപ്പ് ചേർത്ത് അവസാനത്തെ തൊഴിലാളിക്ക് കൊടുക്കും. അയാൾ അതിൽ സുഷിരങ്ങളുണ്ടാക്കി, കന്ന എന്ന് വിളിക്കുന്ന ചരട് കെട്ടും.

PHOTO • Ali Fraz Rezvi
PHOTO • Ali Fraz Rezvi

പ്ലാസ്റ്റിക് ഷീറ്റുകളിൽ ഖഡ്ഡ (ഇടത്ത്) ഒട്ടിക്കുന്ന തിരക്കിലാണ് തമന്ന. അത് തീർന്നാൽ അവർ പട്ടം (വലത്ത്) പൊക്കിപ്പിടിച്ച്, സൂര്യവെളിച്ചത്തിൽ നന്നായി പരിശോധിക്കും

പ്ലാസ്റ്റിക്ക് മുറിക്കുന്നയാൾക്ക്, 1,000 പട്ടങ്ങൾക്ക് 80 രൂപ കിട്ടും. മുളകൾ മുറിക്കുന്നവർക്ക് 100 രൂപയാണ് കിട്ടുക. കൂട്ടിച്ചേർക്കുന്ന പണിയിലുള്ള മറ്റുള്ളവർക്ക്, ഇത്രതന്നെ ജോലി ചെയ്യുന്നതിന് ഏകദേശം 50 രൂപ കിട്ടും. ഒരു കൂട്ടം ജോലിക്കാർക്ക് ഒരു ദിവസം പണിയെടുത്താൽ 1,000 പട്ടങ്ങൾ നിർമ്മിക്കാൻ പറ്റും. രാവിലെ 9 മണി മുതൽ 12 മണിക്കൂർ ജോലി ചെയ്താൽ. ഇടയ്ക്ക് വളരെ കുറച്ച് സമയം മാത്രമേ വിശ്രമിക്കാൻ പറ്റൂ.

“മൊത്തം ഏഴ് പേരാണ് ഒരു തിലംഗി ഉണ്ടാക്കുന്നത്. അത് കമ്പോളത്തിൽ വിൽക്കുന്നത് രണ്ട് മുതൽ മൂന്ന് രൂപവരെക്കാണ്,” ആയിഷ പറഞ്ഞു. 1,000 പട്ടങ്ങൾക്ക് മൊത്തം വില 410 രൂപയാണ്. ആ സംഖ്യ ഏഴുപേർ പങ്കിട്ടെടുക്കും. “എന്റെ മകൾ രുഖ്സാന ഈ പണിക്ക് പോകുന്നത് എനിക്കിഷ്ടമല്ല,” അവർ പറയുന്നു.

കരകൌശലക്കാരായ മറ്റ് സ്ത്രീകളെപ്പോലെ അവരും, വീട്ടിലിരുന്ന് ജോലി ചെയ്യാൻ സാധിക്കുന്നതിൽ സന്തോഷവതിയാണ്. കൂലി വളരെ കുറവാണെങ്കിലും. “ആദ്യമൊക്കെ സ്ഥിരം പണിയുണ്ടായിരുന്നു,” ആയിഷ പറഞ്ഞു. 2,000 പട്ടങ്ങൾക്ക് ഖഡ്ഡ ഒട്ടിക്കാനും കന്ന കെട്ടാനും ആയിഷയ്ക്ക് കിട്ടിയിരുന്നത് 180 രൂപയാണ്. 100 പട്ടങ്ങൾക്ക് ഈ രണ്ട് ജോലിയും പൂർത്തിയാക്കാൻ 4-5 മണിക്കൂർ വേണം.

തമന്നയും ദീവാൻ മൊഹല്ലയുടെ അതേ പ്രദേശത്താണ് താമസം. അവർ തിലംഗി യും നിർമ്മിക്കുന്നു. “ഈ ജോലി അധികവും ചെയ്യുന്നത് സ്ത്രീകളായതിന്റെ കാരണം, പട്ട നിർമ്മാണ വ്യവസായത്തിൽ ഏറ്റവും കുറവ് ശമ്പളം കിട്ടുന്ന ജോലി ഇതാണെന്നതുകൊണ്ടാണ്,” 25 വയസ്സുള്ള അവർ പറയുന്നു. “ ഖഡ്ഡ യോ തീലി യോ ഒട്ടിക്കുന്നതിൽ പ്രത്യേകിച്ച് കഴിവൊന്നും ആവശ്യമില്ല. എന്നാൽ, 1,000 ഖഡ്ഡ കളുണ്ടാക്കുന്ന സ്ത്രീകൾക്ക് 50 രൂപ കിട്ടുമ്പോൾ, 100 തീലികളുണ്ടാക്കുന്ന പുരുഷന് 100 രൂപയാണ് കിട്ടുന്നത്.”

PHOTO • Ali Fraz Rezvi

താനുണ്ടാക്കിയ ഒരു തിലംഗി കാണിച്ചുതരുന്ന രുഖ്സാന

പട്ടനിർമ്മാണത്തിന്റേയും വിതരണത്തിന്റേയും കേന്ദ്രമാണ് ഇപ്പോഴും പാറ്റ്ന - ബിഹാറിലും, സിലിഗുരി, കൊൽക്കൊത്ത, മാൾഡ, റാഞ്ചി, കാത്ത്മണ്ഡു, ഝാൻസി, പുനെ, നാഗ്പുർ തുടങ്ങിയ ഇടങ്ങളിലേക്കും പട്ടവും അതിനോടനുബന്ധിച്ച സാമഗ്രികളും പോകാറുണ്ട്

ആയിഷയുടെ 17 വയസ്സുള്ള മകൾ രുഖ്സാ‍ന ഒരു ഖഡ്ഡ വിദഗ്ദ്ധയാണ്. കനം കുറഞ്ഞ മുളങ്കമ്പുകൾ അവൾ വഴുക്കലുള്ള കനം കുറഞ്ഞ പ്ലാസ്റ്റിക് ഷീറ്റുകളിൽ ഒട്ടിക്കുന്നു. 11-ആം ക്ലാസ്സിൽ, കൊമേഴ്സിന് പ്രവേശനം കിട്ടിയ അവൾ, പഠിത്തത്തിനിടയിൽ സമയം കണ്ടെത്തി, പട്ടം നിർമ്മിക്കുന്ന തൊഴിലിൽ അമ്മയെ സഹായിക്കുന്നു

12 വയസ്സിലേ അവൾ, അമ്മയിൽനിന്ന് ഈ കല പഠിച്ചെടുത്തു. “കുട്ടിയായിരുന്നപ്പൊഴേ അവൾ പട്ടങ്ങളുമായി കളിക്കാറുണ്ടായിരുന്നു. അതിൽ മിടുക്കിയായിരുന്നു,” ആയിഷ പറയുന്നു. എന്നാൽ ഇപ്പോൾ അമ്മ മകളെ അധികം പ്രോത്സാഹിപ്പിക്കാറില്ല. ഇത് അധികവും ആണുങ്ങളുടെ കളിയാണെന്നാണ് അവരുടെ അഭിപ്രായം

മൊഹല്ല ദീവാനിലെ ശീഷ് മഹൽ ഭാഗത്തെ തന്റെ വാടകവീടിന്റെ മുൻ‌വാതിലിനടുത്തായി, ആയിഷ, താൻ പുതുതായുണ്ടാക്കിയ തിലംഗി കൾ അടുക്കിവെച്ചു. പട്ടങ്ങൾക്ക് അവസാന മിനുക്കുപണി നൽകുന്ന തിരക്കിലാണ് രുഖ്സാന. കരാറുകാരൻ ഷഫീഖ് വന്ന് അത് കൊണ്ടുപോകാൻ കാത്തിരിക്കുകയാണവർ.

“2,000 പട്ടങ്ങൾക്കുള്ള ഒരു ഓർഡർ ഞങ്ങൾക്ക് കിട്ടിയെങ്കിലും, മകളെ അറിയിക്കാൻ ഞാൻ വിട്ടുപോയി. ബാക്കി വന്ന സാധനങ്ങൾകൊണ്ട് അവർ 300 അധികം കഷണങ്ങൾ ഉണ്ടാക്കിയിരുന്നു,” ആയിഷ പറയുന്നു.

“എന്നാൽ പരിഭ്രമിക്കാനൊന്നുമില്ല. അത് അടുത്ത ഓർഡർ വരുമ്പോൾ ഞങ്ങൾ ഉപയോഗിക്കും,” ഞങ്ങളുടെ സംഭാഷം കേട്ടുനിന്ന രുഖ്സാന പറഞ്ഞു.

“അടുത്ത ഓർഡർ വന്നാൽ,” ആയിഷ പറയുന്നു.

മൃണാളിനി മുഖർജി ഫൌണ്ടേഷൻ ഫെല്ലോഷിപ്പിന്റെ പിന്തുണയോടെ നടത്തിയ റിപ്പോർട്ടിംഗ്

പരിഭാഷ: രാജീവ് ചേലനാട്ട്

Ali Fraz Rezvi

Ali Fraz Rezvi is an independent journalist and theatre artist. He is a PARI-MMF fellow for 2023.

Other stories by Ali Fraz Rezvi
Editor : Priti David

Priti David is the Executive Editor of PARI. She writes on forests, Adivasis and livelihoods. Priti also leads the Education section of PARI and works with schools and colleges to bring rural issues into the classroom and curriculum.

Other stories by Priti David
Translator : Rajeeve Chelanat

Rajeeve Chelanat is based out of Palakkad, Kerala. After spending 25 years of professional life in the Gulf and Iraq, he returned home to work as a proof reader in the daily, Mathrubhumi. Presently, he is working as a Malayalam translator.

Other stories by Rajeeve Chelanat