ഓർമ്മവെച്ച കാലം മുതൽ, മോഹൻലാൽ ലോഹാറിന് ചുറ്റികകൊണ്ട് മേടുന്നതിന്റെ ക്രമബദ്ധമായ സംഗീതത്തോട് വലിയ താത്പര്യം തോന്നിയിരുന്നു. താളബദ്ധമായ ആ മുഴക്കം കേട്ട്, അവ മെനയുന്നത് തന്റെ ജീവിതപാതയാകുമെന്ന് തിരിച്ചറിഞ്ഞാണ് അദ്ദേഹം വളർന്നത്.

രാജസ്ഥാനിലെ ബാഡ്മീർ ജില്ലയിലുള്ള നന്ദ് ഗ്രാമത്തിലെ ഒരു ലോഹാർ (ഇരുമ്പ് പണിക്കാർ) കുടുംബത്തിലാണ് മോഹൻലാൽ ജനിച്ചത്. അദ്ദേഹത്തിന് എട്ട് വയസ്സുള്ളപ്പോൾ, പിതാവ്, പരേതനായ ഭവ്‌റാറാം ലോഹാറിന് ജോലിയ്ക്കിടെ ചുറ്റികകളും മറ്റ് ഉപകരണങ്ങളും എടുത്തുകൊടുത്താണ് അദ്ദേഹം ഈ തൊഴിലിൽ പ്രവേശിച്ചത്. "ഞാൻ ഒരിക്കൽപ്പോലും സ്കൂളിൽ പോയിട്ടില്ല. ഈ ഉപകരണങ്ങൾകൊണ്ട് കളിക്കാനായിരുന്നു എനിക്ക് ഇഷ്ടം," അദ്ദേഹം പറയുന്നു.

രാജസ്ഥാനിൽ മറ്റു പിന്നാക്കവിഭാഗമായി പരിഗണിക്കപ്പെടുന്ന ഗഡുലിയാ ലോഹാർ സമുദായത്തിൽപ്പെട്ട ഈ കുടുംബം മാർവാഡി, ഹിന്ദി എന്നീ ഭാഷകൾ സംസാരിക്കുന്നവരാണ്. അഞ്ച് ദശാബ്ദം മുൻപ്, 1980-കളുടെ തുടക്കത്തിലാണ് കൗമാരക്കാരനായ മോഹൻലാൽ മെച്ചപ്പെട്ട തൊഴിലവസരങ്ങൾ തേടി ജയ്സാൽമറിൽ എത്തുന്നത്. അന്നുതൊട്ട് അദ്ദേഹം അലുമിനിയം, വെള്ളി, സ്റ്റീൽ എന്നിവയ്ക്ക് പുറമേ പിച്ചളകൊണ്ടുപോലും മോർചാങ്കുകൾ നിർമ്മിച്ചുവരുന്നു.

"ഒരു കഷ്ണം ലോഹാ (ഇരുമ്പ്) വെറുതെ ഒന്ന് തൊട്ടാൽപ്പോലും, അതിൽനിന്ന് നല്ല നാദം ഉയരുമോ എന്ന് എനിക്ക് പറയാനാകും," ചുട്ടുപഴുത്ത ഇരുമ്പ് ആകൃതിപ്പെടുത്തി, സംഗീതസാന്ദ്രമായ  മോർചാങ്കുകൾ നിർമ്മിക്കുന്ന ജോലിയിൽ 20,000-ൽ അധികം മണിക്കൂറുകളുടെ അനുഭവസമ്പത്തുള്ള മോഹൻലാൽ പറയുന്നു. ജയ്സാൽമറിൽ ഏറെ പ്രചാരത്തിലുള്ള ഒരു താളവാദ്യമാണ് മോർചാങ്ക്.

"ഒരു മോർചാങ്ക് നിർമ്മിക്കുന്ന പ്രവൃത്തി ഏറെ ദുഷ്‌കരമാണ്," എന്ന് പറയുന്ന ആ 65 വയസ്സുകാരൻ താൻ ഇന്നേവരെ എത്ര മോർചാങ്കുകൾ നിർമ്മിച്ചിട്ടുണ്ടാകുമെന്ന് ഓർത്തെടുക്കാനാകുന്നില്ലെന്ന് കൂട്ടിച്ചേർക്കുന്നു: "അത് എണ്ണിത്തിട്ടപ്പെടുത്താനാവില്ല."

ഏതാണ്ട് 10 ഇഞ്ച് നീളം വരുന്ന ഒരു മോർചാങ്കിൽ (മൊർസിങ് എന്നും എഴുതാറുണ്ട്) കുതിരലാടത്തിന്റെ ആകൃതിയിലുള്ള ഒരു വളയവും സമാന്തരമായ രണ്ടു ദണ്ഡുകളുമാണുള്ളത്. ഇവയ്ക്കിടയിലൂടെ കടന്നുപോകുന്ന, ട്രിഗ്ഗർ എന്ന് വിളിക്കുന്ന ലോഹക്കഷ്ണം ഒരു വശത്ത് ഉറപ്പിച്ചിരിക്കും. ഈ ലോഹക്കഷ്ണം മുൻപല്ലുകൾകൊണ്ട് കടിച്ചുപിടിച്ച് അതിലൂടെയാണ് മോർചാങ്ക് വാദകൻ ശ്വാസോച്ഛ്വാസം ചെയ്യുക. ഒരു കൈകൊണ്ട് മോർചാങ്കിലെ ലോഹക്കഷ്ണം ചലിപ്പിച്ച് വാദകൻ സ്വരങ്ങൾ പുറപ്പെടുവിക്കും; മറ്റേ കൈകൊണ്ട് ഇരുമ്പ് വളയത്തിൽ മുറുകെ പിടിക്കുകയും ചെയ്യും.

Mohanlal Lohar is a skillful instrument maker as well as a renowned morchang player who has spent over five decades mastering the craft. Morchang is a percussion instrument heard across Jaisalmer’s sand dunes
PHOTO • Sanket Jain
Mohanlal Lohar is a skillful instrument maker as well as a renowned morchang player who has spent over five decades mastering the craft. Morchang is a percussion instrument heard across Jaisalmer’s sand dunes
PHOTO • Sanket Jain

സമർത്ഥനായ ഉപകരണ നിർമ്മാതാവും അറിയപ്പെടുന്ന മോർചാങ്ക് വാദകനുമായ മോഹൻലാൽ ലോഹാർ കഴിഞ്ഞ അഞ്ച് ദശാബ്ദമായി തന്റെ കരവിരുത് മിനുക്കി മെച്ചപ്പെടുത്തുകയാണ്. ജയ്സാൽമറിൽ ഏറെ പ്രചാരത്തിലുള്ള ഒരു താളവാദ്യമാണ് മോർചാങ്ക്

ഈ ഉപകരണത്തിന് കുറഞ്ഞത് 1,500 വർഷത്തെ പഴക്കമുണ്ട്. "കന്നുകാലികളെ മേയ്ക്കുന്ന ഇടയന്മാർ മോർചാങ്ക് വായിക്കുമായിരുന്നു," മോഹൻലാൽ പറയുന്നു. ഈ ഉപകരണവും അതിന്റെ സംഗീതവും ഇടയന്മാർക്കൊപ്പം സഞ്ചരിച്ചു. അവർ ദൂരദേശങ്ങളിലേയ്ക്ക് യാത്ര ചെയ്തതിനൊപ്പം ഈ ഉപകരണത്തിന്റെ ഖ്യാതിയും രാജസ്ഥാനിലൊന്നാകെ, പ്രത്യേകിച്ച് ജയ്സാൽമർ, ജോധ്പൂർ ജില്ലകളിൽ പടരുകയായിരുന്നു.

അറുപതുകളിലെത്തിയ മോഹൻലാൽ ഇപ്പോൾ എട്ട് മണിക്കൂറെടുത്താണ് ഒരു മോർചാങ്ക് നിർമ്മിക്കുന്നത്; നേരത്തെയെല്ലാം അദ്ദേഹം ഒരുദിവസം രണ്ട് മോർചാങ്ക് വീതം അനായാസം നിർമ്മിക്കുമായിരുന്നു. "മോർചാങ്കിന്റെ ഗുണനിലവാരത്തിൽ വിട്ടുവീഴ്ച ചെയ്യാൻ താത്പര്യം ഇല്ലാത്തത് കൊണ്ടുതന്നെ ഞാൻ ഇപ്പോൾ ദിവസേന ഒരെണ്ണം മാത്രമേ ഉണ്ടാക്കാറുള്ളൂ," എന്ന് പറഞ്ഞ് അദ്ദേഹം കൂട്ടിച്ചേർക്കുന്നു," എന്റെ മോർചാങ്കുകൾ ഇപ്പോൾ ലോകപ്രശസ്തമാണ്." വിനോദസഞ്ചാരികൾക്ക് ഏറെ പ്രിയപ്പെട്ട, മോർചാങ്കിന്റെ ആകൃതിയിലുള്ള ചെറുലോക്കറ്റുകൾ നിർമ്മിക്കുന്നതിലും അദ്ദേഹം വൈദഗ്ധ്യം നേടിയിട്ടുണ്ട്.

"എല്ലാ ലോഹത്തിൽനിന്നും നല്ല മോർചാങ്കുകൾ ഉണ്ടാക്കാൻ പറ്റില്ല" എന്നതുകൊണ്ടുതന്നെ അതിന് യോജിച്ച ലോഹ കണ്ടെത്തുക എന്നത് വളരെ പ്രധാനമാണെന്ന് അദ്ദേഹം പറയുന്നു. ഒരു ദശാബ്ദത്തോളമെടുത്താണ് ഏറ്റവും മികച്ച ലോഹ തിരഞ്ഞെടുക്കാനുള്ള കഴിവ് അദ്ദേഹം ആർജ്ജിച്ചെടുത്തത്. ജയ്സാൽമറിൽനിന്നാണ് അദ്ദേഹം ഇരുമ്പ് വാങ്ങിക്കുന്നത് - ഒരു കിലോയ്ക്ക് ഏകദേശം 100 രൂപ വിലവരും; ഒരു മോർചാങ്കിന് ഏറ്റവും കൂടിയത് 150 ഗ്രാം ഭാരമേ ഉണ്ടാകുകയുള്ളൂ. സംഗീതജ്ഞർക്കും ഭാരം കുറഞ്ഞ മോർചാങ്കുകളാണ് താത്പര്യം.

മാർവാഡി ഭാഷയിൽ ധാമൻ എന്നറിയപ്പെടുന്ന, ഇരുമ്പ് പണിക്കാർ പരമ്പരാഗതമായി ഉപയോഗിക്കുന്ന ആലയാണ് മോഹൻലാലിൻറെ കുടുംബം ഇപ്പോഴും ഉപയോഗിക്കുന്നത്. "ജയ്സാൽമർ നഗരത്തിൽ എവിടെയും ഇതുപോലെയുള്ള ആല നിങ്ങൾക്ക് കാണാൻ സാധിക്കുകയില്ല," അദ്ദേഹം പറയുന്നു. "കുറഞ്ഞത് 100 വർഷത്തെ പഴക്കമുള്ള ഈ ആല ഇപ്പോഴും സുഗമമായി പ്രവർത്തിക്കുന്നുണ്ട്."

Mohanlal’s family uses a traditional blacksmith forge called dhaman (left) to shape metals . The dhaman is 'at least 100 years old and works perfectly,' he says. With rising temperature, the forge produces a lot of smoke (right), which causes breathing and coughing problems, says Mohanlal
PHOTO • Sanket Jain
Mohanlal’s family uses a traditional blacksmith forge called dhaman (left) to shape metals . The dhaman is 'at least 100 years old and works perfectly,' he says. With rising temperature, the forge produces a lot of smoke (right), which causes breathing and coughing problems, says Mohanlal
PHOTO • Sanket Jain

ഇരുമ്പ് പണിക്കാർ  പരമ്പരാഗതമായി ഉപയോഗിക്കുന്ന, ധാമൻ (ഇടത്) എന്ന ആലയാണ് ലോഹങ്ങൾക്ക് ആകൃതി നൽകാനായി മോഹൻലാലിന്റെ കുടുംബം ഇപ്പോഴും ഉപയോഗിക്കുന്നത്. ഈ ധാമന് 'കുറഞ്ഞത് 100 വർഷത്തെ പഴക്കം ഉണ്ടെങ്കിലും അത് ഇപ്പോഴും സുഗമമായി പ്രവർത്തിക്കുന്നുണ്ട്,' അദ്ദേഹം പറയുന്നു. ചൂട് കൂടുന്നതിനനുസരിച്ച് ആലയിൽനിന്ന് ഒരുപാട് പുക (വലത്) ഉയരുന്നത് ശ്വാസതടസ്സവും ചുമയും ഉണ്ടാക്കുമെന്ന് മോഹൻലാൽ പറയുന്നു

Heating the iron in a forge is challenging as it can cause severe burns, says Mohanlal. Kaluji (right), Mohanlal’s son-in-law, helping him hammer the red-hot iron
PHOTO • Sanket Jain
Heating the iron in a forge is challenging as it can cause severe burns, says Mohanlal. Kaluji (right), Mohanlal’s son-in-law, helping him hammer the red-hot iron
PHOTO • Sanket Jain

ഗുരുതരമായ പൊള്ളലേൽക്കാനുള്ള സാധ്യതയുള്ളതിനാൽ ആലയിൽ ഇരുമ്പ് ഉരുക്കുന്ന പ്രവൃത്തി ഏറെ ശ്രമകരമാണെന്ന് മോഹൻലാൽ പറയുന്നു. മോഹൻലാലിന്റെ മരുമകനായ കാലുജി (വലത്) ചുട്ടുപഴുത്ത ഇരുമ്പടിച്ച്, ആകൃതി വരുത്താൻ അദ്ദേഹത്തെ സഹായിക്കുന്നു

ആട്ടിൻതോൽകൊണ്ടുണ്ടാക്കിയ രണ്ട് സഞ്ചികൾ ഉപയോഗിച്ചാണ് അദ്ദേഹം വായു പമ്പ് ചെയ്യുന്നത്. കാറ്റ് കടന്നുപോകുന്ന ഭാഗം ചെമ്മരത്തിന്റെ ( ടെക്കോമെല്ല അന്തുലത ) തടികൊണ്ട് നിർമ്മിച്ചതാണ്. കുറഞ്ഞത് മൂന്ന് മണിക്കൂർ നേരത്തേയ്ക്ക് ഇരുമ്പ് ചൂടാക്കുന്നതിനൊപ്പംതന്നെ വായു പമ്പ് ചെയ്യേണ്ടതുണ്ട്. ഏറെ ദുഷ്കരമായ ഒരു പ്രവൃത്തിയാണത്. കായികമായി വായു പമ്പ് ചെയ്യുന്നയാളുടെ ചുമലിനും നടുവിനും കഠിനമായ വേദന അനുഭവപ്പെടും; വേണ്ടത്ര വായുസഞ്ചാരം ഇല്ലാത്തതിനാൽ ശ്വാസതടസ്സം ഉണ്ടാകാനും അമിതമായി വിയർക്കാനും സാധ്യതയേറെയാണ്.

മോഹൻലാലിൻറെ ഭാര്യയായ ഗീഗീ ദേവി മുൻപെല്ലാം അദ്ദേഹത്തെ വായു പമ്പ് ചെയ്യാൻ സഹായിച്ചിരുന്നെങ്കിലും ഇപ്പോൾ പ്രായാധിക്യംമൂലം അതിന് സാധിക്കാത്ത സ്ഥിതിയിലാണ്. "മോർചാങ്ക് നിർമ്മിക്കുന്ന പ്രക്രിയയിൽ സ്ത്രീകൾ ചെയ്യുന്ന ഒരേയൊരു ജോലിയാണിത്. മറ്റെല്ലാം പരമ്പരാഗതമായി പുരുഷന്മാർ ചെയ്യുന്ന ജോലികളാണ്," 60 വയസ്സുകാരിയായ ഗീഗി ദേവി പറയുന്നു. അവരുടെ ആണ്മക്കളായ റാൻമലും ഹരിശങ്കറും -ലോഹാറുകളുടെ ആറാം തലമുറയിലെ അംഗങ്ങളാണവർ- മോർചാങ്ക് നിർമ്മാണംതന്നെയാണ് തൊഴിലായി സ്വീകരിച്ചിരിക്കുന്നത്.

വായു പമ്പ് ചെയ്യാൻ തുടങ്ങുന്നതിനൊപ്പം മോഹൻലാൽ ചുട്ടുപഴുത്ത ഇരുമ്പ് ഒരു സണ്ടാസി (ഇരുമ്പ് പണിക്കാർ ഉപയോഗിക്കുന്ന കൊടിൽ) ഉപയോഗിച്ച് ഉയർത്തി ആരൺ എന്ന് വിളിക്കുന്ന, ഉയർന്ന ഒരു ഇരുമ്പ് പ്രതലത്തിൽ സൂക്ഷ്മതയോടെ വെക്കുന്നു. അതിനുശേഷം, അദ്ദേഹം ഇടതുകൈകൊണ്ട് ശ്രദ്ധയോടെ ഇരുമ്പുകഷ്ണം പിടിക്കുന്നതിനൊപ്പം ദ്രുതഗതിയിൽ വലതുകൈകൊണ്ട് ചുറ്റിക എടുക്കുന്നു. ഇതേസമയം മറ്റൊരു ലോഹാറും അഞ്ച് കിലോയോളം ഭാരം വരുന്ന ചുറ്റിക കയ്യിലെടുക്കുകയും ശേഷം ഇരുവരും മാറിമാറി ഇരുമ്പിൽ ചുറ്റികകൊണ്ട് അടിക്കുകയും ചെയ്യുന്നു.

ലോഹാറുകൾ മാറിമാറി ചുറ്റികകൊണ്ട് അടിക്കുമ്പോൾ ഉണ്ടാകുന്ന, "ഡോലക്കി മുഴക്കുന്നതുപോലുള്ള ശബ്ദം കേട്ടാണ് മോർചാങ്ക് ഉണ്ടാക്കുന്ന ജോലിയിലേക്ക് ഞാൻ ആകൃഷ്ടനായത്," മോഹൻലാൽ പറയുന്നു.

Some of the tools Mohanlal uses to make a morchang: ( from left to right) ghan, hathoda, sandasi, chini, loriya, and khurpi . 'It is tough to make a morchang ,' says the 65-year-old and adds that he can’t recall how many morchangs he’s made to date: ' g inti se bahar hain woh [there is no count to it]'
PHOTO • Sanket Jain
Some of the tools Mohanlal uses to make a morchang: ( from left to right) ghan, hathoda, sandasi, chini, loriya, and khurpi . 'It is tough to make a morchang ,' says the 65-year-old and adds that he can’t recall how many morchangs he’s made to date: ' g inti se bahar hain woh [there is no count to it]'
PHOTO • Sanket Jain

മോഹൻലാൽ, മോർചാങ്ക് നിർമ്മിക്കാൻ ഉപയോഗിക്കുന്ന ഉപകരണങ്ങളിൽ ചിലത്: (ഇടത്തുനിന്ന് വലത്തേക്ക്): ഘാൻ, ഹത്തോഡ, സണ്ടാസി, ചിനി, ലോറിയ, ഖുർപി. 'ഒരു മോർചാങ്ക് നിർമ്മിക്കുന്ന പ്രവൃത്തി ഏറെ ദുഷ്‌കരമാണ്,' എന്ന് പറയുന്ന ആ 65 വയസ്സുകാരൻ താൻ ഇന്നേവരെ എത്ര മോർചാങ്കുകൾ നിർമ്മിച്ചിട്ടുണ്ടാകുമെന്ന് ഓർത്തെടുക്കാനാകുന്നില്ലെന്ന് കൂട്ടിച്ചേർക്കുന്നു: 'അത് എണ്ണിത്തിട്ടപ്പെടുത്താനാവില്ല'

Left: Ranmal, Mohanlal's elder son and a sixth generation lohar, playing the instrument . 'Many people have started using machines for hammering, but we do it using our bare hands even today,' he says.
PHOTO • Sanket Jain
Right: Besides morchangs , Mohanlal has taught himself to craft alghoza, shehnai, murli, sarangi, harmonium and flute
PHOTO • Sanket Jain

ഇടത്: ലോഹാറുകളുടെ ആറാം തലമുറയിലെ അംഗവും മോഹൻലാലിൻറെ മൂത്ത മകനുമായ റാൻമൽ ഉപകരണം വായിക്കുന്നു. 'പലരും ഇരുമ്പ് അടിച്ച് ആകൃതിപ്പെടുത്താൻ ചുറ്റികയ്ക്ക് പകരം യന്ത്രങ്ങൾ ഉപയോഗിക്കാൻ തുടങ്ങിയിട്ടുണ്ടെങ്കിലും, ഞങ്ങൾ ഇന്നും കൈകൾകൊണ്ടുതന്നെയാണ് അത് ചെയ്യുന്നത്,' അദ്ദേഹം പറയുന്നു. വലത്: മോഹൻലാൽ, മോർചാങ്കുകൾക്ക് പുറമേ അൽഗോസ, ഷെഹ്‌നായി, മുർളി, സാരംഗി, ഹാർമോണിയം, പുല്ലാങ്കുഴൽ തുടങ്ങിയ ഉപകരണങ്ങൾ ഉണ്ടാക്കാനും സ്വയം അഭ്യസിച്ചിട്ടുണ്ട്

ഈ 'സംഗീതം' മൂന്ന് മണിക്കൂർ നീളുമ്പോഴേക്കും അദ്ദേഹത്തിന്റെ കൈകളിൽ നീര് വരാൻ തുടങ്ങി. മോർചാങ്ക് നിർമ്മിക്കുന്ന കൈപ്പണിക്കാരൻ 3 മണിക്കൂറിനുള്ളിൽ 10,000-ത്തിൽ അധികം തവണ ചുറ്റിക ഉയർത്തി അടിക്കേണ്ടതായുണ്ട്; അതിൽ ഒരു തവണ കൈ വഴുതിയാൽപ്പോലും വിരലുകൾക്ക് പരിക്ക് പറ്റും. "മുൻപ് ഒരിക്കൽ ഈ ജോലിയ്ക്കിടെ എന്റെ നഖങ്ങൾ പൊട്ടിപ്പോയിട്ടുണ്ട്. ഈ ജോലിയ്ക്കിടെ പരിക്ക് പറ്റുന്നത് സാധാരണമാണ്," വേദന ചിരിച്ചുതള്ളിക്കൊണ്ട് മോഹൻലാൽ പറയുന്നു. ഈ തൊഴിലിൽ ഏർപ്പെടുന്നവർക്ക് മുറിവുകൾ ഉണ്ടാകുന്നതിന് പുറമേ പൊള്ളൽ ഏൽക്കുന്നതും പതിവാണ്." പലരും ഇരുമ്പടിച്ച് ആകൃതിപ്പെടുത്താൻ ചുറ്റികയ്ക്ക് പകരം യന്ത്രങ്ങൾ ഉപയോഗിക്കാൻ തുടങ്ങിയിട്ടുണ്ടെങ്കിലും, ഞങ്ങൾ ഇന്നും കൈകൾകൊണ്ടുതന്നെയാണ് അത് ചെയ്യുന്നത്", മോഹൻലാലിൻറെ മൂത്ത മകൻ റാൻമൽ പറയുന്നു.

ചുറ്റികകൊണ്ട് ഇരുമ്പടിച്ചതിന് ശേഷമുള്ള പ്രക്രിയയാണ് മോർചാങ്ക് നിർമ്മാണത്തിലെ ഏറ്റവും പ്രയാസമേറിയ ഘട്ടം -ചുട്ടുപഴുത്ത ഇരുമ്പ് ശ്രദ്ധാപൂർവ്വം ആകൃതിപ്പെടുത്തുക എന്നത്. രണ്ടുമണിക്കൂറോളം നീളുന്ന ഈ പ്രക്രിയയ്ക്കിടയിലാണ് അദ്ദേഹം സങ്കീർണ്ണമായ ഡിസൈനുകൾ തീർക്കുന്നത്. അതിനുശേഷം ഒന്നോ രണ്ടോ മണിക്കൂർ ഉപകരണം തണുക്കാൻ വെച്ചശേഷം വീണ്ടുമൊരു രണ്ടുമണിക്കൂറെടുത്ത് അതിന്റെ പ്രതലം ഉരച്ച് മിനുസപ്പെടുത്തുന്നു. "മോർചാങ്ക് ഉരച്ച് കണ്ണാടിപോലെ മിനുസപ്പെടുത്തുന്ന പ്രക്രിയ വിസ്മയകരമായ ഒരു മാറ്റമാണ് ഉണ്ടാക്കുക,' റാൻമൽ പറയുന്നു.

മോഹൻലാലിൻറെ കുടുംബത്തിന് എല്ലാ മാസവും കുറഞ്ഞത് 10 മോർചാങ്കുകൾ ഉണ്ടാക്കാനുള്ള ഓർഡർ ലഭിക്കാറുണ്ട്; ഒരു മോർചാങ്കിന് 1,200 രൂപ മുതൽ 1,500 രൂപ വരെയാണ് വില. ശൈത്യകാലത്ത് ഈ പ്രദേശത്ത് വിനോദസഞ്ചാരികൾ വന്നെത്തുമ്പോൾ, ഓർഡറുകളുടെ എണ്ണം ഇരട്ടിക്കും. "ഒരുപാട് വിനോദസഞ്ചാരികൾ ഇമെയിൽ വഴിയും മോർചാങ്കുകൾ ഓർഡർ ചെയ്യാറുണ്ട്," റാൻമൽ പറയുന്നു. ഫ്രാൻസ്, ജർമ്മനി, ജപ്പാൻ, യു.എസ്.എ, ആസ്‌ട്രേലിയ, ഇറ്റലി തുടങ്ങി വിവിധ രാജ്യങ്ങളിൽനിന്ന് ഇവർക്ക് ഓർഡറുകൾ ലഭിക്കാറുണ്ട്. ഇതിനുപുറമേ, മോഹൻലാലും അദ്ദേഹത്തിന്റെ ആണ്മക്കളും  രാജസ്ഥാനിലുടനീളം സംഘടിപ്പിക്കപ്പെടുന്ന വിവിധ സാംസ്‌കാരിക ആഘോഷങ്ങളിൽ മോർചാങ്ക് വായിക്കാനും വിൽക്കാനും പോകാറുമുണ്ട്.

'ദിവസം മുഴുവൻ ജോലി ചെയ്യുന്നതിന് പുറമേ, മോർചാങ്ക് വാങ്ങാൻ ഒരു ആളെക്കൂടി കിട്ടിയാൽ മാത്രമേ ആ ദിവസം 300-400 രൂപ സമ്പാദിക്കാൻ കഴിയുകയുള്ളൂ. ഇത് ലാഭകരമായ ഒരു തൊഴിലല്ല,' മോഹൻലാൽ പറയുന്നു

വീഡിയോ കാണുക: ജയ്സാൽമറിലെ മോർചാങ്ക് നിർമ്മാതാവ്

തന്റെ ആൺമക്കൾ ഈ കൈപ്പണി തന്നെ തൊഴിലായി തിരഞ്ഞെടുത്തതിൽ മോഹൻലാൽ സന്തോഷിക്കുമ്പോഴും, ജയ്സാൽമറിൽ കൈകൊണ്ട് മോർചാങ്ക് നിർമ്മിക്കുന്ന കൈപ്പണിക്കാരുടെ എണ്ണം ദ്രുതഗതിയിൽ കുറഞ്ഞുവരികയാണെന്നതാണ് സത്യം. "ഇത്രയും ഉയർന്ന ഗുണനിലവാരമുള്ള മോർചാങ്ക് വാങ്ങാൻ ആയിരം രൂപപോലും ചിലവാക്കാൻ ആളുകൾക്ക് മടിയാണ്," അദ്ദേഹം പറയുന്നു. മോർചാങ്ക് നിർമ്മിക്കുന്ന പ്രക്രിയയ്ക്ക് ഏറെ ക്ഷമയും കഠിനാധ്വാനവും ആവശ്യമായതുകൊണ്ടുതന്നെ ഈ മേഖലയിലേയ്ക്ക് കടന്നുവരുന്നവർ കുറവാണ്. "ദിവസം മുഴുവൻ ജോലി ചെയ്യുന്നതിന് പുറമേ, മോർചാങ്ക് വാങ്ങാൻ ഒരു ആളെക്കൂടി കിട്ടിയാൽ മാത്രമേ മൂന്നൂറോ നാന്നൂറോ രൂപ സമ്പാദിക്കാൻ കഴിയുകയുള്ളൂ. ഇത് ലാഭകരമായ ഒരു തൊഴിലല്ല," അദ്ദേഹം പറയുന്നു

ആലയിൽനിന്ന് ഉയരുന്ന പുക തങ്ങളുടെ കാഴ്ചയെ ദോഷകരമായി ബാധിക്കുന്നുവെന്ന് പല ലോഹാറുകളും പരാതിപ്പെടുന്നുണ്ട്. "ആലയിൽനിന്നുള്ള പുക പണിക്കാരുടെ കണ്ണിലും മൂക്കിലും കയറി ചുമയ്ക്ക് കാരണമാവുകയും ചെയ്യും, " റാൻമൽ പറയുന്നു. "അത്യുഷ്ണത്തിൽ ആലയ്ക്ക് സമീപം ഇരിക്കേണ്ടിവരുന്നതും  ഞങ്ങൾക്ക് കടുത്ത അസ്വസ്ഥത ഉണ്ടാക്കാറുണ്ട്." റാൻമൽ പറയുന്നതുകേട്ട് മോഹൻലാൽ മകനെ ഗുണദോഷിക്കുന്നു," മുറിവുകൾക്ക് ഇത്രയും ശ്രദ്ധ കൊടുത്താൽ പിന്നെ നീ എങ്ങനെയാണ് പഠിക്കുക?"

മോഹൻലാൽ, മോർചാങ്കുകൾക്ക് പുറമെ അൽഗോസ (ഇരട്ട പുല്ലാങ്കുഴൽ എന്നും അറിയപ്പെടുന്ന, തടിയിൽ തീർത്ത സുഷിരവാദ്യം), ഷെഹ്‌നായി, മുർളി, സാരംഗി, ഹാർമോണിയം, പുല്ലാങ്കുഴൽ തുടങ്ങിയ ഉപകരണങ്ങൾ നിർമ്മിക്കാനും സ്വയം അഭ്യസിച്ചിട്ടുണ്ട്. "എനിക്ക് സംഗീതോപകരണങ്ങൾ വായിക്കാൻ ഇഷ്ടമായതിനാൽ, അവ ഉണ്ടാക്കാൻ പഠിക്കുന്നുമുണ്ട്." താൻ പുതുതായി നിർമ്മിച്ച മിക്ക ഉപകരണങ്ങളും അദ്ദേഹം ഒരു ലോഹപ്പെട്ടിയിൽ സൂക്ഷിച്ചുവെച്ചിരിക്കുകയാണ്. "ഇത് എന്റെ നിധിയാണ്," ഒരു പുഞ്ചിരിയോടെ അദ്ദേഹം പറയുന്നു.

മൃണാളിനി മുഖർജി ഫൌണ്ടേഷന്റെ സഹായത്തോടെ, ഗ്രാമീണ കരകൗശലക്കാരെക്കുറിച്ച് സങ്കേത് ജയിൻ തയ്യാറാക്കുന്ന പരമ്പരയുടെ ഭാഗമാണ് ഈ റിപ്പോർട്ട്

പരിഭാഷ: പ്രതിഭ ആര്‍. കെ .

Sanket Jain

Sanket Jain is a journalist based in Kolhapur, Maharashtra. He is a 2022 PARI Senior Fellow and a 2019 PARI Fellow.

Other stories by Sanket Jain
Editor : Siddhita Sonavane

Siddhita Sonavane is Content Editor at the People's Archive of Rural India. She completed her master's degree from SNDT Women's University, Mumbai, in 2022 and is a visiting faculty at their Department of English.

Other stories by Siddhita Sonavane
Translator : Prathibha R. K.

Pratibha R K is a post graduate in English from the Central University of Hyderabad and works as a translator.

Other stories by Prathibha R. K.