ദിവസവും 12 മണിക്കൂർ നേരം ഒരു ‘വീടിന്റെ‘ ഉടമസ്ഥനാവും ഹാദു ബഹേര. അത്രയും നേരം 51 വയസ്സുള്ള ആ നെയ്ത്തുകാരൻ വടക്കൻ സൂറത്തിലെ വേദ് റോഡിലെ ആറടി നീളവും മൂന്നടി വീതിയുമുള്ള ഒരു സ്ഥലത്ത് താമസിക്കുന്നു.

രാവിലെ ഏഴുമണിമുതൽ രാത്രി ഏഴുമണിവരെ, അല്ലെങ്കിൽ രാത്രി ഏഴുമണിമുതൽ രാവിലെ ഏഴുവരെ അദ്ദേഹത്തിന്റെ സഹപ്രവർത്തകൻ അതേ സ്ഥലം അടുത്ത 12 മണിക്കൂർ നേരം ഉപയോഗിക്കും. വൈദ്യുതി നിലയ്ക്കുമ്പോൾ ഉണ്ടാകുന്ന യാദൃശ്ചിക 'അവധികളെ'  ഭയമാണ്. കാരണം അങ്ങിനെയുള്ള അവസരങ്ങളിൽ, ഹാദു ഇപ്പോൾ പങ്കിട്ടെടുക്കുന്ന മഹാവീർ മെസ്സിലെ 500 ചതുരശ്ര അടി മാത്രമുള്ള ആ മുറിയിൽ അറുപതോളം ജോലിക്കാർക്ക് ഒരുമിച്ച് കഴിയേണ്ടിവരും.

താപനില 40 ഡിഗ്രി എത്തുന്ന വേനൽമാസങ്ങൾ ദുരിതപൂർണ്ണമാണ്. "ചില ഹാളുകൾ [തൊഴിലാളികൾ താമസിക്കുന്ന വലിയ മുറികൾ] മുഴുവൻ ഇരുട്ടിലാണ്, വായുസഞ്ചാരത്തിനുള്ള സംവിധാനങ്ങളൊന്നുമില്ല," ഹാദു പറയുന്നു. ഒഡിഷയിലെ ഗഞ്ചാം ജില്ലയിലെ പുരുഷോത്തംപുർ ബ്ലോക്കിലെ കുസലപള്ളി ഗ്രാമത്തിൽനിന്ന് 1983-ൽ സൂറത്തിൽ വന്നതാണ് അദ്ദേഹം. "തറിശാലയിലെ ബുദ്ധിമുട്ടേറിയ നീണ്ട ദിവസത്തിനുശേഷവും സുഖമായി വിശ്രമിക്കാൻ ഞങ്ങൾക്ക് സാധിക്കുന്നില്ല."

ഹാദു ബഹേരയെപ്പോലെ സൂറത്തിലെ ധാരാളം യന്ത്രത്തറിത്തൊഴിലാളികൾ ഡോർമിറ്റോറി അല്ലെങ്കിൽ 'മെസ്സ് റൂംസ്' എന്നറിയപ്പെടുന്ന പൊതുശയനമുറികളിലാണ് താമസിക്കുന്നത്. ഇവരിലധികവും ഒഡിഷയിലെ ഗഞ്ചാം ജില്ലയിൽനിന്നുള്ള കുടിയേറ്റക്കാരാണ് ( നെയ്തെടുത്ത വസ്ത്രങ്ങളും സത്യസന്ധമായ നിരാശകളും കാണുക ). വർഷത്തിലൊരിക്കൽ ഗഞ്ചാം സന്ദർശിച്ച്‌ ആദ്യം തിരിച്ചെത്തുന്നവർക്ക്‌ ഈ മുറികളിൽ സ്ഥലം ലഭിക്കും. ഇത്തരത്തിലുള്ള എല്ലാ മുറികളും വ്യാവസായിക മേഖലകളിലാണ്, ചിലപ്പോൾ നെയ്ത്തുശാലകളിൽനിന്ന് വെറും മീറ്ററുകളകലത്തിൽ. കഠിനമായ 12 മണിക്കൂർ ജോലിസമയത്തിനുശേഷം തങ്ങളുടെ താത്കാലിക കിടക്കകളിൽ കിടക്കുമ്പോഴും ഈ യന്ത്രങ്ങളുടെ ഉച്ചത്തിലുള്ള 'ഘട്ട്-ഘട്ട്' ശബ്ദം അവർക്ക് കേൾക്കാം.

PHOTO • Reetika Revathy Subramanian

മുകളിലത്തെ നിര: മിക്ക മെസ്സ് റൂമുകളിലും പാചകം ചെയ്യുന്ന സ്ഥലവും അതിനുള്ള സാധനങ്ങൾ സൂക്ഷിച്ചിരിക്കുന്നതും ശൗചാലയങ്ങൾക്ക് സമീപമാണ്. താഴത്തെ നിര: തൊഴിലാളികൾ അവരുടെ ബാഗുകളും മറ്റു സാധനങ്ങളും ഒരുസ്ഥലത്ത് അടുക്കിവച്ചിരിക്കുന്നു; അവരുടെ ബാഗുകളിൽ ദൈവങ്ങളുടെ പടങ്ങളുണ്ട്. മിക്ക മുറികളിലും പ്രാർത്ഥിക്കാനായി ഒരു ചെറിയ സ്ഥലമുണ്ട്

ഗഞ്ചാമിൽനിന്നുള്ള 800,000 തൊഴിലാളികളെങ്കിലും സൂറത്തിലുണ്ടെന്നാണ് സൂറത്ത് ഒഡിയ വെൽഫയർ അസ്സോസിയേഷൻ കണക്കാക്കുന്നത്. സൂറത്തിലെ ഒന്നര ദശലക്ഷത്തോളം യന്ത്രത്തറികളിൽ ആറുലക്ഷത്തിലധികം കുടിയേറ്റത്തൊഴിലാളികൾ ജോലിചെയ്യുന്നുണ്ടെന്നാണ് ഗുജറാത്തിലും, രാജസ്ഥാനിലും, മഹാരാഷ്ട്രയിലുമുള്ള കുടിയേറ്റത്തൊഴിലാളികൾക്കിടയിൽ പ്രവർത്തിക്കുന്ന സന്നദ്ധസംഘടനയായ ആജീവിക ബ്യൂറോ കണക്കാക്കുന്നത്.

രണ്ട് ഷിഫ്റ്റുകളിലായി ജോലി ചെയ്യുന്ന, 60 മുതൽ 100 വരെയുള്ള ജോലിക്കാർ താമസിക്കുന്നത്, 500 മുതൽ 800 അടിവരെ വിസ്തീർണമുള്ള മുറികളിലാണ്. ചിലപ്പോൾ മൂട്ടകൾ നിറഞ്ഞ ദ്രവിച്ച കിടക്കകളിലാണ് ഉറക്കം. അഴുക്കുപുരണ്ട ഭിത്തികളിൽ ചതഞ്ഞരഞ്ഞ മൂട്ടകളുടെ ചോര കാണാം. ചില ഭിത്തികളിൽ ജോലിക്കാർ അവരുടെ പേരുകൾ ഒഡിയയിൽ കോറിയിട്ടിട്ടുണ്ട്. ഇവിടെ ചിതലുകളുണ്ട്, ഇടയ്ക്ക് എലികൾ പായുന്നുണ്ട്. കിടക്കകൾ ഒന്നിലധികംപേർ ഉപയോഗിക്കുന്നതിനാൽ വേനൽക്കാലത്ത് അവ വിയർപ്പുകൊണ്ട് കുതിർന്നിരിക്കും. നാറ്റവുമുണ്ടാകും. അപ്പോൾ തൊഴിലാളികൾ വെറും നിലത്തോ അല്ലെങ്കിൽ ഒരു പ്ലാസ്റ്റിക് വിരിയിലോ കിടക്കും.

കിടക്കുന്ന സ്ഥലത്തിന്റെ തലയ്ക്കൽ പെട്ടികളും ബാഗുകളും ഒന്നിനുമീതെ ഒന്നായി വെച്ചിട്ടുണ്ടാവും. ശരാശരി മൂന്ന് ജോഡി ഉടുപ്പുകളും, തണുപ്പുള്ള രാത്രികളിൽ പുതയ്ക്കാനുള്ള കട്ടികുറഞ്ഞ പുതപ്പിനും പുറമേ,  പണവും, ദൈവങ്ങളുടെ ചിത്രങ്ങളും മറ്റ് സ്വകാര്യ സാധനങ്ങളുമായിരിക്കും ഇവയിൽ മിക്കതിലും.

ഓരോ മുറിയുടേയും ഒരറ്റത്തുള്ള രണ്ട് ശൌചാലയങ്ങളാണ് അവിടെ താമസിക്കുന്നവർക്ക് ഉപയോഗിക്കാനുള്ളത്. അടുക്കള മിക്കവാറും ശൗചാലയങ്ങൾക്കരികിലായിരിക്കും. കുളിക്കാനും, കുടിക്കാനും, പാചകത്തിനുമുള്ള വെള്ളം ഒരു പൊതുസ്രോതസ്സിൽനിന്നാണ് വരുന്നത്. മിക്ക മെസ്സ് റൂമുകളിലും ജലലഭ്യത ഇടവിട്ടാണ്. വെള്ളം ഒരു ടാങ്കിലോ അല്ലെങ്കിൽ ഒരു പ്ലാസ്റ്റിക് ഡ്രമ്മിലോ ശേഖരിക്കും. അതിനാൽ ജോലിക്കാർക്ക് എല്ലാ ദിവസവും കുളിക്കാൻ സാധിക്കുകയില്ല.

workers are sitting in room
PHOTO • Aajeevika Bureau
workers are sleeping in hall
PHOTO • Reetika Revathy Subramanian

വടക്കൻ സൂറത്തിലെ ഫുൽവാഡിയിലെ ഒരു മെസ്സ് റൂം; തൊഴിലാളികൾക്ക് കിടന്നുറങ്ങാനും താമസിക്കാനും 12 മണിക്കൂർ നേരം ഒരു സ്ഥലം ലഭിക്കും - ഷിഫ്റ്റ് മാറുന്നതനുസരിച്ചു ബാക്കി 12 മണിക്കൂർ അവർ തറികളിൽ ജോലിക്കുപോകും

വളരെക്കുറച്ച് ഫാനുകൾ മാത്രമേ ഓരോ മുറികളിലുമുണ്ടാവൂ. മഹാവീർ മെസ്സ് സ്ഥിതി ചെയ്യുന്ന പ്രധാനനഗരപ്രദേശത്ത് വൈദ്യുതി നിലയ്ക്കുന്നത് വിരളമായിട്ടാണ്. എന്നാൽ നഗരപ്രാന്തങ്ങളായ അഞ്ചാനീ, സായാൻ എന്നിവിടങ്ങളിൽ ദക്ഷിൺ ഗുജറാത്ത് വിദ്യുത് കമ്പനി ആഴ്ചയിലൊരിക്കൽ നാലുമുതൽ ആറ് മണിക്കൂറുകൾവരെ വൈദ്യുതി നിർത്തിവെക്കാറുണ്ട്. മൂന്ന് ജനാലകളുള്ളതിനാൽ ധാരാളം ജോലിക്കാർ തേടിവരുന്ന സ്ഥലമാണ് മഹാവീർ മെസ്സ്. വടക്കൻ സൂറത്തിലെ ഫുൽവാഡിയിലുള്ള കാശിനാഥ് ഭായ് മെസ്സുപോലെ ചിലതിൽ ജനലുകളില്ല. അല്പം കാറ്റും വെളിച്ചവും കടന്നുവരാൻ ഒരറ്റത്ത് ഒരു ചെറിയ വാതിൽ മാത്രമാണ് ദീർഘചതുരാകൃതിയിലുള്ള ഈ ഹാളുകൾക്കുള്ളത്.

അപര്യാപ്തമായ വായുസഞ്ചാരം, തിങ്ങിപ്പാർക്കൽ, വെള്ളത്തിന്റെ ലഭ്യതക്കുറവ് എന്നിവമൂലം അസുഖങ്ങൾ പതിവാണ്. 2018 ഫെബ്രുവരിയിൽ 28 വയസ്സുള്ള നെയ്ത്തുജോലിക്കാരനായ കൃഷ്ണ സുഭാസ് ഗൗഡ് മരിച്ചു. പതിനെട്ടുമാസം മുൻപ് അയാൾക്ക് ക്ഷയരോഗം ബാധിച്ചിരുന്നു. ഫുൽവാഡിയിലെ ശംബുനാഥ് സാഹുവിന്റെ മെസ്സ് റൂമിൽ മറ്റ് മുപ്പത്തിയഞ്ചോളം തൊഴിലാളികൾക്കൊപ്പമാണ് കൃഷ്ണ സുഭാസ് താമസിച്ചിരുന്നത്. അയാൾ ഗഞ്ചാമിലേക്ക് തിരിച്ചുപോയി ക്ഷയരോഗത്തിനുള്ള ക്രമപ്രകാരമുള്ള ചികിത്സ ആരംഭിച്ചു. എന്നാൽ പണം തീർന്നതിനാൽ അയാൾ സൂറത്തിലേക്കു മടങ്ങി. ഇവിടെ മരുന്നുകൾ തുടരാൻ ബുദ്ധിമുട്ടായിരുന്നു. മാത്രമല്ല തിങ്ങിനിറഞ്ഞ മെസ്സ് മുറിയിൽ ഉറങ്ങാനും ബുദ്ധിമുട്ടായിരുന്നു.

"ക്ഷയരോഗം പോലുള്ള അസുഖങ്ങൾ വേഗത്തിൽ പടരുന്നവയാണ്. മെസ്സ് റൂമുകളിലെ ആൾക്കൂട്ടത്തിൽനിന്നും അഴുക്കിൽനിന്നും ഒരു രക്ഷയുമില്ല," ആജീവിക ബ്യൂറോയുടെ സെന്റർ കോർഡിനേറ്ററായ സഞ്ജയ് പട്ടേൽ പറഞ്ഞു. കൃഷ്ണ സുഭാസിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നേടിക്കൊടുക്കാൻ പരിശ്രമിക്കുകയാണ് അദ്ദേഹം. "കൃഷ്ണ സുഭാസ് ഗൗഡ് മരിച്ചത് തറിശാലയിൽ‌വെച്ചായിരുന്നില്ല. മറിച്ച്, താമസിച്ചിരുന്ന മുറിയിൽ‌വെച്ചായിരുന്നു. അതിനാൽ അയാളുടെ തൊഴിലുടമ നഷ്ടപരിഹാരം നൽകാൻ വിസ്സമ്മതിക്കുകയാണ്...പക്ഷെ ജോലിസ്ഥലവും താമസസ്ഥലവും വളരെ അടുത്തായതിനാൽ ചൂഷണം വേർതിരിച്ചറിയാൻ ബുദ്ധിമുട്ടാണ്."

വെറും നാലുമാസങ്ങൾക്കുശേഷം, 2018 ജൂണിൽ 18 വയസ്സുമാത്രമുണ്ടായിരുന്ന നെയ്ത്തുജോലിക്കാരൻ സന്തോഷ് ഗൗഡ പെട്ടെന്നുണ്ടായ അസുഖത്താൽ മരിച്ചു. ഗഞ്ചാമിലെ ബുഗുഡ തെഹ്‌സിലിലെ ബീരാഞ്ചിപുർ ഗ്രാമത്തിൽനിന്ന് വന്നതായിരുന്നു അയാൾ. പനി, ജലദോഷം, വയറിളക്കം എന്നിവ ബാധിച്ച് അവശനായി രണ്ടുദിവസം പിന്നിട്ടപ്പോൾ സന്തോഷ് മിനാനഗറിലെ ഭഗവാൻ ഭായ് മെസ്സിന്റെ ശൗചാലയത്തിനുള്ളിൽ മരിച്ചു. "അയാൾ ഒരു ഡോക്ടറെപ്പോലും സമീപിച്ചില്ല," അതേ മുറികളിൽ താമസിക്കുന്ന അയാളുടെ ഒരു സഹപ്രവർത്തകൻ പറഞ്ഞു. "സൂറത്തിൽ വന്നിട്ട് മൂന്ന് വർഷത്തോളമായിട്ടും അയാൾക്ക്‌ ഇവിടെ അടുത്ത ബന്ധുക്കളോ സുഹൃത്തുക്കളോ ഉണ്ടായിരുന്നില്ല. ഞങ്ങൾ മൃതശരീരം അയാളുടെ കുടുംബത്തിന് അയച്ചുകൊടുത്തില്ല, ഇവിടെ സൂറത്തിൽത്തന്നെ സംസ്കാര ചടങ്ങുകൾ നടത്തി."

outside area of room
PHOTO • Reetika Revathy Subramanian
outside area of rooms
PHOTO • Reetika Revathy Subramanian

മെസ്സ് മാനേജർമാർ മുറികൾ മാത്രമേ വൃത്തിയാക്കുകയുള്ളു, തെരുവുകളിലും ഇടനാഴികളിലും മാലിന്യവും, മണ്ണും, ചെളിയും ചിതറിക്കിടക്കുന്നു

ഈ കെട്ടിടങ്ങളുടെ മുകളിലത്തെ നിലകളിൽ സ്ഥിതിചെയ്യുന്ന ചില മുറികളുടെ ഒരറ്റം അടച്ചുറപ്പില്ലാത്തതാണെന്ന് പറയപ്പെടുന്നു. "തൊഴിലാളികൾ വീണുമരിച്ച സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്," പൊതുആരോഗ്യ ഫിസിഷ്യനും ആജീവിക ബ്യൂറോയുടെ കൺസൾട്ടന്റുമായ ഡോക്ടർ രമണി അട്കുറി പറഞ്ഞു. "മെസ്സ് റൂമുകൾ തിങ്ങിനിറഞ്ഞതാണ്, വെളിച്ചവും വായുസഞ്ചാരവും കുറവാണ്," അവർ കൂട്ടിച്ചേർത്തു. "ഇത്തരത്തിലുള്ള സാഹചര്യങ്ങൾ സാംക്രമികരോഗങ്ങൾ പടരാൻ അനുകൂലമാണ് - ചൊറിയും തൊലിയെ ബാധിക്കുന്ന മറ്റ് അണുബാധകൾ തുടങ്ങി മലേറിയയും ക്ഷയരോഗവുംവരെ."

ഏതായാലും സർക്കാർ 'ജോലിസ്ഥലത്തിനും' 'വീടിനും' കൃത്യമായ അതിർത്തികൾ നിർണ്ണയിച്ചിട്ടുണ്ട്. കേന്ദ്ര വസ്ത്രമന്ത്രാലയം സൂറത്തിൽ സ്ഥാപിച്ചിട്ടുള്ള പവർലൂം സർവീസ് സെന്ററിന്റെ മുൻ അസിസ്റ്റന്റ് ഡയറക്ടർ നിലയ് എച്. പാണ്ട്യ പറഞ്ഞതുപ്രകാരം നഷ്ടപരിഹാരവും ഇൻഷുറൻസ് പരിരക്ഷാ ആനുകൂല്യങ്ങളും ഫാക്ടറിക്ക് അകത്തുണ്ടാകുന്ന പരിക്കുകൾക്കോ മരണങ്ങൾക്കോ മാത്രമേ ബാധകമാവുകയുള്ളു. "യന്ത്രത്തറി വ്യവസായം വളരെയധികം വികേന്ദ്രീകൃതമാണ്," പാണ്ട്യ പറഞ്ഞു. സൂറത്തിൽ മന്ത്രാലയത്തിന്റെ യന്ത്രത്തറി തൊഴിലാളികൾക്കുള്ള ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതിയുടെ മേൽനോട്ടം വഹിച്ചത് അദ്ദേഹമായിരുന്നു. "പത്തുശതമാനം തൊഴിലാളികൾപോലും ഇപ്പോഴും ഈ ഇൻഷുറൻസ് പദ്ധതിയിൽ ചേർക്കപ്പെട്ടിട്ടില്ല."

2003 ജൂലൈയിലാണ് ഈ പദ്ധതി ആരംഭിച്ചത്. ഒരു തൊഴിലാളി വാർഷിക വരിസംഖ്യയായി എൺപതു രൂപ അടയ്ക്കണം (സർക്കാർ 290 രൂപയും 100 രൂപ സാമൂഹിക സുരക്ഷാഫണ്ടിൽനിന്നും). സ്വാഭാവിക മരണത്തിന്, തൊഴിലാളിയുടെ കുടുംബത്തിന് അറുപതിനായിരം രൂപയും അപകടമരണത്തിന് ഒന്നരലക്ഷം രൂപയും അവകാശപ്പെടാം. സ്ഥിരമായ ശാരീരിക വൈകല്യമുണ്ടായാൽ, 1,50,000 രൂപയും ഭാഗികമായ വൈകല്യത്തിന് 75,000 രൂപയും അവകാശപ്പെടാം. "പക്ഷെ, അവർ താമസിക്കുന്ന മുറികൾ ഞങ്ങളുടെ പദ്ധതിയുടെ പരിധിയിൽ വരില്ല," പാണ്ട്യ പറഞ്ഞു.

രണ്ട് സംഘങ്ങളായി എഴുപതോളം ജോലിക്കാർ താമസിക്കുന്ന ശംഭുനാഥ് സാഹുവിന്റെ മെസ്സ് ഇത്തരത്തിലുള്ളതാണ്. ഫുൽവാഡി വ്യവസായമേഖലയുടെ കേന്ദ്രഭാഗത്ത് അഞ്ചുനിലകളിലായി എട്ടു മെസ്സ് മുറികളുള്ള ഒരു കെട്ടിടത്തിലാണ് അത് സ്ഥിതിചെയ്യുന്നത്. തറികളുടെ ഉച്ചത്തിലുള്ള ശബ്‍ദം ആ മുറികളിലൂടെ മുഴങ്ങിക്കൊണ്ടിരിക്കും. ഇളക്കികൊണ്ടിരിക്കുന്ന കോണിപ്പടിയിൽ നിറയെ അഴുക്കും, വഴുവഴുപ്പും, പിന്നെ അരിയും പരിപ്പും വേവിക്കാൻ വച്ചിരിക്കുന്ന അടുപ്പുകളുമാണ്. മെസ്സ് മാനേജർമാർ മുറികൾമാത്രമേ വൃത്തിയാക്കുകയുള്ളു. ഇടനാഴികളിലും കോണിപ്പടികളിലും മാലിന്യം ചിതറികിടക്കുക്കയാണ്. സൂറത്ത് നഗരസഭയുടെ മാലിന്യശേഖരണ വാനുകൾ ഈ സ്ഥലത്തേക്ക് കൃത്യമായി വരാറില്ല. അതിനാൽ മാലിന്യക്കൂമ്പാരങ്ങൾ ആഴ്ചകളോളം കെട്ടികിടക്കും.

outside area of room
PHOTO • Reetika Revathy Subramanian

മെസ്സ് റൂമുകൾ മിക്കപ്പോഴും യന്ത്രത്തറിശാലകളുടെ വളരെ അടുത്താണ്. യന്ത്രങ്ങളുടെ വളരെ ഉച്ചത്തിലുള്ള ഘട്ട്-ഘട്ട് ശബ്ദം എപ്പോഴും കേൾക്കാം

മഴക്കാലത്തു റോഡ് നിരപ്പിൽനിന്നും താഴെയുള്ള കെട്ടിടങ്ങളുടെ മുറികളിലും ഇടനാഴികളിലും ചിലപ്പോൾ വെള്ളം കയറി അവയെ വഴുക്കലുള്ളതും ഈർപ്പമുള്ളതുമാക്കുന്നു. അപ്പോൾ തൊഴിലാളികൾക്ക് അവരുടെ വസ്ത്രങ്ങൾ ഉണക്കാൻ ബുദ്ധിമുട്ടാണ്. "വേറെ വഴിയില്ലാത്തതിനാൽ അവസാനം ഞങ്ങൾ നനഞ്ഞ വസ്ത്രങ്ങൾ ധരിച്ച് ജോലിക്ക് പോകും", 52 വയസ്സുള്ള നെയ്ത്തുജോലിക്കാരനായ രാമചന്ദ്ര പ്രധാൻ പറഞ്ഞു. പോളാസാര ബ്ലോക്കിലെ ബാലിച്ചായി ഗ്രാമത്തിൽനിന്നുള്ള അദ്ദേഹം മൂന്ന് പതിറ്റാണ്ടുകളായി സൂറത്തിലെ മെസ്സ് മുറികളിൽ കഴിയുന്നു.

മറ്റു മെസ്സ് മുറികളെപ്പോലെ ശംഭുനാഥ് സാഹുവിന്റെ 500  ചതുരശ്രയടി വിസ്താരമുള്ള മെസ്സിൽ 35 തൊഴിലാളികളും അവരുടെ സാമാനങ്ങളും കൂടാതെ വലിയ പാത്രങ്ങളുള്ള ഒരു അടുക്കളയും, ഒരു പ്രാർത്ഥനാസ്ഥലവും, പച്ചക്കറികളുടെ ശേഖരവും, അരിച്ചാക്കുകളുടെ കൂമ്പാരവുമുണ്ട്. ഗഞ്ചാമിലെ പോളാസാര ബ്ലോക്കിലെ സനാബരഗാം ഗ്രാമത്തിൽനിന്നുള്ള കുടിയേറ്റക്കാരനാണ് ശംഭുനാഥ്. തൊഴിലാളികൾക്ക് "പോഷകഗുണമുള്ള ഭക്ഷണം" നൽകാറുണ്ടെന്നും മെസ്സ് വൃത്തിയായി സൂക്ഷിക്കാറുണ്ടെന്നും അയാൾ പറഞ്ഞു.

ഫുൽവാഡിയിലെ സഹയോഗ് വ്യവസായമേഖലയിലുള്ള മറ്റൊരു മെസ്സ് മാനേജരാണ് പോളാസാര ബ്ലോക്കിലെ നിമിന ഗ്രാമത്തിൽനിന്നുള്ള 48 വയസ്സുകാരനായ ശങ്കർ സാഹു. "എല്ലാ ആഴ്ചയും 200 കിലോ ഉരുളക്കിഴങ്ങ് വാങ്ങണം. എഴുപതോളംപേർക്ക് ദിവസവും രണ്ടുനേരത്തെ ഭക്ഷണം ഉണ്ടാക്കിനൽകും. ഞങ്ങൾ നന്നായി ഭക്ഷണം നൽകിയില്ലെങ്കിൽ തൊഴിലാളികൾ ദേഷ്യപ്പെടും," അയാൾ പറഞ്ഞു. ഒരു പാചകക്കാരന്റെ സഹായത്താൽ ശങ്കർ ചോറും പരിപ്പുകറിയും പച്ചക്കറികൂട്ടാനും പാചകം ചെയ്യും. "ആഴ്ചയിൽ രണ്ടുദിവസം ഞാൻ മീനും മുട്ടയും കോഴിയും ഉൾപ്പെടുത്താറുണ്ട്," അയാൾ പറഞ്ഞു. റെഡ് മീറ്റ് (വലിയ സസ്തനികളുടെ ഇറച്ചി) മാസത്തിൽ ഒരിക്കൽ പാചകം ചെയ്യും.

പാചകത്തിനുപയോഗിക്കുന്ന എണ്ണ ആവർത്തിച്ച് ഉപയോഗിക്കുന്നത് ജോലിക്കാരുടെ ആരോഗ്യത്തെ ബാധിക്കുന്നുണ്ട്. 2018 മാർച്ചിൽ ആജീവിക ബ്യൂറോ മിനാനഗറിലെയും ഫുൽവാഡിയിലെയും 32 മെസ്സ് മുറികളിലുള്ള തൊഴിലാളികളുടെ ഭക്ഷണരീതികൾ നിരീക്ഷിച്ചപ്പോൾ മനസ്സിലായത് അവരുടെ ദിവസേനയുള്ള കൊഴുപ്പിന്റെ ഉപഭോഗം അമേരിക്കൻ ഫുഡ് ആൻഡ് ന്യൂട്രിഷൻ ബോർഡ് നിർദ്ദേശിച്ചിട്ടുള്ള പരിധിയുടെ 294 ശതമാനമാണെന്നാണ്. ഉപ്പിന്റെ ഉപഭോഗം പരിധിയുടെ 376 ശതമാനവും. "പ്രായംകൂടിയ തൊഴിലാളികൾക്കിടയിൽ ഉയർന്ന രക്‌തസമ്മർദം കാണപ്പെടുന്നുണ്ട്, പക്ഷെ മോശപ്പെട്ട ലിപിഡ് പ്രൊഫൈൽ എല്ലാ പ്രായക്കാരുടെ ഇടയിലുമുണ്ട്," ഡോക്ടർ അട്കുറി പറഞ്ഞു.

a worker Shankar Sahu is stand
PHOTO • Reetika Revathy Subramanian
mess manager subrat Gouda is seated
PHOTO • Reetika Revathy Subramanian
mess owner Kashinaath Gouda
PHOTO • Reetika Revathy Subramanian

ഇടതുനിന്ന് വലത്തേക്ക്: ഫുൽവാഡിയിലെ ഒരു മെസ്സ് മാനേജരായ ശങ്കർ സാഹു; അഞ്ചാനിയിലെ ഒരു മെസ്സ് മാനേജരായ സുബ്രത് ഗൗഡ (ഇരിക്കുന്നത്); മെസ്സ് ഉടമയായ കാശിനാഥ് ഗൗഡ

തദ്ദേശീയരായ വ്യാപാരികളാണ് മിക്കവാറും മെസ്സ് മുറികളുടെ ഉടമകൾ. അവർ അത് മാനേജർമാർക്ക് വാടകയ്ക്ക് കൊടുക്കും. മിക്ക മാനേജർമാരും ഗഞ്ചാം ജില്ലയിൽനിന്നുള്ളവരാണ്. മാനേജർമാർ ഉടമകൾക്ക് മാസവാടകയായി 15,000  -20,000 രൂപവരെ നൽകും. മറിച്ച്‌ ഓരോ തൊഴിലാളിയിൽനിന്നു വാടകയ്ക്കും ഭക്ഷണത്തിനായി 2,500 രൂപ ഓരോ മാസവും വാങ്ങും.

"മുറികളിൽ എത്ര തൊഴിലാളികളെ ഞങ്ങൾക്ക് പാർപ്പിക്കാമെന്നതിന് പരിധിയൊന്നുമില്ല. എത്ര അധികം തൊഴിലാളികളെ താമസിപ്പിക്കുന്നുവോ അത്രയും അധികം പണം ഞങ്ങൾക്ക് ലഭിക്കും," 52 വയസ്സുള്ള കാശിനാഥ് ഗൗഡ പറഞ്ഞു. ഫുൽവാഡിയിലെ കാശിനാഥ് ഭായ് മെസ്സിന്റെ ഉടമയും മാനേജരുമാണ് അദ്ദേഹം. "തൊഴിലാളികൾ രണ്ട് ഷിഫ്റ്റിലുള്ളവരാണ്...എന്നിട്ടും മാനേജർമാരുടെ ലാഭം വളരെ വലുതല്ല. നെയ്ത്തുശാലയിൽ ജോലിചെയ്യുന്നതിനേക്കാൾ വളരെ നല്ലത് ഇതാണ് എന്നതിൽ സംശയമൊന്നുമില്ല." എൺപതുകളുടെ മധ്യത്തിലാണ് പോളാസാര ബ്ലോക്കിലെ തേന്തുലിയ ഗ്രാമത്തിൽനിന്ന് ഗൗഡ സൂറത്തിലെത്തിയത്. "ഞാൻ ഘട്ട്-ഘട്ട് യന്ത്രത്തിൽ 20 വർഷത്തോളം ജോലിചെയ്തു. അത് ബുദ്ധിമുട്ടുള്ള ജീവിതമായിരുന്നു, എനിക്ക് കാര്യമായി ഒന്നും മിച്ചം പിടിക്കാനായില്ല," അദ്ദേഹം പറഞ്ഞു. "ഏതാണ്ട് പത്തുവർഷം മുൻപ്, ഞാൻ ഈ മെസ്സ് മുറിയുടെ മേൽനോട്ടം വഹിക്കാൻ തുടങ്ങി. രണ്ട് ഷിഫ്റ്റിലുമുള്ള തൊഴിലാളികൾ ഉള്ളതിനാൽ ഇതൊരു 24 മണിക്കൂർ നീളുന്ന ജോലിയാണ്. ചില തൊഴിലാളികൾ ആക്രമണസ്വഭാവമുള്ളവരായതിനാൽ, ഒരു മെസ്സ് നടത്തുന്നത് വലിയ വെല്ലുവിളിയാണ്. എന്നാലും നെയ്ത്തുശാലയിലെ തൊഴിൽജീവിതത്തെക്കാൾ തീർച്ചയായും ഇത് ഭേദമാണ്. എല്ലാവർഷവും ഞാൻ എന്റെ ഭാര്യയേയും രണ്ട് മക്കളെയും കാണാൻ വീട്ടിൽ പോകാറുണ്ട്. എന്റെ മക്കൾക്കു ജോലിയായതിനുശേഷം അധികം താമസിയാതെ ഗ്രാമത്തിലേക്ക് തിരിച്ചുപോകാനാണ് ഞാൻ ഉദ്ദേശിക്കുന്നത്."

കഠിനമായ തൊഴിലും ക്ലേശകരമായ ജീവിതസാഹചര്യങ്ങളും കാരണം ധാരാളം തൊഴിലാളികൾ മദ്യപാനത്തിലേക്ക് തിരിഞ്ഞു. ഗുജറാത്തിൽ മദ്യം നിരോധിച്ചതിനാൽ അവർ വ്യവസായ മേഖലകളിലെ പല രഹസ്യസങ്കേതങ്ങളിൽനിന്നും നാടൻ മദ്യം വാങ്ങും. 250 മില്ലിലിറ്റർ മദ്യം പൊളിത്തീൻ ബാഗുകളാക്കി 20 രൂപയ്ക്കാണ് വിൽക്കുന്നത്.

workers are seated in room
PHOTO • Reetika Revathy Subramanian

വേദ് റോഡിലെ ത്രിനാഥ് സാഹു കാക്ക മെസ്സിൽ ശ്യാംസുന്ദർ സാഹുവും (ഇടതുനിന്ന് രണ്ടാമത്) സഹപ്രവർത്തകരും. ‘ഞാൻ ഇങ്ങനെ ഒരു മുറിയിലാണ് കഴിയുന്നതെന്ന് എന്റെ കുടുംബത്തിനറിയില്ല‘

"ചെറുപ്പക്കാരായ ധാരാളം തൊഴിലാളികൾ മദ്യത്തിൽ ആസക്തരാണ്," സുബ്രത് ഗൗഡ പറഞ്ഞു. വടക്കൻ സൂറത്തിലെ അഞ്ചാനി വ്യവസായമേഖലയിലെ ഭഗവാൻ മെസ്സിന്റെ മേൽനോട്ടം വഹിക്കുന്നത് അയാളാണ്. "ഷിഫ്റ്റുകൾക്കുശേഷം അവർ നേരെ മദ്യവില്പനശാലയിലേക്കു പോകും. മുറികളിലേക്കു തിരിച്ചെത്തിയാൽ അവരെ നിയന്ത്രിക്കാൻ വളരെ ബുദ്ധിമുട്ടാണ്. അവർ ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്യും. കുടുംബങ്ങളിൽനിന്ന് അകന്ന് ഏകാന്തവും ദുരിതപൂർണ്ണവുമായ ജീവിതമാണ് ഈ തൊഴിലാളികൾ നയിക്കുന്നത്. ഈ തൊഴിലിൽ വിനോദമോ വിശ്രമമോ ഇല്ല. മിക്കപ്പോഴും ഈ ലോകത്തിൽനിന്ന് താത്കാലികമായി രക്ഷപ്പെടാൻ മദ്യം മാത്രമാണ് ഏകാശ്രയം," അടുത്തുള്ള ഒരു മെസ്സ് നോക്കിനടത്തുന്ന പ്രമോദ് ബിസോയ് പറഞ്ഞു.

പോളാസാര ബ്ലോക്കിലെ സനാബരഗാം ഗ്രാമത്തിൽനിന്നുള്ള കൻഹു പ്രധാൻ തന്റെ മദ്യാസക്തി അവസാനിപ്പിക്കാൻ പോരാടുകയാണ്. "ആഴ്ചയിൽ മൂന്ന് ദിവസമെങ്കിലും ഞാൻ കുടിക്കും. ഇത്രയധികം സമയം ജോലി ചെയ്തുകഴിഞ്ഞാൽ, മറ്റെങ്ങനെയാണ് എനിക്ക് വിശ്രമിക്കാൻ കഴിയുക?" ഫുൽവാഡിയിലെ സഹയോഗ് വ്യവസായമേഖലയിലെ നെയ്ത്തുശാലയിൽനിന്ന് മടങ്ങും വഴി ആ 28 വയസ്സുകാരൻ ചോദിച്ചു. "പണം മിച്ചംപിടിച്ച് വീട്ടിലേക്കയക്കുന്ന കാര്യമാലോചിച്ച് എനിക്ക് എപ്പോഴും മാനസികസമ്മർദ്ദമുണ്ട്. ഇത്രയധികും കുടിക്കുന്നത് ദോഷമാണെന്ന് എനിക്കറിയാം, പക്ഷെ ഇത് നിർത്താൻ വളരെ ബുദ്ധിമുട്ടാണ്."

വൈകുന്നേരം ആറുമണിയായി. 38 വയസ്സുകാരനായ ശ്യാംസുന്ദർ സാഹു വേദ് റോഡിലെ നെയ്ത്തുശാലയിലെ രാത്രി ഷിഫ്റ്റിന് കയറാൻ ഒരുങ്ങുകയാണ്. 22 വർഷമായുള്ള പതിവാണ്. " പതിനാറ് വയസുള്ളപ്പോൾ വന്നതാണ് ഞാനിവിടെ. വർഷങ്ങളായി ഇതേ മട്ടിലാണ് എന്റെ ജീവിതം. വർഷത്തിലൊരിക്കൽ ബാലിച്ചായി ഗ്രാമത്തിലെ വീട്ടിൽ പോകുമ്പോളൊഴികെ",  മൂന്ന് കുട്ടികളുടെ അച്ഛനായ അയാൾ പറഞ്ഞു. "എന്റെ കുടുംബത്തിനറിയില്ല ഞാൻ ഇത്തരത്തിലുള്ള ഒരു മുറിയിൽ ഇത്രയധികം ആൾക്കാരോടൊപ്പമാണ് കഴിയുന്നതെന്ന്. എനിക്ക് വേറെ മാർഗ്ഗമില്ല. ചിലപ്പോൾ തോന്നും, നെയ്ത്തുശാലയിൽ നീണ്ട ഷിഫ്റ്റുകൾ ചെയ്യുന്നതാണ് കൂടുതൽ സുഖമെന്ന്". അതും പറഞ്ഞ് അയാൾ ‘വീട്ടിൽ’നിന്നിറങ്ങി, പത്തടി വീതിയുള്ള റോഡ് മുറിച്ചുകടന്ന് ഫാക്ടറി ഗേറ്റിനകത്തേക്ക് പ്രവേശിച്ചു.

പരിഭാഷ: ജ്യോത്സ്ന വി.

Reetika Revathy Subramanian

Reetika Revathy Subramanian is a Mumbai-based journalist and researcher. She works as a senior consultant with Aajeevika Bureau, an NGO working on labour migration in the informal sector in western India

Other stories by Reetika Revathy Subramanian
Translator : Jyotsna V.

Jyotsna V. is a media professional based in Ernakulam.

Other stories by Jyotsna V.