കര്‍ണ്ണാടക സംസ്ഥാനത്തെ ചാമരാജനഗര്‍ ജില്ലയിലുള്ള അനഞ്ചിഗുണ്ടി ഗ്രാമമാണ് ജയമ്മ ബെലിയ എന്ന മുപ്പത്തഞ്ചുകാരിയുടെ സ്വദേശം. ജനു കരുബ ആദിവാസി വിഭാഗത്തില്‍ പെട്ട ജയമ്മ തയ്യാറാക്കിയ ഫോട്ടോ എസ്സേയാണിത്. മനുഷ്യനും മൃഗവും നിലനില്‍പ്പിനായി പരസ്പരം ജീവന്മരണപ്പോരാട്ടം നടത്തേണ്ടി വരുന്ന വനത്തിലെ ജീവിതമാണ് വിഷയം. ഇന്ത്യയിലെ സുപ്രധാന കടുവാ സങ്കേതങ്ങളിലൊന്നായ ബന്ദിപ്പൂര്‍ നാഷണല്‍ പാര്‍ക്കിന്റെ അതിരുകളില്‍ തന്റെ ദൈനംദിനജീവിതം കഴിഞ്ഞ ആറ് മാസമായി ജയമ്മ ക്യാമറയില്‍ പകര്‍ത്തുകയായിരുന്നു. വന്യജീവികള്‍ക്കൊപ്പമുള്ള മനുഷ്യജീവിതത്തെപ്പറ്റിയുള്ള ബൃഹത്തായ ഒരു പങ്കാളിത്ത ഫോട്ടോഗ്രാഫി പ്രോജക്റ്റിന്റെ ഭാഗമാണ് ജയമ്മയുടെ ഈ ഫോട്ടോ എസ്സേ. അവര്‍ ആദ്യമായാണ് ക്യാമറ ഉപയോഗിക്കാന്‍ പഠിക്കുന്നത് (ഫ്യുജിഫിലിം ഫൈന്‍പിക്സ് എസ് 8630).
മനുഷ്യനും വന്യമൃഗങ്ങളുമായുള്ള ബന്ധത്തില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്ന, പലപ്പോഴും അദൃശ്യമായ ലിംഗപദവിബന്ധങ്ങള് അവരുടെ ഫോട്ടോ എസ്സേയുടെ പ്രധാനഭാഗമാണ്. ഗ്രാമങ്ങളിലെ ദരിദ്രജനതയുടെ സാമൂഹ്യ സാമ്പത്തിക യാഥാര്‍ത്ഥ്യങ്ങള്‍ കണക്കിലെടുക്കാതെ വന്യജീവി സംരക്ഷണത്തിന് കുറിപ്പടികള്‍ ചമയ്ക്കുന്ന സമീപനത്തെ അത് പരോക്ഷമായി ചോദ്യം ചെയ്യുന്നു. ഇവിടെ കൊടുത്തിരിക്കുന്ന ഫോട്ടോകള്‍ക്ക് പുറമേ, പക്ഷികളുടെ ധാരാളം മനോഹരചിത്രങ്ങളും ജയമ്മയുടെ ശേഖരത്തിലുണ്ട്. “എനിക്ക് ഇത്രയും നല്ല ചിത്രങ്ങള്‍ എടുക്കാന്‍ കഴിയുമെന്നറിഞ്ഞപ്പോള്‍ എന്റെ കുടുംബം അതിശയിച്ചുപോയി” അവര്‍ കന്നടയില്‍ പറയുന്നു.
കിടങ്ങുകളിലെ പശുക്കള്‍ : “ ഈ ചാവാലിപ്പശുക്കള്‍ (ചാണകത്തിനു മാത്രം കൊള്ളാവുന്ന പ്രാദേശിക ഇനത്തില്‍ പെട്ട പശുക്കള്‍) എന്റെ കുടുംബത്തിന്റേതാണ്. എന്റെ സഹോദരിയും ഭര്‍തൃസഹോദരിയും അവയെ മേയാനായി പാടത്ത് കൊണ്ടുപോവുകയാണ്. ബന്ദിപ്പൂര്‍ വനം മുറിച്ചുകടന്നു വേണം ഞങ്ങള്‍ക്ക് ഞങ്ങളുടെ ഗ്രാമത്തിലെത്താന്‍. രണ്ട് വര്‍ഷം മുമ്പ് ഞങ്ങളുടെ ഒരു പശുക്കിടാവിനെ വനത്തില്‍ വച്ച് പുലി കൊന്നിരുന്നു”.
വീട്ടിലേയ്ക്ക് പോകുന്ന ചെമ്മരിയാടുകള്‍ : “ എന്റെ സഹോദരിമാര്‍ ചെമ്മരിയാടുകളെ വീട്ടിലേയ്ക്ക് തിരികെക്കൊണ്ടുപോവുകയാണ്. ഒപ്പം കാട്ടില്‍ നിന്ന് ശേഖരിച്ച വിറകും എന്റെ സഹോദരി തലയിലേന്തിയിട്ടുണ്ട്. ഞങ്ങളില്‍ ചിലര്‍ക്ക് സര്‍ക്കാരില്‍ നിന്ന് സൗജന്യമായി പാചകവാതകം ലഭിച്ചിരുന്നു. പക്ഷേ മറ്റുള്ളവര്‍ക്ക് കിട്ടിയില്ല. പാചകവാതകം കിട്ടാന്‍ പണം കൊടുക്കണമെന്നാണ് അവര്‍ കരുതിയത്. അതുകൊണ്ടാണ് അവര്‍ അത് എടുക്കാതിരുന്നത്”.
സ്ത്രീകളും ആടുകളും : “ ഈ ആടുകളും എന്റെ കുടുംബത്തിന്റേതാണ്. എന്റെ സഹോദരനും സഹോദരിയും ഭര്‍തൃസഹോദരിയുമാണ് അവയെ നോക്കുന്നത്. ഞങ്ങള്‍ക്ക് അമ്പതോളം ആടുകളുണ്ട്. അവ കാട്ടിലാണ് മേയുന്നത്. വൈകിട്ട് ഏറെ വൈകുന്നതിനു മുമ്പ് തന്നെ ഞങ്ങള്‍ അവയെ തിരിച്ചെത്തിക്കും. അല്ലെങ്കില്‍ വന്യമൃഗങ്ങള്‍ അവയെ ആക്രമിക്കാന്‍ സാദ്ധ്യതയുണ്ട്. സാമ്പത്തിക ബുദ്ധിമുട്ടുള്ളപ്പോഴോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും ആവശ്യങ്ങളുള്ളപ്പോഴോ ഒന്നോ രണ്ടോ ആടുകളെ ഞങ്ങള്‍ വില്‍ക്കും”.
കടുവയുടെ കാല്‍പ്പാടുകള്‍
:
“
ഒരു ദിവസം രാവിലെ ഞാന്‍ പണിക്ക് (അടുത്തുള്ള വീടുകളില്‍ ഞാന്‍ വീട്ടുവേലയ്ക്ക്) പോകുന്ന വഴി ഈ കാല്‍പ്പാടുകള്‍ കണ്ടു. ഇവിടെയൊക്കെ ധാരാളം കടുവകളുണ്ട്. അവ ഞങ്ങളുടെ പശുക്കളേയും ആടുകളേയും കൊല്ലാറുണ്ട്. അവ ഇടക്കിടെ വരികയും പോവുകയും ചെയ്യും. ഇപ്പോള്‍ പുലിയെക്കാള്‍ കൂടുതല്‍ കടുവകളുണ്ടെന്നാണ് ആളുകള്‍ പറയുന്നത്”.
രണ്ട് പെണ്‍കുട്ടികള്‍ : “ വനത്തിനുള്ളിലൂടെ മൂന്ന് കിലോമീറ്റര്‍ നടന്നാണ് എന്റെ അനന്തരവര് എന്നും സ്കൂളിലെത്തുന്നത്. മൂത്തയാള്‍ എട്ടാം ക്ലാസ് കഴിഞ്ഞു. പക്ഷേ ഇവിടെ ഹൈസ്കൂള്‍ ഇല്ല. അതിനാല്‍ ഇനി അവള്‍ക്ക് പത്ത് കിലോമീറ്റര്‍ ദൂരെയുള്ള സ്കൂളില്‍ പോകേണ്ടിവരും. ഒന്നുകില്‍ അവിടെ ഹോസ്റ്റലില്‍ താമസിക്കണം, അല്ലെങ്കില്‍ എന്നും ഇവിടെ നിന്ന് പോയിവരണം. അവള് കൂടെയില്ലാത്തതിനാല്‍ അവളുടെ അനുജത്തി തനിച്ച് നടന്നു പോകേണ്ടിവരും. വന്യമൃഗങ്ങള്‍ കാരണം അവള്‍ക്ക് തനിയെ വനത്തിലൂടെ നടക്കാന്‍ ഭയമാണ്. ചിലപ്പോള്‍ അവള് സ്കൂളില്‍ പോകാറില്ല. ഒരുപക്ഷേ അവള് പഠനം നിര്‍ത്തിയേക്കാം. എന്റെ ഗ്രാമത്തില്‍ ഏഴോ എട്ടോ കുട്ടികളാണ് സ്കൂളില്‍ പൊയ്ക്കൊണ്ടിരുന്നത്. അതില്‍ മിക്കവരും പഠനം നിര്‍ത്തിക്കഴിഞ്ഞു. എന്റെ അനന്തരവര് മാത്രമാണ് ഇത്രയെങ്കിലും പഠിച്ചത്”.
പുലിമരം : “കാട്ടിലൂടെയുള്ള നടപ്പാതയാണിത്. എന്നും ഞാന്‍ ഇതിലേ നടന്നാണ് പണിക്ക് പോകുന്നത്. എന്റെ സഹോദരപുത്രിമാര്‍ രാവിലേ എന്നോടൊപ്പം സ്കൂളിലേയ്ക്ക് നടക്കും. മൂന്ന് മാസം മുമ്പ് ഒരു വൃദ്ധ ആടുകളെ മേയ്ക്കാനായി രാവിലേ കാട്ടിലേയ്ക്ക് പോയി. പിന്നീട് ഞാന്‍ പണി കഴിഞ്ഞ് വീട്ടിലേയ്ക്ക് നടക്കുമ്പോള്‍ ഈ മരത്തിനടുത്ത് ആളുകള്‍ കൂടി നില്‍ക്കുന്നത് കണ്ടു. വൃദ്ധയുടെ ആടുകളെല്ലാം നേരത്തേ വീട്ടിലേയ്ക്ക് തിരിച്ചുപോയിരുന്നു. അവയ്ക്കൊന്നും പരിക്കേല്‍ക്കുകയോ ആക്രമിക്കപ്പെടുകയോ ചെയ്തില്ല. വൃദ്ധ വീട്ടില്‍ തിരിച്ചെത്താത്തതു കാരണം അന്വേഷിച്ചുവന്നവര്‍ ഈ മരത്തിന് സമീപം കമിഴ്ന്ന് കിടക്കുന്ന നിലയില്‍ അവരെ കണ്ടെത്തി. അവരെ മൃഗം ഭക്ഷിച്ചില്ല. നെറ്റിയുടെ ഇരുവശത്തുമായി കടിയേറ്റ രണ്ട് പാടുകള്‍ മാത്രമേ ഉണ്ടായിരുന്നള്ളൂ. അതൊരു പുലിയായിരുന്നോ കടുവയായിരുന്നോ എന്നെനിക്കറിയില്ല. ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും അടുത്ത ദിവസം അവര്‍ മരിച്ചു. എന്റെ അമ്മായിയായിരുന്നു അത്. എന്നും ഞാന്‍ ഇതിലേ നടന്നാണ് പണിക്ക് പോകുന്നത്. നടക്കാന്‍ ഞങ്ങള്‍ക്ക് പേടിയാണ്, പക്ഷേ എന്തുചെയ്യും? പേടിച്ച് വീട്ടിലിരിക്കാന്‍ കഴിയില്ലല്ലോ. ഇതിലേ സ്കൂളിലേയ്ക്ക് ബസ് സര്‍വീസ് ആരംഭിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് ഞങ്ങള്‍ ഒരു നിവേദനം ഒപ്പിട്ട് നല്‍കിയിരുന്നു. പക്ഷേ ഒന്നും സംഭവിച്ചില്ല.”
പുലി
: “
എന്റെ പണിസ്ഥലത്തിന് പുറകിലുള്ള മലഞ്ചരിവിലെ ഒരു പാറപ്പുറത്ത് ഇരിക്കുകയായിരുന്നു പുലി. വൈകിട്ട് വീട്ടിലേയ്ക്ക് തിരിച്ചുപോകുന്ന വഴിയാണ് ഞാനതിനെക്കണ്ടത്. എന്റെ തൊട്ടടുത്തായിരുന്നു അത്. എനിക്കും പുലിക്കുമിടയില് ഏതാണ്ട് 4 – 5 മീറ്റര്‍ ദൂരം മാത്രം. എന്നെ കൂട്ടിക്കൊണ്ടുപോകാന്‍ ഭര്‍ത്താവ് കൂടെയുണ്ടായിരുന്നതുകൊണ്ട് എനിക്ക് ഭയം തോന്നിയില്ല. പക്ഷേ പുലി അടുത്ത് വന്നിരുന്നെങ്കില്‍ ഞങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയുമായിരുന്നില്ല. എനിക്ക് പുലിയുടെ ചിത്രമെടുക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അതുകൊണ്ടാണ് ഞാനീ ചിത്രമെടുത്തത്. തനിച്ചായിരുന്നെങ്കിലും ഞാന്‍ ചിത്രമെടുക്കുമായിരുന്നു. എനിക്ക് പുലിയെയും കടുവയേയും ഭയമാണ്. ചിത്രമെടുത്തപ്പോള്‍ പുലി ഞങ്ങളെ കണ്ടു. അത് പതിയെ പാറയ്ക്ക് പിന്നിലേയ്ക്ക് തല താഴ്ത്തി”.
ഏറുമാടം : “ നിലക്കടലയും റാഗിയും അവരക്കായയും കൃഷി ചെയ്യുന്ന സമയത്ത് ആളുകള്‍ രാത്രി 7 മണി മുതല്‍ രാവിലേ 6 മണി വരെ പാടത്ത് കാവലിരിക്കും. മൃഗങ്ങളില്‍ നിന്ന് തങ്ങളുടെ വിളകള്‍ സംരക്ഷിക്കാനായി അവര്‍ രാത്രി മുഴുവന്‍ ഉറങ്ങാതെ മരത്തിന് മുകളിലിരിക്കും. കാട്ടാനയും കാട്ടുപന്നിയും വിളകള്‍ നശിപ്പിക്കാതിരിക്കാനാണിത്. മൃഗങ്ങള്‍ കാടിറങ്ങി വന്നാല്‍ അവര്‍ പടക്കം പൊട്ടിച്ച് അവയെ അകറ്റാന്‍ ശ്രമിക്കും. ചിലപ്പോള്‍ അവര്‍ക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞെന്നു വരില്ല. ആറുമാസത്തോളം നീളുന്ന വിളവെടുപ്പ് കാലത്ത് അവര്‍ ഇത് തുടര്‍ന്നുകൊണ്ടേയിരിക്കും. അല്ലെങ്കില്‍ വിളകളെല്ലാം നശിക്കും”.
ചത്ത കഴുകന്മാര് : “ വൈദ്യുതാഘാതമേറ്റാണ് ഈ കഴുകന്മാര് ചത്തത്. മഴയ്ക്ക് ശേഷമായിരുന്നു ഈ സംഭവം. കമ്പിയില്‍ പ്രവഹിക്കുന്ന വൈദ്യുതിയെപ്പറ്റി അവക്കെന്തറിയാം? താഴെയുള്ള കുറ്റിച്ചെടികള്ക്കുമേലാണ് അവ വീണത്. മുമ്പ് ഈ പ്രദേശത്ത് ധാരാളം കഴുകന്മാര് ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അവയുടെ എണ്ണം കുറവാണ്. മുന്‍പ് ഇവിടെ ഇത്രയധികം lantana camara ഉണ്ടായിരുന്നില്ല. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെയാണ് ഇവ ഇത്രയധികം വളര്‍ന്നത്. ഇതിന്റെ കാരണം ആര്‍ക്കുമറിയില്ല. ഈ ചെടിക്ക് വലിയ ഉപയോഗമൊന്നുമില്ല. ഇതിന്റെ തടി കൊണ്ട് കസേര നിര്‍മ്മിക്കാമെന്ന് മാത്രം. ഇപ്പോള്‍ വനത്തില്‍ പോലും ഇത് വളരുന്നുണ്ട്. പുല്ല് വളരുന്നിടത്തെല്ലാം ഇത് വളരും. ഇപ്പോള്‍ പുല്ല് വളരെ കുറവുമാണ്. അതുകൊണ്ട് പശുവിനും ആടിനും തീറ്റയില്ല”.
ജരഡ് മാര്ഗുലീസിന്റെയും കര്‍ണ്ണാടകയിലെ മംഗള ഗ്രാമത്തിലെ മറിയാമ്മ ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും സഹായം ഈ കൃതിക്ക് ലഭിച്ചിട്ടുണ്ട്. 2015-16ലെ ഫുള്‍ബ്രൈറ്റ് നെഹ്രു റിസര്‍ച്ച് ഗ്രാന്റ്, ബാള്‍ട്ടിമോര്‍ കൗണ്ടി മെരിലാന്റ് സര്‍വകലാശാലയുടെ ഗ്രാജ്വേറ്റ് സ്റ്റുഡന്റ് അസോസിയേഷന് റിസര്‍ച്ച് ഗ്രാന്റ്, മറിയാമ്മ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ സാമ്പത്തികേതരസഹായം, എല്ലാത്തിലുമുപരിയായി ഫോട്ടോഗ്രാഫര്‍മാരുടെ പങ്കാളിത്തവും ഉദ്സാഹവും അദ്ധ്വാനവും എന്നിവയാണ് ഇത് പൂര്‍ത്തീകരിക്കാന്‍ കാരണമായത്. ബി. ആര്. രാജീവിന്റെ വിവര്‍ത്തനവും വിലമതിക്കാനാകാത്തതായിരുന്നു. ഉപയോഗവും പകര്‍പ്പെടുക്കലും സംബന്ധിച്ച പാരിയുടെ ക്രയേറ്റീവ് കോമണ്‍സ് നയത്തിനനുസരിച്ച് ഇവയുടെ പകര്‍പ്പവകാശം അതത് ഫോട്ടോഗ്രാഫര്മാര്ക്കുതന്നെയാണ്. ഇവയുടെ ഉപയോഗവും പകര്‍പ്പെടുക്കലും സംബന്ധിച്ച ഏത് ചോദ്യവും പാരിയോടായിരിക്കണം.
ഇന്ത്യയിലെ പ്രമുഖ കടുവസങ്കേതങ്ങളില്‍ ഒന്നായ ബന്ദിപ്പൂര്‍ നാഷണല്‍ പാര്‍ക്കിന്റെ അതിര്‍ത്തിയില്‍ താമസിക്കുന്ന ജനു കരുബ വിഭാഗത്തില്‍ പെട്ട ആദിവാസി സ്ത്രീയാണ് ജയമ്മ ബെലിയ. വീട്ടുജോലിയാണ് അവരുടെ ഉപജീവനമാര്‍ഗ്ഗം.