മഹാരാഷ്ട്രയിലെ ഔറംഗാബാദ് പട്ടണത്തിൻറെ അതിർത്തിയോട് ചേർന്നുകിടക്കുന്ന ചികൽത്താന ഗ്രാമത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പണമില്ലാത്ത സമ്പദ്‌വ്യവസ്ഥ എന്ന സ്വപ്നം സഫലമായി എന്ന് തോന്നും. ആരുടെ കൈയിലും പണമില്ല. ബാങ്കുകളിലില്ല, എടിഎമ്മുകളിലില്ല ഇവയ്ക്കുമുന്നിലും ചുറ്റും നിരന്നു നിൽക്കുന്ന ഹതാശരായ ജനങ്ങളുടെ കൈയിൽ തീർച്ചയായുമില്ല. ബാങ്ക് ശാഖകൾക്ക് പുറത്തു വാനുകളിൽ ഇരിക്കുന്ന പോലീസ്‌കാരുടെയടുത്തു പോലും ഒന്നുമില്ല.

എന്നാലും സന്തോഷിക്കാം. അവർക്കു പെട്ടന്നുതന്നെ സ്വന്തം വിരലുകളിൽ മഷിയടയാളങ്ങൾ ലഭിക്കും. മതിൽകെട്ടിനുള്ളിലെ പട്ടണമായ ഔറംഗബാദിലെ ഷാഹ്‌ഗഞ്ചിലുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ് (എസ് ബി എഛ് ) ശാഖയിൽ ഒരുപോലെ നിരാശരായ ബാങ്കുദ്യോഗസ്ഥർ അവരുടെ നിർധനരായ ഇടപാടുകാരെ സഹായിക്കാൻ വിഷമിക്കുന്നതുകാണാം. അവിടെയും പിന്നെ പട്ടണത്തിലുള്ള എല്ലാ ബാങ്കുകളുടെ വിവിധ ശാഖകളിലും കോടിക്കണക്കിനു രൂപയുടെ 500, 1,000 മൂല്യങ്ങളുള്ള മുഷിഞ്ഞ നോട്ടുകൾ - നശിപ്പിക്കാൻ വേണ്ടി റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിലേക്ക് അയക്കാൻ വച്ചിരുന്നത് - പിന്നെയും പ്രചാരത്തിലേക്കു തിരിച്ചെത്തിച്ചു കൊണ്ടിരിക്കുകയാണ്. ഇതിനെല്ലാം ആർ ബി ഐ യുടെ മൗനാനുമതിയുണ്ട്.


02-DSC_1696-AR-The-Cashless-Economy-of-Chikalthana.jpg മതിൽകെട്ടിനുള്ളി ലെ പട്ടണമായ ഔറംഗബാദിലെ ഷാഹ്‌ഗഞ്ചിലെ നീണ്ടവരികളിൽ നിൽക്കുന്നവർ തികച്ചും ക്ഷുഭിതരാണ്


"ഞങ്ങൾക്ക് എന്ത് മാർഗ്ഗമാണുള്ളത്‌?" ഈ ബാങ്കുകളിലെ ജീവനക്കാർ ചോദിക്കുന്നു. "ജനങ്ങൾക്കിപ്പോൾ ചെറിയ നോട്ടുകൾ അത്യാവശ്യമാണ്. അവരുടെ എല്ലാ ജോലികളും ഇടപാടുകളും നിലച്ചിരിക്കുകയാണ്." ഞങ്ങൾ അകത്തുള്ള ജീവനക്കാരോട് സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ, ജാവേദ് ഹയാത് ഖാൻ എന്ന

ചെറുകിടവ്യാപാരി, ഞായറാഴ്ചയായിട്ടും ബാങ്കിന് പുറത്തു ഒരു കിലോമീറ്ററോളം നീണ്ടുനിൽക്കുന്ന ഒരു നിരയിൽനിന്ന് ഞങ്ങളുടെ അടുത്തേക്കുവന്നു. അദ്ദേഹം തൻറെ മകൾ റശീദ ഖാട്ടൂണിൻറെ കല്യാണക്കുറി ഞങ്ങൾക്ക് തന്നു. "എൻറെ അക്കൗണ്ടിൽ എനിക്ക് ആകെയുള്ളത് 27,000 രൂപ ആണ്," അദ്ദേഹം പറഞ്ഞു. "അതിൽനിന്നും 10,000 രൂപയാണ് മൂന്ന് ആഴ്ചകൾക്കുള്ളിൽ നടക്കാനിരിക്കുന്ന എൻറെ മകളുടെ വിവാഹത്തിനു വേണ്ടി ചോദിക്കുന്നത്. അത് പിൻവലിക്കാൻ എനിക്ക് അനുമതിയില്ല." അത്രയും തുക അദ്ദേഹത്തിന് ഇന്ന് എടുക്കാമെങ്കിലും, തലേദിവസം അദ്ദേഹം 10,000 രൂപ പിൻവലിച്ചു എന്നതിനാലാണ്‌ ബാങ്ക് ഇന്ന് നിരാകരിച്ചത്. എന്തെന്നാൽ നീണ്ടുപിണഞ്ഞു കിടക്കുന്ന വരികളിലുള്ളവർക്ക് മുഴുവൻ കൊടുക്കാൻ ആവശ്യത്തിനു കാശില്ല എന്നു ബാങ്കുജീവനക്കാർക്ക് തോന്നി. വരികളിൽ നിൽക്കുന്ന എല്ലാവർക്കും ഒരു ചെറിയ തുകയെങ്കിലും കൊടുക്കാം എന്ന പ്രതീക്ഷയിലാണ് അവർ. ചിലർ ഖാനെ സഹായിക്കാൻ ശ്രമിക്കുകയാണ്. ഖാൻറെ അക്കൗണ്ടിലുള്ള തുക അദ്ദേഹം മകളുടെ വിവാഹത്തിനുവേണ്ടി തുടങ്ങിയ ഒരു സ്ഥിരനിക്ഷേപം അവസാനിപ്പിച്ചതിൽ നിന്നും വന്നതാണ് എന്നാണ് അവർ ചൂണ്ടിക്കാണിക്കുന്നത്.


03-thumb_IMG_1543_1024-2-PS-The Cashless-Economy of Chikalthana.jpg

ജാവേദ് ഹയാത് ഖാന്‌ മൂന്നാഴ്ചക്കുള്ളിൽ നടക്കാനിരിക്കുന്ന തൻറെ മകളുടെ വിവാഹത്തിനുവേണ്ടി അത്യാവശ്യമായി പണം പിൻവലിക്കണം


പല ലേഖകരും, വിദഗ്ദ്ധരും പിന്നെ ഔദ്യോഗിക അവലോകനങ്ങളും ചൂണ്ടിക്കാണിക്കുന്നത് പോലെ ഇന്ത്യയിലെ അനധികൃത സമ്പദ് വ്യവസ്ഥയുടെ മുഖ്യഭാഗവും സ്വർണ്ണക്കട്ടികൾ, ബിനാമി സ്ഥലമിടപാടുകൾ പിന്നെ വിദേശനാണ്യം എന്നിവയുടെ രൂപത്തിലാണുള്ളത്. മുത്തശ്ശിയുടെ പഴയ മരപ്പെട്ടിയിൽ അടുക്കിവച്ചിരിക്കുന്ന നോട്ടുകളിൽ അല്ല. ഇത് സെൻട്രൽ ബോർഡ് ഓഫ് ഡയറക്റ്റ് ടാക്സ്സ് അധ്യക്ഷൻ ഇന്ത്യയിലും വിദേശത്തുമുള്ള കള്ളപ്പണം കൈകാര്യംചെയ്യാനുള്ള നടപടികളെക്കുറിച്ചുള്ള 2012-ലെ ഒരു അവലോകനത്തിൽ പറഞ്ഞതാണ്. പണ്ട് രണ്ടു സന്ദർഭങ്ങളിൽ - 1946-ലും പിന്നെ 1978-ലും - നടപ്പാക്കിയ നോട്ടുനിരോധനം "വൻ പരാജയമായിരുന്നു" എന്നും ആ അവലോകനം പറയുന്നുണ്ട് (പേജ് 14, ഭാഗം II, 9.1). എന്നിട്ടും ഇതേ നടപടിയാണ് ഭാരതീയ ജനതാ പാർട്ടി സർക്കാർ ആവർത്തിച്ചിരിക്കുന്നത്. "മോദി മാസ്റ്റർസ്ട്രോക് " എന്ന് ടെലിവിഷനിലെ വിവിധ അവതാരകരും മറ്റു കോമാളികളും നാമകരണം ചെയ്തിരിക്കുന്ന ഈ അവിശ്വസനീയമാവണ്ണം വിവേകശൂന്യമായ നടപടി രാജ്യമൊട്ടുക്ക്‌ യാതനയും ദുരിതങ്ങളും വിതച്ചുകൊണ്ടിരിക്കുകയാണ്. എന്തെങ്കിലും ഒരു "സ്ട്രോക്ക്" ഉണ്ടായിട്ടുണ്ടെങ്കിൽ, അത് ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെ ഹൃദയത്തിനേറ്റ പ്രഹരം മാത്രമാണ്.

ഈ പ്രഹരത്തിൽ നിന്ന് കരകയറാൻ 2-3 ദിവസത്തെ ബുദ്ധിമുട്ടുമാത്രമാണ് ഉള്ളത് എന്നാണ് ധനകാര്യമന്ത്രിയും അദ്ദേഹത്തിൻറെ പാർട്ടി സഹപ്രവർത്തകരും നിസ്സാരമായി പറഞ്ഞത്. Dr. ജെയ്‌റ്റിലി പിന്നെ അത് 2-3 ആഴ്ചകൾ എന്ന് തിരുത്തി. അല്പസമയത്തിനുള്ളിൽ മുതിർന്ന സർജൻ നരേന്ദ്ര മോദി രോഗിയെ സുഖപ്പെടുത്താൻ അദ്ദേഹത്തിന് 50 ദിവസമെങ്കിലും വേണമെന്ന് പറഞ്ഞു. ഈ വിധത്തിലുള്ള ചികിത്സകൊണ്ട് നമ്മൾ 2017 വരെ എത്തിയിരിക്കുന്നു. അതിനിടയിൽ രാജ്യത്തുടനീളം എത്ര ആൾക്കാർ വരികളിൽ കാത്തുനിന്ന് മരിച്ചുവെന്ന് നമുക്കറിയില്ല. എന്നാൽ, അവരുടെ എണ്ണം ദിനംപ്രതി വർധിച്ചുകൊണ്ടിരിക്കുകയാണ്.

"നാസിക് ജില്ലയിലെ ലസൽഗാവിൽ പണമില്ലാത്തതുകാരണം കർഷകർ ഉള്ളി വിപണി അടച്ചു," ആധുനിക് കിസാൻ വാരികയുടെ പത്രാധിപർ നിഷികാന്ത് ഭലെറാവു പറയുന്നു. "വിദർഭയിലും മറാഠവാഡയിലും പരുത്തിയുടെ വില ക്വിന്റലിന് 40 ശതമാനത്തോളം ഇടിഞ്ഞിരിക്കുകയാണ്. കുറച്ചു ഇടപാടുകൾ അല്ലാതെ വില്പന സ്തംഭിച്ചിരിക്കുകയാണ്. "ആർക്കും പണമില്ല. കമ്മീഷൻ ഏജൻറ്സ്, ഉല്പാദകർ, ഉപഭോക്‌താക്കൾ എല്ലാവരും ഒരുപോലെ കടുത്ത വിഷമത്തിലാണ്," ദി ടെലിഗ്രാഫ് പത്രത്തിൻറെ നാഗ്പുർ ലേഖകൻ ജയദീപ് ഹർദികർ പറയുന്നു. "ഗ്രാമീണ ശാഖകളിൽ ചെക്ക് ഇടുക എപ്പോഴും ഒരു വിരസമായ പ്രക്രിയ ആയിരുന്നു, ഇപ്പോൾ പിൻവലിക്കലും ഒരു പേടിസ്വപ്നമായി."

അതിനാൽ വളരെ കുറച്ച്‌ കർഷകർ മാത്രമേ ചെക്കുകൾ സ്വീകരിക്കുകയുള്ളൂ. ഇവ മാറികിട്ടുന്നതുവരെ എങ്ങിനെയാണ് അവരുടെ കുടുംബങ്ങൾ പുലരേണ്ടത്? മറ്റുചിലർക്ക് പ്രവർത്തനക്ഷമമായ ബാങ്ക് അക്കൗണ്ടുകളില്ല.

ഈ സംസ്ഥാനത്തെ ഒരു പ്രമുഖ പൊതുമേഖലാ ബാങ്കിന് രാജ്യത്തുടനീളം 975 എടിഎമ്മുകൾ ആണുള്ളത്. ഇവയിൽ 549-എണ്ണം നിരാശയല്ലാതെ മറ്റൊന്നും തരുന്നില്ലായിരുന്നു. പ്രവർത്തനരഹിതമായ ഈ എടിഎമ്മുകളിൽ ഭൂരിഭാഗവും ഗ്രാമപ്രദേശങ്ങളിൽ ആണ്. ഈ അവസ്ഥയുടെ ഒരു തികച്ചും പരിഹാസ്യപരമായ ന്യായീകരണം "ഗ്രാമപ്രദേശങ്ങൾ കടത്തിലാണ് പ്രവർത്തിക്കുന്നത്, കാശിനു ഒരു മൂല്യവുമില്ല" എന്ന അവകാശവാദം ആണ്. യഥാർത്ഥത്തിൽ പണമാണ് എല്ലാം.

ഗ്രാമീണസമൂഹത്തിൻറെ താഴെത്തട്ടിലെ ഇടപാടുകൾ മിക്കവാറും പണംകൊണ്ടാണ്. ഒരാഴ്ചക്കുള്ളിൽ ചെറിയ മൂല്യമുള്ള കറൻസി നോട്ടുകൾ എത്തിയില്ലെങ്കിൽ ക്രമസമാധാനനില തകരാൻ സാധ്യതയുണ്ടെന്ന് ഗ്രാമീണ ബാങ്ക് ശാഖകളിലെ ഉദ്യോഗസ്ഥർ മുൻകൂട്ടികാണുന്നു. ഇത്തരത്തിലുള്ള പ്രതിസന്ധി തുടങ്ങിക്കഴിഞ്ഞുവെന്നും പറഞ്ഞസമയത്തിനുള്ളിൽ കുറച്ചു പണമെത്തിയാൽപോലും അത് അയയില്ല എന്ന് ചിലർ പറയുന്നു.

ഔറംഗബാദിലെ മറ്റൊരു വരിയിൽ നിൽക്കുന്ന പർവേസ് പൈതാൻ എന്ന ഒരു നിർമ്മാണ മേഖലയിലെ മേൽനോട്ടക്കാരൻ തൻറെ തൊഴിലാളികൾ താമസിയാതെ അക്രമാസക്തരാകും എന്നു ഭയക്കുന്നു. "അവർ ചെയ്തുതീർത്ത പണിക്ക്‌ അവർക്ക് കൂലി കൊടുക്കണം," അദ്ദേഹം പറയുന്നു. "എന്നാൽ എൻറെ കൈയിൽ

പണമില്ല." തനിക്കും തന്നെപ്പോലുള്ള മറ്റു ചെറുപ്പമായ അമ്മമാർക്കും കുഞ്ഞുങ്ങളെ പോറ്റാനുള്ള ബുദ്ധിമുട്ടേറിവരുകയാണ് എന്ന് ചികൽത്താന ഗ്രാമത്തിലെ റെയ്‌സ് അഖ്‌താർ ഖാൻ പറയുന്നു. "ദിവസത്തിൽ കുറെ നേരം ഈ വരികളിൽ നിൽക്കുന്ന കാരണം വളരെയധികം താമസിച്ചാണ് ഭക്ഷണം കൊടുക്കാൻ കഴിയുന്നത്. സാധാരണ ഭക്ഷണസമയം പിന്നിട്ട് മണിക്കൂറുകൾ കുഞ്ഞുങ്ങൾ വിശന്നിരിക്കും."

2-4 ദിവസത്തെക്കുള്ള പലവ്യഞ്‌ജഞനങ്ങളെ വീട്ടിൽ ബാക്കിയുള്ളു എന്നാണ് വരിയിൽ നിൽക്കുന്ന മിക്ക വനിതകളും പറയുന്നത്. അതിനുള്ളിൽ പണത്തിൻറെ ക്ഷാമം പരിഹരിക്കപ്പെട്ടില്ലെങ്കിലത്തെ അവസ്ഥ അവർക്ക് ഭീതിയുളവാക്കുന്നത് ആണ്. കഷ്ടം, അതിനുള്ള സാധ്യതയില്ല.

കർഷകർ, ഭൂമിയില്ലാത്ത തൊഴിലാളികൾ, വീട്ടുജോലിക്കാർ, പെൻഷൻകാർ, ചെറുകിട കച്ചവടക്കാർ, എന്നിവർക്കും പിന്നെ മറ്റു പല വിഭാഗങ്ങൾക്കും ഉഗ്ര പ്രഹരമാണ് ഏറ്റിരിക്കുന്നത്. അനവധി പേർക്ക് പണം കടമെടുക്കേണ്ടിവരും. കൂലി നല്കാൻ വേണ്ടി തൊഴിൽദാതാക്കളും ഭക്ഷണം വാങ്ങാൻ വേണ്ടി മറ്റു പലരും.

"ഓരോ ദിവസം കഴിയുംതോറും ഇവിടുത്തെ വരികൾ വർധിക്കുന്നതേയുള്ളു, കുറയുന്നില്ല," ഔറംഗാബാദിലെ സ്റ്റേഷൻ റോഡിലുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ് ശാഖയിലെ ഒരു ജീവനക്കാരൻ പറയുന്നു. രോഷാകുലരായ ജനങ്ങളുടെ വലിയ നിരകളെ അഭിമുഖീകരിക്കാൻ ഇവിടുത്തെ പരിമിതമായ ജീവനക്കാർ ശ്രമിക്കുകയാണ്. തിരിച്ചറിയൽ രേഖകളും മറ്റു വിവരങ്ങളും സമർത്ഥിക്കാൻ വേണ്ടി അയച്ച സോഫ്റ്റ്‌വെയറിലെ ഒരു അപാകത ഒരു ജീവനക്കാരൻ ചൂണ്ടികാണിച്ചു.

ജനങ്ങൾക്ക്‌ പരമാവധി 500ൻറെ എട്ടു നോട്ടുകളോ അല്ലെങ്കിൽ 1,000ൻറെ നാലെണ്ണമോ ആണ് രണ്ട് 2,000ൻറെ നോട്ടായി മാറ്റിവാങ്ങാവുന്നത്. ഇത് ഒറ്റത്തവണ ഇടപാടാണ്. "അടുത്ത ദിവസം ഇത് ആവർത്തിക്കാൻ ശ്രമിച്ചാൽ നിങ്ങൾ അബദ്ധത്തിൽ ചാടും. എന്നാൽ ഇതിന് പോംവഴിയുണ്ട്. മറ്റൊരു തിരിച്ചറിയൽ രേഖ ഉപയോഗിച്ചാൽ മതി. ഇന്ന് ആധാർ കാർഡാണ് ഉപയോഗിച്ചതെങ്കിൽ, നാളെ പാസ്സ്പോർട്ടോ അതിൻറെ അടുത്ത ദിവസം പാൻകാർഡോ ഉപയോഗിച്ച് പിടിക്കപ്പെടാതെ ഈ ഇടപാട് ആവർത്തിക്കാവുന്നതാണ്."


04-thumb_IMG_1538_1024-2-PS-The Cashless-Economy of Chikalthana.jpg

സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദിൻറെ ഷാഹ്‌ഗഞ്ച് ശാഖയിൽ നിരാശരായ ജനം തിരക്കുകൂട്ടുന്നു. പുറത്ത്‌ വരി ഒരു കിലോമീറ്ററോളം നീളുന്നു


യഥാർത്ഥത്തിൽ വളരെ കുറച്ചുപേരെ ഈ വിദ്യ പ്രയോഗിച്ചിട്ടുള്ളു. മിക്കവർക്കും ഇതിനെക്കുറിച്ച് അറിവില്ല. ഇതിനോടുള്ള സർക്കാർ പ്രതികരണം ഭ്രാന്താണോ എന്ന് തോന്നും. വരികളിൽ നിൽക്കുന്ന ആളുകൾക്ക് നോട്ട് മാറ്റികിട്ടുന്നത് അനുസരിച്ച് അവരുടെ വിരലുകളിൽ തിരഞ്ഞെടുപ്പിനെന്നപോലെ മായാത്ത മഷികൊണ്ട് അടയാളമിടാൻ ആണ് തീരുമാനം. വലത്തെ കൈവിരലിൽ ആണ് അടയാളമിടുക. ചില സംസ്ഥാനങ്ങളിൽ ഉപതിരഞ്ഞെടുപ്പിൽ ജനം വോട്ട് ചെയ്യുമ്പോൾ ആശയകുഴപ്പം ഉണ്ടാകാതിരിക്കാനാണിത്.

"സർക്കാർ എത്ര ഉത്തരവുകളോ നിർദ്ദേശങ്ങളോ നൽകിയാലും മിക്ക ആശുപത്രികളും ഔഷധാലയങ്ങളും 500, 1,000 രൂപ നോട്ടുകൾ സ്വീകരിക്കില്ല," സ്റ്റേഷൻ റോഡിലെ വരിയിൽ നിൽക്കുന്ന ആർ. പാട്ടിൽ എന്ന ചെറുകിട കരാറുകാരൻ പറഞ്ഞു. അദ്ദേഹത്തിൻറെ അരികിൽ നിൽക്കുന്ന സയ്ദ് മോദക് എന്ന മരപ്പണിക്കാരൻ തൻറെ ഒരു തീരെ സുഖമില്ലാത്ത ബന്ധുവിനെ രക്ഷിക്കാൻ വേണ്ടി ക്ലിനിക്കുകൾതോറും കയറിയിറങ്ങിയതാണ്. "ഒന്നുകിൽ 2,000ൻറെ നോട്ടുകൾ എടുക്കില്ല എന്നോ അല്ലെങ്കിൽ ഞങ്ങൾക്ക് തരാൻ ചില്ലറ ഇല്ല എന്നോ പറഞ്ഞു എല്ലായിടത്തും ഞങ്ങളെ നിരാകരിച്ചു," അദ്ദേഹം പറഞ്ഞു.

ഇതിനിടയിൽ, എല്ലാവരും ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത് നാസിക്കിലാണ്. അവിടെനിന്നാണ് മുഴുവൻ ഇന്ത്യയിലേക്കുമുള്ള പുതുതായി അച്ചടിച്ച കറൻസി പുറത്തിറങ്ങുന്നത്. ഗ്രാമപ്രദേശങ്ങളിലുള്ള ആർക്കും അത് കിട്ടിയിട്ടില്ലെങ്കിലും, എല്ലാവരും പ്രതീക്ഷയിലാണ്. കൂടുതലറിയാൻ ഈ പംക്തി ശ്രദ്ധിക്കൂ.

P. Sainath is Founder Editor, People's Archive of Rural India. He has been a rural reporter for decades and is the author of 'Everybody Loves a Good Drought' and 'The Last Heroes: Foot Soldiers of Indian Freedom'.

Other stories by P. Sainath
Translator : Jyotsna V.

Jyotsna V. is a media professional based in Ernakulam.

Other stories by Jyotsna V.