“വീര്‍ നാരായണ്‍ സിംഗ്?”, ഛത്തീസ്ഗഢിലെ സോനാഖന് ഗ്രാമത്തിലെ സഹസ്രം കാംവര്‍ പറഞ്ഞു. “അയാള്‍ ഒരു കൊള്ളക്കാരനായിരുന്നു. കുറച്ചുപേര്‍ അയാളെ ഒരു മഹാനാക്കിയിരിക്കുന്നു. ഞങ്ങളല്ല.” ചുറ്റുമുള്ള കുറച്ചുപേര്‍ സമ്മതത്തില്‍ തലയാട്ടുകയും ചെയ്തു. മറ്റു ചിലരും സമാനമായ അഭിപ്രായം പ്രകടിപ്പിച്ചു.
ഇത് ഹൃദയഭേദകമായിരുന്നു. സോനാഖന് അന്വേഷിച്ച് ഞങ്ങള്‍ കുറച്ചുദൂരത്തുനിന്നും വരികയാണ്. 1850-കളുടെ മദ്ധ്യത്തില്‍ ഛത്തീസ്ഗഢില്‍ നടന്ന ആദിവാസി ലഹളയുടെ സിരാകേന്ദ്രമായിരുന്നു ഇത്. 1857-ലെ മഹാലഹളയ്ക്ക് മുമ്പ് തുടങ്ങിയ ഒന്ന്. അത് ഒരു നാടോടി നായകന് ജന്മംനല്കി.
ഈ ഗ്രാമത്തില്‍ വച്ചാണ് വീര്‍ നാരായണ്‍ സിംഗ് ബ്രിട്ടീഷുകാര്‍ക്കെതിരെ മുന്നേറിയത്.
1850-കളില്‍ ക്ഷാമത്തിന് അടുത്തെത്തിയ അവസ്ഥകള്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കി. അപ്പോള്‍ സോനാഖനിലെ നാരായണ്‍ സിംഗിന് പ്രദേശത്തെ ഫ്യൂഡലുകളെ നേരിടേണ്ടിവന്നു. “അദ്ദേഹം കാരുണ്യം തേടിയില്ല”, മുഖ്യമായും ആദിവാസികള്‍ വസിക്കുന്ന ഈ ഗ്രാമത്തിലെ ഏറ്റവുംമുതിര്‍ന്ന ആദിവാസിയായ ചരണ്‍ സിംഗ് പറഞ്ഞു. നാരായണ്‍ സിംഗിനെപ്പറ്റി കൂടുതല്‍ ഉദാരമായ അഭിപ്രായം പുലര്‍ത്തിയതായി തോന്നിയത് അദ്ദേഹം മാത്രമാണ്.
“അദ്ദേഹം വ്യാപാരികളോടും പ്രഭുക്കന്മാരോടും സംഭരണശാലകള്‍ തുറന്ന് പാവങ്ങള്‍ക്ക് ഭക്ഷണം നല്കാന് ആവശ്യപ്പെട്ടു.” എല്ലാ ക്ഷാമങ്ങളുടെയും കാര്യത്തിലെന്നപോലെ ഇവിടെയും ധാന്യപ്പുരകള്‍ നിറഞ്ഞു തന്നെയിരുന്നു. “ആദ്യത്തെ വിളവ് ലഭിക്കുമ്പോള്‍ ആളുകള്‍ അവര്‍ക്ക് ലഭിച്ച ധാന്യങ്ങള്‍ തിരിച്ചുനല്‍കുമെന്ന് എന്ന് അദ്ദേഹം പറഞ്ഞു. അവര്‍ വിസമ്മതിച്ചപ്പോള്‍ ധാന്യങ്ങള്‍ പിടിച്ചെടുക്കാനും വിതരണം ചെയ്യുന്നതിനുമായി അദ്ദേഹം പാവപ്പെട്ട മനുഷ്യരെകൂട്ടി.” അതെത്തുടര്‍ന്നുണ്ടായ സമരം, ആദിവാസികള്‍ അവരുടെ മര്‍ദ്ദകരെ നേരിട്ടതിനെത്തുടര്‍ന്ന്, പ്രദേശം മുഴുവന്‍ പടര്‍ന്നുപിടിച്ചു.








