ഇപ്പോഴും അവർ പതാക താലൂക്ക് ഓഫീസിൽ സൂക്ഷിച്ചിരിക്കുന്നു. ഇവിടെത്തന്നെയാണ് ഓഗസ്റ്റ് 18-ന് അവർ അത് ഉയർത്തുന്നത്. 1942-ല്‍ ഇതേദിവസമാണ് ഉത്തർപ്രദേശിലെ ഘാസിപൂർ ജില്ലയിലെ ഈ ഭാഗത്തു നിന്നുള്ള ആളുകൾ ബ്രിട്ടീഷ് ഭരണത്തിൽ നിന്നും സ്വാതത്ര്യം പ്രഖ്യാപിച്ചത്. അന്ന് മുഹമ്മദാബാദിലെ തഹസീൽദാർ വെടിയുതിർക്കുകയും ശേർപൂർ ഗ്രാമത്തിലെ എട്ടുപേർ കൊല്ലപ്പെടുകയും ചെയ്തു. ശിവ് പൂജൻ റായ് നയിച്ച കോൺഗ്രസ്സുകാരായിരുന്നു ഇവരിൽ മിക്കവരും. മുഹമ്മദാബാദിലെ തഹസീൽ കെട്ടിടത്തിനു മുകളിൽ ത്രിവർണ്ണ പതാക ഉയർത്താൻ ശ്രമിക്കുന്നതിനിടയില്‍ അവർ വെടിയേറ്റു മരിച്ചു.
ബ്രിട്ടീഷുകാർ 129 നേതാക്കൾക്കെതിരെ ഓഗസ്റ്റ് 10-ന് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച ഗ്രാമത്തിലെമ്പാടും സമരങ്ങൾ ഉയര്‍ന്നുവന്നു. അവിടെ നേരത്തെതന്നെ പ്രശ്നങ്ങൾ തിളച്ചു മറിയുകയായിരുന്നു. 19-ഓടുകൂടി തദ്ദേശീയർ ഘാസിപൂരിന്റെ ഏതാണ്ട് എല്ലാഭാഗവും നിയന്ത്രണത്തിലാക്കുകയും മൂന്ന് ദിവസം സർക്കാരിനെ നയിക്കുകയും ചെയ്തു.
ജില്ലാ ഗസറ്റിയർ പറയുന്നതനുസരിച്ച് ബ്രിട്ടീഷ് പ്രതികരണം "ഒരു ഭീകര വാഴ്ച”യായിരുന്നു. പെട്ടെന്നുതന്നെ "ഗ്രാമങ്ങൾതോറും കവർച്ചയും കൊള്ളയും തീവെപ്പും ഉണ്ടായി.” പട്ടാളവും പോലീസും ‘ഇന്ത്യ വിടുക’ എന്ന ആവശ്യമുയര്‍ത്തിയ സമരക്കാരെ അടിച്ചമർത്തി. അടുത്ത കുറച്ചു ദിവസങ്ങളിൽ ജില്ലയിലുടനീളം ഏകദേശം 150 ആളുകളെ വെടിവച്ചിട്ടു. ഉദ്യോഗസ്ഥരും പോലീസുകാരും സാധാരണക്കാരിൽ നിന്നും ഏകദേശം 35 ലക്ഷം രൂപ കവർന്നെടുത്തെന്ന് രേഖകൾ പറയുന്നു. 74 ഗ്രാമങ്ങളാണ് കത്തിച്ചത്. ഘാസിപൂരിലെ ജനങ്ങൾ കൂട്ടായി 4.5 ലക്ഷം രൂപ പിഴയടച്ചു - അക്കാലത്തെ ഒരു വലിയ തുക.
ശിക്ഷയുടെ ഭാഗമായി ഉദ്യോഗസ്ഥർ ശേർപൂരിനെ ഒറ്റപ്പെടുത്തി. അവിടുത്തെ ഏറ്റവും പ്രായമുള്ള ദളിത് നിവാസിയായ ഹരിശരൺ റാം ആ ദിവസം ഓർമ്മിക്കുന്നു: "ഗ്രാമത്തിൽ ഒരു പക്ഷിപോലും അവശേഷിച്ചില്ല, പിന്നയല്ലേ മനുഷ്യർ. സാധിച്ചവരൊക്കെ പലായനം ചെയ്തു. കൊള്ള തുടർന്നുകൊണ്ടേയിരുന്നു.” എന്നിട്ടും ഘാസിപ്പൂരിനെ മൊത്തത്തിൽ ഒരു പാഠം പഠിപ്പിക്കണമായിരുന്നു. 1850-കളിൽ നീലം തോട്ടമുടമകളെ പ്രദേശവാസികൾ ആക്രമിച്ചപ്പോൾ മുതലുള്ള ബ്രിട്ടീഷ് വിരുദ്ധ കലാപങ്ങളുടെ രേഖകൾ ജില്ലയുടെ പക്കലുണ്ട്. വെടിയുണ്ടകളും ലാത്തികളും കൊണ്ടുള്ള ഒരു പാഠം ഇപ്പോൾ ഇത് പഠിച്ചു.






