ഞങ്ങള്‍ ജീപ്പില്‍നിന്നും ഇറങ്ങിയപ്പോള്‍ രാജവൊമ്മാംഗി പോലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍മാര്‍ പരിഭ്രാന്തരായി അവരുടെ സ്ഥാനങ്ങളിലേക്ക് നീങ്ങി. സ്റ്റേഷന്‍തന്നെ പോലീസ് സംരക്ഷണയിലാണ്. പ്രത്യേക സായുധ പോലീസ് അതിനുചുറ്റുമുണ്ട്. ഞങ്ങള്‍ ഒരു ക്യാമറമാത്രം ധരിച്ചിരുന്നത് അവിടുത്തെ പിരിമുരുക്കത്തെ കാര്യമായി കുറച്ചില്ല. കിഴക്കന്‍ ഗോദാവരി പ്രദേശത്തെ ഈ ഭാഗത്ത് പോലീസ് സ്റ്റേഷനുകളുടെ ഫോട്ടൊ എടുക്കുന്നത് നിരോധിച്ചിരിക്കുന്നു.
അകത്തെ ഇടനാഴിയിലെ സുരക്ഷിതത്വത്തിൽ ഞങ്ങൾ ആരായിരുന്നുവെന്ന് കോൺസ്റ്റബിളിന് അറിയണമായിരുന്നു. പത്രക്കാർ? കാര്യങ്ങൾ കുറച്ച് അയഞ്ഞു. "നിങ്ങൾ കുറച്ച് താമസിച്ചല്ലേ പ്രതികരിക്കുന്നത്?" ഞാൻ ചോദിച്ചു. “75 വർഷങ്ങൾക്കു മുൻപാണ് നിങ്ങളുടെ സ്റ്റേഷൻ ആക്രമിക്കപ്പെട്ടത്.”
"ആർക്കറിയാം”, അദ്ദേഹം താത്വികമായി പറഞ്ഞു. “അത് വീണ്ടും ഇന്നുച്ചകഴിഞ്ഞ് സംഭവിക്കാം.”
ആന്ധ്രാപ്രദേശിലെ ഈ ആദിവാസി പ്രദേശം അറിയപ്പെടുന്നത് ‘ഏജൻസി’ പ്രദേശം എന്നാണ്. ഓഗസ്റ്റ് 1922-ന് അവർ കലാപവുമായി ഇറങ്ങി. പ്രാദേശികതലത്തിൽ രൂപപ്പെട്ട രോഷപ്രകടനത്തിന് വലിയ രാഷ്ട്രീയാർത്ഥം കൈവരുകയായിരുന്നു. ആദിവാസിയല്ലാത്ത അല്ലുരി രാമചന്ദ്ര രാജു (സീതാരാമ രാജു എന്നറിയപ്പെടുന്നു) മലഗോത്ര വിഭാഗങ്ങളെ മന്യം കലാപത്തിലേക്ക് നയിച്ചു. പ്രാദേശിക തലത്തിൽ ഈ പേരിലാണ് ഇതറിയപ്പെടുന്നത്. ആളുകൾ ഇവിടെ വെറുതെ പരാതിക്കുള്ള പരിഹാരം തേടുകയായിരുന്നില്ല. 1922-ഓടെ അവർ ബ്രിട്ടീഷ് ഭരണത്തെത്തന്നെ നീക്കാൻ പൊരുതുകയായിരുന്നു. കലാപകാരികൾ രാജവൊമ്മാംഗി ഉൾപ്പെടെയുള്ള നിരവധി പോലീസ് സ്റ്റേഷനുകൾ ആക്രമിച്ചുകൊണ്ട് അവരുടെ ലക്ഷ്യങ്ങൾ പ്രഖ്യാപിച്ചു.
ഈ പ്രദേശത്തെ നിരവധി പ്രശ്നങ്ങൾ 75 വർഷങ്ങൾക്കു മുൻപ് ബ്രിട്ടീഷുകാരോട് പൊരുതിയപ്പോഴുണ്ടായിരുന്ന അതേപോലെതന്നെ ഇപ്പോഴും നിലനിൽക്കുന്നു.








