“ഞാൻ പിന്മാറിയില്ല. എൻ്റെ ഫോട്ടോഗ്രാഫുകൾ പളനി അണ്ണന് ഇൻസ്റ്റഗ്രാമിൽ അയച്ചുകൊടുത്തുകൊണ്ടിരുന്നു,” 25 വയസ്സുള്ള കെ.രവികുമാർ പറയുന്നു. നീലഗിരി കാട്ടിൽനിന്നുള്ള, മറ്റൊരു തളരാത്ത ശബ്ദത്തിൻ്റെ ഉടമയായിരുന്നു രവികുമാർ. ബൊക്കപുരം ഗ്രാമത്തിലെ ബേട്ട കുറുംബ സമുദായത്തിലെ ആദിവാസിയായ അദ്ദേഹം ഫോട്ടോഗ്രാഫി പഠിച്ചത്, നീലഗിരിയിലെ പർട്ടിക്കുലർലി വൾനെറബിൾ ട്രൈബൽ ഗ്രൂപ്പ് (ഏറ്റവും ദുർബ്ബല ഗോത്രവിഭാഗത്തിൻ്റെ) ഫെഡറേഷൻ്റെ ഓഫീസിലെ ഒരു സഹപ്രവർത്തകനിൽനിന്നായിരുന്നു. ഒരു പഴയ ക്യാമറയിൽ. എന്നാൽ ഒരു സുഹൃത്ത് മുഖേന പളനിയെക്കുറിച്ച് അറിഞ്ഞപ്പോൾ, രവിക്ക് കൂടുതൽ പഠിക്കണമെന്ന് തോന്നി.
“ഒടുവിൽ ഒരു ദിവസം അണ്ണൻ മറുപടി അയച്ചു. ഫോട്ടോഗ്രാഫിയിൽ താത്പര്യമുണ്ടോ എന്ന് ചോദിച്ചു. അദ്ദേഹം സ്വന്തമായി ടിക്കറ്റെടുത്ത് എന്നെ ചെന്നയിലെ ഫോട്ടോഗ്രാഫി വർക്ക്ഷോപ്പിലേക്ക് എത്തിച്ചു. അങ്ങിനെയാണ് ഞാൻ പുസ്തകങ്ങൾ വായിക്കാനും, യാത്ര ചെയ്യാനും, ചിത്രങ്ങളെടുക്കാനും ഡോക്യുമെൻ്ററി ഫോട്ടോഗ്രാഫിയെക്കുറിച്ച് പഠിക്കാനും തുടങ്ങിയത്. എൻ്റെ സമുദായത്തിൻ്റെ കഥ പറയാൻ ഞാൻ ആഗ്രഹിച്ചു. സർക്കാർ ജോലിക്കുള്ള പരീക്ഷകളെഴുതാൻ ഇപ്പോൾ അദ്ദേഹം ആഗ്രഹിക്കുന്നില്ല. തൻ്റെ ഇഷ്ടം തിരിച്ചറിഞ്ഞിരിക്കുന്നു രവി ഇപ്പോൾ.
എന്നാൽ, ഭർത്താവ് ഉപേക്ഷിച്ചതിനുശേഷം ഒറ്റയ്ക്ക് അഞ്ച് മക്കളെ വളർത്തിയെടുത്ത അമ്മയ്ക്ക് ഇതിൽ ഒട്ടും സന്തോഷമുണ്ടായിരുന്നില്ല. “ഞാൻ പബ്ലിക് സർവീസ് പരീക്ഷയ്ക്ക് പഠിക്കണമെന്നായിരുന്നു അമ്മയുടെ മോഹം. ‘നീയെന്താ എല്ലാ സമയത്തും ക്യാമറയുമായി നടക്കുന്നത്. നിർത്തിക്കോ. പോയി, പഠിച്ച്, ഒരു സർക്കാർ ജോലി കണ്ടെത്ത്. ഈ ഫോട്ടോ എടുത്ത് നടന്നാലൊന്നും നമുക്ക് പൈസ കിട്ടാൻ പോവുന്നില്ല’, എന്ന് അമ്മ ഒച്ചയിടും. എന്നാൽ ഒരു ദിവസം പളനി അണ്ണൻ, ഏതാനും കുട്ടികളുടെ കൂടെ വീട്ടിൽ വന്ന് അമ്മയോട് സംസാരിച്ചു. ചീത്ത പറയുന്നത് അമ്മ നിർത്തിയത് അങ്ങിനെയാണ്. അമ്മയുടെ ജീവിതപോരാട്ടത്തെക്കുറിച്ച് ഞാൻ ഒരു സ്റ്റോറി ചെയ്തിട്ടുണ്ട്. എൻ്റെ ആദ്യത്തെ എക്സിബിഷന് അമ്മയ്ക്ക് വരാൻ പറ്റിയില്ല. പക്ഷേ ഇത്തവണ എന്തായാലും വരും. അമ്മയുടെ ആദ്യത്തെ ചെന്നൈ യാത്രയാവും ഇത്.” രവിയുടെ ശബ്ദത്തിൽ സന്തോഷം നിറഞ്ഞുനിന്നു.
“എൻ്റെ ആളുകൾക്കുവേണ്ടി പ്രവർത്തിക്കുക എന്നതാണ് എൻ്റെ സ്വപ്നം. ഗോത്രക്കാരല്ലാത്ത ആളുകൾ, മദ്യം കൊടുത്ത് ഗോത്രഭൂമി കൈക്കലാക്കുന്നത് ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്. അവർ, ഗോത്രക്കാർക്ക് മദ്യം കൊടുത്ത്, സ്വന്തം പാടങ്ങളിൽ ജോലി ചെയ്യിപ്പിക്കുന്നു. ഞങ്ങൾക്ക് പൈസയൊന്നും ആവശ്യമില്ല, ഞങ്ങൾ കഠിനാദ്ധ്വാനികളല്ല എന്നൊക്കെയാണ് അവരുടെ വിചാരം. “ഒരു കുപ്പി കള്ളിനുവേണ്ടി ഞങ്ങൾ എന്തും ചെയ്യുമെന്ന്. ബിരുദം കഴിഞ്ഞ എന്നെപ്പോലും ഇത്തരത്തിൽ ആളുകൾ സമീപിച്ചിട്ടുണ്ട്.” സമുദായത്തിൽനിന്ന് കൊളേജിൽ പോകുന്ന മൂന്നാമത്തെ ആളാണ് രവി. ചരിത്രത്തിൽ ബി.എ. ബിരുദമുണ്ട് രവിയ്ക്ക്.
“ഗോത്രത്തിന് പുറത്തുള്ളവർ ഞങ്ങളുടെ ആളുകളെ ചിത്രീകരിക്കുന്ന രീതിയോട് എനിക്ക് യോജിപ്പില്ല. അവർ ആദിവാസി ഭൂമിയിൽ റിസോർട്ട് പണിഞ്ഞ്, പിന്നെ അവിടെത്തന്നെ ആദിവാസികളെ തൊഴിലാളികളായി വെക്കുന്നു. ഞങ്ങൾ അടിമന്നവരാണ് ഞങ്ങൾ. എൻ്റെ സമുദായത്തിൽ എൻ്റെ അമ്മയെപ്പോലെ, ഒറ്റയ്ക്ക് കുട്ടികളെ വളർത്തി വലുതാക്കുന്ന സ്ത്രീകളുണ്ട്. കാപ്പിത്തോട്ടത്തിൽ വിറക് ശേഖരിച്ചും, മറ്റുള്ളവരുടെ തോട്ടങ്ങൾ പരിപാലിച്ചും, ചാണകവരളി വിറ്റും മറ്റും. അതുകൊണ്ടാണ് ഞാൻ അമ്മയുടെ കഥ എഴുതിയത്. ഞങ്ങളുടെ കഥ ഞങ്ങൾക്ക് എഴുതാൻ കഴിയണം.” തൻ്റെ സമുദായത്തെ ഡോക്യുമെൻ്റ് ചെയ്യുമ്പോൾത്തന്നെ രവി, പീപ്പിൾസ് ഫോട്ടോഗ്രാഫേഴ്സ് കളക്ടീവിലെ മറ്റുള്ളവരെപ്പോലെ, അടുത്ത തലമുറയെ പരിശീലിപ്പിക്കുന്നുമുണ്ട്, തൻ്റെ ദൗത്യം തുടരാൻ. സമീപത്തെ മസിനഗുഡിയിൽനിന്ന് രണ്ട് മണിക്കൂർ സഞ്ചരിച്ച് ഊട്ടിയിൽ പോയി, നീലഗിരി ജില്ലാ സർക്കാർ മോഡൽ സ്കൂളിലെ ചെറിയ കുട്ടികളെ അദ്ദേഹം ഫോട്ടോഗ്രാഫി പഠിപ്പിക്കുന്നു.