നവംബറിലെ ഒരു അമാവാസി രാത്രിയിലെ 9 മണി. തമിഴ്നാട്ടിലെ തീരപ്രദേശത്തിൽനിന്ന് മാറി സ്ഥിതി ചെയ്യുന്ന പഴവർകാട് (പുലികാട് എന്നും പറയുന്നു) അഴിമുഖം ശാന്തമായിരുന്നു. ഒരു നീല നിറമുള്ള ബോട്ട്, കടലിലേക്ക്, ഒഴുക്കിനോടൊപ്പം നീങ്ങിപ്പോകുന്നു.
ബോട്ടിനകത്ത് ശരത് കുമാർ, അരുൺ കുമാർ, സെവിത് കുമാർ എന്നിവർ നിൽക്കുന്നുണ്ട്. അവരുടെ കാൽക്കൽ മരത്തിൻ്റെ ഏഴ് കോലുകൾ കിടക്കുന്നു. ഒരു നൈലോൺ വലയോടൊപ്പം. കുട്ടിക്കാലം തൊട്ട് മീൻ പിടിക്കുന്ന ആ ചെറുപ്പക്കാർ തീരപ്രദേശത്തുള്ള തോണിരവ് ഗ്രാമത്തിൽനിന്നുള്ളവരാണ്.
തീരത്തുനിന്ന് അത്ര ദൂരെയല്ലാതെ ജനിച്ചുവളർന്നതാണ് ഞാനും. കടലിലേക്ക് പോകുന്നത് സ്വപ്നം കാണാറുമുണ്ട്. എങ്കിലും, ഒറ്റ രക്ഷിതാവായ അമ്മ, എൻ്റെയും സഹോദരിയുടേയും സുരക്ഷയെ കരുതി കടലിൽ പോകാൻ എന്നെ അനുവദിച്ചില്ല.
16 വയസ്സുള്ളപ്പോഴാണ് ഞാൻ ആദ്യമായി പഴവർകാട് സന്ദർശിക്കുന്നത്. ഫോട്ടോ ജേണലിസ്റ്റായ പളനി കുമാറിൻ്റെ നേതൃത്വത്തിൽ ചെന്നൈ ക്ലൈമറ്റ് ആക്ഷൻ ഗ്രൂപ്പ് സംഘടിപ്പിച്ച ഒരു ഫോട്ടോഗ്രാഫി വർക്ക്ഷോപ്പിൽ ഞാൻ പങ്കെടുത്തിരുന്നു. കടൽത്തീരത്തിനെ സ്വന്തം വീടായി കണക്കാക്കുന്നവരുടെ ജീവിതത്തെക്കുറിച്ചറിയാൻ എനിക്ക് കൗതുകമുണ്ടായിരുന്നു.



























