ഞാൻ എസ്. കീർത്തി. തെങ്കാശി ജില്ലയിലെ സർക്കാർ മോഡൽ സ്കൂളിലെ ക്ലാസ് 12 വിദ്യാർത്ഥിനി. ഈ സ്കൂൾവഴിയാണ് എനിക്ക്, ഒരുവർഷം നീണ്ടുനിൽക്കുന്ന ഒരു ഫോട്ടോഗ്രാഫി ശില്പശാലയിൽ പങ്കെടുക്കാൻ കഴിഞ്ഞത്. എന്നെ വിശ്വസിക്കൂ, അന്നുവരെ ഞാൻ കരുതിയിരുന്നത്, വിവാഹങ്ങൾക്കും മറ്റ് വലിയ ചടങ്ങുകൾക്കും മാത്രമായുള്ളതാണ് ഫോട്ടോഗ്രാഫി എന്നായിരുന്നു. ഞങ്ങളെപ്പോലെയുള്ള തൊഴിലാളിവർഗ്ഗക്കാരുടെ ജീവിതവും പോരാട്ടവും ഇതിലൂടെ രേഖപ്പെടുത്താനാവും എന്ന് എനിക്ക് മനസ്സിലായി. ഞങ്ങളുടെ അഭിമാനത്തെ ചോർത്തിക്കളയാതെതന്നെ.
ഒരു ദിവസം, ശില്പശാലയുടെ സംഘാടകൻ എന്നോട്, തൊഴിലാളികളുടെ ജീവിതത്തെ ആസ്പദമാക്കി നടത്തുന്ന ഫോട്ടോ എക്സിബിഷനെക്കുറിച്ച് പറഞ്ഞുതന്ന്, എൻ്റെ കൈയ്യി ഒരു ക്യാമറ വെച്ചുതന്നു. അടുത്ത മൂന്ന് ദിവസങ്ങൾക്കുള്ളിൽ ആളുകളുടെ ജീവിതങ്ങൾ രേഖപ്പെടുത്തുക എന്നതായിരുന്നു എന്നിൽനിന്ന് അവർ പ്രതീക്ഷിച്ചത്. ഞാനാകെ കുഴങ്ങി. എന്താന് ഫോട്ടോയിൽ പകർത്തേണ്ടത്, ഫോട്ടോ ഡോക്യുമെൻ്ററിയുടെ വിഷയം എന്തായിരിക്കണം എന്നൊന്നും ആദ്യത്തെ ദിവസം എനിക്കൊരു ധാരണയുമുണ്ടായിരുന്നില്ല. “കഥയന്വേഷിച്ച് ദൂരെയെവിടേയും പോകേണ്ടതില്ല. നിങ്ങളുടെ മുമ്പിൽത്തന്നെ എപ്പോഴും സംഭവിക്കുന്നതാണ് അത്,” എൻ്റെ പരിശീലകൻ വാക്കുകൾ ഞാൻ ഓർത്തു.
എൻ്റെ അമ്മയുടെ ജീവിതവും വഴിവിളക്കിൻ്റെ ഓർമ്മയും – എന്ന് പേരിട്ട ഒരു കഥ ശിൽപ്പശാലയിൽവെച്ച് വായിച്ചിരുന്നത് എനിക്കോർമ്മവന്നു. എൻ്റെ അമ്മയെ പിന്തുടർന്ന്, അവരുടെ പോരാട്ടങ്ങൾ മനസ്സിലാക്കാനും, അത് രേഖപ്പെടുത്താനും ഞാനാലോചിച്ചു. രാവിലെ മുതൽ രാത്രി വൈകുംവരെ അമ്മ ജോലി ചെയ്യുമ്പോൾ, ഞാൻ അമ്മയോട് ധാരാളം കാര്യങ്ങൾ ചോദിച്ചറിഞ്ഞു. എൻ്റെ അമ്മ ജീവിച്ച പ്രാരാബ്ധങ്ങൾ നിറഞ്ഞ ജീവിതത്തെക്കുറിച്ച് ഞാൻ മനസ്സിലാക്കിയത്, ആ ഡോക്യുമെൻ്ററിയിലൂടെയായിരുന്നു. അമ്മയുടെ പേര് എസ്. മുത്തുലക്ഷമി. 42 വയസ്സ്. നല്ല ചങ്കൂറ്റവും ധൈര്യവുമുള്ള ആളാണ് എൻ്റെ അമ്മ.
ഞങ്ങൾക്കുവേണ്ടി സ്വന്തം സ്വപ്നങ്ങൾ ഹോമിച്ച ആളായിരുന്നു അമ്മ. മുമ്പ്, എൻ്റെ അച്ഛൻ ഗ്രാമത്തിൽ ഒരു ചെറിയ കട നടത്തിയിരുന്നു. ചെറുപ്പകാലത്ത് അച്ഛൻ തൊഴിലന്വേഷിച്ച് അലഞ്ഞു. അപ്പോൾ എൻ്റെ അച്ഛമ്മ 2,000 രൂപ കടം വാങ്ങി അച്ഛന് കൊടുത്തു. താമസിക്കുന്ന സ്ഥലത്തുതന്നെ ഒരു ചെറിയ കട തുടങ്ങാൻ. സൈക്കിളിൽ സമീപത്തുള്ള ഗ്രാമത്തിൽ പോയി സാധനങ്ങൾ വാങ്ങിവന്ന് വിൽക്കാൻ തുടങ്ങി അച്ഛൻ. 1997-ലായിരുന്നു അത്.
2016-ൽ ഒരു നിർഭാഗ്യകരമായ സംഭവമുണ്ടായി. സമീപത്തുള്ള ഗ്രാമത്തിൽ പോയി അമ്മ എം.എസ്. ഓഫീസ് പഠിക്കാൻ തുടങ്ങിയിട്ട് രണ്ടുമാസം ആവുന്നതേ ഉണ്ടായിരുന്നുള്ളു. കൊളേജിൽ പോയി ബി.എ.തമിഴ് പഠിക്കാൻ അമ്മയ്ക്ക് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ അതേ സമയത്ത്, അച്ഛനും എനിക്കും എൻ്റെ സഹോദരനും ഒരു അപകടം സംഭവിച്ചു. അച്ഛൻ്റെ കാലിന് ഗുരുതരമായ പരിക്കുപറ്റി. ശസ്ത്രക്രിയ വേണ്ടിവന്നു. എനിക്കും സഹോദരനും കാലിൽ ചെറിയ മുറിവുകളേ ഉണ്ടായിരുന്നുള്ളു. അച്ഛൻ്റെ ശസ്ത്രക്രിയയ്ക്കുള്ള പൈസ അമ്മയുടെ കൈയ്യിലുണ്ടായിരുന്നില്ല. എന്നിട്ടും ആഭരണങ്ങൾ പണയംവെച്ചും, ബന്ധുക്കളിൽനിന്ന് കടംവാങ്ങിയും മൂന്ന് ലക്ഷം രൂപ അവർ സംഭരിച്ചു. പക്ഷേ അതോടെ, അവരുടെ ഉത്തരവാദിത്തം അധികമായി.
അവർക്ക് സ്വന്തം സ്വപ്നങ്ങൾ ഉപേക്ഷിക്കേണ്ടിവന്നു. അതിനെക്കുറിച്ച് എന്താണ് അമ്മയ്ക്ക് തോന്നിയതെന്ന് ഒരിക്കലും അവർ ഞങ്ങളോട് പറഞ്ഞിട്ടില്ല. കുടുംബത്തെ സ്നേഹിക്കുക എന്നത് തൻ്റെ കടമയാണെന്ന് അവർ വിശ്വസിച്ചു. തന്നെ സ്വയം അദൃശ്യയാക്കി അവർ. അതുകൊണ്ടാണ് അവരുടെ ജീവിതം രേഖപ്പെടുത്താൻ ഞാൻ തീരുമാനിച്ചത്. ഞാൻ ആ ഫോട്ടോ ഡോക്യുമെൻ്ററി സ്കൂളിൽ സമർപ്പിക്കുകയും ചെന്നൈയിലെ എക്സിബിഷന് അത് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തപ്പോൾ എൻ്റെ അച്ഛനമ്മമാർക്ക് എന്നെക്കുറിച്ച് വലിയ അഭിമാനം തോന്നി. ഫോട്ടോഗ്രാഫി പഠിക്കാൻ എൻ്റെ അച്ഛൻ എന്നും ആഗ്രഹിച്ചിരുന്നു. എൻ്റെ യാത്രാവഴി അദ്ദേഹത്തിന് ആവേശം നൽകി.
പ്രദർശന ഹാളിൽ ചെന്ന ഞാൻ ആദ്യം കണ്ടത്, ബാനറിലെ എൻ്റെ അമ്മയുടെ ഫോട്ടോയാണ്. എന്തെന്നില്ലാത്ത സന്തോഷം തോന്നി. നിരവധി കലാകാരരും, പത്രപ്രവർത്തകരും, ഫോട്ടോഗ്രാഫർമാരും, വിദേശികൾപോലും പ്രദർശനം കാണാൻ എത്തിയിരുന്നു. ചിലരെല്ലാം പോസ്റ്റ് കാർഡുകളിൽ എൻ്റെ ഓട്ടോഗ്രാഫ് വാങ്ങി. ചിലർ എൻ്റെ ഫോട്ടോഗ്രാഫിയെക്കുറിച്ച് പ്രശംസിച്ച് എന്നെ പ്രോത്സാഹിപ്പിച്ചു. എന്നാൽ, ആ എക്സിബിഷൻ കാണാൻ രണ്ടുപേർ മാത്രം ഉണ്ടായിരുന്നില്ല. എൻ്റെ അച്ഛനമ്മമാർ. പ്രദർശനം അവസാനിപ്പിക്കുന്ന സമയത്ത് ഞാനോർത്തു, എൻ്റെ അമ്മ ആ സമയത്ത് വരവുചിലവ് കണക്കുകൾ നോക്കി, ജീവിതവുമായി മല്ലിടുകയായിരിക്കുമെന്ന്.
ഞാൻ ആദ്യമായി എൻ്റെ അമ്മയുടെ ഫോട്ടോ എടുത്ത്, അവരെ കാണീച്ചപ്പോൾ, അവരുടെ മുഖത്ത് മിന്നിമറിഞ്ഞ സന്തോഷവും സമ്മിശ്രവികാരവും എൻ്റെ ഓർമ്മയിൽ ഇപ്പൊഴുമുണ്ട്.
























