ഞാൻ കെ മുകേഷ്, വെല്ലൂർ ജില്ലയിലെ സർക്കാർ മോഡൽ സ്കൂളിൽ 11–ാം ക്ലാസിലാണ് പഠിക്കുന്നത്. അവിടെ ഞാൻ എന്റെ ഇലക്ടീവ് വിഷയമാി ഫോട്ടോഗ്രഫി പഠിക്കുന്നു. ഒരു ക്യാമറ കൈകാര്യം ചെയ്യാനും ഫോട്ടോ എടുക്കാനുമൊക്കെ ഞാൻ പഠിച്ചുകഴിഞ്ഞു. പാറ ക്വാറിയിൽ ഡ്രില്ലിങ്ങ് ചെയ്യുന്ന എന്റെ 51-കാരനായ അച്ഛൻ കെ കതിർവേലുവിനെപ്പോലുള്ള തൊഴിലാളികളായ സാധാരണക്കാരുടെ പ്രശ്നങ്ങളാണ് ഞാൻ കൂടുതലായും ചിത്രങ്ങളാക്കുക.
അച്ഛൻ ജോലിക്ക് പോയിക്കഴിഞ്ഞാൽ എന്നെയും 12-കാരിയായ അനുജത്തി ദർശികയെയും നോക്കുന്നതും വീട്ടിലെ കാര്യങ്ങൾ നോക്കുന്നതുൺ അമ്മ വസന്തി കെ. ആണ്. പലപ്പോഴും ക്ഷീണിതനായ അച്ഛനെ 15 ദിവസത്തിലൊരിക്കൽ ഒന്നോ രണ്ടോ ദിവസത്തിന് വരുമ്പോളാണ് ഞങ്ങൾക്ക് കാണാനാകുക. ആ സമയത്ത് മാത്രമാണ് എനിക്ക് അച്ഛനൊപ്പം സമയം ചെലവഴിക്കാനാകുക. വീട്ടിലുള്ളപ്പോൾ ഞാൻ അച്ഛനോട് ജോലിയെപ്പറ്റി ഓരോന്ന് ചോദിച്ചുകൊണ്ടേയിരിക്കും. അദ്ദേഹം ക്ഷമയോടെ മറുപടിയും നൽകും. പക്ഷേ ഞങ്ങളുടെ ഫോട്ടോഗ്രഫി അധ്യാപകൻ ശ്രീപതിയുടെ നിർദേശപ്രകാരം ഒരു ദിവസം അച്ഛനൊപ്പം ജോലിസ്ഥലത്തേക്ക് പോകുംവരെ എന്താണ് അച്ഛന്റെ ജോലിയെന്നതിൽ എനിക്ക് വ്യക്തതയുണ്ടായിരുന്നില്ല. എന്റെ ക്യാമറയും ഞാൻ എടുത്തിരുന്നു.
കുറച്ച് അക്ഷരങ്ങളും കൂടുതൽ ഫോട്ടോകളും. ഞാൻ കണ്ട എന്റെ അച്ഛന്റെ ജീവിതം അവയിലൂടെ ഞാൻ എഴുതി.























