“രാവിലെ സ്കൂളിൽ പോകാൻ കുട്ടികളെ വിളിച്ചെഴുന്നേൽപ്പിക്കുന്ന, അവർക്ക് നല്ല ഭക്ഷണം ഉണ്ടാക്കി നൽകുന്ന, ഒപ്പം കൂടുതൽ സമയം ചെലവഴിക്കുന്ന ഒരു അമ്മയാകാനാണ് എനിക്കാഗ്രഹം. പക്ഷേ അവർ ഉണരുന്നതിനും നാലുമണിക്കൂർ മുമ്പ് ഞാൻ വീട് വിട്ടിറങ്ങും. രാത്രി അവർ ഉറക്കത്തിലേക്ക് വീഴാൻ തുടങ്ങുമ്പോഴാണ് ഞാൻ തിരികെയെത്തുക. എല്ലാ ദിവസവും എന്ന് ഞായറാഴ്ചയാകം എന്ന ചിന്തയിലാണ് ഞാൻ, അപ്പോൾ എട്ട് മണിക്കൂർ ഉറങ്ങാമല്ലോ, മൂന്നുനേരം ഭക്ഷണവും കഴിച്ച് കുട്ടികൾക്കൊപ്പം വീട്ടിലിരിക്കാമല്ലോ,” അമുലു പറയുന്നു. പക്ഷേ ഇന്ന് ഞായറല്ല. ഞാനും അമുലുവും പരസ്പരം സംസാരിച്ചുകൊണ്ട് വടക്കൻ ചെന്നൈയിലെ തിരുവൊട്രിയൂരിലെ ഇടുങ്ങിയ തെരുവുകളിലൂടെ നടക്കുകയാണ്. പച്ചക്കറി നിറഞ്ഞ ഉന്തുവണ്ടി തള്ളുകയാണ് അമുലു. കോളേജിൽനിന്ന് വീട്ടിലേക്ക് പോകുകയാണ് ഞാൻ.
രാവിലെ പുറപ്പെടുമ്പോൾ ഞാൻ അമുലുവിനെ കാണാറുണ്ട്. ഞാൻ ഉച്ചയ്ക്ക് മടങ്ങിവരുമ്പോഴും ‘പൂനം' സാരി ധരിച്ച അമുലു 100 കിലോയോളം ഭാരമുള്ള ഉന്തുവണ്ടി തന്റെ എല്ലാ ശക്തിയുമെടുത്ത് അതേ തെരുവിൽ തള്ളുന്നുണ്ടാവും. 2024-ലെ വേനൽക്കാലമാണിത്. തിരുവള്ളൂർ ജില്ലയിൽ താപനില 40 ഡിഗ്രി സെൽഷ്യസ് കടന്നുകഴിഞ്ഞു. ഈ സീസണിലെ ഏറ്റവും ചൂട് കൂടിയ ദിവസം റെക്കോർഡ് ചെയ്തത് 44.3 ഡിഗ്രി സെൽഷ്യസ് താപനിലയാണ്. പക്ഷേ 41കാരിയായ ഇൗ പച്ചക്കറി വിൽപ്പനക്കാരിയുടെ ദിനചര്യയിൽ ഒരു മാറ്റവുമില്ല. ഇന്ത്യയിൽ കനത്ത ചൂടിനോട് പൊരുതുന്ന 10 ദശലക്ഷം വനിതാ തെരുവ് കച്ചവടക്കാരിലെ 40 ശതമാനത്തിലൊരാളാണ് അമുലു. 68 ശതമാനം തെരുവ് കച്ചവടക്കാരെയുംപോലെ, അവരും ഈ ചൂട് കാലത്ത് ഒരു ഇടവേളപോലുമെടുക്കാതെ ജോലി ചെയ്യുകയാണ്, മിക്കപ്പോഴും ഉച്ചഭക്ഷണവും കഴിക്കാറില്ല.






















