“ഒരു വലിയ സ്ഫോടനം കേട്ട്, ഞാൻ, ആകാശത്തേക്കുയരുന്ന പുക ലക്ഷ്യമാക്കി ഓടി. സ്ഫോടനത്തിൽ ഫാക്ടറിയുടെ ചുവരുകൾ തകർന്നിരുന്നു. വസ്ത്രമെല്ലാം കത്തിയമർന്ന്, പകുതി നഗ്നനായി ലിംഗസാമി കെട്ടിടാവശിഷ്ടത്തിൽനിന്ന് പുറത്തേക്ക് വരുന്നത് കണ്ടു. ആശുപത്രിയിലേക്ക് അയാളെ കൊണ്ടുപോകാനുള്ള തയ്യാറെടുപ്പ് നടത്തുമ്പോൾ, തനിക്ക് ജീവനുണ്ടോ, ബാക്കിയായോ എന്നൊക്കെ അയാൾ ചോദിച്ചുകൊണ്ടേയിരിക്കുന്നുണ്ടായിരുന്നു. ഇരുചക്രവാഹനത്തിൽ ഇരിക്കാൻ അയാൾക്ക് സാധിക്കുന്നുണ്ടായിരുന്നില്ല. അതിനാൽ ഞങ്ങളയാളെ ഒരു ഉന്തുവണ്ടിയിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി.” കുറച്ച് ദിവസങ്ങൾക്കുശേഷം, മാരീശ്വരൻ എന്ന പ്രാദേശിക റിപ്പോർട്ടർ എന്നോട് സംസാരിക്കുകയായിരുന്നു. 2025 ജൂലായ് 1-ന് സ്ഫോടനം നടന്ന ശിവകാശിയിലെ വെടിമരുന്നു ഫാക്ടറിയിൽനിന്ന് നടന്നുപോകാവുന്ന ദൂരത്താണ് അയാൾ താമസിച്ചിരുന്നത്
ഒരു ദിവസം കഴിഞ്ഞ് ഞാൻ വീണ്ടും സ്ഥലത്തെത്തി. ഫാക്ടറിയുടെ ഗേറ്റുകൾ അടഞ്ഞുകിടന്നു. ഒരു യൂണിറ്റ് തീർത്തും തകർന്നുകഴിഞ്ഞിരുന്നു. ചുറ്റുമുള്ള പ്രദേശത്ത് ടാർ ചെയ്ത റോഡൊന്നുമില്ല. എൻ്റെ ഇരുചക്രവാഹനത്തിൽ അവിടേക്കെത്താൻ ഞാൻ ബുദ്ധിമുട്ടി. ആ സ്ഥലത്തുനിന്ന് 25 കിലോമീറ്റർ അകലെയുള്ള ആശുപത്രിയിലേക്കെത്തിക്കാൻ ആളുകൾ എത്ര ബുദ്ധിമുട്ടിയിട്ടുണ്ടാകും എന്ന് ഞാനപ്പോൾ ഓർത്തു.




















