വാരാണസിയിൽ, വോട്ടെടുപ്പ് ദിവസം, സൽമ രണ്ട് ക്യൂ കണ്ടു. ഒന്ന് പുരുഷന്മാർക്കും ഒന്ന് സ്ത്രീകൾക്കും. പ്രസിദ്ധമായ വിശ്വനാഥക്ഷേത്രത്തിലേക്ക് പോവുന്ന ഇടുങ്ങിയ വഴിയിലെ സർക്കാർ സ്കൂളിലായിരുന്നു ബംഗാളി തോല പോളിംഗ് ബൂത്ത് ഒരുക്കിയിരുന്നത്.

സ്ത്രീകൾക്കുള്ള ക്യൂവിൽ നിൽക്കുമ്പോൾ “എല്ലാവരും തുറിച്ചുനോക്കുന്നുണ്ടായിരുന്നു” എന്ന് 25 വയസ്സുള്ള ആ ട്രാൻസ്‌ സ്ത്രീ പറഞ്ഞു. പുരുഷന്മാർ കാണാത്ത മട്ടിൽ നിന്നു. ക്യൂവിന്റെ അവസാനം നിൽക്കുന്ന എന്നെ നോക്കി സ്ത്രീകൾ പരിഹസിച്ച് ചിരിക്കുകയും സ്വകാര്യം പറയുകയും ചെയ്യുന്നുണ്ടായിരുന്നു.”

എന്നാൽ സൽമ അതൊന്നും കാര്യമാക്കിയില്ല. “ഞാൻ അകത്തേക്ക് പോയി”, അവർ പറയുന്നു. “വോട്ട് ചെയ്യാനുള്ള അവകാശം എനിക്കുണ്ട്. സമൂഹത്തിൽ ഞങ്ങൾക്കാവശ്യമുള്ള മാറ്റം കൊണ്ടുവരുന്നതിനുള്ള വോട്ടാണ് ഞാൻ ചെയ്തത്.”

ഇന്ത്യയിൽ 48,044 “മൂന്നാം ലിംഗ വോട്ടർമാരുണ്ടെന്ന്“ ഇന്ത്യയിലെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ (ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യ - ഇ.സി) സ്ഥിതിവിവരക്കണക്കുകൾ പറയുന്നു. ഇത്ര ഗണ്യമായ സംഖ്യയുണ്ടായിട്ടും, ട്രാൻസ് വ്യക്തി എന്ന നിലയ്ക്കുള്ള തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് കിട്ടാൻ എളുപ്പമല്ല. വാരണാസിയിൽ 300-ഓളം ട്രാൻസ് വ്യക്തികളുണ്ടെങ്കിലും, അവർക്കുള്ള തിരിച്ചറിയൽ കാർഡ് കിട്ടാൻ ബുദ്ധിമുട്ടിയെന്ന്, പ്രിസ്മാറ്റിക്ക് എന്ന സർക്കാരിതര സംഘടനയുടെ സ്ഥാപക-ഡയറക്ടറായ നീതി സൂചിപ്പിക്കുന്നു. “50 ട്രാൻസ്‌ വ്യക്തികൾക്കുള്ള കാർഡുകൾ ഞങ്ങൾക്ക് കിട്ടി. എന്നാൽ, പരിശോധനയ്ക്കായി അവരുടെ വീടുകൾ സന്ദർശിക്കണം എന്ന ഇ.സി.യുടെ കർശന നിർദ്ദേശം ഈ സമുദായത്തിലെ പലർക്കും പ്രശ്നമായി തോന്നി. കാരണം, തങ്ങളുടെ ലിംഗപദവി പരിശോധിക്കുന്നതിന് ആരെങ്കിലും വീട്ടിൽ വരുന്നത് ഇവർക്ക് ഇഷ്ടമല്ല,” അവർ കൂട്ടിച്ചേർക്കുന്നു.

എന്നാൽ വോട്ടർ ഐ.ഡി കിട്ടാൻ സൽമയ്ക്ക് ബുദ്ധിമുട്ടൊന്നും നേരിട്ടില്ല. “എന്റെ കുടുംബത്തോടൊപ്പമോ, എന്റെ സ്വത്വത്തെക്കുറിച്ച് അറിയാത്തവരോ ആയ ആളുകളുടെ കൂടെയല്ല ഞാൻ താമസിക്കുന്നത്,” അവർ പറയുന്നു.

PHOTO • Jigyasa Mishra

2024 ജൂൺ 1-ന് വാരാണസിയിലെ ബംഗാളി തോള പ്രദേശത്ത് വോട്ട് ചെയ്യാൻ പോയപ്പോൾ, പോളിംഗ് ബൂത്തിൽ (ഇടത്ത്) സൽമ രണ്ട് വെവ്വേറെ ക്യൂ കണ്ടു. സ്ത്രീകൾക്കും പുരുഷന്മാർക്കുമുള്ളത്. ട്രാൻസ്‌ സ്ത്രീയും ചെറിയൊരു കച്ചവടസ്ഥാപനം നടത്തുകയും ചെയ്യുന്ന സൽ‌മയ്ക്ക് നേരിടേണ്ടിവന്നത് തുറിച്ചുനോട്ടങ്ങളായിരുന്നു. എന്നിട്ടും അവർ അകത്ത് പോയി വോട്ട് ചെയ്തു. ‘ഞാൻ കാര്യമാക്കിയില്ല,’ അവർ സൂചിപ്പിക്കുന്നു

നടക്കുകയും സംസാരിക്കുകയും ചെയ്യുന്ന രീതി കണ്ട് കൂടെയുള്ള കുട്ടികൾ പരിഹസിക്കാൻ തുടങ്ങിയതോടെ, 5-ആം ക്ലാസ്സിൽ‌വെച്ച്, സ്കൂൾ പഠനം ഉപേക്ഷിക്കേണ്ടിവന്നു സൽമയ്ക്ക്. സഹോദരന്റെ കൂടെയാണ് ഇപ്പോൾ അവർ ജീവിക്കുന്നത്. ബനാറസി സാരികൾ വിൽക്കുന്ന ഒരു ചെറിയ കച്ചവടം ചെയ്ത്, മാസം ഏകദേശം 10,000 രൂപ വരുമാനമുണ്ടാക്കുന്നുണ്ട് അവർ. നാട്ടിലെ കടകളിൽനിന്ന് സാരികൾ വാങ്ങി, മറ്റ് നഗരങ്ങളിലെ ഉപഭോക്താക്കൾക്ക് വിൽക്കുകയാണ് അവർ ചെയ്യുന്നത്.

കഴിഞ്ഞ ആറുവർഷമായി, വാരണാസിയിൽ, ലൈംഗികത്തൊഴിലാളിയായി ജോലി ചെയ്താണ് ഷമാ എന്ന ട്രാൻസ് സ്ത്രീ ജീവിക്കുന്നത്. “ബല്ലിയ ജില്ലയിലെ ഒരു ഗ്രാമത്തിലാണ് ഞാൻ ജനിച്ചതും വളർന്നതും. എന്നാൽ എന്റെ ലിംഗപദവി കാരണം കാര്യങ്ങളൊക്കെ കുഴഞ്ഞുമറിഞ്ഞു,” അവർ വിശദീകരിച്ചു. “അയൽക്കാർ എന്റെ വീട്ടുകാരെ കളിയാക്കാൻ തുടങ്ങി. സാധാരണക്കാരിയല്ലാത്തതിന് അച്ഛൻ എന്നേയും അമ്മയേയും എപ്പോഴും പീഡിപ്പിക്കാറുണ്ടായിരുന്നു. എന്നെപ്പോലെ ഒരു ലിംഗസ്വത്വമില്ലാത്ത ഒരാൾക്ക് ജന്മം നൽകിയതിന് അച്ഛൻ എന്നും അമ്മയെ കുറ്റപ്പെടുത്തിക്കൊണ്ടിരുന്നു. അങ്ങിനെ ഞാൻ, വീട് വിട്ട്, ഇവിടെ, വാരണാസിയിൽ വന്നു.” വോട്ടെടുപ്പിന്റെ ദിവസം നേരത്തേതന്നെ അവർ ബൂത്തിലെത്തി. “ആളുകളുടെ തുറിച്ചുനോട്ടം ഒഴിവാക്കാൻ,” അവർ പാരിയോട് കാരണം വ്യക്തമാക്കി.

ട്രാൻസ്ജെൻഡർ വ്യക്തികളെ രക്ഷിക്കാനും, അവർക്ക് സുരക്ഷയും പുനരധിവസിവാസവും നൽകാനും ട്രാൻസ്‌ജെൻഡർ പേഴ്സൺസ് ( പ്രൊട്ടക്ഷൻ ഓഫ് റൈറ്റ്സ് ) നിയമം അനുശാസിക്കുന്നുണ്ടെങ്കിലും, നഗരം ഒരിക്കലും സുരക്ഷിതമായിരുന്നില്ല. പ്രത്യേകിച്ചും ഭിന്നലിംഗക്കാർക്ക്. ട്രാൻസ്ജെൻഡറുകളെ ഉപദ്രവിച്ചതായുള്ള, അഞ്ച് മുതൽ ഏഴ് കേസുകൾവരെ എല്ലാ മാസവും ഉണ്ടാവാറുണ്ടെന്ന് നീതി ചൂണ്ടിക്കാട്ടുന്നു.

പാരി സംസാരിച്ച എല്ലാ ട്രാൻസ് സ്ത്രീകളും, അവർക്ക് നേരിടേണ്ടിവന്ന ദുരനുഭവങ്ങളുടെ കഥ പറഞ്ഞു. ഭീഷണി നേരിടേണ്ടിവന്ന സൽമയേയും, ജോലി ചെയ്തിരുന്ന ബ്യൂട്ടി പാർലറിൽ‌വെച്ച് സ്ഥാപനമുടമയുടെ ലൈംഗികോപദ്രവം നേരിടേണ്ടിവന്ന അർച്ചനയേയുംപോലുള്ളവർ. അർച്ചന പൊലീസ് സ്റ്റേഷനിൽ പോയി പരാതി നൽകിയെങ്കിലും അവിടെയുണ്ടായിരുന്ന ഉദ്യോഗസ്ഥർ അവർ പറഞ്ഞത് വിശ്വസിക്കാൻ കൂട്ടാക്കിയില്ല. പകരം ഭീഷണിപ്പെടുത്തുകയും അപമാനിക്കുകയുമാണ് ചെയ്തത്. അർച്ചനയ്ക്ക് അതിൽ ഞെട്ടലൊന്നുമുണ്ടായില്ല. 2024-ൽ ബി.എച്ച്.യു-ഐ.ഐ.ടി.യിലെ ഒരു വിദ്യാർത്ഥിനിയെ കൂട്ട ബലാത്സംഗം ചെയ്ത സംഭവം പരാമർശിച്ച് അവർ ചോദിക്കുന്നു: “ഒരു സ്ത്രീക്കുപോലും സുരക്ഷിതത്വമില്ലെങ്കിൽപ്പിന്നെ എങ്ങിനെയാണ് ഒരു ട്രാൻസ് സ്ത്രീ സുരക്ഷിതയായിരിക്കുക?”

PHOTO • Jigyasa Mishra
PHOTO • Abhishek K. Sharma

ഇടത്ത്: സർക്കാർ ജോലികളിൽ ട്രാൻസ് വ്യക്തികൾക്ക് സംവരണം വേണമെന്ന് സൽമ പറയുന്നു. വലത്ത്: തിരഞ്ഞെടുപ്പിന് മുമ്പ്, സ്വന്തം ആവശ്യങ്ങൾക്കായി വാരാണസിയിലെ ഒരു പൊതുറാലിയിൽ പങ്കെടുത്ത ട്രാൻസ് ജെൻഡർ വ്യക്തികൾ. ഇടതുഭാഗത്തുള്ളതാണ് (സൽ‌വാർ കമ്മീസിൽ) സൽ‌മ

*****

വാരണാസി ലോകസഭാ സീറ്റിലായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി മത്സരിച്ചത്. തൊട്ടടുത്ത കോൺഗ്രസ് പാർട്ടി സ്ഥാനാർത്ഥി അജയ് റായിയേക്കാൾ 1.5 ലക്ഷം വോട്ടുകൾക്കാണ് അദ്ദേഹം അതിൽ വിജയിച്ചത്.

“പ്രധാനമന്ത്രി ഞങ്ങളുടെ പട്ടണത്തിൽനിന്നുള്ള പാർലമെന്റംഗമായിട്ട് പത്തുവർഷമായി. എന്നെങ്കിലും അദ്ദേഹം ഞങ്ങളെക്കുറിച്ച് ഓർത്തിട്ടുണ്ടോ?” സൽമ ചോദിക്കുന്നു. ഭാവിയെക്കുറിച്ച് അവർക്കിപ്പോൾ പേടി തോന്നുന്നു. “ഇരുട്ടായപോലെ തോന്നുന്നു. എന്നാലും ഞങ്ങൾ കണ്ണ് തുറന്ന് ഈ സർക്കാരിനെ വീക്ഷിച്ചുകൊണ്ടിരിക്കുകയാണ്,” അവർ പറയുന്നു.

ഷമായും അർച്ചനയും ആ പറഞ്ഞതിനോട് യോജിക്കുന്നു. 2019-ൽ നരേന്ദ്ര മോദിക്ക് വോട്ട് ചെയ്തവരായിരുന്നു അവരിരുവരും. എന്നാൽ 2024-ൽ അവർ തീരുമാനം മാറ്റി. ‘ഇത്തവണ മാറ്റത്തിനായാണ് വോട്ട് ചെയ്തത്,” ഷമാ പറയുന്നു.

ലൈംഗികത്തൊഴിലിലൂടെ സ്വയം വരുമാനമുണ്ടാക്കി പഠിക്കുന്ന അർച്ചന എന്ന 25 വയസ്സുള്ള ബിരുദപൂർവ്വ വിദ്യാർത്ഥിനി പറയുന്നു. “മോദിയുടെ പ്രസംഗങ്ങൾ എന്നെ ആകർഷിച്ചിരുന്നു. എന്നാൽ അദ്ദേഹം ടെലിപ്രോം‌പ്റ്റർ നോക്കിയാണ് പ്രസംഗിക്കുന്നതെന്ന് ഇപ്പോൾ എനിക്കറിയാം.”

രേഖാമൂലം അവർക്ക് ഉറപ്പ് കിട്ടിയ നിയമങ്ങൾ, അവകാശങ്ങൾ എന്നിവയെക്കുറിച്ചും അവർക്കിപ്പോൾ ബോദ്ധ്യമുണ്ട്.

PHOTO • Jigyasa Mishra

സർക്കാർ അവരെ നിരാശപ്പെടുത്തിയെന്നാണ് സൽമയും മറ്റ് ട്രാൻസ് സ്ത്രീകളും പാരിയോട് വ്യക്തമാക്കിയത്. ‘ഇരുട്ടായപോലെ. എന്നാലും ഞങ്ങൾ കണ്ണ് തുറന്ന് ഈ സർക്കാരിനെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാൺ’

“മൂന്നാം ലിംഗക്കാരായി ഞങ്ങളെ അംഗീകരിക്കുക എന്ന ഏറ്റവും ചെറിയൊരു കാര്യം ചെയ്ത്, പത്തുവർഷം മുമ്പ് അവർ  അതിനെ ചരിത്രപ്രധാനമായ വിധി യെന്ന് വിശേഷിപ്പിച്ചു. പക്ഷേ അത് കടലാസ്സിൽ മാത്രമായിരുന്നു,” 2014-ൽ സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയെക്കുറിച്ച് സൂചിപ്പിക്കുകയായിരുന്നു ഷമാ. “സർക്കാരിനുള്ള മറ്റ് മാർഗ്ഗനിർദ്ദേശങ്ങളിൽ, ട്രാൻസ്ജെൻഡറുകളെ മൂന്നാം ലിംഗപദവിക്കാരായി പരിഗണിക്കണ’മെന്നും കോടതിയുടെ ആ വിധിയിൽ പറഞ്ഞിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർക്കാർ തൊഴിലുകളിലും സംവരണം ഏർപ്പെടുത്തുക, സമുദായത്തിന്റെ സാമൂഹികക്ഷേമത്തിനായുള്ള ചട്ടക്കൂടുണ്ടാക്കാൻ നടപടിയെടുക്കുക എന്നിവയായിരുന്നു ആ മാർഗ്ഗനിർദ്ദേശങ്ങളിലുണ്ടായിരുന്നത്.

വിദ്യാഭ്യാസത്തിലും തൊഴിലിലും വിവേചനമുണ്ടാവരുതെന്നും അത് കടമയാണെന്നും ഉറപ്പുവരുത്താനാണ് 2019-ൽ സർക്കാർ ട്രാൻസ്ജെൻഡർ പേഴ്സൺസ് ( പ്രൊട്ടക്ഷൻ ഓഫ് റൈറ്റ്സ് ) പാസ്സാക്കിയത്. എന്നാൽ, വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർക്കാർ തൊഴിലിലും സംവരണത്തിനായുള്ള യാതൊന്നും അതിലുണ്ടായിരുന്നില്ല.

“എല്ലാ തൊഴിലിലും ഞങ്ങൾക്ക് സർക്കാർ സംവരണം നൽകണം – പ്യൂൺ മുതൽ ഉദ്യോഗസ്ഥ പദവിവരെ,” സൽമ പറയുന്നു.

(അഭ്യർത്ഥന മാനിച്ച്, നീതിയുടേയും സൽമയുടേയും ഒഴിച്ച് മറ്റ് പേരുകൾ മാറ്റിയിട്ടുണ്ട്)

പരിഭാഷ: രാജീവ് ചേലനാട്ട്

Jigyasa Mishra

جِگیاسا مشرا اترپردیش کے چترکوٹ میں مقیم ایک آزاد صحافی ہیں۔ وہ بنیادی طور سے دیہی امور، فن و ثقافت پر مبنی رپورٹنگ کرتی ہیں۔

کے ذریعہ دیگر اسٹوریز Jigyasa Mishra
Illustration : Jigyasa Mishra

جِگیاسا مشرا اترپردیش کے چترکوٹ میں مقیم ایک آزاد صحافی ہیں۔ وہ بنیادی طور سے دیہی امور، فن و ثقافت پر مبنی رپورٹنگ کرتی ہیں۔

کے ذریعہ دیگر اسٹوریز Jigyasa Mishra
Photographs : Abhishek K. Sharma

Abhishek K. Sharma is a Varanasi-based photo and video journalist. He has worked with several national and international media outlets as a freelancer, contributing stories on social and environmental issues.

کے ذریعہ دیگر اسٹوریز Abhishek K. Sharma
Editor : Sarbajaya Bhattacharya

سربجیہ بھٹاچاریہ، پاری کی سینئر اسسٹنٹ ایڈیٹر ہیں۔ وہ ایک تجربہ کار بنگالی مترجم ہیں۔ وہ کولکاتا میں رہتی ہیں اور شہر کی تاریخ اور سیاحتی ادب میں دلچسپی رکھتی ہیں۔

کے ذریعہ دیگر اسٹوریز Sarbajaya Bhattacharya
Translator : Rajeeve Chelanat

Rajeeve Chelanat is based out of Palakkad, Kerala. After spending 25 years of professional life in the Gulf and Iraq, he returned home to work as a proof reader in the daily, Mathrubhumi. Presently, he is working as a Malayalam translator.

کے ذریعہ دیگر اسٹوریز Rajeeve Chelanat