2024 ഫെബ്രുവരി 3 മണിക്ക്, ഉച്ചസൂര്യന് താഴെ, നിറപ്പകിട്ടുള്ള വസ്ത്രങ്ങളണിഞ്ഞ ഏകദേശം 400 പേർ സബറിൽനിന്ന് മൈസൂരു ടൌൺ ഹാൾവരെ പ്രകടനം നടത്തി. നഗരത്തിലെ രണ്ടാമത്തെ പ്രൈഡ് മാർച്ച് ആഘോഷിക്കാനെത്തിയതായിരുന്നു അവർ.

“ഇവിടെ (ഈ മാർച്ചിൽ) പങ്കെടുക്കാൻ കഴിഞ്ഞതിൽ എനിക്ക് അഭിമാനമുണ്ട്. മൈസൂരു മാറിയിരിക്കുന്നു,” നഗരത്തിൽ വളർന്നുവന്ന ഷെയ്ക്സാര പറയുന്നു. ”ഞാൻ കഴിഞ്ഞ 5-6 വർഷമായി വേഷം മാറ്റിയാണ് (ക്രോസ് ഡ്രെസ്സിംഗ്) ജീവിക്കുന്നത്. എന്നാൽ ആളുകൾ എന്നെ നോക്കി, ‘എന്തിനാണ് ഒരു ആൺകുട്ടി പെൺകുട്ടിയെപ്പോലെ വസ്ത്രം ധരിക്കുന്നത്?’ എന്ന് വിധിയെഴുതിയിരുന്നു. എന്നാലിന്ന് ആളുകൾ അധികവും ഉൾക്കൊള്ളുന്നവരായിക്കഴിഞ്ഞിട്ടുണ്ട്. ഞാൻ എന്താണോ അതിൽ ഞാൻ അഭിമാനിക്കുന്നു,” ബംഗളൂരുവിലെ ഒരു കാൾ സെന്ററിൽ ജോലി ചെയ്യുന്ന ആ 24-കാരി പറയുന്നു. ഷെയ്ക്സാരയെപ്പോലെയുള്ള പലരും, കർണ്ണാടകയുടെ മറ്റ് ഭാഗങ്ങളിൽനിന്നും, ഗോവ, തമിഴ് നാട് എന്നിവിടങ്ങളിൽനിന്നും പിന്തുണയുമായി എത്തിയിട്ടുണ്ടായിരുന്നു.

ആഘോഷത്തിലെ താരം യെല്ലമ്മയുടെ (രേണുക എന്നും അറിയപ്പെടുന്നു) സ്വർണ്ണപ്രതിമയാണ്. പെരുമ്പറക്കാരുടേയും നൃത്തക്കാരുടേയും അകമ്പടിയോടെ, 10 കിലോഗ്രാം വരുന്ന ആ പ്രതിമ ചുമന്നാണ് മാർച്ചിൽ പങ്കെടുത്തവർ നടന്നിരുന്നത്.

PHOTO • Sweta Daga
PHOTO • Sweta Daga

ഇടത്ത്: സകീനയുടേയും (ഇടത്ത്) കുനാലിന്റേയും (വലത്ത്) ഒപ്പം പ്രൈഡ് മാർച്ച് ആഘോഷിക്കുന്ന ഷെയ്ക്സാര (നടുവിൽ). ‘ഇവിടെ (മാർച്ചിൽ) പങ്കെടുക്കാൻ കഴിഞ്ഞതിൽ എനിക്ക് അഭിമാനമുണ്ട്. മൈസൂരു മാറിക്കഴിഞ്ഞിരിക്കുന്നു,’ ഷെയ്ക്സാര പറയുന്നു. വലത്ത്: 2024 ഫെബ്രുവരി 18-ലെ മാർച്ചിൽ പങ്കെടുത്ത ഗരാഗിൽനിന്നുള്ള വിദ്യാർത്ഥിയായ തിപ്പേഷ് ആർ

PHOTO • Sweta Daga

ഏകദേശം 10 കിലോഗ്രാം ഭാരം വരുന്ന യെല്ലമ്മയുടെ സ്വർണ്ണപ്രതിമ ആളുകൾ തലയിൽ ചുമന്നാണ് നടന്നത്

ഭിന്നലിംഗ സമുദായത്തിനൊപ്പം പ്രവർത്തിക്കുന്ന നമ്മ പ്രൈഡ്, സെവൻ റെയിൻ‌ബോ തുടങ്ങിയ രണ്ട് സംഘടനകളാണ് മാർച്ച് സംഘടിപ്പിച്ചത്. “ഇത് ഞങ്ങളുടെ രണ്ടാമത്തെ മാർച്ചാണ്. ഒരൊറ്റ ദിവസംകൊണ്ട് പൊലീസിന്റെ അനുമതി കിട്ടി. കഴിഞ്ഞ തവണ അനുവാദം കിട്ടാൻ രണ്ടാഴ്ച സമയമെടുത്തു,” അമ്മ എന്ന് സമുദായത്തിലുള്ളവർ ബഹുമാനപൂർവ്വം വിളിക്കുന്ന പ്രണതി പറഞ്ഞു. സെവൻ റെയിൻ‌ബോയുടെ സ്ഥാപകയായ അവർ, ലിംഗ, ലൈംഗിക വിഷയങ്ങളിൽ കഴിഞ്ഞ 37 കൊല്ലമായി ഇന്ത്യയിലെമ്പാടും പ്രവർത്തിച്ചുവരുന്നു.

“പൊലീസുമായി കൂടുതൽ ഭംഗിയായി ആശയവിനിമയം ചെയ്യാൻ പഠിക്കുകയാണ് ഞങ്ങൾ. ഞങ്ങളെ ഇഷ്ടപ്പെടാത്തവരും ഇല്ലാതാക്കാൻ ആഗ്രഹിക്കുന്നവരുമായ ആളുകൾ ഇപ്പോഴും മൈസൂരുവിലുണ്ട്. എന്നാലും, എല്ലാ വർഷവും ഈ പ്രൈഡ് മാർച്ച് കൂടുതൽക്കൂടുതൽ മെച്ചപ്പെട്ട രീതിയിൽ നടത്താൻ കഴിയുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ.”

നഗരത്തിലെ ഏറ്റവും തിരക്കുള്ള വ്യാപാരകേന്ദ്രത്തിലൂടെയായിരുന്നു കിലോമീറ്റർ ദൈർഘ്യമുള്ള മാർച്ച്. ഘോഷയാത്ര സുഗമമായി നടക്കാൻ പാകത്തിൽ പൊലീസ് ഗതഗതം നിയന്ത്രിച്ചിരുന്നു. “ഞങ്ങൾ ഈ സമുദായത്തെ ബഹുമാനിക്കുന്നു. അനിഷ്ടസംഭവങ്ങളൊന്നും ഉണ്ടാകുന്നില്ലെന്ന് ഉറപ്പ് വരുത്താൻ ഞങ്ങൾ അവരോടൊപ്പം യാത്ര ചെയ്തു. ഞങ്ങൾ ഈ ഭിന്നലിംഗ വ്യക്തികളെ പിന്താങ്ങുന്നു,” അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറായ വിജയേന്ദ്ര സിംഗ് പറഞ്ഞു.

“ഇന്ത്യയിലെ ട്രാൻസ്‌ജെൻഡർ സ്ത്രീകൾ സങ്കീർണ്ണമായ ഒരിടത്തിലാണ് നിൽക്കുന്നത്. അവരുടെ മാന്ത്രികശക്തികളെക്കുറിച്ചുള്ള ഐതിഹ്യങ്ങളാൽ അവർക്ക് അല്പം സാംസ്കാരിക സംരക്ഷണമൊക്കെ ലഭിക്കുന്നുണ്ടെങ്കിലും, അവർക്കുനേരെയും വിവേചനവും ആക്രമണങ്ങളും നിരന്തരമുണ്ടാകുന്നുണ്ട്,” എന്ന് ക്വീർ പുരുഷനായി സ്വയം വിശേഷിപ്പിക്കുന്ന, മാനസികാരോഗ്യ ചികിത്സകനായ ദീപക് ധനഞ്ജയ പറയുന്നു. “ആളുകളെ ബോധവത്കരിക്കാൻ പ്രാദേശിക സമുദായം ശ്രമിക്കുന്നുണ്ട്. ഒറ്റ ദിവസംകൊണ്ടൊന്നും ആളുകളുടെ മനോഭാവം മാറാൻ പോകുന്നില്ല. എന്നാലും ഇത്തരം മാർച്ചുകൾ അക്രമങ്ങളൊന്നുമില്ലാതെ നടക്കുന്നത് കാണുമ്പോൾ, അതും ചെറിയ നഗരങ്ങളിൽ, എനിക്ക് പ്രതീക്ഷയുണ്ട്,” അദ്ദേഹം പറഞ്ഞു.

മാർച്ചിൽ പങ്കെടുത്ത 31 വയസ്സുള്ള പ്രിയങ്ക് ആശ സുഖാനന്ദ് പറയുന്നു, “യൂണിവേഴ്സിറ്റിയിലായിരുന്നപ്പോൾ ഞാൻ പീഡനവും വിവേചനവും അനുഭവിച്ചിരുന്നു. അതുകൊണ്ടുതന്നെ, എന്റെ അവകാശങ്ങൾ ഊട്ടിയുറപ്പിക്കാനും അത് പ്രഖ്യാപിക്കാനും ഞാൻ തീരുമാനിച്ചു. എന്റെയും, എന്റെ അതേ സാഹചര്യത്തിലൂടെ കടന്നുപോയവരുടേയും പോരാട്ടങ്ങളെ ഓർമ്മപ്പെടുത്താനുള്ളതാണ് ഓരോ സ്വാഭിമാന മാർച്ചുകളും. അതുകൊണ്ട് ഞാൻ അവരോടൊപ്പം മാർച്ച് ചെയ്യുന്നു.” ബംഗളൂരുവിൽനിന്നുള്ള ഒരു സ്പെഷ്യൽ എഡ്യുക്കേറ്ററും പാചകക്കാരിയുമായ അവർ ഇത്രയുംകൂടി പറഞ്ഞു, “മൈസൂരുവിലെ എൽ.ജി.ബി.ടി. സമൂഹത്തിന്റെ ശരിക്കുള്ള ശക്തി ഞങ്ങൾ കണ്ടു. അത് വലിയ ആശ്വാസമാണ് നൽകിയത്.”

PHOTO • Sweta Daga

ട്രാൻസ്‌ജെൻഡർ ഫ്ലാഗ് വീശിക്കൊണ്ട് നന്ദിനി പറയുന്നു, ‘എവിടെ, എപ്പോഴാണ് എഴുന്നേറ്റ് നിൽക്കേണ്ടത് എന്ന് കാണിച്ചുകൊടുക്കാനാണ് ഞാൻ ബംഗളൂരുവിൽനിന്ന് വന്നത്. ഒരു രസംകൂടിയാണ് എനിക്കിത്’

PHOTO • Sweta Daga

ഗതാഗതം നിയന്ത്രിക്കാൻ പ്രദേശത്തെ പൊലീസ് വളരെയധികം സഹായിച്ചു. ‘ഞങ്ങൾ ഈ സമുദായത്തെ ബഹുമാനിക്കുന്നു. അനിഷ്ടസംഭവങ്ങളൊന്നും ഉണ്ടാകുന്നില്ലെന്ന് ഉറപ്പ് വരുത്താനാണ് ഞങ്ങൾ അവരോടൊപ്പം യാത്ര ചെയ്യുന്നത്. ഞങ്ങൾ ഇവരെ (ഭിന്നലിംഗ വ്യക്തികളെ) പിന്താങ്ങുന്നു,’ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറായ വിജയേന്ദ്ര സിംഗ് പറഞ്ഞു

PHOTO • Sweta Daga

നമ്മ പ്രൈഡും സെവൻ റെയിൻബോയും ചേർന്ന് സംഘടിപ്പിച്ച മാർച്ചിൽ എല്ലാവർക്കും പ്രവേശനമുണ്ടായിരുന്നു – സമുദായത്തിലുള്ളവർക്കും അവരുടെ അനുകൂലികൾക്കും

PHOTO • Sweta Daga

നഗരത്തിലെ ഒരു ഓട്ടോ ഡ്രൈവറായ അസറും (ഇടത്ത്), മാനസികാരോഗ്യ വിദഗ്ദ്ധനായ ദീപക് ധനഞ്ജയയും. ‘ജീവിതത്തിൽ ഇതിനുമുൻപ് ഇതുപോലൊന്ന് കണ്ടിട്ടില്ല,’ അസർ പറയുന്നു

PHOTO • Sweta Daga

ഇടത്തുനിന്ന് വലത്തേക്ക്: പ്രിയങ്ക്, ദീപക്ക്, ജമീൽ, ആദിൽ പാഷ, അക്രം ജാൻ. ജമീൽ, ആദിൽ പാഷ, അക്രം ജാൻ എന്നിവർ സമീപപ്രദേശത്ത് തുണിക്കടകൾ നടത്തുന്ന കച്ചവടക്കാരാണ്. ‘ഞങ്ങൾക്ക് ശരിക്കും അവരെക്കുറിച്ച് (ട്രാൻസ്‌ജെൻഡർ വ്യക്തികളെ) അറിയില്ല. പക്ഷേ ഞങ്ങളവരെ വെറുക്കുന്നില്ല. അവർക്കും അവകാശങ്ങളുണ്ട്’

PHOTO • Sweta Daga

ആഘോഷത്തിലെ പ്രധാന ആകർഷണം യെല്ലമ്മ (രേണുക എന്നും അറിയപ്പെടുന്നു) എന്ന ദേവതയുടെ പ്രതിമയാണ്

PHOTO • Sweta Daga

നിറപ്പകിട്ടുള്ള വസ്ത്രങ്ങളണിഞ്ഞ് പ്രവർത്തകർ സബറിൽനിന്ന് മൈസൂരു ടൌൺ ഹാളിലേക്ക് മാർച്ച് ചെയ്തു

PHOTO • Sweta Daga

ബംഗളൂരുവിൽനിന്നുള്ള മനോജ് പൂജാരി പരേഡിൽ നൃത്തം ചെയ്യുന്നു

PHOTO • Sweta Daga

നഗരത്തിന്റെ ഏറ്റവും തിരക്കുള്ള വ്യാപാരകേന്ദ്രത്തിലൂടെയായിരുന്നു കിലോമീറ്റർ ദൈർഘ്യമുള്ള മാർച്ച്

PHOTO • Sweta Daga

മാർച്ചിൽ പങ്കെടുത്തവർ

PHOTO • Sweta Daga

ആൾക്കൂട്ടം ടൌൺ ഹാളിനുനേരെ നീങ്ങുന്നു

PHOTO • Sweta Daga

ബീഗം സോണി തന്റെ വസ്ത്രം സ്വയം തുന്നിയതാണ്. അതിൽ ഘടിപ്പിച്ച ചിറകുകൾ ക്വീറായതിന്റെ സ്വാതന്ത്ര്യത്തിന്റെ പ്രതീകമാണെന്ന് അവർ പറയുന്നു

PHOTO • Sweta Daga

പ്രൈഡ് ഫ്ലാഗ്

PHOTO • Sweta Daga

ആൾക്കൂട്ടത്തോടൊപ്പം പെരുമ്പറക്കാരുടെ ട്രൂപ്പുമുണ്ടായിരുന്നു. 'എന്റെ സമൂഹത്തിൽ, ട്രാൻസ്ജെൻഡറുകളായ ധാരാളം സഹോദരിമാരുണ്ട്, എന്റെ സ്വന്തം സഹോദരിയടക്കം. അവരും ഈ സമൂഹത്തിന്റെ ഭാഗമായതിനാൽ ഞങ്ങൾ അവരെ പിന്തുണയ്ക്കും,’ ആർ. നന്ദീഷ് പറയുന്നു

PHOTO • Sweta Daga

മാർച്ച് മൈസൂരു ടൌൺ ഹാളിൽ സമാപിച്ചു

പരിഭാഷ: രാജീവ് ചേലനാട്ട്

Sweta Daga

شویتا ڈاگا بنگلورو میں مقیم ایک قلم کار اور فوٹوگرافر، اور ۲۰۱۵ کی پاری فیلو ہیں۔ وہ مختلف ملٹی میڈیا پلیٹ فارموں کے لیے کام کرتی ہیں اور ماحولیاتی تبدیلی، صنف اور سماجی نابرابری پر لکھتی ہیں۔

کے ذریعہ دیگر اسٹوریز شویتا ڈاگا
Editor : Siddhita Sonavane

سدھیتا سوناونے ایک صحافی ہیں اور پیپلز آرکائیو آف رورل انڈیا میں بطور کنٹینٹ ایڈیٹر کام کرتی ہیں۔ انہوں نے اپنی ماسٹرز ڈگری سال ۲۰۲۲ میں ممبئی کی ایس این ڈی ٹی یونیورسٹی سے مکمل کی تھی، اور اب وہاں شعبۂ انگریزی کی وزیٹنگ فیکلٹی ہیں۔

کے ذریعہ دیگر اسٹوریز Siddhita Sonavane
Translator : Rajeeve Chelanat

Rajeeve Chelanat is based out of Palakkad, Kerala. After spending 25 years of professional life in the Gulf and Iraq, he returned home to work as a proof reader in the daily, Mathrubhumi. Presently, he is working as a Malayalam translator.

کے ذریعہ دیگر اسٹوریز Rajeeve Chelanat