“ഞങ്ങൾ നിങ്ങളെ വലിച്ചെറിയും, മണലിൽ മറവുചെയ്യും."

ഖപ്‌ടിഹ കലാൻ ഗ്രാമവാസിയായ മാതുരിയ ദേവിയോട് ഒരു ഖനി കോൺട്രാക്ടർ പറഞ്ഞതാണത്. ബുന്ദേൽഖണ്ഡിലെ പ്രധാന നദികളിലൊന്നായ കെൻ നദിയുടെ നാശത്തിനെതിരെ ജൂൺ 1-നു നടത്തിയ പ്രതിഷേധത്തിൽ പങ്കെടുത്ത ഇരുപതോളം കർഷകരോട് അയാൾക്ക്‌ ഭയങ്കര വിരോധമായിരുന്നു എന്ന് അവർ പറഞ്ഞു.

ഗ്രാമീണർ ആ ദിവസം ഉച്ചവരെ രണ്ടുമണിക്കൂർ കെൻ നദിയിൽ നിന്നുകൊണ്ട് ജലസത്യഗ്രഹം ആചരിച്ചു. മദ്ധ്യപ്രദേശിലെ ജബൽപൂരിൽനിന്ന് ഉത്ഭവിക്കുന്ന ഈ നദി 450 കിലോമീറ്ററുകൾ മദ്ധ്യപ്രദേശിലൂടെയും  ഉത്തർപ്രദേശിലൂടെയും ഒഴുകി ബാൻദാ ജില്ലയിലെ ചില്ല ഗ്രാമത്തിൽവച്ചു യമുനയിൽ ലയിക്കും. ഏകദേശം രണ്ടായിരം ആളുകൾ വസിക്കുന്ന മാതുരിയ ദേവിയുടെ ഗ്രാമം ജില്ലയുടെ തിൻഡ്വാരി ബ്ലോക്കിലാണ്.

ഇരുകരകളിലും ഒരു സംഘം നാട്ടുകാർ നടത്തുന്ന ഖനനപ്രവൃത്തികൾ മൂലം അല്പം ചില ഗ്രാമങ്ങളിലൂടെ ഒഴുകുന്ന കെൻ നദി വറ്റിവരളുകയാണ്. രണ്ട് മണൽഖനന കമ്പനികൾക്ക് വേണ്ടിയാണ് ഈ മാഫിയ പ്രവർത്തിക്കുന്നതെന്ന് കർഷകർ ആരോപിക്കുന്നു. നിയമവിരുദ്ധമായ ഈ ഖനനം കൃഷിയിടങ്ങളെയും ജീവനോപാധികളെയും നശിപ്പിക്കുകയാണെന്ന് 63 വയസുള്ള മാതുരിയ ദേവി പറയുന്നു. കെൻ നദിക്കരികിൽ അവർക്കു ഒരു ബിഗ അല്ലെങ്കിൽ ഏകദേശം അര ഏക്കർ വരുന്ന ഭൂമിയുണ്ട്.

"മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് അവർ ഞങ്ങളുടെ സ്ഥലങ്ങളിൽ വ്യാപകമായി കുഴിക്കുന്നുണ്ട് - 100 അടിയോളം വരെ ആഴത്തിൽ," അവർ പറഞ്ഞു. രണ്ടു അപരിചിതരായ ചെറുപ്പക്കാർ ജൂൺ 2-നു ഞങ്ങൾ  നദിക്കരയിൽ സംസാരിക്കുന്നതിന്റെ വീഡിയോ എടുക്കുന്നുണ്ടായിരുന്നു. "അവർ ഞങ്ങളുടെ മരങ്ങളെ കൊന്നു കഴിഞ്ഞു, ഇപ്പോൾ ഒരു കാലത്തു ഞങ്ങൾ വെള്ളമെടുത്തിരുന്ന ഈ നദിയേയും നശിപ്പിക്കുകയാണ്. ഞങ്ങൾ പോലീസിനോട് പരാതിപ്പെട്ടെങ്കിലും ആരും ചെവികൊണ്ടില്ല. ഞങ്ങൾക്കിപ്പോൾ ഭയമാണ്..."

ഖനനത്തോടുള്ള ചെറുത്തുനിൽപ്പിൽ മാതുരിയയെപ്പോലുള്ള ദളിതരുടെയും സുമൻ സിംഗ് ഗൗതമിനെ പോലുള്ള ചെറുകിട ഥാക്കൂർ കർഷകരുടെയും, അസാധ്യമെന്നു കരുതിയിരുന്ന ഒരു കൂട്ടായ്മ ഉണ്ടായിരിക്കുകയാണ്. 38 വയസുള്ള സുമൻ രണ്ടു കുട്ടികളുള്ള ഒരു വിധവയാണ്. അവരുടെ ഉടമസ്ഥതയിലുള്ള ഒരേക്കർ സ്ഥലത്തുനിന്ന് ഖനനക്കാർ മണ്ണ് എടുത്തിട്ടുണ്ട്. "ഞങ്ങളെ ഭയപ്പെടുത്താൻ അവർ അന്തരീക്ഷത്തിലേക്ക് വെടിവയ്ക്കുക കൂടി ചെയ്തു," സുമൻ പറഞ്ഞു.

ഖപ്‌ടിഹ കലാനിലെ കർഷകർ മുഖ്യമായും ഗോതമ്പ്, പയറുവർഗങ്ങൾ, കടുക്, പരിപ്പ് തുടങ്ങിയവയാണ് കൃഷിചെയ്യുന്നത്. "എനിക്ക് സ്വന്തമായുള്ള 15 ബിഗ ഭൂമിയിലാണ് കടുക് കൃഷി നിന്നിരുന്നത്, ഈ മാർച്ചിൽ അവർ അവിടം കുഴിച്ചു," സുമൻ പറഞ്ഞു.

PHOTO • Jigyasa Mishra

ഗ്രാമവാസികൾക്ക് വലിയ നഷ്ടങ്ങളുണ്ടാക്കുന്ന മണൽ ഖനനത്തിനെതി രേ ബാൻദാ ജില്ലയിലെ കെൻ നദിയിൽ ജൂൺ 1- നു നടന്ന ജലസത്യഗ്രഹം. നദി ചുരുങ്ങു ന്നതിനെക്കുറിച്ചും , മഴക്കാല ത്ത് വാരി ക്കൂ ട്ടിയിരിക്കുന്ന ചെളി ഒഴുകി പ്പോ കുമ്പോൾ അവരുടെ കന്നുകാലികൾ ചിലപ്പോൾ ആ ചെളിവെള്ളത്തിൽ മുങ്ങിച്ചാവു ന്നതിനെക്കുറിച്ചും സ്ത്രീകൾ പറഞ്ഞു

തങ്ങളുടെ കൃഷി സംരക്ഷിക്കാൻ ഇപ്പോൾ പഠിച്ചുവെന്ന് ഗ്രാമീണർ പറഞ്ഞു. "ചിലപ്പോൾ വിളവെടുപ്പുവരെ കൃഷി സംരക്ഷിക്കാൻ ഞങ്ങൾക്കു കഴിഞ്ഞിട്ടുണ്ട്," മാതുരിയ ദേവി പറഞ്ഞു. "മറ്റ് ചില കൊല്ലങ്ങളിൽ ഖനനം കാരണം കൃഷി നഷ്ടമാവുകയും ചെയ്തു." ഗ്രാമത്തിലെ മറ്റൊരു കർഷകയായ ആരതി സിംഗ് പറഞ്ഞു, "ഞങ്ങൾക്ക് ഖനനം നടക്കുന്ന ഭൂമിയിലെ കൃഷിയെ മാത്രം ആശ്രയിച്ചിരിക്കാൻ കഴിയില്ല. മറ്റിടങ്ങളിലുള്ള സ്വന്തം സ്ഥലങ്ങളിലും ഞങ്ങൾ കൃഷി ചെയ്യുന്നുണ്ട്."

എഴുപത്തിയാറു വയസുള്ള സീലാ ദേവിയാണ് ജലസത്യഗ്രഹത്തിൽ പങ്കെടുത്ത ഏറ്റവും പ്രായമുള്ള കർഷക. ഒരിക്കൽ അവരുടെ സ്ഥലത്തു മുഴുവൻ ബബൂൽ മരങ്ങളായിരുന്നു. "ഞാനും എന്റെ കുടുംബവും ഒരുമിച്ചാണ് അവ നട്ടത്. ഇപ്പോൾ ഒന്നും ബാക്കിയില്ല," അവർ പറഞ്ഞു. "അവരെല്ലാം കുഴിച്ചെടുത്തു, അവർക്കെതിരെ സംസാരിച്ചാൽ, ഞങ്ങളുടെ സ്വന്തം സ്ഥലത്തിന് നഷ്ടപരിഹാരം ആവശ്യപ്പെട്ടാൽ, ആ കുഴികളിൽ ഞങ്ങളെ മൂടുമെന്നാണ് ഇപ്പോൾ അവരുടെ ഭീഷണി."

1992-ലെ പ്രളയത്തിനുശേഷമാണ് കെൻ നദിക്കരയിൽ മണൽഖനനം വർദ്ധിച്ചത്. "പ്രളയത്തെതുടർന്ന് ആ പ്രദേശത്തെ ചുവന്ന മണൽ നദിക്കരയിൽ അടിഞ്ഞു," ബാൻദയിലെ വിവരാവകാശ പ്രവർത്തകനായ ആശിഷ് ദീക്ഷിത് പറഞ്ഞു. ഖനനപ്രവൃത്തികൾ വർദ്ധിച്ചത് കഴിഞ്ഞ പത്തു വർഷങ്ങളിലാണ്, അദ്ദേഹം കൂട്ടിച്ചേർത്തു. "ഞാൻ സമർപ്പിച്ച ഒരു വിവരാവകാശ അപേക്ഷക്കുള്ള മറുപടിയിൽ പറയുന്നത് വർഷങ്ങളായി ഇവിടെ പ്രവർത്തിക്കുന്ന വലിയ യന്ത്രങ്ങളെല്ലാം നിരോധിക്കപ്പെട്ടവയാണ് എന്നാണ്. മുൻപും ഇവിടുത്തെ ആൾക്കാർ ഇതിനെതിരേ ശബ്ദമുയർത്തിയിട്ടുണ്ട്."

"ജില്ലയുടെ ഖനന മാർഗനിർദ്ദേശപ്രകാരമാണ് മിക്കവാറും മണൽ ഖനനപദ്ധതികൾക്ക് അനുവാദം നൽകുന്നത്. എന്നാൽ വിപുലമായ വൃഷ്ടിപ്രദേശങ്ങളെ കണക്കിലെടുക്കുന്നില്ല എന്നതാണ് ഈ രൂപരേഖകളിലെ വിരോധാഭാസം," ലക്‌നൗവിലെ ബാബാസാഹേബ് ഭീംറാവ് അംബേദ്‌കർ സർവകലാശാലയിലെ അദ്ധ്യാപകനും നദികളെ സംബന്ധിച്ച വിഷയങ്ങളിൽ വിദഗ്‌ഗ്ദ്ധനുമായ വെങ്കടേഷ് ദത്ത ഫോണിൽ പറഞ്ഞു. "ഖനനം മിക്കവാറും നീർച്ചാലുകളിലാണ് നടക്കുന്നത്, അത് നദിക്കരകളുടെ സ്വാഭാവികമായ ഘടന തകർക്കും. മാത്രമല്ല ജലജന്തുക്കളുടെ വാസസ്ഥലങ്ങൾ നശിപ്പിക്കും. നീണ്ടകാലയളവിൽ വൻതോതിലുള്ള ഖനനത്തിന്റെ മൊത്തം പ്രഭാവം എത്രയാണെന്ന് പരിസ്ഥിതി ആഘാതപഠനങ്ങൾ കണക്കാക്കാറില്ല. യമുനാനദിയുടെ ഗതി മാറ്റിയ അനവധി ഖനനപദ്ധതികൾ എനിക്കറിയാം."

ജൂൺ 1-ന് നടന്ന ജലസത്യഗ്രഹത്തിനുശേഷം ബാൻദായിലെ അഡിഷണൽ ജില്ലാ മജിസ്‌ട്രേറ്റ് സന്തോഷ് കുമാറും സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് രാം കുമാറും സ്ഥലം സന്ദർശിച്ചു. "അനുവാദമില്ലാതെ ആരുടെയൊക്കെ സ്ഥലങ്ങളാണോ കുഴിച്ചത് അവരൊക്കെ സർക്കാരിന്റെ നഷ്ടപരിഹാരം ലഭിക്കാൻ അർഹരാണ്. എന്നാൽ അവർ തങ്ങളുടെ സ്ഥലം പണത്തിനു വിറ്റതാണെങ്കിൽ ഞങ്ങൾ അവർക്കെതിരെ നടപടിയെടുക്കും. ഈ വിഷയത്തെക്കുറിച്ച്‌ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്," എസ്.ഡി.എം. ഫോണിൽ പിന്നീട് പറഞ്ഞു. 1957-ലെ മൈൻസ് ആൻഡ് മിനറൽസ് ആക്ട് (2009-ൽ പുതുക്കിയത്) പ്രകാരമാണ് നഷ്ടപരിഹാരം നൽകുന്നത്.

"ഈ വർഷം ആദ്യം ഈ ഗ്രാമസഭയുടെ സ്ഥലത്ത് നിയമവിരുദ്ധമായി ഖനനം നടത്തുന്നുവെന്ന് കാണിച്ച് സ്ഥലം പാട്ടത്തിനെടുത്ത ഒരു കമ്പനിക്കെതിരേ ഒരു പരാതി ലഭിച്ചിരുന്നു. അവർ കുറ്റക്കാരാണെന്ന് കണ്ടെത്തി," രാം കുമാർ കൂട്ടിച്ചേർത്തു. "തുടർന്ന് ജില്ലാ മജിസ്‌ട്രേറ്റിന് റിപ്പോർട്ടയച്ചു. ആ കമ്പനിക്ക് നോട്ടീസ് കൊടുത്തിട്ടുണ്ട്. ബാൻദായിൽ നിയമവിരുദ്ധമായ ഖനനം കുറേക്കാലമായി നടക്കുന്നുണ്ട്, ഞാൻ അത് നിഷേധിക്കുന്നില്ല."

PHOTO • Jigyasa Mishra

ജലസത്യഗ്രഹത്തിൽ പങ്കെടുത്ത ഏറ്റവും പ്രായമുള്ള സ്ത്രീയാണ് 76 വയ സ്സു ള്ള സീലാ ദേവി. ഒരിക്കൽ തന്റെ സ്ഥല ത്ത് മുഴുവൻ ബബൂൽ മരങ്ങളായിരുന്നുവെന്ന് അവർ പറയുന്നു. 'അതിൽ ധാരാളം മരങ്ങളുണ്ടായിരുന്നു. ഞാനും എന്റെ കുടുംബവും ഒരുമിച്ചാണ് അവ നട്ട ത് . ഇപ്പോൾ ഒന്നും ബാക്കിയില്ല'

PHOTO • Jigyasa Mishra

ഒൻപതാംവയസ്സിൽ വിവാഹത്തിനുശേഷമാണ് മാതുരിയ ദേവി ഈ ഗ്രാമത്തിൽ വന്നത്. 'ഒരു ഗ്രാമം എന്താണെന്നും , കൃഷിസ്ഥലമെന്താണെന്നും അറിവായതിൽ പ്പി ന്നെ ഞാൻ ഈ ഗ്രാമത്തിൽത്തന്നെയാണ് താമസിക്കുന്നത്. എന്നാൽ ഇപ്പോൾ അവർ പറയുന്നു ഞങ്ങളുടെ സ്ഥലവും ഗ്രാമവും മഴക്കാല ത്ത് പ്രളയത്തിൽ മുങ്ങിപോകുമെന്ന് (കാരണം മണ്ണുമാന്തിയന്ത്രങ്ങൾ ധാരാളം മരങ്ങളെ ഇടിച്ചുനിരത്തി). ഞങ്ങളുടെ മരങ്ങളെല്ലാം പോയിക്കഴിഞ്ഞു'

PHOTO • Jigyasa Mishra

'ഇവിടെയാണ് ഞങ്ങൾ രണ്ടുമണിക്കൂർ നിന്നത് ,' ചന്ദാ ദേവി പറയുന്നു. നദിക്കരയിലെ അനധികൃതമായ മണൽ ഖനനത്തിൽ പ്രതിഷേധി ച്ച് 2020 ജൂൺ 1- ന് ഖപ്‌ടിഹ കലാനിലെ കർഷകർ കെൻ നദിയുടെ നടുവിൽ ഒരു ജലസത്യഗ്രഹം നയിച്ചു

PHOTO • Jigyasa Mishra

രമേശ് പ്രജാപതിയും കുടുംബവും തങ്ങളുടെ സ്ഥലം കാണാൻ പോകുന്നു - മണൽ ഖനനത്തിനായി അവിടെ 80 അടി താഴ്ചയിൽ കുഴികളെടുത്തിരുന്നു

PHOTO • Jigyasa Mishra

ലോക്ക്ഡൗൺ സമയ ത്ത് ഖപ്‌ടിഹ കലാനിലെ നിവാസികൾക്ക്‌ തങ്ങളുടെ സ്ഥലങ്ങൾ ശ്രദ്ധി ക്കാൻ സാധിച്ചില്ല. അവരുടെ സ്ഥലങ്ങളിൽ 100 അടിവരെ താഴ്ചയിൽ കുഴിച്ചുവെ ന്ന് മണ്ണുമാന്തിയന്ത്രങ്ങൾ പ്രവർത്തിപ്പിച്ച സ്ഥലത്തെ ചെറുപ്പക്കാർ അവരോടു പറഞ്ഞു. ജലസത്യഗ്രഹത്തി ന് പിറ്റേന്ന് ചില സ്ത്രീകൾ ആഴമില്ലാത്ത നദിയിലൂടെ നട ന്ന് തങ്ങളുടെ സ്ഥലങ്ങൾ നിരീക്ഷിക്കാൻ പോയി

PHOTO • Jigyasa Mishra

മണൽ ശേഖരിച്ച് മറ്റിടങ്ങളിലേക്ക് കൊണ്ടുപോകാൻ ലോറികൾ നിരന്നുകിടക്കുന്നു

PHOTO • Jigyasa Mishra

ഒരു മണൽ കരാറുകാരനെ (ചിത്രത്തിൽ ഇല്ല) ചൂണ്ടിക്കാട്ടി രാജു പ്രസാദ് എന്ന കർഷകൻ പറയുന്നു , ' അയാൾ എന്റെ സ്ഥലം കുഴിക്കുകയാണ്. ഞാൻ തടഞ്ഞിട്ടുപോലും അയാൾ നിർത്തുന്നില്ല. എന്റെ കുട്ടികൾ ഇപ്പോൾ അവിടെ ഇരിക്കുകയാണ്. അയാൾ അവരോടു അവി ടെന്ന്ൻ പോകാൻ പറഞ്ഞു. ആകെ ബാക്കിയുള്ള മരങ്ങളായ ഇല്ലിയും അവർ വെട്ടുകയാണ്. എന്റെ ഒപ്പം വന്നു നിങ്ങൾ സ്വയം കാ ണൂ'

PHOTO • Jigyasa Mishra

ജലസത്യഗ്രഹത്തെ ത്തു ടർന്ന് ഖനനയന്ത്രങ്ങൾ ജൂൺ 1- ന് കുറച്ചുനേരം നി ർത്തിവെച്ചു . നേരത്തെ ഖനനം ചെയ്ത മണൽ വലിയ കൂമ്പാരങ്ങളായി കൂട്ടിയിരിക്കുന്നു

PHOTO • Jigyasa Mishra

തങ്ങളുടെ സ്ഥലത്തുനിന്നു മണ്ണെടുക്കാൻ അനുമതിയുണ്ടോയെ ന്ന് സംഘത്തിലെ രണ്ടു സ്ത്രീകൾ ലോറി ഓടിക്കുന്നവരോടും മണ്ണുമാന്തിയന്ത്രങ്ങൾ പ്രവർത്തിപ്പിക്കുന്നവരോടും ചോദിക്കുന്നു

PHOTO • Jigyasa Mishra

മണൽഖനന സ്ഥാപനത്തിന്റെ പേരുള്ള ഒരു ബോർഡിന് മുന്നിൽ നിൽക്കുന്ന മാതുരിയ ദേവിയും , ആരതിയും , മഹേന്ദ്ര സിങ്ങും (ഇട ത്തു നിന്ന് വല ത്തേക്ക് ). ഈ സ്ഥാപനത്തി നെതിരേ ഖപ്‌ടിഹ കലാൻ പോലീസ് സ്റ്റേഷനിൽ അവർ പരാതി നൽകിയിട്ടുണ്ട്

PHOTO • Jigyasa Mishra

സ്ഥാപനത്തിന്റെ ഉദ്യോഗസ്ഥന്മാരോട് സംസാരിക്കാൻ ശ്രമിച്ചപ്പോൾ അവർ ഓഫീസ് വാതിലുകൾ അടച്ചു

PHOTO • Jigyasa Mishra

ജലസത്യഗ്രഹത്തിനു ശേഷം വീട്ടിൽ തിരിച്ചെത്തിയപ്പോൾ തന്നെ പേടിപ്പിക്കാൻ വെടിവെച്ചുവെ ന്ന് സുമൻ സിംഗ് ഗൗതം ആരോപിക്കുന്നു. 'ഞാൻ പോലീസിൽ അറിയിച്ചുവെങ്കിലും ആരും ഇതുവരെ ഒന്ന് അന്വേഷിക്കാൻപോലും വന്നില്ല ,' അവർ പറയുന്നു

PHOTO • Jigyasa Mishra

സുമൻ സിംഗ് ഗൗതമിന്റെ വീട്ടിൽ ഉഷ നിഷാദ് - ഇവർ രണ്ടുപേരുമാണ് ജലസത്യഗ്രഹം നയിച്ചത്. ഇനി ലക്‌നൗ വരെ കാൽനടയായി യാത്ര ചെയ്ത് ഉത്തർ പ്രദേശ് മുഖ്യമന്ത്രിയെ കാണാൻ ഉദ്ദേശിക്കുന്നു

PHOTO • Jigyasa Mishra

കെൻ നദിയിൽ തടസ്സം സൃഷ്ട്ടിക്കുന്ന ഒരു മണൽ പ്പാലം കടന്ന് ഒരു കാളവണ്ടി പോകുന്നു. ഖന നാ വശ്യങ്ങൾക്ക് വേണ്ടിയാണ് ഈ പാലം ഉണ്ടാക്കിയതെന്നാണ് ഖപ്‌ടിഹ കലാൻ നിവാസികൾ പറയുന്നത്

PHOTO • Jigyasa Mishra

നദീജലത്തിന്റെ ഒഴുക്ക് തടയാൻവേണ്ടി - കൂടുതൽ മണൽ കുഴിച്ചെടുക്കുന്നതി ന് സഹായമാകാൻ - ഖനനസ്ഥാപനങ്ങൾ നിർമിച്ച താൽക്കാലിക മണൽപ്പാലം . തദ്ഫലമായി ഇവിടുത്തെ സസ്യജാലങ്ങളും കൃഷിയും ഭൂമിയും ജലവും ജീവനോപാധികളും എല്ലാം നശിക്കുകയാണ്

പരിഭാഷ: ജ്യോത്സ്ന വി.

Jigyasa Mishra

جِگیاسا مشرا اترپردیش کے چترکوٹ میں مقیم ایک آزاد صحافی ہیں۔ وہ بنیادی طور سے دیہی امور، فن و ثقافت پر مبنی رپورٹنگ کرتی ہیں۔

کے ذریعہ دیگر اسٹوریز Jigyasa Mishra
Translator : Jyotsna V.

Jyotsna V. is a media professional based in Ernakulam.

کے ذریعہ دیگر اسٹوریز جیوتسنا وی۔