“ഈ പരാതികളെല്ലാം തിരികെയെടുത്ത് കീറിക്കളയൂ”, ചമാരു പറഞ്ഞു. “അവയ്ക്ക് സാധുതയില്ല. ഈ കോടതി അവയെ പ്രോത്സാഹിപ്പിക്കില്ല.”
മജിസ്ട്രേറ്റ് ആകുന്നത് അദ്ദേഹം ശരിക്കും ആസ്വദിക്കാന്‍ ആരംഭിക്കുകയായിരുന്നു.
ഇത് 1942 ഓഗസ്റ്റിലായിരുന്നു, രാജ്യം സമരച്ചൂടിലും. സമ്പല്‍പൂരുള്ള കോടതിയും തീര്‍ച്ചയായും അങ്ങനെയായിരുന്നു. ചമാരു പരീദയും കൂട്ടാളികളും ചേര്‍ന്ന് കോടതി പിടിച്ചെടുത്തതേയുണ്ടായിരുന്നുള്ളൂ. ചമാരു സ്വയം ന്യായാധിപനായി പ്രഖ്യാപിച്ചു. ജിതേന്ദ്ര പ്രധാന്‍ അദ്ദേഹത്തിന്‍റെ “സഹായി”യായി. പൂര്‍ണ്ണചന്ദ്ര പ്രധാനെ പേഷ്കാര്‍ അഥവാ കോടതി ഗുമസ്ഥനായും തിരഞ്ഞെടുത്തു.
ക്വിറ്റ് ഇന്‍ഡ്യ പ്രസ്ഥാനത്തിന് ചെയ്ത സംഭാവനയുടെ ഭാഗമായാണ് അവര്‍ കോടതി പിടിച്ചെടുത്തത്.
“ഇതൊക്കെ രാജിനെ അഭിസംബോധന ചെയ്യുന്നതാണ്”, കോടതിയില്‍ കൂടിച്ചേര്‍ന്ന ആശ്ചര്യപ്പെട്ടുനിന്ന ആളുകളോട് ചമാരു പറഞ്ഞു. “നമ്മള്‍ സ്വതന്ത്ര ഇന്ത്യയിലാണ് ജീവിക്കുന്നത്. ഈ കേസുകള്‍ പരിഗണിക്കണമെന്നുണ്ടെങ്കില്‍ നിങ്ങളവ തിരിച്ചെടുക്കുക. പരാതി വീണ്ടും തയ്യാറാക്കുക. അതില്‍ മഹാത്മാഗാന്ധിയെ അഭിസംബോധന ചെയ്യുക. ഞങ്ങളവയ്ക്ക് വേണ്ട ശ്രദ്ധകൊടുക്കാം.”
ഏതാണ്ടിന്നേക്ക് അറുപത് വര്‍ഷങ്ങള്‍ക്കുശേഷം ചമാരു ഇപ്പോഴും സന്തോഷത്തോടെ ആ കഥ പറയുന്നു. ഇപ്പോള്‍ അദ്ദേഹത്തിന് 91 വയസ്സുണ്ട്. 81-കാരനായ ജിതേന്ദ്ര അദ്ദേഹത്തിനടുത്ത് ഇരിക്കുന്നു. പൂര്‍ണ്ണചന്ദ്ര മരിച്ചുപോയി. അവര്‍ ഇപ്പോഴും ഒഡീഷയിലെ ബാര്‍ഗഢ് ജില്ലയിലെ പനിമാര ഗ്രാമത്തില്‍ ജീവിക്കുന്നു. സ്വാതന്ത്യ്രസമരത്തിന്‍റെ ഉത്തുംഗത്തില്‍ നില്‍ക്കുമ്പോള്‍ ഈ ഗ്രാമം അതിന്‍റെ നിരവധി പുത്രന്മാരേയും പുത്രിമാരേയും പോരാട്ടത്തിനയച്ചു. രേഖകള്‍പ്രകാരം 1942-ല്‍ മാത്രം ഇവിടെനിന്നും 32 പേര്‍ ജയിലില്‍ പോയി. ചമാരുവും ജിതേന്ദ്രയും ഉള്‍പ്പെടെ ഏഴുപേര്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നു.
ഒരുസമയത്ത് ഇവിടെയുള്ള ഏതാണ്ടെല്ലാ കുടുംബങ്ങളും സത്യാഗ്രഹികളെ അയച്ചിരുന്നു. ബ്രിട്ടീഷ് ഭരണത്തെ ശല്യപ്പെടുത്തിയ ഒരു ഗ്രാമമായിരുന്നു ഇത്. ഇതിന്‍റെ ഐക്യം ഇളക്കമില്ലാത്തതായി കാണപ്പെട്ടു. ഇതിന്‍റെ നിശ്ചയദാര്‍ഢ്യം ഐതിഹാസികമായി വളര്‍ന്നു. ബ്രിട്ടീഷ്ഭരണത്തെ എതിര്‍ക്കുന്നവര്‍ പാവപ്പെട്ടവരും അക്ഷരാഭ്യാസം ഇല്ലാത്തവരുമായ കര്‍ഷകരായിരുന്നു. ചെറുകിടക്കാരായ ഭൂഉടമകള്‍ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടുപെട്ടു. കൂടുതലും അങ്ങനെ ഉള്ളവരായിരുന്നു.
ചരിത്രപുസ്തകങ്ങള്‍ തങ്ങളെക്കുറിച്ച് ഒന്നുംതന്നെ പ്രസ്താവിക്കുന്നില്ല എന്നത് അവര്‍ കാര്യമാക്കുന്നേയില്ല. അതുമാത്രമല്ല, ഒഡീഷയില്‍ത്തന്നെ പലയിടത്തും അവരെ മറന്നുകാണണം. ബാര്‍ഗഢില്‍ ഇപ്പോഴുമിത് സ്വാതന്ത്ര്യ ഗ്രാമമാണ്. വളരെ കുറച്ചുപേര്‍ മാത്രമെ, അങ്ങനെ ആരെങ്കിലും ഉണ്ടെങ്കില്‍, സമരത്തില്‍നിന്നും വ്യക്തിപരമായി എന്തെങ്കിലും നേടിയിട്ടുള്ളൂ. പാരിതോഷികങ്ങള്‍, സ്ഥാനങ്ങള്‍, ജോലി എന്നിവപോലുള്ള നേട്ടങ്ങളല്ല തീര്‍ച്ചയായും ഇവിടെ ഉദ്ദേശിക്കുന്നത്. പക്ഷെ അവര്‍ അപകടം വരിച്ചവരായിരുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി പൊരുതിയ ആളുകളായിരുന്നു.
ഇവര്‍ സ്വാതന്ത്ര്യത്തിന്‍റെ കാലാള്‍ പടയാളികളായിരുന്നു. കൂടാതെ നഗ്നപാദരും. എന്തായാലും ഇവിടെയുള്ളവര്‍ക്ക് ധരിക്കാന്‍ ഒരിക്കലും പാദരക്ഷകള്‍ ഉണ്ടായിരുന്നില്ല.





