ജാർഖണ്ഡിലുള്ള ചെചരിയ ഗ്രാമത്തിലെ താമസക്കാരിയായ സവിതാ ദേവിയുടെ മൺകുടിലിന്റെ ചുവരിൽ ഡോക്ടർ ബി.ആർ അംബേദ്ക്കറുടെ ഒരു ഫോട്ടോ തൂക്കിയിട്ടിട്ടുണ്ട്. "ബാബാസാഹേബ് ഞങ്ങൾക്ക് വോട്ടവകാശം നേടിത്തന്നതുകൊണ്ടാണ് ഞങ്ങൾക്ക് വോട്ട് ചെയ്യാൻ കഴിയുന്നത്," സവിത പറയുന്നു.

സവിതാ ദേവിയ്ക്ക് സ്വന്തമായുള്ള ഒരു ബീഗ (0.75 ഏക്കർ) നിലത്ത്, അവർ ഖാരിഫ് സീസണിൽ നെല്ലും ചോളവും റാബി സീസണിൽ ഗോതമ്പും കടലയും എണ്ണക്കുരുക്കളും കൃഷി ചെയ്യുന്നുണ്ട്. ഇതുകൂടാതെ, വീടിനോട് ചേർന്നുള്ള അല്പം നിലത്ത് പച്ചക്കറി കൃഷി ചെയ്യാൻ അവർക്ക് ആലോചനയുണ്ടായിരുന്നു. "പക്ഷെ കഴിഞ്ഞ രണ്ടുവർഷമായി, ഇവിടെ വെള്ളമില്ല." തുടർച്ചയായുള്ള വർഷങ്ങളിലുണ്ടായ വരൾച്ചമൂലം, സവിതാ ദേവിയുടെ കുടുംബം കടുത്ത കടക്കെണിയിലാണ്.

മുപ്പത്തിരണ്ടു വയസ്സുകാരിയായ സവിത, തന്റെ നാല് മക്കളോടൊപ്പമാണ് പലാമു ജില്ലയിലുള്ള ഈ ഗ്രാമത്തിൽ താമസിക്കുന്നത്; അവരുടെ ഭർത്താവ്, 37 വയസ്സുകാരനായ പ്രമോദ് റാം, ജോലിയ്ക്കായി 2,000 കിലോമീറ്റർ അകലെ ബംഗലൂരുവിലേയ്ക്ക് കുടിയേറിയിരിക്കുകയാണ്. "സർക്കാർ ഞങ്ങൾക്ക് ജോലി ലഭ്യമാക്കുന്നില്ല," ദളിത് വിഭാഗക്കാരിയായ ഈ ദിവസവേതനത്തൊഴിലാളി പറയുന്നു. "കുട്ടികളെ പോറ്റാനുള്ള വരുമാനംപോലും ഞങ്ങൾക്ക് ലഭിക്കുന്നില്ല."

കെട്ടിടനിർമ്മാണ തൊഴിലാളിയായി ജോലി ചെയ്യുന്ന പ്രമോദിന് ഒരു മാസം 10,000-12,000 രൂപ വരുമാനം ലഭിക്കും. ചിലപ്പോഴെല്ലാം അദ്ദേഹം ട്രക്ക് ഡ്രൈവറായും ജോലി ചെയ്യാറുണ്ടെങ്കിലും, ആ തൊഴിൽ വർഷത്തിലുടനീളം ലഭ്യമാകാറില്ല. "പുരുഷന്മാർ നാലുമാസം ജോലിയില്ലാതെ വീട്ടിലിരുന്നാൽ, ഞങ്ങൾ ഭിക്ഷ തേടി ഇറങ്ങേണ്ടിവരും. കുടിയേറുകയല്ലാതെ മറ്റെന്താണ് ഞങ്ങൾക്ക് ചെയ്യാനാകുക?" സവിത ചോദിക്കുന്നു.

2011-ലെ കണക്കെടുപ്പ് പ്രകാരം 960 പേർ താമസിക്കുന്ന ചെചരിയ ഗ്രാമത്തിലെ മിക്ക പുരുഷന്മാരും ജോലി തേടി ഗ്രാമം വിട്ടുപോകുകയാണ് പതിവ്; "ഇവിടെ തൊഴിലവസരങ്ങൾ ഒന്നുംതന്നെ ലഭ്യമല്ല. ഇവിടെ ജോലി കിട്ടുമെങ്കിൽ, പിന്നെ ആളുകൾ പുറത്തേയ്ക്ക് പോകുമോ?" സവിതയുടെ ഭർത്തൃമാതാവ്, 60 വയസ്സുകാരിയായ സൂർപതി ദേവി ചൂണ്ടിക്കാട്ടുന്നു.

PHOTO • Savita Devi
PHOTO • Ashwini Kumar Shukla

ചെചരിയ ഗ്രാമത്തിൽ താമസിക്കുന്ന സവിതയുടെ മൺവീടിന്റെ ചുവരിൽ ഡോക്ടർ ബി.ആർ അംബേദ്ക്കറുടെ ചിത്രം തൂക്കിയിട്ടിരിക്കുന്നു. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഗ്രാമീണർ അംബേദ്ക്കർ ജയന്തി ആഘോഷപൂർവം കൊണ്ടാടുന്നുണ്ട്. വലത്: 'ബാബാസാഹേബ് ഞങ്ങൾക്ക് വോട്ടവകാശം നേടിത്തന്നത് കൊണ്ടാണ് ഞങ്ങൾക്ക് വോട്ട് ചെയ്യാൻ സാധിക്കുന്നത്,' സവിത പറയുന്നു

ജാർഖണ്ഡിൽനിന്ന് എട്ട് ലക്ഷത്തിൽ കൂടുതൽ ആളുകൾ ജോലി തേടി പുറത്തേയ്ക്ക് പോകുന്നുണ്ടെന്ന് 2011-ലെ കണക്കെടുപ്പ് കാണിക്കുന്നു. "ഈ ഗ്രാമത്തിൽ, 20-നും 52-നും ഇടയിൽ പ്രായമുള്ള, തൊഴിലെടുക്കുന്ന ഒരാളെപോലും നിങ്ങൾക്ക് കാണാൻ സാധിക്കില്ല," ഹരിശങ്കർ ദുബെ പറയുന്നു. "ആ പ്രായത്തിലുള്ള വെറും 5 ശതമാനം ആളുകളേ ഇവിടെ ബാക്കിയുള്ളൂ. ബാക്കിയെല്ലാവരും കുടിയേറിയിരിക്കുകയാണ്," ചെചരിയ ഉൾപ്പെടുന്ന ബസ്‌ന പഞ്ചായത്ത് സമിതിയിലെ അംഗം കൂടിയായ ദുബെ പറയുന്നു.

"ഇത്തവണ അവർ വോട്ട് ചോദിച്ചുവരുമ്പോൾ, ഞങ്ങളുടെ ഗ്രാമത്തിനുവേണ്ടി നിങ്ങൾ എന്താണ് ചെയ്തിട്ടുള്ളതെന്ന് ഞങ്ങൾ ചോദിക്കും," ഒരേസമയം ദേഷ്യവും നിശ്ചയദാർഢ്യവും തുടിക്കുന്ന ശബ്ദത്തിൽ സവിത പറയുന്നു. പിങ്ക് നിറത്തിലുള്ള ഒരു നൈറ്റിയും തലയിൽ മഞ്ഞ ദുപ്പട്ടയുമണിഞ്ഞ്,  മറ്റ് കുടുംബാംഗങ്ങളോടൊത്ത് തന്റെ വീടിന് മുന്നിൽ ഇരിക്കുകയാണവർ. നേരം ഉച്ചയോടടുക്കവേ, അവരുടെ നാല്‌ മക്കളും സ്കൂളിൽനിന്ന് മടങ്ങിയെത്തിയിരിക്കുന്നു; സ്കൂളിൽ ഉച്ചഭക്ഷണമായി ലഭിച്ച കിച്ച്‍ഡി കഴിച്ചതിനുശേഷമാണ് അവരുടെ വരവ്.

മുൻപൊരിക്കൽ ഗ്രാമവാസികൾ അംബേദ്ക്കർ ജയന്തി ആഘോഷങ്ങൾ സംഘടിപ്പിച്ചപ്പോഴാണ് താൻ ആദ്യമായി ബാബാസാഹേബ് അംബേദ്ക്കറെക്കുറിച്ച്- ഇന്ത്യൻ ഭരണഘടനയുടെ ശില്പി - മനസ്സിലാക്കിയതെന്ന് ദളിത് ചാമർ സമുദായാംഗമായ സവിത പറയുന്നു; ചെചരിയ ഗ്രാമത്തിലെ താമസക്കാരിൽ 70 ശതമാനവും പട്ടികജാതി സമുദായക്കാരാണ്. ഏതാനും വർഷങ്ങൾക്ക് മുൻപ്, സവിത, ഗ്രാമത്തിൽനിന്ന് 25 കിലോമീറ്റർ അകലെ ഗാർവ പട്ടണത്തിലുള്ള ഒരു അങ്ങാടിയിൽനിന്ന് അംബേദ്ക്കറുടെ ചില്ലിട്ട ഒരു ചിത്രം വാങ്ങി വീട്ടിൽവെച്ചു..

2022-ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുൻപ്, പഞ്ചായത്ത് അധ്യക്ഷന്റെ ഭാര്യ ആവശ്യപ്പെട്ടതനുസരിച്ച് സവിത അവർക്ക് വേണ്ടിയുള്ള പ്രചാരണജാഥയിൽ പങ്കെടുത്തിരുന്നു; കടുത്ത പനി മൂലമുള്ള അവശതകൾ അവഗണിച്ചാണ് സവിത അന്ന് ജാഥയ്ക്ക് പോയത്. "തിരഞ്ഞെടുപ്പിൽ ജയിച്ചാൽ ഞങ്ങൾക്ക് ഒരു കൈപ്പമ്പ് അനുവദിക്കാമെന്ന് അവർ വാക്ക് തന്നിരുന്നു," സവിത പറയുന്നു. എന്നാൽ വിജയിച്ചതിനുശേഷവും അവർ ആ വാക്ക് പാലിക്കാതിരുന്നപ്പോൾ, സവിത  വിവരങ്ങൾ അന്വേഷിക്കാൻ രണ്ടുതവണ അവരുടെ വീട്ടിൽ പോയി. "എന്നെ കാണുന്നത് പോട്ടെ, എന്റെ നേർക്ക് നോക്കാൻപോലും അവർ തയ്യാറായില്ല. ഒരു സ്ത്രീയായിട്ട് കൂടി, മറ്റൊരു സ്ത്രീയുടെ ബുദ്ധിമുട്ട് അവർ മനസ്സിലാക്കിയില്ല എന്നതാണ് എന്റെ വിഷമം."

കഴിഞ്ഞ 10 വർഷമായി ചെചരിയ ഗ്രാമം ജലക്ഷാമം നേരിടുന്നുണ്ട്. ഗ്രാമത്തിൽ ഉപയോഗയോഗ്യമായിട്ടുള്ള ഒരേയൊരു കിണറിൽനിന്നാണ് ഇവിടെയുള്ള 179 വീടുകളിലേയ്ക്ക് വെള്ളമെടുക്കുന്നത്. എല്ലാ ദിവസവും ഈരണ്ട് തവണ വീതം, സവിത 200 മീറ്റർ അകലെ ഒരു കയറ്റത്തിൽ സ്ഥാപിച്ചിട്ടുള്ള കൈപ്പമ്പിൽനിന്ന് വെള്ളമെടുക്കാൻ പോകും. രാവിലെ നാലോ അഞ്ചോ മണിക്ക് തുടങ്ങി, ദിവസത്തിലുടനീളം ഏതാണ്ട് അഞ്ചാറ് മണിക്കൂർ സവിത വെള്ളം കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട ജോലികൾക്ക് ചിലവാക്കുന്നുണ്ട്. "ഞങ്ങൾക്ക് ഒരു കൈപ്പമ്പ് അനുവദിക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമല്ലേ?" അവർ ചോദിക്കുന്നു.

PHOTO • Ashwini Kumar Shukla
PHOTO • Ashwini Kumar Shukla

ഇടതും വലതും: സവിതയുടെ ഭർതൃപിതാവായ ലഖൻ റാം വറ്റിവരണ്ട കിണറിന് സമീപം. കഴിഞ്ഞ ഒരു ദശാബ്ദത്തിലേറെയായി ചെചരിയ രൂക്ഷമായ ജലദൗർലഭ്യം നേരിടുകയാണ്

കഴിഞ്ഞ ഏതാനും വർഷങ്ങളിലായി തുടർച്ചയായുണ്ടാകുന്ന വരൾച്ചകൾ ജാർഖണ്ഡ് സംസ്ഥാനത്തെ രൂക്ഷമായി ബാധിച്ചിട്ടുണ്ട്. 2022-ൽ സംസ്ഥാനത്തെ ഏതാണ്ട് മുഴുവൻ പ്രദേശങ്ങളും -226 ബ്ലോക്കുകൾ- വരൾച്ചാ ബാധിതമായി പ്രഖ്യാപിക്കപ്പെട്ടു. അതിനടുത്തവർഷം, 2023-ൽ, 158 ബ്ലോക്കുകളിൽ വരൾച്ച ബാധിച്ചു.

"കുടിക്കാനും തുണി അലക്കാനുമെല്ലാം വെള്ളം എത്ര ചുരുക്കി ഉപയോഗിക്കണമെന്ന് ഞങ്ങൾ നിരന്തരം ആലോചിക്കണം," സവിത, തന്റെ അടച്ചുറപ്പില്ലാത്ത വീടിന്റെ മുറ്റത്തുള്ള കിണർ ചൂണ്ടിക്കാട്ടി പറയുന്നു. കഴിഞ്ഞ മാസം, 2024-ലെ വേനൽക്കാലം തുടങ്ങിയത് തൊട്ട്, ആ കിണർ വറ്റിക്കിടക്കുകയാണ്.

2024-ലെ പൊതുതിരഞ്ഞെടുപ്പിന്റെ നാലാം ഘട്ടം നടക്കുന്ന മേയ് 13-നാണ് ചെചരിയയിൽ വോട്ടെടുപ്പ്. പ്രമോദും മറ്റൊരു കുടിയേറ്റത്തൊഴിലാളിയായ അദ്ദേഹത്തിന്റെ സഹോദരനും അതിനുമുൻപ് വീട്ടിൽ മടങ്ങിയെത്തും. "അവർ വോട്ട് ചെയ്യാൻവേണ്ടി മാത്രമാണ് വരുന്നത്," സവിത പറയുന്നു. വീട്ടിലേയ്ക്കുള്ള യാത്രയ്ക്ക് ഇരുവർക്കുംകൂടി ഏകദേശം 700 രൂപ ചിലവാകും. ഒരുപക്ഷെ ഈ യാത്രകൊണ്ട് അവർക്ക് ഇപ്പോഴുള്ള ജോലിയും നഷ്ടമായേക്കും; അങ്ങനെ സംഭവിച്ചാൽ അവർ വീണ്ടും ജോലി അന്വേഷിച്ച് ഇറങ്ങേണ്ടിവരും.

*****

ചെചരിയയിൽനിന്ന് ഏതാനും കിലോമീറ്റർ മാത്രം അകലെ, ഒരു ആറുവരിപ്പാതയുടെ പണി പുരോഗമിക്കുന്നുണ്ടെങ്കിലും, ഇന്നേവരെ അധികാരികൾ ഈ ഗ്രാമത്തിലേയ്ക്ക്  ഒരു റോഡ് പണിതിട്ടില്ല. അതുകൊണ്ടുതന്നെ, 25 വയസ്സുകാരിയായ രേണു ദേവിയ്ക്ക് പ്രസവവേദന തുടങ്ങിയപ്പോൾ, സർക്കാരി ഗാരി (സർക്കാർ ഉടമസ്ഥതയിലുള്ള ആംബുലൻസ്) അവരുടെ വീട്ടുപടിക്കൽവരെ കൊണ്ടുവരാൻ കഴിഞ്ഞില്ല. "ആ അവസ്ഥയിൽ എനിക്ക് മെയിൻ റോഡ് (300 മീറ്റർ അകലെ) വരെ നടക്കേണ്ടിവന്നു," രാത്രി 11 മണി നേരത്തെ ആ നടത്തം താൻ ഒരിക്കലും മറക്കില്ലെന്ന് അവർ പറയുന്നു. ആംബുലൻസുകൾ മാത്രമല്ല,  മറ്റു സർക്കാർ പദ്ധതികൾ ഒന്നും തന്നെ അവരുടെ വീടുകളിൽ എത്തിയിട്ടില്ല.

ചെചരിയ ഗ്രാമത്തിലെ മിക്ക വീടുകളിലും അടുപ്പുകൾ ഉപയോഗിച്ചാണ് ഭക്ഷണം പാകം ചെയ്യുന്നത് - ഗ്രാമീണർക്ക് ഒന്നുകിൽ പ്രധാനമന്ത്രി ഉജ്ജ്വല യോജനയ്ക്ക് കീഴിൽ പാചകവാതകം ലഭിച്ചിട്ടില്ല. അല്ലെങ്കിൽ അങ്ങനെ ലഭിച്ച പാചകവാതകകുറ്റികൾ വീണ്ടും നിറയ്ക്കാൻ അവരുടെ പക്കൽ പണമില്ല എന്നതാണ് സ്ഥിതി.

PHOTO • Ashwini Kumar Shukla
PHOTO • Ashwini Kumar Shukla

ഇടത്: രേണു ദേവി, ഏതാനും മാസങ്ങൾക്ക് മുൻപ് ഒരു കുഞ്ഞിന് ജന്മം നൽകിയതിന് ശേഷം തന്റെ ജന്മഗൃഹത്തിൽ താമസിക്കുകയാണ്. അവരുടെ സഹോദരനായ കാൻഹായ് കുമാർ ജോലിയ്ക്കായി ഹൈദരാബാദിലേക്ക് കുടിയേറിയിരിക്കുന്നു. വലത്: രേണുവിന്റെ സഹോദരിയായ പ്രിയങ്ക, അവരുടെ കുടുംബത്തിന് പഠനചിലവുകൾ താങ്ങാൻ കഴിയാത്തതിനെ തുടർന്ന്, 12-ആം ക്ലാസിനു ശേഷം പഠനം ഉപേക്ഷിക്കുകയായിരുന്നു. തുന്നൽ ജോലി ചെയ്ത് ഉപജീവനം കണ്ടെത്താമെന്ന പ്രതീക്ഷയിൽ അടുത്തിടെ അവർ തന്റെ അമ്മായിയുടെ അടുക്കൽ നിന്ന് ഒരു തുന്നൽ യന്ത്രം കടം വാങ്ങിയിട്ടുണ്ട്

PHOTO • Ashwini Kumar Shukla
PHOTO • Ashwini Kumar Shukla

ഇടത്: ചെചരിയയിൽ നിന്ന് ഏതാനും കിലോമീറ്ററുകൾ മാത്രം അകലെ, ഒരു ആറുവരിപ്പാതയുടെ പണി പുരോഗമിക്കുന്നുണ്ടെങ്കിലും രേണുവിന്റെയും പ്രിയങ്കയുടെയും ഗ്രാമത്തിലുള്ള വീട്ടിലേയ്ക്ക് ഇന്നേവരെ ഒരു റോഡ് എത്തിയിട്ടില്ല. വലത്: ഈ കുടുംബം തങ്ങളുടെ വീടിന് പുറകിലുള്ള കിണറിൽ നിന്നാണ് കാർഷികാവശ്യങ്ങൾക്ക് വേണ്ട വെള്ളം കണ്ടെത്തിയിരുന്നത്

അതുപോലെ, ചെചരിയ ഗ്രാമത്തിലെ എല്ലാ താമസക്കാരുടെ കൈവശവും മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ജനറേഷൻ കാർഡുകളുണ്ട് (ചെറുപുസ്തകങ്ങൾ). ഈ പദ്ധതിയിൽ പങ്കാളികളാകുന്നവർക്ക് സർക്കാർ ഒരു വർഷം 100 തൊഴിൽദിനങ്ങൾ ഉറപ്പ് നൽകുന്നുണ്ടെങ്കിലും, ഗ്രാമീണർക്ക് അഞ്ച്, ആറ് വർഷം മുൻപ്  ലഭിച്ച ഈ കാർഡുകളിലെ താളുകൾ ഇപ്പോഴും ശൂന്യമാണ്; അവയിലെ കടലാസിന്റെ പുതുമണംപോലും മാറിയിട്ടില്ല.

രേണുവിന്റെ സഹോദരിയായ പ്രിയങ്ക 12-ആം തരത്തിന് ശേഷം പഠനം ഉപേക്ഷിച്ചത് അവരുടെ കുടുംബത്തിന് പഠനച്ചിലവുകൾ താങ്ങാൻ കഴിയാതെ വന്നപ്പോഴാണ്. ഇപ്പോൾ, ആ 20 വയസ്സുകാരി തുന്നൽജോലി ചെയ്ത് ഉപജീവനം കണ്ടെത്താമെന്ന പ്രതീക്ഷയിൽ തന്റെ അമ്മായിയിൽനിന്ന് ഒരു തുന്നൽ യന്ത്രം കടം വാങ്ങിയിരിക്കുകയാണ്.  "അടുത്തുതന്നെ അവളുടെ വിവാഹമാണ്," പ്രസവത്തിനുശേഷം സ്വഗൃഹത്തിൽ കഴിയുന്ന രേണു പറയുന്നു. "വരന് ജോലിയോ അടച്ചുറപ്പുള്ള വീടോ ഇല്ല, പക്ഷെ അയാൾ 2 ലക്ഷം രൂപ സ്ത്രീധനമായി ആവശ്യപ്പെട്ടിരിക്കുകയാണ്." പ്രിയങ്കയുടെ കല്യാണം നടത്താനുള്ള പണം അവരുടെ കുടുംബം കടം വാങ്ങി സംഘടിപ്പിച്ചിട്ടുണ്ട്.

ചെചരിയ ഗ്രാമത്തിലെ താമസക്കാരിൽ പലരും വരുമാനം കുറയുന്നതോടെ പലിശക്കാരിൽനിന്ന് ഉയർന്ന പലിശയ്ക്ക്  പണം വാങ്ങുകയാണ് പതിവ്. "കടംകൊണ്ട് വലയാത്ത ഒരു കുടുംബംപോലും ഈ ഗ്രാമത്തിലില്ല," സുനിതാ ദേവി പറയുന്നു. സുനിതയുടെ ഇരട്ട ആണ്മക്കളായ ലവനും കുശനും ജോലിയ്ക്കായി മഹാരാഷ്ട്രയിലെ കൊൽഹാപൂരിലേയ്ക്ക് കുടിയേറിയിരിക്കുകയാണ്. അവർ ഇരുവരും വീട്ടിലേയ്ക്ക് പണം അയക്കുന്നതുകൊണ്ടാണ് ഈ കുടുംബം ജീവിച്ചുപോകുന്നത്. "ചിലപ്പോൾ അവർ 5,000 രൂപ അയക്കും, ചിലപ്പോൾ 10,000 രൂപയും," ഇരുവരുടെയും 49 വയസ്സുകാരിയായ അമ്മ പറയുന്നു.

കഴിഞ്ഞ വർഷം, സുനിതയും അവരുടെ ഭർത്താവ് രാജ്‌കുമാർ റാമും ചേർന്ന് മകളുടെ വിവാഹത്തിനായി ആ പ്രദേശത്തുള്ള ഒരു പലിശക്കാരനിൽനിന്ന് 5 ശതമാനം പലിശയ്ക്ക് ഒരു ലക്ഷം രൂപ കടം വാങ്ങിയിരുന്നു- അതിൽ 20,000 രൂപ അവർ തിരികെ നൽകിയെങ്കിലും തങ്ങൾക്ക് ഇനിയും 1.5  ലക്ഷം രൂപയുടെ ബാധ്യതയുണ്ടെന്ന് അവർ പറയുന്നു.

"പാവപ്പെട്ടവരെ സഹായിക്കാൻ ആരുമില്ല. ഒരു ദിവസം ഞങ്ങൾ വിറകെടുക്കാൻ പോയില്ലെങ്കിൽ, അടുത്ത ദിവസം ഞങ്ങളുടെ അടുപ്പ് പുകയില്ല," സുനിതാ ദേവി പറയുന്നു.

എല്ലാ ദിവസവും, സുനിത ഗ്രാമത്തിലെ മറ്റു സ്ത്രീകൾക്കൊപ്പം 10-15 കിലോമീറ്റർ അകലെയുള്ള ഒരു കുന്നിലേയ്ക്ക് നടന്നുപോയാണ് വിറക് ശേഖരിക്കുന്നത്; അവിടെയുള്ള വനം വകുപ്പ് ഗാർഡുമാർ സുനിത അടക്കമുള്ള സ്ത്രീകളെ നിരന്തരം ശല്യപ്പെടുത്താറുണ്ട്.

PHOTO • Ashwini Kumar Shukla
PHOTO • Ashwini Kumar Shukla

ഇടത്: ചെചരിയയിലെ പല താമസക്കാരെയും പോലെ സുനിതാ ദേവിക്കും കുടുംബത്തിനും പ്രധാൻമന്ത്രി ആവാസ് യോജനയോ ഉജ്ജ്വല യോജനയോ പോലുള്ള സർക്കാർ പദ്ധതികളിൽ നിന്നുള്ള ആനുകൂല്യങ്ങൾ ഒന്നും ലഭിച്ചിട്ടില്ല. വലത്: പ്രാദേശികമായി ജോലികൾ ഒന്നും ലഭ്യമല്ലെന്നിരിക്കെ, ചെചരിയയിൽ നിന്നുള്ള പുരുഷന്മാർ പല നഗരങ്ങളിലേക്ക് ജോലി തേടി കുടിയേറിയിരിക്കുകയാണ്. പല കുടുംബങ്ങളുടെ പക്കലും തൊഴിൽ കാർഡ് (മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയ്ക്ക് കീഴിലുള്ളത്) ഉണ്ടെങ്കിലും,ആർക്കും ഇതുവരെ അത് ഉപയോഗിക്കാൻ അവസരം ലഭിച്ചിട്ടില്ല

2019-ൽ, കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പിന് മുൻപ്, സുനിതാ ദേവി ഗ്രാമത്തിലെ മറ്റു സ്ത്രീകൾക്കൊപ്പം പ്രധാൻമന്ത്രി ആവാസ് യോജനയ്ക്ക് കീഴിൽ ഒരു വീടിനായി അപേക്ഷ നൽകിയിരുന്നു. "ഇന്നേവരെ ഒരാൾക്കുപോലും വീട് കിട്ടിയിട്ടില്ല" എന്ന് പറഞ്ഞ് അവർ കൂട്ടിച്ചേർക്കുന്നു," ഞങ്ങൾക്ക് ആകെ കിട്ടുന്ന ആനുകൂല്യം റേഷനാണ്. അതുപോലും,  5 കിലോയുടെ സ്ഥാനത്ത് 4.5 കിലോ മാത്രമാണ് ഞങ്ങൾക്ക്  ലഭിക്കുന്നത്."

അഞ്ച് വർഷം മുൻപത്തെ തിരഞ്ഞെടുപ്പിൽ, ഭാരതീയ ജനതാ പാർട്ടിയിലെ വിഷ്ണു ദയാൽ റാം, മണ്ഡലത്തിലെ മൊത്തം വോട്ടുകളുടെ 62 ശതമാനം നേടിയാണ് വിജയിച്ചത്. അന്ന്, രാഷ്ട്രീയ ജനതാ ദളിന്റെ ഘുരൺ റാമായിരുന്നു അദ്ദേഹത്തിന്റെ എതിരാളി. ഇത്തവണയും വിഷ്ണു ദയാൽ റാം  ഇതേ മണ്ഡലത്തിൽനിന്ന് മത്സരിക്കുന്നുണ്ട്..

കഴിഞ്ഞ വർഷം, അതായത് 2023 വരെ, സുനിതയ്ക്ക് അദ്ദേഹത്തെപ്പറ്റി ഒന്നും അറിയുമായിരുന്നില്ല. പിന്നീട് ഒരിക്കൽ ഒരു പ്രാദേശിക മേളയിൽവെച്ച്, അദ്ദേഹത്തെ പ്രശംസിച്ചുകൊണ്ടുള്ള ചില മുദ്രാവാക്യങ്ങൾ സുനിത കേൾക്കാനിടയായി. "നമ്മുടെ നേതാക്കൾ ആരെപ്പോലെയാകണം? വി.ഡി.റാമിനെ പോലെയാകണം !"

"ഇന്നുവരെ ഞങ്ങൾ അയാളെ കണ്ടിട്ടില്ല." സുനിതാ ദേവി പറയുന്നു.

പരിഭാഷ: പ്രതിഭ ആര്‍. കെ .

Ashwini Kumar Shukla

ଅଶ୍ୱିନୀ କୁମାର ଶୁକ୍ଳା ଝାଡ଼ଖଣ୍ଡରେ ରହୁଥିବା ଜଣେ ନିରପେକ୍ଷ ସାମ୍ବାଦିକ ଏବଂ ସେ ନୂଆଦିଲ୍ଲୀର ଭାରତୀୟ ଗଣଯୋଗାଯୋଗ ପ୍ରତିଷ୍ଠାନ (୨୦୧୮-୧୯)ରୁ ସ୍ନାତକ ଶିକ୍ଷା ହାସଲ କରିଛନ୍ତି। ସେ ୨୦୨୩ର ପରୀ ଏମଏମ୍ଏଫ୍ ଫେଲୋ।

ଏହାଙ୍କ ଲିଖିତ ଅନ୍ୟ ବିଷୟଗୁଡିକ Ashwini Kumar Shukla
Editor : Sarbajaya Bhattacharya

ସର୍ବଜୟା ଭଟ୍ଟାଚାର୍ଯ୍ୟ ପରୀର ଜଣେ ବରିଷ୍ଠ ସହାୟିକା ସମ୍ପାଦିକା । ସେ ମଧ୍ୟ ଜଣେ ଅଭିଜ୍ଞ ବଙ୍ଗଳା ଅନୁବାଦିକା। କୋଲକାତାରେ ରହୁଥିବା ସର୍ବଜୟା, ସହରର ଇତିହାସ ଓ ଭ୍ରମଣ ସାହିତ୍ୟ ପ୍ରତି ଆଗ୍ରହୀ।

ଏହାଙ୍କ ଲିଖିତ ଅନ୍ୟ ବିଷୟଗୁଡିକ Sarbajaya Bhattacharya
Translator : Prathibha R. K.

Pratibha R K is a post graduate in English from the Central University of Hyderabad and works as a translator.

ଏହାଙ୍କ ଲିଖିତ ଅନ୍ୟ ବିଷୟଗୁଡିକ Prathibha R. K.