ഇന്ദിരാ കോളനി എന്ന് പേരുള്ള ഒരു ആദിവാസി ഗ്രാമത്തിലാണ് എന്റെ വീട്. വിവിധ ആദിവാസി സമുദായങ്ങളിൽനിന്നുള്ള 25-ഓളം കുടുംബങ്ങൾ ഇവിടെ താമസിക്കുന്നു. വെള്ളത്തിന്റെ ഒരു സംഭരണിയും കക്കൂസുമുണ്ട് ഗ്രാമത്തി. കുടിക്കാനുള്ള വെള്ളത്തിനായി ഒരു കിണറും.
ഗ്രാമത്തിലെ ചിലർക്ക് കൃഷിസ്ഥലങ്ങളുണ്ട്. അവരതിൽ നെല്ലും, വഴുതനയും ചോളവും, വെണ്ടയ്ക്കയും കയ്പ്പക്കയും മത്തനും മറ്റും കൃഷി ചെയ്യുന്നു. പിന്നെ, മുതിര, ചെറുപയർ, തുവരപ്പരിപ്പ് തുടങ്ങിയ ധാന്യങ്ങളും. കഴിക്കുകയും ചെയ്യാമെന്നതുകൊണ്ടാണ് നെല്ല് കൃഷി ചെയ്യുന്നത്. മഴക്കാലത്താണ് അത് കൃഷിചെയ്യുന്നത്.
വിളവെടുപ്പുകാലത്ത് കുറച്ച് നെല്ല് ഞങ്ങളുടെ ആവശ്യത്തിനായി മാറ്റിവെക്കും. ബാക്കിയുള്ളത് വിൽക്കും. വളത്തിന്റെയും മറ്റും ചിലവുകൾക്കനുസരിച്ചായിരിക്കും നെല്ല് വിറ്റുകിട്ടുന്നതിൽനിന്നുള്ള ഞങ്ങളുടെ ലാഭം.
ഞങ്ങളുടെ ഗ്രാമത്തിലെ ചില വീടുകൾ ഓലമേഞ്ഞതാണ്. മഴ, വെയിൽ, തണുപ്പ് എന്നിവയിൽനിന്ന് അത് രക്ഷ നൽകുന്നു. ഒന്നോ രണ്ടോ വർഷം കൂടുമ്പോൾ ഓലമേയണം. വീടുകൾ മേയാൻ ഞങ്ങൾ കാടുകളിൽനിന്നുള്ള ഉണക്കപ്പുല്ല്, കവടപ്പുല്ല് മുള, മരങ്ങൾ എന്നിവ ഉപയോഗിക്കുന്നു.
വീട് മേയാൻ ഉപയോഗിക്കുന്ന കാലിത്തീറ്റപ്പുല്ലാണ് ഇത്. കാട്ടിൽനിന്ന് ഞങ്ങളിത് മുറിച്ചെടുത്ത്, രണ്ടോ മൂന്നോ മാസം വെലത്തിട്ട് ഉണക്കും. പിന്നെയും കുറച്ചുകാലം കൂടി അത് ഉണങ്ങണം. അല്ലെങ്കിൽ മഴ അതിനെ നാശമാക്കും. ഓല(പുല്ല്) മേഞ്ഞ വീടുകളുടെ ഉത്തരത്തിന് ഞങ്ങൾ ഉപയോഗിക്കുന്നത് ഗ്രാമത്തിൽത്തന്നെ ഉണ്ടാക്കുന്ന മണ്ണിഷ്ടികയാണ്.
ഇതൊരു കാളവണ്ടിയാണ്. അതിന്റെ ചക്രമൊഴിച്ച് മറ്റെല്ലാ ഭാഗങ്ങളും ഉണ്ടാക്കുന്നത് മരമോ മുളയോ ഉപയോഗിച്ചാണ്. കാട്ടിൽനിന്ന് മരങ്ങളും പാടത്തുനിന്ന് നെല്ലും കൊണ്ടുവരാനാണ് ഞങ്ങളിത് ഉപയോഗിക്കുന്നത്. പാടത്തേക്ക് ചാണകം കൊണ്ടുപോകാനും ഇത് ചിലപ്പോൾ ഉപയോഗിക്കും. ഇപ്പോൾ ഇത്തരം വണ്ടികൾ അധികം ഉപയോഗിക്കാതായി.
ഗ്രാമത്തിലെ മിക്കവരും പശു, എരുമ, ആട്, കോഴി എന്നിവയെ വളർത്തുന്നുണ്ട്. ഞങ്ങളവയ്ക്ക് കഞ്ഞിവെള്ളം, തവിട്, പിണ്ണാക്ക് എന്നിവയൊക്കെ നൽകും. രാത്രി ഞങ്ങളുടെ മൃഗങ്ങൾ ഉണക്ക കാലിത്തീറ്റ ചവച്ചുകൊണ്ടിരിക്കും. പുല്ലുമേയാൻ ഞങ്ങൾ പശുക്കളേയും എരുമകളേയും കാട്ടിലേക്കോ പാടങ്ങളിലേക്കോ കൊണ്ടുപോകാറുണ്ട്. മഴക്കാലത്ത് നല്ല പച്ചപ്പുല്ല് കിട്ടും. വേനൽക്കാലമായാൽ ഇതൊക്കെ ഉണങ്ങി, കന്നുകാലികൾക്ക് ആവശ്യത്തിനുള്ള തീറ്റ കിട്ടില്ല.
പാടത്ത് ഞങ്ങൾ കന്നുകാലിവളമാണ് ഉപയോഗിക്കുക. കൃഷി തുടങ്ങുന്നതിന് മുമ്പ് പാടത്ത് ചാണകം പരത്തും. ഗ്രാമത്തിലെ ആളുകൾ പശുക്കളേയും എരുമകളേയും വിറ്റ് വരുമാനമുണ്ടാക്കുന്നുണ്ട്. ഒരു പശുവിന് 10,000 രൂപവരെ കിട്ടും.
ഗ്രാമത്തിലെ ചില അമ്മമാർ, കെണ്ടു, സാലപത്ര, മഹുവ ഇലകളൊക്കെ പറിക്കാറുണ്ട്. ഒരു അധികവരുമാനം കിട്ടാൻ.
ഇത് ഉണങ്ങിയ മഹുവ പൂവാണ്. ഗ്രാമത്തിലെ അമ്മമാർ രാവിലെ കാട്ടിൽപ്പോയി, 11 മണിയോടെ ഇത് പറിച്ചുകൊണ്ടുവരും. ഈ പൂക്കൾ വെയിലത്തിട്ട് ആറുദിവസംവരെ ഉണക്കും. പിന്നെ, രണ്ടോ മൂന്നോ മാസം ചാക്കിലാക്കി വെക്കും. വീണ്ടും ഉണക്കാൻ. ഒരു പാത്രം മഹുവ നീര് ഞങ്ങൾ 60 രൂപയ്ക്കാണ് വിൽക്കുക. ഒരു പാത്രം മഹുവ പൂക്കൾ 50 രൂപയ്ക്കാണ് വിൽക്കുന്നത്. ഈ പൂക്കൾ ശേഖരിക്കാൻ വളരെ ബുദ്ധിമുട്ടുണ്ട്.
ഞങ്ങളുടെ സമുദായം ഞങ്ങളുടെ കുടുംബംപോലെയാണ്. ഞങ്ങൾ പരസ്പരം സഹായിക്കും.
ഈ കഥ ചെയ്യാനുള്ള സഹായങ്ങൾ നൽകിയ ഇനവേഷൻ ആൻഡ് സ്ട്രാടജിയുടെ മാനേജർ ശർബാനി ചട്ടോരാജ്, ഗ്രാം വികാസ് റസിഡൻഷ്യൽ സ്കൂളുകൾ, സന്തോഷ് ഗൌഡ എന്നിവർക്ക് പാരി എഡ്യുക്കേഷൻ ടീമിന്റെ നന്ദി.
പരിഭാഷ: രാജീവ് ചേലനാട്ട്