വെളിച്ചം കെടുന്നില്ലെന്ന് ഉറപ്പുവരുത്താൻ, തക്കസമയത്ത് ഒരു ചെറുപ്പക്കാരൻ തിരശ്ശീലയ്ക്ക് പിറകിൽ കുതിക്കുന്നു, ഒരു മണിക്കൂർ നീണ്ടുനിൽക്കുന്ന അവതരണത്തിനിടയിൽ പല തവണ അയാൾക്കത് ആവർത്തിക്കേണ്ടിവരും. അപ്പോഴൊക്കെ പാവകളി സാ‍മഗ്രികൾക്കും, സഹകലാകാരന്മാർക്കും ഒരുവിധത്തിലുമുള്ള ബുദ്ധിമുട്ടുണ്ടാക്കുകയുമരുത്.

എല്ലാവരും തോൽ‌പ്പാവക്കൂത്ത് പാവകളിക്കാരാണ്. അവരാകട്ടെ, പ്രേക്ഷകരിൽനിന്ന് എപ്പോഴും മറഞ്ഞിരിക്കുകയും ചെയ്യുന്നു.

കൈയ്യിൽ തോലുകൊണ്ടുണ്ടാക്കിയ പാവകളുമായി, പാവകളിക്കാർ സദാസമയവും വെളുത്ത തിരശ്ശീലയ്ക്കപ്പുറത്ത് ചലിച്ചുകൊണ്ടിരിക്കുകയാണ്. ആവശ്യം വരുമ്പോൾ ഉപയോഗിക്കാൻ പാകത്തിൽ അവരുടെ കാൽക്കൽ 50-60 പാവകൾ തയ്യാറായി കിടക്കുന്നുണ്ട്. ആഖ്യാനം നടന്നുകൊണ്ടിരിക്കുമ്പോൾത്തന്നെ, കഥ നിഴലുകളുടെ രൂപത്തിൽ അവതരിപ്പിക്കുകയാണ് ചെയ്യുന്നത്.

എന്നാൽ യഥാർത്ഥത്തിലുള്ള കല ആരാലും ശ്രദ്ധിക്കപ്പെടാതെ പോകുന്നുവെന്നതാണ് ഈ കലയുടെ ഒരു പൊതുസ്വഭാവം. അതുകൊണ്ട്, 2021-ൽ രാജ്യത്തെ ഏറ്റവും വലിയ പുരസ്കാരങ്ങളിൽ നാലാമത്തേതായ പത്മശ്രീ പുരസ്കാരം ലഭിച്ചപ്പോൾ, പാവകളിക്കാരൻ രാമചന്ദ്ര പുലവർക്ക് അത് ആഘോഷത്തിനും തുറന്നുപറച്ചിലിനുമുള്ള ഒരവസരമായി മാറ്റി. തന്റെ പ്രസംഗത്തിനിടയിൽ അദ്ദേഹം പറഞ്ഞു, “ഈ പാവനാടക രംഗകല തുടർന്നുപോവുന്നതിനായി ആയുഷ്കാലം മുഴുവൻ യത്നിച്ചുകൊണ്ടിരിക്കുന്ന മുഴുവൻ സംഘത്തിനും അർഹതപ്പെട്ടതാണ് ഈ അംഗീകാരം”.

പുലവരുടേയും സംഘത്തിന്റേയും വിജയത്തിന് പക്ഷേ ഒരു വലിയ വില കൊടുക്കേണ്ടി വന്നു. ഈ കലയെ അവർ ഒരു കച്ചവടമാക്കിയെന്ന് വിമർശകരും ആസ്വാദകരും കുറ്റപ്പെടുത്തി. ഈ വിമർശനത്തെ പുലവർ അധികം ഗൌരവമായെടുക്കുന്നില്ല. “ഭക്ഷണത്തിനും ഉപജീവനത്തിനുമായുള്ള ജോലിതന്നെയാണ് ഇത്. നടന്മാർക്കും നർത്തകർക്കും അവർ ചെയ്യുന്നതിന് കാശ് ഈടാക്കാമെങ്കിൽ, എന്തുകൊണ്ട് ഞങ്ങൾ പാവകളിക്കാർക്ക് അതായിക്കൂടാ?”

PHOTO • Courtesy: Rahul Pulavar
PHOTO • Sangeeth Sankar

ഇടത്ത്: ഇന്ത്യൻ ബഹിരാകാശ മിഷനെക്കുറിച്ചുള്ള ഒരു തോൽപ്പാവക്കൂത്ത്. ഒരു സ്കൂളിന്റെ വാർഷികപരിപാടിക്കാണ് രാമചന്ദ്രയുടെ സംഘം ഇത് അവതരിപ്പിച്ചത്. വലത്ത്: ഗാന്ധിജിയുടെ കഥ തോൽ‌പ്പാവക്കൂത്തായി അവതരിപ്പിക്കുന്നു

കേരളത്തിലെ അമ്പലങ്ങൾക്കകത്ത്, വിളവെടുപ്പുമായി ബന്ധപ്പെട്ടാണ് തോൽ‌പ്പാവക്കൂത്ത് പരമ്പരാഗതമായി അവതരിപ്പിച്ചുവരുന്നത്. എന്നാൽ കഴിഞ്ഞ 20 വർഷമായി, 63 വയസ്സുള്ള രാമചന്ദ്രയും അദ്ദേഹത്തിന്റെ, പാലക്കാട്ടുള്ള കവളപ്പാറ പപ്പട്രി ട്രൂപ്പ് എന്ന സംഘവും തോൽ‌പ്പാവക്കൂത്ത് എന്ന ഈ കലയെ ആധുനിക കാലത്തിനനുസരിച്ച് നവീകരിച്ചുകൊണ്ടിരിക്കുകയാണ്. നിഴൽ‌പ്പാവക്കൂത്തിന്റെ ഈ രംഗകല, അതിന്റെ ശൈലിയിൽ ധാരാളം മാറ്റങ്ങളും പരീക്ഷണങ്ങളും നടത്തിക്കൊണ്ടിരിക്കുന്നു.

തോൽ‌പ്പാവക്കൂത്ത്: മലബാറിന്റെ സാംസ്കാരിക സമന്വയം എന്ന ലേഖനത്തിൽ ഈ പരമ്പരാഗത ഉത്സവാവതരണത്തെക്കുറിച്ച് കൂടുതൽ വായിക്കാം

തോൽ‌പ്പാവക്കൂത്തിനെ പുറം‌ലോകത്തേക്ക് കൊണ്ടുവരാൻ തീരുമാനിച്ചത്, രാമചന്ദ്ര പുലവറിന്റെ അച്ഛൻ കൃഷ്ണൻ‌കുട്ടി പുലവരായിരുന്നു. രാമായണം‌പോലുള്ള പുരാണകഥകൾ ആലപിക്കുന്നതിൽനിന്ന് ബഹുദൂരം മുന്നോട്ട് സഞ്ചരിച്ച്, പുതിയ കഥകൾ കണ്ടെത്തുകയായിരുന്നു ഈ പാവക്കൂത്ത് കല. 2004 ഒക്ടോബറിലാണ് എടപ്പാളിൽ‌വെച്ച്, കേരളത്തിന്റെ പരമ്പരാഗത പാവകളി ശൈലിയിൽ മഹാത്മാ ഗാന്ധിയുടെ ചരിത്രം ആദ്യമായി അവതരിപ്പിച്ചത്. അതിനുശേഷം ആ കഥ 220-ഓളം വേദികളിൽ അവതരിപ്പിക്കുകയുണ്ടായി.

ഈ കഥയ്ക്ക് കിട്ടിയ സ്വീകാര്യത, കവളപ്പാറ ട്രൂപ്പിന് പുതിയ മേഖലകൾ തുറന്നുകൊടുത്തു. അവർ തിരക്കഥ വികസിപ്പിക്കാനും, പാവകളെ ഉണ്ടാക്കുന്നതിനായി പാവകളുടെ രൂപങ്ങൾ വരയ്ക്കാനും, കൂടുതൽ രംഗവിദ്യകൾ പ്രയോഗിക്കാനും, ആഖ്യാനങ്ങൾ അവതരിപ്പിക്കാനും, സ്റ്റുഡിയോയിൽ‌വെച്ച് പാട്ടുകൾക്ക് സംഗീതം നൽകാനും റിക്കാർഡ് ചെയ്യാനും എല്ലാം ആരംഭിച്ചു. യേശുക്രിസ്തുവിന്റെ ജനനം, മഹാബലി, പഞ്ചതന്ത്രം തുടങ്ങിയ നിരവധി കഥകൾക്ക് അവർ തിരക്കഥ തയ്യാറാക്കാൻ തുടങ്ങി.

ബുദ്ധന്റെ സ്വാധീനത്തെക്കുറിച്ച് കുമാരാനാശാൻ എഴുതിയ ‘ചണ്ഡാലഭിക്ഷുകി’പോലുള്ള സാമൂഹികാവബോധം പ്രചരിപ്പിക്കുന്ന കഥകളും കവളപ്പാറ സംഘം രംഗത്തവതരിപ്പിച്ചു. 2000 തൊട്ടിങ്ങോട്ട്, കാലികപ്രധാനമായ വിഷയങ്ങളിൽ - എച്ച്.ഐ.വി., വനനശീകരണം തുടങ്ങിയവ – സാമൂഹികമായ അവബോധം സൃഷ്ടിക്കാനുള്ള വേദിയായി അത് പരിണമിച്ചു.. അതേ വർഷംതന്നെ, തിരഞ്ഞെടുപ്പ് പ്രചാരണത്തിലേക്കും അത് ശ്രദ്ധ തിരിച്ചു. മറ്റ് കലകളുടേയും കലാകാരന്മാരുടേയും കൂടെ ചേർന്ന്, ഫ്യൂഷൻ അവതരണങ്ങൾ നടത്താനും പാവകളി കലാകാരന്മാർ മുന്നോട്ട് വന്നു.

ഇന്നത്തെ ലോകത്ത് തോൽ‌പ്പാവക്കൂത്ത് കലയിൽ നടക്കുന്ന നവീകരണങ്ങളേയും അതിന്റെ സ്ഥിരോത്സാഹത്തെയും, അജയ്യമായ ആർജ്ജവത്തേയും കുറിച്ചുള്ള ഒരു ഡോക്യുമെന്ററി

കാണുക: ‘തോൽ‌പ്പാവക്കൂത്ത്, വർഷങ്ങളിലൂടെ’

മൃണാളിനി മുഖർജി ഫൌണ്ടേഷൻ (എം.എം.എഫ്) ഫെല്ലോഷിപ്പിന്റെ പിന്തുണയോടെ നടത്തിയ റിപ്പോർട്ട്

പരിഭാഷ: രാജീവ് ചേലനാട്ട്

Sangeeth Sankar

ସଂଗୀତ ଶଙ୍କର ଆଇଡିସି ସ୍କୁଲ ଅଫ୍ ଡିଜାଇନର ଜଣେ ଗବେଷକ ଛାତ୍ର। ମାନବୀୟ ସଂସ୍କୃତି ସମ୍ବନ୍ଧୀୟ ତାଙ୍କ ଗବେଷଣାରେ ସ୍ଥାନ ପାଇଛି କେରଳର କଣ୍ଢେଇ ନୃତ୍ୟକଳାର ରୂପାନ୍ତରଣ ପ୍ରସଙ୍ଗ। ସଙ୍ଗୀତ ୨୦୨୨ରେ MMF-PARI ଫେଲୋସିପ୍ ପାଇଥିଲେ।

ଏହାଙ୍କ ଲିଖିତ ଅନ୍ୟ ବିଷୟଗୁଡିକ Sangeeth Sankar
Text Editor : Archana Shukla

ଅର୍ଚ୍ଚନା ଶୁକ୍ଳା ପିପୁଲସ୍ ଆର୍କାଇଭ୍ ଅଫ୍ ରୁରାଲ୍ ଇଣ୍ଡିଆର ଜଣେ କଣ୍ଟେଣ୍ଟ ଏଡିଟର ଏବଂ ସେ ପ୍ରକାଶନ ଟିମ୍ ସହିତ କାର୍ଯ୍ୟ କରନ୍ତି ।

ଏହାଙ୍କ ଲିଖିତ ଅନ୍ୟ ବିଷୟଗୁଡିକ Archana Shukla
Translator : Rajeeve Chelanat

Rajeeve Chelanat is based out of Palakkad, Kerala. After spending 25 years of professional life in the Gulf and Iraq, he returned home to work as a proof reader in the daily, Mathrubhumi. Presently, he is working as a Malayalam translator.

ଏହାଙ୍କ ଲିଖିତ ଅନ୍ୟ ବିଷୟଗୁଡିକ Rajeeve Chelanat