"ഇപ്പോൾ ഏഴുമാസമായി. ഡോക്ടർമാർ പറയുന്നത് ഫലങ്ങളും പാലും ഭക്ഷിക്കണമെന്നാണ്. പറയൂ അതെല്ലാം എനിക്ക് എങ്ങനെ ലഭിക്കും? നദിയിലേക്ക് പോകാൻ അവർ എന്നെ അനുവദിക്കുകയാണെങ്കിൽ എനിക്കു വഞ്ചി തുഴഞ്ഞ് എന്റെയും മക്കളുടെയും ഭക്ഷണ കാര്യങ്ങൾ നോക്കാൻ പറ്റും”, ഹാൻഡ്-പമ്പിനടുത്ത് വെള്ളം ശേഖരിക്കുന്നതിനായി തന്റെ ഊഴം കാത്തുനിൽക്കുമ്പോൾ സുഷമാ ദേവി (പേരു മാറ്റിയിരിക്കുന്നു) പറഞ്ഞു. അവര് 7 മാസം ഗര്ഭിണിയും വിധവയുമാണ്.
വഞ്ചി തുഴയുകയോ? 27-കാരിയായ സുഷമാ ദേവി നിഷാദ് സമുദായത്തിൽ പെടുന്നു. ഈ സമുദായത്തിൽപ്പെട്ട ആണുങ്ങളെല്ലാം പ്രധാനമായും തോണി തുഴയുന്നവരാണ്. മദ്ധ്യപ്രദേശിലെ സത്ന ജില്ലയിലെ മഝഗാവ് ബ്ലോക്കിലെ കേവട്രയിലെ അവരുടെ ഗ്രാമത്തിൽ ഇവരിൽനിന്നും 135 പുരുഷന്മാരുണ്ട്. അഞ്ചു മാസങ്ങൾക്കു മുൻപ് ഒരു അപകടത്തിൽ മരിക്കുന്നതുവരെ അവരുടെ ഭർത്താവ് 40 വയസ്സുണ്ടായിരുന്ന വിജയ് കുമാറും (പേര് മാറിയിരിക്കുന്നു) അവരിലൊരാളായിരുന്നു. അവർ വിവാഹിതരായിട്ട് ഏഴ് വർഷം ആയിരുന്നു. വള്ളം തുഴയുന്നതിനുള്ള പരിശീലനം സുഷമയ്ക്ക് ഒരിക്കലും ലഭിച്ചിട്ടില്ല. പക്ഷെ, വിജയിയോടൊപ്പം കുറച്ചു തവണ യാത്ര ചെയ്തിട്ടുള്ളതുകൊണ്ട് തോണി തുഴയാനുള്ള ആത്മവിശ്വാസം അവർക്കുണ്ട്.
മദ്ധ്യപ്രദേശിനും ഉത്തർ പ്രദേശിനും ഇടയ്ക്കായി ചിത്രകൂട് പ്രദേശത്തെ വിഭജിക്കുന്ന മന്ദാകിനി നദിയിൽ ഭാഗത്ത് ലോക്ക്ഡൗൺ സമയത്ത് ഒരു വള്ളം പോലും ഓടിയിരുന്നില്ല.
കേവട്രയിലേക്കു നയിക്കുന്ന ആദ്യത്തെ തെരുവു വിളക്ക് ഞങ്ങൾ കണ്ടപ്പോൾ സൂര്യാസ്തമയത്തിനു ശേഷം ഒരു മണിക്കൂർ ആയിരുന്നു. ബക്കറ്റിൽ വെള്ളം ശേഖരിക്കുന്നതിനായി തന്റെ ഏറ്റവും ചെറിയ കുട്ടിയുടെ കൂടെയാണ് സുഷമ ഗ്രാമത്തിലെ ഹാൻഡ് പമ്പിനടുത്തേക്ക് വന്നത്. അവിടെയാണ് ഞങ്ങൾ അവരെ കണ്ടുമുട്ടിയത്.
മന്ദാകിനി നദിയിൽ അങ്ങോളമിങ്ങോളം വള്ളം തുഴഞ്ഞിട്ടാണ് നിഷാദ് സമുദായത്തിൽ പെട്ടവർ നിത്യവൃത്തിക്കുള്ള വക കണ്ടെത്തുന്നത്. ദീപാവലി സീസണിൽ ലക്ഷക്കണക്കിന് ഭക്തരെ ആകർഷിക്കുന്ന പ്രമുഖ തീർത്ഥാടന കേന്ദ്രമാണ് ചിത്രകൂട്. കേവട്രയിൽ നിന്നും ഏകദേശം ഒരു കിലോമീറ്റർ മാറി മന്ദാകിനിക്കടുത്ത് സ്ഥിതി ചെയ്യുന്ന രാംഘാട്ടിൽ നിന്നും നിഷാദ് സമുദായത്തിൽ പെട്ടവർ വള്ളത്തിൽ തീർത്ഥാടകരെ ഭരത്ഘാട്ട്, ഗോയങ്കഘാട്ട് എന്നിവ പോലുള്ള വിശുദ്ധ സ്ഥലങ്ങളിലേക്ക് എത്തിക്കുന്നു.
ഒരുവർഷം ചെയ്യുന്ന തൊഴിലിൽ നിഷാദ് സമുദായത്തിൽ പെട്ടവർക്ക് ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്നത് ആ സമയത്താണ്. 600 രൂപ വരെ – ഇത് ഈ സീസൺ അല്ലാത്തപ്പോൾ അവർക്ക് ലഭിക്കുന്ന വരുമാനത്തിന്റെ 2-3 ഇരട്ടിയാണ്.
ഇപ്പോൾ തോണിയാത്ര നിർത്തിവച്ചിരിക്കുന്നു. വിജയ് മരിച്ചു. കുടുംബത്തിൽ വരുമാനം നേടുന്ന ഏക വ്യക്തിയായ അദ്ദേഹത്തിന്റെ മൂത്ത സഹോദരൻ വിനീത് കുമാറിന് (പേര് മാറ്റിയിരിക്കുന്നു) തന്റെ തുഴ വള്ളo എടുക്കാനും സാധിക്കുന്നില്ല. (സുഷമ അവരുടെ മൂന്നു പുത്രന്മാർക്കും ഭർതൃമാതാവിനും ഭർതൃസഹോദരനും അദ്ദേഹത്തിന്റെ ഭാര്യയ്ക്കും ഒപ്പമാണ് താമസിക്കുന്നത്).
"എനിക്ക് ആൺമക്കൾ മാത്രമേയുള്ളൂ. ഒരു മകൾ വേണമെന്ന് ഞങ്ങൾഎല്ലായ്പ്പോഴും ആഗ്രഹിച്ചിരുന്നു. ഇപ്പോൾ ഒരാൾ ഉണ്ടാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. നമുക്ക് നോക്കാം”, വിടർന്ന ചിരിയോടെ സുഷമ പറഞ്ഞു.
കഴിഞ്ഞ 2-3 ആഴ്ചകളായി അവർക്ക് സുഖമില്ല. ലോക്ക്ഡൗൺ ആയതിനാൽ ഒരു കിലോമീറ്ററപ്പുറം നയാഗാവിലുള്ള ഡോക്ടറെ കാണാൻ അവർ നടന്നാണ് പോയത്. ഹീമോഗ്ലോബിൻ നില താഴ്ന്നതായി സ്ഥിരീകരിച്ചതിന് ശേഷമായിരുന്നു അവർ നടന്നു പോയത്. രക്തത്തിലെ ഈ പ്രശ്നത്തെ സുഷമ "രക്തക്കുറവ്” എന്നു വിളിക്കുന്നു.
ദേശീയ കുടുംബാരോഗ്യ സർവ്വേ-4 പ്രകാരം മദ്ധ്യപ്രദേശിൽ ആകെയുള്ള സ്ത്രീകളിൽ 53 ശതമാനം പേർ വിളർച്ച ബാധിതരാണ്. കൂടാതെ 54 ശതമാനത്തിനടുത്തു വരുന്ന ഗ്രാമീണ സ്ത്രീകൾ - മദ്ധ്യപ്രദേശിലെ ആകെയുള്ള സ്ത്രീകളുടെ 72 ശതമാനത്തിലധികം - വിളർച്ച ബാധിതരാണ്. നഗരത്തിലെ സ്ത്രീകളുടെ കാര്യത്തിൽ ഇത് 49 ശതമാനമാണ്.
"ഗർഭധാരണം രക്തത്തിലെ ചുവന്ന രക്താണുക്കൾ കുറയുന്നതിനു കാരണമാവുകയും അത് ഹീമോഗ്ലോബിൻ താഴുന്നതിന് കാരണമാവുകയും ചെയ്യുന്നു”, ചിത്രകൂടിലെ സർക്കാർ ആശുപത്രിയിലെ മുതിർന്ന ഗൈനോക്കോളജിസ്റ്റായ ഡോ: രമാകാന്ത് ചൗരഹിയ പറഞ്ഞു. "മാതൃ മരണത്തിനുള്ള പ്രധാനകാരണങ്ങളിലൊന്ന് യഥാവിധിയുള്ള ഭക്ഷണരീതി ഇല്ലാത്തതാണ്.”
സുഷമ വലതുകൈ ഉപയോഗിച്ച് ബക്കറ്റ് എടുത്തപ്പോൾ രണ്ടര വയസ്സുകാരനായ മകൻ അവരുടെ ഇടതു കൈയിലെ ഒരു വിരലിൽ മുറുകെ പിടിച്ചു. സാരിത്തലപ്പ് തലയിൽ നിന്നും ഊർന്നു പോകുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിനായി അവർ ഇടയ്ക്കിടയ്ക്ക് ബക്കറ്റ് തറയിൽ വച്ചു.
“ഭർത്താവ് ഞങ്ങളെ വിട്ടുപോയ ശേഷം അദ്ദേഹത്തിന്റെ സഹോദരൻ മാത്രമാണ് ഞങ്ങൾ 7 പേർക്കും വേണ്ടി വരുമാനം നേടുന്നത്. പക്ഷെ, ഇപ്പോൾ അദ്ദേഹത്തിനും ജോലി ചെയ്യാൻ പറ്റുന്നില്ല. പകൽ മുഴുവൻ തുഴയുക, രാത്രി ഭക്ഷണം കഴിക്കുക എന്നതായിരുന്നു ഞങ്ങളുടെ രീതി. ലോക്ക്ഡൗണിനു മുമ്പ് അദ്ദേഹം പ്രതിദിനം 300-400 രൂപ നേടിയിരുന്നു, ചില സമയത്ത് 200. എൻറെ ഭർത്താവും അതേപോലെതന്നെ സമ്പാദിച്ചിരുന്നു. അപ്പോൾ വരുമാനം നേടിയിരുന്ന രണ്ടു പേർ ഉണ്ടായിരുന്നു. ഇന്ന് ആരുമില്ല.”
കേവട്രയിലെ അറുപതോളം കുടുംബങ്ങളിലെ പകുതിയോളം വരുന്നവയെപ്പോലെ സുഷമയുടെ കുടുംബത്തിനും റേഷൻ കാർഡില്ല. "എന്ത് പഴം, എന്ത് പാൽ!" അവർ സ്വയം പരിഹസിച്ചു. "റേഷൻ കാർഡ് ഇല്ലാത്തതിനാൽ ദിവസം രണ്ടുനേരം ഭക്ഷണം കഴിക്കുന്നതു തന്നെ ഒരു വെല്ലുവിളിയാണ്”, എന്തുകൊണ്ട് അവർക്ക് റേഷൻ കാർഡില്ല? പുരുഷന്മാർക്ക് ആ ചോദ്യത്തിനുള്ള ഉത്തരം നൽകാൻ നന്നായി സാധിക്കുമെന്ന് അവർ പറഞ്ഞു.
സുഷമയുടെ മൂത്ത രണ്ടു പുത്രന്മാർ ഇവിടെയുള്ള സർക്കാർ വക പ്രാഥമിക വിദ്യാലയത്തിൽ പഠിക്കുന്നു. ഒരാൾ 3-ാം ക്ലാസിലും മറ്റേയാൾ 1-ാം ക്ലാസിലുമാണ്. "ഇപ്പോഴവർ വീട്ടിലാണ്. ഇന്നലെ മുതൽ അവർ സമോസ ചോദിക്കുന്നു. നിരാശപ്പെട്ട് ഞാനവരോട് ദേഷ്യപ്പെട്ട് സംസാരിക്കുക വരെ ചെയ്തു. ഇന്ന് എന്റെ അയൽപക്കത്തുള്ള ഒരു സ്ത്രീ അവരുടെ മക്കൾക്കുവേണ്ടി സമോസ ഉണ്ടാക്കിയപ്പോൾ എന്റെ മക്കൾക്കും തന്നു”, ഹാൻഡ് പമ്പിൽ നിന്നും ബക്കറ്റിന്റെ പകുതി മാത്രം ശേഖരിച്ച വെള്ളം ഉയർത്തുന്നതിനിടയിൽ അവർ പറഞ്ഞു. "ഈ സമയത്ത് ഇതിലുമധികം ഭാരം ഉയർത്തുന്നത് ഞാൻ ഒഴിവാക്കുകയാണ്”, അവർ വിശദീകരിച്ചു. അവരുടെ വീട് ഹാൻഡ് പമ്പിൽ നിന്നും 200 മീറ്റർ മാറിയാണ് സ്ഥിതി ചെയ്യുന്നത്. ഈ സമയത്ത് അവരുടെ ബന്ധുവായ സ്ത്രീയാണ് മിക്കപ്പോഴും വെള്ളം എടുക്കുന്നത്.
ഗ്രാമത്തിലെ ക്ഷേത്രത്തിൽ നിന്ന് അകലെയല്ലാത്ത ഹാൻഡ് പമ്പിനോട് ചേർന്ന് കുറച്ചു പുരുഷന്മാർ അവരുടെ കുഞ്ഞുങ്ങളോടൊപ്പം നിൽക്കുകയായിരുന്നു. അവരിലൊരാളായിരുന്നു 27-കാരനായ ചുന്നു നിഷാദ്. "ഞങ്ങൾ കാർഡിന് അപേക്ഷിച്ചു കൊണ്ടേയിരിക്കുന്നു. അവർ ഞങ്ങളോട് മഝഗാവിൽ [ബ്ലോക്ക് ഹെഡ് ക്വാർട്ടേഴ്സ്] പോകണമെന്നു പറഞ്ഞുകൊണ്ടിരിക്കുന്നു”, അദ്ദേഹം പറഞ്ഞു. "അതു ശരിയായി കിട്ടാൻ ഞാൻ സത്ന വരെ [ഏകദേശം 85 കിലോമീറ്റർ മാറി] പോകേണ്ടതുണ്ടെന്നുപോലും അവർ പറയുന്നു. പക്ഷെ മൂന്നുതവണ അപേക്ഷിച്ചിട്ടു പോലും എനിക്കത് കിട്ടിയില്ല. ഇങ്ങനെ ഒരു അവസ്ഥ വരുമെന്ന് നേരത്തെ എനിക്ക് അറിയാമായിരുന്നെങ്കിൽ അതു ശരിയായി കിട്ടുന്നതിനു വേണ്ടി ഏതു സമയത്തും എവിടെയും എനിക്ക് പോകാമായിരുന്നു. അങ്ങനെയെങ്കിൽ ഏറ്റവും കുറഞ്ഞത് നഗരത്തിലുള്ള എന്റെ ബന്ധുക്കളുടെ പക്കൽ നിന്നും എനിക്ക് വായ്പ തേടേണ്ടി വരികയില്ലായിരുന്നു.”
ചുന്നു അദ്ദേഹത്തിന്റെ അമ്മയോടും ഭാര്യയോടും ഒരു വയസ്സുകാരിയായ മകളോടും സഹോദരന്റെ കുടുംബത്തോടുമൊപ്പമാണ് താമസിക്കുന്നത്. കഴിഞ്ഞ 11 വർഷമായി അദ്ദേഹം ഒരു വള്ളം തുഴയുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിന് ഭൂമിയില്ല. ലോക്ക്ഡൗൺ സമയത്ത് മറ്റ് 134 തുഴക്കാരെയും പോലെ അദ്ദേഹത്തിനും വരുമാനമൊന്നും ഇല്ലായിരുന്നു.
മൂന്നു തവണ അപേക്ഷിച്ചു കഴിഞ്ഞിട്ടും റേഷൻ കാർഡ് ലഭിക്കാൻ ഇരിക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. പക്ഷെ, "എല്ലാ കാർഡുടമകൾക്കും വിതരണം ചെയ്തു കഴിഞ്ഞ് അവശേഷിക്കുന്ന റേഷൻ സാധനങ്ങൾ വ്യത്യസ്ത നിരക്കിൽ ഞങ്ങൾക്കു തരുമെന്നു കേട്ടു”, ചുന്നു പറഞ്ഞു. എന്നിരിക്കിലും ഇവിടെയുള്ള കുറച്ചു കാർഡുടമകളുടെ കാര്യത്തിൽ അവർക്കുവേണ്ട വിഹിതം പോലും ലഭിച്ചിട്ടില്ല.
ലോക്ക്ഡൗൺ നീട്ടിയതിനുശേഷം മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ജനങ്ങൾക്ക് ഭക്ഷണം ലഭ്യമാക്കുന്നതിനുള്ള സംവിധാനങ്ങൾ വിപുലപ്പെടുത്തിയിരുന്നു. റേഷൻ കാർഡോ മറ്റെന്തെങ്കിലും തിരിച്ചറിയൽ രേഖകളോ നിർബന്ധമാക്കാതെയാണ് ഇങ്ങനെ ചെയ്തത്. ഒരാൾക്ക് 4 കിലോഗ്രാം ഗോതമ്പും ഒരു കിലോഗ്രാം അരിയും എന്ന കണക്കിൽ 3.2 ദശലക്ഷം ആളുകൾക്കാണ് മദ്ധ്യപ്രദേശ് സർക്കാർ സംസ്ഥാന വിഹിതത്തിൽ നിന്നും സൗജന്യ റേഷൻ പ്രഖ്യാപിച്ചിച്ചത്.
ഇതേത്തുടർന്ന് സത്ന ജില്ല അവിടുത്തെ നിവാസികൾക്ക് യാതൊരു എഴുത്തുകുത്തും ആവശ്യമില്ലാതെ സൗജന്യ റേഷൻ നൽകുമെന്നു പ്രഖ്യാപിച്ചു. പ്രാദേശിക മാദ്ധ്യമങ്ങളുടെ റിപ്പോർട്ട് പ്രകാരം നഗരപാലിക പരിഷദിൽ (ചിത്രകൂടിലെ മുനിസിപ്പൽ പരിധിയിൽ) 216 കുടുംബങ്ങൾക്കായിരുന്നു – മുഴുവൻ 1,097 നിവാസികൾ - റേഷൻകാർഡ് ഇല്ലാഞ്ഞത്. സുഷമയുടെ ഗ്രാമമായ കേവട്രയെ വിതരണക്കാർ കണക്കിലെടുക്കാഞ്ഞതായി തോന്നുന്നു.
ഇന്ത്യയുടെ ഭക്ഷ്യ സുരക്ഷാ ശൃംഖല എങ്ങനെയാണ് പ്രതികരിക്കുന്നത് എന്നതിനെക്കുറിച്ച് ഇന്റര്നാഷണൽ ഫുഡ് പോളിസി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (ഐ.എഫ്.പി.ആർ.ഐ.) അടുത്ത കാലത്തു നടത്തിയ ഒരു പഠനം പറയുന്നു, "കോവിഡ്-19 ഒരു കടുത്ത യാഥാർത്ഥ്യം വെളിവാക്കുന്നു: അപര്യാപ്തവും അസന്തുലിതവുമായ ഒരു സുരക്ഷാ ശൃംഖല സാമ്പത്തികമായി മോശപ്പെട്ട അവസ്ഥയിലുള്ളവർക്ക് ഭക്ഷണവും മറ്റു സേവനങ്ങളും ലഭിക്കുന്നതിനുള്ള അവസരങ്ങൾ ഇല്ലാതാക്കുന്നു.”
ഭർത്താവിനോടൊത്ത് എങ്ങനെയാണ് പതിവായി ഘാട്ട് സന്ദർശിച്ചിരുന്നതെന്ന് സുഷമ ഓർമ്മിക്കുന്നു. "അത് സന്തോഷകരമായ ദിനങ്ങൾ ആയിരുന്നു. ഏതാണ്ട് എല്ലാ ഞായറാഴ്ചയും ഞങ്ങൾ രാംഘാട്ട് സന്ദർശിച്ചിരുന്നു. അപ്പോൾ അദ്ദേഹം എന്നെ ചെറിയൊരു തോണി യാത്രയ്ക്കും കൂട്ടുമായിരുന്നു. ആ സമയം മറ്റു യാത്രികരെ ഉൾപ്പെടുത്തുമായിരുന്നില്ല”, അഭിമാനത്തോടെ അവർ പറഞ്ഞു. "അദ്ദേഹത്തിന്റെ മരണശേഷം ഞാൻ ഘാട്ടിൽ പോയിട്ടില്ല. പിന്നീടെനിക്കു പോകാനേ തോന്നിയിട്ടില്ല. എല്ലാവരും ലോക്ക്ഡൗണിൽ ആണ്. തോണികൾക്കു പോലും അവയുടെ മനുഷ്യരെ നഷ്ടപ്പെടുകയായിരിക്കണം”, അവർ നെടുവീർപ്പെട്ടു.
പരിഭാഷ: റെന്നിമോന് കെ. സി.